അഭിമുഖം /ഗോപൻ മൂവാറ്റുപുഴ/എഴുതാതിരിക്കാൻ കഴിയുമായിരുന്നില്ല.

ഗോപൻ മൂവാറ്റുപുഴ

ഗോപൻ മൂവാറ്റുപുഴ/ഇംപ്രസിയോ ഡോട് കോം ലേഖകൻ 

പ്രമുഖ കഥാകൃത്തും ചിത്രകാരനും ഫോട്ടോഗ്രാഫറുമായ ഗോപൻ മൂവാറ്റുപുഴ സംസാരിക്കുന്നു. 

ചോദ്യം : രണ്ടു ദശാബ്ദത്തിലേറെയായി കഥകൾ എഴുതുന്ന താങ്കൾ, നമ്മുടെ സാഹിത്യ രംഗത്തെ എങ്ങനെയാണ് വീക്ഷിക്കുന്നത് ?

ഗോപൻ മൂവാറ്റുപുഴ :ഏകദേശം നാൽപ്പതു വർഷത്തിലേറേ ആയി കഥകൾ എഴുതാൻ തുടങ്ങിയിട്ട് , അതിനിടയിൽ പതിനഞ്ച് വർഷം സജീവ എഴുത്തിൽ നിന്നും മാറി നിൽക്കുകയും, വെറുമൊരു വായനക്കാരനായി തുടരുകയും ചെയ്തു. എഴുതാതിരിക്കുക എന്നതാണ് ഒരു എഴുത്തുകാരന്റെ സ്വാതന്ത്ര്യം എന്നു തിരിച്ചറിഞ്ഞ നാളുകളായിരുന്നു അത്.

സാഹിത്യം ഒരു നദിയാണ് വേണമെങ്കിൽ ആവേശപൂർവ്വം അതിലേക്കെടുത്തു ചാടാം, മുങ്ങാംകുഴിയിടാം , നീന്തിത്തുടിക്കാം … പക്ഷെ കരയ്ക്കു കയറാതെ വയ്യ .ഞാൻ അതിന്റെ കരയിലിരുന്ന് ഒഴുക്കും , ഓളവും ആസ്വദിച്ച്, ഇടയ്ക്കെപ്പോഴെങ്കിലും ഒന്നു കാൽ നനച്ച് വിനീതനായി അങ്ങിനെ നോക്കി നിൽക്കുന്ന വെറുമൊരു കാഴ്ചക്കാരൻ മാത്രം.

നമ്മുടെ സാഹിത്യം ലോക സാഹിത്യത്തിനോടൊപ്പം വളരുക തന്നെയാണ്.ആത്മാവിന്റെ പൂരിപ്പിക്കാത്ത ഇടങ്ങൾ ഒരു പോലെ പൂരിപ്പിക്കാൻ ശ്രമിക്കയാണ് എഴുത്തുകാരനും, വായനക്കാരനും .എഴുത്തുകാരനും വായനക്കാരനും തമ്മിലുളള അനുപാതത്തിന് സാരമായ മാറ്റം സംഭവിച്ചിരിക്കുന്നു എന്ന കാര്യം ശ്രദ്ധേയമാണ്. എഴുതപ്പെടുന്നതെല്ലാം വായിക്കപ്പെടുന്ന കാലം കഴിഞ്ഞു പോയിരിക്കുന്നു .! ആളൊഴിഞ്ഞ വായനശാലകളിൽ അസംഖ്യം അമൂല്യ ഗ്രന്ഥങ്ങൾ വായിക്കപ്പെടാതെ ഊർദ്ധൻവലിക്കുന്നു.എങ്കിലും നമുക്ക് കരുതാം മലയാള സാഹിത്യം മുന്നോട്ടു തന്നെ എന്ന്.

ചോദ്യം:താങ്കൾ മലയാള കഥകളെ എങ്ങിനെയാണ് നിരീക്ഷിച്ചിട്ടുള്ളത് , എഴുത്തുകാർ , കഥകൾ …

ഗോപൻ മൂവാറ്റുപുഴ :മലയാള കഥകൾ ആധുനികതയുടെയും ഉത്തരാധുനികതയുടെയും ഭാവുകങ്ങൾ ഉൾക്കൊണ്ട് അതാത് കാലത്തെ നവീകരിക്കാൻ പോന്ന തീഷ്ണാനുഭവങ്ങളായിത്തന്നെ പടർന്നു പന്തലിക്കുകയായിരുന്നുഎങ്കിലും ഗ്രഹാതുരത്വം എന്നുള്ളത് പലപ്പോഴും പഴയ ഓർമ്മ ഭരണികളിൽ നിറച്ചു വച്ചിരിക്കുന്ന പളുങ്ക് ഗോലികളും, വളപ്പൊട്ടുകളുമാണ്.കഥകളിലും ഇത്തരം  ഓർമ്മകളാണ് എനിക്കുള്ളത്.വിജയന്റെ കടൽത്തീരത്ത് എന്ന കഥ എന്നെ ആഴത്തിൽ സ്പർശിച്ച ഒന്നായിരുന്നു. അതിലെ വെള്ളായിയപ്പൻ എന്ന കഥാപാത്രത്തെ എങ്ങിനെ മറക്കാനാവും?

തകഴിയുടെ , വെള്ളപ്പൊക്കത്തിൽ, കാരൂരിന്റെ മരപ്പാവകൾ, പുനത്തിലിന്റെ ക്ഷേത വിളക്ക്കൾ, ബഷീറിന്റെ പൂവമ്പഴം, എം.ടി യുടെ ഷെർലക്ക്, ആനന്ദ്, എൻ മോഹനൽ, മേതിൽ രാധാകൃഷ്ണൻ, വി.കെ.എൻ,ടി. പത്മനാഭൻ , വി. ജെ.ജെയിംസ് തുടങ്ങി ഒരായിരം  എഴുത്തുകാരും കഥകളും മുന്നിലേക്കോടിയെത്തുന്നു.അക്കൂട്ടത്തിൽ എം .കെ ഹരികുമാറിന്റെ ‘ഫംഗസ്സ് ‘ എന്ന കഥയും മികച്ച വായനാനുഭവം നൽകുന്ന ഒന്നാണ്.പുതിയകാല കഥാകൃത്തുക്കൾ പുതിയ വെല്ലുവിളികൾ കൈകാര്യം ചെയ്യുന്ന വരാണ്. അവരെപ്പറ്റി പറയാൻ ഞാൻ ആളല്ല,

ചോദ്യം: താങ്കളുടെ ഗെസേറാ ഓട്ടക്കാരൻ എന്ന കഥയുടെ പിറവി എങ്ങിനെയാണ് ?

ഗോപൻ :കഥയുടെ പിന്നിലെ കഥ പലപ്പോഴും പല തരത്തിലാവും സംഭവിക്കുക ചിലപ്പോൾ ഒരു പത്രവാർത്ത , ടി വി യിലൂടെ മിന്നി മാഞ്ഞു പോയ ഒരു ദൈന്യ മുഖം , ഉറക്കത്തിൽ നിന്നും തട്ടിയുണർത്തുന്നൊരു സ്വപ്നം, അല്ലെങ്കിൽ യഥാർത്ഥത്തിൽ ഉണ്ടായൊരു അനുഭവം, അപ്രതീക്ഷിതമായി മനസ്സിലേക്കോടിക്കയറി വാതിലടയ്ക്കുന്ന ഒരു ചിന്ത… ഇങ്ങനെ എന്തെങ്കിലുമാവാം ഒരു കഥയ്ക്കു പിന്നിലെ ചോദനകൾ ..

എന്റെ ആദ്യ കഥാസമാഹാരത്തിന്റെ പേരും ഗ്രസെറാ ഓട്ടക്കാരൻ എന്നു തന്നെ ആയിരുന്നു. പൂർണ്ണമായും ഫിക്ഷൻ തന്നെയാണ് ആ കഥ 1990 എന്നോ ആണ് ആ കഥ സംഭവിച്ചത്.അലസമായ ഒരു ടെലിവിഷൻ കാഴ്ചയിൽ നിന്നാണ് കറുത്ത വർഗ്ഗക്കാരനായ ഒരു ഓട്ടക്കാരന്റെ ദൈന്യ മുഖം എന്റെ മനസ്സിൽ കയറി കൂടിയത്.അയാൾക്ക് ആ മത്സരത്തിൽ വിജയിക്കാൻ കഴിഞ്ഞിരുന്നില്ല. പക്ഷെ ആ മത്സരത്തിൽ പങ്കെടുത്തതു തന്നെ അയാളുടെ വിജയമായി എനിക്കു തോന്നി. 

അജ്ഞാതനായ അയാൾ അദൃശ്യമായി എന്നോട് സംവദിക്കുന്നതായി എനിക്കു തോന്നി. അയാളുടെ കുടുംബത്തിന്റെ അവസ്ഥ, ജീവിത പരിസരം, സാമ്പത്തികവും, സാമൂഹ്യവുമായ വെല്ലുവിളികൾ, ഓട്ടത്തിൽ ഒന്നാം സ്ഥാനം കിട്ടിയില്ലെങ്കിലും അതിൽ പങ്കെടുക്കുന്ന വർക്കു കിട്ടുന്ന സമാശ്വാസ സമ്മാനം തന്റെ കുടുംബത്തിന്റെ പട്ടിണി മാറ്റാൻ അല്പമെങ്കിലും സാധിക്കുമെന്ന അയാളുടെ പ്രതീക്ഷ, കറുത്തവനായതു കൊണ്ടു മാത്രം നേരിടേണ്ടി വന്ന വർണ്ണവിവേചനം, അവഹേളനങ്ങൾ … ഇതെല്ലാം എന്റെ ഉള്ളിലേക്ക് ഇരച്ചുകയറിയപ്പോൾ എഴുതാതിരിക്കാൻ കഴിയുമായിരുന്നില്ല.

ഏത് ഉന്നത സംസ്കാരം അവകാശപ്പെടുന്ന മനുഷ്യ സമൂഹത്തിനുള്ളിലും, വർണ്ണ , വർഗ്ഗ പരമായ വിവേചനത്തിന്റെ ദഹിക്കാത്ത മുള്ളുകൾ ഉണ്ടാവും. വിവേചനത്തിന് വിധേയമാകുന്നവരുടെ മനസ്സിൽ നിന്നും അധമബോധത്തിന്റെ അദൃശ്യ മുഖം മൂടികൾ നീക്കം ചെയ്യുക എന്നതും ഏറെ വിഷമകരമാണ്.2007 ജൂൺ 17 ൽ മലയാള മനോരമ ദിനപത്രത്തിന്റെ ഞായറാഴ്ച പതിപ്പിലാണ് ഈ കഥ പ്രസിദ്ധീകരിക്കപ്പെട്ടത്. കഥ വായിച്ച് ഒരു പാട് സുഹൃത്തുക്കൾ വിവിധങ്ങളായ അഭിപ്രായങ്ങൾ അറിയിച്ചു.എന്തായാലും കഥയ്ക്ക് പിന്നിലെ ചിന്തകൾ പലപ്പോഴും നമ്മുടെ യുക്തികൾക്കുമപ്പുറമാണ്. അതിൽ എഴുത്തുകാരന് പേന മറിഞ്ഞു വീഴാതെ പിടിച്ചു കൊടുക്കുന്ന വേഷം മാത്രം …

ചോദ്യം: ശ്വാനജീവിതങ്ങൾ എഴുതിയതിന്റെ അനുഭവങ്ങൾ പറയാമോ ?

ഗോപൻ: അതും രസകരമായ ഒരു കഥയാണ്. എന്റെ രണ്ടാമത്തെ കഥാ സമാഹാരത്തിന്റെ പേരും ശ്വാന ജീവിതങ്ങൾ എന്നായിരുന്നു.വീട്ടിൽ മോഷണം പോകാൻ പ്രത്യേകിച്ച്‌ വിലപ്പിടിപ്പുള്ള വസ്തുവകകളോ, കെട്ടിച്ചു വിടാൻ പ്രായമായ പെൺകുട്ടികളോ ഇല്ലായിരുന്നിട്ടും മകന്റെ നിർബന്ധ പ്രകാരം ഒരു ശ്വാനന്റെ വളർത്തച്ഛനാകാൻ നിയോഗിക്കപ്പെടുകയായിരുന്നു.ലക്ഷണമൊത്തൊരു നാട്ടുകാരൻ പട്ടിയെ കിട്ടിയപ്പോൾ ” ഫക്രൂ ” എന്ന നാമകരണം നടത്തി വീരശ്രംഗല അണിയിച്ച് വളർത്താൻ തുടങ്ങി.

ഫുക്രു നല്ല അനുസരണയോടെ വളർന്നു വലുതാകുകയും, വീട്ടിലുണ്ടായിരുന്ന പൂച്ച കളോടും , കോഴി, താറാവുകളോടും ചങ്ങാത്തം കൂടുകയും, തന്റെ അധികാര പരിധിയിലേക്ക് കടന്നുവരുന്ന അന്യഗൃഹ ജീവികളുടെ നേർക്ക് ഗംഭീരമായി കുരച്ച് പേടിപ്പിക്കയും ചെയ്തുപോന്നു.അങ്ങിനെയിരിക്കേ ഫുക്രുവിനോടാപ്പം കളിച്ചു ചിരിച്ചു നടക്കുന്ന കോഴിക്കുഞ്ഞുങ്ങളുടെ എണ്ണം അനുദിനം കുറഞ്ഞുവരുന്നതായി ശ്രദ്ധയിൽപ്പെട്ടു. വിശ്വസ്തനായ ഫുക്രൂവിനെ ഒട്ടും സംശയിച്ചതുമില്ല.

ഒരു ദിവസം കള്ളനെ കൈയ്യോടെ പിടിച്ചു. അത് വിശ്വസ്തനായ ഫുക്രു തന്നെയായിരുന്നു.കള്ളം കണ്ടുപിടിക്കപ്പെട്ടു ഒരു കുറ്റവാളിയെപ്പോലെ തലയും താഴ്ത്തി ഒളികണ്ണിട്ടു നോക്കിക്കൊണ്ടു നിൽക്കുന്ന ഫുക്രുവിനെ ചെറുതായെങ്കിലും ഒരു ശിക്ഷ കൊടുക്കണമെന്ന ഉൾപ്രേരണയാൽ അടുത്തു കിടന്ന ചുള്ളിക്കമ്പുകൊണ്ടു ഒരടി കൊടുത്തു.അവൻ എന്നെ അവിശ്വസനീയതയോടെ ഒന്നു നോക്കി.

പിറ്റേന്ന് രാവിലെ കാണുന്നത് കഴുത്തിൽ നിന്നും ഊരിവച്ച തുടൽ മാത്രമായിരുന്നു.ഫുക്രു അപമാനഭാരത്താൽ നാടുവിട്ട് പോയിരിക്കുന്നു. ചെറിയൊരു ചുള്ളിക്കമ്പുകൊണ്ടുള്ള അത്രയൊന്നും വേദനിക്കാത്ത ഒരടി പോലും അഭിമാനിയായ ശ്വാനന് താങ്ങാവുന്നതിനും അപ്പുറമായിയുന്നു.പിന്നീട് ഞാനും ,സുഹൃത്തായ ഡോക്ടർ മിഥുനും ഫുക്രുവിനെ അന്വേഷിച്ച് ഏറെ നടന്നു. പലയിടത്തു വച്ചും അത്തരത്തിലൊരു നായയെ പലരും കണ്ടതായി അറിയിച്ചു.

പക്ഷെ ,എനിക്ക് അവനെ കണ്ടെത്താൻ കഴിഞ്ഞില്ല. അഭിമാനിയായ അവൻ ചിലപ്പോൾ ആത്മഹത്യ ചെയ്തിരിക്കാം ..നായയെ നായയുടെ രീതിയിൽ അന്വേഷിച്ചാൽ മാത്രമേ പിൻതുടരാൻ സാദ്ധ്യമാകൂ എന്ന വിചിത്ര ചിന്തയിൽ നിന്നാണ് നായയെ അന്വേഷിക്കുന്ന കഥാനായകൻ നായയായി പരകായപ്രവേശനം നടത്തി ഗന്ധ വഴികളിലൂടെ നായയെ പിൻതുടരുന്നതും ചങ്ങലയിൽ നിന്നും മുക്തനായ ഒരു നായയുടെ സ്വാതന്ത്യം സ്വയം അനുഭവിക്കുന്നതും ഉൻമത്തനാവുകയും, ഓലിയിടുകയും ചെയ്യുമ്പോൾ അയാളുടെ നേർക്ക് പാഞ്ഞു വരുന്ന മനുഷ്യ മൃഗങ്ങളുടെ കൂർത്ത കല്ലുകളിൽ നിന്നും രക്ഷപ്പെടാൻ സർവ്വ ശക്തിയുമെടുത്ത് ഓടി രക്ഷപ്പെടുന്നതമാണ് കഥയുടെ പ്രമേയം -എന്തായാലും ഈ കഥ യുടെ പിന്നിലെ കഥയും രസാവഹം തന്നെ.

ചോദ്യം: മുതിർന്ന കഥാകൃത്തുകളുമായി സൗഹൃദങ്ങൾ  ഉണ്ടായിട്ടുണ്ടോ ?കത്തുകൾ, യാത്രകൾ, കണ്ടുമുട്ടലുകൾ..?

ഗോപൻ :എഴുത്ത് ,വായന എല്ലാം അത്മരതി പോലെ തികച്ചും സ്വകാര്യ പ്രക്രിയയായിരുന്നു എനിക്ക് .വേണമെങ്കിൽ ഒരുപാട് സാഹിത്യകാരന്മാരുമായി സൗഹൃദം സ്ഥാപിച്ചെടുക്കാമായിരുന്നു. പക്ഷെ, എനിക്ക് അതിലൊന്നും താൽപ്പര്യമില്ലായിരുന്നു.

സാഹിത്യസംവാദങ്ങളിലോ, ശില്പശാലകളിലോ ഒന്നും പങ്കെടുക്കണമെന്ന് ഒരിക്കലും തോന്നിയിരുന്നുമില്ല.ഒരു പക്ഷെ ,എഴുത്തിന്റെ ശൈശവ കാലങ്ങളിൽ വലിയൊരു എഴുത്തുകാരനാവണമെന്ന് വെറുതേ സ്വപ്നം കണ്ടിരുന്നു. യാഥാർത്ഥ്യം അങ്ങിനെയൊന്നുമല്ല എന്ന് ക്രമേണ തിരിച്ചറിഞ്ഞതുകൊണ്ടാവാം. എഴുതുക എന്നത് പുകവലി പോലെയോ, മദ്യപാനം പോലെയോ ഒരു ദു:ശീലമായി കൂടെ കൂടുകയായിരുന്നു.

വായനയിലൂടെ കണ്ടെത്തുന്ന എഴുത്തുകാരനും, യഥാർത്ഥ മനുഷ്യനും വ്യത്യസ്ഥമാണെന്ന് വളരെ വേഗം തിരിച്ചറിഞ്ഞതിനാൽ ആവാം അങ്ങിനെയൊക്കെ….എങ്കിലും എൺപതുകളിലെങ്ങോ അവിചാരിതമായി വൈക്കം മുഹമ്മദ് ബഷീറിനെ കണ്ടുമുട്ടുകയും അദ്ദേഹം നൽകിയ എഴുത്തുപദേശങ്ങളും എഴുതാൻ പ്രേരക ശക്തിയായി വർത്തിച്ചു. എം.ടി.വാസുദേവൻ നായർ ,എം. പി.പോൾ ,എ. ബാലകൃഷ്ണപിള്ള എന്നിവരുടെ ചെറുകഥ, നോവൽ രചനകളെപ്പറ്റിയുള്ള പുസ്തകങ്ങൾ വായിക്കണമെന്ന് നിർദ്ദേശിച്ചുകൊണ്ട് അദ്ദേഹം എനിക്കെഴുതിയ ഒരു കത്തുമാത്രം ഇപ്പോൾ എന്റെ പക്കൽ അവശേഷിക്കുന്നു. 

ഒപ്പം തന്നെ ‘തട്ടകം’ എന്ന നോവലിനെക്കുറിച്ചുള്ള എന്റെ നിരീക്ഷണത്തിന് കോവിലൻ അയച്ച ദീർഘമായ സ്നേഹത്തോടെയുള്ള കത്തിനെക്കുറിച്ചും ഇത്തരുണത്തിൽ ഓർത്തു പോകുന്നു. പിന്നീട് അടുത്ത പരിചയമുള്ളത് വി.ജെ.ജെയിംസാണ് . അദ്ദേഹം എന്റെ കഥകൾ വായിച്ച് ക്ഷമാപൂവ്വം വേണ്ട നിർദ്ദേശങ്ങൾ നൽകുകയും, സാഹിത്യ സംബന്ധിയായ ദീർഘസംഭാഷണങ്ങൾ നടത്തുകയും ചെയ്തിരുന്നുപിന്നെയുള്ള മാർഗ്ഗദർശ്ശി തീച്ചയായും എം.കെ. ഹരികുമാറായിരുന്നു. നൂതനമായ സാഹിത്യ അവബോധങ്ങൾ, സ്പന്ദനങ്ങൾ എല്ലാം അദ്ദേഹത്തിൽ നിന്നും അറിയാൻ കഴിയുന്നത് ഭാഗ്യം തന്നെയാണ്. അണഞ്ഞു പോകുന്ന എഴുത്തിന്റെ നെരിപ്പോട് വല്ലപ്പോഴും ഊതിത്തെളിക്കാൻ ഒരു പ്രേരക ശക്തിയായി അദ്ദേഹമുണ്ട് .പിന്നീടുള്ളതെല്ലാം വെറും അപരിചിതമായിത്തീരുന്ന പരിചയങ്ങൾ മാത്രം .യാത്രകൾ… അത് ജീവിതം തന്നെയാണ് ..

ചോദ്യം: താങ്കൾ എപ്പോഴാണ് എഴുതുന്നത് ? കുടുംബത്തിന്റെ പിന്തുണ?

ഗോപൻ:പ്രത്യേകിച്ച് എഴുത്തു ശീലങ്ങൾ ഒന്നും തന്നെ ഇല്ല .എങ്കിലും ഏകാന്തതയിൽ എഴുതുന്നതാണ് ഇഷ്ടം .അതു ചിലപ്പോൾ പാതിരാത്രിയിലാവാം, അല്ലെങ്കിൽ അതിരാവിലെയാവാം .ചിലപ്പോൾ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന് ആ നിമിഷം കണ്ടു ചൂടാറാത്ത സ്വപ്നം അക്ഷരമായി പകർത്തിയെന്നും വരാം. ‘വീട്ടിലേക്കുള്ള വഴി’ എന്ന എന്റെ കഥ അങ്ങനെ സംഭവിച്ചതാണ്. ഉറക്കത്തിൽ നിന്നും ഉണർന്ന് ഒറ്റയിരിപ്പിൽ എഴുതി തീർത്തതാണ് ആ കഥ .

എന്റെ ഏറ്റവും നല്ല കഥകൾ എപ്പോഴെങ്കിലും പൊടുന്നനെ മനസ്സിലേക്ക് കയറി വരുകയും അപ്പോൾ അത് എഴുതാൻ കഴിയാതെ മനസ്സിൽത്തന്നെ സൂക്ഷിക്കയും പിന്നീട് ഓർത്തെടുക്കാനാവാതെ മറന്നു പോവുകയും ചെയ്ത കഥകളാണ് എന്റെ ഏറ്റവും സുന്ദരമായ കഥകൾ.എഴുത്തിൽ കുടുംബത്തിന്റെ പിന്തുണ എന്നത് വിചിത്രമായ ഒരാശയമാണ്. എഴുതുന്ന നേരത്ത് കുടുംബം ഇല്ല. എഴുതിക്കഴിഞ്ഞത് കുടുംബത്തിന്റേതുമല്ല. കുടുംബാന്തരീക്ഷത്തിലെ അസ്വസ്ഥതകൾ തീർച്ചയായും ഒരു എഴുത്തുകാരന്റെ ധ്യാനാവസ്ഥയെ ധ്വംസിക്കും ഭാഗ്യവശാൽ എന്റെ ഭാര്യയോ, മകനോ ,ബന്ധുക്കളോ ഒന്നും തന്നെ എന്റെ എഴുത്തിൽ ഇടപെടാറേയില്ല.

ആദ്യ കാലങ്ങളിൽ തളിര്, യൂറേക്കാ മുതലായ മാസികളിൽ വന്ന എന്റെ കഥകൾ അമ്മ അഭിമാന പൂവ്വം വായിച്ചിരുന്നു. ജീവിതകാലം മുഴുവൻ നിശ്ശബ്ദം വായനയിൽ മുഴുകിയിരുന്ന അമ്മ എന്റെ എഴുത്തിനെപ്പറ്റി ഒന്നും പറയുകയോ, ഒരു പണിയും ചെയ്യാതെ വെറുതേ ഇരുന്നു എഴുതുന്ന എന്നെ ശാസിക്കയോ ചെയ്തിരുന്നില്ല. എങ്കിലും എനിക്കറിയാം അമ്മ അദൃശ്യമായി എന്നെ അനുഗ്രഹിക്കയും, ആനന്ദിക്കുകയും ചെയ്തിരുന്നു എന്ന്.

ചോദ്യം:സമൂഹ മാധ്യമത്തെ ഒരു കഥാകാരനെന്ന നിലയിൽ എങ്ങിനെ കാണുന്നു?അവിടെ നിന്നും എഴുതാനുള്ള വിഭവങ്ങൾ കിട്ടാറുണ്ടോ ?

ഗോപൻ :സമൂഹമാധ്യമം പരമ്പരാഗതമായ എഴുത്ത് ,വായന സംവിധാനത്തെ തച്ചുടച്ച് പുതിയൊരു ലോകം സൃഷ്ടിച്ചു കഴിഞ്ഞിരിക്കുന്നു.

അതു തന്നെ സ്വയം ഒരു കലാസൃഷ്ടിയായി മാറി പ്രേഷകരെ തന്റെ വലയ്ക്കുള്ളിൽ പെടുത്തിക്കഴിഞ്ഞിരിക്കുന്നു.ഒരാൾക്ക് തന്റെ ചിന്തകളെ അക്ഷരങ്ങളായി, ചിത്രങ്ങളായി വേറൊരാളിലേക്ക് എത്തിക്കാൻ എളുപ്പം സാധിക്കുന്നു. അവന്റെ മുന്നിൽ പ്രസാധകൻ എന്ന കടമ്പ ഇല്ലാതെയാകുന്നു. തന്റെ ആശയങ്ങളെ പിൻതുണയ്ക്കുന്നവരേയും , എതിർക്കുന്നവരേയും വളരെ വേഗം കണ്ടെത്താനും പ്രതികരിക്കാനും സാധിക്കുന്നു.ഒരാൾ, അല്ലെങ്കിൽ, സംഭവം, പൊടുന്നനെ വൈറൽ ആകുന്നു.അടുത്ത തിര വരുമ്പോഴേക്കും ആദ്യത്തെ തിരയുടെ പാടുകൾ മാഞ്ഞു പോകുന്നു. എല്ലാം പിന്നീടും ആവർത്തിക്കുന്നു. ഒന്നും ഓർമ്മയിൽ അവശേഷിക്കില്ല.ഇതൊന്നും നമ്മുടെ ജീവിതത്തിൽ നിന്നും പറിച്ചെറിയാനാവില്ല. നമ്മൾ അതിന്റെ അടിമകളാണ്. വിധേയരാണ്. നമ്മൾക്ക് ഇനി ഓർമ്മകൾ ആവശ്യമില്ല. ഗൃഹാതുരത്വം ഇനിയില്ല. പഴയ ഓർമ്മകളുമായി കാലഹരണത്തീയതി കഴിഞ്ഞ കുറച്ചാൾക്കാർ മാത്രം പഴയ പുസ്തകങ്ങൾ പൊടി തട്ടി വച്ച് വെറുതേ …വെറുതേ… അക്കൂട്ടത്തിൽ ഞാനും കൂടുന്നു… വെറുതേ …. വെറുതേ …

സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ഓരോ കാര്യങ്ങളും സ്വയം ഒരു കലാരൂപമെന്നിരിക്കേ അതിനെ അടർത്തിയെടുത്ത് എഴുത്തു പരുവമാക്കുന്നതിൽ കാര്യമില്ല. കണ്ടതോ, അറിഞ്ഞതോ ആയ കാര്യങ്ങളിൽ ഇനിയും കണ്ണുടക്കി നിറുത്താൻ നവസമൂഹത്തിന് താൽപ്പര്യമില്ല. അതുകൊണ്ട് തന്നെ മനസ്സിനെ വെല്ലുവിളിക്കുകയും, അതിനപ്പുറം കടന്ന് സ്വത്വാന്വേഷണം നടത്തുന്നതുമായ കൃതികളാണ് ഇനിയുണ്ടാകേണ്ടത്. അതിനുള്ള കളക്ടീവ് മെറ്റീരിയലായി നവ മാധ്യമങ്ങളേയും, ഗൂഗിളിനെയും , ആശ്രയിക്കാതെയും തരമില്ല.

ചോദ്യം :താങ്കൾ ഒരു ചിത്രകാരനും, കലാകാരനും ഫോട്ടോഗ്രാഫറും ആണല്ലോ .കഥ എഴുതുമ്പോൾ ഈ അനുഭവങ്ങൾ കൂടിച്ചേരാറുണ്ടോ ?

ഗോപൻ:കഥ എന്നത് കേവലമൊരു അക്ഷരപ്രതലം മാത്രമല്ല. അതിൽ ഈ പറയുന്ന ചായക്കൂട്ടുകളും ,നിശ്ചല ദൃശ്യങ്ങളും ,ബിംബങ്ങളുമെല്ലാം അറിഞ്ഞോ അറിയാതെയോ ഇടകലർന്ന് വന്നേക്കാം. കഥ മനസ്സിലേക്ക് വന്നു വിരിയുമ്പോൾ ചിലപ്പോൾ പൂർണ്ണഭാവത്തിൽ അക്ഷരങ്ങളിലേക്ക് പകർത്താൻ കഴിഞ്ഞെന്നു വരില്ല. എന്നാൽ എഴുത്തിന്റെ ആ നിമിഷത്തിൽ ഒരു വേള അത്തരമൊരു പ്രപഞ്ചാനുഭൂതിയിൽ മനസ്സ് നിശ്ചലമായേക്കാം.യഥാർത്ഥത്തിൽ എഴുത്തുകാരൻ കാണുന്ന കഥയും പകർത്തുന്ന കഥയും രണ്ടും രണ്ടാണ്. കാണുന്ന കഥയുടെ സുഖാനുഭവത്തിന് വർണ്ണ , ചിത്ര, സമ്മേളനത്തിന് പ്രാധാന്യമുണ്ടായേക്കാം

ചോദ്യം: ജീവിതത്തെ നിരീക്ഷിച്ച താങ്കൾ എത്തിച്ചേർന്ന നിഗമനം എന്താണ്.?

ഗോപൻ:അത് നല്ലൊരു ചോദ്യമാണ്. ജീവിതത്തെ നിരീക്ഷിക്കുക എന്നതിന് രണ്ട് തലമുണ്ട്. ഒന്ന്,ജീവിക്കുകയും ഒപ്പം തന്നെ ജീവിതത്തെ നിരീക്ഷിക്കയും ചെയ്യുക എന്നതാണ്.രണ്ട് ,ജീവിക്കുന്നതിനോടൊപ്പം ജീവിതത്തെ അന്യവൽക്കരിക്കുകയും ഒരു സാക്ഷിയായി മാറി നിന്ന് തന്നെത്തന്നെ നിരീക്ഷിക്കുക എന്നതുമാണ്. വാസ്തവത്തിൽ ജീവിതം അത്ര മഹത്തായ കാര്യമൊന്നുമല്ല. ജീവിക്കുക എന്ന പ്രക്രിയക്ക് അനാവശ്യമായ അർത്ഥതലങ്ങൾ കണ്ടെത്തേണ്ട കാര്യവുമില്ല.

വളരെ ലളിതമായ ജീവിതത്തെ സംങ്കീർണ്ണസംഘർഷത്തിൽ കൊണ്ടെത്തിക്കുന്നത് നമ്മൾ തന്നെയാണ്. എല്ലാവരും തേടുന്നത് സന്തോഷമാണ്. പക്ഷെ ,മരീചിക പോലെ അത് നമ്മിൽ നിന്നും അകന്നു കൊണ്ടേയിരിക്കുയാണ്നമ്മൾ അന്വേഷിക്കുന്നതു കൊണ്ടാണ് അത് നമ്മിൽ നിന്നും അകലെയാവുന്നത്. എല്ലാ അന്വേഷണങ്ങളും നിറുത്തി അവനവനിലേക്ക് തിരിയുമ്പോഴാണ് നമ്മൾ സന്തോഷത്തെ ,ദൈവത്തെ കണ്ടെത്തുക. എല്ലാവരെയും പോലെ ഞാനും ഈ മായയിൽത്തന്നെയാണ് , എങ്കിലും ഞാൻ ഈ നിമിഷം മുതൽ സന്തോഷവാനാണെന്ന് ഉറച്ചു വിശ്വസിക്കയും, എന്റെ സങ്കടങ്ങളും ദുരിതങ്ങളുമെല്ലാം എന്റെ സന്തോഷത്തിന്റെ ഭാഗമാണെന്നും തിരിച്ചറിഞ്ഞ നിമിഷത്തിൽ കുറച്ചൊരു നിസ്സംഗതയോടെ ജീവിതത്തെ കാണാൻ ശ്രമിക്കയും ചെയ്തു. അപ്പോൾ മാത്രമേ ഞാൻ ആരാണെന്ന് എന്നോടു തന്നെ ചോദിക്കാൻ എനിക്ക് സാധിച്ചതും..

ജീവിതത്തെ ശത്രുതാ മനോഭാവത്തോടെ കണ്ട് പടവെട്ടാനും, പണവും, അധികാരവും നേടാൻ ശ്രമിക്കുന്നവർ ജീവിതത്തിന്റെ തന്നെ ചിലന്തിവലകളിൽ കുടുങ്ങിപ്പോവുകയാണ്. ഞാൻ ജീവിതത്തിന്റെ രാജവീഥികൾ ഉപേക്ഷിച്ച് മൺപാതയിലൂടെ നടക്കുന്നവനാണ് ഭാണ്ഡങ്ങൾ ഒന്നുമില്ലാതെ കൈയ്യും വീശി…

ഞാൻ പ്രകൃതിയുടെ പരീക്ഷണവും പ്രഹരവുമേറ്റ് നിലത്തുവീണവനാണ്. ഇനിയുമെന്നെ താഴേക്ക് വീഴിക്കാൻ ആർക്കുമാകില്ല. മലർന്ന് കിടന്ന് മുകളിലേക്ക് നോക്കുമ്പോൾ ആകാശത്ത് പൂത്തിരി കത്തിക്കുന്ന നക്ഷത്രങ്ങളെക്കാണാം ,സൗമ്യചന്ദ്രിക തൂകുന്ന ചന്ദ്രനെക്കാണാം, രാപ്പാടികളുടെ സംഗീതം കേൾക്കാം , ചുറ്റും പ്രകൃതി എനിക്കായി കരുതി വച്ചിരിക്കുന്ന അത്ഭുതങ്ങൾ കാണാം. ഞാനിപ്പോഴും സന്തോഷവാനാണ്. പ്രകൃതി എന്റെ നേരേ കാരുണ്യത്തോടെ നോക്കുന്നു. ഞാൻ കീഴടങ്ങിയവനാണ്. ഇനി എന്നിൽ പരീക്ഷണങ്ങളോ പ്രഹരങ്ങളോ ഇല്ല. എനിക്കറിയാം … ഞാൻ തന്നെയാണ് നീ…

ചോദ്യം:ഒരു എഴുത്തുകാരൻ എന്ന നിലയിൽ താങ്കൾ എപ്പോഴും പിൻതുടരുന്ന മൂല്യങ്ങൾ എന്താണ് ?പുസ്തകങ്ങൾ, എഴുത്തുകാർ, സിനിമ മുതലായ സ്വാധീനങ്ങൾ ?

ഗോപൻ:എന്നിലുള്ള ഒരു പാട് ഞാനിൽ ഒന്നാണ് എഴുത്തുകാരൻ എന്ന വിശേഷണം. വളരേ കുറച്ച് എഴുതിയിട്ടുണ്ട് എന്നു കരുതി എഴുത്തുകാരൻ എന്ന കുപ്പായമണിയാൻ ലജ്ഞയുമുണ്ട്.ഞാൻ ഒന്നിലും ഉറച്ചു നിന്ന് തന്റെ വൈദഗ്ധ്യം മുഴുവൻ പ്രകടിപ്പിക്കുന്ന ആളല്ല. മനസ്സു പറയുന്ന ഭാഗത്തേക്കും, കാല് കൊണ്ടുപോകുന്ന  ഇടത്തേക്കും സ്വയം നിയന്ത്രിക്കാതെ സഞ്ചരിക്കുന്ന ഒരാൾ …

കുട്ടിക്കാലം മുതൽക്കേ എഴുത്തിലും വായനയിലും കമ്പമുണ്ടായിരുന്നതായി പറഞ്ഞിരുന്നല്ലോ. അതിൽ കവിതയുമുണ്ടായിരുന്നു. അതാകട്ടെ സ്വയം വായിച്ചുരസിക്കാൻ വേണ്ടി മാത്രമായിരുന്നു. പിന്നീട് അത് കീറി കാറ്റിൽ പറത്തും… എഴുതിയതിൽ ഏറെയും കീറിയും കത്തിച്ചും കളഞ്ഞിട്ടുണ്ട് . പിന്നീട് സിനിമകൾ ഒരു ഹരമായി ചെമ്മീനൊക്കെ റിലീസ് ചെയ്ത കാലത്ത് വീട്ടുകാരോടൊപ്പം കാണാൻ പോയിട്ടുണ്ട്. സിനിമാ ഭ്രമത്തിന്റെ ഭാഗമായി പാട്ടുകളും വന്നുപെട്ടു. പാട്ടുപാടാനറിയില്ലെങ്കിലും കേൾക്കാനും കൂടെപ്പാടാനും ഇമ്പമായിരുന്നു.ചിത്രരചനയും, കൊളാഷ് ചിത്രങ്ങളും ,പാഴ് വസ്തുക്കളിൽ നിന്നുമുള്ള ആർട്ട് വർക്കുകളും ,സ്വപ്നങ്ങളും സ്വപ്ന ഭംഗങ്ങളുമായി കുറേ നാൾ …

പത്തു നാൽപ്പതു വർഷങ്ങൾക്കു മുമ്പ് ഒരു യാഷിക്ക എസ് .എൽ .ആർ ക്യാമറ സ്വന്തമായി ഉണ്ടായിരുന്നു. പിന്നീട് കുറേ വർഷങ്ങളിൽ സുഹൃത്തുക്കളുടെ കല്യാണങ്ങളും, കാടും, മേടും, കള്ളുഷാപ്പുകളുമൊക്കെ കയറിയിറങ്ങി ഫോട്ടോ എടുത്തു.പിന്നീടും ജീവിതം ബാക്കി. കുറേക്കൊല്ലം ഗോവയിൽ ജീവിച്ചു. അവിടെ നിന്നും ഭാരതത്തിന്റെ പല സ്ഥലങ്ങളിലും സഞ്ചരിച്ചു.പിന്നീട് കല്യാണം കുടുംബം, ജീവിത പ്രശ്നങ്ങൾ … ഹെൽത്ത് സർവ്വീസിൽ ജോലി, സ്ഥലം മാറ്റങ്ങൾ

ഒടുവിൽ റിട്ടയർമെന്റ്.സ്വസ്ഥത… പ്രകൃതി നിരീക്ഷണം … ഗാർഡനിങ്ങ് … അങ്ങിനെ ജീവിതത്തിന്റെ ഓരോ നിമിഷവും സജീവമായി നിലനിറുത്തുകയും സന്തോഷം കണ്ടെത്തുകയും ചെയ്യുന്നു.എങ്കിലും ചിലപ്പോൾ സമയം നിശ്ചലമാകും ,മനസ്സ് അസ്വസ്ഥമാകും.  ഭ്രാന്തമായ ആ ശൂന്യതയെ മറികടക്കാൻ ,വീണ്ടുമൊരു താളം കണ്ടെത്താൻ അതുവരെ ചെയ്യാത്ത ഒന്ന് പുതുതായി ചെയ്യാൻ മനസ്സു പറയും. അങ്ങിനെയാണ് അക്രിലിക് പെയിന്റ് വർണ്ണങ്ങൾ ചാലിച്ച് പടം വരയ്ക്കാൻ തുടങ്ങിയത്. കുറച്ചു നാൾ അങ്ങിനെ പോയി … ഇപ്പോൾ ഗാർഡനിങ്ങിലാണ് ഭ്രമം.എന്റെ മൂല്യങ്ങൾ, എന്നേട് നീതി പുലർത്തുക എന്നതാണ്.മറ്റുള്ളവരെ വഞ്ചിക്കാതെ, വേദനിപ്പിക്കാതെ, ലളിതമായി ജീവിച്ച് മരിക്കുക…വായിച്ച ഓരോ പുസ്തകങ്ങളും എന്നെ സ്പർശിച്ചിട്ടുണ്ട് ,ദസ്തേവ്സ്കിയുടെ , ഷോളോഖോവിന്റെ , ടോൾസ്റ്റോയിയുടെ , ഹെമിങ്‌വേയുടെ ,വിക്ടർ ഹൂഗോയുടെ ഗബ്രിയേൽ ഗാർഷ്യ മാർക്കേസിന്റെ, പൗലോ കൊയ്ലയുടെ എത്രയെത്ര ലോകോത്തര പുസ്തകങ്ങൾ.. 

പുസ്തക സമുദ്രത്തിൽ പേരുകൾ മുങ്ങിത്തപ്പിയെടുക്കുന്നതു തന്നെ ദുഷ്കരം.എങ്കിലും വർഷങ്ങൾക്കു മുൻപ് കൈയിലെത്തുകയും ആത്മീയ ഗ്രന്ഥമെന്ന നിലയിൽ ഉപേക്ഷിക്കയും ചെയ്ത ഒരു ബുക്ക് പിൽക്കാലത്ത് വന്നുചേരുകയും അത്ഭുതാദരങ്ങളോടെ ആ ഗ്രന്ഥം വായിക്കുകയും ചെയ്തു.  ശ്രീയോഗാനന്ദ പരമഹംസ രചിച്ച” ഒരു യോഗിയുടെ ആത്മകഥ ആയിരുന്നു അത്.ചില ബുക്കുകൾ അത് വായിക്കാൻ പ്രാപ്തരായവരെ, ഉചിതമായ സമയത്ത് തേടിയെത്തും എന്നതിനുള്ള ഉത്തമ ഉദാഹരണമായിരുന്നു ആ ഗ്രന്ഥം.

ചോദ്യം:എന്തുകൊണ്ടാണ് ഗോപൻ മുവാറ്റുപുഴ എന്ന തൂലികാനാമം സ്വീകരിക്കാൻ കാരണം ?ഇപ്പോൾ എവിടെയാണ് താമസം?

ഗോപൻ: ഞാൻ ജനിച്ചതും എട്ടാം തരം വരെ പഠിച്ചതും തിരുവനന്തപുരത്തായിരുന്നു. കിഴക്കേക്കോട്ടയിൽ നിന്നും നടന്നു പോകാൻ പറ്റുന്ന ദൂരത്തിൽ തോട്ടം – മണക്കാട് ഇരുങ്കുളങ്ങര ക്ഷേത്രത്തിനു മുന്നിൽത്തന്നെയായിരുന്നു വീട്.അച്ഛൻ ആയൂർവേദ കോളേജിൽ നിന്നും റിട്ടയർ ചെയ്ത ശേഷം തിരുവനന്തപുരത്തെ വീട് വിറ്റ് അച്ഛന്റെ തറവാടായ മുവാറ്റുപുഴ അമ്പലക്കുന്നിലെ വീട്ടിലേക്ക് താമസം മാറുകയായിരുന്നു.തിരുവനന്തപുരത്ത് ഇരുങ്കുളങ്ങര ക്ഷേത്രത്തിനു ചുറ്റുമുള്ള കാവിലും , പരിസരത്തിലുമെല്ലാം ഓടി മദിച്ചു നടന്ന സമ്പന്നമായ ഒരു ബാല്യകാലമായിരുന്നു എനിക്കുണ്ടായിരുന്നത്.അതുപോലെ തന്നെ വിശാലമായ അമ്പലക്കുന്നും പരിസരങ്ങളിലുമായി കൗമാരകാലം വർണ്ണാഭമാവുകയും ചെയ്തു. അമ്പലക്കുന്നിന്റെ പ്ലാവിൻ ചുവട്ടിൽ മലർന്നു കിടന്ന് വിക്തർ ഹ്യൂഗോയുടെ ‘പാവങ്ങൾ’ വായിച്ചു നെടുവീർപ്പിട്ടത് ഇപ്പോഴും ഓർക്കുന്നു.

നാൽപ്പതു വർഷം മുമ്പുള്ള അമ്പലക്കുന്നിന്റെ അടയാളങ്ങൾ ഏറെയൊന്നും ഇപ്പോൾ അവശേഷിക്കുന്നില്ല. ശരിക്കും മുവാറ്റുപുഴയാണ് എന്നെ ഒരു എഴുത്തുകാരനാക്കിയത്. അതുകൊണ്ടാവാം പേരിനോടൊപ്പം മുവാറ്റുപുഴയേയും കൂട്ടിച്ചേർക്കാൻ എന്നെ പ്രേരിപ്പിച്ചത്.കാലങ്ങൾ കാറ്റിൽ പറത്തിയ കരിയിലകൾ പോലെ പലരേയും അകലേക്ക് പറത്തിക്കളഞ്ഞു.ബൗദ്ധികമായ സംവാദങ്ങൾ ചൂടുപിടിക്കുന്ന സദസ്സ് എന്നെന്നേക്കുമായി നഷ്ടമായി.

കാലപ്രഹരത്താൽ എനിക്കും മുവാറ്റുപുഴയെ ഉപേക്ഷിക്കേണ്ടി വന്നു. ഒരിക്കലും മറക്കാനാവാത്ത ഓർമ്മകളുടെ ഭാണ്ഡവും പേറി ഞാനിപ്പോൾ തൊടുപുഴ താലൂക്കിലുള്ള വെള്ള്യാമറ്റം പഞ്ചായത്തിൽപ്പെട്ട പൂമാല എന്ന മനോഹര ഗ്രാമത്തിൽ പ്രകൃതിസൗന്ദര്യവും ആസ്വദിച്ച് ഏകനായി കഴിയുന്നു.ഈ ഏകാന്തതയിലും കൂട്ടായി ഒന്നു തൊട്ടാൽ ജീവൻ വയ്ക്കുന്ന ഗൃഹാതുര ഓർമ്മകളുണ്ട്… സാന്ത്വനമായി പക്ഷികളുടെ കളകൂജനങ്ങൾ ഉണ്ട് ….

, or

You can share this post!

2 Replies to “അഭിമുഖം /ഗോപൻ മൂവാറ്റുപുഴ/എഴുതാതിരിക്കാൻ കഴിയുമായിരുന്നില്ല.”

Comments are closed.