എം.കെ. ഹരികുമാർ എഴുതിയ ‘ശ്രീനാരായണായ’ എന്ന നോവലിനെക്കുറിച്ച് . *ആത്മവൈശിഷ്ട്യങ്ങൾ വ്യക്തിയിൽ ഏകീഭവിച്ചിരിക്കുന്നു എന്നത് ആർക്കും നിഷേധിക്കാനാവില്ല .പക്ഷേ അത്രയും ആയതുകൊണ്ട് , ഒരു പ്രത്യേക വ്യക്തിയുടെ ആത്മവൈശിഷ്ട്യത്തിലെ പ്രത്യേക തരത്തിലുള്ള ഏകീഭാവത്തെപ്പറ്റി ആർക്കും ഒന്നും മനസ്സിലാവുകയില്ല. നമ്മുടെ ആത്മാവിൽ നാനാത്വം ഉൾക്കൊണ്ടിരിക്കുന്നു എന്നതും. പക്ഷേ, മറ്റു നാനാർഥങ്ങൾ ഓരോന്നും, ഒരു സാമ്യവുമില്ലാത്ത ഒരു നാനാത്വമാണത് എന്ന വസ്തുത നാം ഓർത്തിരിക്കണം. വാസ്തവത്തിൽ, ദർശനശാസ്ത്രത്തിൽ പ്രധാനമായിട്ടുള്ളത് ,എന്താണ് ഏകത എന്നും എന്താണ് അനേകത എന്നും, കേവലമായ ഏകതയെയും അനേക തയേയും , അതിശയിക്കുന്ന ആത്മാവിൻ്റെ അനേകതയിലെ ഏകത എന്താണെന്നും അറിയുകയാണ്. ദർശനശാസ്ത്രത്തിന് ഇതറിയണമെങ്കിൽ, ആത്മാവുതന്നെ ആത്മാവിനെ ദർശിക്കുന്ന നിരപേക്ഷമായ ഉൾവെളിവ് അതിന് തിരികെ കിട്ടണം. പിന്നെ ആ ഉന്നതതലത്തിൽ നിന്ന് താഴേക്ക് ഇറങ്ങുന്നതിന് തെരഞ്ഞെടുക്കുന്ന വഴി അനുസരിച്ച് ഏകതിയിലോ, അനേകതയിലോ ആത്മാവിന്റെ ദിഗാത്മകമായ അവസ്ഥയെ നിർവ്വചിക്കാൻ ശ്രമിക്കുന്ന മറ്റ് ഏതെങ്കിലും സങ്കല്പത്തിൽ ചെന്നെത്തും. ഈ സങ്കല്പങ്ങളെ എത്ര കൂട്ടി ചേർത്താലും കാലത്തിലൂടെ കടന്നുപോകുന്ന ആത്മാവിൻ്റെ അവസ്ഥയോട് സാദൃശ്യമുള്ള യാതൊന്നും കിട്ടുകയില്ല.
*മോഹനാംഗൻപാഠശാല എന്ന പ്രശസ്തനായ പത്രാധിപർ, ശ്രീനാരായണഗുരുവിന്റെ ദർശനവും ജീവിതവും വിഷയമാക്കിക്കൊണ്ട് പ്രസിദ്ധീകരിക്കാൻ പോകുന്ന , ‘വിവേകചൂഡാമണി’ എന്ന വിശേഷാൽപ്രതിയിലേക്ക് ഒരു ലേഖനം വേണമെന്നും, ലേഖനം ഗുരുവിന്റെ അവധൂതജീവിതത്തെക്കുറിച്ചായിരിക്കണമെന്നും പ്രത്യേകം ആവശ്യപ്പെടുന്നു.കത്തു കിട്ടുമ്പോൾ തിരുമുൽപ്പാട് ഫ്രഞ്ചു ചിന്തകനായ ഹെൻറി ബർഗ്സനെ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. ബർഗ്‌സന്റെ ദർശനശാസ്ത്രവും ശ്രീനാരായണഗുരുവിന്റെ ദർശനശാസ്ത്രവും തമ്മിൽ സമാനതകൾ ഉണ്ടെന്ന ഒരു തോന്നൽ , ഒരു മിന്നൽപോലെ തിരുമുൽപ്പാടിന്റെ മേധയിലൂടെ കടന്നുപോയി.
ഗുരുവിൻ്റെ ധ്യാനാത്മക പ്രപഞ്ചത്തിലേക്ക് കടക്കുന്നതിനുമുമ്പ് ആ കാലടികളെ പിൻതുടർന്ന് മരുത്വാമലയിലെത്തണം. അനേകം മഹർഷിമാർക്ക് സത്യദർശന സാക്ഷാത്ക്കാരം ലഭിച്ച പവിത്ര സങ്കേതമാണ് മരുന്നു മല എന്നറിയപ്പെടുന്ന മരുത്വാമല.അവിടമാണ് ഗുരുവിന്റെ അദ്വൈതദർശനത്തിന്റെ വികാസപരിണാമദിശകളെ പരിപൂർണ്ണതയിൽ എത്തിച്ചത്.ആനന്ദൻ തിരുമുൽപ്പാട് എഴുത്തിന്റെ ശിൽപശാലയിൽ നിന്ന് ആവശ്യമുള്ള എഴുത്തായാധുങ്ങളുമായി മരുത്വാമലയിലേക്ക് പ്രയാണം ആരംഭിച്ചു. ആനന്ദന്റെ നടത്തയിൽ പ്രകൃതി മുഴുവൻ പങ്കെടുത്തു. കാലുകൾ മുമ്പോട്ടും പുറകോട്ടും യാന്ത്രികമായി ചലിച്ചുകൊണ്ടിരുന്നു. പിന്നിടുന്ന കാൽച്ചുവട്ടിൽ ഭൂതകാലം വാതിലുകൾ കൊട്ടിയടക്കുന്നതു പോലെ. ഭാവിയിലേക്കു ചവിട്ടിക്കയറുന്ന ഓരോ കാലടിയും ഭൂതകാലത്തിന്റെ ദൈന്യത ഏറ്റുവാങ്ങിക്കൊണ്ടിരുന്നു. ആ നടത്തത്തിൽ വൃക്ഷത്തലപ്പുകളെ തഴുകിയെത്തുന്ന ഇളംകാറ്റും ഒപ്പം മുമ്പേ നടക്കുന്ന ചന്ദ്രികയും, പ്രകൃതി ആകെത്തന്നെയും സൃഹൃദ്ഭാവത്തിൽ ഒപ്പം നടന്നു. ഋഷി മാമുനിമാർ തപസ്സുഷ്ടിച്ച പിള്ളത്തടം ഗുഹയായിരുന്നു ആദ്യ ലക്ഷ്യം. തന്റെ ഏകാന്തതയിൽ ആയിരം പുണ്യജന്മങ്ങൾ തന്ന അറിവിന്റെ അഗ്നി ജ്വലിക്കുന്നുണ്ടായിരുന്നു. പിള്ളത്തടംഗുഹാമുഖത്തെ വിശാലമായ , മേഘങ്ങൾ തണൽ വിരിച്ചിരുന്ന കരിങ്കൽപ്പലകയിൽ നീണ്ടുനിവർന്നു കിടന്നു. തന്റെ ശരീരത്തിന്റെ ഉള്ളിലേക്ക് , അഗാധതയിലേക്ക് കണ്ണുകളടക്കി ഏകാഗ്രതയോടെ, എല്ലാ ശക്തികളും ഏകോപിപ്പിച്ചു. തന്റെ ശരീരത്തിന്റെ ഓരോ കോശവും, ജനനത്തിന്റേയും അസ്തിത്വത്തിന്റേയും മരണത്തിന്റെയും ,അനന്തമായി ഒഴുകുന്ന ജലപ്രവാഹത്തിലെ ഓരോ കണികപോലെയാണെന്നു ആനന്ദൻ തിരിച്ചറിഞ്ഞു.
ഗുരുവിന്റെ ഇവിടുത്തെ ഏകാന്ത ജീവിതത്തിലാണ് ഗുരുവിലെ കവിത്വം വികാസം പ്രാപിക്കുന്നത്.’അറിയപ്പെടുമിതു വേറല്ലറിവായിടും തിരഞ്ഞിടും നേരം അറിവിതിലൊന്നായതു കൊണ്ടറിവല്ലാതെങ്ങുമില്ല വേറൊന്നും ‘ അറുപത് വരികളിൽ അദ്വൈത ദർശനം വെളിപ്പെടുത്തിത്തരുന്ന’അറിവ്’ എന്ന ഈ കൃതി മലയാളത്തിലെ ഒരു മഹാകാവ്യമാണെന്നു മഹാകവികളെല്ലാം പരക്കെ സമ്മതിച്ചിട്ടുള്ളതാണ്. ദൈവദശകത്തിലെ ദൈവത്തെക്കുറിച്ചുള്ള ചിന്ത ആനന്ദൻ തിരുമുൽപ്പാടിന്റെ പഠന വിഷയമായിരുന്നു. നമ്മുടെ സൃഷ്ടിയും ,സ്രഷ്ടാവും , സൃഷ്ടിജാലവുമായ ദൈവത്തോടു നന്ദി പറഞ്ഞുകൊണ്ട് ആകാശത്തിന്റെ അനന്തവിഹായസ്സിലേക്ക് നീളുന്ന, മഹർഷിമാരുടെ യോഗനയനങ്ങളെപ്പോലെ തന്റെ കണ്ണുകളെ ആകാശനീലിമയിൽ ലയിപ്പിച്ചു. എത്ര നേരം കിടന്നു എന്നറിയില്ല. ഗുരുവും പ്രക്യതിയും തമ്മിൽ നടന്ന സംഭാഷണങ്ങൾ നിറഞ്ഞ ഈ പരിസരം എത്രമേൽ പവിത്രമാണ്. താൻ അന്വേഷിച്ചു വന്ന ഒരിക്കലും ഉത്തരം കിട്ടാത്ത അനേകം ചോദ്യങ്ങൾ ഒരേ ബിന്ദുവിൽ നിന്നു ആവശ്യപ്പെടുന്നതു പോലെ .
“തന്നോടൊപ്പം തൊട്ടടുത്ത് ശയിച്ചിരുന്ന അപരിചിതനെ തന്നെ നോക്കി വളരെ നേരം ആനന്ദൻ ഇരുന്നു. പെട്ടെന്നാണ് ആ പുണ്യാത്മാവിനെ തിരിച്ചറിഞ്ഞത്. അദ്ദേഹം എന്തോ സംസാരിക്കാൻ തുടങ്ങുന്നു.അറിവിന്റെ പരികല്പിതമായസങ്കല്പങ്ങൾ സാധാരണഗതിയിൽ എങ്ങനെയാണ് വരുന്നത് എന്ന വിഷയത്തെക്കുറിച്ചാണ് ആ അപരിചിതൻ ഭാഷണം ആരംഭിച്ചത്. നാം മുന്നോട്ടു പോകുമ്പോൾ അറിവിന്റെ വിശാലവീക്ഷണത്തെ പല കോണുകളിൽ നിന്നുള്ള വിശാലമായ കാഴ്ചപ്പാടുകളിൽക്കൂടെ നമുക്ക് വ്യക്തമാകും.ആ അപരിചിതൻ തുടർന്നു. നടക്കുന്നതിന്റെ രഹസ്യത്തെക്കുറിച്ചും ഭൂതകാലത്തിലക്ക് തള്ളിവിട്ടുന്ന ഭാവി കാലത്തെക്കുറിച്ചും ഇനി പറയാം.നടക്കുന്നതിൽ ഒരു രഹസ്യമുണ്ട്. നടക്കുന്നത് വർത്തമാനകാലത്തിലേക്കോ ?ഭാവിയിലേക്കു നടന്നുവരുമ്പോൾ ഒരു കാല് പിന്നാലെ വരും .വീണ്ടും മറ്റേ കാൽ പിന്നാലെ വരും. പിന്നാലെ വന്ന കാൽ ഭൂതകാലത്തിൽ നിന്ന് തിരിച്ചെത്തുകയാണ്. അത് ഭൂതകാലത്തിൽ തന്നെയായിരിക്കാൻ ഇഷ്ടപ്പെടുകയും എന്നാൽ വർത്തമാനകാലത്തിൽ ആയിരിക്കുകയുമാണ് .എന്നാൽ അതൊരു ജീവിതമാണ്. എന്നാൽ അവിടെ അതിനു തുടരാൻ ആവില്ല. യാന്ത്രികമെങ്കിലും ധ്യാനനിരതമായ ഒരു യാത്രയിലാണ് അത് എപ്പോഴും “
യാത്രയ്ക്കിടയിൽ, സംഭാഷണമധ്യേ അപരിചിതൻ ദൈവത്തെക്കുറിച്ച് ചോദിച്ചു.
ആനന്ദൻ തിരുമുൽപ്പാട് ദൈവത്തെക്കുറിച്ച് ദൈവദശകത്തിലെ ഒരുഭാഗം ഉദ്ധരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: ‘ദൈവദശകത്തിൽ ഗുരു ദൈവത്തെ വളരെ അടുത്തു നിന്നാണ് സംബോധന ചെയ്യുന്നത് .പുതിയ ഉപനിഷത്താണത് .അടുത്തി ല്ലാത്തതല്ല ദൈവം. അടുത്തുനിന്ന് പ്രാർത്ഥിക്കുകയാണ്. എന്തുകൊണ്ടാണ് അടുത്തുനിന്ന് പ്രാർത്ഥിക്കുന്നത് ? ദൈവചിന്ത നമ്മുടെ വളർച്ചയാണ് നൈമിഷികവും നശ്വരവുമായ ജീവിത സന്ദർഭങ്ങളിൽപ്പെട്ട് തകർന്ന് തിന്മയിലേക്ക് ചുരുങ്ങിപ്പോകുന്നതിന് പകരം, അസ്തിത്വത്തിന് ഒരു പടി മുകളിൽ നിൽക്കാനാണ് അത് സഹായിക്കുന്നത്. പെരുവിരലിൽ എഴുന്നേറ്റുനിന്ന് നോക്കുന്ന അനുഭവമാണത്. താഴേക്കുള്ള നോട്ടം അല്ല ദൈവത്തിൻ്റെ മഹത്വത്തെ അറിയാൻ ശ്രമിക്കുന്നവന്ന് ജാതിചിന്ത തടസ്സമാകരുത്. അതുകൊണ്ടാണ് ഗുരു ആഴി ,തിര ,കാറ്റ്, ആഴം തുടങ്ങിയ ബിംബങ്ങൾ കൊണ്ടുവരുന്നത്. ഇതെല്ലാം ബൃഹത്തായ ആവിർഭാവങ്ങളാണ് .മനസ്സ് ചെറുതാക്കിയാൽ മനസ്സിലാകില്ല. ലോകവിസ്തൃതിയുടേയും, ജ്ഞാനവിസ്തൃതിയുടേയും മഹാനുഭവങ്ങൾക്ക് മുമ്പിലാണ് നാം സ്വന്തം നിസ്സാരതകളെ വെടിയേണ്ടത്. അത്തരം സാഹചര്യങ്ങൾ നമ്മെ ഉദ്ബുദ്ധരാക്കും.(ദൈവദശകത്തിലെ ദൈവം – എം.കെ ഹരികുമാർ)ഒരു മനുഷ്യവ്യക്തി ഏകവചനമാണല്ലോ. അയാൾ സ്വന്തം പ്രതിച്ഛായയുമാണ്. അയാളിൽ നിന്ന് സ്വന്തം പ്രതിച്ഛായയെ വേർപ്പെടുത്താനാവാത്തതുപോലെ ഏകവചനാത്മകതയെയും വേർതിരിക്കാനാവില്ല .എന്നാൽ അതിനെ മഹത്തായ ഒന്നിനുവേണ്ടി ഉദാത്തവത്ക്കരിക്കാനാകും.ഈ മഹാബ്രഹ്മാണ്ഡ വൈവിധ്യത്തിലും അതിനെ ചൂഴുന്ന അപാരമായ ഉണ്മയിലും നമുക്ക് ആത്മബോധത്തിന്റെ ഒരു ചീന്തെങ്കിലും ലഭിക്കണമെങ്കിൽ ഈ ഏകവചനത്തിന്റെ ബാഹ്യമായ തടവറകൾ ഭേദിക്കേണ്ടതുണ്ട്..
അപരിചിതൻ ദൈവത്തിന്റെ ഭിക്ഷാടനത്തെക്കുറിച്ച് ചോദിച്ചു.ആനന്ദൻ തിരുമുൽപ്പാട് ,ഗുരു നടത്തിയ ഭിക്ഷാടനത്തെക്കുറിച്ച് പറഞ്ഞുതുടങ്ങി.മറ്റൊരാൾക്കുവേണ്ടി ,അവരുടെ അന്നത്തിനും വസ്ത്രത്തിനും വേണ്ടി , അദ്ധ്വാനിക്കുന്നതാണ് ഭിക്ഷാടനം. ഏതു ജോലിയിലും ഒരു ഭിക്ഷാടകൻ ഒളിഞ്ഞിരിക്കുന്നു.ഉന്നതമായ ആദർശം തന്നെപ്പോലെ തന്നെ തൻ്റെ അടുത്തുള്ളവരെയും രക്ഷിക്കുക എന്നതാണ് .ഭിക്ഷാടകൻ ഒറ്റയ്ക്കാണ് യാത്രയെങ്കിലും അയാൾക്ക് ഒരു അവധൂതനാകാൻ പിന്നെയും കടമ്പകൾ ഉണ്ട് . അതിലെ പ്രധാന പടി, താൻ ഭിക്ഷയിലൂടെ സ്വരൂപിക്കുന്നത് തൻ്റെ ആവശ്യത്തിനെടുത്തശേഷം മറ്റുള്ളവർക്ക് കൊടുക്കുക എന്നതാണ്. അങ്ങനെയാണ് ഒരുവൻ സ്വയം നിരസിക്കുന്നതും സ്വയം നിർമ്മിക്കുന്നതും. അത് ഒരുകേവലഭാവമായി കാണണം. ഏതൊരു ഗൃഹസ്ഥനിലും, ഉദ്യോഗസ്ഥനിലും ഭിക്ഷാടകനുണ്ട് .അവൻ മറ്റുള്ളവരോടു യാചിക്കണം. അവൻ്റെ സേവനം മറ്റൊരാൾക്ക് വേണമോ എന്ന് ചോദിക്കണം. അപ്പോൾ അവൻ ഭിക്ഷാടകനാകും. അവൻ്റെ യാചന പ്രകാരം മറ്റുള്ളവർ നൽകുന്നതെന്തും അവനു മാത്രമുള്ളതല്ല, അവന് ചുറ്റുമുള്ളവർക്ക് കൂടി ഉള്ളതാണ്. അതിലൂടെ ചെറിയ ചെറിയ സമൂഹങ്ങൾ ഉണ്ടാവുകയാണ്. ഒരു യാചകനു ചുറ്റും രൂപപ്പെടുന്ന ചെറിയ സമൂഹം അവനും ,അവനു അടുപ്പമുള്ളവരും ചേർന്നതാണ് .ആ സമൂഹങ്ങൾ പാരസ്പര്യത്തോടെ ജീവിക്കുകയാണെങ്കിൽ അത് മനുഷ്യബന്ധത്തിൻ്റെ മഹനീയത യിലേക്കുയരും .സ്നേഹംകൊണ്ട് ബന്ധിക്കപ്പെടുകയാണെങ്കിൽ ആർക്കും ആരുടെയും മുമ്പിൽ താഴ്ന്നു കൊടുക്കുന്നതായി തോന്നുകയില്ല. ജീവിക്കുന്നതിന്റെ അഹന്തയില്ലാത്ത അവസ്ഥയാണത്. ഇവിടെ നിന്നാണ് ഒരാൾ തന്റെ ദൈവത്തെ അന്വേഷിക്കുന്നത് .
അപരിചിതൻ ചോദിച്ചു ….. ഭിക്ഷാടകൻ സന്യാസത്തിൽ എത്തുന്നത് എങ്ങനെയാണ് ?
തിരുമുൽപ്പാട് മറുപടി പറഞ്ഞു…. ഒരാൾ ഭിക്ഷാടനത്തിനപ്പുറമുള്ള ലക്ഷ്യത്തിലേക്ക് നീങ്ങണം .എല്ലാ മനുഷ്യരിലും ഭിക്ഷാംദേഹിയുണ്ട്. കുടുംബം നോക്കുന്ന ഒരാൾ തൻ്റെ മനസ്സിനെയും ശരീരത്തെയും തനിക്ക് വേണ്ടി മാത്രമല്ല കൂടെയുള്ളവർക്കും വേണ്ടിയാണ് നിലനിർത്തുന്നത്. ഒരു യാചന അവിടെയുണ്ട്. എല്ലാ പ്രാർത്ഥനകളിലും ജീവന്റെ വാഴ്വ് ആലിഞ്ഞു ചേർന്നിട്ടുണ്ട് .ആര് പ്രാർത്ഥിച്ചാലും അതിനു മാറ്റം ഉണ്ടാകില്ല .
അപരിചിതൻ തുടർന്നു. ഭിക്ഷാടകന്റെ പ്രാർത്ഥന ആർക്കുവേണ്ടിയാണ് ?ആനന്ദൻ മറുപടി പറഞ്ഞു ….അവൻ സ്വന്തം ആവശ്യത്തിനു വേണ്ടി പ്രാർത്ഥിക്കുന്നില്ല. ഭിക്ഷകിട്ടണേ എന്ന പ്രാർത്ഥനയില്ല. അത് അവൻ്റെ പ്രകൃതമാണ്. അവൻ തന്നെ ഒരു പ്രാർഥനയാണ്. അവനിൽ സ്വന്തമായി യാതൊന്നും ഇല്ല . മനസ്സോ , ശരീരമോ, അഹമോ, ശത്രുതയോ ഇല്ല. നിരുപാധികമായ മമത മാത്രമേയുള്ളൂ. മൃത്യുവിനെയും അവനു പേടിക്കേണ്ടതില്ല.മൃത്യുവിലും ഒരു ത്യാഗം ഉണ്ട് .മൃത്യു ഒന്നും കൊണ്ടുപോകുന്നില്ല .അത് മറ്റുള്ളവർക്കാണ് ആഘാതം ഏൽപ്പിക്കുന്നത്. മരിക്കുന്നവൻ മൃത്യുവിനെ ഭിക്ഷാടനമായാണ് കാണുന്നത്. അവന് ഭിക്ഷയായി മൃത്യു വിനെ കിട്ടുന്നു. അവൻ അത് മറ്റുള്ളവർക്ക് കൊടുക്കുന്നു. അവൻ ഒന്നും തന്നെ ബാക്കി വയ്ക്കുന്നില്ല എന്ന് മൃത്യു ഉറപ്പാക്കുന്നു. മൃത്യുഭിക്ഷ ഭിക്ഷാടകന്റെ സ്വത്തായി മാറുന്നു. അവൻ ജീവിതകാലമത്രയും യാചിച്ചത്, അവൻ്റെ മൃത്വവിലൂടെ സാർത്ഥകമാകുന്നു ഭിക്ഷാടകൻ ഓരോ നിമിഷവും സ്വയം വിസ്മരിക്കുന്നു. ഒരു ശിശുവിനു സമാനമാണ്അയാൾ .അപരിചിതൻ ….. അയാൾഎങ്ങനെയാണ് ദൈവത്തെ തേടുന്നത് ?
ആനന്ദൻതിരുമുൽപ്പാട് തുടർന്നു ….
തന്നെക്കുറിച്ച് പരാതിയോ തനിക്കുവേണ്ടി ആവലാതിയോ ഇല്ലാതായ ഒരു വ്യക്തി തൻ്റെ മനസ്സിൽ ഏറ്റവും സന്തുഷ്ടമായ ഒരു ദൈവത്തെ ദർശിക്കാൻ കഴിയും.അവൻ അവനവനെ ജയിക്കുകയാണ് ഏറ്റവും വലിയ ശരി. നമ്മെ എപ്പോഴും പിടിച്ചു തള്ളുന്നത് നാം തന്നെയാണ്. ആശകളും നിരാശകളും നമ്മെ ബന്ധിക്കാൻ വരികയാണ്.നാം നമ്മുടെ തന്നെ ദുഃഖങ്ങളുടെ ഇരയാകാൻ പാടില്ല എന്നാണ് ഇതിൽ നിന്നും പഠിക്കാനുള്ളത്.നമ്മെ മഥിച്ച വികാരങ്ങൾ നാം എന്തിന് കൂടെകൊണ്ടുനടക്കണം. അതിൽ നിന്നുള്ള വിടുതലാണ് ഭിക്ഷാടകനെ ദൈവത്തെക്കുറിച്ചുള്ള അന്വേഷണത്തിലേക്ക് നയിക്കുന്നത് .
ഗുരുവിൻ്റെ ഭിക്ഷാടനവും ആത്മീയമായ നിരാഹാരത്തിൻ്റെ മാർഗത്തിലെ പരമോന്നതമായ ഒരു സത്യാന്വേഷണമായിരുന്നു. മനുഷ്യൻ യഥാർത്ഥത്തിൽ എന്തായിരിക്കണമെന്ന് ചോദ്യത്തിൽ നിഴലിക്കുന്നുണ്ട് .ഒന്നിന്റെയും പിൻബലമില്ലാതെ സത്യത്തെ തേടാൻ കഴിയണം. ഒരു വഴിയമ്പലത്തിൽ വച്ച് ഏകാന്തതയുടെ ആയിരം അടരുകൾക്കുള്ളിൽ ഗുരു സത്യസ്ഥിതി ഇങ്ങനെ വായിച്ചു. ഒരു ജാതിയിലോ മതത്തിലോ വിടാതെ തന്നെ സത്യത്തെ തിരഞ്ഞുകൊണ്ടിരിക്കുന്നു. സത്യമെന്നത് അനുനിമിഷം വികസിക്കുന്ന സ്വാതന്ത്ര്യമാണ്. നമ്മോടൊപ്പം വികാസം പ്രാപിക്കുന്നതാണ്. മനുഷ്യനെ എന്ന പോലെ ഇതര ജീവികളെയും മാനിക്കണം. മനുഷ്യനെന്ന ഏകജാതി അനുകമ്പയാണ് നിലനിൽക്കുന്നത്. ഏത് പ്രാണിക്കും വേണം. അവിടെയാണ് സത്യമുള്ളത്. സത്യത്തിന് പല പേരുകളുണ്ട് വീടുകളിൽ നിന്നും രൂപങ്ങളിൽ നിന്നും സത്യം എപ്പോഴും ചോദിച്ചുകൊണ്ടിരിക്കും .ഇന്ന് കാണുന്ന സത്യം നാളെ ഉണ്ടാകില്ല. നാം നാളെയുടെ സത്യത്തെ തേടണം. അവിടെയാണു അതുള്ളത്. അവിടേക്ക് പോകേണ്ടിവരും. സ്ഥിരമായി താമസിക്കുന്ന സ്ഥലത്ത് സത്യത്തെ തേടാൻ കഴിയണമെന്നില്ല. അത് എവിടെയാണ് അനുഭവപ്പെടുന്നത് അവിടെയാണ് നാം തുടങ്ങേണ്ടത്. എന്നാൽ സത്യം എപ്പോഴും നമ്മോടൊപ്പം സ്ഥിരം ആയിരിക്കില്ല .
നമ്മളിൽ നിന്നുതന്നെ മാഞ്ഞുപോകുന്ന അതുകൊണ്ടാണ് അതിനാൽ ഗുരുവിൻ്റെ ഭിക്ഷാടനവും ആത്മീയമായ നിരാഹാരത്തിൻ്റെ മാർഗത്തിലെ പരമോന്നതമായ ഒരു സത്യാന്വേഷണമായിരുന്നു. മനുഷ്യൻ യഥാർത്ഥത്തിൽ എന്തായിരിക്കണമെന്ന് ചോദ്യത്തിൽ നിഴലിക്കുന്നുണ്ട്. ഒന്നിന്റയും പിൻബലമില്ലാതെ സത്യത്തെ തേടാൻ കഴിയണം .
.
*എം കെ ഹരികുമാറിന്റെ ശ്രീനാരായണായ എന്ന ദാർശനിക കൃതിയിലെ പതിനഞ്ച് സത്യാന്വേഷകരെക്കുറിച്ച് ഒരു ഒരു ലേഖന പരമ്പര. അതിൽ രണ്ടാമത്തെ ലേഖനമാണിത്.
, or