വരൂ ,ജപ്പാനിലേക്ക് പോകാം 


പുസ്തകനിരൂപണം /എം.കെ. ഹരികുമാർ 


യാത്രാവിവരണഗ്രന്ഥങ്ങളുടെ പതിവു വഴിയിൽ നിന്ന് മാറി ഹ്രസ്വവും സംക്ഷിപ്തവുമായ കുറിപ്പുകളിലൂടെ അനുവാചകനു ഭൂപ്രകൃതിയുടെയും നാഗരികതയുടെയും മനോഹരചിത്രങ്ങൾ സമ്മാനിക്കുന്ന രചനമാണ് സജി സുജിലിയുടെ ‘ഉദയസൂര്യൻ ഉണരുന്നിടം’ .


ജപ്പാനിൽ പോയതിൻ്റെ വിവരണമാണിത്. എന്നാൽ ‘ജപ്പാനും ഞാനും’ എന്ന മട്ടിലുള്ള ആത്മകഥാപരമായ കടുംചായങ്ങൾക്ക് പകരം നമ്മെ ജപ്പാനിൽ എത്തിച്ചിരിക്കുകയാണ് സജി,ചിത്രങ്ങളിലൂടെയും കുറിപ്പുകളിലൂടെയും .നീണ്ട ലേഖനങ്ങളെഴുതുന്നതിനു പകരം  ഓരോ വിഷയത്തെയും ഫോട്ടോഗ്രാഫിക്  പ്രതിനിധാനമാക്കുകയാണ്. ചിത്രങ്ങളുടെ പ്രസക്തി ബോധ്യപ്പെടുത്തുന്ന കൃതിയാണിത്. ഇതിലെ ഫോട്ടോകൾ നമ്മെ ജപ്പാൻ എന്ന സവിശേഷ മണ്ണിലേക്ക് ആകർഷിക്കും.പ്രിൻറിംഗ് വ്യവസായിയും സുജിലി പബ്ളിക്കേഷൻസിൻ്റെ പ്രസാധകനുമായ സജി ജപ്പാനിലെ  നവീനജീവിതം ഇവിടെ തുറന്നുവച്ചിരിക്കുകയാണ്. 

ഏറ്റവും വേഗമേറിയ ബുള്ളറ്റ് ട്രെയിൻ ഷിൻകാൻ സെൻ ,പൊടിയും അഴുക്കുമില്ലാത്ത റെയിൽവേ സ്റ്റേഷനുകൾ, ക്വോട്ടോ തടാകം ,പബ്ലിക് സർവീസ് ബസ് ,ഫുകുഷിമ ആണവനിലയം, രാത്രിജീവിതം ,വൃക്ഷങ്ങൾ ,ടൂറിസ്റ്റുകൾ ,ഹിരോഷിമ സ്മാരകം, പൊതുസ്വത്തായ കുടകൾ, പായലില്ലാത്ത നദി ,സഡാക്കോ സസാക്കിയുടെ പ്രതിമ, ഹാൾ ഓഫ് റിമമ്പ്രൻസ് ,അറ്റോമിക് ബോംബ് മെമ്മോറിയൽ ഗ്രൗണ്ട്, ട്രാം സർവീസ്, മിയാജിമാ ദ്വീപ്, ഫ്ളോട്ടിംഗ് ടെമ്പിൾ ,  ബുദ്ധമത ദേവാലയങ്ങൾ ,പ്രിൻറിംഗ് എക്സിബിഷൻ, ജപ്പാൻ ടോയ്‌ലെറ്റുകൾ ,നരിത്ത  എയർപോർട്ട്, കോയിൻ കൗണ്ടിംഗ് മെഷീൻ, നരിത്ത എക്സ്പ്രസ്, ഫിമെജി കോട്ട ,കിൻകാകുജി സ്വർണക്ഷേത്രം ,ജാപ്പനീസ് വീടുകൾ ,ക്വോട്ടോ ടവർ ,നഗോയ നഗരം ,നഗോയ റെയിൽവേ സ്റ്റേഷൻ ,ടൊയോട്ട കാർ ഫാക്ടറി, ടൊയോട്ട മ്യൂസിയം ,ടൊയോട്ടയുടെ സ്കൈ ഡ്രൈവ് ,ഫുജി ,ഫുജി  തടാകം, ഹാച്ചിക്കോ നായ പ്രതിമ, ചെറി ബ്ലോസം തുടങ്ങിയ അത്ഭുതക്കാഴ്ചകൾ വാക്കുകളിലൂടെ മാത്രമല്ല, അവിസ്മരണീയമായ ഫോട്ടോഗ്രാഫുകളിലൂടെയുമാണ് ഗ്രന്ഥകാരൻ പരിചയപ്പെടുത്തുന്നത്. ഈ ചിത്രങ്ങൾ കാണുന്ന  ഏതൊരാൾക്കും ജപ്പാൻ എന്ന നാഗരികപറുദീസയിലേക്ക് പോകാൻ തോന്നും .


ജപ്പാൻ മോഷണമില്ലാത്ത നാടാണെന്ന് ഗ്രന്ഥകാരൻ അറിയിക്കുന്നു:”മറ്റൊരു ട്രിപ്പിൽ ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന നവദമ്പതികളുടെ പാസ്പോർട്ടും പണവും അടങ്ങുന്ന  ബാഗ് ഒരിടത്ത് വെച്ച ശേഷം അവർ ഫോട്ടോ എടുക്കുന്നതിൽ മുഴുകി. ട്രെയിൻ വന്നു എന്ന് അറിയിപ്പു വന്നത്  പെട്ടെന്നാണ് .അത് കേട്ടപാടെ ബാഗ് എടുക്കാതെ ഞങ്ങളോടൊപ്പം  ട്രെയിനിൽ കയറി. ട്രെയിൻ പുറപ്പെട്ടു കുറച്ചു കഴിഞ്ഞപ്പോഴാണ് അവർ സംഗതി ഓർത്തത്. ആകെ പരിഭ്രമിച്ച അവർ വിവരം എല്ലാവരെയും അറിയിച്ചു .മുൻ അനുഭവങ്ങളുണ്ടായിരുന്ന എനിക്കു മാത്രം ആശങ്കയൊന്നും തോന്നിയില്ല. ഭയപ്പെടേണ്ടന്നും അത് അവിടെത്തന്നെ ഉണ്ടാകുമെന്നും ഞാൻ പറഞ്ഞു. എൻ്റെ നിർദ്ദേശാനുസരണം തിരികെ ചെന്നു നോക്കിയപ്പോൾ ബാഗ് അതുപോലെ അവിടെയിരിപ്പുണ്ട്. ഒരു പൊതുസ്ഥലത്താണ് ബാഗ് ഇരുന്നത് എന്ന് ആലോചിക്കണം “.
നമ്മുടെ നാട്ടിലായിരുന്നെങ്കിൽ ബാഗിൻ്റെ കഥ മറ്റൊന്നാകുമായിരുന്നു.

ജപ്പാനിലെ റോഡുകളിൽ കാണുന്ന പൊതുനിർദേശങ്ങളെക്കുറിച്ച് കൗതുകകരമായ ഒരു കാര്യം പുസ്തകത്തിൽ കാണാം:”നമ്മുടെ നാട്ടിൽ കാണുന്നതുപോലെ ഇവിടെ തുപ്പരുത്, ഇവിടെ മൂത്രമൊഴിക്കരുത് തുടങ്ങിയ ബോർഡുകളൊന്നും അവിടെ കാണാൻ കഴിയില്ല .(ഇത്തരം ബോർഡുകൾ ഉള്ള സ്ഥലം നോക്കി അവിടെത്തന്നെ തുപ്പുകയും മൂത്രമൊഴിക്കുകയും ചെയ്യുന്നതാണല്ലോ മലയാളിയുടെ സ്വഭാവം)പക്ഷേ ,വിചിത്രമായ മറ്റൊരു ബോർഡ് ഒരു റെയിൽവേ സ്റ്റേഷനിൽ കാണുകയുണ്ടായി. Stop texting while walking എന്നതാണത്. ജപ്പാനിൽ വാഹനാപകടങ്ങളേക്കാൾ കൂടുതൽ, പൊതുസ്ഥലങ്ങളിൽ മൊബൈലിൽ നോക്കി നടക്കുന്നവർ തമ്മിൽ കൂട്ടിയിടിച്ചുണ്ടാകുന്ന അപകടങ്ങളാണത്രേ !” 


ജപ്പാൻ സാങ്കേതികതയിൽ എന്നും  മുന്നിലാണ്. ലോകത്തിൻ്റെ നായകത്വമാണ് അവർ ലക്ഷ്യമാക്കുന്നത്. ഉപഭോക്തൃ ഉല്‌പന്നങ്ങളുടെ നവീനമായ ആശയങ്ങൾ ഒരു കാലത്ത് ജപ്പാൻ്റെ  കുത്തകയായിരുന്നു. ഇപ്പോൾ ‘മെയ്ഡ് ഇൻ ജപ്പാൻ’ എന്ന വാക്യം അവർ അത്ര ആഘോഷിക്കാറില്ല.അവർ  അതിനേക്കാൾ വലിയ വ്യവസായ സാമ്രാജ്യങ്ങളാണ് ഉന്നം വയ്ക്കുന്നത്.
ജപ്പാൻ ടോയ്‌ലറ്റിൽ കയറിയ അനുഭവം ഇങ്ങനെ കുറിക്കുന്നു: “ഭാഷ ഇവിടെ ഒരു പ്രശ്നമേയല്ല. എല്ലാം സിംബലുകളിലൂടെയാണ് വിവരിക്കപ്പെടുന്നത്. അവരുടെ ആശയവിനിമയ രീതി വളരെ ലളിതമാണ് .യാതൊരു സങ്കീർണതയും ജപ്പാൻ്റെ പൊതു ഇടങ്ങളിലെ ഇത്തരം നിർദ്ദേശങ്ങൾക്കോ അറിയിപ്പുകൾക്കോ ഇല്ല. ഭൂരിഭാഗവും ജപ്പാൻ ഭാഷയിലാണ് എഴുതിയിരിക്കുന്നത് എന്നത് സത്യമാണ്. ഇംഗ്ലീഷ് ഇല്ലാത്തിടത്ത്  ലളിതമായ സിംബലുകൾ നമുക്ക് കാണാം .അത് മനസ്സിലാക്കി നമുക്ക് പ്രവർത്തിക്കാവുന്നതേയുള്ളൂ” .


ബെഡ്റൂം ഹൈടെക്കാകുന്നിടത്ത്  ബാത്റൂം അങ്ങനെയായില്ലെങ്കിലേ അത്ഭുതമുള്ളൂ .മുപ്പതിലേറെ രാജ്യങ്ങൾ സന്ദർശിച്ച സജിക്ക്  ജപ്പാൻ യാത്ര തൻ്റെ തൊഴിലിലും കാഴ്ചപ്പാടിലും കൂടുതൽ ഉള്ളടക്കം   കൊണ്ടുവരാൻ സഹായിച്ചിട്ടുണ്ട്. ജപ്പാൻ അദ്ദേഹത്തെ ആനന്ദിപ്പിക്കുകയും  വഴിതിരിച്ചുവിടുകയും ചെയ്തു എന്ന് ഈ പുസ്തകം വായിക്കുമ്പോൾ ബോധ്യപ്പെടും. മനസ്സു തുറന്നു കാണാനുള്ളതാണ് ഈ പുസ്തകം. ജപ്പാനിലെ പ്രതിക്കുമുണ്ട് വിശേഷങ്ങൾ .അദ്ദേഹം എഴുതുന്നു:
“ജപ്പാനിൽ ഞാൻ കടന്നു പോയ സ്ഥലങ്ങളിലെല്ലാം തന്നെ ജീവജാലങ്ങളും വൃക്ഷങ്ങളും വളരെ അനുസരണയുള്ളവരായാണ്  കാണപ്പെടുന്നത്. വൃക്ഷങ്ങൾപോലും വളരുന്നത് മനുഷ്യൻ്റെ  അനുമതിയോടും  നിയന്ത്രണത്തിലുമാണ് എന്ന് നമുക്ക് തോന്നിപ്പോകും. വൃക്ഷങ്ങൾ എല്ലാം  തന്നെ ഒരു തരത്തിൽ പറഞ്ഞാൽ നമ്മുടെ നാട്ടിലെപ്പോലെ സ്വതന്ത്രരല്ല എന്ന് പറയാം. മനുഷ്യനെ അനുസരിച്ച് വളരുന്ന വൃക്ഷങ്ങൾ .നീ ഇത്രവരെയേ വളരാവൂ എന്ന മനുഷ്യാജ്ഞയിൽ  ഭയപ്പെട്ടു ചൂളി തലതാഴ്ത്തി നിൽക്കുന്നവ ” .
പുതിയ ഭൂപ്രകൃതിയും കാലാവസ്ഥയും സ്ഥലങ്ങളും മനുഷ്യരെ സാംസ്കാരികമായി നവീകരിക്കും. മനുഷ്യൻ ഇന്ന് സഞ്ചരിക്കുന്ന വർഗ്ഗമാണ് മുമ്പെന്നത്തേക്കാൾ. ഒരു വ്യവസ്ഥയ്ക്കകത്ത് ,സംസ്കാരത്തിനകത്ത് ജീവിതകാലമത്രയും തളച്ചിടപ്പെടുകയെന്നത് ഇന്ന് വില കുറഞ്ഞ ഒരു വിശ്വാസമാണ് .


*ഉദയംസൂര്യൻ ഉണരുന്നിടം(യാത്ര)സജി സുജിലി
സുജിലി പബ്ളിക്കേഷൻസ് ചാത്തന്നൂർ ,കൊല്ലം 

വില :300 രൂപ

 9446520682, 6235422555

You can share this post!