നവവത്സരപതിപ്പ് 2022/നമ്മൾ /സുകുമാരൻ കൂത്താട്ടുകുളം

 

മരമായ മരമെല്ലാം വെട്ടിക്കളഞ്ഞിട്ടു
മരുഭൂമി തീർക്കുന്നു നമ്മൾ
പുഴയെല്ലാം കെട്ടിയടച്ചു കൊണ്ടവിടെല്ലാം
മണിമേട തീർക്കുന്നു 1 നമ്മൾ

കാലം ചമച്ചൊരീ പാറ പൊടിച്ചിട്ട്
കോലം ചമയ്ക്കുന്നു നമ്മൾ
പാറപ്പുറത്തിനി കാറ്റേറ്റു കമിതാക്കൾ
കോരിത്തരിക്കേണ്ട നാളെ

പുൽമേട്ടിലാടുകൾ മേയുന്ന കാഴ്ചയിനി
ഗതകാലസ്വപ്നമായ് കാണാം
നക്ഷത്ര ഹോട്ടലിൻ മേലാപ്പിൽ നിന്നിട്ടു
ബൈനോക്കുലർ കാഴ്ച കാണാം.

ഭൂമിതൻ കുളിരുള്ള കാറ്റേറ്റിരിക്കാതെ
‘എ.സി., യിൽ കോൾമയിർ കൊള്ളാം.
ടി വിയിൽ കാണുന്ന സീരിയൽ കാഴ്ചയിൽ
രോമാഞ്ചകഞ്ചുകം നീട്ടാം.

പാട്ട്സാപ്പിൽ കാണുന്നതെന്തും മെനക്കെട്ടു
ഷെയറിട്ടു പൊട്ടിച്ചിരിക്കാം
ഞാറ്റടിപ്പാട്ടിന്റെ ഈണം മറന്നിട്ടു
പുകതുപ്പും ഫാക്ടറി കെട്ടാം

നാലാൾക്കു പാർക്കുവാനെട്ടാണു മുറിയതിൽ
ആളില്ലനക്കവുമില്ലാ
മക്കൾ വിദേശത്തു പോയതു കൊണ്ടമ്മ –
യഭയ കേന്ദ്രത്തിലുമായി

മാലിന്യംവഴിയിലേയ്ക്കിട്ടിട്ടു നാറുമ്പോൾ
മൂക്കങ്ങു പൊത്തുന്നു നമ്മൾ
മാലിന്യം നീക്കുവാൻ ക്ലീൻ സിറ്റിയ്ക്കായുള്ള
ജാഥ നയിക്കുന്നു നമ്മൾ

വിഷമുള്ള ഭക്ഷണം വാങ്ങിക്കഴിച്ചിട്ട്
രോഗികളാകുന്നു നമ്മൾ
ആതുര സേവനം വാണിജ്യമാക്കിയോർ –
ക്കടിയറവയ്ക്കുന്നു നമ്മൾ

home

You can share this post!