നമ്മുടെ കഥാകാരന് മീശലേശം കുറവാണ്. മീശയ്ക്ക് വടി വളമാണെങ്കിൽ പുള്ളി കാലാകാലമായി അത് ചെയ്തുവരുന്നതാണ്. എന്നിട്ടും നമ്മുടെ തമിഴ്നടൻ അർജ്ജുനെ പോലെ മീശയുടെ ഉള്ളും പരിധിയും പരപ്പും കമ്മിയായിരിക്കുന്നു. ഓരോരുത്തർ മീശകൊണ്ട് സിനിമയിൽ മമ്മൂട്ടിയായതും സാഹിത്യത്തിൽ സ്റ്റാറായതും കണ്ടിട്ട് കഥാകാരന് ഉറക്കവും വരുന്നില്ല. എഴുതിയതൊക്കെ പൊടിപിടിച്ച് അലമാരയിൽ മോർച്ചറിയിലെ ശവം പോലെ കിടക്കുന്നു. കഥയിലേക്ക് വലിച്ചിറക്കിയ കഥാപാത്രങ്ങൾ വിളിച്ചിറക്കിയ പെണ്ണിനെപ്പോലെ കുത്തുവാക്കുകൾ പറയുന്നു, പരിഭവിക്കുന്നു. എഴുതിയ പേനപോലും മഷിചുരത്താതെ പണിമുടക്കുന്നു. അങ്ങനെ ആകെയൊരു അന്തരാളകാലഘട്ടം. എഴുതിയൊന്ന് കയറിവരണം എന്ന് മനസ്സിലെ നീറ്റലും. പരിചയക്കാരായ പല എഴുത്തുകാരോടും ഉപായങ്ങൾ ചോദിച്ചു. ചെനവറ്റിയ പഴയ എഴുത്തുകാരുടെ പുറകേ നടന്നു .പറ്റുമ്പോളെല്ലാം ആ അലവലാതികളെ സുഖിപ്പിച്ചു. ചില എമ്പോക്കികൾക്ക് ചായയും പരിപ്പുവടയും വാങ്ങിക്കൊടുത്തു. ബാറിൽ കയറ്റി ഒരു മാസികക്കാരന് വിസ്കിയും വാങ്ങിക്കൊടുത്തു. അവൻ്റെ മാസികയിലോട്ടും പലതവണ കഥകൾ മെയിലു ചെയ്തു. പ്രസിദ്ധീകരണയോഗ്യമല്ല എന്ന ചാപ്പകുത്തി മെയിലിൻ്റെ ഡസ്ബിനിലേക്ക് അതെല്ലാം തലകുത്തി വീണു. പല മാസിക മുതലാളിമാരും മെയിലു കണ്ടതായി ഭാവിച്ചില്ല.ഇവനൊക്കെ എഴുതിയതായി കാണുന്നതുപോലും മലയാള സാഹിത്യത്തെ തളർത്തുമെന്ന ഭാവത്തിൽ മുഖം തിരിച്ചു.
ഒരു കഥാചർച്ചയിൽ പകലന്തിയോളം മലയാളികളായ പുംഗവന്മാരുടെ ചളുവ കേട്ടു. പുതിയ കഥയുടെ വക്കും മൂലയും തിരിച്ചറിഞ്ഞു. ആത്മമിത്രം കുണ്ടംകുഴി രാജപ്പനോട് ഈ വിവരങ്ങൾ ചർച്ചചെയ്തു. അവനും എഴുത്തിൻ്റെ സ്വഭാവദൂഷ്യമുള്ളവനാണ്. കവിതയായതിനാൽ തനിക്ക് എതിരാളിയുമല്ല. അവൻ്റെ കാര്യം തന്നേക്കാൾ മോശമാണ്. അവനെഴുതുന്നത് കവിതയല്ല ആഭാസമാണ് എന്ന് ആസ്ഥാന നിരൂപകൻ കുന്നുകുഴി കേശവൻ ഫെയിസ്ബുക്കിൽ കുറിച്ചതിന് ശേഷം അവനും തീരെ ഡൗണാണ്. അങ്ങനെ ഞങ്ങളു രണ്ടു പേരും കൂടി ലേശം വാട്ടീസും വാട്ടുകപ്പയുമായി കുണ്ടംകുഴിയിലെ പേരാലിൻ്റെ ചുവട്ടിലിരുന്നു ചർച്ചകൾ തുടർന്നു. ആ ചർച്ചയ്ക്ക് ഇടയിലാണ് അവൻ ആ വിത്ത് എൻ്റെ തലയിൽ തട്ടിയത്. ചേറിലിട്ട കളപോലെ ആ വിത്ത് തലയിൽ വേരാഴ്ത്തി.
” എടാ ആണ്ടാംകുഴി വിദ്യാധരാ കഥകളും കവിതകളും നാലാളു വായിക്കണമെങ്കിൽ അതിന് ലേശം വിവാദം വരുത്തണം. നാട്ടിൽ കൊള്ളാവുന്നവനെയോ തിരിച്ചു കടിക്കാത്ത രാഷ്ട്രീയക്കാരനെയോ അലക്കാൻ പറ്റുന്ന ദൈവങ്ങളെയോ ഒന്ന് പൂളുക. എന്നിട്ട് ആരെങ്കിലും അതിൽ കൊത്തിയാൽ സംഗതി പൊലിച്ചു. നീ ജീവിച്ചിരിക്കുന്നു എന്നും നീ എഴുതുന്നു എന്നും സമൂഹം തിരിച്ചറിഞ്ഞു .ലേശം കശപിശയും തെറിവിളിയും സോഷ്യൽ മീഡിയ അലക്കലും തീരുമ്പോൾ ആണ്ടാം കുഴി അര എം .ടി .യായി .ഇന്നലെ എഴുതിയതും ഇന്നെഴുതിയതും നാളെ എഴുതുന്നതും വായിക്കാൻ ആളു വരും. എഴുത്തിനെ നിരൂപകപുംഗവന്മാർ ലേശം പുകഴ്ത്തും .ചില ലൊട്ടുലൊടുക്കു അവാർഡുകളിൽ നിന്നും അക്കാഡമിയുടെ ചേർത്തുപിടിക്കലിലേക്ക് നിനക്ക് പ്രമോഷനും കിട്ടും.”
” അതിന് നമ്മളൊക്കെ എഴുതിയാൽ വിവാദമാകുമോ രാജപ്പാ. ആരെങ്കിലും വായിച്ചാലല്ലേ സംഗതി പുറത്തറിയൂ. നമ്മൾ ആകെ ഫെയിസ്ബുക്കിൽ തള്ളിയാൽ എല്ലാവന്മാരും വന്ന് വായിക്കാതെ പൂവും കായുമിട്ട് പോകും. അല്ലാതെ ആരു വായിക്കും, ആര് അത് വിവാദമാക്കും?”
” നീ ഒന്ന് എഴുതിപ്പൊലിപ്പിക്കൂ ആണ്ടാം കുഴീ, ഞാനതിനെ ഒരു വിവാദമാക്കാമെടോ. ചീഞ്ഞതു പറഞ്ഞാൽ ഏത് മലയാളിയും തിരിഞ്ഞുനോക്കും.”
“നാട്ടുകാരെ ദൂഷ്യം പറഞ്ഞ് എഴുതിയാൽ പുലിവാലാകില്ലേ?”
” ലേശം പുലിവാലായാലല്ലേ സംഗതി ജോറായി ഒന്ന് പൊലിക്കൂ.”
” അപ്പോൾ ഞാനെഴുതി തള്ളട്ടോ കുണ്ടംകുഴി. “
” ആണ്ടാംകുഴി താനെഴുതി വാളിൽ പതിക്കെടോ ,ഞാൻ ഷെയറു ചെയ്തു പൊലിപ്പിക്കാം.”
ഈ സംഭാഷണത്തിന് ശേഷം സൂര്യൻ കുറേ ദിവസം ഉദിച്ചു ,പിന്നെ അസ്തമിച്ചു. നമ്മുടെ കഥാകാരനും തിന്നും തൂറിയും കാലം തള്ളി നീക്കി. സ്വയം തെളിയിക്കാൻ ആരെ തെറിപറയണമെന്ന ചിന്ത തലച്ചോറിൽ മൂളിക്കൊണ്ടിരുന്നു.ഒടുക്കം ഒരു കഥയുടെ ബീജം മനസ്സിൽ വീണു. ദൈവത്തോട് കളിക്കുന്ന കഥയായിരുന്നു. കഥാനായകൻ താനെഴുതിയ കഥ ഒരിക്കൽ കൂടി വായിച്ചു നോക്കി.സമകാലിക സാഹചര്യങ്ങളും ചില ചീഞ്ഞ ചരിത്രങ്ങളും മനസ്സിലൂടെ പാഞ്ഞുപോയി. ഒടുക്കം സംഗതി ഉഷാറായിട്ടുണ്ട്. നാട്ടുകാരു വായിച്ചാൽ സംഗതി കിടുക്കും. ഈ കഥയുടെ പേരിൽ കേരളം നിന്ന് കത്തും. ചാനലായ ചാനലെല്ലാം ആണ്ടാംകുഴിയെന്ന് വെണ്ടയ്ക്ക നിരത്തും. അന്തിചർച്ചക്കാർ ഈ കുഴിയിൽ കിടന്ന് കറങ്ങും. വാളിലോട്ട് തട്ടണമോയെന്ന് കുറേ ആലോചിച്ചു. കൈവിട്ട ആയുധവും വാവിട്ട വാക്കും തിരിച്ചറിയാനാവില്ല. മാത്രമല്ല ഈമാതിരി ആക്ഷേപത്തിന് കേരളത്തിൽ മാർക്കറ്റുമില്ല. കുണ്ടംകുഴിയെ ഫോൺ ചെയ്തു.
” അളിയാ കുണ്ടംകുഴീ, നീ പറഞ്ഞ സാധനം ഞാൻ ഒന്ന് രൂപമാക്കി. ഞെട്ടിക്കുന്ന ഉരുപ്പടിയാണ്. എന്നാലും ഇതെങ്ങാനും പൊട്ടിയാൽ ചാവേറായി ഞാൻ തീരുവോടേ? രണ്ടാവർത്തി വായിച്ച് തീർന്നപ്പോ ഉള്ളിൽ ഒരു കിരുകിരുപ്പ്. “
” നീ പേടിക്കണ്ട ആണ്ടാംകുഴീ ഇത് കേരളമാണ് ഒരുത്തനും ഒരു പുല്ലും നിന്നെ ചെയ്യില്ല. ഞാൻ കണാരേട്ടനോട് പറയാം. അവന്മാരു തലപൊക്കുമ്പോഴേ നമ്മൾ നിൻ്റെ മീശ കത്തിച്ചു പിടിക്കും.പിന്നെ നിൻ്റെ മീശയും നിൻ്റെ കഥയുമാകും പുരോഗമനത്തിൻ്റെ കൊടിയടയാളം. നീ വിഷമിക്കാതെ പോസ്റ്റ്.ഞാനതിനെ പതിയെ അവന്മാരുടെ ഗ്രൂപ്പിലോട്ട് ചെലുത്താം. അവന്മാരു നിന്നെയൊന്ന് ഞോണ്ടിയാൽ നമ്മൾ കേരളം മാത്രമല്ല ഇൻഡ്യമൊത്തം കത്തിക്കും. എടാ നമുക്ക് ഡൽഹിയിലും നാലാളെ റോട്ടിൽ ഇറക്കാൻ പറ്റും.പിന്നെ പ്രശാന്ത് ഭൂഷണനെപ്പോലെ കിടിലം പേരുകൾ നിൻ്റെ പേര് പറഞ്ഞ് TV യിൽ നിറയും.”
” എന്നാലും നീയി കഥയൊന്ന് വായിച്ചിട്ട് പറയുന്നതാണ് നല്ലത്. “
” ആണ്ടാംകുഴീ നീ അങ്ങനെ പറയരുത് ,വേണേ ഞാൻ അമ്പത് തെങ്ങിന് തടം കോ രാം ,എന്നാലും നീ എഴുതുന്നത് വായിക്കുന്നയത്ര ദണ്ഡമില്ലെടേ. നിൻ്റെ ചിരിക്കുന്ന പെണ്ണ് വായിച്ച് ഞാൻ കിതച്ചുപോയെടേ. ഇതൊക്കെ വായിച്ചു പോകണമെങ്കിൽ വിവാദം വേണം. നീ ഗണപതിയേയോ ,ശിവനെയോ ,കൃഷ്ണനേയോ വെറുതേ വെറുപ്പിക്കുക. ഹനുമാനെപ്പോലും മാന്തിയെടുത്ത് നമ്മുടെ ഒരു സുഹൃത്ത് ഈയിടെ സ്റ്റാറായാതാണ്. എടാ വലിയ വരപ്പുകാരനായ ഹുസൈൻ പോലും എന്തെല്ലാം വരച്ചു. ആ വരയിൽ അങ്ങേരു ലോകപ്രശസ്തനായില്ലേ. ഖത്തറ് അങ്ങേരെ ദത്തെടുത്തില്ലേ? ചങ്കൂറ്റത്തോടെ എഴുതുക. നിന്നെ സംരക്ഷിക്കുന്ന കാര്യം ഞാനും പാർട്ടിയും ഏറ്റു.”
“കുണ്ടംകുഴീ നീ വിചാരിക്കുന്നതു പോലെയല്ല ഈ കഥ. ഇതിൽ കംപ്ലീറ്റ് ട്വിസ്റ്റാണ്. കേരളം ഞെട്ടുന്ന ട്വിസ്റ്റ്. “
“ആണ്ടാംകുഴി ഏത് ട്വിസ്റ്റും തട്ടിക്കോ. കാടക്കോഴി ഒട്ടകപ്പക്ഷിയുടെ മുട്ടയിട്ടാലും പാർട്ടിയതിനെ സംരക്ഷിക്കുമെടോ.പിന്നെ മതവികാരം മാന്തി എന്ന ഒരു പോലീസ് കേസ് വരും .സെക്ഷൻ 153 A പ്രകാരം അറസ്റ്റ് ,റിമാൻഡ്. നമ്മുടെ കുട്ടികൾ തെരുവിലിറങ്ങും കേരളം ഞെട്ടും. ആണ്ടാംകുഴി ജാമ്യത്തിലിറങ്ങും, മറ്റൊരു പെരുമാൾ മുരുകൻ കേരളത്തിൽ ജനിക്കും. അന്നും ഈ കുണ്ടംകുഴിയെ നീയൊന്ന് ഗൗനിക്കണം.”
” എന്നാലും കുണ്ടംകുഴിയൊന്ന് വായിച്ചിരുന്നെങ്കിൽ സമാധാനമായേനെ.”
“ആണ്ടാംകുഴീ ഞാനാക്കഥ നിൻ്റെ വാളിലേ വായിക്കൂ. അതും അത് വൈറലായതിന് ശേഷം ,അഭിമാനത്തോടെ.”
കഥാകാരൻ പിന്നെ കുണ്ടംകുഴിയെ നിർബന്ധിച്ചില്ല. രാത്രി വരെ കാത്തിരുന്നു. അത്താഴമൊക്കെ കഴിഞ്ഞ് കിടക്കാനായി വന്നപ്പോൾ ഭാര്യയോടായി പറഞ്ഞു.
” എടേ ഞാനൊരു കഥയെഴുതി, ലേശം വിവാദമുണ്ടാക്കുന്ന പ്രമേയമാണ്. നീയൊന്ന് കേട്ടുനോക്കുമോ?”
” അണ്ണാ നിങ്ങൾക്ക് വിവാദമുണ്ടാകുമെന്ന് തോന്നുന്നെങ്കിൽ ആ കേട് വെട്ടിക്കളഞ്ഞിട്ട് സാമ്പാറിലിടണം. അതിന് ഞാൻ കേട്ടിട്ട് എന്താണ്? .എനിക്ക് ഈ കഥയും സാഹിത്യവും മനസ്സിലാകില്ല.”
” എടിയേ ഇത് വിവാദമാക്കി പ്രശസ്തമാക്കാനായി ഉണ്ടാക്കിയ കഥയാണ്. ആ വിവാദം നമ്മളെ കുടുക്കുമോ എന്ന് നോക്കാനാണ് ഒന്ന് കേട്ടുനോക്കാൻ പറേണത്. “
“എൻ്റെ പൊന്നണ്ണാ, നമ്മൾ നല്ല കഥയെഴുതിയല്ലേ പൊലിപ്പിക്കേണ്ടത്. നമ്മൾക്ക് തന്നെ വിവാദമാകും എന്ന് തോന്നുന്നത് എഴുതി നാട്ടുകാരെ വെറുപ്പിക്കണോ? നമ്മൾക്ക് ഒരു വേണ്ടാതീനം വന്നാൽ താങ്ങാൻ ഈ നാട്ടുകാരല്ലേ കാണൂ.പിന്നെ നാളെ വാവിമോൾക്ക് രാവിലെ പോകണം ട്യൂഷനുണ്ട് .ഞാൻ കിടക്കുവാണ് .നിങ്ങൾ വായിക്ക്, ഞാൻ മയങ്ങിയാൽ വിളിച്ചുണർത്തണ്ട.”
കഥാകാരൻ വായന തുടങ്ങി ഏതാനും നിമിഷത്തിനകം വാമഭാഗം കൂർക്കം വലിച്ചു. വായന നിർത്തി കഥാകാരൻ ഒരു കാജാ ബീഡി കത്തിച്ചു. വേണോ വേണ്ടയോ എന്ന ചിന്ത കഥാകാരനെ കൂച്ചിട്ട് വലിച്ചു. കുറേനേരം യൂട്യൂബിലെ അർദ്ധനഗ്നമേനികളിൽ മേഞ്ഞു. ആ ദിവസം കഴിഞ്ഞു. ക്ലോക്കിൽ പന്ത്രണ്ട് തല്ലി. കഥാകാരൻ്റെ സിരയിലൂടെ ലേശം ചുവപ്പ് കൂടിയ രക്തം ഒഴുകിയിറങ്ങി.രണ്ടും കൽപ്പിച്ച് ആണ്ടാംകുഴി വിദ്യാധരൻ എന്ന പ്രൊഫൈലു തുറന്നു. സവിനയം കഥ പോസ്റ്റു ചെയ്തു.പിന്നെ സമാധാനമായി ലേശം ചൂടു വെള്ളം മോന്തി. നെറ്റ് ഓഫാക്കി ,ഫോൺ സൈലൻ്റും. മനസ്സമാധാനത്തോടെ ഭാര്യയ്ക്കൊപ്പം മറുകൂർക്കൻ വിട്ട് ഉറക്കമായി.
കഥാകാരൻ രാത്രിയിൽ പല സ്വപ്നങ്ങളും കണ്ടു. വിവാദമായ കഥയിലൂടെ ആണ്ടാംകുഴി പ്രശസ്തനായതും അക്കാഡമി അവാർഡിനായി പരിഗണിക്കപ്പെടുന്നതും കണ്ട് മനസ്സ് ഒന്ന് കുളിരണിഞ്ഞു വന്നപ്പോഴാണ് സ്ഥിരം രസംകൊല്ലിയായ ഭാര്യ വിളിച്ചുണർത്തിയത്.
” നിങ്ങള് ഫെയിസ് ബുക്കിൽ എന്തോ പണി ഒപ്പിച്ചെന്നു പറഞ്ഞ് നമ്മുടെ LC കുഞ്ഞച്ചൻ സഖാവു വന്നിരിക്കുന്നു. നിങ്ങള് മുഞ്ഞിയും കഴുകി ഒന്ന് ചെല്ലൂ മനുഷ്യാ.”
കഥാകാരൻ്റെ മനസ്സിലേക്ക് ഒരു തീപ്പന്തം തെറിച്ചു വീണു. ചാടിയെഴുന്നേറ്റ് ചിതറിയ മുടികളെ തലയിലെ കഷണ്ടിയിലേക്ക് പറക്കിപ്പറ്റിച്ചു. ഊർന്നിറങ്ങിയ കൈലി വാരിയുടുത്തു. കറുത്ത ചെക്ക് ഷർട്ടുമിട്ട് ,മുഖമൊന്ന് കഴുകി പുറത്തേക്കിറങ്ങി.
പുറത്ത് സഖാവ് കുഞ്ഞച്ചനും കൂടെ രാജീവനും തുരപ്പൻ ബാസ്റ്റ്യനും നിൽക്കുന്നു. കഥാകാരനെ കണ്ടപാടെ കുഞ്ഞച്ചൻ വലിയ വായിൽ ഒന്നു ചിരിച്ചു. കൂടെയുള്ള കിങ്കരന്മാർ മുഖവും കണ്ണുകളും കുത്തിനിർത്തി ക്രോധവും ഭീകരതയും വരുത്തി. പാർട്ടിക്ക് അഹിതമായി എന്തോ കഥാകാരൻ്റെ കൈയിൽ നിന്നും പറ്റിയതായി അവരുടെ മുഖഭാഗം കണ്ടാൽ തോന്നും. കഥാകാരൻ്റെ മനസ്സറിവിൽ പാർട്ടിക്ക് വിരുദ്ധമായി ഒന്നും ചെയ്യാത്തതിനാൽ അയാൾ ആട്ടം കണ്ട പൊട്ടനെപ്പോലെ നിന്നു. അയാളുടെ ചുണ്ടിൽ വളിച്ച ചിരിയും വന്നു.
” ആണ്ടാം കുഴി ഇന്നലെ FB യിൽ ഒരു കഥയിട്ടായിരുന്നോ? കഥയുടെ വിഷയം മതങ്ങളേയും ദൈവങ്ങളേയും അധിക്ഷേപിക്കുന്നതും മതസ്പർദ്ധയും സമൂഹത്തിൽ സംഘർഷവും ഭിന്നതയും ഉണ്ടാക്കുന്നതാണ് എന്നും പാർട്ടിക്ക് അഭിപ്രായമുണ്ട്. ഈ കഥ യഥാസമയം മീഡിയയിൽ നിന്നും ഒഴിവാക്കാനായി ഉത്തരവാദപ്പെട്ടവർ ശ്രമിച്ചെങ്കിലും ആണ്ടാംകുഴിയുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഈ കഥാബോംബ് സമൂഹത്തിലേക്ക് വലിച്ചെറിഞ്ഞ് താങ്കൾ മനപൂർവ്വം ഫോൺ ഓഫാക്കിയതാണ് എന്ന വിലയിരുത്തലാണ് ജില്ലാക്കമ്മറ്റി എടുത്തിരിക്കുന്നത്. അതിനാൽ താങ്കളെ പാർട്ടിയിൽ നിന്നും പുറത്താക്കാൻ പാർട്ടി തീരുമാനിച്ചു. സമൂഹത്തിലും പാർട്ടിബന്ധുക്കളായ സമുദായത്തിനിടയിലും പാർട്ടിയെ മോശമാക്കാനാണ് താങ്കൾ കഥയിലൂടെ ശ്രമിച്ചത്. താങ്കളുടെ സോഷ്യൽ മീഡിയ ഇടപെടലുകളിൽ നിന്നും പാർട്ടിയുടേയും നേതാക്കളുടേയും പടവും പോസ്റ്റും അടിയന്തിരമായി നീക്കുവാൻ പാർട്ടി ആജ്ഞാപിക്കുന്നു. താങ്കളുടെ ഈ ക്രൂരമായ മതനിന്ദമൂലം വൃണപ്പെട്ട സമുദായമോ നിയമവ്യവസ്ഥയോ താങ്കളെ ആക്രമിക്കുന്ന സാഹചര്യം ഉണ്ടായാലും പാർട്ടിയുടെ ഒരു പരിരക്ഷയും താങ്കൾക്ക് കിട്ടുന്നതുമല്ല.”
ഇത്രയും പറഞ്ഞ് കഥാകാരനെ ഒന്ന് തറപ്പിച്ച് നോക്കി കുഞ്ഞച്ചൻ യാത്രയായി. തുരപ്പനും രാജീവും കഥാകാരൻ്റെ ഫോണിൽ നിന്നും പാർട്ടിയുടെ എല്ലാ അടയാളങ്ങളും നീക്കം ചെയ്തു.
കഥാകാരൻ ഫോൺ നോക്കിയപ്പോഴാണ് കഥ മൂലം അയാൾ പെട്ട കുരുക്കിൻ്റെ ആഴം സ്വയം തിരിച്ചറിഞ്ഞത് . ഉടനെ അയാൾ കുണ്ടംകുഴിയെ വിളിച്ചു. ആദ്യബെല്ലിൽത്തന്നെ കുണ്ടംകുഴി ഫോണെടുത്തു.
” എന്തോന്നാണ് വിദ്യാധരാ എഴുതി ഇട്ടത്? ആണ്ടാംകുഴീ , പ്രശ്നം ഗുരുതരമായി എന്ന് വെളുപ്പിന് ഞാൻ അറിഞ്ഞിരുന്നു. താങ്കളെ വിളിച്ചപ്പോഴെല്ലാം കിട്ടുന്നില്ല. ഇപ്പോൾ തന്നെ ആ കഥ നീക്കം ചെയ്യുക .കൈവിട്ട കളിയാണ്, വിവാദത്തിനായി താങ്കൾ ഉണ്ടാക്കിയത്.”
” കുണ്ടംകുഴിയല്ലേ പറഞ്ഞത് വിവാദമായാൽ പൊലിക്കുമെന്ന്?”
“ആണ്ടാംകുഴീ, ആളും തരവും നോക്കിയല്ലേ ഈ വിഷയത്തിൽ ഇടപെടാൻ പറ്റൂ എന്നുപോലും അറിയില്ലേ? രാമനേയോ കൃഷ്ണനേയോ ദുർഗ്ഗയേയോ അലക്കുന്ന മാതിരി മറ്റുസമുദായങ്ങളുടെ വേണ്ടപ്പെട്ടവരെ ആക്രമിക്കാമോ? അവർ സഹിക്കില്ല ,ക്ഷമിക്കില്ല. അവർ ശക്തമായി തീക്ഷ്ണമായി പ്രതികരിക്കും. അത് നേരിടാൻ തനിക്ക് കഴിയുമോ? പാർട്ടി പോലും തന്നോടൊപ്പം നിൽക്കുമോ? പോലീസ് കേസെടുത്ത് അകത്താക്കിയാൽ തൻ്റെ വക്കാലത്തുമായി ജില്ലാ ഓഫീസിലേക്ക് കയറിച്ചെല്ലരുതെന്ന് ജില്ലാ സെക്രട്ടറിയും പറഞ്ഞിട്ടുണ്ട്.എടോ ഈ വിഷയത്തിൽ നിന്നെ അവന്മാരു പൂളിയാൽ ഒരുത്തനും പ്രതിഷേധിക്കില്ല.”
കുണ്ടംകുഴി പിന്നെയൊന്നും പറഞ്ഞില്ല. ഞങ്ങൾ രണ്ടു പേരും മൗനമായി കുറേ നേരം ഫോണുമായി ഇരുന്നു.
” കുണ്ടംകുഴി ഇത് വെറും കഥയല്ലേ? പിന്നെ ഞാൻ കള്ളമൊന്നും പറഞ്ഞതുമില്ല.”
“ആണ്ടാംകുഴീ, നമുക്ക് ആരെയും ആക്ഷേപിക്കാനുള്ള അവകാശമില്ല. ചില സമുദായങ്ങൾ വളരെ സെൻസിറ്റിവാണ്. അവരെ ആക്ഷേപിച്ചാൽ പ്രതികരണം രൂക്ഷമായിരിക്കും. അത്തരം ഒരു സമീപനം എഴുത്തുകാരന് ചേർന്നതല്ല.”
” കുണ്ടംകുഴീ, എന്താണ് ഈ ഇരട്ടത്താപ്പ്? ചിലരെ അധിക്ഷേപിക്കുന്നത് പുരോഗമനവും ആവിഷ്കാര സ്വാതന്ത്ര്യവും ചിലരെ പറയുന്നത് ക്രിമിനൽ കുറ്റവും. അങ്ങല്ലേ വിവാദം ഉണ്ടാക്കുന്ന കഥയെഴുതാൻ പറഞ്ഞത് ,അതിൻ്റെ ഉദാഹരണങ്ങളും പറഞ്ഞു.ഈ വിഷയത്തിൽ മതം നോക്കണം എന്നുകൂടി പറയണമായിരുന്നു.”
” ആണ്ടാംകുഴീ, അതിനാണ് വകതിരിവ് എന്ന് പറയുന്നത്.പാത്രമറിഞ്ഞ് വിളമ്പുക എന്ന സാമാന്യബുദ്ധി താങ്കൾക്ക് ഇല്ലാതായി.ഇതിൻ്റെ പ്രത്യാഘാതം താങ്കൾ അനുഭവിക്കാൻ ഇരിക്കുന്നതേയുള്ളൂ. സ്വന്തം ജീവനും കൈയിൽ പിടിച്ച് ഒത്തിരി ഓടേണ്ടി വരും. എന്നെയിനി ഈ വിഷയത്തിൽ വിളിക്കരുത്.ഞാൻ ഉദ്ദേശിച്ചത് ഇത്തരം വിവാദമല്ല. ഈ വിവാദം താങ്കളുടെ മനസ്സിലെ കുഷ്ഠമാണ്.ഞാൻ താങ്കളുടെ നമ്പർ ബ്ളോക്ക് ചെയ്യുന്നു. എന്നെ വെറുതേ വിടുക.”
കുണ്ടംകുഴി രാജപ്പൻ മാത്രമല്ല ഒട്ടുമിക്ക എഴുത്തുകാരും ബുദ്ധിജീവികളും കഥാകാരനെ ഉപേക്ഷിച്ചു. മാത്രമല്ല കേരളത്തിൻ്റെ സാമൂഹ്യ അന്തരീക്ഷത്തിൽ വിഷം കലക്കിയ ഭീകരനാണ് ആണ്ടാംകുഴിയെന്ന് മുഖ്യധാരാ മാധ്യമങ്ങൾ അച്ചുനിരത്തി. വാർത്താ ചാനലുകളും സോഷ്യൽ മീഡിയയും കഥാകാരനെ പച്ചയ്ക്ക് കൊളുത്തി. പോലീസും പല വകുപ്പുകളും ചേർത്ത് അയാളെ അകത്താക്കി. റിമാൻ്റ് ചെയ്ത മജിസ്ട്രേറ്റ് അയാളെ സോളിറ്ററി സെല്ലിൽ അടയ്ക്കാനും മുഴുവൻ സമയ സുരക്ഷ ജയിലിൽ നൽകാനും ആവശ്യപ്പെട്ടു.
സുരക്ഷിതമായ മൂന്നു മാസങ്ങൾക്കു ശേഷം ആണ്ടാംകുഴി വിദ്യാധരൻ ജയിലിൽ കൊല്ലപ്പെട്ടു. ആ കൊലയുമായി ബന്ധപ്പെട്ട് മൂന്നു പേർ അറസ്റ്റിലായി. ആ അറസ്റ്റിൽ പ്രതിഷേധിച്ച് കേരളം ഒരു ദിവസം സ്തംഭിച്ചു.
ആണ്ടാം കുഴിയുടെ ശവം പൊതുശ്മശാനത്തിൽ പോസ്റ്റുമോർട്ടത്തിനു ശേഷം കുഴിച്ചിട്ടു. അതേദിവസം ലോറി തട്ടി മരിച്ച തെരുവു നായയുടെ ശവം റോഡരികിൽ കുഴിച്ചിട്ടു.ഹതഭാഗ്യവാനായ ആ നായയ്ക്കായി നാലു പേർ കവിതയെഴുതി ,ഒരാൾ കഥയും . ആണ്ടാംകുഴിയ്ക്കായി എഴുതാതിരിക്കാനും പറയാതിരിക്കാനും സാംസ്കാരിക കേരളം ജാഗ്രത പാലിച്ചു.ആ ജാഗ്രതയിൽ ഞാനും ഈ കഥ അവസാനിപ്പിക്കുന്നു. വായിച്ച് സഹകരിച്ചവർക്ക് ഒരു മതേതര നന്ദി!
അനിൽ കുമാർ .S. D
, or