അഘോരികൾ!

 

മനസ്സിലും മസ്തിഷ്കത്തിലും ജ്വരം ബാധിച്ച് നിർജ്ജീവമായിത്തുടങ്ങിയ വികലചിന്തകൾക്ക് കനം കുറഞ്ഞ് അണുക്കൾ കാർന്നുതിന്നുംമുമ്പെ ഒരു യാത്ര പോകണം, കൈലാസത്തിലേക്ക് !.മഞ്ഞു പെയ്യുന്ന മാനസസരോവറിൽ മുങ്ങിക്കുളിച്ച് ,ചെയ്തപാപങ്ങൾക്കറുതിവരുത്തി, ചെയ്യാൻ പോകുന്ന പാപങ്ങൾക്ക് ഹൃദയകവാടം തുറന്നുകൊടുക്കണം! ഒടിവിദ്യയാൽ മനസ്സിനെ കാരിരുമ്പാക്കി ഒരു അഘോരിയിലേക്ക് കൂടുമാറ്റം നടത്തണം!

ദേഹം മുഴുവൻ വാരിപ്പൂശിയ ചിതാഭസ്മവുമായി അറിയാത്ത മന്ത്രോച്ചാരണങ്ങളിൽ മനസ്സിലെ കനലിനെ ഉരുക്കണം! പകലിരവുകളില്ലാതെ തപം ചെയ്ത് അമാനുഷിക ശക്തിനേടി, ഹിമശൈലത്തിൽ ഒരു അഗ്നിമഴ പെയ്യിക്കണം! കൊടുങ്കാറ്റു വീശി ഭൂമിയിലെ കാമപ്പിശാചുക്കളെ പൊള്ളിക്കണം! സംസ്കൃതിയെ സംരക്ഷിക്കണം!
മഞ്ഞുമലകൾ താണ്ടി, ഗന്ധർവൻമാർ ഇറങ്ങുന്ന പൗർണ്ണമിരാത്രിയിൽ തലച്ചോറും പച്ചമാംസവും ഭക്ഷിച്ച്, അഘോരികളോടൊപ്പം ഒരു ആനന്ദനൃത്തമാടണം! വാദ്യഘോഷങ്ങളുടെ പെരുമ്പറയിൽ ലഹരിമൂത്ത് ദേഹം ദേഹിയെ സ്പർശിക്കാതെ, ഉദ്ധരിച്ച രാവിന്റെ രേതസ്സുകൾ ഗർഭപാത്രത്തിലേറ്റുവാങ്ങണം.
ഒരിക്കലും പൂർണ്ണത കൈവരില്ലെന്ന് കരുതിയമോഹത്തിന്റെ ആനന്ദസുഷുപ്തിയിൽ മതിമറന്ന് നൻമവിടരുംപുലരിയിലേക്ക് തളർന്ന് വീഴണം!
അവിടെ ഒന്നുമറിയാത്ത ഒരു കുഞ്ഞ് പുനർജ്ജനിക്കണം! ജനിമൃതികൾ തുടരണം!
ശാന്തമായി മടങ്ങാം ഇനി …..

You can share this post!