പ്രിയദയുടെ പുരുഷാര്‍ത്ഥം/നോവൽ 4-6

4
ജാലംഗി
——
നീയെന്താണ് ചെയ്യുന്നത്? ഇന്ദ്രനീലക്കണ്ണ്‍ ചോദിച്ചു. ‘ അവളെ കാണുകയാണ്, അവളുടെ വാക്കുകളിലൂടെ പോകുകയാണ്.” “വരൂ , നമുക്കൊന്നിച്ചാകാം.” അവളുടെ ഭൂതകാലത്തിലേക്ക് രേണു രൂപത്തിന്‍റെ കണ്ണു പതിഞ്ഞു.” അവള്‍ക്കു പിന്നില്‍ ജലമില്ലല്ലോ, പുഴയില്ലല്ലോ, നൃത്തമില്ലല്ലോ സംഗീതമില്ലല്ലോ, അയ്യോ, എന്തൊരു ഭൂമികള്‍ … ദൈവമേ! അവിടെയായിരുന്നോ അവള്‍! “പുതുരേണു വിളറി.  ഇരുണ്ടു ഉഴഞ്ഞുമറിഞ്ഞു കിടക്കുന്ന കാലം. വെറുതെയല്ല അവള്‍ എഴുതുന്നതിലെല്ലാം ഉടനീളം അടക്കിപ്പിടിച്ച് അതു വരുന്നുണ്ട്.
അവര്‍ തിരിഞ്ഞു ഓര്‍ബിറ്റിന്റെ വലയത്തിലേക്ക്. ഇതളുകള്‍ പരിശോധിച്ചിരുന്നവര്‍ ഇപ്പോള്‍ നൃത്തവേദിയിലാണ്, അവിടെ നിന്നും അവര്‍ കൌതുകത്തോടെ നോക്കുന്നുണ്ട്. പുതുരേണുവിന്റെയും ഇന്ദ്രനീലക്കണ്ണ്‍ന്‍റെയും  ഭൂമിസഞ്ചാരത്തിന്റെ വാര്‍ത്തകള്‍ അറിഞ്ഞിരുന്നെങ്കിലും വീണ്ടും പ്രസരിച്ചു കാണാന്‍ അവര്‍ക്കും കൌതുകം. ഭാവിയിലേക്ക് യാത്ര ചെയ്തു ഭൂതകാലം കണ്ടവര്‍ ഭൂമിയുടെ വര്‍ത്തമാനം കാണാന്‍
തയ്യാറെടുത്തു, “അവര്‍ തമ്മില്‍ കണ്ടുമുട്ടാന്‍ പോകുന്നതിനാണോ ഇപ്പോളിവിടെ നൃത്തം.?” “അതിനും,…..”
അവര്‍ കണ്ടുമുട്ടാന്‍ പോകുകയാണ്.
അവര്‍ ശരിക്കും ആരാണ്? അത് പറയാറായിട്ടില്ല.
അവര്‍ ആദ്യമായാണോ കാണാന്‍ പോകുന്നത്…. .?
ഇപ്പോഴവര്‍ സംസാരിക്കുന്നു. ഇനി ശാലീനമായൊരു പകല്‍ പാതിയില്‍ അവനവളെ കാണും. അവര്‍ക്കു ചുറ്റും ഒരാരവമുണ്ടാകും, കാലങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്നവരുടെ കൂട്ടത്തിനിടയില്‍ അവര്‍ അപ്പോഴും വിശേഷം മാത്രം കൈമാറും, വേറൊന്നും ചിന്തിക്കുകയോ പറയുകയോ ചെയ്യില്ല. പക്ഷെ ഹൃദയങ്ങള്‍ സംസാരിച്ചു തുടങ്ങിയിരിക്കും.
അതൊരോര്‍മ്മപ്പെടുത്തലാണ്. “അതിവിശദസ്മൃതിയാലതീത വിദ്യാനിധി തെളിയുന്ന “എന്ന ഗുരുവിന്റെ പൊരുളിലൊരു ഗുഹാവഴി തെളിയും. അതവര്‍ക്ക് യാത്ര ചെയ്യാനുള്ളതാണ്. അവര്‍ക്കുമെലെ ആകാശം പല നിറങ്ങള്‍ നിരത്തുന്നത് അവര്‍ കാണില്ല. കാറ്റൊരു പഴംപാട്ട് മൂളുന്നത് അവര്‍ കേള്‍ക്കില്ല. കളം പാട്ടിന്‍റെ ഉന്മാദം, വടക്കന്‍ പാട്ടിലെ വീരപ്രജകള്‍  അതൊക്കെ അവരുടെ ചെവിയിലലക്കാതെ വഴികളില്‍ വീഴുന്നു, വഴിത്തിരിവിലാണ് നില്‍ക്കുന്നതെന്നുപോലും അവര്‍ ചിന്തിക്കുന്നില്ല..
ഇപ്പോള്‍ ഭാരതത്തിന്‍റെ തെക്കേ ഭാഗത്ത്‌ ഒരു വെളിച്ചം വലയം ചെയ്യുന്നത് കാണാം.  വലയം ചെയ്ത വെളിച്ചം ഇപ്പോള്‍ അവളില്‍ മാത്രമാണ്. പുതുരേണു വിളറിനിന്നു കണ്ട, മഴയില്ലാത്ത പാട്ടില്ലാത്ത ഗതകാലങ്ങള്‍, മണ്ണെണ്ണവിളക്കിന്‍റെ  തിരിയിലെ കറുത്ത തരികള്‍ പോലെ അടര്‍ന്നു വീഴുകയാണ്. അതവള്‍ അവനുള്ള വരികളില്‍ തീര്‍ക്കുകയാണ്.
കൂട്ടം മാറി നിന്ന് ഒറ്റയ്ക്കു പൂക്കുന്ന പൂക്കളുടെ ഉന്മാദഗന്ധം.
കൂട്ടമായി വളരുന്ന പൂച്ചെടികൾ ഇവിടെങ്ങുമില്ല.
ആരും നട്ടു വളർത്തുന്നില്ല.
മറവിയുടെ ഉൾപ്പടവുകളിൽ മാത്രം, ഉണങ്ങി പോയ ഹരിതനിലങ്ങളുണ്ട്.
വിടരാതെ പോയ പൂവാടിയുണ്ട്.
നിർമ്മലമായൊരു ദളം നിന്നിലേക്കു മാത്രം അടർത്തി,
എന്നെയൊന്നു കാണിക്കുക പോലും ചെയ്യാതെ മറഞ്ഞുനിന്ന സുമ ശൈലം.
ഹിമമണിഞ്ഞ നവസുമങ്ങൾ ശൈലത്തെ ദിവ്യഭാവം വിടാതെ എത്ര കാലം മറച്ചുവെച്ചു കാത്തു.
പതിറ്റാണ്ടുകൾ
നിഴൽ മൂടിയ നിറമില്ലാത്ത ദിനങ്ങൾ,
നിലാവില്ലാത്ത രാത്രികൾ എത്ര കൊഴിഞ്ഞു.
അലങ്കോലത്തിന്റെ പൊങ്കാലയടുപ്പുകൾ എത്ര പുകഞ്ഞു.
കലുഷിതമായ, ആൾപ്പൊക്കത്തിലുയർന്ന വിഭജനങ്ങൾ
കറുപ്പു മൂടിയ ഗർജ്ജനങ്ങളുടെ ഒച്ചകൾ കീഴടക്കിയ തെരുവുകൾ
അറ്റമില്ലാതെ കണ്ടു തീർന്ന കാലം.
നിന്നിലേക്കടർന്ന ദളമെന്റ ഓർമ്മകളിലേക്കെങ്കിലും വീണിരുന്നെങ്കിൽ
ഇരുൾ മൂടിയ പടവുകളിറങ്ങുമ്പോൾ ഞാൻ അത് തൂക്കുവിളക്കായി കൈയിലേന്തിയേനെ
ഏതലങ്കോലത്തിലും ഒരു ദളശോഭയിൽ, ദലമർമ്മരത്തിൽ ഞാനൊന്നു ചിറകു വിരുത്തിയേനെ.
പറയാതെ പോയ അറിയാതെ പോയ കാലങ്ങളെ പാഴ്ക്കാലമെന്നു പറയാൻ വയ്യ.
വാഴ്ത്തപ്പെടുന്ന ദിനങ്ങൾക്കു ചവിട്ടി കടന്നു വരാൻ താഴ്ത്തപ്പെട്ട പടികൾ വേണം.
ജ്ഞാനികളും നക്ഷത്രങ്ങളും ദിശ കാട്ടണമെങ്കിൽ
കരിം ധൂമത്തിന്റെ മറവു മാറണം.
ചെന്നായ്ക്കളുടെ ഓരികൾ കേട്ടു കലമ്പിച്ചു തളർന്ന മനസ്സിനേ,
സംഗീതം പോലുള്ള സ്വരവീചികളിൽ തരളിതമാകാനാകൂ.
കരിഞ്ഞ കാടുകളിൽ മടുത്തു നിശ്ശബ്ദം നിന്നവർക്കേ സുമശൈലത്തിലേക്ക് വഴി തെളിയൂ
കപ്പം കൊടുക്കാതെ കടത്തിവിടുന്ന കാവൽക്കാരെ ആരും നിയമിച്ചിട്ടില്ലല്ലോ.
*പുറത്ത നിലാവ് നിശ്ശബ്ദമാണ്.
മഹാനഗരത്തിലെ നിലാവിന് പുഴയോരത്തെ നിലാവിനോട് തിരിച്ചൊന്നും ചോദിക്കാനില്ലേ
സൂന സുഗന്ധം പുരണ്ട കാറ്റുണ്ട്.
നിലാവുണ്ട്, കുളിരുണ്ട്, ചാറ്റൽ മഴയുണ്ട്.
നീയുണ്ട് ഞാനുണ്ട്
ഭൂമിയും ആകാശവുമുണ്ട്.
അലിഞ്ഞു പോകുന്ന പ്രണയമുണ്ട്.
ഒന്നും മിണ്ടാതെ എന്നോ തിരിഞ്ഞുപോയത് എത്ര നന്നായി.
മുറിവുകളും പരിക്കുകളും വഴി നീളെ അലങ്കാരങ്ങൾക്കു പകരമായി.
എന്നാലും
അറിയാതെ എത്തിയതിന്റെ അതുല്യഭാവത്തിൽ മുഗ്ദ്ധമാകുമ്പോൾ
കാടിളക്കിയോടിയ കസ്തൂരിമാനുകളുടെ
കൂട്ടം വഴി മധ്യത്തിൽ നിശ്ചലമായതു പോലെ
നിരായുധന്റെ ആയുധം കാലം തന്നെയാണ്.
ആയുധങ്ങളും ആയുധിഭ്യാസവും എല്ലാമുണ്ടായിട്ടും
നിരായുധീകരണം മുറയാക്കിയവന്റെ ജീവിതം കാലത്തിന്റേതാണ്.
അങ്കച്ചമയമെല്ലാം സ്വയമണിയാതെ നീക്കിവെച്ചപ്പോൾ അപരനിലേക്ക് നീങ്ങി.
ഉപയോഗിക്കാത്ത കളരിയും അന്യനുതകി.
കൃത്യവും സൂക്ഷ്മവുമായ ആയുധപ്രയോഗം കൊണ്ടു തന്നെയല്ലേ
കാലം തിരിച്ചു മുറിവേല്പിക്കുന്നതും മലർത്തിയടിക്കുന്നതും.
കർമ്മം തിരിച്ചെത്തുന്നു..  കാലം സാക്ഷിയാവുന്നു.
*അലങ്കോലങ്ങളുടെ നൂൽക്കെട്ടുകളഴിക്കുകയാണ്.
അഴിക്കും തോറും പിണഞ്ഞ് കണ്ണിലിരുട്ട് കയറുന്ന നൂൽക്കെട്ടിനെ അഴിച്ചഴിച്ച്
ഏകനാരാക്കുന്ന പരിശ്രമത്തിൽ.
ഏകനാരെന്നത് ഏക സാരമെന്നും
ഏകമെന്നത് പ്രണയം മാത്രമാണെന്നും
പ്രണയമെന്നത് അവാച്യമായ പൊരുളാണെന്നും.
അതിഗൂഢമായ നിലവറയിൽ ആയിരക്കണക്കിനു കാവലോടെ ഒളിപ്പിച്ചതാണെന്നും അറിവാകുന്നു.
നിർത്താതെ പെയ്യുന്ന ഒരു വാക്കിനും അനുഭവമാകാനാകില്ലെന്നറിയുമ്പോഴും
ആഹ്ലാദം അടങ്ങാതെ വാക്കിലേക്ക് തിരിയുന്നു.
*എന്തൊരു മൗനമാണിവിടെ.
ധ്വനിയുണർത്തുന്ന മൗനം.
പുറത്ത് ഒറ്റയൊറ്റ തുള്ളിയായി മഴ പെയ്യുന്നു.
വാഴക്കുടപ്പനിലേക്ക് നേരത്തെയെത്തിയ കടവാതിൽ പോലും ചിറകനക്കാതെ അക്കരേക്ക് പറക്കുന്നു.
ഇരുട്ടും മുമ്പെ കൂടണയാൻ തിരക്കിട്ടു പറക്കുന്ന ഇണപക്ഷികൾ
വിരഹം തണുപ്പില്ലാത്ത കുപ്പായമിട്ട് പടി കടന്നു വരുന്നു.
പ്രണയവും, അതിനൊപ്പം.
പുറത്ത് ഇരുളും ഈറനും ചേർന്ന് തണുപ്പൊരുക്കുമ്പോഴും അകത്ത് ചൂട് കൂടി വരുന്നു.
അകലെ നിന്നും വന്നൊരു കഥ.
കുറിഞ്ഞി പൂക്കുന്ന മലമേടുകളിൽ പ്രണയിക്കാൻ പുറപ്പെട്ടവരുടെ പ്രണയസ്മാരകം ദേവാലയമായത്.
അങ്ങനെ പോയവർ തന്നെ മലക്കു നീലയെന്നു പേരിട്ടത്.
നീലകടലിലൊന്നുലഞ്ഞപ്പോൾ
നീലഗിരിയെന്നു വിളിച്ചു.
പിന്നെയുള്ള പത്തു ദിനങ്ങള്‍ കഴിഞ്ഞപ്പോള്‍ അവള്‍ ആ പത്തു മന്ത്രണങ്ങളെയും ത്രികോണങ്ങള്‍ ആക്കിക്കൊരുത്ത് അടുത്ത വലയം തീര്‍ത്തു, ഓരോ ദിനത്തെയും അവള്‍ അവനായി അതേ പടി പകര്‍ത്തി. അവള്‍ കാണുന്ന കാഴ്ചകള്‍, അവളുടെ അനുഭവങ്ങള്‍, ചിന്തകള്‍, മൌനം എല്ലാം. അവളിപ്പോള്‍ ആരുമറിയാത്ത ഒരു ലോകത്തിലാണ്. അവള്‍ക്കുമറിയാത്തത്, എന്നാലിപ്പോള്‍ ആദ്യമായി അറിയുന്ന ഒരു ഭാവമുണ്ട്.
നവമായ ഭാവം. പുരാതനമായ ഒരു യാത്ര. തികഞ്ഞ ശാന്തതയിലും സാവകാശത്തിലും ദിവസങ്ങള്‍ നീങ്ങുന്നു. പകര്‍ത്തുന്നതെല്ലാം അതേ പടി അവനയച്ചു കൊടുക്കുന്നു. രണ്ടാമത്തെ ത്രികോണവലയം അയച്ചപ്പോള്‍  ഇരുത്തിയൊന്നു മൂളിയതല്ലാതെ അവന്‍ മറുപടിയൊന്നും പറഞ്ഞില്ല.
തുലാവർഷത്തിന്റെ തെളിച്ചമുള്ള സന്ധ്യ
ഒരു കുളിയുടെ തണുപ്പ്.
പെട്ടെന്നു വന്നു പോയ മഴയുടെയും.
ഇടിമിന്നൽ മഴ പഴംപൊരി ചായ
തുലാവർഷത്തിന്റെ ഇരുൾമുഴക്കങ്ങൾ തുടങ്ങുമ്പോൾ
അകാരണമായ എന്തോ ഒപ്പം പൊന്തും.
ഇടിയും മിന്നലും ഇരുട്ടുമുള്ള മഴ
അകത്തിരുന്നു കേട്ടു മലദൈവങ്ങളെ കാണാനുള്ളതാണ്.
നാടു കാക്കുന്ന നായാടികൾ ശബ്ദഘോഷം മുഴക്കുമ്പോള്‍
അകത്തിരിക്കണം.
പ്രണയമെന്നത് തീർത്ഥയാത്രയുടെ പര്യവസാനമാണ്.
അല്ലെങ്കിൽ
പല യാത്രകളുടെ തീർത്ഥം തുളുമ്പുന്ന ഏക യാത്രയുടെ,
അതോടെ യാത്രയ്ക്കു വിളിക്കാനെത്തിയ മേഘങ്ങൾ ദൂതവസാനിപ്പിക്കും.
ഓര്‍മ്മകള്‍ അവസാനിക്കും.
അല്ലെങ്കിലും ആർക്കും ഒന്നും ഓർക്കാനാകുന്നില്ല.
ഓർമ്മയില്ലായ്മയുടെ ആവർത്തനം.
ലോകം നിരന്തരം ചുറ്റുപാടുകളെക്കൊണ്ട് അതോർമ്മിപ്പിക്കുന്നു.
പിന്നെ മഴ കാത്തു നിൽക്കുന്നവരിലേക്ക് തിരിഞ്ഞുപോകും.
നീലവാനം വീണ്ടും.
രാത്രി നക്ഷത്രമുറ്റത്ത് ശ്യാമവും
അന്വേഷണം അവസാനിക്കുന്നു, യാത്രയും.
അതു കടലിലെത്തുന്ന നദിയൊഴുക്കാണ്.
*കൂടു തുറന്നപ്പോൾ മലമുഴക്കങ്ങളൊന്നുമുണ്ടായില്ല.
നദിയുടെ സന്ധ്യാനിർഝരി
കിളി കൂജനങ്ങൾ
വഴിയുടെ ചരൽ മുറുക്കങ്ങൾ
ഒന്നുമില്ല.
കമ്പുകൾ കൂട്ടിയുരയുന്ന ശബ്ദം പോലും.
പച്ചിലകളുടെ ഹരിതമന്ത്രണം ഉള്ളു തുറന്നു കേട്ടു .
നീയും നിലാവിന്റെ അനുരണനങ്ങളിൽ ആ മന്ത്രണങ്ങൾ അറിഞ്ഞിരുന്നോ?
ഇല്ലാതിരിക്കില്ല:
അതൊരു വഴി പറച്ചിൽ
എന്നിലേക്ക്
വഴി നിന്നിലേക്കും.
നദി ഓളങ്ങൾ കൊണ്ട് മത്സ്യങ്ങൾക്കു സമുദ്രദേവതയുടെ വഴി പറയാറില്ലേ.
ഋതുകന്യ താലമെടുക്കുന്ന വസന്തത്തിലേക്ക്
പൂമൊട്ടുകൾ ഉള്ളിലെ കിരുകിരുപ്പിൽ നിന്നും വഴിയറിയാറില്ലേ
വിശാലതയിൽ തല ചായ്ക്കുമ്പോൾ വായുവിന് തുളസീ ഗന്ധം.
വായുതരംഗങ്ങളിൽ നിശ്ചലരാകുമ്പോൾ
ആദിമചലനത്തിന്റെ ഓർമ്മയുണരും.
അതിശാന്തമായ ശൂന്യതയെ വെളിവാക്കുന്ന ചലനങ്ങളൊന്നും നേർരേഖയിലല്ലയെന്ന പ്രകൃതി പാഠം
അലസമായ സായാഹ്നയാത്രയുടെ സ്വസ്ഥനിശ്ശബ്ദതയിൽ വണ്ടി ഇടംവലം തിരിച്ചു തിരിച്ചു
പഥമൊന്നു തരംഗമാക്കും പോലെ
വളഞ്ഞു നിവർന്നു നേരെയാകുന്ന വിത്തിന്റെ മുളചലനം.
തുളസിയുടെ ജീവവാതകം
ഹൃദയത്തിന്റെ അടഞ്ഞ അറകളെ തുറക്കുന്നു.
കാടു പോലെ പൂത്ത പുഷ്കരമുല്ല
എത്ര മനോഹരമായ കാഴ്ചയാണ്.
കാലം ചെന്നാലും മുല്ല ഒരേ പൂക്കളെ തന്നെയാണ് വിടർത്തുന്നത്.
ആദ്യമായി തളിരിട്ടു പൂവിട്ട അന്നു മുതൽ അതേ നിറത്തിൽ, മണത്തിൽ, മനോഹാരിതയിൽ അറ്റമെത്തും വരെയും.
പൂക്കാനൊരുക്കാനാരൊക്കെ
കാറ്റും കാടും വയലും വെയിലും നാട്ടുപച്ചയും മഴയും ഉണ്ടല്ലോ
നമുക്കുമുണ്ടവരെല്ലാം
ഋതുക്കളും.
താഴ്വരയിലെ കാട്ടാനക്കൂട്ടങ്ങളെ കിഴക്കൻ ചെരിവിൽ നിരത്തുന്ന തുലാവർഷമേഘങ്ങൾ
ഗ്രീഷ്മകാലപൂക്കൾ കൊണ്ടു, കാടു തീനാളങ്ങൾ നിറയ്ക്കുമ്പോഴും
മുകളിൽ ആകാശത്ത് കടലും കടലിൽ നീന്തുന്ന നീല തിമിംഗലങ്ങളും വരയ്ക്കുന്ന വെൺമേഘങ്ങൾ.
കാലം സുന്ദരമാണ്.
5
പദ്മ
—-
വിളക്കിലെ മണ്ണെണ്ണയും തീര്‍ന്നു. അദൃശ്യകരങ്ങള്‍ വിളക്ക് മാറ്റിവെച്ചു. വെളിച്ചം വേറൊരു സ്രോതസ്സില്‍ നിന്നും വന്നുതുടങ്ങി. വിളക്കു മാറിയതും വെളിച്ചം പരന്നതുമൊന്നും അവളറിഞ്ഞിട്ടില്ല. അവള്‍ കൊഴിക്കുകയാണ്, തലേന്നത്തെ മഴയില്‍ കൊഴിഞ്ഞുവീണ പിച്ചകപ്പൂക്കള്‍ പെറുക്കും പോലെ വാക്കുകളെ പെറുക്കി അവന്റെ ചെവിയിലേക്ക്, “അവള്‍ക്കറിയുമോ ഇതവരുടെ സമാഗമത്തിനുള്ള സന്ദേശമാണ് എന്ന്.” “ഇല്ല. എന്നിട്ടും അവളെത്ര ആഹ്ലാദവതിയാണ്.” “നമ്മളവളെ ശുദ്ധീകരിക്കുകയായിരുന്നില്ലേ ആനന്ദത്തിലേക്ക്.”
നിന്റെ മൃദുവായ കൈകൾ കൊണ്ട് തുറന്നിട്ട വെളിച്ചത്തിന്റെ ജാലകങ്ങൾ
പഴയ വിരിപ്പുകളെ ഉരിഞ്ഞെറിയുന്ന കാറ്റ്, നേർത്ത സാന്ത്വനം വിതറുന്നു.
നിന്റെ കൈ പിടിക്കുമ്പോൾ മാത്രം പഴയതെല്ലാം  തിരികെയെത്തുന്നു.
ഒറ്റയടിപ്പാതയോരത്തെ പൊന്തക്കാടുകളിൽ ആരോ വിതച്ചിട്ട പോലെ പൂ നിറയുന്നു.
ഓർമ്മകൾക്കു പോലും ഇപ്പോൾ ഊഷ്മളതയുണ്ട്.
മനസ്സിൽ ലാസ്യം പീലി വിടർത്തുന്നു.
തരളിതമായ ഭാവങ്ങൾ അഭൗമമാണ്.
കാലങ്ങൾ കൊണ്ടു അളന്നെടുക്കാനാകാത്തത്
കാലമോ അളവില്ലാത്തതും.
പറഞ്ഞു പഴകിയ വാക്കുകൾ കൊണ്ട് ദിവ്യമായ ഒന്നിനെ അറിയിക്കാനാകുന്നില്ല.
നെറുകയിലമരുമ്പോൾ
മുഖമുഴിയുമ്പോൾ
പാദങ്ങളിൽ പോലും സൗഗന്ധികങ്ങൾ വിടരുന്നതെങ്ങനെയാണ്.
ഓരോ ഓർമ്മയിലും ഉറവിലെ നീല പളുങ്കു ജലം വീണ്ടും വീണ്ടും ഊറുന്നതോ?
പ്രതിധ്വനിക്കുന്നതാണ്.
 മനോഹരമായി പ്രതിധ്വനിക്കുന്നു.
ജലാശയത്തിലെ നിലാവു പോലെ
പ്രണയമൊഴുകി പ്രാണനായി ചേർന്നവരിൽ
ധ്വനികൾ നിലച്ചു കവിത നിറഞ്ഞവരിൽ
തുളുമ്പുന്ന ഹൃദയത്തിൽ എല്ലാം
പ്രതിധ്വനിക്കും.
നൂറ്റാണ്ടുകളുടെ ശൈവസപര്യയിൽ
ദ്രാവിഡപഴമകളിൽ ആരൊക്കെയോ ധ്വനിപ്പിച്ചത്,
ആഴങ്ങളിൽ ചലനമററു കിടന്നത്
ആർക്കൊക്കെയോ നഷ്ടമായത്.
പ്രതിധ്വനിക്കുന്നു.
അറിവു തേടിയവരുടെ
അന്വേഷികളുടെ
അടക്കം വെച്ച അനുഭവങ്ങളുമായി ഭൂമി വിട്ടവരുടെ പാതിയിൽ മുറിഞ്ഞ ധ്വനികൾ
പൂർത്തിയാകാൻ വഴി തേടുന്നതാണ്.
അവർ ഭൂമിയിലെ കാമ്യരൂപങ്ങളുടെ ദർശനത്തിനെത്തുന്നതാണ് –
നിരുപമലാവണ്യം കൊണ്ട്
നിമിഷങ്ങളിൽ ചൈതന്യം നിറയ്ക്കുന്നവരുടെ
പൂർണ്ണതയ്ക്ക്.
വെറ്റിലയടയ്ക്കയും നിലാവും ഊഞ്ഞാലും പുറത്തു പൂത്ത മുല്ലയും
ചുറ്റും വലം വെയ്ക്കുന്നവർക്കടുത്ത്.
അവരെത്തുന്നു, പ്രതിധ്വനിക്കുന്നു.
യാത്രകൾ വെളിപാടുകളാണ്.
ശൂന്യതയിലേക്കുള്ള പടിക്കെട്ടുകൾ.
ആ പടവുകളിലാണ്, നിധിയിലേക്കുള്ള ചൂണ്ടുപലകകളെ ഒളിപ്പിച്ചിട്ടുള്ളത്.
എത്ര ജന്മങ്ങൾ കാണാതെ പോയത്. പ്രണയത്താൽ മാത്രം വീണ്ടെടുക്കാനാകുന്നത്.
എത്രയിടത്തു ഞാന്‍ വീണുപോയി.
വീണിടത്തു നിന്നെല്ലാം വിപ്രതിപത്തിയുടെ കയറിട്ടു കയറ്റി.
പാശ ബന്ധം.
വീഴ്ത്തിയും കയറ്റിയും അതാര്യമായ പ്രതലത്തെ ഉരച്ചുരച്ച് സുതാര്യമാക്കുന്നു.
സുതാര്യമായതിലേക്കായിരുന്നു  പ്രണയത്തിന്റെ ആഗമനം.
ആകാശമിപ്പോള്‍ എന്നില്‍ ലജ്ജയുടെ കിരണങ്ങളെ പ്രവഹിപ്പിക്കുന്നു.
ഭൂമി കിരണങ്ങളാൽ നൂതന ഛന്ദസ്സെഴുതുമ്പോൾ?
നിന്റെ വിരലുകളുടെ അതിമൃദുത്വം
എങ്ങനെയാണ് മിഴിതാഴ്ത്തുന്നത്?
ഓര്‍ബിറ്റിനുള്ളില്‍ നിന്നും വെളിച്ചം വര്ത്തമാനകാലത്തിലൂടെ സഞ്ചരിക്കുന്നു. വെളിച്ചത്തിന്റെ സഞ്ചാര പഥമാണ് കാലം. വരുന്നതോ കഴിഞ്ഞതോ എന്നൊന്നും വേര്‍തിരിവില്ല, വെളിച്ചത്തിനൊപ്പം സഞ്ചരിക്കുമ്പോള്‍ ആദിയും അന്ത്യവും ഇല്ല.
അതവര്‍ പഠിച്ച കലാലയം. അവനന്നും നേതാവായിരുന്നു. നാടകവും  രാഷ്ട്രീയവും. കോളേജ് കാലം ഇല്ലാത്ത യുവത്വം എത്ര വിരസമായിരിക്കും.! ഇന്നവിടെ പഴേ കാലത്തുള്ളവരെല്ലാം കൂടുന്നുണ്ട്. അവരും വരുമോ ? ഉവ്വ്, അവര്‍ ഇതിനിടയില്‍ സംസാരിച്ചോ? അതൊക്കെ പിന്നീട് കാണാം.
കാപസിനു മുമ്പിലെ മരങ്ങളില്‍ വെയില്‍ തട്ടി ഇലകള്‍ തിളങ്ങുന്നു, ചൂട് ഒട്ടുമില്ല. നല്ല കാറ്റ്. ഇലകള്‍ എല്ലാവരെയും കൈവീശി കാണിക്കുമ്പോലെ ഇളകുന്നു. ഇലകള്‍ അവരെ കണ്ടിട്ടുണ്ടാകില്ല. പക്ഷെ മരം കണ്ടിട്ടുണ്ടല്ലോ, മരത്തിനുണ്ടാകില്ലേ ആ ആവേശം.. അതിന്റെ ചുവട്ടിലൊക്കെ അവര്‍ പലപ്പോഴും ഒത്തുകൂടാറുണ്ട്. .
മരത്തൊലികളില്‍ പണ്ടത്തെ മുദ്രാവാക്യങ്ങള്‍ മുഴങ്ങുന്നു. നെല്‍സന്‍ മണ്ടേലയുടെ ജയില്‍ മോചനത്തിന്റെ സമയത്തെ, വിന്നി മണ്ടേലയുടെ പ്രണയത്തെക്കുറിച്ചുവരെ മുദ്രാവാക്യം വിളിച്ചു. പിന്നീടുണ്ടായതോ! ഈ മരച്ചുവട്ടില്‍ ആണ്‍കുട്ടികള്‍ സ്ത്രീധനവിരുദ്ധ പ്രതിജ്ഞയെടുത്ത് മുദ്രാവാക്യം വിളിച്ചു. അവരാരും സ്ത്രീധനം വാങ്ങിയില്ലേ ? രേണുക്കള്‍ ചിരിച്ചു. ഭൂമി ഒരു ഹാസ്യനാടക രംഗമാണല്ലേ. സഫ്ദര്‍ ഹഷ്മിക്കുവേണ്ടി നടത്തിയ തെരുവുനാടകത്തിന്റെ സംഭാഷണം ഇവിടെയാണ്‌ രൂപപ്പെടുത്തിയത്. ഫൂന്‍ ദേവിയെക്കുറിച്ചവര്‍
ഇവിടെയിരുന്ന് ആരാധനയോടെ സംസാരിച്ചു. കൊള്ളസംഘത്തെ നയിച്ച ധീരനായിക. അവര്‍ കലാലയത്തിലുള്ളപ്പോള്‍ ഫൂലന്‍ ജയിലിലായിരുന്നു. പിന്നെ ലോക്സഭയില്‍ വരെ എത്തി. ഒടുവില്‍ വാളെടുത്തവരുടെയെല്ലാം അന്ത്യ വിധിയും.
രാജീവ്ഗാന്ധിയുടെ മരണത്തില്‍ ശോകമൂകമായ കാമ്പസ്. ബിരിയാണി കഴിച്ചു സുഖമായി മനുഷ്യബോംബാകാന്‍ പോയ തനു. ഇലക്ഷന്‍ ജയം, മുദ്രാവാക്യം. ടിയാനന്‍ മെന്‍ സ്ക്വയറില്‍ ചൊരിഞ്ഞ രക്തം, ചെര്‍ണോബില്ലില്‍ നിന്നും ലീക്കായ ആണവോര്‍ജ്ജം എന്തൊക്കെ കഴിഞ്ഞു. മരത്തൊലി ചുരണ്ടുന്നത് നിര്‍ത്തി വരാന്തയില്‍ അവള്‍ അക്ഷമയായി കാത്തുനില്‍ക്കുന്നു.
അവന്‍ വണ്ടിയിലാണ്‌. അവളില്‍ ഒരു പ്രണയഭാവവും കാണുന്നില്ല. അവനിലോ ? ഒന്നുമില്ല, വണ്ടിയില്‍ നിന്നും ഇറങ്ങുന്നു.സാധാരണപോലെ കൈകൊടുത്ത് അവന്‍ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിലേക്ക് നീങ്ങുന്നു. അവള്‍ വരാന്തയിലും. നിലയ്ക്കാത്ത പ്രസംഗം കേട്ട് ചായ കുടിച്ച് അവന്‍ തിരിച്ചുപോകുന്നു, അവള്‍ നോക്കി നില്‍ക്കുന്നു. അവര്‍ ക്യാമ്പസിന്റെ പച്ചത്തടുക്കുകളിലേക്ക് പോലും കണ്‍ നട്ടില്ലല്ലോ. അവരെ അത്രയേറെ വഹിച്ച തുരുത്ത്.
ഞാനിപ്പോഴും അവനെ കണ്ടില്ല. രേണു പരിഭവം പോലെ പറഞ്ഞു. അവനെപ്പോഴും എനിക്കെതിരെ നില്‍ക്കുന്നു.
സമയമുണ്ട്. അവര്‍ വെറുതെ വന്നതല്ല . നമ്മള്‍ വരുത്തിയതാണ്. ഇവിടെ നിന്നും അവര്‍ നമ്മുടെ വലയത്തിലാണ്. ഇന്ന് രാത്രിയില്‍ നമുക്കവര്‍ സംസാരിക്കുന്നത് കേള്‍ക്കാം. അവളാണ് പറയുന്നത്.
അവന്‍ വെറുതെ കേട്ടിരിക്കുന്നു.
എല്ലാവരും ഓർമ്മക്കളിയിലാണ്.
ഒരു കളി നമുക്കും.
ഓർമ്മപ്പെടുത്തലിൽ ഒരു പച്ചത്തുരുത്തുണ്ട്.
കോളേജിനു പിന്നിൽ കാൻറീനിന്റെ മണമുള്ള, നടുവിൽ ഒറ്റയ്ക്കൊരു മാവുള്ള തുരുത്ത് .
രാഷ്ട്രീയത്തിന്റെ സജീവമായ കാഴ്ചപ്പാടുകൾ.
ലോകമെമ്പാടുമുള്ള സാഹിത്യം, സിനിമ, സംഗീതം എല്ലാം മുഴങ്ങി,
മുഴക്കങ്ങളില്‍ പച്ച പിടിച്ച തുരുത്ത് .
മാർക്വിസായാലും തോമസ്മന്നായാലും ഒ.വി.വിജയനായാലും വാക്കുകളിൽ ജ്വലിച്ചു.
മൂർച്ഛിച്ചു തണുത്തു .
ഷെല്ലിയും കീറ്റ്സും കക്കാടും സച്ചിദാനന്ദനും ചുള്ളിക്കാടും നീണ്ട നിര
കവിതയിൽ കാലം പെയ്ത് നാടകത്തിൽ ധ്രുവപ്രദേശവും മധ്യരേഖയും തിരക്കടലും മഴക്കാടും വരെ നീണ്ടു.
അടി തൊട്ടു മുടി വരെ കത്തിപ്പിടിച്ച കലാലയം.
ഒരു പഴുതു വയ്ക്കാനില്ലാതെ നിറഞ്ഞ് നിന്ന കോളേജ് ഡേ
ഓർമ്മപ്പെടുത്താൻ എന്തൊക്കെ,
വിപ്ലവത്തിന്റെ മുദ്രവാക്യങ്ങളില്‍
കാലത്തില്‍ മറഞ്ഞുപോയ സന്യാൽ, സന്താൾ.
രാജ്മഹൽക്കുന്നിലെ കൊടിയ നിണം.
” സിദോ, നീയെന്താണിങ്ങനെ?
രക്തത്തില്‍ മുങ്ങി
കാന്ഹു, നീയും ഹൂ ഹൂ എന്നലറിയിരിക്കുന്നോ
ഈ കൊള്ളക്കാര്‍ നമ്മുടെ മണ്ണില്ലാതാക്കിയവര്‍
നമ്മള്‍
നമ്മുടെ ജനതയ്ക്കായ് രക്തത്തില്‍ കുളിച്ചു നില്‍ക്കുന്നു.”
സന്താളിന്റെ ഗോത്രവിലാപം.
ബൊളീവിയ വിയറ്റ്നാം. മണ്ഡേല
എത്ര മുദ്രാവാക്യങ്ങള്‍.
എത്ര കലാമേളകള്‍.
അതല്ലാതെയും
വെൺമയാർന്ന നോട്ടം.
നിലാവോ നിറചിരിയോ എന്നു സംശയം.
പാട്ട്.
എക്സിബിഷൻ
പ്രണയം – വിഷാദം.
കാലമിപ്പോൾ യമുനയെ പോലെ പിളർന്നു മാറുന്നു.
നടുവിൽ വഴി തെളിയുന്നു.
മുന്നും പിന്നും കാണാ വഴി.
വിപ്ലവാഭിവാദ്യത്തിൽ ഗുരുസൂക്തം തെളിയുന്നു.
നെരൂദയുടെ കവിതകൾ കിഴക്കും പടിഞ്ഞാറും തായം കളിച്ച് ദിക്കറിയാ വഴിയിൽ റൂമിയിലേക്ക്.
കാഫ്കയുടെ മെറ്റമോർഫോസിസ്.
ചുവന്ന നക്ഷത്രങ്ങളുടെ രൂപാന്തരണം
വെൺശലഭങ്ങളിലേക്ക്.
വിപ്ലവമെന്നത് നെടുങ്കൻ മുദ്രവാക്യങ്ങളിൽ നിന്നും നിശ്ശബദമായ ധ്യാനത്തിലേക്ക്.
മാറ്റം പ്രതല വിസ്തീർണ്ണത്തിലല്ല. ആഴത്തിന്റെ വ്യാപ്തത്തിലും.
രണ്ടിനെയും കടന്നിട്ടെന്നും.
കഥ മാറുന്നു.
വെളിപ്പെടുത്താതെ പോയ പ്രണയത്തിന്റെ മൂകനൊമ്പരം.
വിപ്ലവത്തിന്റെ രക്താഭയിൽ കലങ്ങിപോയ പ്രണയത്തിന്
ധ്യാനത്തിന്റെ തെളിനീരിൽ നക്ഷത്രദീപ്തി.
പളുങ്കു പോലുള്ള ജലാശയം.
മരുഭൂമികൾ ഉണ്ടാകുന്നിടത്തു നിന്നും ദേവദാരുക്കളുടെ
തണൽശിഖരങ്ങൾക്കടിയിലേക്ക്.
ഓർമ്മക്കളിയിലേക്കു
അർദ്ധചന്ദ്രൻ രശ്മികളയയക്കുന്നു.
തെങ്ങോലയെയും വാകയിലളെയും കടന്നെത്തുന്നുണ്ട്.
പകുതിനിലാവിൽ നിഗൂഢമായ സംവാദം നടക്കും.
ആകാശം രഹസ്യങ്ങളുടെ കാവൽക്കാരനല്ലേ.
ചന്ദ്രരശ്മികളോട് പ്രണയവീചികൾ സംവദിക്കാൻ തുടങ്ങുമ്പോൾ
അറിയാത്ത എന്തെങ്കിലും പറഞ്ഞു പോയേക്കും.
ധ്യാനമെന്നോ പ്രണയമെന്നോ,
ധ്യാനത്തില്‍ നിന്നും ഉയിർ കൊണ്ടതെന്നോ.
പ്രണയത്തിന് അനിത്യമായ ലാവണ്യമുണ്ടെന്നെങ്കിലും.
അറിയപ്പെടാത്ത ഒരു ധാരയിലേക്ക് പ്രവേശനം നൽകുകയാണെന്നെങ്കിലും.
എനിക്കൊന്നും അറിയാനില്ല
എനിക്കൊന്നും പറയാനില്ല.
ആരോ പറയുന്നു,ഞാനല്ലാതെയാരോ
എഴുത്തുവിദ്യയുടെ മഹാപത്രത്തില്‍
ഞരമ്പ് പിടയ്ക്കുമ്പോള്‍ ഉതിര്‍ന്നു കൊഴിയുന്നു.
വിരൽതുമ്പു തൊട്ടു മൂർദ്ധാവു വരെയെത്തുന്ന അതിലോലമായ ഒന്ന് ഒഴുകി നിറയുന്നോ
വലയം ചെയ്യുന്നോ
പരന്നു പരന്നങ്ങനെ
പുലർകാഴ്ചയായും നാട്ടുവെളിച്ചം നീണ്ടു നിൽക്കുമ്പോൾ
ചാറ്റൽ മഴയായും,
പുഴയിൽ വള്ളം കളിയുടെ പരിശീലനം നടക്കുമ്പോളും.
ഓർമ്മപ്പെടുത്തുന്നതെന്തൊക്കെയാണ്.
നിശ്ചലമായ പളുങ്കുജലം പോലെ സമാധിസ്ഥമായ ഒന്ന്.
ഓർക്കാൻ പിന്നെയുമെന്തൊക്കെ?
ആരാധ്യമായ ജീവിതം
നിശ്ശബ്ദമായ വഴികൾ
അതിലേക്ക് എന്റെ നിറയുന്ന കണ്ണുകൾ
ഇടറുന്ന വാക്ക്
വിതുമ്പുന്ന ഹൃദയം
ശ്വാസത്തിൽ മിടിക്കുന്ന പ്രണയം
പിന്നെയും.
അമാവാസിയിൽ രാത്രിയിൽ പറക്കുന്ന കിളികളുടെ സല്ലാപങ്ങൾ
പൗർണ്ണമിയിൽ നിലാവ് പെയ്യുന്ന ആൽമരങ്ങൾ
പിന്നെയുമുണ്ട്.
*പ്രണയത്താൽ അത്രയേറെ ആലേഖനം ചെയ്യപ്പെട്ട ചിലർ ചിലപ്പോൾ ഭൂമിയിലുണ്ടാകും.
അദൃശ്യമായ വൻമലകൾ സമുദ്രത്തിൽ മുങ്ങി കിടക്കുന്നിടത്ത് കുറിക്കപ്പെട്ട പേരുകൾ
ജലത്താൽ സ്നാനം ചെയ്യപ്പെട്ട്.
ഭൂമിയിൽ നിന്നൊളിക്കപ്പെട്ട്
സാഗരസംഗീതം കേട്ട്
മറഞ്ഞെപ്പോഴും,
തിരമാലകളാൽ മറയ്ക്കപ്പെട്ട്.
പിന്നൊരിക്കൽ
കടൽ മലകളിലെ പേരുകളെ
തീരത്തെ രൂപങ്ങളിലേക്ക് നയിക്കും.
പ്രണയം നിഷേധിക്കപ്പെട്ട ധ്യാനികളെ തേടി
ആ പേരുകളെത്തും.
പേരുകളെ കരയിൽ നിക്ഷേപിച്ച് തിരകൾ മലയിലേക്കു തന്നെ മടങ്ങും.
കവിത നിറച്ച വിസ്മയകൂടുകളുമായി അരൂപികൾ മല കാക്കുന്നവരെ പിന്തുടരും
അവരറിയാതെ,
കടൽ കൊണ്ടുവന്നവരുടെ വിരൽ തേടും.
അവരറിയാതെ,
മലയും കടലും അവർക്കുള്ളിൽ മയങ്ങിക്കിടക്കും.
പ്രണയമെന്ന് അതിനെ കാലം വിളിക്കും.
ധാന്യത്തിന്റെ മണവും വെള്ളത്തിന്റെ നനവും കാണും വരെ പിറക്കാതിരുന്ന കിളിമുട്ടകൾ പോലെ
വാത്സല്യത്തിന്റെ ചൂട് കിട്ടുവോളം മണ്ണിൽ മറഞ്ഞു കിടന്നൊരു നാൾ ജീവൻ വെച്ച്
നക്ഷത്രങ്ങൾ കണ്ണു ചിമ്മും പോലെ അതൊന്നനങ്ങും
നമ്മെ പോലെ
മലയിലെഴുതിയതു കൊണ്ടാണോ നീയിപ്പോഴും മല പോലെ ശില പോലെ
ഇമ ചിമ്മാതെ എന്നിലേക്ക്
കടൽ കൊണ്ടുവന്നതുകൊണ്ടാണോ ഞാനിപ്പോളും കടൽ പോലെ അലയടിച്ച് നിന്നിലേക്ക്
പ്രണയം കൊണ്ടെഴുതിയതു കൊണ്ടാണോ. നമ്മളിത്രയേറെ തീവ്രമാകുന്നത്
നീ അഗ്നി പോലെ ജ്വലിക്കുന്നത്.
ജലം കൊണ്ട് പാലിക്കപ്പെട്ടതുകൊണ്ടാണോ
നിന്നെയോർത്തെപ്പോഴും ഞാൻ നനയുന്നത്.
നനഞ്ഞൊരരുവിയാകുന്നത്.
നീർ തുളുമ്പുന്ന അഗ്നിയായി
ഞാനും നീയും.
*സക്കീർ ഹുസൈന്റെ തബലയിൽ സർവവും പോയി വിരലുകളിൽ താളം മാത്രമായി നിന്നപ്പോൾ
സംഗീതത്തിൽ എത്ര വിവരം കെട്ടവളാണ് ഞാനെന്നു മറന്നു പോയി.
ഓർമ്മകളിൽ നിന്നെ ചികഞ്ഞപ്പോഴാണ് ഓർമ്മയിൽ ഞാനെത്ര വിവരം കെട്ടവളാണെന്ന് മറന്നു പോയത്.
നടന്നു തീർത്ത വഴികളിൽ,
പാതകൾ വിണ്ടു ഗർത്തങ്ങളായി വഴി തടുത്തിടത്ത്,
മാറി നടന്ന വഴിയിൽ മലയിടിഞ്ഞിടത്ത്,
കടുത്ത ഭാഷയുടെ സ്മൃതികളിൽ,
കറുത്ത കടലിന്റെ ഘോരമായ ഇരമ്പലിൽ, നീണ്ട രാത്രികളിലെ നിഴലുകളിൽ
ഏകാകിയായി പോയിടത്തൊന്നും ഞാൻ തിരഞ്ഞില്ല.
മറവിയെന്നെ അനുഗ്രഹിച്ചിരുന്നു.
വിജനപഥങ്ങളും ജനവീഥികളും ഒരേ പോലെ വേട്ടയാടിയപ്പോൾ ആണ്
ഞാൻ മറവിയുടെ ഇന്ദ്രജാലം പഠിക്കാൻ തുടങ്ങിയത്.
കാലചക്രം തിരിഞ്ഞു വീണ്ടുമൊരു മുനമ്പിൽ കൊണ്ടെത്തിക്കുമ്പോൾ
ധൈഷണികമായതെല്ലാം പിന്നണിയിലേക്കും
അരുമയായതെല്ലാം മുന്നിലേക്കും വരുമ്പോൾ
മറവിയിൽ ഞാനൊന്നു പതറിപ്പോകുന്നു.
ഉപരിതലങ്ങൾ ആഴങ്ങളെ പ്രതിഫലിപ്പിക്കാൻ തുടങ്ങിയപ്പോൾ
 മറവിയും ഓർമ്മയും വഴിയരികിലേക്കൊതുങ്ങുമ്പോൾ
ആഴത്തിലേക്കുറ്റു നോക്കൂ എന്നൊരശരീരി സ്വീകരിക്കുമ്പോൾ
ഏതാഴത്തിലേക്ക് തിരിയുമ്പോൾ ഹൃദയം ദൈവീകമായി തുറക്കുന്നുവെന്ന്,
മറവിയെ വെടിഞ്ഞ് ഒരോർമ്മ വരുന്നു.
അപ്പോൾ
കൂട്ടം ഹരം നിറച്ച കലാലയത്തിന്റെ മരക്കൂട്ടങ്ങളിലും പച്ചത്തകിടിയിലും പരതാൻ തുടങ്ങി
താഴ്വരകൾ മലകളെ ചുംബിക്കുന്നിടത്ത്.
പൂങ്കുലകൾ നിറഞ്ഞ വള്ളികളുടെ ചുവട്ടിൽ പ്രണയം ജലം വീഴ്ത്തുന്നിടത്ത്.
കാട്ടുപക്ഷികൾ ചിറകിൽ നിന്നും നദീജലം തൂകുന്നിടത്ത് എല്ലാം ഞാൻ കണ്ടെത്തി .
എനിക്കു നിന്നെ കാണാമായിരുന്നു.
ജലമില്ലാത്തവരിൽ വളരാത്ത വിത്തുകൾ, വിടരാത്ത പൂങ്കുലകൾ,
പൂക്കളും പഴങ്ങളുമില്ലാത്തിടത്ത് പടിയിറങ്ങി പോകുന്ന ആഹ്ളാദം.
എല്ലാം ഒരു ജലസ്രോതസ്സിൽ നിന്നും തിരികെയെത്തുന്നു.
ജലത്തിൽ മാത്രം പുനർജനി തേടുന്ന പൂങ്കുലകളുടെ അടങ്ങാത്ത ദാഹമായിരിക്കും
ആനന്ദമായി പിറവിയെടുക്കുന്നത്.
” നീയെന്താണ് നോക്കുന്നത് ? ഇന്ദ്രനീലക്കണ്ണ്‍ ചോദിച്ചു ‘ എനിക്കവരെ കാണണം,” “വരൂ , നമുക്കൊന്നിച്ചാകാം.”
അവള്‍ അടുത്ത പത്തു ത്രികോണങ്ങളെ ചേര്‍ത്തു വലയമൊരുക്കുകയാണ്.  ത്രികോണങ്ങളില്‍ അവരെ നിറയ്ക്കുകയാണ്. ഓരോ ത്രികോണവും അവള്‍ അനുഭവിക്കുന്ന പ്രപഞ്ചമാണ്‌. പ്രപഞ്ചത്തിന്റെ പുനര്‍വിന്യാസമാണ്.
“അവനെവിടെ ? ഇത്രനേരമായിട്ടും അവനെ കണ്ടിട്ടില്ല. അവന്‍ യാത്ര ചെയ്യുന്ന സ്ഥലങ്ങള്‍ മാത്രമേ കണ്ടുള്ളൂ .” ” സമയമുണ്ടല്ലോ. അവന്‍ എന്താ ചെയ്യുന്നത് ? അവളെപോലെ കവിത കുറിയ്ക്കുകയാണോ?”
“നന്നായി. അവളെയൊന്ന് ഒളികണ്ണിട്ടു നോക്കുകയല്ലാതെ അവനു നേരമില്ല. അവന്‍ അക്രമികളുടെ പുറംകുപ്പായത്തിന്റെ കുടുക്കുകള്‍ അഴിക്കുകയാണ്. ഒളിഞ്ഞുനില്‍ക്കാന്‍ പറ്റാതെ പിടിക്കപ്പെടുന്ന ഓരോരുത്തരും പുറം കുപ്പായം ഊരാന്‍ നിര്‍ബന്ധിതരാണ്‌. അവന്റെ മുമ്പില്‍ അഴിഞ്ഞു വീണ പുറംകുപ്പായങ്ങളുടെ കൂമ്പാരങ്ങളാണ്. ആ ഓരോ കുപ്പായത്തിനും കറുത്ത കഥ പറയാനുണ്ടാകും കല്ലിച്ചു പോയ കണ്ണീരിന്റെയും.”
അവന്‍ അഴിക്കുക മാത്രമാണോ?
“അല്ല , അവനഴിക്കുന്ന കുപ്പായങ്ങള്‍ ആരുടെയൊക്കെയോ നഗ്നത മറയ്ക്കുന്നുണ്ട്.”
അഴിച്ചു തീരില്ലേ ? ,
“എവിടെ തീരുന്നു. അതൊന്നിനുമേലെ ഒന്നായി തുടരുകയല്ലേ.”
നഗരത്തില്‍ പകല്‍ തിളയ്ക്കുന്നതും ഉച്ചമയങ്ങുന്നതും പക്ഷികള്‍ക്കൊപ്പം സന്ധ്യയിലേക്ക്‌ ചേക്കേറുന്നതും ഒരു സൌമനസ്യം പോലെ നഗരത്തിനുമേലെ നിലാവ് പരക്കുന്നതും അവര്‍ കണ്ടു. അകത്തു വിശ്രമമില്ലാത്ത ഒരുവന്‍ നിരന്തരം  പണിയിലേര്‍പ്പെടുന്നതും. അവനിട്ടിട്ടുള്ള വെള്ളക്കുപ്പായം പോലെ തന്നെ വിശുദ്ധമാണ് അവന്‍റെ മനസ്സ്. ഒന്നും ബാധിക്കാത്ത തെളിഞ്ഞ മുഖവും, തിരക്കോ ചെയ്യുന്ന പണിയുടെ സങ്കീര്‍ണ്ണതയുണ്ടാക്കുന്ന സംഘര്‍ഷമോ അവന്‍റെ മുഖത്തില്ല. .
ഇന്ദ്രനീലക്കണ്ണ്‍ പറഞ്ഞു, “എനിക്കിത് ബഹുനിലക്കെട്ടിടമെന്നോ ആര്‍പ്പുവിളിക്കുന്ന നഗരമധ്യമോ എന്ന് തോന്നുന്നില്ല. ബോധിവൃക്ഷച്ചുവടും വൃക്ഷച്ചുവട്ടിലെ ബുദ്ധനും ആണെന്ന്  മാത്രം തോന്നുന്നു. അവനിരിക്കുന്നതുകൊണ്ട് ആ ചുറ്റുപാടുകള്‍ക്ക് പോലും സ്നേഹനിര്‍ഭരമായ അവസ്ഥയുണ്ട്. ഇവനെപോലെ തീര്‍ത്തും ശാന്തനാകാന്‍ നമുക്കു പോലും കഴിയുന്നില്ലല്ലോ.”” ഹോ , ഇവന്‍ തന്നെ ഞാന്‍ കണ്ടവന്‍. സ്വപ്നത്തിലും നേരിലും അതേ ചൈതന്യം.”
“അവള്‍ക്കു ബോധിവൃക്ഷവും ചുവടുമൊന്നുമില്ലേ? ഒരു പുഴയോരവും മരച്ചുവടും കാണുന്നുണ്ടല്ലോ.”
“ഏയ്‌ അവളൊരു ബുദ്ധന്റെ തണല്‍ തേടുന്നു. തണലില്‍ പ്രണയം വിരിച്ചും പ്രണയം പുതച്ചും ധ്യാനിക്കുന്നു. പുഴയുടെ ഉത്ഭവവും മലകള്‍ക്കുള്ളില്‍ നദി പെരുകുന്നതും കണ്ടിരിക്കുന്നു. അവള്‍ക്കു പിന്നില്‍ നൂറ്റാണ്ടുകളുടെ മുന്തിരിച്ചാറുണ്ട്. പുഴയെന്നോ വീഞ്ഞെന്നോ അറിയാത്തൊരൊഴുക്കിലും  ലഹരിയിലും  ആണവള്‍.”
6
ഹൂഗ്ലി
—–
രേണുക്കളുടെ ചലനം മനോഹരമാണ്. ഇടയ്ക്കിടെ ആ രേണുക്കളെല്ലാം ഒന്നിച്ചു ചേര്‍ന്നു ചലിക്കും ഇടയ്ക്കവ വെറും ധൂളികളായി ഒഴുകും. സുവര്‍ണ്ണധൂളികള്‍. അങ്ങനെ  ഒഴുകി അവര്‍ നേരത്തെ കണ്ട തോട്ടത്തിനടുത്തെത്തി. അപ്പോഴാണ്‌ പുതുരേണുവിനു മനസ്സിലായത്‌ തോട്ടം അവരുടെ ഓര്‍ബിറ്റില്‍ നിന്നും ഒരു പാട് ദൂരെയാണെന്ന്. മനോഹരമായ ആ തോട്ടത്തില്‍ ഒറ്റ മൊട്ടുപോലും വിടര്ന്നിട്ടുണ്ടായിരുന്നില്ല.
തിളങ്ങുന്ന നീലനിറത്തിന് ആഴിയുടെ അഗാധ നീലിമയോ ആകാശത്തിന്റെ നീലനിറമോ എന്ന് വേര്‍തിരിച്ചറിയാന്‍ പ്രയാസം . യുഗങ്ങളായി മൊട്ടിട്ടു നില്‍ക്കുന്ന ഉദ്യാനമാണ്. അതു പൂത്താല്‍ ആകാശത്തിന്‍റെ കോണൊരു സ്വര്‍ണ്ണപ്പാടമാകും. ഭൂമിയില്‍ നിന്നുപോലും ആ കാഴ്ച കാണാനാകും.
അതിനപ്പുറവും പല തോട്ടങ്ങളുണ്ട് അവയില്‍  പൂക്കള്‍ വിടര്‍ന്നു നില്‍പ്പുണ്ട്. എന്നാലും ഇത്രയും ഭംഗി പോര,
ഇതെന്താണ് ഈ പൂക്കളൊന്നും വിരിയാത്തത്? ഭൂമിയില്‍ ഒരു കവിത പിറക്കുമ്പോഴേ ഇവിടെ ഒരു പൂ വിരിയുകയുള്ളൂ.
ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ കാക്കതൊള്ളായിരം കവികളുള്ള നാട്ടില്‍ ഇതുവരെയും കവിതയൊന്നും പിറന്നില്ലേ? അങ്ങനെയല്ല, പ്രണയമെന്ന
പഥവും പ്രണയമെന്ന പാഥേയവും പ്രണയമെന്നത് പഥികനും ആകുന്നിടത്ത് അവര്‍ക്കിടയില്‍ പിറക്കുന്ന വരികള്‍ കൊണ്ടേ ആ പൂക്കള്‍
വിടരുകയുള്ളൂ.  അവര്‍ കവിതയിലൂടെ സംസാരിക്കുന്നവരാകും. അവര്‍ പ്രണയത്തിലൂടെ  ജ്ഞാനം നേടുന്നവരാകും.
ഓ ഇപ്പോള്‍ പിടി കിട്ടി. ഓ  അവര്‍ തന്നെ, നോക്കൂ, ദേ രണ്ടു മൂന്നെണ്ണം വിരിഞ്ഞു കഴിഞ്ഞു. അവര്‍ സംസാരിക്കാന്‍ തുടങ്ങിയതുകൊണ്ടാകും.
ഇനിയവര്‍ സംസാരിക്കട്ടെ, തോട്ടത്തിലെ പൂക്കള്‍ വിരിഞ്ഞു തുടങ്ങട്ടെ. ഇന്നാണെങ്കില്‍ ദേവദിനം തുടങ്ങുകയാണ്. സൂര്യന്‍ ഗതി മാറ്റി.
ഉത്തരായനം തുടങ്ങി.
സമയം സന്ധ്യ. കാറ്റ് വീശുമ്പോള്‍, പൂക്കള്‍ വിടരുമ്പോള്‍, കിളികള്‍ പറക്കുമ്പോള്‍ അവള്‍ക്കസാധാരണമായതെന്തോ തോന്നും.  വിദിശയുടെ
വിരല്‍ വിറകൊണ്ടു തുടങ്ങി. അവള്‍ വീണ്ടും വീണ്ടും തിരുമ്മി, എന്നിട്ടും തരിപ്പൊതുങ്ങുന്നില്ല. “നിന്നോട് സംസാരിക്കാന്‍ തുടങ്ങുമ്പോഴെല്ലാം
ഭാഷ എന്നെയും കൊണ്ട് ആകാശയാത്ര നടത്തുകയാണ്. എനിക്കു കവിത മാത്രമേ വരുന്നുള്ളൂ. “
” കാവ്യമോ, ഗദ്യമോ വരുന്നതെഴുതൂ. ഇനി മൌനമാണെങ്കിലും. എന്തിനാണ് സന്ദേഹം?” അശോകന്‍റെ പച്ച കെട്ടു.
 അവനെ കണ്ടല്ലോ, മഹാനഗരത്തിലെ കെട്ടിടത്തിലും ബോധിവൃക്ഷമൊരുക്കുന്നവനെ. അവള്‍ക്കവനോടുള്ള വരികളാണ് ഇതെല്ലാം.
ഇന്ദ്രനീലക്കണ്ണ്‍ പുതുരേണുവിനെ ഓര്‍മ്മിപ്പിച്ചു.
ഞാനറിയുകയാണ് തീവ്രമായൊരു ഭാഷ.
അകലങ്ങളിലും അരികിലുമായി.
കേൾക്കുമ്പോൾ അതിലോലം ശീതളം.
നേർമ്മയായ ചിറകുകൾ വെച്ചു പറക്കുന്നു.
നേർമ്മയായ ചിറകടി അന്തരാളത്തിൽ ഗഹനമായൊരു ഇടി മുഴക്കമാകുന്നു.
നിന്റെ ഭാഷ
അതെന്റെ ഉറക്കത്തെ ഞെട്ടിയുണർത്തുന്നു.
നിന്നോടു മൊഴിയുമ്പോൾ ഭാഷ വാമൊഴിയെന്നും വരമൊഴിയെന്നും
തിരിച്ചും മറിച്ചും നോക്കിയിട്ടും തിരിയാതെ
ഞാൻ പുതിയൊരു മൊഴി പണിയുകയാണ്.
ഒപ്പം തിരയുകയുമാണ് ആ ഭാഷയെ.
കാളിന്ദിയുടെ പഴയ ഓളങ്ങൾ കണ്ട കാലത്തിലേക്ക് പറന്നും ,
ഓളങ്ങളിൽ കാലിട്ടിളക്കിയും
അവിടെയും നിലയ്ക്കാനാകുന്നില്ല.
പിന്നെയും അന്വേഷണം തുടരുന്നു.
പൊന്നുരുകും പോലെ നിലാവുരുകുന്ന രാത്രികളിൽ കേട്ട ശബ്ദങ്ങളിലെ അക്ഷരങ്ങളിൽ ചിലതിൽ
അതു കണ്ടെത്തും മുമ്പേ ഒറ്റ നോട്ടത്തിൽ കൊതിപ്പിച്ചു മിന്നി.
കണ്ടു പിടിച്ചോ എന്ന്..
കായൽ പരപ്പിൽ വെള്ളാമ്പൽ വിടരുമ്പോൾ ചിലത് അറിഞ്ഞു.
ദൃശ്യത്തിലും ഗന്ധത്തിലും,
ശബ്ദത്തിൽ മാത്രമല്ല
ഭാഷയെന്നത് രൂപങ്ങളും സ്വപ്നങ്ങളും ചേർന്നു നിർമ്മിക്കുന്ന ഗുഹാ ചിത്രങ്ങളാണെന്നും ,
പിന്നെയും
ഗതകാലങ്ങളിൽ നിന്നും ചിത്രനിർമ്മിതി തുടങ്ങുന്നു.
നിന്റെ ഭാഷയെന്നിൽ അനിർവചനീയമായ ആനന്ദം വിതയ്ക്കുമ്പോൾ
ആത്മമൊഴിയെന്നു ഞാനതിനു പേരിടുന്നു.
ഇതുവരെയും കേൾക്കാത്ത ഭാഷയിൽ ഞാനൊന്നു പരുങ്ങി പോകുന്നു.
എന്നാലും അന്വേഷണം നിർത്തുന്നില്ല.
കൊടും ശൈത്യമുറയുന്ന ഗുഹയ്ക്കുള്ളിൽ കാലഭേദമില്ലാതെ മുഴങ്ങിയ
ഹോമധൂമം പുരണ്ട ജ്ഞാനവാണികളിലോയെന്ന്
വീഥിയിലൊരു സാരഥി പാഞ്ചജന്യം മുഴക്കി പറഞ്ഞിടത്ത്.
എല്ലാം എന്റെ ശങ്കയാണ്.
എന്റെ ആകാംക്ഷയാണ് അതോയിതോ എന്ന്.
മണൽച്ചൂടിൽ ജ്ഞാനത്തിന്റെ ജലം തേടിയലഞ്ഞ മുസാഫിറുകൾക്കു ലഭിച്ച പ്രണയത്തിന്റെ മഹരിഫത്ത്
പ്രളയവഴിയിൽ ഭഗീരഥനോടുള്ള ഗംഗയുടെ കലമ്പലുകൾ
അറിവുകളെ നിരത്തിവെച്ചു ഞാനാ ഭാഷ തേടുകയാണ്.
മണ്ണു തുളഞ്ഞു പുറത്തു വരുന്ന ശരജലത്തിൽ പ്രാണദാഹമടങ്ങിയവൻ ആ ജലധാരയിൽ കേട്ടത്
കാനനത്തിനൊടുവിൽ അലച്ചിലുകൾക്കും പിരിയലുകൾക്കും
യുദ്ധത്തിനും രാജ്യത്തിനുമൊടുവിൽ സരയുവിന്റെ ഓളങ്ങൾ തൊടുംമുമ്പ്
സൂര്യവംശജൻ തീരത്തു കേട്ട അമൃതവൈഖരിയോ
കേൾവികളിൽ ഞാൻ കാതു കൂർപ്പിക്കുന്നു.
നർമ്മദാ നദിക്കരയിൽ ശിവപൂജയ്ക്കൊരുങ്ങും മുമ്പ് ദശതനയൻ അറിഞ്ഞ അഭേദവചനങ്ങളോ
അവിടെ ആ ഭാഷയായിരുന്നോ എന്ന്
ഓർമ്മകളിൽ വഴികളിൽ ഞാൻ ചികയുകയാണ്.
നീ മൊഴിയുമ്പോൾ ഞാൻ കേൾക്കുന്ന ഭാഷ , അതേതെന്ന്.
നമുക്കവളുടെ പേനയെടുത്തു രണ്ടു വരി കുറിച്ചാലോ, എന്തിനു പേന? അവളുടെ ലാപ്പില്‍ നമുക്കും അക്ഷരങ്ങള്‍ ടൈപ്പ് ചെയ്യാം.
രേണുക്കള്‍ക്കും  കുസൃതി തോന്നി. അവര്‍ അക്ഷരങ്ങളിലൂടെ നടന്നു. അവള്‍ കണ്ട ബുദ്ധനെ അവരെഴുതി.
വിശ്രമം എന്നത് അവന് ഏതോ ലോകത്തു പിറക്കുന്ന ശൂന്യാകാശ സന്തതിയാണ്.
അവൂർവമായിയെത്തുന്ന സന്ദർശകൻ
എന്നിട്ടും ,
അവനൊപ്പം ഉള്ളിൽ വെൺനുര ചിതറി.
ധ്യാനം
കടൽ പോലെ കവിത പോലെ.
കടൽ തേടി ഒരു പുഴ വഴിയറിയാതെ
പലയിടത്തും തടഞ്ഞു.
ദിശ തെറ്റി വലഞ്ഞൊഴുകി.
ഒടുവിലൊടുവിൽ വശംകെട്ടു .
പിന്നെന്താ ണ്ടായേ?
പിന്നെയാണുണ്ടായതെല്ലാം.
പുഴയൊരു കവിതയായി –
അപ്പോളും മഴ പെയ്തു
കവിതയിൽ കടലിൽ മാത്രം കാണുന്ന മത്സ്യങ്ങൾ ഊളിയിട്ടു പൊന്തി തുടങ്ങി.
ധ്യാനമറിയുന്ന മത്സ്യങ്ങൾ പുഴയ്ക്കു വഴി കാട്ടിയായി.
പിന്നെയോ പുഴയെക്കാപ്പം വേറെയും ചിലർ വന്നു.
അവർ പുഴയെ വിട്ടില്ല.
അവർ അദൃശ്യമായി പുഴയെ പിന്തുടർന്നു
മത്സ്യങ്ങളെ പോലെ ജലത്തിൽ നീന്തി.
പുഴ വികസിക്കുകയായിരുന്നു.
മുന്നിലേക്ക് –
കടൽ ധ്യാനത്തിന്റെ അഗാധതയിൽ പ്രണയത്തിന്റെ സ്വർണ്ണമീനുകൾ ശ്വാസമടക്കി സഞ്ചരിച്ചിരുന്നു.
ഇടയ്ക്കിടെ ഒരു നദി ഒഴുകി വരുന്നുണ്ടോ എന്നു നോക്കി നോക്കി.
മീനുകൾ ശാന്തമായ കടലിൽ സമുദ്രോപരി വരാതെ അഗാധതയിൽ നിശ്ശബ്ദം നീന്തി.
ശൂന്യാകാശ സന്തതി സന്ദർശനത്തിനെത്തുമ്പോൾ പോലും പൊന്തിവരാതെ
ഇതിനിടയിൽ മഴ വീണ്ടും പെയ്തു.
പിന്നെ മാറി മേഘാലയത്തിലേക്ക് തിരിഞ്ഞു.
ദിനങ്ങൾ പല തവണ സമയം മാറ്റി.
വെയിൽ ചൂടില്ലാതെ ദിനം നിന്നുപോയപ്പോൾ സന്ധ്യ ചൂടിലോ തണുപ്പിലോ നീങ്ങേണ്ടത് എന്ന സംശയത്തിൽ നിന്നു:
പിന്നെയും കടന്നു പോയി
പുഴ മാത്രം പകലിലും സന്ധ്യയിലും ഒരു ജപം തുടരുന്നു –
സമയമാറ്റമറിയാതെ,
അകലെയാണു കടലെന്നിടയ്ക്കു ഹൃദയം പൊള്ളുമ്പോൾ
ഉഷ്ണജലപ്രവാഹത്തിൽ കണ്ണിൽ ശോണരേഖകൾ തെളിയുന്നു.
നീർത്തുള്ളികൾ ജലശയ്യയൊരുക്കുന്നു.
അതിലൊന്നു തല ചായ്ക്കുമ്പോൾ അകലെയെന്നതു വെറുതെ അരികിലല്ലേ അകത്തല്ലേ എന്നൊരു….
നിലാവുള്ള രാത്രിയിലാണ് ബുദ്ധൻ പ്രയാണം തുടങ്ങിയത്.
ആറു വർഷത്തെ കഠിനമായ ഏകാന്തതയ്ക്കൊടുവിൽ പ്രകാശപ്രളയത്തിൽ സ്വയം വീണ്ടെടുത്ത് ബുദ്ധൻ തിരിച്ചറിഞ്ഞ ഒന്നുണ്ട്.
ഏകാന്തതയ്ക്ക് പകരം കൂടെ അവളുണ്ടായിരുന്നാലും നേടിയേനെ എന്ന് .
അവളുണ്ടായിരുന്നില്ല .
അതിനെ മനസ്സുകൊണ്ട് സ്വീകരിക്കാനായിരിക്കും സമയത്തിലേറെയും ചെലവഴിച്ചത്.
ബലം പിടിച്ച് ഒഴിവാക്കിയതിനാൽ മാത്രം നേടാതെ പോയവരുടെ എണ്ണവും കുറവായിരിക്കില്ല.
ഒടുവിൽ മനസ്സിലാക്കുന്നത് അതിൽ തന്നെ ആയിരുന്നുവെന്നും .
ഒന്നും കൊണ്ടുവരാനുണ്ടായിരുന്നില്ല.
കാട്ടിൽ നിന്നും ഗുഹകളിൽ നിന്നും.
ആ അറിവിൽ പോലും .അവൾ …..
അതായിരിക്കും ആനന്ദഭൈരവി എന്ന്. പകരം പദം വന്നത്.
കേനോപനിഷത്തിൽ ബ്രഹ്മം യക്ഷന്റെ രൂപത്തിൽ ആകാശത്തു പ്രത്യക്ഷപ്പെടുന്നു.
അഗ്നിയും വായുവും അടുക്കാനാകാതെ നിന്നപ്പോൾ,
അടുത്തുചെന്ന ഇന്ദ്രൻ കണ്ടത് ഉമയെയാണ്. സൗന്ദര്യത്തെയാണ്.
സത്തിന്റെ സാരവും സൗന്ദര്യത്തിന്റെ സാരവും ഒന്നു തന്നെ എന്ന് ആചാര്യനും.
സൗന്ദര്യലഹരി
ആചാര്യപദം വരെയും പ്രണയത്തെ മാറ്റി നിർത്തി അവിടെയെത്തിയപ്പോൾ ഭൂമി വിട്ടവരുടെ മാറ്റിനിർത്തലുകൾ
അനുയോജ്യമായവരെ തേടി വായുവിൽ തങ്ങി നിന്നിരിക്കും.
അവർ ഇടംവലം നോക്കാതെ ഈശ്വരനെ തേടിയപ്പോൾ
അവരെ തേടിയത് ബാക്കി നിന്നു.
ഞാൻ ഈശ്വരന് നിർവചനം കൊടുക്കാണ്.
ദൈവത്തിൽ അർപ്പിതമാകുമ്പോൾ അങ്ങനെയാണ് –
എപ്പോഴും ഉത്തരവാദിത്തം. എപ്പോഴും സാന്നിധ്യം. അതിശുദ്ധ സ്നേഹം.
അദ്യശ്യനും.
പ്രണയിയെന്നതിൽ ആ ഒരു മാറ്റല്ലേ ഉള്ളൂ, ദൃശ്യനാണെന്ന്. ബാക്കിയൊക്കെ ഒന്നല്ലേ.
പ്രണയമെന്നത് കാത്തിരിപ്പാണ്.
എത്ര ദഹനത്തിന്റെ മല കടന്ന്,
എത്ര സഹനത്തിന്റെ തീരം താണ്ടി.
എല്ലാ മലകളെയും തീരങ്ങളെയും കടലെടുക്കും വരെയും
ക്ഷമയുടെ ശൈത്യം പുതച്ച്, കാത്തുനിന്നു നേടിയെടുക്കുന്നത്.
മനസും ശരീരവും നട തള്ളിയ പലതും
വഴിയിൽ നീലാമ്പൽപൊയ്കയിൽ ഊളിയിടുന്നു.
മരത്തിൽ പടർന്ന ഇലകളണിഞ്ഞ മുത്തുകളിൽ സൂര്യന്റെ മഴവിൽ നൃത്തം;
വെൺമുകിലുകൾ ആകാശത്ത് പൊയ്കയിൽ ഊളിയിട്ടതിനെ പ്രതിഫലിപ്പിക്കുന്നു.
കാലം അരുളുകയാണ്.
മഴക്കാടുകൾ മരുഭൂമികളാകുന്നിടത്ത്
രണ്ടു മരങ്ങൾ നിത്യഹരിതവനമായി മാറുന്നെങ്കിൽ അത് പ്രകൃതിയുടെ ആവശ്യമാണ്.
കോടിക്കണക്കിനു ജീവബിന്ദുക്കൾ അതിനായി സ്പന്ദിക്കുന്നു.
ഇത്രയൊക്കെ മതി. ഇനി നമുക്കു നീങ്ങാം. ഇന്ദ്രനീലക്കണ്ണ്‍ പുതുരേണുവിനോട് മന്ത്രിച്ചു. പക്ഷെ പുതു രേണു വേറൊരവസ്ഥയില്‍ ആയിരുന്നു.’ആചാര്യപദം വരെയും പ്രണയത്തെ മാറ്റി നിർത്തി അവിടെയെത്തിയപ്പോൾ ഭൂമി വിട്ടവരുടെ മാറ്റിനിർത്തലുകൾ’ എന്ന വരി വന്നപ്പോള്‍ അതു തന്നെ പറ്റിയും കൂടിയാണല്ലോ എന്ന ബോധം ഉണര്‍ന്നതോടെ ഒരു നിമിഷത്തേക്ക് പുതുരേണു പരവശനായി. പുതുരേണു ആചാര്യ പദമൊന്നും കണ്ടവനായിരുന്നില്ല. എങ്കിലും അതിനടുത്തുവരെയൊക്കെ എത്താന്‍ സാധിച്ചവന്‍ ആയിരുന്നു. എല്ലാ സന്തോഷത്തേയും നീക്കിക്കളഞ്ഞു ധ്യാനത്തില്‍ മാത്രം മുഴുകി ജീവിച്ചു. ആചാര്യലോകം വേറെയാണ്.

ഞാന്‍  ഇവിടെത്തന്നെ കുറച്ചുനേരം കൂടി ഇവിടെ നില്‍ക്കട്ടെ. അവരെ കാണുമ്പോള്‍ അളവില്ലാത്ത ആനന്ദമാണ് എന്‍റെ ഉള്ളില്‍ നിറയുന്നത്.

You can share this post!