സ്നേഹത്തിൻ്റെ മുറിവുകൾ/സണ്ണി കുലത്താക്കൽ

സണ്ണി കുലത്താക്കൽ

വളരെ അടുത്തും സ്നേഹിച്ചും കഴിഞ്ഞ മൂന്നു സുഹൃത്തുക്കളുടെ മരണവിവരം യാദൃച്ഛികമായി  പത്രത്തിൽ കാണാനിടയായതിൻ്റെ ഞെട്ടലിൽ നിന്നും വിവശതയിൽ നിന്നും അലട്ടലിൽ നിന്നും ഞാനിനിയും മുക്തനായിട്ടില്ല. 

2022 സെപ്റ്റംബർ 14 നാണ് എന്നെ നടുക്കിയ ആ വാർത്ത പത്രങ്ങളിൽ കണ്ടത്. കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറും കോട്ടയം ബസേലിയസ് കോളജ് മുൻ പ്രിൻസിപ്പലും മലങ്കര അസോസിയേഷ ൻ മുൻ സെക്രട്ടറിയുമായ ഡോ. അലക്സാണ്ടർ കാരയ്ക്കൽ , മുൻമന്ത്രിയും ജനതാപാർട്ടിയുടെ മുൻസംസ്ഥാന പ്രസിഡന്റുമായ എൻ. എം .ജോസഫ് ,ഓർത്തഡോക്സ് സഭ മുൻ വൈദിക ട്രസ്റ്റിയും വൈദിക സെമിനാരി മുൻ പ്രിൻസിപ്പലുമായ ഫാ. ഡോ.ഒ. തോമസ് എന്നിവരാണ് ആ സുഹൃത്തുക്കൾ. നിത്യവുമെന്ന പോലെ സമ്പർക്കമുണ്ടായിരുന്നവർ ഒരു ദിവസം വിട്ടുപിരിയുമ്പോൾ ജീവിതം പെട്ടെന്നു ഒരു വിങ്ങലായി മാറുന്നതറിയുന്നു.

വർഷങ്ങൾക്കു മുൻപ് ഡൽഹി സന്ദർശന വേളയിൽ അന്നു ഡൽഹി ഹൈക്കോടതി ജഡ്ജിയും ,എൻ്റെ ഒരു വർഷം ജൂനിയറായി ചങ്ങനാശ്ശേരി എസ്. ബി കോളജിൽ പഠിച്ചിരുന്ന സുഹൃത്തുമായിരുന്ന ജസ്റ്റിസ് സിറിയക് ജോസഫിൻ്റെ ഭവനത്തിൽ അദ്ദേഹവുമായി വർഷക്കൾക്കു ശേഷം കണ്ടപ്പോൾ പറഞ്ഞു: “വളരെ വർഷങ്ങളായെങ്കിലും വീട്ടുപേരും  നാട്ടുപേരും വച്ചു വിളിക്കപ്പെടുന്ന ഡോ.സാമുവൽ ചന്ദനപ്പള്ളി, ഡോ.അലക്സാണ്ടർ കാരയ്ക്കൽ , സണ്ണി കുലത്താക്കൽ, വർഗീസ് പടിയറ ,കോന്നിയൂർ രാധാകൃഷ്ണൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവരെ ഒരിക്കലും മറക്കില്ല”.

ഡോ. അലക്സാണ്ടർ കാരയ്ക്കൽ

ഇതിൽ ചന്ദനപ്പള്ളിയും പടിയറയും  വർഷങ്ങൾക്ക് മുന്നേ മരിച്ചു. ഡോ. അലക്സാണ്ടർ കാരയ്ക്കൽ എൺപത്തിയൊന്നാം വയസിലാണ് വിട പറഞ്ഞിരിക്കുന്നത്. രണ്ടാഴ്ച മുൻപ് ഞാൻ തിരുവല്ലയിൽ നിന്നു ആലപ്പുഴയിലേക്ക് കാറിൽ പോകുന്ന വഴി കാരയ്ക്കലിനെ ഒന്നു കാണണമെന്നു തോന്നിയിരുന്നു. പെട്ടെന്നു അദ്ദേഹത്തിൻ്റെ വീട്ടിലേക്കു വിളിച്ചു. ഭാര്യ വത്സയാണ് ഫോണെടുത്തത്. അദ്ദേഹം കുളിക്കുകയായിരുന്നു. എന്നാൽ ഉടനെ അവിടേക്ക് തിരിക്കാൻ എനിക്ക് കഴിഞ്ഞില്ല .ഞാൻ നേതൃത്വം കൊടുക്കുന്ന ഗോപിയോ (Gopio) എന്ന അന്താരാഷ്ട്ര സംഘടനയുടെ ഒരു മീറ്റിംഗ് ആലപ്പുഴയിൽ വിളിച്ചിട്ടുണ്ടായിരുന്നു. എന്നെ കാത്ത് പല വിശിഷ്ടാതിഥികളും അവിടെ കാത്തിരിക്കുകയായിരുന്നു. അതുകൊണ്ട് തിരിച്ചുവരുന്ന വഴി കരയ്ക്കലിനെ കാണാമെന്നു വിചാരിച്ചു ധൃതിയിൽ പോകുകയായിരുന്നു.

പിറ്റേ ദിവസം രാവിലെ തിരുവനന്തപുരത്ത് എത്തിയ എന്നെ കാരയ്ക്കൽ വിളിച്ചു.

‘സണ്ണി, വത്സ പറഞ്ഞു ഇത് വഴി വരുമെന്ന്. ഞാൻ കാത്തിരിക്കുകയായിരുന്നു’.

അടുത്ത തിരുവല്ല സന്ദർശന സമയത്ത് തീർച്ചയായും വന്നു കാണാമെന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിൻ്റെ വാക്കുകളിൽ നിരാശ കലർന്നതായി അനുഭവപ്പെട്ടു. ഒന്നും നാളത്തേക്ക് മാറ്റി വയ്ക്കരുതെന്നു മനസ്സിലായി. 

1961-62 ൽ അഖിലകേരള ബാലജനസഖ്യം പ്രസിഡണ്ടായിരുന്ന കാലം മുതൽ കാരയ്ക്കലും ഞാനും സുഹൃത്തുക്കളായിരുന്നു. എന്നെ വളരെയേറെ പ്രോത്സാഹിപ്പിക്കുമായിരുന്നു. ഞാൻ എഴുതിയിരുന്ന ലേഖനങ്ങൾ വായിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്യുമായിരുന്നു.

തിരുവല്ല കുലത്താക്കൽ തോട്ടത്തിൽ ജോർജ് അച്ചായന്റെ മകൾ വത്സയെ വിവാഹം കഴിച്ചതിനുശേഷം അദ്ദേഹത്തിൻ്റെ ഭാര്യാസഹോദരൻ എന്ന പദവി ലഭിച്ചു. എൻ്റെ  രണ്ടാമത്തെ മകൻ്റെ വിവാഹ കാര്യങ്ങൾക്ക് പരുമല പള്ളിയിൽ അലക്സും വത്സയുമായിരുന്നു നേതൃത്വം നല്കിയത്. ഞാൻ തിരുവല്ല വൈ.എം.സി.എ യിൽ സെക്രട്ടറിയായി ജോലി ചെയ്തിരുന്ന സമയത്ത് പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലേക്കുള്ള യാത്രാവേളയിൽ ഞങ്ങൾ തിരുവല്ലയിൽ ആഴ്ചയിലൊരിക്കലെങ്കിലും സന്ധിക്കുമായിരുന്നു.എളിമയുടെ പ്രതീകമായ അദ്ദേഹം ബസിൽ യാത്ര ചെയ്താണ് വരാറുണ്ടായിരുന്നത്. തികഞ്ഞ വിശ്വാസിയായിരുന്നു. അദ്ദേഹം പ്രധാനപ്പെട്ട ഓരോ യാത്രയ്ക്കു മുമ്പും പള്ളിയിൽ പോയി പ്രാർത്ഥിക്കുമായിരുന്നു. 

എസ്.ബി. കോളജിൽ എൻ്റെ ജൂനിയറായി പഠിച്ചിരുന്ന പ്രൊഫ. എൻ.എം. ജോസഫ് ബാംഗ്ളൂരിൽ വന്നു എന്നെ സന്ദർശിക്കുമായിരുന്നു. ഞാൻ അദ്ദേഹത്തിൻ്റെ വീട്ടിലും പോകുമായിരുന്നു. ഊഷ്മളമായ സ്നേഹ ബന്ധമാണ് ഞങ്ങൾക്കിടയിലുണ്ടായിരുന്നത്. 

എൻ. എം .ജോസഫ്

ഗൾഫ് യുദ്ധകാലത്ത് കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ കേന്ദ്രമന്ത്രി കെ. പി ഉണ്ണികൃഷ്ണൻ്റെ നേതൃത്വത്തിൽ ജോർദാനിലേക്ക് പോയ ഔദ്യോഗിക സംഘത്തിൽ കേരളത്തിൻ്റെ പ്രതിനിധിയായിരുന്നു ജോസഫ് .വനം വകുപ്പ് മന്ത്രിയായിരുന്ന കാലത്ത് അഴിമതിക്കെതിരെ നിലപാടെടുത്ത  രാഷ്ട്രീയക്കാരനായിരുന്നു അദ്ദേഹം. 

വനംമന്ത്രിയായിരിക്കെ ചീഫ് കൺസർവേറ്റീവ് ഓഫീസർ ഉൾപ്പെടെ ആയിരത്തിലേറെ ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയും അഞ്ചു പേരെ പിരിച്ചുവിടുകയും ചെയ്ത ചരിത്രമാണ് ജോസഫിനുള്ളത്. അദ്ദേഹം ഒരു പെർഫെക്ഷ്നിസ്റ്റായിരുന്നു.

ഞങ്ങൾ തമ്മിലുള്ള സൗഹൃദം എന്നും മധുരിക്കുന്ന ഓർമ്മകളോടെ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു. എങ്കിലും അവസാനകാലം ജോസഫിനു പ്രയാസം നിറഞ്ഞതായിരുന്നു. കഴിഞ്ഞ രണ്ടു വർഷമായി ശാരീരിക അവശതകളിലായിരുന്നു.

ബാംഗ്ലൂരിൽ യുണൈറ്റഡ് തിയോളജിക്കൽ കോളേജിൽ എട്ടുവർഷം ഡവലപ്മെൻ്റ് ഡയറക്ടറായി സേവനമനുഷ്ഠിച്ച എന്റെ പിൻഗാമിയായി വന്ന ഫാ. ഡോ.ഒ .തോമസ് അച്ചനും ഞാനും  താമസിച്ചിരുന്നത് അടുത്തടുത്ത ക്വാർട്ടേഴ്സുകളിലായിരുന്നു. ഞങ്ങൾ ആശയപരമായ ചർച്ചകൾ നടത്തുന്നത് പതിവാണ്.ഞങ്ങൾ ഒറ്റ സുഹൃത്തുക്കളായിരുന്നു.

ഫാ. ഡോ.ഒ. തോമസ്

കൗൺസിലിംഗ് വിദഗ്ദ്ധനായ അദ്ദേഹം ഈ രംഗത്ത് നൂതനമായ പാതകൾ തുറന്നു. മനസ്സിൻ്റെ അലട്ടലുകൾ അകറ്റാൻ ശാസ്ത്രീയമായ കൗൺസിലിംഗ് വളരെ പ്രധാനമാണെന്നു തിരിച്ചറിഞ്ഞ്  കേരളത്തിൽ അതിനു നേതൃത്വം  നല്കിയ ഒരു വൈദികനാണ് ഡോ.ഒ.തോമസ് അച്ചൻ. ഓർത്തഡോക്സ് വൈദിക സെമിനാരിയിൽ പ്രത്യാശാ കൗൺസിലിംഗ് സെൻറർ ,പരുമല കൗൺസിലിംഗ് സെൻറർ എന്നിവയുടെ നേതൃത്വം വഹിച്ചിരുന്നു. 

പതിനെട്ടാം വയസ്സിൽ വൈദിക പഠനം തുടങ്ങിയ ഫാ. തോമസ് 1995 ൽ പരുമല സെമിനാരിയിലെ കൗൺസിലിംഗ് സെൻ്ററിൻ്റെ ചുമതല ഏറ്റെടുത്തു.എന്നെക്കാൾ പത്തു വയസ്സ് പ്രായക്കുറവായിരുന്നു അച്ചന്.

ഈ സ്നേഹിതരുടെ നിര്യാണത്തിൽ ഞാൻ അതിയായി അനുശോചിക്കുന്നു. അവർ ഈ ലോകത്തില്ലല്ലോ എന്ന ചിന്തയുമായി പൊരുത്തപ്പെടാൻ ഇനി കുറച്ചു ദിവസങ്ങൾ കൂടി വേണ്ടി വന്നേക്കും .

You can share this post!

One Reply to “സ്നേഹത്തിൻ്റെ മുറിവുകൾ/സണ്ണി കുലത്താക്കൽ”

  1. 1975ൽ ഞാൻ ബാലജന സഖ്യം സംസ്ഥാന ഖജാൻജി ആയിരുന്ന സമയത്ത് തിരുവല്ല യിൽ നടന്ന കാലോസവത്തിന്റെ കൺവീനർ ആയിരുന്നു അലക്സാണ്ടർ സാർ. കൂടാതെ എൻ എം ജോസഫ് സാറിന്റെ ഭാര്യ മോളി എന്റെ ഒരു ആന്റി യു മാണ്. അങ്ങയെ പ്പോലെ ഈ വേർപാടുകളിൽ ഞാനും വേദനിക്കുന്നു

Comments are closed.