വളവുകളിൽ വിളവാകാതെ,ബ്ളാക്ക് മെയ്ലിംഗ്/എൻ.കെ.ഷീല

തിരുത്താൻ തിരിഞ്ഞുപോകാനാകാത്ത
ചില വളവുകളുണ്ട് ജീവിതത്തിൽ.
കുടുസത്തിൻ്റെ ഭീകരതയല്ല,
ഒറ്റതിരിച്ചലിൽ വാലും തലയും മാറുന്ന
ചെന്നെത്തേണ്ട ദേശം മാറുന്ന
നേർരേഖയിൻ മാത്രം മംഗളം നേരുന്ന
ഒരു തീവണ്ടിയാത്രപോലെ – ജീവിതം
ജാഗ്രതയുടെ ‘ചൂളംവിളിക്കു പിറകേ.

പൊള്ളുന്ന ഉള്ളിലേക്കൊരുവേള
മഞ്ഞു പെയ്യിക്കാനാവുമായിരുന്നല്ലോ
മധു കാത്തുവെച്ച പൂനിരകൾക്ക്
‘അവനവൻകടമ്പ’ താണ്ടാൻ
അകമേ താങ്ങു കിട്ടണം.

കണ്ണീർ കയർ വീണ് കാഴ്ച മങ്ങി
സ്വപ്നങ്ങൾ അനാഥമായ് തൂങ്ങും.

അയയാത്ത കെട്ടുകളിൽ
നേർത്തു നേർത്തില്ലാതായിട്ടെങ്കിലും
പിരിമുറുക്കമില്ലാതെ സത്യം
താനേയഴിഞ്ഞു വീഴുമായിരുന്നല്ലോ
പിന്നിൽ കണ്ണില്ലാതെയും
പിന്നാമ്പുറങ്ങളെ കാണാൻ
അനുകമ്പയുടെ തിരുക്കണ്ണ്
അകമേ തെളിഞ്ഞുവന്നേനെ.
അതിനു മുൻപേ സമയം
രഥം തെളിച്ച് പോയ് കഴിഞ്ഞു.

അധികാരത്തിൻ്റെ സൂര്യനുതാഴെ
ഗർവ്വിൻ്റെ കുടമാറ്റങ്ങൾ
ഇരുട്ടും വെളിച്ചവും തമ്മിൽ
മറയ്ക്കാനും മരിക്കാനും.

ബ്ളാക്ക് മെയ്ലിംഗ്

ഇണക്കത്തിൻ്റെയടച്ചൂടിൽ
രഹസ്യങ്ങൾ വിരിഞ്ഞിറങ്ങും
ഇമ്പത്തിൻ്റെ നാൾവഴികളിൽ
ചികഞ്ഞുച്ചികഞ്ഞ്ചിക്കിപ്പെറുക്കി
കൊക്കുരുമ്മിലാത്തും.
‘ലാ’വെളിച്ചത്തിൻ്റെ സ്വാതന്ത്ര്യമറിയും.
കൗതുകത്തിനൊടുവിൽ
വിരിഞ്ഞു വളർന്നവയിൽ
മസാല ചേർത്ത് ചുട്ടെടുക്കും.
കൈയിൽ കിട്ടിയവർ കൊതിതീരെ
രസിച്ചു രസിച്ചകത്താക്കും.
സൗഹൃദവേളകളിൽ വെള്ളം
ച്ചേർത്ത് വിളമ്പും.
ചിരിച്ചും കളിച്ചും കടിച്ചു മുറിക്കും
ശേഷിക്കുന്നതിൽ മൂർച്ചയുള്ളയൊന്ന്
എടുത്തുസൂക്ഷിക്കും.
ഇമ്പവുമിനിപ്പുമോരാതെ
ഇടയ്ക്കിട്ടൊന്നു കുത്താൻ.
കല്ലുവെച്ചനുണയിൽ
പടുത്തുയർത്തിയ
സത്യാനന്തരലോകത്തിൻ്റെ
ബലിക്കല്ലിലടിച്ച്
കപട സദാചാരത്തിന്
നേദ്യംവിളമ്പാൻ

You can share this post!