മോഹന്‍ റാണയുടെ മൂന്ന് ഹിന്ദി കവിതകള്‍

  1. ഭൂതകാലം ആഗതമാകുമ്പോള്‍

ഭൂതകാലം ആഗതമായപ്പോള്‍
ഭാവി,
നീ അത്‌ ജീവിച്ചു കഴിഞ്ഞെങ്കിലും,
കാണാനിരിക്കുന്നു.

ആ വാതിലിനു പിറകില്‍
ജീവിതമുണ്ട്.
പക്ഷെ ഊഹിക്കൂ!
അകത്തോ, അതോ, പുറത്തോ?
ഈ ഭാഗത്തോ, അതോ, മറുഭാഗത്തോ?
അടച്ചിട്ടതോ, അതോ, തുറന്നിട്ടതോ?
എന്നെ അവിടെ കാത്തു നില്‍ക്കുന്നത് ആരാണ്?
ആരെയാണ് ഞാന്‍ കാത്തു നില്‍ക്കുന്നത്?
എനിക്കത് കണ്ടെത്തേണ്ടതുണ്ട്.
ഒരു കാല്‌ മുന്നോട്ട്‌.
ഒരു കാല്‌ പിറകോട്ട്‌.
സത്യം പൂട്ടുമല്ല, താക്കോലുമല്ല.

ഗ്രഹണം

ഇരുട്ടിനെ മറികടക്കാന്‍ ശ്രമിയ്ക്കുന്നു, നാം.
തിളങ്ങുന്ന ബള്‍ബുകള്‍
നമ്മുടെ കണ്ണഞ്ചിയ്ക്കുന്നു.
ഉജ്ജ്വലമായ ഈ ഇരുട്ടില്‍
ഒന്നും തന്നെ ദൃശ്യമല്ല.

ഒരു പുതിയ ഇരുട്ട് ഉണ്ടാക്കി,
അതിന്‍റെ ദീപ്തിയില്‍
ജനലിനു കുറുകെ ഒരു തിരശ്ശീല നീട്ടി
നമ്മള്‍ ദിവസത്തെ ഒപ്പിയെടുത്തു.

നിന്‍റെ നിരാശയെ ശമിപ്പിക്കാന്‍ ശ്രമിച്ച്
തെറ്റായ കണക്ക് കൂട്ടലുകള്‍ കൂടി മറന്നു, ഞാന്‍.
സാന്ദ്രമായ ഈ ഇരുട്ടില്‍ തപ്പിത്തടയുമ്പോള്‍
പ്രത്യാശയുടെ തീക്കല്ല് നീ കാണുമെങ്കില്‍
മുറിയില്‍ നിന്ന് പുറത്തേക്ക് പോകുമ്പോള്‍
വെളിച്ചം കെടുത്തുക.

അങ്ങനെ,
എന്‍റെ അടഞ്ഞ കണ്‍പോളകള്‍ക്ക് പുറകില്‍
ഇരുണ്ട നക്ഷത്ര വെളിച്ചം തിളങ്ങുന്നത് കാണാന്‍
എനിക്ക് സാധിക്കും.

പാതിരാക്ക് ശേഷം

അവയില്‍ നിന്ന് ഞാനെത്ര അകലെയാണോ,
അത്രയും അകലങ്ങളിലുള്ള നക്ഷത്രങ്ങളെ ഞാന്‍ കണ്ടു;
ഈ നിമിഷത്തില്‍ ഞാനവയെ കണ്ടു-
പിന്നിട്ടുപോയ തിളക്കമാര്‍ന്ന നിമിഷങ്ങളില്‍.
അന്ധകാരത്തിന്‍റെ നിസ്സീമമായ അഗാധതയില്‍,
രാവിലൂടെ ഈ വേളകള്‍
പകലിനെ വേട്ടയാടുന്നു.

എന്‍റെ മനസ്സിനെ ക്രമീകരിക്കാനെനിക്ക് കഴിയില്ല.
ആദ്യമായിട്ടാണോ ഈ ജീവിതം ഞാന്‍ ജീവിക്കുന്നത്?
അതോ,
ജീവിക്കുന്ന ഓരോ സമയത്തും
ശ്വാസത്തിന്‍റെ ആദ്യ നിമിഷം മറന്നുകൊണ്ട്
അതാവര്‍ത്തിക്കുകയാണോ?

മത്സ്യവും വെള്ളം കുടിക്കാറുണ്ടോ?
സൂര്യന് ചൂട് അനുഭവപ്പെടാറുണ്ടോ?
വെളിച്ചം ഇരുട്ടിനെ കാണുന്നുണ്ടോ?
മഴയും നനയാറുണ്ടോ?

എന്നെപ്പോലെ,
കിനാക്കളും നിദ്രയെക്കുറിച്ച്‌ ചോദിക്കാറുണ്ടോ?

ഞാന്‍ ഏറെ ദൂരം നടന്നു.
എന്നാല്‍,
ഞാന്‍ കണ്ടപ്പോള്‍,
നക്ഷത്രങ്ങള്‍ ഏറെ അരികിലായിരുന്നു.
ഇന്ന്‌,
ദിവസം മുഴുവനും പെയ്‌ത മഴയില്‍
എന്‍റെ വാക്കുകള്‍
നിന്‍റെ മുഖത്തില്‍ നിന്ന്‌
കഴുകിക്കളഞ്ഞിരിക്കുന്നു.

You can share this post!