പാപനാശിനി/മേദിനി കൃഷ്ണൻ



കാണുന്ന കാഴ്ചകളെല്ലാം നിറം മങ്ങവേ മനസ്സ് പിടയുമ്പോൾ..മിഴികൾ നിറയുമ്പോൾ..കാണാത്ത കാഴ്ചകൾ..കാണാൻ കൊതിക്കുന്ന കാഴ്ചകൾ തേടി ഒരു യാത്ര… അങ്ങനെയൊരു യാത്രയായിരുന്നു തിരുനെല്ലിയിലേക്ക്… പാപനാശിനിയിൽ മുങ്ങാൻ..ദത്തന്റെ… സീതയുടെ പ്രിയപ്പെട്ട സ്ഥലം.ആദ്യമായി പരസ്പരം കണ്ടുമുട്ടിയ ഇടം.അതായിരിക്കാം ഇവിടം ഇത്ര പ്രിയമായത് എന്ന് പലപ്പോഴും തോന്നാറുണ്ട്.പാപനാശിനിയിലേക്ക് ഇറങ്ങുന്ന വഴിയിലെ കല്ലുകളിൽ ദത്തനും സീതയും ഇരുന്നു.മഴ പെയ്തു ചെളി നിറഞ്ഞ വഴികൾ. ഇളകിയ കല്ലുകൾ..പാപനാശിനി ഒഴുകുന്നു.കലങ്ങിയ വെള്ളം.കാടിന്റെ തണുപ്പ്.. ഇരുണ്ട കാടുകളിൽ നിന്നും വന്നലക്കുന്ന സ്വരങ്ങൾ..പാപനാശിനിയിൽ മുങ്ങിനിവർന്നു. പലവട്ടം..പാപങ്ങൾ ഒലിച്ചു പോയോ?..മനസ്സിനോട് ചോദിച്ചു.പുഴയോട് ചോദിച്ചു.”പാപം നനഞ്ഞുവോ… പാപഭാരം ചുമന്നു പൊള്ളിയ മനസ്സ് നനഞ്ഞോ”… ഒന്നുമില്ല. ദേഹം നനഞ്ഞു.ആ നനവോടെ ദത്തൻ ഇരുന്നു.പുഴ പറയുന്നു. “നിങ്ങളുടെ പാപം എന്നിൽ ഒഴുക്കാതെ…എനിക്കു സ്വസ്ഥത വേണം.. പോകൂ… പ്രായശ്ചിത്തം ചെയ്യൂ…” ദത്തൻ നനഞ്ഞ കണ്ണുകളോടെ സീതയെ നോക്കി.

സീതയുടെ കണ്ണുകൾ പുഴയിലെ കലങ്ങി മറിഞ്ഞ ജലം പോലെ..മനസ്സും…

സീത ഓർക്കുകയായിരുന്നു.
ചിലപ്പോൾ ചിലർ അപ്രതീക്ഷിതമായി ജീവിതത്തിലേക്ക് കടന്നുവരുന്നത് ഉത്തരം കിട്ടാത്ത ഒരു കടങ്കഥയുമായിട്ടായിരിക്കും.
ചോദ്യം ചോദിക്കുന്നവർക്കും കേൾക്കുന്നവർക്കും ഒരുപോലെ ഉത്തരം അറിയാത്ത കടങ്കഥ.. അറിയില്ലെന്ന് പറയാം. ഇവിടെ പക്ഷേ ഉത്തരം അറിയണം.അറിഞ്ഞേ പറ്റു.അങ്ങനെ ഒരു കടങ്കഥക്കുള്ള ഉത്തരം തേടുകയാണ് താനും ദത്തനും.

ഒരാഴ്ച മുൻപാണ് രമാദേവി എന്നു പരിചയപ്പെടുത്തി ആ സ്ത്രീ വീട്ടിൽ വന്നത്‌. കണ്ടാൽ നല്ല പ്രായം തോന്നുമായിരുന്നു.ആ പ്രായത്തിലും വല്ലാത്തൊരു ഐശ്വര്യം അവരുടെ മുഖത്തുണ്ടായിരുന്നു.ശാന്തമായ ഭാവം.അവരുടെ നരച്ച മുടിയിഴകൾക്ക് വരെ വല്ലാത്ത ഭംഗി തോന്നി. സീത അവരെ ഇതിനു മുൻപ് കണ്ടിട്ടില്ല.എങ്കിലും അവൾ ഓർത്തു നോക്കി. എവിടെയെങ്കിലും… എപ്പോഴെങ്കിലും താൻ ഈ മുഖം കണ്ടിട്ടുണ്ടോ….? ഇല്ല..
സീതക്ക് മുന്നിലെ കസേരയിൽ അവർ ഇരുന്നു.”സീതാ…” അവർ അങ്ങനെ വിളിച്ചപ്പോൾ അവൾ അമ്പരന്നു.
“എന്നെ എങ്ങനെ അറിയാം.”സീത ചോദിച്ചു. അവർ ബാഗിൽ നിന്നും ഒരു ഫോട്ടോ എടുത്തു നീട്ടി. “ഇതു സീതേടെ ഭർത്താവല്ലേ?”
അവൾ അത് വാങ്ങി നോക്കി.ദത്തന്റെ ഫോട്ടോ… പത്തു വർഷം മുൻപ് എടുത്തത്. കല്യാണത്തിന് കുറച്ചു മുൻപ്…
അതെയെന്ന് തലയാട്ടി.
ഒരു അസ്വസ്ഥത നാവു നീട്ടി പുറത്തേക്ക് വരുന്നത് പോലെ..
എന്തോ സംഭവിക്കാൻ പോകുന്നു.ആരോ വിളിച്ചു പറയുന്നു.അവളുടെ ഹൃദയമിടിപ്പ് ഏറി.

“നിങ്ങളുടെ അഡ്രസ്സ് കണ്ടുപിടിക്കാൻ കുറെ ബുദ്ധിമുട്ടി.കിട്ടിയപ്പോൾ വരണോ വേണ്ടയോ എന്ന് ആലോചിച്ചു. ഒടുവിൽ നല്ലോണം ആലോചിച്ചിട്ടാണ് ഞാൻ ഇങ്ങോട്ടു പുറപ്പെട്ടത്.” അവർ പറഞ്ഞു.
“കാര്യം എന്താണെന്നു പറയു…”
സീത തെല്ലു പരിഭ്രമത്തോടെ
ചോദിച്ചപ്പോൾ അവരുടെ കണ്ണുകളിൽ അറിയാതെ പടർന്ന നനവ്..ശോകഭാവം… എന്തോ പറയാൻ മടിക്കുന്നതു പോലെ..
സീത അടുക്കളയിൽ പോയി ഒരു ഗ്ലാസ്സിൽ വെള്ളമെടുത്തു കൊണ്ടു വന്നു.അവർക്ക് നേരെ നീട്ടി.
അവർ വെള്ളം കുടിച്ചു. ആശ്വാസത്തോടെ ഒന്ന് നിവർന്നിരുന്നു.
ഒരു കടലാസ്സു തുണ്ട് ബാഗിൽ നിന്നും എടുത്തു സീതക്ക് നേരെ നീട്ടി. അതിൽ ആരുടെയോ മേൽവിലാസം എഴുതിയിരുന്നു. സീത ചോദ്യഭാവത്തിൽ അവരെ നോക്കി.”ഇതു എന്റെ അഡ്രസ്സ് ആണ്.. സീതയും ദത്തനും എന്റെ വീട് വരെ ഒന്നു വരണം… എത്രയും പെട്ടെന്ന്…. വരാതിരിക്കരുത്…” ആജ്ഞാപിച്ചതാണോ അതോ അപേക്ഷിച്ചതാണോ..? സീതക്ക് മനസിലായില്ല. സീത എന്തെങ്കിലും പറയുന്നതിന് മുൻപ് അവർ ഇറങ്ങാൻ തുടങ്ങി..”ഞാനിപ്പോൾ എന്തെങ്കിലും പറഞ്ഞാൽ കുട്ടിക്ക് മനസിലാവില്ല. വീട്ടിൽ വരൂ..അപ്പോൾ മനസിലാവും..”
അത്രയും
പറഞ്ഞിട്ട് അവർ ഇറങ്ങി. ആ കാർ മറയുന്നതു വരെ സീത പടിയിൽ അങ്ങനെ നിന്നു.കുറച്ചു നേരം..
അപ്രതീക്ഷിതമായി ഒരു സ്ത്രീയുടെ വരവ്..ഒന്നും മനസിലായില്ല.പക്ഷേ അവൾക്ക് തോന്നി.ജീവിതത്തിൽ പ്രതീക്ഷിക്കാത്ത എന്തോ ഒന്നു സംഭവിക്കാൻ പോകുന്നു..

ദത്തൻ വന്നപ്പോൾ ആ കടലാസ്സു തുണ്ട് കയ്യിലേക്ക് വച്ചു കൊടുത്തു.ദത്തൻ അവളെ നോക്കി. പരിചയമില്ലാത്ത പേരും അഡ്രസ്സും. സീത പറഞ്ഞത് കേട്ടിട്ട് ആ സ്ത്രീ ആരാണെന്നു ഊഹിക്കാൻ പറ്റുന്നില്ല.
തന്റെ ഏതെങ്കിലും ബന്ധത്തിൽ പെട്ടതായിരിക്കുമോ?..
തന്റെ ബന്ധുക്കളെ സീതക്കു അറിയാൻ വഴിയില്ല.ബന്ധുക്കൾ.. അങ്ങനെ ഒന്നു ഇല്ലാതായിട്ട് വർഷം പത്തു കഴിഞ്ഞിരിക്കുന്നു. വിവാഹത്തോടെ എല്ലാ ബന്ധങ്ങളും.. ഉടൽ മുറിച്ചിട്ട് പോയ മണ്ണിര പോലെ..
അറുത്തിട്ടിട്ടും ഇവിടെ പ്രാണൻ പിടയുന്ന രണ്ടു ജന്മങ്ങൾ..
വിവാഹം എന്നു പറയാൻ പറ്റോ?..ഒളിച്ചോട്ടം അങ്ങനെ പറയുന്നതായിരിക്കും കൂടുതൽ നല്ലത്.എല്ലാ ബന്ധങ്ങളെയും പറിച്ചെറിഞ്ഞിട്ട് സ്നേഹിച്ച പെണ്ണിനേയും കൊണ്ടു നാട്ടു വിട്ടു.
സ്നേഹിച്ച പെണ്ണിനെ കൈവിട്ടില്ല.ആ ഒരു അഭിമാനം ഉള്ളിൽ തോന്നിയാലും നഷ്ടങ്ങളാണ് ഏറെയും.തനിക്കും അവൾക്കും..അച്ഛൻ അമ്മ സഹോദരങ്ങൾ ബന്ധുക്കൾ എല്ലാവരേയും നഷ്ടപ്പെട്ടു.
സ്നേഹം… പ്രണയം തെറ്റാണെന്ന് ചൂണ്ടികാണിച്ചവർ!! തെറ്റായിരുന്നോ ചെയ്തത്?..അറിയില്ല.. പരസ്പരം പഴി പറഞ്ഞിട്ടില്ല. വേദനിപ്പിച്ചിട്ടില്ല.കാരണം ഈ ലോകത്തിപ്പോൾ
തനിക്കു സീത മാത്രമേ ഉള്ളു.അവൾക്കു താനും. തങ്ങൾക്കിടയിൽ രക്തബന്ധത്തിന്റെ ഒരു കണ്ണി ദൈവം അനുവദിക്കാത്തത്…
ഒരു കുഞ്ഞിന്റെ മുഖം.. ആ മോഹം ഇപ്പോഴും വിദൂരമാണ്.
ആരുടെയൊക്കെ ശാപം.. ചിലപ്പോൾ അങ്ങനെയും തോന്നും. ആത്മാർത്ഥമായ സ്നേഹത്തിൽ ശാപത്തിന്റെ അംശം പറ്റിപ്പിടിച്ചിരിക്കുമോ?
അങ്ങനെയൊരു തോന്നൽ.

അന്ന് ആദ്യമായി തിരുനെല്ലിയിൽ വച്ചു സീത യെ കണ്ട ദിവസം..അവളുടെ കയ്യിൽ വലിയൊരു തേൻ നെല്ലിക്കയുണ്ടായിരുന്നു.
തലയിൽ നീല കനകാംബരപ്പൂക്കളും..
മിഴികളിൽ തെളിഞ്ഞൊഴുകുന്ന കാട്ടരുവിയുടെ കുസൃതി..
എത്ര പെട്ടെന്നാണ് അവളോട് വല്ലാത്തൊരു ഇഷ്ടം തോന്നിയത്..
കാണെ കാണെ അത് പ്രണയമായി മാറി.
കാത്തിരിപ്പിൽ അങ്ങനെ അവസാനം
സീതയോടു ഇഷ്ടം പറഞ്ഞ നിമിഷം… ഇഷ്ടമാണെന്നു പറഞ്ഞപ്പോൾ..അവൾ ഒന്നേ പറഞ്ഞുള്ളു. “ഇഷ്ടത്തിന്റെ അർത്ഥം വിവാഹം ആയിരിക്കണം. ഒരാളെ സ്നേഹിച്ചു അതു ഉള്ളിൽ വച്ചു വേറെ ഒരാളെ സ്വീകരിക്കാൻ സീതക്കു കഴിയില്ല…”

തനിക്കു അവളോട് ആരാധനയാണ് തോന്നിയത്.പിന്നീട് ഏതു നിമിഷവും കഴുത്തിൽ അണിയിക്കാൻ പാകത്തിൽ ഒരു താലി വാങ്ങിയാണ് അവൾക്കു മുന്നിൽ എത്തിയത്.തന്റെ പ്രണയം തിരിച്ചു കിട്ടിയ നിമിഷം..തന്നിൽ നിന്നും ബന്ധങ്ങളുടെ, ബന്ധനങ്ങളുടെ ചരട് അഴിയാൻ തുടങ്ങിയിരുന്നു.
മനഃപൂർവം മറവി ബാധിച്ചവനായി. ഒരിക്കലും വീട്ടുകാർ സമ്മതിക്കാത്ത ഒരു ബന്ധത്തിലേക്കാണ് സഞ്ചരിക്കുന്നതെന്നു അറിഞ്ഞിട്ടും ആ വഴി തന്നെ നടന്നു.
അച്ഛൻ ജാതി ചോദിച്ചു. ജാതി ചോദിച്ചിട്ടല്ല സ്നേഹിച്ചതെന്നു താൻ.അച്ഛൻ അഭിമാനിയായിരുന്നു. എതിർപ്പുകൾ..ഭീഷണി.. കണ്ണുനീർ.. ചുറ്റും നിറഞ്ഞ വലയത്തിൽ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു ശരിക്കും.

തന്റെ കല്യാണത്തിന്റെ തലേനാൾ..അറിയാതെയാണെങ്കിലും ഒരു പെൺകുട്ടിയെ വേദനിപ്പിക്കേണ്ടി വന്നു. ആ കുറ്റബോധം ഉള്ളിൽ കിടന്നു.മനഃപൂർവം മറന്നു. ദത്തൻ വേറെ ഒരു പെൺകുട്ടിക്ക് പുടവ കൊടുത്താൽ സീത പിന്നെ ഉണ്ടാവില്ല.തന്നെക്കാൾ ഒരു പക്ഷേ മനസ്സുറപ്പു അവൾക്കാണ് കൂടുതൽ.. അവളെ പാതി വഴിയിൽ ഉപേക്ഷിച്ചു പോകാൻ തോന്നിയില്ല. ജീവിതത്തിൽ അതുവരെ നേടിയതെല്ലാം വിട്ടു കളഞ്ഞ് അവളെ ചേർത്തു പിടിച്ചു.ഈ നിമിഷം വരെ….
എന്നെങ്കിലും, എപ്പോഴെങ്കിലും എല്ലാം മറന്നു അവർ തിരിച്ചു വിളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.അതു ഒരു തോന്നൽ മാത്രമായിരുന്നു. ആരും വിളിച്ചില്ല..ജന്മം തന്നവർ ശിക്ഷ വിധിച്ചു. പാഴ്ജന്മങ്ങൾ.ഇനി അതു ഞങ്ങൾക്കു വേണ്ട.
അമ്മ മരിക്കുന്നതിന് മുൻപ് ഒന്നു കാണണമെന്ന് തോന്നി. മകന്റെ മുഖം കണ്ടു മരിച്ചാൽ മോക്ഷം കിട്ടില്ലെന്ന്‌ അമ്മ. ശാപമാണ്…. ഒരിക്കലും നിന്റെ മുഖം കാണാൻ ഇടവരരുതേയെന്നു പ്രാർത്ഥിച്ചു അച്ഛനും.. അമ്മ മരിച്ചു..നെഞ്ചു പൊട്ടിക്കരഞ്ഞു. വല്ലാത്ത വിങ്ങൽ.എന്തേ ഇതൊന്നും ഓർത്തില്ലെന്നു കാലവും. പാപനാശിനിയിൽ മുങ്ങികിടന്നു.അമ്മയെ ഓർത്തു കരഞ്ഞു.
സീതക്കും അതേ അവസ്ഥ.അച്ഛനും അമ്മയും വിദൂരകാഴ്ചകളായി മറഞ്ഞു.
എന്താണ് നേടിയത്..? പ്രണയം വിജയിച്ചു. സ്നേഹത്തിനു മുന്നിൽ ജീവിതം ഹോമിച്ചു. നെഞ്ചിൽ എവിടെയോ ഒരു നെരിപ്പോട് അവശേഷിപ്പിച്ചു ഇപ്പോഴും യാത്ര തുടരുന്നു.സീതക്കു ദത്തൻ..ദത്തന് സീതയും… അതു ശരീരത്തിനും മനസ്സിനും അപ്പുറത്തുള്ള വിചിത്രമായ… പവിത്രമായ ബന്ധം…
സീത കാരണം ദത്തൻ ഒരിക്കലും കരയാൻ ഇടവരരുത്… ദത്തൻ കാരണം സീതയും.. അതൊരു വാക്കായിരുന്നു. ഇതു വരെ തെറ്റിക്കാത്ത വാക്ക്… തങ്ങൾക്കിടയിലേക്കു കടന്നു വരാൻ മടിക്കുന്ന കുഞ്ഞിനെ കുറിച്ച് ചോദിച്ചാൽ സീത പറയും… “ഉള്ളിന്റെ ഉള്ളിൽ ആ സങ്കടം അങ്ങനെ കിടക്കട്ടെ… ദത്തന്റെ സ്നേഹം അത് മതി..എന്നിലെ അമ്മ ഭാവത്തെ ഞാൻ ഉണർത്താതിരിക്കട്ടെ..”സീത അമ്മയാവാത്തതിന് ഒരിക്കലും കരഞ്ഞു പഴി പറഞ്ഞു കണ്ടിട്ടില്ല. സീത അങ്ങനെയാണ്..

ദത്തൻ അഡ്രസ്സ് ഒന്നുകൂടി നോക്കി.രമാദേവി… ആ പേര് എവിടെയെങ്കിലും കേട്ട ഓർമ്മയുണ്ടോ?..സീത പറഞ്ഞ ആ സ്ത്രീ.. ആരായിരിക്കും അവർ… മനസ്സിലേക്ക് അങ്ങനെയൊരു പേരോ മുഖമോ വന്നില്ല.”എന്താ വേണ്ടത്..”സീതയോട് ചോദിച്ചു.

“പോണം… അവർക്കെന്തോ നമ്മളോട് പറയാനുണ്ട്..അവർ വെറുതെ വന്നതല്ല. എന്തോ ഒന്ന് നമ്മളെ കാത്തിരിക്കുന്നു..” സീത പറഞ്ഞപ്പോൾ ദത്തനും ചിന്തിച്ചു. തങ്ങൾക്കായി കാത്തിരിക്കുന്നത് എന്തായിരിക്കും?

അവർ യാത്ര തിരിച്ചു. താമസിക്കുന്ന സ്ഥലത്ത് നിന്നും ദൂരമുണ്ട്.ഒരു മണിക്കൂറിൽ അധികം..
പലരോടും വഴി ചോദിച്ചാണ് അവിടെ എത്തിയത്. വീട് കണ്ടു.. ചെറുതാണെങ്കിലും മനോഹരമായ വീട്. മുറ്റത്ത്‌ ചെറിയൊരു പന്തൽ ഉണ്ടാക്കി കോവൽ പടർത്തിയിരുന്നു.ചെറിയ പൂക്കൾക്കൊപ്പം തൂങ്ങികിടക്കുന്ന കോവക്കായകൾ…. സീതക്കു അമ്മയെ ഓർമ വന്നു.വീടിനു മുന്നിലെ വേലിയിൽ അമ്മ പടർത്തിയിരുന്ന കോവൽ വള്ളികൾ.അതിന്റെ പിഞ്ചു കായകൾ കഴിക്കാൻ തനിക്കു ഇഷ്ടമായിരുന്നു. അമ്മയുടെ സ്നേഹം… അച്ഛന്റെ മുഖം….. ഓർമകളിൽ കയ്പുരസം പടരുന്നു.

ദത്തൻ ഉമ്മറത്ത് തുക്കിയിരുന്ന മണി വലിച്ചു. നിമിഷങ്ങൾ…
വല്ലാത്തൊരു പരിഭ്രമം ദത്തനും സീതക്കും ഉണ്ടായിരുന്നു. മുൻപിലെ വാതിൽ തുറക്കപ്പെട്ടു.

രമാദേവി…ആ മുഖം..ദത്തൻ അവരെ സൂക്ഷിച്ചുനോക്കി. എവിടെയാണ് ഈ മുഖം കണ്ടു മറന്നത്.
“നിങ്ങൾ വരില്ലെന്ന് കരുതി..”അവർ പറഞ്ഞപ്പോൾ ദത്തൻ ആ സ്വരം ഓർത്തു.പഴയ ഒരു ഓർമ.പതിഞ്ഞ സ്വരം. മനോഹരമായ ചിരി. നെറ്റിയിലെ വലിയ പൊട്ട്.
അമ്മയുടെ കൂടെ അവർ.അമ്മ പറയുന്നു. ഞാൻ പറയാറില്ലേ രമ.. അമ്മേടെ അടുത്ത കൂട്ടായിരുന്നു..രമേടെ അനിയന്റെ കുട്ട്യാണ് സുമിത്ര..നിനക്കു കല്യാണം ഉറപ്പിച്ചിരിക്കണ കുട്ടി..” ഉയർന്നു വന്ന രോഷം ഉള്ളിൽ ഒതുക്കി അവരോടു ചിരിക്കാൻ പാടുപെട്ടു അന്ന്.. ദത്തൻ വിയർത്തുപോയി.ഓർമ വരുന്നു.

ദത്തൻ സോഫയിൽ തളർന്നിരുന്നു.പുറത്തെ നേർത്ത മഴക്ക് കനം കൂടി.തണുത്ത കാറ്റു ജനലിലൂടെ കടന്നു വരുന്നു.ദത്തൻ എന്നിട്ടും വിയർത്തു.രമ അവർക്കു മുന്നിൽ ഇരുന്നു…

“ദത്തൻ എന്നെ ഓർക്കുന്നുണ്ടോ?”..ദത്തൻ കണ്ണട ഊരി കണ്ണുകൾ അമർത്തി തുടച്ചു. വാക്കുകൾ നഷ്ടപ്പെടുന്നു. “സുമിത്രയെ ഓർക്കുന്നുണ്ടോ?..”അവർ വീണ്ടും ചോദിച്ചു.സീത ഓർത്തു.ആ പേര് ഓർമയിൽ എവിടെയോ മറഞ്ഞു കിടക്കുന്നു. കാണാത്ത ആ മുഖം. ദത്തനെ നോക്കി.
മറവികളിൽ തെളിഞ്ഞ ഒരു ഓർമ.. സീത ഞെട്ടി.
ദത്തന്റെ മുഖം വല്ലാതെ.. വിളറി വെളുത്ത്‌..”ദത്തന് സുമിത്ര എവിടെയാണെന്ന് അറിയണോ? “
ആ സ്ത്രീയുടെ മുഖത്തെ പകയുടെ ഭാവം സീതയിൽ ഭയമുണ്ടാക്കി.ദത്തൻ നിശ്ചലമായിരുന്നു..” എന്റെ കൂടെ വരൂ… “അവർ ദത്തനെ അകത്തെ മുറിയിലേക്കു വിളിച്ചു. ദത്തന് പോകാതിരിക്കാൻ ആയില്ല..സീതക്കും.. വലിയ മുറി.മരുന്നിന്റെ ഒരു പ്രത്യേക മണം മുറിക്കുള്ളിൽ..മുറിയിൽ ഒരു പെൺകുട്ടി നിന്നിരുന്നു കട്ടിലിൽ കിടക്കുന്ന ഒരു സ്ത്രീ രൂപം.. അസ്ഥികൂടം.. അങ്ങനെയാണ് തോന്നിയത്.നിശ്ചലമായ സ്ത്രീ രൂപം.കണ്ണുകൾ തുറന്നിരുന്നു.ജീവനില്ലാത്ത കണ്ണുകൾ.കവിളുകൾ ഒട്ടിയിരുന്നു.ദത്തൻ സൂക്ഷിച്ചു നോക്കി. അയാളിൽ നിന്നും ഒരു നിലവിളി ഉയർന്നു. “സുമിത്രയല്ലേ ഇത്..”അനക്കമില്ലാത്ത കൈകാലുകൾ. മാറിടം ഉയർന്നു താണ് കൊണ്ടിരുന്നു.ജീവന്റെ തുടിപ്പ്..വേറെയെല്ലാം മൃതതുല്യം..
കടൽ പുറന്തള്ളിയ ഒരു പാഴ് വസ്തു പോലെ..

സീത വല്ലാതെ പിടഞ്ഞു. അവൾ താഴെ തറയിലേക്ക് ഇരുന്നുപോയി.
കഴുത്തിലെ താലിമാല അഗ്നിയിൽ വീണുവോ?.. പൊള്ളുന്നു.വല്ലാതെ..

ഓർമയിൽ തെളിഞ്ഞു വരുന്ന വാക്കുകൾ.. മുഖങ്ങൾ..

“സുമിത്ര സുന്ദരിയാണോ? “

സീതയുടെ പരിഭവം നിറഞ്ഞ ചോദ്യം..
അമ്മയുടെ നിർബന്ധപ്രകാരം അന്ന് സുമിത്രയെ കണ്ട് മടങ്ങി വന്നപ്പോൾ വല്ലാത്തൊരു കുറ്റബോധം..
സീതയോടു മൗനം പാലിച്ചെങ്കിലും സുമിത്രയുടെ മുഖം മനസ്സിൽ ഉണ്ടായിരുന്നു. വിടർന്ന കണ്ണുകളുമായി ചിരിച്ച മുഖം.വെളുത്ത നിറം..അമ്മ പറഞ്ഞത് കേട്ടു.സുമിത്ര മഹാലക്ഷ്മിയാണ്.. ഓർമകളിൽ ദത്തൻ മുറിവേറ്റ പോലെ പിടഞ്ഞു.മുറിവാണ്.. ചോരയൊലിക്കുന്ന ഉണങ്ങാത്ത മുറിവ്..
സുമിത്രയുടെ കണ്ണുകളിൽ കൊഴുത്ത ദ്രാവകം.. അടുത്തിരുന്ന പെൺകുട്ടി ഒരു തുണിയെടുത്തു അതു തുടച്ചു. വായിൽ നിന്നും നീര് വെള്ളം ഒലിച്ചിറങ്ങുന്നു.ആ പെൺകുട്ടി അതു വൃത്തിയാക്കി കൊണ്ടിരുന്നു.
രമയുടെ കണ്ണുകൾ നിറഞ്ഞു.”അന്ന് ദത്തനും സീതയും എല്ലാവരെയും വിഡ്ഢികൾ ആക്കിയപ്പോൾ എത്ര പേരുടെ ജീവിതം തകർന്നുവെന്നു അറിയോ?.. അത്രക്കൊന്നും മനസ്സിന് ഉറപ്പില്ലാത്തവരായിരുന്നു
സുമിത്രയും അവളുടെ അച്ഛനും അമ്മയും.. സുമിത്രയുടെ കഴുത്തിൽ താലി കെട്ടാൻ ദത്തൻ വരില്ലെന്ന് അറിഞ്ഞ നിമിഷം.. തളർന്നു വീണു. എന്റെ അനിയൻ.. ഇവളുടെ അച്ഛൻ.ഒരാഴ്ച കിടന്നു.പിന്നെ മരിച്ചു. നെഞ്ചു പൊട്ടിയാ ഇവളുടെ അച്ഛൻ മരിച്ചത്… സുമിത്ര.അവളൊന്നും മിണ്ടിയില്ല..കരഞ്ഞില്ല… ആ ഭാവം എല്ലാവരേയും ഭയപ്പെടുത്തി..ഒന്ന് നെഞ്ചു പൊട്ടി കരഞ്ഞിരുന്നെങ്കിൽ.. ഒന്നും ഉണ്ടായില്ല..ഒരു ദിവസം അവൾ തീർത്ത ഒരു കുരുക്കിൽ ജീവിതം അവസാനിപ്പിക്കാൻ നോക്കി..മരിച്ചില്ല..ജീവൻ മാത്രം ബാക്കി വച്ച് ഈ കിടപ്പ്..കൊണ്ടു പോകാൻ ഒരിടവും ബാക്കിയില്ല.. അതിനിടയിൽ അവളുടെ അമ്മയും മരിച്ചു. അമ്മയുടെ വേദന.. മോളുടെ അവസ്ഥ കണ്ട് പിടഞ്ഞു പിടഞ്ഞു…. പാവം… ആരോടും ഒന്നും പറയാതെ ഉറക്കത്തിൽ പോയി.”ഇന്ദിര പറഞ്ഞു നിർത്തി.അവരുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി.

“ആരും നോക്കാൻ ഇല്ലാത്ത അവസ്ഥ.ഹോസ്പിറ്റലിൽ കിടത്തിയിട്ടും കാര്യമില്ല.. ഒടുവിൽ ഞാൻ ഇങ്ങോട്ട് കൊണ്ടു വന്നു.എത്ര നാൾ… അറിയില്ല.. കഴിഞ്ഞ മാസം എനിക്കൊരു നെഞ്ചു വേദന വന്നു.അന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയി. തിരികെ മടങ്ങുന്ന അന്നാണ് നിങ്ങളെ കാണുന്നത്. ദത്തൻ എല്ലാം അറിയണമെന്ന് എനിക്കു തോന്നി.അതാ നിങ്ങളെ തേടി വന്നത്‌.”
ദത്തൻ സുമിത്രയുടെ കാലുകളിൽ മുറുകെ പിടിച്ചു.തണുത്ത കാലുകൾ..കണ്ണുനീർ ആ കാലുകളിൽ വീണു. പിന്നെ അതിൽ മുഖം അമർത്തി മെല്ലെ തേങ്ങി.തെറ്റ്.. കുറ്റബോധം.. കൺമുന്നിലെ കാഴ്ചകളെ മറക്കുന്നു.

” എനിക്കിപ്പോൾ ഭയമാണ്…. എനിക്കെന്തെങ്കിലും പറ്റിയാൽ എന്റെ കുട്ടി..” അവരുടെ ശബ്ദമിടറി..
രമാദേവി തളർച്ചയോടെ കസേരയിൽ ഇരുന്നു.

സീത എഴുന്നേറ്റു. സുമിത്രയെ നോക്കി.ഈ മനസ്സ് എന്തെങ്കിലും അറിയുന്നുണ്ടോ..?കണ്ണുകൾ ദത്തനെ തിരയുന്നുണ്ടോ?..ഒന്ന് കരഞ്ഞിരുന്നെങ്കിൽ… കൈ ഒന്നനക്കിയിരുന്നെങ്കിൽ.. ശബ്ദമുയർത്തി ഒന്ന് ശപിച്ചിരുന്നെങ്കിൽ.. ഒന്നുമില്ല…നിശ്ചലം… പെൺകുട്ടി കൊണ്ടുവന്നു വച്ച ചായയിൽ ഈച്ച വീണു ചത്തിരുന്നു. സീത പുറത്തേക്കു നടന്നു.. മഴ അലറി പെയ്യുന്നു. മഴയിൽ ഇറങ്ങി നിന്നു. ഉറക്കെയുറക്കെ കരഞ്ഞു.പ്രണയം… സ്നേഹം… ബന്ധങ്ങൾ..തെറ്റുകൾ.. പാപം..എല്ലാം ആ മഴയിൽ ഒലിച്ചു തന്നിലേക്ക്… എവിടെ… പാപനാശിനി..?

ദത്തൻ വേദനയോടെ സുമിത്രക്കരുകിൽ ഇരുന്നു. മെലിഞ്ഞ കൈകളിൽ തിണർത്ത ഞരമ്പുകളിൽ
മെല്ലെ തൊട്ടു. പൊള്ളുന്നല്ലോ ഈശ്വര..
അയാളൊന്നു പിടഞ്ഞു.

“സുമിത്രക്ക് വല്യ ഇഷ്ടം ആയിരുന്നു ദത്തനെ.. ഒന്ന് മിണ്ടാനൊക്കെ കൊതിച്ചു എത്രവട്ടം എന്നോട് മോഹം പറഞ്ഞിരുന്നു. ദത്തനു വേറൊരു ഇഷ്ടം ഉണ്ടെന്ന് ആ പാവത്തിന് അറിയില്ലാരുന്നു. അറിഞ്ഞിരുന്നെങ്കിൽ ആ നിമിഷം മാറി പോവുമായിരുന്നു.
ദത്തനേക്കാൾ വലിയ ചതി ചെയ്തത് നിന്റെ അച്ഛനും അമ്മയും തന്നെയാണ്. എല്ലാം അറിഞ്ഞിട്ടും മറച്ചു വച്ചു. മകന്റെ ഇഷ്ടപ്രകാരം അല്ലെന്നു ആരും തിരിച്ചറിഞ്ഞില്ല.
ഒടുവിൽ… “

അവരൊന്നു വിതുമ്പി..
“എല്ലാവരെയും വിഡ്ഢികളാക്കി സീതയും ദത്തനും നാട് വിട്ടപ്പോൾ..
കല്യാണവീട് മരണവീടായി..”

തലക്ക് അടി കിട്ടിയ പോലെ ദത്തൻ തരിച്ചിരുന്നു.

അയാൾക്ക് ഒന്ന് പൊട്ടിക്കരയണമെന്നു തോന്നി. അയാൾ താഴെ നിലത്ത് അവരുടെ കസേരക്കരുകിൽ ഇരുന്നു.. ആ കൈകളിൽ മുറുകെ പിടിച്ചു. മുഖത്തോട് ചേർത്തു.അവരുടെ കൈകൾ നനഞ്ഞു. “ക്ഷമിക്ക്.. ക്ഷമിക്ക്.. പറ്റിപ്പോയി..”
അയാൾ തേങ്ങി.
അവർ നിശബ്ദമായി അങ്ങനെ ഇരുന്നു.

“എന്റെ ആയുസ്സിന്റെ അവസാനം ഞാൻ കാണുന്നു..
മകൻ എന്നെ തനിച്ചു ഇവിടെ താമസിക്കാൻ ഇനി അനുവദിക്കില്ല.അവരുടെ കൂടെ ഡൽഹിക്ക് ചെല്ലണമെന്നു നിർബന്ധം..
ഞാൻ പോയാൽ ഈ കുട്ടി.. ആരുമില്ല.. ആരുമില്ല ഏറ്റെടുക്കാൻ.. ഉറ്റവരൊക്കെ ഉപേക്ഷിച്ചു പോയി..”
അവരുടെ ചിലമ്പിച്ച സ്വരം..

കുറച്ചു നേരം..
തണുത്ത നിശബ്ദത..
രമാദേവി എഴുന്നേറ്റു. പതിയെ വിറക്കുന്ന കാലുകളോടെ അവരുടെ മുറിയിലേക്ക് നടന്നു.
പിന്നിൽ ദത്തൻ ഉരുകിയുരുകി… അയാൾ സുമിത്രയുടെ ജഡതുല്യമായ ശരീരത്തിലേക്കു നോക്കി. കണ്ണുകൾ പൊള്ളി.. ആ കാഴ്ച കാണാനാവാതെ അയാൾ പുറത്തേക്കു ഓടി. മഴയിൽ കാറിന്റെ ഡോർ വലിച്ചു തുറന്നു ഉള്ളിലെ സീറ്റിൽ മലർന്നു കിടന്നു ശ്വാസം വലിച്ചു.
സീത.. ജീവനുള്ള ശവം.. അയാൾക്ക് തോന്നി.
അവൾ പതിയെ കാറിൽ കയറി.ഭൂതകാലത്തിന്റെ പഴുത്ത അവശേഷിപ്പുകളിൽ അവർ നാറി തുടങ്ങി.. ഒന്ന് കഴുകി കളയാൻ പറ്റിയിരുന്നെങ്കിൽ.. കണ്ണുകളിൽ പാപനാശിനി തെളിഞ്ഞു..

വഴി തെളിഞ്ഞത് തിരുനെല്ലിയിലേക്ക്… എത്തി നിന്നത് പാപനാശിനിയുടെ പടവുകളിൽ..

ഗുഹക്കുള്ളിലെ ഇരുട്ടിൽ കത്തുന്ന വിളക്കിലേക്കു നോക്കി തൊഴുതു നിന്നു കുറച്ചുനേരം.. മഴയുടെ നേർത്ത സ്വരം..തണുപ്പ്.. നനഞ്ഞു കൊണ്ടിരിക്കുകയാണ്… അറിയുന്നില്ല. നടക്കുകയാണ്… ചളിയിലൂടെ..ഇളകിയ പാറക്കല്ലുകളിൽ കാൽ തട്ടുന്നു.ഈ കഴിഞ്ഞ കാലത്തിനടയിൽ താൻ സുമിത്രയെ ഓർത്തിരുന്നുവോ…? ദത്തൻ ആലോചിച്ചു. മനഃപൂർവം മറക്കാൻ ശ്രമിച്ചു.അന്ന് ഒന്ന് കണ്ട് പറയാൻ എത്ര ശ്രമിച്ചു. നടന്നില്ല.അച്ചന്റെ വാശിക്കൊപ്പം തന്റെ വൈരാഗ്യം വളർന്നു. അച്ഛന്റെ വാക്കിനെ മകൻ തള്ളി കളയില്ലെന്നു ഒരു പക്ഷേ അച്ഛൻ വിശ്വസിച്ചിരിക്കാം. അച്ഛൻ കൊടുത്ത വാക്ക്… അമ്മയുടെ ആഗ്രഹം.. മകൻ നടത്തുമെന്ന് പാവം അമ്മയും വിശ്വസിച്ചു.. എല്ലാം താൻ മറന്നിരുന്നു. വിവാഹത്തിന് ഒരു തീയതി കുറിച്ച് കൈയിൽ തന്നിട്ടാണ് അച്ഛൻ പറയുന്നത്.ഞാൻ വാക്ക് കൊടുത്തു.അതിന്റെ അർത്ഥം നിന്റെ ഇഷ്ടം നടക്കില്ല.അച്ഛനോട് പകയാണ് തോന്നിയത്. “ഞാൻ ഒരു ആണാണ്… സ്നേഹിച്ച പെണ്ണിനെ കൈവിടില്ലെന്നു വാക്ക് കൊടുത്തവനാണ്…”
അച്ഛനോട് പൊരുതി തന്നെ നിന്നു.

സുമിത്രയെ മനസ്സിൽ എവിടെയോ കുഴിച്ചു മൂടി. തന്റെ വാക്ക് പാലിക്കപ്പെട്ടു.താനും സീതയും മാതമാണോ തെറ്റു ചെയ്തത്..? സ്നേഹിച്ച പെണ്ണിനെയെ താലി കെട്ടു എന്ന മനസ്സിന്റെ തീരുമാനം തെറ്റായിരുന്നുവോ? അറിയില്ല..
പക്ഷേ ഇവിടെ താൻ തളർന്നു പോവുകയാണ്.ഒരു ജീവന്റെ തുടിപ്പ് മാത്രം അവശേഷിപ്പിച്ചു സുമിത്ര… മനസ്സിൽ ഒരു ഉമിതീയ്യായി അതിങ്ങനെ എരിയുകയാണ്.പെരുമാളിനു മുന്നിൽ നിന്നു കൈകൂപ്പി തൊഴുതു. നടക്കൽ കണ്ണുനീർ ഇറ്റു വീഴുന്നു.സീത കരയുന്നു. തെളിഞ്ഞ വിളക്കുകൾക്കു മുന്നിലെ പെരുമാളിന്റെ മുഖം.മനസ്സിൽ എവിടെയോ തണുത്ത കാറ്റു വീശുന്നു. അമ്പലത്തിനു ചുറ്റും നടന്നു.ഭരണിയിലെ തേനിൽ അലിഞ്ഞു കിടക്കുന്ന നെല്ലിക്കകൾ.. തേനിന്റെ ഗന്ധം…. തനിക്കു തോന്നാറുണ്ട്. തിരുനെല്ലിക്കു തേനിന്റെ ഗന്ധമാണ്.നെല്ലിക്കയുടെ ഗന്ധമാണ്.വിരിഞ്ഞു നിൽക്കുന്ന നീല കനകാംബരപൂക്കളുടെ നിറമാണ്..ബ്രഹ്മഗിരിയുടെ മടിത്തട്ടിൽ ഉറങ്ങുന്ന തിരുനെല്ലി.കരിങ്കൽ പാത്തിയിലൂടെ ഒഴുകി വരുന്ന മലയോരങ്ങളിലെ തണുത്ത വെള്ളം. കൈകുമ്പിളിൽ കോരി കുറെ കുടിച്ചു.തണുപ്പ്.. മധുരം..
തിരികെ മടങ്ങണം.
താഴേക്കിറങ്ങുന്ന പടവുകളിൽ ഒന്നിൽ ഇരുന്നു.സീത ദത്തന്റെ കൈകളെ ചേർത്തു പിടിച്ചു.
ആ മുഖം ശാന്തമായിരുന്നു.
ദത്തന്റെ കണ്ണുകളിലേക്ക് നോക്കി സീത പറഞ്ഞു. “നമ്മൾ ഇവിടുന്നു യാത്ര തിരിക്കുന്നു. സുമിത്രയുടെ അടുത്തേക്ക്…അവിടുന്ന് അവളെ കൂട്ടി നമ്മൾ മടങ്ങുന്നു.. നമ്മുടെ വീട്ടിലേക്ക്.ഇനി സുമിത്ര നമ്മുടെ കൂടെ.. പ്രായശ്ചിത്തം..മനസ്സ് പറയുന്നു.അങ്ങനെ ചെയ്യാൻ..എന്നെങ്കിലും ഒരിക്കൽ ഒരു അത്ഭുതം പോലെ സുമിത്ര ഉണർന്നാൽ!!!ഞാൻ അത് ആഗ്രഹിക്കുന്നു… അങ്ങനെ ഒരു
അത്ഭുതം സംഭവിക്കാൻ പ്രാർത്ഥിച്ചു നമുക്ക് അവളെ നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുപോകാം. ശരിയല്ലേ?”..സീത ദത്തനെ നോക്കി ചോദിച്ചു.ദത്തൻ അത്ഭുതത്തോടെ സീതയെ നോക്കി. പ്രായശ്ചിത്തം.. സീതയുടെ.. ദത്തന്റെ.. പാതി വഴിയിൽ തളർന്നു പോയ ആ ജീവിതം..ആ ജീവനെ സ്വീകരിക്കുക. ദത്തൻ സീതയെ ചേർത്തു പിടിച്ചു.മഴയുടെ നനവുള്ള തണുത്ത കാറ്റു വീശി. മനസ്സിനും തണുപ്പ്. ദത്തന്റെ മുഖത്ത് നിറഞ്ഞ ആശ്വാസം.
പാപനാശിനിയിൽ മുങ്ങി നിവർന്നു.പാപഭാരം പേറിയ മനസ്സിനെ മുക്കി. ദേഹം നനഞ്ഞു. ദേഹിയും….. “പ്രായശ്ചിത്തം? “പുഴ ചോദിച്ചു.പെരുമാളിന്റെ നിശ്ചയം.മനസ്സ് തീരുമാനിച്ചു. പാപനാശിനി ചിരിച്ചു.ഒഴുകി കൊണ്ടിരുന്നു.മനസിന്റെ ഗർത്തങ്ങളിൽ എവിടെയോ ഒളിപ്പിച്ചു വച്ച പാപവും പേറി പാപനാശിനി ഒഴുകി. തിരുനെല്ലിയുടെ ഇരുണ്ട കാടുകളിലൂടെ.ഇനി മടക്കം..

നാളുകൾക്കു ശേഷം…
സുമിത്രയുടെ വായിൽ നിന്നും ഒലിച്ചിറങ്ങിയ കൊഴുത്ത വെള്ളം സീത തുടച്ചെടുക്കുമ്പോൾ ദത്തൻ ആ മെലിഞ്ഞ കൈകളിലെ തിണർത്ത പച്ചഞരമ്പുകളിൽ മെല്ലെ വിരലോടിച്ചു. അയാൾക്ക് പൊള്ളിയില്ല. കരയിൽ മരിക്കാതെ ശ്വാസം മാത്രമായി കിടക്കുന്ന ഒരു മത്സ്യത്തിന്റെ കണ്ണുകൾ.. ആ കണ്ണുകൾ തന്നെ കാണുന്നുണ്ടോ..?മാപ്പ് ചോദിച്ചു തേങ്ങുന്ന ഈ ഹൃദയം അറിയുന്നുണ്ടോ..? എന്തെങ്കിലും ഒരു ചലനം!!
ദത്തൻ… സീത വിളിച്ചു.
അയാൾ മുഖമുയർത്തി അവളെ നോക്കി. ദത്തൻ ഇവളെ സ്നേഹിക്കണം.. ആ സ്നേഹം പ്രകടിപ്പിക്കണം.എന്നെ സ്നേഹിച്ചതിനേക്കാൾ ഒരുപാട് ഒരുപാട്.. ഇനി ഈ ജന്മത്തിൽ ദത്തന് ഇവൾക്ക് കൊടുക്കാൻ അത് മാത്രമേ കഴിയൂ..”

ദത്തന്റെ കണ്ണുകൾ നിറഞ്ഞു വന്നു. അയാൾ എഴുന്നേറ്റു. സുമിത്രയുടെ മെലിഞ്ഞ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു. മാപ്പ്.. മാപ്പ്.. അയാൾ പിറുപിറുത്തു.
കരിങ്കൽഭിത്തിയിൽ വന്നടിക്കുന്ന ഒരു തിരയുടെ സ്വരം.. സുമിത്രയുടെ കണ്ണുകളിൽ നിന്നും ഒരു നീർചാൽ.. അത് ദത്തനിലേക്ക് പതിയെ ഒഴുകി പടർന്നു.

You can share this post!