നവവത്സരപതിപ്പ് 2022 /സർപ്പരതിയുംസഹസ്രദളപത്മക്കുളവും/ജി.തുളസീധരൻ ഭോപ്പാൽ

ജി.തുളസീധരൻ ഭോപ്പാൽ


രചനാസവിശേഷതകൊണ്ട് വ്യത്യസ്തത പുലർത്തുന്ന ഒരു ദാർശനിക കൃതിയാണ് എം.കെ . ‘ഹരികുമാറിൻ്റെ ‘ശ്രീനാരായണായ ‘. ആഖ്യാനശൈലിയിലും ശില്പഘടനയിലും അസാധാരണമായ കൗശലവും ധ്യാനാത്മകമായ കൈയ്യടക്കവും എല്ലാ സമ്പ്രദായങ്ങളെയും അതിലംഘിച്ചുകൊണ്ട് ,മലയാളഭാഷയെ അന്തർബോധങ്ങളുടെ ഭ്രമാത്മക പഥങ്ങളിൽ നിന്നും മോചിപ്പിക്കുന്നു.
സംവേദനശേഷിയുടെ സൗന്ദര്യം ആവശ്യപ്പെടുന്ന അനേകം ഭവ്യമുഹൂർത്തങ്ങൾ നമ്മെ ആത്മീയതയുടെ അംബരചുംബികളായ വൃക്ഷശിഖരങ്ങളിലേക്ക് ആനയിക്കുന്നുണ്ട്. ഈ കൃതിയുടെ പദാനുപദവിന്യാസത്തിലൂടെ അനാച്ഛാദനം നടത്തിയിരിക്കുന്നത് ഭാരതീയ ദർശനത്തിലെ സമഗ്രതയാണ്. എഴുത്തുകാരൻ തൻ്റെ ചുറ്റിലുമുള്ള ലോകത്ത് തേടുന്നത് തന്നെത്തന്നെയാണ്. കണ്ണാടിയിൽ എന്ന പോലുള്ള നോട്ടമല്ല ;സ്വയം അന്വേഷിച്ചു ദാഹിച്ചു വലഞ്ഞു വരുന്ന അവൻ മുന്നിൽ എത്തിപ്പെടുന്ന വസ്തുവിൽ തന്നെത്തന്നെയാണ്  കാണുന്നത്. വസ്തുക്കൾക്ക് അനന്യത ഉണ്ട് എന്ന് പറഞ്ഞാൽ ഓരോ വസ്തുവും അത് മാത്രമാണ് .ഒരു കല്ല് കല്ലല്ലാതെ മറ്റെന്താണ് ?കല്ലിന് ഒരിക്കലും വെള്ളം ആകാൻ കഴിയില്ലല്ലോ. എന്നാൽ കല്ലിൽ ഒരു ശില്പിക്ക് പല രൂപങ്ങൾ കാണാൻ കഴിയും. എഴുത്തുകാരൻ ഓരോ ജീവിയേയും തൻ്റെ  വിവേകത്തിന്റെ പരിധിയിലുള്ള മനുഷ്യാവസ്ഥയായി ദർശിക്കുന്നു. കഥപറയുമ്പോൾ പശ്ചാത്തലമായി വന്നുപോകുന്ന പക്ഷികൾക്കും നിലാവിനും ഇടവഴികൾക്കുമെല്ലാം ,മനുഷ്യാനുഭവത്തിന്റെ ഒരുമയുണ്ടാകും. മനുഷ്യവികാരങ്ങൾകൊണ്ട് എല്ലായിടവും തിങ്ങിനിറയുന്നു. തൻ്റെ  മഷിപ്പേനകൊണ്ട് എഴുത്തുകാരൻ ഇതര ലോകങ്ങളിലേക്ക് സ്വയം പ്രവേശിക്കുകയാണ്.

അസ്തിത്വം നേടുന്നു

കല്ലിൽ ഈ ലോകം മുഴുവൻ ഒളിച്ചിരിക്കുന്നുണ്ട്. അത് പക്ഷേ, സാധ്യതകളുടെ കലയാണ്. ഒരാളിൽ നിന്നും പുറപ്പെടുന്ന സംഭാഷണം മാത്രമേ നമുക്ക് കേൾക്കാനാവു.പല സംഭാഷണങ്ങൾ നിശ്ശബ്ദതയിൽ ഉണ്ടാകും .പറയുന്നത് മാത്രം അസ്തിത്വം നേടുന്നു .മറ്റെല്ലാം പിൻവാങ്ങുന്നു. അതുകൊണ്ട് അവ നിലനിൽക്കുന്നില്ല എന്ന് പറയാനാവില്ല. പറഞ്ഞതും പറയപ്പെടാത്തതും ഒരിടത്തു  തന്നെയാണുള്ളത്. (ഹരികുമാറിന്റെ വെളിപാടുകൾ)
ഇങ്ങനെ പലതായി ഇരിക്കുന്ന വസ്തുവിലേക്ക് എഴുത്തുകാരൻ നോക്കിയാൽ സ്വന്തം പ്രതിച്ഛായയാണ് കാണുന്നത്. എങ്ങനെയാണ് ജീവിക്കുന്നത് എന്ന അന്യേഷണമാണ് എല്ലാ ദർശനങ്ങളും പഠിപ്പിക്കുന്നത്.
നാരായണഗുരുവിന്റെ ദർശനത്തെ അത്യാധുനികമായ ശാസ്ത്ര ലോകത്തിൽ സ്വീകാര്യമായ ശൈലിയിൽ ലോകത്തിന് പരിചയപ്പെടുത്തി കൊടുക്കുക എന്നതാണ് തൻ്റെ ജീവിതദൗത്യമെന്ന് കണ്ടു ജീവിക്കുകയും അതിനായി ലോകയാത്രകൾ നടത്തുകയും ഗ്രന്ഥങ്ങൾ രചിക്കുകയും സ്വന്തമായി ഒരു ദാർശനികമാസിക എഡിറ്റുചെയ്ത് പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന പത്രാധിപരായ മോഹനാംഗൻ പാറശ്ശാല’വിവേകചൂഢാമണി, എന്ന തന്റെ മാഗസ്സിന്റെ വിശേഷാൽ പതിപ്പിലൂടെയാണ് ‘ശ്രീനാരായണായ ‘ എന്ന ദാർശനികനോവൽ  സഹസ്രപത്മദളം വിടർത്തി സൗരഭ്യം പരത്തുന്നത്.
ഈ കൃതിയെ എം. കെ. ഇങ്ങനെയാണ് കാണുന്നത്:”കഠിന തപസ്സിലൂടെ നാരായണഗുരു കണ്ടെത്തിയ സത്യദർശനത്തെ ലോകത്തോടു അവരുടെ ഭാഷയിൽ സംവദിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. ഇത് ഒരു സൗന്ദര്യാന്വേഷണമാണ്. ഇത് ഒരു നവീന ക്രാഫ്റ്റാണ്. ഇത് ഇങ്ങനയേ എഴുതാനൊക്കൂ .ഇതിൽ ഋജുവായ ഒരു കഥയില്ല. തുടക്കമോ ഒടുക്കമോയില്ല. ആദ്യം മുതൽ അവസാനം വരെയുള്ള കഥാപാത്രങ്ങളില്ല. കഥ പറയാൻ ഒരാളില്ല. ഇതിൽ എല്ലാ അദ്ധ്യായങ്ങളിലും ഗുരുവുണ്ട്. എന്നാൽ ഗുരു ജീവചരിത്രകാരന്മാരുടെ ഗുരുവായല്ല ഇതിൽ പ്രത്യക്ഷപ്പെടുന്നത്. ഗുരുവിന്റെ പുറംലോകജീവിതം ഇവിടെയില്ല. ഗുരുവിന്റെ മറ്റൊരു ജീവിതമാണിത്. അത് ഗുരുവിനെ അനുഭവിപ്പിക്കുന്നതിനാണ് ശ്രമിക്കുന്നത് “.

പതിനഞ്ചു പേരെയും ഇവിടെ പരിചയപ്പെടുത്തുന്നു

‘ശ്രീനാരായണായ ‘യിൽ പ്രഗത്ഭമതികളായ , സത്യാന്വേഷികളായ ,പതിനഞ്ച് സാങ്കല്പിക എഴുത്തുകാരാണ് പങ്കെടുക്കുന്നത്. ഈ പതിനഞ്ച് എഴുത്തുകാരുടെ തിരഞ്ഞെടുപ്പിലൂടെ വലിയ ഒരു സന്ദേശമാണ് എം .കെ .മുമ്പോട്ടു വയ്ക്കുന്നത്. ഇവർ സ്ഥലകാല ,സമുദായ ബന്ധവിമോചിതരാണ്. പേര് കൊണ്ട് ഞാൻ ഞാനല്ലാതായി മാറുന്ന ഈ പരിസരത്തു നിന്ന് അവരവരുടെ സ്വത്വത്തെ അതായി നിലനിർത്തുന്നു എന്നതാണ് ആ പ്രത്യേകത. ‘വിവേകചൂഡാമണി’ എന്ന വിശേഷാൽപ്രതിയിലൂടെ പുതിയ ദർശനമഹിമയെ അവതരിപ്പിക്കാൻ നിയോഗിച്ചിരിക്കുന്ന ആ പതിനഞ്ചു പേരെയും ഇവിടെ പരിചയപ്പെടുത്തുന്നു:കെവിഎസ് പുത്രൻ (പകൽ സൂര്യരഥങ്ങൾ ദൂരേക്ക് ,പ്രതീതിയുടെ പൂക്കളം ), ആനന്ദൻ തിരുമുല്പാട് ( ആത്മീയമായ നിരാഹാരം ,ഏകാന്തതയുടെ ആയിരം അടരുകൾ), സി ഹേലി  (മരക്കൂട്ടത്തിന്റെ കറുപ്പും ആകാശത്തെ പറ്റിയുള്ള ദിവ്യ വിശേഷങ്ങളും) ,വില്യം ചെങ്ങന്നൂർ (താമരയുടെ ഇതളുകൾ ഏതോ സത്യത്തിനു കാവൽ നിൽക്കുന്നു) ,എൻ.എ.വി. ബഷീർ (നിർമ്മിച്ച ശില്പങ്ങൾക്ക് പിറകിൽ അദൃശ്യശില്പങ്ങൾ വേറെയും ),കെ. എസ് ഫിലിപ്പോസ് (സർവ്വമതങ്ങളിലും വിശ്വസിക്കുന്ന സത്യാന്വേഷികളായ ദൈവങ്ങൾ) ,സി. രാമവർമ്മ ഭക്തൻ തമ്പുരാൻ (ഒരറിവ് സ്വയം നിരസിച്ച്  മറ്റൊന്നായി സ്വയം നിർമിക്കുന്നു ),എം.പി .നാഗരികൻ (കടൽ അതിൻ്റെ  സൗന്ദര്യത്തെ മായയിലും സ്പഷ്ടമാക്കുന്നു ),എം .പത്മനാഭൻ (രസപ്പെയ്ത്തുമായി മായയുടെ സഹസ്രദലങ്ങൾ) , ടി .എസ്. കോട്ടുകോയിക്കൽ (ആകാശത്തെ ലക്ഷ്യമാക്കി ആ മരങ്ങൾ തഴച്ചു വളരുകയാണ് ),ആർ. വി .ചെന്താമരാക്ഷൻ (നിഷ്ക്കാമമായ ആത്മനിവേദനം അംബരാന്തങ്ങളിലേക്ക്) ,കെ.പി .പത്രോസ് (വസ്തുവിന്റെ ഉള്ളിലെ അറിവാകുന്ന സർപ്പം ),എൻ .എച്ച് .നരേന്ദ്ര വർമ്മ (ഞാനുണ്ടായിരുന്നു ,അതേസമയം ഞാൻ മാത്രമല്ലായിരുന്നു ), മാവേലിക്കര ലളിതാംബിക (കാറ്റിനു ഭേദചിന്ത ഇല്ല ,അത് ശിവമായി നമുക്ക് ഇടയിലൂടെ ഒഴുകുന്നു) ,പിറവം ഇ .ഭാസ്കരമേനോൻ (ശൂന്യമായ പാത്രങ്ങളിൽ നമ്മളെ തന്നെ നിറയ്ക്കാം ),ഇവരാണ് ആ പതിനഞ്ച് എഴുത്തുകാർ . ഇവരാണ് ഗുരുവിനൊപ്പം സഞ്ചരിച്ച് മനഷ്യാസ്തിത്വത്തിന്റെ അപാരതയെക്കുറിച്ചുള്ള അനുഭവങ്ങൾ കണ്ടെത്തി മോഹനാംഗൻ പാറശാലയെ അറിയിക്കുന്നത്.
വിശാലമായ തൻ്റെ പണിപ്പുരയിൽ ഇരുന്നുകൊണ്ട് പതിനഞ്ച് കഥകളും പരിശോധിക്കുകയാണ് പത്രാധിപർ മോഹനാംഗൻ .ഓരോ രചനയും  വ്യത്യസ്ത കാഴ്ചപ്പാടുകളിലൂടെയാണ് ഗുരുവിലേക്ക് അടുക്കുന്നത്. ഭാരതീയ ദർശനങ്ങൾക്ക് ഭാഷ്യങ്ങൾ ചമച്ച ശങ്കരാചാര്യരോ, രാമാനുജാചാര്യരോ, അരവിന്ദ മഹർഷിയോ, ഡോക്ടർ രാധാകൃഷ്ണനേയോ, അവിടെയില്ല.   മഹർഷി ശ്രീനാരായണഗുരുവും മഹർഷി ബാദരായണനും മാത്രം. കെ.വി.എസ് പുത്രൻ്റെ  ‘ കണ്ടെത്തലുകളാണ് ആദ്യം പരിശോധിച്ചത് .
വേദാന്തദർശനം ആത്യന്തികമായി ചെയ്യുന്നത് ജീവിതത്തെയും പ്രപഞ്ചത്തെയും സംബന്ധിക്കുന്ന സമഗ്രമായ അറിവ് ഉണ്ടാക്കിത്തരുക എന്നതാണല്ലോ. പ്രപഞ്ചവും ജീവിതവും ഒരു വ്യവസ്ഥയുമില്ലാത്തതല്ല ; സുവ്യവസ്ഥിതമാണ്.ആ വ്യവസ്ഥ യുക്തിപൂർവ്വം വ്യാഖ്യാനിക്കാവുന്നത ല്ലെങ്കിലും .മാത്രമല്ല ,പ്രപഞ്ചപ്രവാഹവും അതിജീവിതപ്രവാഹവും നിശ്ചലമല്ല ; സജീവവും ഗതീയവുമാണ്. അങ്ങനെയുള്ള പ്രപഞ്ചത്തെയും ജീവിതത്തെയും സംബന്ധിക്കുന്ന സമഗ്രമായ അറിവും അതേ സംരൂപരചനയും സജീവതയും നാം ശ്രദ്ധിക്കണം. അങ്ങനെയല്ലാത്ത ശാസ്ത്രം സത്യത്തെ പൂർണ്ണമായി വ്യഞ്ജിപ്പിക്കുകയില്ല. 

അറിവിലുമേറിയ അറിവായി
മോഹനാംഗൻ പാഠശാലയുടെ ഉപദേശങ്ങൾ ഓരോന്നും കേവിയെസ്സിന്റെ മേധയിൽ പുഷ്പിച്ചു നിൽക്കുന്ന നീലാംബരച്ചെടി പോലെയാണ്. ശ്രീനാരായണ ഗുരുകുലത്തിലെ ഋഷിതുല്ല്യനായ മുനിനാരായപ്രസാദ് വേദാന്തത്തിന് ഒരാമുഖം എഴുതിയതിൽ ഇങ്ങനെ പറയുന്നു:”ഭാരതീയ ജ്ഞാനതരുവിൽ ഉപനിഷത്തിനെക്കാൾ സുന്ദരമായ പൂവില്ല. വേദാന്തത്തേക്കാൾ മാധുര്യമുള്ള കനിയുമില്ല. വേദാന്തം അതിന്റെ നിർമ്മലമായ രൂപത്തിൽ സംശുദ്ധമായ സദാചാരത്തിലുള്ള ഏറ്റവും ശക്തമായ താങ്ങാണ്. ജീവിതദുഃഖത്തിനും മരണദു:ഖത്തിനും അത് ഏറ്റവും വലിയ ആശ്വാസമരുളുന്നു. ഭാരതീയരേ അതിനെ കൈ വെടിയതെ കാത്തു കൊള്ളുക ” . ഭാരതീയ സംസ്കാരത്തെ വളരെയധികം സ്നേഹിച്ചിരുന്ന പാശ്ചാത്യ ചിന്തകനായ പോൾ ഡോയിസന്റെ വാക്കുകളാണിത്. ജീവിതത്തെയും പ്രപഞ്ചത്തെയും സംബന്ധിക്കുന്ന സമഗ്രമായ ഒരു കാഴ്ചപ്പാടാണ് ഉപനിഷത്തുക്കളിലുള്ളത്. ആ ദർശനം ഉരുത്തിരിഞ്ഞു വന്നിട്ട് സഹസ്രാബ്ധങ്ങൾ പലതുകഴിഞ്ഞു. അക്കാലത്തു ശാസ്ത്രാവബോധത്തേയും പ്രതിപാദനശൈലിയെയും അവലംബിച്ചുകൊണ്ടാണ് ഋഷിമാർ ആദർശനത്തെ ഉപനിഷത്തുകളിൽ വാങ്ങ്മയമായി അവതരിപ്പിച്ചത്.മോഹനാംഗന്റെ വാക്കുകൾ കേവിയെസ്സിനെ മഥിക്കാൻ തുടങ്ങിയിരുന്നു.”ഗുരുവിനെ അറിയുന്നതിന് ഗുരു കൃതികൾ പഠിക്കണം”, “ഗുരുകൃതികൾ പഠിക്കണമെങ്കിൽ വൃതശുദ്ധിയോടെ ഗുരുവിനെ മനസ്സിൽ  ധ്യാനിക്കണം”,അങ്ങനെ ധ്യാനത്തിൽ ഗുരു ദർശിച്ചാൽ പിന്നെ ഗുരു നിൻ്റെ യുള്ളിൽ അറിവിലുമേറിയ അറിവായി പ്രശോഭിക്കും. അപ്പോൾ നീ ഗുരുവിലായിരിക്കും .ഗുരു നിന്നുള്ളിൽ ആയിരിക്കും ” .”ആ അനുഭവം അറിഞ്ഞാൽ പിന്നെ എഴുത്ത് ആരംഭിക്കാം” .ഈ വാക്കുകൾ മറക്കാൻ പറ്റുന്നില്ല. മോഹനാംഗന്റെ വാക്കുകൾ കർപ്പൂരദീപംപോലെ മനസ്സിൽ കത്തുന്നു. കെ.വി.എസ് പുത്രൻ ഗുരുവിൻ്റെ  പാത പിന്തുടരാൻ മരുത്വാമലയിലേക്ക് യാത്ര ആരംഭിക്കുന്നു. അവിടെനിന്നാണ് ആദ്യത്തെ അധ്യായം ആരംഭിക്കുന്നത്. ഗുരുവിനെ ധ്യാനിച്ചുകൊണ്ട് , ഗുരുകൃതികൾ പഠിച്ചതിനുശേഷമാണ് മരുത്വമലയിലേക്കുള്ള ‘യാത്ര ആരംഭിച്ചത്. ഗുരുവിൻ്റെ ‘ദൈവദശക ‘ത്തിലെ ദൈവത്തെ അന്വേഷിക്കുന്ന ഒരു വിദ്യാർത്ഥിയായിട്ടാണ് യുവയോഗിയായ ഗുരുവിനെ സ്വീകരിക്കേണ്ടത് : യോഗഗുരു പറയുന്നു: നീ സത്യം ജ്ഞാനമാനന്ദംനീ തന്നെ വർത്തമാനവും ഭൂതവും ഭാവിയും വേറല്ലോതും മൊഴിയുമോർക്കിൽ നീ !
ഹരികുമാർ എഴുതുന്നു :”എങ്ങനെയാണ് സത്യവും ജ്ഞാനവും വാക്കും പ്രവൃത്തിയും ഭൂതവും ഭാവിയും വർത്തമാനവും എല്ലാം ഒരാൾ ആയിരിക്കുന്നത് ?അങ്ങനെ ഭേദമില്ലാത്ത ലോകത്ത് നാമെങ്ങനെ വേർപെട്ടു ജീവിക്കുന്നു. ? അവിടെയാണ് ദൈവികതയുടെ ഡൈനാമിസം പ്രവർത്തിക്കുന്നത്. ജ്ഞാനവും വാക്കും അവിടുന്നാണ്. അവിടുന്ന് സൃഷ്ടിയും ആണ് . അവിടുന്ന് സൃഷ്ടിക്കുന്ന നാമോരോരുത്തരും പരമമായ അറിവാണ്. എങ്കിൽ ആ വാക്കിൻ്റെ  അർത്ഥം എത്രമാത്രം പവിത്രമായിരിക്കണം. നമ്മുടെ ജ്ഞാനത്തെ ഏറ്റവും ഉയർന്ന വിതാനത്തിൽ എത്തിക്കുന്നതിന് ആവശ്യമായ വാക്കാണ് ചേരുന്നത്. അപ്പോഴാണ് ജ്ഞാനം എന്ന നിലയിലും, സത്യം എന്ന നിലയിലും, നാം മനസ്സിലാക്കുന്നത് എല്ലാം ഒന്നായി തീരുന്നത്. നമുക്കെല്ലാം ജീവിതത്തിലെ കാര്യങ്ങൾ അറിയാം . ശരിയേത് തെറ്റേത് എന്ന് അറിയാം. മറ്റുള്ളവരുടെ കാര്യത്തിലാണെങ്കിൽ കാര്യഗൗരവം വളരെ കൂടുതലാണ്. തെറ്റുകളെ കുറിച്ചുള്ള അവബോധം അന്യരുടെ ജീവിതത്തിൽ ആണെങ്കിൽ ഇരട്ടിക്കും.സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ട സംഗതി ആണെങ്കിൽ, നന്മയുടെ ചിന്ത വരുക അപൂർവ്വമായിരിക്കും .എല്ലാ അറിവുകളുമുള്ള നാം വലിയ വഞ്ചകരും ,നന്ദി ഇല്ലാത്തവരുമായി മാറുന്നത് ,ദുരൂഹമായ സാഹചര്യത്തിലാണ്. നൊടി നേരംകൊണ്ട് അഹങ്കാരം തിളച്ചുപൊന്തും . നമ്മെ അന്ധകാരത്തിലേക്ക് വലിച്ചെറിയുന്നു. ഗുരു പറയുന്നത് അറിവുണ്ടെങ്കിൽ അത് ജ്ഞാനമായി പ്രായോഗികതലത്തിൽ എത്തണമെന്നാണ്. നമുക്ക് അറിവ് ഉണ്ടായിരിക്കുകയും അതിനു വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്താൽ ജ്ഞാനം ആകുമോ ? ബോധ്യത്തിനപ്പുറം പ്രായോഗികമായി എത്താനുള്ള ഇച്ഛാശക്തിയാണ് വേണ്ടത് “(ദൈവദശകത്തിലെ ദൈവം – ഹരികുമാർ .)

“പകൽ സൂര്യ രഥങ്ങൾ ദൂരേക്ക് പ്രീതിയുടെ പൂക്കളും ” .നോവൽ ഭാഗം
മരുത്വാമലയിലേക്ക് കയറിയ ഗുരുവിന് അവിടെ ഒരു വഴി ഇല്ലാതിരുന്നത് ക്ലേശമൊന്നും ഉണ്ടാക്കിയില്ല. വഴി മണ്ണിലല്ല മനസ്സിലാണെന്ന് തോന്നിയിരിക്കണം. വഴികൾ മനസ്സിൽ പുതഞ്ഞു പോകുന്നതിനെ അജ്ഞാതമെന്നു പറയാം .ഉള്ളിൽ എത്രയോ കാലമായി ചില വഴികൾ മണ്ണിനടിയിൽ എന്നപോലെ ശേഷിക്കുന്നു. ആരും നടക്കാൻ വരുന്നില്ല .അതുകൊണ്ട് ആരും വെട്ടിത്തെളിയ്ക്കുന്നില്ല. അതങ്ങനെ അജ്ഞാതമായി കഴിയുകയാണ്. പുരാതന വനങ്ങളിൽ കണ്ടെത്തപ്പെടാറുള്ള ഭീമാകാര ജീവികളുടേത് എന്ന് സംശയിക്കാവുന്ന കാൽപ്പാടുകൾപോലെ ആ വഴികൾ പിന്നീട് നമ്മെ വിസ്മയിപ്പിക്കാവുന്നതാണ് .നാം എത്തണമെങ്കിൽ പൊതുവായി എല്ലാവരും പങ്കുവയ്ക്കുന്ന അറിവുകളുടെ ചന്തയിൽ നിന്ന് കുതറിമാറേണ്ടിവരും. അങ്ങനെ ഒരു ഭ്രാന്തമായ വഴിത്തിരിവിലൂടെ ഒരാൾ ഓടിക്കിതച്ചെത്തുന്നത് അവനവൻ്റെ  തന്നെ ഭയാനകമായ ഒരു അധോലോകത്തായിരിക്കും .എപ്പോഴും ഈ അഗാധമായ താഴ്വര നമ്മോടൊപ്പമുണ്ട്. അതിനെ ശാന്തമായി ഉറങ്ങാൻ വിട്ടിട്ടാണ് നാം ശാന്തിയെകുറിച്ച് പറയുന്നത് .നാം സമാധാനമായി ഇരിക്കുന്നു എന്ന് ചിന്തിക്കുമ്പോഴും നമ്മുടെ ആഴങ്ങളിലെ ആ ഇരുണ്ട താഴ്‌വര അത്ര ശാന്തം ആയിരിക്കില്ല. അതിനെപ്പറ്റി നാം അറിയുന്നില്ലാ യിരിക്കാം .

പൊയ്കയിലെ താമരയിൽ
ഗുരു മനസ്സിൻ്റെ ആ പ്രതലത്തിൽ കൂടി നടന്നു .അതാണ് വഴിയായിത്തീർന്നത്. മലയിലെ വഴി എന്തിന് തിരയണം.? മനസ്സെന്ന മലയിലെ വഴി ഉണ്ടല്ലോ. കാട്ടുപുല്ലുകളും മുള്ളുകളും മനസ്സിൽ നിന്ന് ചാടിയപോലെ പ്രത്യക്ഷമാകുകയും പിന്നോട്ട് പോവുകയും ചെയ്തു .ഏതു സ്ഥലത്തും ഒരാൾ വിചാരിച്ചാൽ അവിടെ  വസിക്കാൻ കഴിയും. വെള്ളത്തിൽ പോലും ജീവിക്കാം. അതിനർത്ഥം അവർ വെള്ളത്തിൽ വെറുതെ പൊങ്ങിക്കിടക്കുന്നു എന്നല്ല. മനസ്സിനുള്ളിലെ അത്യഗാധമായ പൊയ്കയിൽ ജീവിക്കുന്നതുപോലെയാണ് .ആ പൊയ്കയിലെ താമരയിൽ വസിക്കുക എത്ര ആഹ്ലാദകരമാണ്! പക്ഷേ അങ്ങനെയൊരു ജീവിതം നമുക്ക് തന്നെ നേരിൽ കണ്ട് ആസ്വദിക്കാനാവില്ല .അതിൻ്റെ  സൗന്ദര്യം നമ്മോടൊപ്പമുണ്ട്. അതിൽ നിന്നും മാറി നിന്ന് ഒരു സർപ്പത്തേയോ, ചന്ദ്രബിംബത്തേയോ കാണുന്നപോലെ അല്ല ആ താമരയില വാസം.കേവിയെസ്സ് യുവയോഗിയുമൊത്ത് മരുത്വാമലയിലെ ചോലമരങ്ങളെക്കുറിച്ചും ഔഷധ സസ്യങ്ങളെക്കുറിച്ചും കുഞ്ഞരുവികളെക്കുറിച്ചും ചാറ്റമഴയെക്കുറിച്ചും കാറ്റിലുലയുന്ന വൃക്ഷത്തലപ്പുകളിൽ മൊട്ടിട്ടു വരുന്ന ജീവന്റെ തുടിപ്പുകളെക്കുറിച്ചുമൊക്കെ സംസാരിച്ചു.മഴ പെയ്ത് ഒഴുകിയത് ആ മലയുടെ ഉച്ചിയിൽ നിന്നായിരുന്നു. വെള്ളം കറ്റകൾ പോലെ അടുക്കിവയ്ക്കാവുന്നതായി തോന്നി. മലയിലെ ഉരുളൻ കല്ലുകൾക്ക് മേൽ അത് പലരുപങ്ങൾ ആവാഹിച്ച് അഭൗമമായ ലീലയായി ഒഴുകിക്കൊണ്ടിരുന്നു. വെള്ളം കാടുകളിൽ സഹസ്രഫണം വിടർത്തി രതിഘോഷയാത്ര നടത്തി. കെ .വി .എസ്സും ഗുരുവും ധ്യാനത്തിൽ മുഴുകി.യുവാവായ ഗുരുവിനോടൊപ്പം യുവാവായ കെ.വി.എസ്സ് പുത്രനും മരുത്വാമലയിൽ തപസിലും ധ്യാനത്തിലുമായി ഋതുഭേദങ്ങൾ കണ്ട് വളരെക്കാലം കഴിച്ചു കൂട്ടി.

ഭൂതകാലം
മരുത്വാമലയിൽ കാലം കാറ്റായി വീശി .വെള്ളം ഒഴുകിയ പാടുകൾ അവശേഷിപ്പിച്ചുകൊണ്ട് പകൽ സൂര്യഗ്രഹങ്ങൾ ദൂരെ ഓടിപ്പോയി. വരാനിരിക്കുന്ന സന്ധ്യയുടെ തണുത്ത സാന്നിധ്യം എവിടെയോ ഘനസ്പർശമാ കുന്നു .ഓർമ്മകളോ ഗതകാല തുരുത്തുകളോ മാടിവിളിക്കാത്ത തുരുത്തായിരുന്നു. സ്വമേധയാ ഭൂതകാലം അവിടുന്ന് ഇറങ്ങി പോവുകയായിരുന്നു. ഉറ്റവരെയും ഉടയവരെയും തേടി പോയതല്ല ദീർഘകാലമായി ഒരിടത്ത് തന്നെ കഴിയേണ്ടി വരുന്നതിന്റെ വ്യർത്ഥതയിൽ ആ കുന്ന് നിയന്ത്രണാതീതമായ അസ്വസ്ഥതയിലായിരുന്നു .ആ കുന്നിന് അതിൻ്റെ ഗതകാലം ഒരു  ചുമട് പോലെ ആയിത്തീർന്നു. അത് വർത്തമാനത്തിനും ഭൂതത്തിനുമിടയിൽ ഒരു നിലപാടില്ലാതെ വ്യസനിക്കുകയായിരുന്നു . ഭാഗികമായി ചില വൈകാരികപ്രശ്നങ്ങൾ മാത്രം .ഒരു ആത്മകഥയില്ലാതെ മരുത്വാമല വിഷാദിക്കുന്നു .ആ കുറവാണ് യുവാവ് നിറവേറ്റിക്കൊടുത്തത്.
കെ. വി .എസ് .പുത്രൻ എന്ന പ്രശസ്ത എഴുത്തുകാരൻ മരുത്വാമലയിലെ യുവയോഗിയുമായി  കഴിയുന്ന നാളുകൾ അവസാനിക്കുന്നത് ഇങ്ങനെയാണ്. മരുത്വാമലയിലെത്തിയ രണ്ട് യുവ യോഗീശ്വരന്മാരെ മലയുടെ വിചിത്രമായ ഇടപെടലുകൾ  അത്ഭുതപ്പെടുത്തി. മലയും പുഴയും കാട്ടരുവികളും വലിയ ഉരുളൻ പാറകളും ഔഷധ സസ്യങ്ങളും മലയിലെ സകല ജീവജാലങ്ങളും പരസ്പരം സംവദിക്കുന്നത് അവർക്കു മാത്രം മനസ്സിലാകുന്ന പ്രകൃതിയുടെ ഭാഷയിലാണ്. ഭാഷ അങ്ങനെയാണല്ലോ. ശവത്തിനു മറ്റൊരു ശവത്തിനോടുപോലും സംവദിക്കാൻ ഭാഷയുണ്ട്.     ഇതെല്ലാം കേട്ട് അത്ഭുതപരതന്ത്രനായി നിന്ന് കെ. വി.എസ്. പുത്രൻ ഒരു നിഗമനത്തിലെത്തുന്നത് ഇങ്ങനെയാണ്: ” ഇതാണ് അദ്വൈതം “. ഇത് ആദ്യമായി പിറവിയെടുക്കുന്നത് ഗുരുദേവനിലൂടെയാണ്. 

അവർ തമ്മിലുള്ള സംഭാഷണം

അപ്പോഴാണ് രണ്ടു യുവയോഗികൾ വ്രതയും ശതയും യോഗിവര്യനായ ഗുരുവിനെ തേടി മരുത്വാമലയിലെത്തുന്നത്. അവർ തമ്മിലുള്ള സംഭാഷണം വളരെ  ശ്രദ്ധേയമാണ്. അവർ ഗുരു സവിധത്തിൽ ഒന്നിച്ചു കഴിഞ്ഞു. അവരുടെ സംഭാഷണത്തിന്റെ പ്രസക്തഭാഗത്തോടുകൂടി ഈ സർപ്പരതി ഇവിടെ അവസാനിക്കുകയാണ്.അവരുടെ സംഭാഷണത്തിന്റെ രത്ന ചുരുക്കം ഇങ്ങനെയാണ് :

വ്രത :ജീവികൾക്ക് ഒരു പൊരുളായി മാറാൻ കഴിയുമെങ്കിൽ അത് പ്രാപഞ്ചികമായ സംസാരത്തിൽനിന്ന് ഭിന്നമായി നിൽക്കാൻ പര്യാപ്തമല്ല. എല്ലാറ്റിന്റെയും താളം ഒരു മഹാ ചലനവുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുകയാണ്.  ചലനത്തിലേക്കുള്ള തന്ത്രികൾ മാത്രമാണ് വസ്തുക്കൾ .അവയിൽനിന്ന് വേറിട്ട ഒന്നും തന്നെ ഉണ്ടാവാൻ തരമില്ല. ആ ഒരു അന്തിമ ചലനം അഥവാ സംഘാത്മകമായ സാരം മാത്രമേയുള്ളൂ. ഇതാണ് അദ്വൈതം. ഭിന്നതകൾ എല്ലാം രൂപാധിഷ്ഠിതമാണ്. തോന്നലുകളും ആശയങ്ങളും ഭിന്നതയെ പ്രതീകവല്ക്കരിക്കുന്നുണ്ടാകാം .പക്ഷേ ആ ഭിന്നതകൾ എങ്ങും എത്തുന്നില്ല അത് നമ്മുടെ താത്കാലികമായ ഭ്രമം മാത്രമാണ്. 

അദ്വൈതം

ശത :അദ്വൈതം എന്നത് വളരെ രഹസ്യാത്മകമായ, അപാരമായ ഒരു ഉൺമയുടെ സവിശേഷത എന്നതാണല്ലോ താങ്കൾ പറയുന്നത്. അതായത് അങ്ങനെയുള്ള ഒരു ഔന്നിത്യം എല്ലാ വസ്തുവിന്റെയും തലയ്ക്കുമുകളിലുണ്ട് .അതിൽനിന്ന് വേറിട്ടതായി യാതൊന്നുമില്ലെന്ന്, മനസ്സിലും പ്രപഞ്ചത്തിലുമുള്ളതിന് തമ്മിൽ വ്യത്യാസവുമില്ല. എല്ലാം ഒന്നാണ്. എന്നാൽ ഇതിൽ കുറേക്കൂടി വ്യക്തമായ ഒരു വീക്ഷണം നല്കാനാണ് ഞാൻ ഒരു വസ്തുവിന്റെയും വിധി ആയ ഒരു പൊരുൾ എന്ന സിദ്ധാന്തം അവതരിപ്പിക്കുന്നത് .എത് പരിത്യക്തമായ അവസ്ഥയിലും വസ്തുവിനു ഒരു അസ്തിത്വമുണ്ട്, പൊരുളുണ്ട്. മറ്റൊന്നിനാൽ അത് നിഷ്കാസിതമാകുന്നില്ല. മറ്റൊന്നിന്റെ ഭാഗമായ സാന്നിധ്യമായതുകൊണ്ട് അതിനു സ്വയം പൊരുളാകാതിരിക്കുക എന്ന് വിധി ഏറ്റെടുക്കാനാവില്ല. സ്വയം ഒരു പദാർത്ഥമോ, ചിന്തയോ , പൊരുളോ ആവുക എന്നതാണ് വസ്തുവിന്റെ ലക്ഷ്യം. അതിനപ്പുറത്തേക്ക് നോക്കിയിട്ടും കാര്യമില്ല. തീർച്ചയായും ചില ലോലവും സൂക്ഷ്മവുമായ ഐന്ദ്രിയ വിനിമയങ്ങൾ ഉണ്ട് .പക്ഷേ അതൊന്നും തന്നെ യഥാർത്ഥ പ്രകൃതിയെ അറിയാനുള്ള വിദ്യകളുമല്ല. അവയൊന്നും നേരിട്ട് നമ്മെ അഭിസംബോധന ചെയ്യുന്നില്ല .നമ്മുടെ ആർജ്ജിത ജ്ഞാനത്തിന്റെ സ്വാഭാവിക ഫലമാണ് ആ വിനിമയം .

വൃത: സങ്കടം ഒരു വികാരമാണ്

ശത :സങ്കടം അതിൻ്റെ പൂർണ്ണതയിൽ മറ്റൊന്നാവില്ല .അതുകൊണ്ട് അതിൽ നിന്ന് ഭിന്നമായ യാതൊന്നും അവിടെ നിലനിൽക്കുന്നില്ല. അത് സ്വയം ഒരുണ്മയാണ് .അത് മറ്റൊന്നുമല്ല. സ്വയം പ്രതിനിധാനം ചെയ്യുകയാണ്. എന്തിനുവേണ്ടി അങ്ങനെ ചെയ്യുന്നത് എന്ന് ചോദിച്ചാൽ അതിന് വേറെ ഒന്നും അറിയില്ല. അത് കേവലാവസ്ഥയിൽ മറ്റൊരു ഗുണവും ഉൾക്കൊള്ളുന്നില്ല. സങ്കടപ്പെടുകയാണെന്ന് പോലും അറിയില്ല .വ്രത :പൊരുൾ സഞ്ചരിക്കുകയോ ?.? അത് പൊരുളായിരിക്കുന്നിടത്തോളം അതിന്മഹത്തായ പ്രപഞ്ചസംവിധാനത്തിൽ അതിൻ്റെ നിയന്ത്രണവ്യൂഹത്തിൽ നിന്നു മാറി വേറിട്ട് സ്വന്തമായി എങ്ങനെ നിൽക്കാനാവും.? അത്തരം അസ്തിത്വം ഉണ്ടാവുക അസാധ്യമാണ്. ഇങ്ങനെവ്രതയുടെയും ശതയുടേയും സംഭാഷണം തുടരുകയാണ്.
മോഹനാംഗൻ പാറശ്ശാല എന്ന പത്രാധിപർ ആ ലേഖനം വായിച്ച് അവസാനിപ്പിക്കുകയാണ്.

home

You can share this post!