നവവത്സരപതിപ്പ് 2022 /മലയാള രൂപവതി/മുരളി കുളപ്പുള്ളി

 

ഹരിത വനത്തിൻ തുഷാര കമ്പളം
പതിയേ നീക്കി അർക്ക കരങ്ങൾ

പുഴകൾ കളരവ നാദമുണർത്തി
കിളികൾ കൂജന ഗാനമുയർത്തി

വളളം കളിയുടെ ശീലുകൾ പാടും
കേരം തിങ്ങിയ മാമലനാട്ടിൽ

അങ്കുലി മുദ്രകൾ ഭാവരസത്താൽ
പകർന്നാടുന്നൊരു കലയുടെ നാടേ

അക്ഷര തരുവിൻ തുഞ്ചത്തേറിയ,
തുഞ്ചൻ പിറന്നൊരു മലനാടേ

കഞ്ചുകമണിഞ്ഞൊരു കുഞ്ചിത നടന,
തുള്ളലൊരുക്കിയ കുഞ്ചൻ നാടേ …

കള-കള മൊഴുകും നിളയുടെ കാതിൽ
കവിതകൾ പാടിയ വള്ളത്തോളും

കണ്ണീർ കവിത പുഴകൾ തീർത്തൊരു
ചങ്ങമ്പുഴയുടെ അക്ഷര നാട്

വിപ്ലവ കവിത ധ്വനികൾ മുഴക്കിയ
വയലാറെന്നൊരു കവിയുടെ നാട്

ചെറുശ്ശേരിയ്ക്കൊരു പ്രാസവുമായി
ഇടശ്ശേരി കവി പിറന്നൊരു നാട് !

ആശാൻ, ഉള്ളൂർ, ജി.ശങ്കരനും,
ജന്മം കൊണ്ടൊരു പുണ്യമാം നാട് !

ആദി ശങ്കര നയ്യങ്കാളിയും,
ചട്ടമ്പി സ്വാമി, നാരായണ ഗുരു,

നവ സന്ദേശം നമുക്ക് നൽകിയ
മലയാളക്കര ഉത്തമ പുരുഷർ !

പുണ്യ ക്ഷേത്ര മതനവധി നിറകതിർ
ചൊരിയും, മണ്ണിതു മാമലനാട്

സാഹോദര്യ പര്യായമായ്
ഇതര മതസ്ഥർ വാഴും നാട്

വാളുകളാൽ പടപൊരുതിയ ചേകവർ
സ്മരണകളുണർത്തും തിരുന്നാവായും

വർഷം പെയ്യും ഞാറ്റു വേലകൾ ,
സമൃദ്ധിയൊരുക്കും കർഷക ഹൃദയം !

വർഗ്ഗ സമത്വ പാതയിലെന്നും
ആഘോഷങ്ങൾ ഉണർത്തിയ നാട്

പൂതൻ തിറ ,തെയ്യം ,മേളക്കൂത്ത് ,
ആനപ്പുറമൊരുക്കിയ ഉത്സവനാട് !

സഹ്യ സ്തനമതു , വൃക്ഷ ലതകളാൽ
മാറുമറച്ചും, മഞ്ഞു പുതച്ചും,

സമതല നാഭീത്താഴേ പുഴയാൽ
വെളളിയരഞ്ഞാണമണിഞ്ഞൊരു സുന്ദരി !

വയലിൻ പച്ചച്ചേലയണിഞ്ഞ്
മുക്കുറ്റിപ്പൂ കാതിലണിഞ്ഞും

ആരും കണ്ടാൽ മോഹിയ്ക്കുന്നൊരു
വസന്ത തിലകമണിഞ്ഞൊരു സുന്ദരി!

home

You can share this post!