നവവത്സരപതിപ്പ് 2022 /കടം/റഹിം പേരേപറമ്പിൽ


ഇത്തിരി മഴ
എടുത്തു വച്ചിട്ടുണ്ട്;
മുൾവേനലിൽ മുറിവൊഴുകുന്നത്
ആരും കാണാതിരിക്കാൻ!

ഇത്തിരി വേനൽ
സൂക്ഷിച്ച് വച്ചിട്ടുണ്ട്;
പെരുമഴയിൽ
ഹൃദയംവേവുമ്പോൾ
പീലി വിടർത്തുന്ന
രക്ത വനങ്ങളെ
നിലയ്ക്ക് നിർത്താൻ!

ഇത്തിരി പൂക്കാലം
കരുതിവച്ചിട്ടുണ്ട്;
മരിക്കും മുമ്പ്
എന്നെങ്കിലും
നിന്നെ കണ്ടാൽ
കടം തീർക്കാൻ!

ഇത്തിരി മഞ്ഞുകാലം
മാറ്റിവച്ചിട്ടുണ്ട്;
നിന്നെയോർക്കുമ്പോഴെല്ലാം
തനിച്ചിരിക്കാനുള്ള
ഒരാവരണം തീർക്കാൻ!

ഇത്തിരി കാടു ഞാൻ
മോഷ്ടിച്ചു വച്ചിട്ടുണ്ട്.
സർവ്വ സ്നേഹത്താലും
തിരസ്കരിക്കപ്പെടുമ്പോൾ
ഏകാന്തമാകാൻ!

ഇത്തിരി കടൽ
എടുത്ത് വച്ചിട്ടുണ്ട്;
അടുപ്പം കണ്ട് കണ്ട് മടുക്കുമ്പോൾ
തീരത്തിരുന്ന്
ആഴവും ദൂരവും കാണാൻ !

ഇത്തിരി അപമാനം
ഞാനൊപ്പം കൂട്ടിയിട്ടുണ്ട്;
മരിച്ചു ചെല്ലുമ്പോൾ
ജീവിച്ചോ എന്നറിയാൻ!

കടൽ തീരുന്നിടത്തെ
അസ്തമയമല്ല,
കടൽ തുടങ്ങുന്നിടത്തെ
ഉദയംപോലൊരസ്തമയസന്ധ്യയുണ്ട്
ചില തീരങ്ങൾക്ക് !
home

You can share this post!