നവവത്സരപതിപ്പ് 2022/അഭിമുഖം/ സണ്ണി തായങ്കരി

വായനയില്ലാത്തവൻ പൊട്ടക്കിണറ്റിലെ തവളയെപ്പോലെ

. മലയാള കഥയുടെ പാരമ്പര്യത്തിൽ താങ്കൾ സ്വയം എവിടെയാണ് കാണാൻ ശ്രമിക്കുന്നത്?

ഒരെഴുത്തുകാരന് ഈ വിലയിരുത്തലിന് സ്വയം ഒരുത്തരം കണ്ടെത്താൻ കഴിയുമെന്ന് കരുതുന്നില്ല. എഴുത്തുകാരൻ സ്വയംഭൂവല്ല എന്നതാണ് അതിന് കാരണം. എഴുത്തുകാരനെ പരുവപ്പെടുത്തുന്നത് അവന്റെ ചുറ്റുപാടുകൾ, ജീവിതാനുഭവങ്ങൾ തുടങ്ങിയ വയാണ്. സമൂഹം ഇതെല്ലാം ഉൾപ്പെടുന്ന ഒരു ബഹുസ്വര തയാണല്ലോ. അതിൽ നിന്നെടുത്തിട്ടുള്ള അസംസ്കൃതവസ്തുക്കൾ അവന്റെ പണിയാധുത്തിന്റെ ഊർജമാകും. രചനയ്ക്ക് ആവശ്യമുള്ളതിന്റെ തെരഞ്ഞെടുപ്പ് അതിൽ നിന്നാണ്. ഒരു അരിപ്പപോലെ ബോധോപബോധ മനസ്സ് പ്രവർത്തിക്കും. അത്തരം മനനക്രിയയിലൂടെ ചേതന ഷാർപ്പാകുകയും ഒരു സൃഷ്ടി ഉരുവം കൊള്ളുകയും ചെയ്യും.

പാരമ്പര്യത്തിന്റെ പിൻബലമില്ലാത്ത ഒരെഴുത്തുകാരനാണ് ഞാൻ.
ജനിച്ചുവളർന്ന ചുറ്റുപാടിലൊന്നും ഒരെഴുത്തുകാരനോ എഴുത്തിനെഉത്തേജിപ്പിക്കുന്ന എന്തെങ്കിലുമോ ഉണ്ടായിരു ന്നില്ല എന്നതാണ് വസ്തുത. 15-ാം വയസ്സിലെ ആദ്യ സൃഷ്ടി മുതൽ ഇന്നോള മെഴുതി പ്രസിദ്ധീകരിച്ച രചനകളിൽ ഒന്നുപോലും ഒരു തിരുത്തലിനോ വിലയിരുത്ത ലിനോ എങ്ങുംകൊടുത്തിട്ടില്ല. അതിനർഥം എഴുതിയതെല്ലാം കുറ്റമറ്റവയാണെന്നല്ല. ജനിച്ചു വളർന്ന സാഹചര്യങ്ങൾ അങ്ങനെയായിരുന്നു. ചുറ്റിലും സാഹിത്യാഭിമുഖ്യ മുള്ള ആരുമുണ്ടായിരുന്നില്ല. പ്രൈമറിതലം മുതൽ ഹൈസ്കൂൾവരെയും അതിനുശേഷവും ഒരദ്ധ്യാപകനും സാഹിത്യാഭിമുഖ്യമുള്ള ആളായിരുന്നില്ല എന്നതാണ് കാരണം. അതുകൊണ്ടാവും സാഹിത്യത്തിൽ എനിക്കൊരു ഗുരു ഉണ്ടാകാതിരുന്നത്. അതിന്റെ ദോഷങ്ങൾ ഒരു പക്ഷേ എന്റെ രചനകളിൽ ഉണ്ടോയെന്ന് എനിക്കറിയില്ല. ഹൈസ്കൂളിൽ യുവജനോ ത്സവത്തിന്റെ വസന്തകാല ത്തെഴുതിയ ‘തമസ്സ്’ എന്ന ഏകാങ്കനാടകം വിവിധ സ്കൂളുകളിലായി വർഷങ്ങളോളം അരങ്ങേറി. അവിടെയെല്ലാം അത് ഒന്നാം സ്ഥാനം നേടി. അതുപോലും ആരുടെയും തിരുത്തലിന് വിധേയമായിട്ടില്ല. എഴുത്തിൽ അന്നും ഇന്നും എനിക്കൊരു ഗോഡ്ഫാദർ ഉണ്ടായിട്ടില്ല. എന്നെ ആരും സാഹിത്യ ലോകത്തേയ്ക്ക് മാമ്മോദീസാ മുക്കിയിട്ടില്ലെന്ന് ചുരുക്കം. അതുകൊണ്ടു തന്നെ എഴുത്തിന്റെ ലോകത്ത് ഞാനെന്റെ സ്വാതന്ത്ര്യം സൂക്ഷിക്കുന്നു. രാഷ്ട്രീയം, മതം, സമുദായം, വർഗീയത ഇവയെല്ലാം എന്റെ സൃഷ്ടികളിലൂടെ മുഖം നോക്കാതെ സധൈര്യം വിമർശന വിധേയമാക്കുന്നു. അതുകൊണ്ടുതന്നെ അവാർഡുകളും അംഗീകാരങ്ങളും എന്നിൽ നിന്ന് വിളിപ്പാടകലെ നിൽക്കും. സോഷ്യൽ മീഡിയകളിലും എന്റെ വിമർശനം ഷാർപ്പാണ്. ഇത് അപകടമാണ്, ഇങ്ങനെ പച്ചയായി എതിർക്കരുതെന്ന് എന്റെ സുഹൃത്തുക്കൾ ഉപദേശിച്ചിട്ടുണ്ട്. മരണം ഒരിക്കലല്ലേയുള്ളു എന്ന ചോദ്യം പലതുടേയും മുഖം ചുളിപ്പിച്ചുണ്ട്. വർഗീയ ഫാസിസത്തിനെതിരെ, അവരുടെ സാഹിത്യസമ്മേളന ത്തിൽ ഉത്ഘാടകനായി സംസാരിച്ചിട്ടുണ്ട്. മാനവികതയാണ് എന്റെ ജീവ മന്ത്രം.

എന്റെ സൃഷ്ടികൾ ആരുടേയും വിലയിരുത്തലിനായി സമർപ്പിച്ചിട്ടില്ല എന്നു പറയുമ്പോൾ ആനുകാലിക ങ്ങളുടെ പത്രാധിപന്മാരെ ഒഴിവാക്കേണ്ടി വരും. കാരണം അയയ്ക്കുന്ന രചനകൾ അവർ കാണാതെ, വായിക്കാ തെ പ്രസിദ്ധീകരിക്കാൻഞാൻ ഒന്നാംകിടക്കാരനല്ലല്ലോ. മുകളിൽ സൂചിപ്പിച്ച കാരണങ്ങൾകൊണ്ട് തിരസ്ക്കാരങ്ങളുടെയും അവഗണനകളുടെയും ഉഷ്ണമേഖലകളിലൂടെ കടന്നുവന്നനാണ് എന്നിലെ എഴുത്തുകാരൻ. എന്റേതായ രീതിയിൽ, ഭാഷയിൽ പറയുന്നതിനെ ഞാനിഷ്ട പ്പെടുന്നു. ഏതെങ്കിലും ഒരു പ്രസിദ്ധീകരണത്തിൽ കയറിപ്പറ്റുന്നതിന്, അവരുടെ ലിസ്റ്റിൽപ്പെടുന്ന എഴുത്തുകാ രനാകുന്നതിന് അവർക്ക് അനുയോജ്യമായ രീതിയിൽ സൃഷ്ടി നടത്താൻ എനിക്ക് താത്പര്യമില്ല. തയ്പിച്ചു തരുന്ന ഷർട്ടിലേക്ക് എന്റെ ശരീരത്തെ പാകപ്പെടുത്തു കയല്ല, എന്റെ ശരീരത്തിന് യോജിച്ച ഷർട്ട് തെരഞ്ഞെടു ക്കുകയാണ് ഞാൻ ചെയ്യുന്ന ത്. അതുകൊണ്ടാവും ഇന്നും പല മുൻനിരക്കാരും എന്നെ പുറത്ത്നിർത്തിയിരിക്കുന്നത്. അതിലെനിക്ക് പരിഭവമോ നിരാശയോ ഇല്ല. ഞാനി പ്പോഴും എന്റെ നിയോഗം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ്. കഥ, നോവൽ, ലേഖനം എന്നിവയിൽ 15ലേറെ പുസ്തകങ്ങൾ പല മുൻനിര പ്രസാധകരും പ്രസിദ്ധീകരിച്ചു. സ്വയം വിപണം ചെയ്യാൻ ശ്രമിച്ചിട്ടില്ല.
ഒരു പത്രാധിപരേയും പ്രീതിപ്പെടുത്താൻ ശ്രമിച്ചിട്ടില്ല. സൃഷ്ടി അയച്ചുകൊടുത്താൽ എന്റെ ജോലി കഴിഞ്ഞതായി എനിക്ക് ബോധ്യമാകും. ഇന്നത്തെ കാലത്ത് ഇതൊക്കൊ ഒരു ഭ്രാന്തന്റെ ജല്പനങ്ങളായി തോന്നാം. ഞാനാഭ്രാന്തിനെ ഇഷ്ടപ്പെടുന്നു എന്നതാണ് ഞാനനുഭവിക്കുന്ന നിഗൂഢാനന്ദം.

? കഥയിൽ വഴിമാറി നടക്കുന്നവരുടെ ഒരു പാരമ്പര്യം ഉണ്ടല്ലോ. അവരെക്കുറിച്ച്:

കഥയിലെ വഴിമാറി നടക്കൽ രണ്ടു വിധത്തിലാവാം. ഒരാൾ എഴുതി വരുന്ന വഴിയിലൊന്നും തന്നിൽനിന്ന് വിളഞ്ഞ വിത്തുകൾ വഴിയരുകിൽ വീഴുകയോ മുളയ്ക്കുകയോ ചെയ്യുന്നില്ല. അതുകൊണ്ട് വൃക്ഷവും തണലും അയാൾക്ക് അനുഭവവേദ്യമാകുന്നില്ല. അവിടെയാണ് നേരത്തെ പറഞ്ഞ ‘ഷർട്ടും ശരീരവും’ പ്രസക്തമാകുന്നത്. പത്രാധിപർക്ക് ഇഷ്ടമുള്ളതുപോലെ എഴുത്തുകാരൻ തന്റെ എഴുത്തു രീതിയെ മാറ്റി വരയ്ക്കുന്നു. അവരുടെ വഴിയിൽ വിത്തു വീഴുന്നു, മുളയ്ക്കുന്നു, വൃക്ഷമാകുന്നു. ആവോളം തണൽ കിട്ടുന്നു. അതിന്റെ തണലും തണുപ്പും നുണയുന്നു. വായനക്കാരനെയാണ് അതിന് കരുവാക്കുന്നത്. സെക്സ് കുത്തിനിറച്ചാൽ വായനക്കാർ സ്വീകരിക്കു മെന്ന് പത്രാധിപർ ഉപദേശിച്ചപ്പോൾ എഴുത്തു രീതി പാടെമാറ്റി പെണ്ണുടൽ തന്റെ പരീക്ഷണശാലയാക്കി പെട്ടെന്ന് പ്രശസ്തരായ എഴുത്തുകാർ നമുക്കുണ്ട്. ഇന്നലെവരെ നമ്മോടൊപ്പം നടന്നവർ ഇന്ന് കാലികഗമനം നടത്തുന്നു. നട്ടെല്ലിന്റെ ലേശം വളവ് നമുക്ക് മറക്കാം. എങ്കിലും അത് യഥാസ്ഥാന ത്ത് തന്നെയുണ്ടല്ലോ. പ്രശസ്തിയും പണവും ആ നട്ടെല്ലുവളവിനെ നിഷ്പ്രഭ മാക്കും.

രണ്ടാമത്തെ വഴിമാറി നടക്കൽ സ്വാഭാവികതയിലേക്കുള്ള ഗതിമാറ്റമാണ്. കഥആധുനിക തയും ഉത്തരാധുനികതയും ഉത്തര- ഉത്തരാധുനികതയും കടന്ന് പുതുവഴികൾ തേടുക യാണ്. ഒരാൾക്കും 70 കളിലേയോ 80 കളിലേയോ 90 കളിലേയോ അസ്തിത്വ ദു:ഖംപേറി നടക്കാനാവില്ല. അതാണ് എക്കാലത്തെയും മികച്ച പ്രതിപാദവിഷയ മെന്നും ആ കാലത്തെ ഭാഷയാണ് അമൂല്യമെന്നും കരുതി ഒട്ടകപ്പക്ഷിയെപ്പോലെ തല പൂഴ്ത്താനാവില്ല. കാലാതിവർത്തികളായ സൃഷ്ടികൾ ഉണ്ടായിരിക്കാം. ഒ.വി.വിജയന്റെ ‘കടൽ തീരത്ത് ‘ പോലെയുള്ള കഥകൾ. അദ്ദേഹത്തിന്റെ ‘ഖസാക്കിന്റെ ഇതിഹാസം’ മലയാള നോവൽ സാഹിത്യത്തെ കാലികമായി രണ്ടായി വിഭജിച്ച് നില നിൽക്കുന്നു. അരനൂറ്റാണ്ട് പിന്നിടുമ്പോഴും പ്രമേയ ത്തിനും ഭാഷയ്ക്കും പുതുമ നഷ്ടപ്പെടുന്നില്ല. ബഷീറിയൻ സാഹിത്യം എടുത്തു പറയേണ്ടതാണ്. കാലത്തെ വെല്ലുന്ന അത്തരം എത്ര കൃതികൾ മലയാള സാഹിത്യത്തിൽ അടയാള പ്പെടുത്താൻ പറ്റും? ഭാഷ നിത്യവും നവീകരിച്ചു കൊണ്ടിരിക്കുന്നു. അരനൂറ്റാണ്ട് മുമ്പത്തെ ജീവൽ പ്രശ്നങ്ങളല്ല ഇന്നത്തെ എഴുത്തുകാരന് മുമ്പിലുള്ളത്‌. വഴിമാറിയൊഴുകിയ നദിയിൽ തോണിയിറ ക്കണം. സഞ്ചരിച്ചുവന്ന നദി ആഴവും പരപ്പും നഷ്ടപ്പെട്ട് നീരൊഴുക്കില്ലാതെ മലീമ സ മായി ജീവനറ്റ നിലയിലാണ്. അതിലൂടെ തുഴഞ്ഞാൽ വഞ്ചിയെത്തുക നിരർഥകമായ, നിശൂന്യമായ ചതുപ്പിലായിരിക്കും. ആ വഴിമാറലാണ് സ്വാഭാവികമാ യിട്ടുള്ളത്‌.

? താങ്കൾ ജീവിത യാഥാർഥ്യം എന്ന അസംസ്കൃത വസ്തുവിനെ എന്തു ചെയ്യുന്നു കഥാ രചനയുടെ വേളയിൽ:

ജീവിതം വിഷമവൃത്തത്തിലെ ഒരാത്മബലിയാണ്. അദൃശ്യവും അഭേദ്യവും അപരിഹാര്യവുമായ അതിന്റെ അതിരുകളോളം മാത്രം സഞ്ചരിക്കാവുന്ന ദൂരമാണതിനുള്ളത്. ഋജുരേഖയിലൂടെ ഗമനം തീർത്തും അസാധ്യമായ ഒരു സഹനയാത്ര. അതപ്പോഴും അനന്യതയുടെ ആകാശം തേടുന്നു. ആ അനന്യതയാ വട്ടെ, ഏഴാം കടലിനപാര തയിൽനിന്നെത്തിയ ചിപ്പിക്കുള്ളിലെ മുത്തുപോലെ യാണ്. അനുപമവും അപരിമേയവുമായ വിലമതിക്കാനാവാത്ത ആ വിസ്മയമുത്തിനുവേണ്ടി യാണ് ഓരോ മനുഷ്യജന്മവും ജനിമൃതികൾക്കിടയിലെ ഹൃസ്വകാല ജീവിതത്തിനിട യിൽ ഭൂമിയിലും ആകാശത്തിലും പ്രക്ഷുദ്ധ മായ സമുദ്രതീരത്തും പ്രതീക്ഷയോടെ കാത്ത് നിൽക്കുന്നത്. അതൊരു നിയോഗമാണ്. മനുഷ്യോൽ പ്പത്തി മുതൽ ഇന്നോളം ജനിച്ചവർ ആ മുത്തും ചിപ്പിയും കരഗതമാകാതെ ആറടി മണ്ണിന്റെ ജലാദ്രതയിലും അഗ്നിനാവിന്റെ സ്പർശനത്തിലും ശൂന്യമാ കുമ്പോഴും നൈരന്ത്യര തുടർച്ചയിൽ പിറന്നു വീഴുന്നവർ ഒരു നിയോഗം പോലെ ആ കാത്തിരിപ്പ് തുടരുന്നു. മനുഷ്യന്റെ സ്ഥായിയായ ഭാവംതന്നെ ശോകമല്ലേ? അതല്ലേ സത്യം? മറ്റ് വികാരങ്ങൾ അസത്യവും നൈമിഷികവുമല്ലേ? സങ്കടങ്ങളുടെ ഉത്തുംഗത യിലല്ലേ അവന്റെ അനുഭവ ക്കൊടി പാറുക?

എല്ലാ എഴുത്തുകാരും അനന്യതയുടെ ആഴങ്ങളിലേക്ക് ഊളിയിടുന്നവരാണ്. മനുഷ്യാവസ്ഥയുടെ സങ്കട ഭൂമിയിലേക്കവർ ചിപ്പിക ളെയും ചിത്രശലഭങ്ങളെയും പറത്താൻ പോകുന്നു. തിരികെയെത്തുന്നതാവട്ടെ കൈനിറയെ നിറമറ്റ ശങ്കും ചിറകറ്റ ചിത്രശലഭങ്ങളു മായി. അതാണ്‌ പിന്നെ അവന്റെ എഴുത്താണി മെനയുന്ന മനുഷ്യോത്മുഖ മായ രേഖീയ ജീവിതഭൂമിക.

ജിബ്രാന്റ വിശുദ്ധമായ തരളിത മാനസത്തിലേക്കും
റൂമിയുടെ മഹാമൗനത്തിന്റെ വാചിക വിസ്ഫോടനത്തി ലേക്കും ഗാബോയുടെ സർഗാത്മക ആകാശത്ത് വട്ടമിട്ടുപറക്കുന്ന മാന്ത്രിക പ്രാവിലേക്കും ഏതൊരു എഴുത്തുകാരനും ദേഹംവിട്ട് കൂടുമാറി പുതുദേഹം സ്വീകരിക്കണം. കാലം അത് ആവശ്യപ്പെടുന്നു.ഞാനും എന്നാലാവുംവിധം അതിനാണ് ശ്രമിക്കുന്നത്. എന്റെ രചനകളിലൂടെ അനന്യതയുടെ നീലാകാശം തേടുകയാണ് ഞാൻ.

?താങ്കളെ ഏതെങ്കിലും കലാ പ്രസ്ഥാനം ആകർഷിച്ചിട്ടുണ്ടോ.

ഇല്ല എന്നതാണ് സത്യം. എഴുത്തുകാരനായി ഒരു അപരസംഘടനയിലും ഞാൻ പ്രവർത്തിച്ചിട്ടില്ല. സ്വതന്ത്രനായി നിൽക്കാനും എനിക്ക് ശരിയെന്ന് തോന്നുന്നത് എഴുതാനുമാണ് ഞാൻ ശ്രമിച്ചിട്ടുള്ളത്.കലാ സംഘടനയെന്നാൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെയോ മത-സമുദായത്തിന്റെയോ പോഷക സംഘടനയാവും. അതിൽ ചേരുകയെന്നാൽ അവരുടെ താത്പര്യം സംരക്ഷിക്കുകയെന്നാണ് അർഥം. അങ്ങനെ വരുമ്പോൾ നമുക്ക് ശരിയെന്ന് തോന്നുന്നത് പറയാനും എഴുതാനും പരിമിതികൾ ഉണ്ടാവും. പലപ്പോഴം അവരുടെ ആശയങ്ങൾക്കും താത്പര്യയ്ക്കും വേണ്ടി പേന ഉന്തേണ്ടി വരും. അതൊരു ദുരന്തമാണ്. അത്തരം പരിമിതികൾക്കുള്ളിൽ ഒരാൾ തളച്ചിടപ്പെടുമ്പോൾ അംഗീകാരങ്ങളും സ്ഥാനമാനങ്ങളും സാമ്പത്തിക ഉന്നതിയും ഉണ്ടാകാം. പക്ഷേ അതിന് നാം തിരിച്ച് നൽകേണ്ടിവരിക ക്ഷാളനം ചെയ്യപ്പെട്ട നമ്മുടെ ചിന്തയും മനസ്സുമാണ്. അവിടെ നമ്മുടെ രചനകൾ മാത്രമല്ല, വ്യക്തിത്വവും ബ്രയിൻവാഷ് ചെയ്യപ്പെടും. സെക്ടേറിയൻ ചിന്തകളിൽനിന്ന് അകന്ന് കഴിയുമ്പോൾ നമുക്കുണ്ടാവുന്ന ആനന്ദം പത്ത് അവാർഡുകളേക്കാൾ വലുതാണ്. നട്ടെല്ല് വളയ്‌ക്കേണ്ടതുമില്ല. എവിടേയും നിവർന്ന് നിൽക്കാം. ഒരിക്കൽ ഒരു സാഹിത്യ സുഹൃത്ത് പറഞ്ഞത് ഓർക്കുകയാണ്. മാധ്യമ സൃഷ്ടിയായ ഒരു മന്ത്രിക്കവിയുടെ രാഷ്ട്രീയ ലൈൻ സൂക്ഷിപ്പുകാരനാണ
ദ്ദേഹം. മന്ത്രിക്കവിയുടെ ശുപാർശയിൽ ലഭിച്ച പദവികൾ സംരക്ഷിക്കുന്നതിന് തെങ്ങിൽ കിടക്കുന്നത് മാങ്ങയാണെന്ന് പറഞ്ഞാൽ തല കുലുക്കി അത് സമ്മതിക്കേണ്ടിവരും, അല്ലെങ്കിൽ നാളെ ഈ സ്ഥാനത്ത് ഉണ്ടാവില്ല എന്നാണ്. അതാണ് കോംപ്രമൈസ്.

എന്നാൽ കലയും സാഹിത്യവും ചർച്ച ചെയ്യുകയും കഴമ്പുള്ള എഴുത്തുകാരെ കണ്ടെത്തി അവരെ മുഖ്യധാരയിലക്ക് ഉയർത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ വർഷങ്ങൾക്കുമുമ്പ് എന്റെ നേതൃത്വത്തിൽ രൂപീകരിച്ച കൂട്ടായ്മയാണ് സമകാലിക കേരളം സാഹിത്യവേദി. എന്റെ പത്രാധിപത്യത്തിലും ഉടമസ്ഥതയിലും ഇറങ്ങിയിരുന്ന സമകാലിക കേരളം മാസിക വമ്പിച്ച സാമ്പത്തിക ബാധ്യതമൂലം പ്രസിദ്ധീകരണം നിർത്തിവെച്ചതിനുശേഷം അതിന്റെ തുടർപ്രവർത്തനമായി രൂപീകരിച്ചതാണിത്. അതിന്റെ നിരന്തരമായ പരിപാടികൾ ഇപ്പോഴും ആലപ്പുഴയിൽ നടക്കുന്നുണ്ട്. 116-ാമത് സമ്മേളനമാണ് 2021 നവംബം മാസം നടന്നത്. നിരവധി കഥാ-കവിതാ ക്യാമ്പുകൾ, മൈക്രോ കഥാ പ്രദർശനം, സാഹിത്യ സമ്മേളനങ്ങൾ, കഥാ- കവിതാ സായാഹ്നങ്ങൾ, സംവാദങ്ങൾ, പുസ്തക പ്രകാശനങ്ങൾ തുടങ്ങിയ സർഗാത്മക സംരംഭങ്ങൾ തുടർച്ചയായി നടക്കുന്നു. സമകാലിക കേരളം സാഹിത്യ പുരസ്കാരങ്ങൾ കഥ, കവിത, നോവൽ, നിരൂപണ മേഖലയിലുള്ള പ്രമുഖർക്ക് മത്സരാടിസ്ഥാനത്തിലും സമഗ്രസംഭവനയ്ക്കായും നൽകിയിട്ടുണ്ട്. അവസാനം നിരൂപണ സാഹിത്യത്തിൽ സമഗ്ര സംഭാവനയ്ക്കുള്ള അവാർഡ് നൽകിയത് പ്രശസ്ത നിരൂപകൻ എം.കെ.ഹരികുമാറിനാണ്. അത്തരം സ്വതന്ത്ര കലാപ്രവർത്തനങ്ങൾക്ക് ഒരു പക്ഷേ, രാഷ്ട്രീയ – മത – സമുദായ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന കലാസംഘടനകളുടെ ഖ്യാതിയോ സാമ്പത്തിക അടിത്തറയോ ഇത്തരം സ്വതന്ത്ര സംഘടനകൾക്ക് ഉണ്ടാവില്ലയെന്നത് വാസ്തവമാണ്.

ഈ കഴിഞ്ഞ മാസം കണ്ണനാറിന്റെ കവിതാ സമാഹാരം ‘അയ്യപ്പൻ വെറുമൊരു കവിയല്ല’ പ്രസിദ്ധീകരിച്ചത് സമകാലിക കേരളം സാഹിത്യവേദിയാണ്. ഈ സാഹിത്യ സംഘടനയിലൂടെ മുഖ്യധാരയിലെത്തിയ എഴുത്തുകാർ ഉണ്ട് എന്നതും ഇവിടെ ഓർക്കട്ടെ.

? താങ്കളുടെ വായന എങ്ങനെയാണ്. ഏത് ശാഖയിൽപെട്ട പുസ്തകങ്ങളാണ് വായിക്കുന്നത്.

വായനയാണ് ഒരെഴുത്തുകാരനെ രൂപപ്പെടുത്തുന്നത്. വായനയില്ലാത്ത ദിവസം ശൂന്യത നിറഞ്ഞതായി അനുഭവപ്പെടും.

ഹോർഹെ ലൂയീസ് പറഞ്ഞത് ഞാനെപ്പോഴും സങ്കൽപിക്കുന്നത് സ്വർഗം ഒരു തരത്തിലുള്ള വായനശാലയാണെന്നാണ്. വായനയ്ക്ക് ഉപരിയായി മറ്റൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞുവെച്ചു. നമ്മുടെ മനസ്സിൽ ഉറങ്ങിക്കിടക്കുന്ന അലയാഴിയെ കൊത്തിത്തുറക്കാനുള്ള കോടാലിയാണ് പുസ്തകമെന്ന് ഫ്രാൻസ് കാഫ്കെ രേഖപ്പെടുത്തി. കുഞ്ഞുണ്ണി മാഷിന്റെ വളരെ പ്രസിദ്ധവും ലളിതവുമായ നാലു വരികൾ നമുക്കറിയാമല്ലോ. വായനയുടെ ശക്തി തിരിച്ചറിഞ്ഞാണ് മലയാളിയെ വായന പഠിപ്പിക്കാൻ പിഎൻ പണിക്കർ കേരളമെമ്പാടും സഞ്ചരിച്ചത്. അദ്ദേഹമാണ് പുസ്തകത്തിന്റെ മഹത്വം മലയാളിയുടെ മനസ്സിൽ കയറ്റിവെച്ചത്. പുസ്തകത്തിന്റെയും അക്ഷരത്തിന്റെയും അത് പ്രസരിപ്പിച്ച ബൗദ്ധികതയുടെ വിത്ത് അദ്ദേഹം കേരള മണ്ണിൽ നട്ടു. കേരളം മുഴുവൻ ശാഖകൾ വിരിച്ച് നിൽക്കുന്നു ആ മഹത്തായ അക്ഷര വൃക്ഷം.

എഴുതാതിരിക്കാനാവാത്തതുപോലെ വായിക്കാതിരിക്കു ന്നതും ഉള്ളിൽ നഷ്ടബോധ
മുണ്ടാക്കം, വിങ്ങലുണ്ടാക്കും. വായനയില്ലാത്തവൻ പൊട്ടക്കിണറ്റിലെ തവളയെപ്പോലെ സങ്കുചിത നീലാകാശം കാണുന്നവനാണ്. വായന ധൈഷിണികതയുടെ മറുപുറം തേടലാണ്. സർഗാത്മകതയുടെ ഗഗനതയിലേക്ക് അതവനെ പറത്തിക്കൊണ്ട് പോകും. ഭാവനയുടെ ആരും കാണാത്ത പുതുലോക ത്തിലേക്കും പുതുകാല ത്തിലേക്കും അതിന്റെ നവ്യവും മാസ്മരികവുമായ അനുഭൂതികളിലേക്കും കൂട്ടിക്കൊണ്ടുപോകും.

വായനയ്ക്ക് ശ്രേണീബദ്ധത അവശ്യഘടകമാണെന്ന് ഞാൻ കരുതുന്നില്ല. ഫിക്ഷണും നോൺഫിക്ഷണും വായനക്കാരന്റെ മനസ്സിന്റെ ജീവിതകാലം മുഴുവൻ ശേഖരിച്ചാലും നിറയാത്ത ജ്ഞാനസരണിയാണ്. അവിടെ നിക്ഷേപിക്കപ്പെടുന്ന അക്ഷരമുത്തുകളാണ് ഒരു വനെ യഥാർഥ മാനവിക നാക്കുന്നത്. അക്ഷരമൈ ത്രിയില്ലാത്തനിൽ മാനവ മൈത്രി മേമ്പൊടിക്കുപോലും ഉണ്ടാവില്ല.

എന്റെ എഴുത്ത് ആരംഭിക്കു ന്നത് ഹൈസ്കൂൾ കാലത്തി ലാണ്. അന്ന് വായനശാലക ളായിരുന്നു ആശ്രയം. ഗ്രാമീണ വായനശാലകൾ സജീവമായിരുന്ന കാലം. അവിടെനിന്ന് പുസ്തകങ്ങൾ തെരഞ്ഞെടുത്ത് ആർത്തി യോടെ വായിക്കും. നോവലു കളോടായിരുന്നു അക്കാലത്ത് പ്രിയം. തകഴിയും ദേവും ഒ വി വിജയനും ബഷീറും പൊറ്റക്കാടും തുടങ്ങിയവർ മാത്രമല്ല, മുട്ടത്തുവർക്കിയെ യും കാനം ഇ ജെ യും ധാരാളമായി വായിച്ചിട്ടുണ്ട്. വായനയിലേക്കുള്ള രംഗപ്രവേശം അവരിലൂടെയാണ്. അക്കാലത്ത് മറ്റ് പലർക്കുമെന്നപോലെ വായനയിൽ പൈങ്കിളി യെന്നോ പൈങ്കിളിയേ തരമെന്നോ ഉള്ള ചിന്ത കടന്നുവന്നിട്ടില്ല.

ചെറുപ്പ ത്തിൽ വായിച്ചവയിൽഇപ്പോഴും ഓർമിക്കുന്ന ലോക ക്ലാസിക് ഹെമിങ് വേയുടെ ‘മണിമുഴങ്ങുന്നത് ആർക്കു വേണ്ടി’ എന്ന നോവലാണ്. കിഴവനും കടലും എന്നെ വല്ലാതെ ആകർഷിച്ച മറ്റൊരു കൃതി. കിഴവനും കടലിലെ സാന്റിയാഗോ എന്ന മുക്കുവന്റെ അപനിർമിതി യാണ് എന്റെ ‘ദൈവത്തിന്റെ ചാരൻ’ എന്ന കഥ. മലയാളിയുടെ പ്രിയങ്കരനായ മെക്‌സിക്കൻ എഴുത്തുകാ രൻ ഗബ്രിയേൽ ഗാസിയ മാർക്വേസിന്റെ മരണവാർത്ത യെത്തിയപ്പോൾ അദ്ദേഹ ത്തിന്റെ നോവലുകളിലെ കഥാപാത്രങ്ങളെ അണി നിരത്തി നടത്തിയ അപനിർമി തിയാണ് ‘ഗാബോയുടെ കഥാപാത്രങ്ങൾ’ എന്ന കഥ. അതേ ടൈറ്റിൽ സ്റ്റോറിയിൽ ഒരു പുസ്തകം പിന്നീട് ഇറങ്ങി. ഏകാന്തതയുടെ നൂറുവർഷങ്ങൾ എന്നെ ഏറെ മോഹിപ്പിച്ച കൃതിയാണ്‌. മലയാളത്തിലും അത്തരം ഒരപനിർമിതിയുണ്ടായി. തകഴിയുടെ ചെമ്മീനാണ് വിഷയമായത്.അങ്ങനെ രൂപംകൊണ്ട കഥയാണ് ‘കറുത്തമ്മയും പളനിയും ശങ്കരമംഗലത്ത്’. അപനിർമിതി നടത്തുമ്പോൾ അത്തരം സൃഷ്ടികളെ മൂലസ്രഷ്ടാവിന്റെ പക്ഷത്തുനിന്നുകൊണ്ട് രൂക്ഷമായ വിമർശന ത്വരയോടെ പലവട്ടം നിരീക്ഷിച്ചിട്ടേ രചനകൾ ഞാൻ പ്രസിദ്ധീകരിച്ചിട്ടുള്ളു. അവയിലൊക്കെ മൂലകൃതിയെപ്പറ്റി, അവയിലെ കഥാപാത്രങ്ങളെപ്പറ്റി സൂക്ഷമമായതും ഭാവനാ പൂർണവുമായ ഇടപെടലാണ് നടത്തിയിട്ടുള്ളത്. അത്തരം അടയാളപ്പെടുത്തലുകളാണ് ആ കഥകളെ വ്യത്യസ്തവും പുതുമയുള്ളതുമാക്കിയത്. തകഴിയുടെ ചെമ്മീൻ എത്രയോ പതിറ്റാണ്ടുകൾക്ക് മുമ്പ് രചിച്ചവയാണ്. അന്നത്തെ സാമൂഹിക അന്തരീക്ഷത്തിൽനിന്ന് നാം ഏറെ മുന്നേറി. ഇന്ന് തകഴി ചെമ്മീൻ എഴുതിയിരുന്നെ ങ്കിൽ ആ സൃഷ്ടി എങ്ങനെ യായിരിക്കുമെന്നാണ്‌ ഞാൻ ചിന്തിച്ചത്. സ്ത്രീ സമത്വമെന്ന കാലത്തിന്റെ കാഴ്ചപ്പാടിനെ ചെമ്മീനിലെ കറുത്തമ്മയും പളനിയും ചെമ്പൻകുഞ്ഞി നൊപ്പം തകഴിയേയും കാത്തചേച്ചിയേയും പുനർജീവിപ്പിച്ച് കാലത്തോട് ചേർത്തു വെച്ചു, പുതിയൊരു എഴുത്തുകാരിയിലൂടെ. അത്തരം അടയാളപ്പെടുത്ത ലുകൾ പുതുതലമുറയ്ക്ക് ഊർജമാകുമെന്ന് ഞാൻ കരുതുന്നു. മലയാളത്തിന് ഊർജസ്വലത നൽകിയ മൺമറഞ്ഞ എഴുത്തുകാരെ ‘പഴയ’വരായി തള്ളിക്കളയാൻ താത്പര്യമില്ലാത്തതിനാൽ ഞാനിപ്പോഴും അവരെ വായിക്കാറുണ്ട്. നാം കടന്നു വന്ന വഴികൾ അവരാണല്ലോ. ഖസാക്കിന്റെ ഇതിഹാസം വീണ്ടും വീണ്ടും ആകർഷിക്കുന്ന കൃതികളിലൊന്നാണ്. ലോക ക്ലാസിക്കുകളിൽ ഉമ്രട്ടോ എക്കോ, മാർക്വേസ്, ഹെമിങ് വേ, ദെസ്‌തേയ്വ്സ്കി, റൂൾഫോ, വിക്ടർ യുഗോ തുടങ്ങിയവരെ നയിക്കുന്നത് ഇന്നും ഹരമാണ്.

? ആഴ്ചപ്പതിപ്പുകളിലേക്ക് പുതിയ എഴുത്തുകാരെ റിക്രൂട്ട് ചെയ്യുന്ന എഴുത്തുകാരെക്കുറിച്ച് കേട്ടിട്ടുണ്ട്. താങ്കൾ റിക്രൂട്ട് ചെയ്യാറുണ്ടോ.

ഇന്ന് ആനുകാലികങ്ങളും പേരെടുത്ത എഴുത്തുകാരും തമ്മിൽ അനലഭിലഷണീ യമായ ചില ഇടപാടുകൾ നടക്കുന്നതായി കേട്ടിട്ടുണ്ട്. അത് എത്രമാത്രം വ്യാപകമാണെന്നറിയില്ല. ഇത് വല്ലാത്ത ഒരവസ്ഥതന്നെ യാണ്. ഇത്തരം നെക്സസ് രൂപപ്പെടുന്നതുകൊണ്ട് ആർക്കാണ് നേട്ടം? എന്റെ നാല്പത് വർഷത്തെ എഴുത്തു ജീവിതത്തിൽ എഴുതി തുടങ്ങിയ നാൾ മുതൽ ഇന്നുവരെ ഒരു സുഷ്ടി പോലും വെളിച്ചം കാണുന്നതി നായി ഞാനാരേയും സമീപിച്ചിട്ടില്ല. ഒരു സൃഷ്ടി പോലും ആരുടെയെങ്കിലും ശുപാർശകൊണ്ട് നാളിതു വരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഒരു പത്രാധിപരുടെയും ദയയ്ക്കായി കാത്ത് നിൽക്കുകയോ പ്രീണിപ്പിക്കാ നോ പ്രീതിപ്പെടുത്താനോ ശ്രമിച്ചിട്ടില്ല. സ്വന്തം ധൈഷ്ണികതയിൽ വിശ്വാസമില്ലാത്തവർക്ക് അതൊരു പക്ഷേ ആവശ്യമായിരിക്കാം. അല്ലെങ്കിൽ പെട്ടെന്ന് പ്രശസ്തനാകാൻ ആഗ്രഹിക്കുന്നവർക്ക് അതൊക്കെ ആവശ്യമായിരിക്കാം. സ്വയം വിപണനത്തിന്റെ കാലത്ത് അതൊക്കെ വിശുദ്ധ പുണ്യങ്ങളാകാം.

ഒരാൾ നിർദേശിക്കുന്ന ആളുടെ സൃഷ്ടി ഒരു പത്രാധിപർ പ്രസിദ്ധീകരി ച്ചാൽ, അതൊരു അംഗീകൃത രീതിയായാൽ സാഹിത്യം മാഫിയ സംഘത്തിന്റെ കൈപ്പിടിയിലായി എന്നല്ലേ മനസ്സിലാക്കേണ്ടത്? ഓരോ ആനുകാലികത്തിനും അവർക്ക് ഇഷ്ടമുള്ള, അല്ലെങ്കിൽ അവരുടെ ചൊൽപ്പടിയിൽ നിൽക്കുന്ന എഴുത്തുകാരുടെ സംഘം ഉണ്ടെന്നുള്ളത് വാസ്തവ മാണ്. അതിനെപ്പറ്റി മിക്ക എഴുത്തുകാരും ബോധവാന്മാരാണ്. പോസ്റ്റിൽ അയയ്ക്കുന്ന, അല്ലെങ്കിൽ ഇ-മെയിൽ ചെയ്യുന്ന സൃഷ്ടികൾ സ്രഷ്ടാവിന്റെ പേരു നോക്കി കവർ പൊട്ടിക്കുന്നവരും ഇ-മെയിൽ ഓപ്പൺ ചെയ്യുന്നവരും പ്രസിദ്ധീകരണ ഓഫീസുകൾ ഭരിക്കുന്നിടത്തോളം സാഹിത്യം പുഷ്ടിപ്പെടില്ല. ഇതൊന്നും ഒരു പത്രാധിപരും സമ്മതിച്ച് തരില്ല. കള്ളൻ താൻ കള്ളനാണെന്ന് സമ്മതി ക്കാത്തതുപോലെയാണ് ഇതും. അതുപോലെയാണ് പ്രശസ്തനായ എഴുത്തുകാ രന്റെ ശിങ്കിടിയെ ഇടയിലൂടെ തള്ളിക്കയറ്റുന്നത്. അരനൂറ്റാണ്ടോളം കഥയും നോവലും കവിതയുമെഴുതി പ്രശസ്തരായവരുടെ ഫോട്ടോ ഒരിക്കൽപോലും മുഖചിത്ര മായി കൊടുക്കാത്ത മുഖ്യധാരാ മാധ്യമക്കാരൻ മൂന്നോ നാലോ കഥയോ ഒരു നോവലോ എഴുതിയ പുതിയ എഴുത്തുകാരന്റെ മുഖം മുഖ്യധാരാ പ്രസിദ്ധീകരണ ത്തിന്റെ മുഖചിത്രമായി കൊടുക്കുന്നു. ഇത് എന്ത് സാഹിത്യം പുഷ്ടിപ്പെടു ത്തലാണ്? ഇത് സാഹിത്യ ത്തെ ഹൈജാക്ക് ചെയ്യലാണ്. അർഹതയെ ഗളഹസ്തം ചെയ്യലാണ്. വായനക്കാരനെ കബളിപ്പിക്ക
ലാണ്.

2002-ൽ ആലപ്പുഴയിൽനിന്ന് എന്റെ പ്രസാധനത്തിലും മുഖ്യ പത്രാധിപത്യത്തിലും ഇറങ്ങിയ ആനുകാലികമാണ് ‘സമകാലിക കേരളം മാസിക’.
കേരളത്തിലും ഇൻഡ്യയിലെ എല്ലാ മെട്രോപ്പോളിത്തൻ സിറ്റികളിലും ന്യൂസ് സ്റ്റാന്റുക ളിൽ അക്കാലത്ത് ഇത് ലഭ്യമായിരുന്നു. കെട്ടിലും മട്ടിലും കണ്ടന്റിലും മറ്റേതൊരു മുഖ്യധാരാ പ്രസിദ്ധീകരണത്തോടും കിടപിടിക്കുന്ന പ്രസിദ്ധീകര ണമെന്ന് വായനക്കാരും എഴുത്തുകാരും വിലയിരുത്തി യിട്ടുണ്ട്. ആദ്യ ലക്കംതന്നെ തമിഴ് നാടിന്റെ വൈപ്പാർ പദ്ധതിയെപ്പറ്റി (പമ്പയ്ക്കും അച്ചൻകോവിലിനും തമിഴ്നാട് ചാലുകീറുന്നു) ആദ്യമായി മലയാളിയെ അറിയിച്ച് എല്ലാവരെയും അമ്പരപ്പിച്ചു. അതുപോലെ പെപ്സിക്കോളയുടെ ജലമൂറ്റൽ ആദ്യമായി ജനശ്രദ്ധയിലേക്ക് കൊണ്ടുവന്നത് സമകാലിക കേരളമെന്ന പുത്തൻ പ്രസിദ്ധീകരണമാണ്. വിശദമായ ആ സചിത്ര ലേഖനത്തിലെ ഡാറ്റകൾ നോക്കിയാണ് ഇൻഡ്യൻ എക്സ്പ്രസും മാതൃഭൂമിയും വാർത്തകളും ലേഖനങ്ങളും എഴുതിയത്.

ഒരു രാഷ്ട്രീയ പാർട്ടിയുടെയോ മതത്തിന്റെ യോ സമുദായത്തിന്റെയോ പിൻതുണ ആദ്യമേതന്നെ സ്വീകാര്യമല്ലയെന്ന് പ്രഖ്യാപി ച്ചിരുന്നു. പൂർണമായി എല്ലാ അർഥത്തിലും സ്വതന്ത്രമായ സമീപനമാണ് ആദ്യ ലക്കം മുതൽ സമകാലിക കേരളം സ്വീകരിച്ചത്. സാമ്പത്തിക സ്ഥിതി അതിരൂക്ഷമാകു മ്പോഴും നിലപാടിൽ വെള്ളം ചേർത്തില്ല.എല്ലാഎഴുത്തുകാർക്കും പ്രതിഫലം കൊടുത്താണ് ആർട്ടിക്കിൾ പ്രസിദ്ധീകരിച്ചത്. ഒരെഴുത്തുകാരനെയും ചൂഷണം ചെയ്തില്ല. ഒരെഴുത്തുകാരന്റെയും ശുപാർശയിൽ ഒരു സൃഷ്ടിയും പ്രസിദ്ധീകരിച്ചില്ല. എന്റെ മുമ്പിൽ വരുന്ന പ്രസിദ്ധീകരണ യോഗ്യമെന്ന് തോന്നുന്ന നൃഷ്ടികൾ സ്രഷ്ടാവിന്റെ പേര് നോക്കാ തെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അല്ലാത്തവ തള്ളിക്കളഞ്ഞിട്ടു ണ്ട്. അതിന്റെ പേരിൽ ഏറെ പഴികൾ കേൾക്കുകയും ധാരാളം ശത്രുക്കളെ സമ്പാദിക്കുകയും ചെയ്തു. ആ ഓർമയിൽ ഇപ്പോഴും ശത്രുപക്ഷത്ത് വളരെ പേർ നിൽപ്പുണ്ട്. ഒളിഞ്ഞും തെളിഞ്ഞും ആക്രമിക്കാ റുമുണ്ട്. അതിൽ ഇപ്പോഴും എനിക്ക് പശ്ചാത്താപമില്ല. ശരി ചെയ്തുവെന്ന സംതൃപ്തി ഇന്നുമുണ്ട്. വർഷങ്ങൾക്കുശേഷം സമകാലിക കേരളം നിർത്തേണ്ടി വന്നപ്പോൾ എന്റെ എഡിറ്റർക്ക് അവസാന ശമ്പളമായി ഞാൻ നൽകിയത് എന്റെ മൊബൈൽ ഫോണാണ്. സാഹിത്യത്തിനുവേണ്ടി കുടുംബം വിറ്റവനെന്ന ചീത്തപ്പേര് ആരും തന്നില്ല. കാരണം അതൊരു ബഹുമതിയല്ലേ? നഷ്ടങ്ങൾ മുഴുവൻ സ്വന്തമാകുമ്പോഴും അത് വീട്ടാൻ സ്വന്തം വീട് വിൽക്കുമ്പോഴും എനിക്ക് നേടാൻ കഴിഞ്ഞത് ഇന്നും ലൈവായ കുറെ സുഹൃത്തു ക്കളുടെ ശത്രുത മാത്രം!’

? അവാർഡുകൾ കമ്മിറ്റി അംഗങ്ങൾക്ക് പുസ്തകം അയയ്ക്കുന്നവരെ കണ്ടിട്ടുണ്ട്. അത് നല്ല പ്രവണതയാണോ?

പുരസ്കാരങ്ങൾ, അവാർഡു കൾ,ആദരിക്കലുകൾഎന്നിവ യൊക്കെ ഇക്കാലത്ത് വല്ലാത്ത പ്രഹസനമായി മാറിയിട്ടുണ്ട്. അവാർഡ് എന്നു കേൾക്കുന്നതുതന്നെ ഇറിറ്റേഷനായിരിക്കുന്നു. ഈ പദങ്ങൾക്ക് മലയാള നിഘണ്ടുവിൽ കൊടുത്തിരിക്കുന്ന അർഥങ്ങൾ മാറ്റേണ്ടതാണ്. ജുഗുപ്സ ജനിപ്പിക്കു ന്നതാണ് അത് സംബന്ധമായ പ്രവർത്തനങ്ങളും അതിന്റെ ഉദ്ദേശ ശുദ്ധിയും.

മാധ്യമങ്ങൾ അവാർഡ് ‘ദാന’ മെന്നേ വാർത്ത കൊടുക്കു. അർഹമായതിന് ആരും ദാന
മെന്ന് പറയില്ലല്ലൊ. ഇന്നത് തെഅവാർഡുകളുടെ പൊള്ളത്തരം മനസ്സിലാക്കി മന:പൂർവം അവർ ആ പദം ഉപയോഗിക്കുന്നതാണോയെന്നറിയില്ല. സോഷ്യൽ മീഡിയ കളിലൂടെയും ലേഖനങ്ങളിലൂ
ടെയും മറ്റും അതിലെ തെറ്റ് ചൂണ്ടിക്കാണിച്ചിട്ടും പലരും തിരുത്താൻ തയ്യാറായിട്ടില്ല.

അവാർഡുകളുടെ പ്രഹസന ത്തെപ്പറ്റി കേട്ടാൽ അതിനെ പ്പറ്റി നല്ല ഗ്രാഹ്യമില്ലാത്തവർ നെറ്റി ചുളിക്കും. പ്രശസ്തർ ക്കും സെലിബ്രിറ്റികൾക്കും അവാർഡ് കൊടുത്ത് പേര് സമ്പാദിക്കുന്നു ഒരു കൂട്ടർ. മറ്റൊരു കൂട്ടർ അവാർഡ് ദാതാവും സ്വീകർത്താവും തമ്മിലുള്ള മുൻകൂർ ധാരണ പ്രകാരം വലിയ അവാർഡ് തുക പ്രഖ്യാപിച്ച് കാലികവർ കൊടുക്കും. മെമന്റോയും ഷാളും ഫ്രീ. നോട്ടീസും ഫ്ലെക്സുകളും അടക്കം അവാർഡ് ‘ദാന’ച്ചടങ്ങിന്റെ മുഴുവൻ ചിലവും അവാർഡ്‌ ജേതാവ് നൽകണം. എല്ലാവരും പിരിഞ്ഞാലും മെമന്റോ കൈയിൽ പിടിച്ച് പൊന്നാട ചുറ്റി നിൽക്കുന്ന പാവത്തിനെ അവർ വിടില്ല. കുപ്പിക്കുള്ള കാശുകൂടി വസൂലാക്കിയാലേ അയാൾ ക്ക് അവിടെനിന്ന് രക്ഷപ്പെടാ നാകു. മൂന്നാമത്തെ അവാർ ഡ് ഐറ്റവും പരസ്പര ധാരണയിലുള്ളതാണ്. ഒരാൾ മറ്റൊരാൾക്ക് അവാർഡ്‌ കൊടുക്കുന്നു. പിന്നീട് ആദ്യത്തെയാളിന് രണ്ടാമൻ കൊടുക്കുന്നു. ഇതിന് പരസ്പരം ചൊറിച്ചിൽ എന്നാണ് പറയുക. അതു കൊണ്ടാണ് പലർക്കും പുസ്തകമിറക്കുമ്പോൾ അവാർഡ് ഭാരംമൂലം വ്യക്തിവിവരപേജുകളുടെ എണ്ണം കൂടുന്നത്.

അവാർഡ് വാർത്തകൊടുക്കു ന്നതിന് ചില പത്രങ്ങൾക്ക് ചില മാനദണ്ഡങ്ങൾ ഉണ്ട്. 5000 രൂപാ ക്യാഷ് അവാർഡ് എന്നു കേട്ടാൽ പതിനായിര മെങ്കിലും ഉണ്ടെങ്കിലേ ഞങ്ങൾ വാർത്ത കൊടുക്കാറുള്ളുവെന്ന് പറയും. 5000ക്കാരൻ സാധു മടങ്ങുംമുമ്പ് തന്നെ അത് ചവറ്റുകൊട്ടയിൽ വീഴും. ഇപ്പോൾ അതുകൊണ്ട് അവാർഡുകാർ തുക കൊടുക്കാൻ ഉദ്ദേശിക്കുന്നതിന്റെ രണ്ടിരട്ടിയോ നാലിരട്ടിയോ എഴുതി കൊടുക്കും. പത്രക്കാർക്കും സന്തോഷം സംഘാടകനും സന്തോഷം.
മായയുടെ ലോകമാണിത്.
ഒരിക്കൽ തകഴി പറഞ്ഞു. “ചെലവമ്മാര് ചെലപ്പോഴൊ ക്കെ കേറിവരും. അവാർഡ്
തരാൻ. ചെല സംഘടനക്കാ രേ. എവമ്മാരൊന്നും ഞാനെഴുതീതൊന്നും വായിച്ചു കാണുകേല. എനിക്ക് അവാർഡ് തന്നാൽ നോട്ടീസടിച്ചും ബോർഡ് വെച്ചും മൈക്കിക്കൂടെ വിളിച്ചു പറഞ്ഞും നാട്ടുകാരെ അറീക്കും. എന്റെ പേര് പറഞ്ഞ് അവമ്മാരുടെ ക്ലബ്ബിന് പേരുണ്ടാക്കണം. പത്തുപുത്തൻ കിട്ടുമല്ലോന്നു
വിചാരിച്ച് ഞാനങ്ങ് കണ്ണടയ്ക്കും.”

അടുത്ത കാലത്ത് ഞാനെഴുതിയ ‘കറുത്തമ്മയും
പളനിയും ശങ്കരമംഗലത്ത്’
എന്ന കഥയിൽ ഈ സംഭാഷണമുണ്ട്.

അർഹതയ്ക്ക് എങ്ങനെ അംഗീകാരം കൊടുക്കാതിരിക്കാം എന്നതാണ് അവാർഡ് കമ്മിറ്റിക്കാരുടെ ഗവേഷണ വിഷയം. ഇപ്പോൾ ഒട്ടു മുക്കാലും അവാർഡുകളും – സർക്കാർ നിയന്ത്രിതവും സർക്കാർ നൽകുന്നതുമായ വഉൾപ്പെടെ – നൽകുന്നത് മുൻകൂട്ടി നിശ്ചയിച്ചവർ ക്കാണ്. സൃഷ്ടിക്കല്ല, സ്രഷ്ടാ
വിനാണ് അംഗീകാരം. കാലാകാലങ്ങളിൽ ഭരിക്കു ന്നവരെ അന്ധമായി പിന്താങ്ങുന്ന എഴുത്തു കാർക്ക് അംഗീകാരങ്ങളും അവാർഡുകളും ഉറപ്പ്. സർക്കാരിന്റെ സാംസ്കാരിക വകുപ്പിന്റെ നിയന്ത്രണ
ത്തിലുള്ള സ്മാരകങ്ങളു ടെയും മറ്റും തലപ്പത്തും സമിതികളിലും ഇത്തരക്കാർ നേതാക്കളുടെ കാലുപിടിച്ച് കയറിപ്പറ്റും. സാഹിത്യ അക്കാഡമിയിൽപ്പോലും ഇങ്ങനെയുള്ള ഏറാൻ മൂളികളെ തിരുകിക്കയറ്റം. കോൺഗ്രസ് ഭരിക്കുമ്പോൾ കോൺഗ്രസ് എഴുത്തുകാർ ക്കും കമ്മൂണിസ്റ്റുകാർ അധികാരത്തിലുള്ളപ്പോൾ കമ്യൂണിസ്റ്റ് എഴുത്തുകാർ ക്കും ചാകരയാണ്. ട്രിപ്പീസു
കളിക്കാരെപ്പോലെയോ വിദഗ്ധമായി കളിക്കുന്നവരും ഓന്തിനെപ്പോലെ നിറം മാറുന്നവരും എന്നും ഇത്തരം സ്ഥാനങ്ങളിൽ തുടരും. നട്ടെല്ലും വ്യക്തിത്വവും പരസ്പര പൂരകങ്ങളാണ്. സാഹിത്യത്തിൽ മഷിയിട്ടാലും അത് കാണാനാവില്ല. കുഞ്ചൻ നമ്പ്യാർ പറഞ്ഞതുപോലെ ദീപസ്തംഭം മഹാശ്ചര്യം, എനിക്കും കിട്ടണം പണം. ഭീരുക്കളു ടെയും അവസരവാദികളുടെയും കൂട്ടമായി സാഹിത്യകാ രന്മാർ മാറിയിരിക്കുന്നു വെന്നത് ആർക്ക് നിഷേധിക്കാനാവും?

ഇന്ന് അവാർഡിന് സൃഷ്ടി കൾ ക്ഷണിക്കുകതന്നെ അപൂർവം. ആനുകാലികങ്ങളിലും പത്രങ്ങളിലും വാർത്ത വന്നാൽ ചില എഴുത്തുകാർ കമ്മിറ്റി അംഗങ്ങനെ കണ്ടു പിടിക്കാനുള്ള പരക്കം പാച്ചി
ലിലാവും. നേരിട്ടോ ദൂതൻ മുഖേനയോ പുസ്തകവും ‘മറ്റ് ചിലതും’ എത്തിക്കും. ബാക്കിയൊക്കെ ചിന്തനീയം. സാഹിത്യലോകം മലീമസമാണിന്ന്.

? താങ്കൾ ആധുനിക കാലഘട്ടത്തെ എങ്ങനെയാണ് ഇപ്പോൾ നോക്കിക്കാണുന്നത്

കാലം മാനവികതയുടെ മാറ്റുരയ്ക്കുന്ന ഉരകല്ലാണ്. മാനവികതയുടെ അപരമുഖല്ലേ സാഹിത്യം? മനുഷേതിഹാസത്തിന്റെ ആന്തരിക രക്തസ്രാവത്തി ന്റെ പാടുകളും വ്രണങ്ങളുമാണ് ഓരോ സാഹിത്യ സൃഷ്ടിയിലും ഉൾ ജ്വലിക്കുക. എഴുത്തുകാരൻ അവൻ ജീവിക്കുന്ന കാലത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് സാഹിത്യം എഴുതുക. സമശീർഷരായ മനഷ്യരുടെ
സ്വരം അവന്റെ തൂലികത്തുസിലൂടെ ഇറങ്ങിവരുന്നു. എഴുത്തുകാരൻ ജീവിക്കുന്ന കാലത്തിന്റെ ഭാഷയാണ് പറയുന്നത്. 60 കളിലെ ഭാഷയല്ല 70 കളിലും 80 കളിലും തൊണ്ണൂറുകളിലും നാം വായിക്കുക. ഭാഷ നവീകരിക്കപ്പെടുന്നത് സാഹിത്യത്തിലൂടെയാണ്. സാഹിത്യഭാഷയാണ് ആദ്യം നവീകരിക്കപ്പെടുക എന്നർഥം. 60 കളിലെ പത്രഭാഷ ഇന്ന് അപരിഷ്കൃ തമായി ഗണിക്കപ്പെടും. ചില വാർത്താ പത്രങ്ങളിൽ (ഇന്ന് വാർത്താ പത്രങ്ങളില്ല, പരസ്യപ്പത്രങ്ങളേയുള്ളു) ‘നൂറു വർഷംമുമ്പ്’ എന്ന തലക്കെട്ടിൽ വാർത്ത അന്നത്തെ ഭാഷയിൽ എങ്ങനെയാണ് എഴുതപ്പെട്ടിരുന്നതെന്ന് വായിക്കാം.

ഏത് സാഹിത്യ കൃതിയും അതെഴുതപ്പെട്ട കാലത്തെ യാണ് പ്രതിനിധാനം ചെയ്യുക. എന്നാൽ കാലത്തെ വെല്ലുന്ന കൃതികൾ ഉണ്ടായിട്ടുണ്ട് എന്ന വസ്തുതയും മറന്നുകൂടാ. 60കളിൽ എഴുതപ്പെട്ട ഖസാക്കിന്റെ ഇതിഹാസം ഉദാഹരണം. ആ ചെറുകൃതി മലയാള നോവൽ സാഹിത്യ ത്തെ ഖസാക്കിന് മുമ്പും ഖസാക്കിന് ശേഷവുമെന്ന് കാലവിഭജനം ചെയ്തു. ഖസാക്കിന്റ ഭാഷാലാവണ്യം
അത്ഭുതമെന്ന് പറയണം. എന്നത്തേയും നവീന ഭാഷയായി അത് ഗണിക്ക പ്പെടുന്നു. ഖസാക്ക് ഇന്നിനു വേണ്ടി എഴുതപ്പെട്ട കൃതിയാ യാണ് അനുഭവപ്പെടുക. മലയാളത്തിൽ അത്തര ത്തിൽ എടുത്തു പറയാവു ന്നത് ബഷീറിയൻ സാഹിത്യ മാണ്. ബഷീറിന്റെ നൈസർഗി കവും ലളിതവുമായ ഭാഷയും ശൈലിയുംഏത് കാലത്തെ യും അതിജീവിക്കുന്ന ചാരുതയുള്ളവയാണ്. ഭാഷയുടെ വശ്യസുന്ദരമായ മാസ്മരികത അതിൽ ഉൾതുടിക്കുന്നു. തലമുറകൾക്കുവേണ്ടി, തലമുറകൾക്കു
മുമ്പേ നവീനഭാഷയെഴുതി കടന്നുപോയ എഴുത്തിന്റെ പ്രവാചകരായി വിജയനെയും ബഷീറിനെയും നമുക്ക് കാണാൻ കഴിയും.

ആധുനിക കാലഘട്ടത്തി ലാണ് നാം ജീവിക്കുന്നതെന്ന് പറയാറുണ്ട്. ആധുനിക കാലം എന്നത് നിലനിൽക്കു ന്ന ഒന്നാണോ? അതിന്റെ പരിപ്രേക്ഷ്യം എന്താണ് ? ഇന്നലെയും നാളെയും പോലെയല്ല ഇന്ന്. ഇന്നിന് നിമിഷങ്ങളുടെ ഭൂമികയേ യുള്ളു. നോക്കി നിൽക്കു മ്പോൾ, കണ്ണടച്ചു തുറക്കു മ്പോൾ അത് ചരിത്രത്തി ലേക്ക് ഓടിമറയുകയാണ്. ആധുനിക കാലമെന്ന് നാം വിശേഷിപ്പിക്കുന്നത് നിലനിൽ
ക്കുന്നുണ്ടോ? ആധുനിക തയ്ക്കുശേഷം ഉത്തരാധുനി കതയും ഉത്തര- ഉത്തരാധുനി കതയും നമ്മെ കടന്നു പോയി. ഉത്തര- ഉത്തരാധുനികതയ്ക്ക് ശേഷമെന്ത് എന്നാണ് സാഹിത്യകുതുകികൾ ഉറ്റുനോക്കുന്നത്. നാം അറിയുകയും അനുഭവി ക്കുകയും ചെയ്യുന്നതെല്ലാം ഒരു തിരസ്ക്കരണിക്കുള്ളി ലേക്കെന്നപോലെ അപ്രത്യ ക്ഷമാകുകയാണ്. ജീവിത ത്തിലും സാഹിത്യത്തിലും അതാണ് സംഭവിക്കുന്നത്. ഒരു പക്ഷേ, നാമത് അറിയുന്നുണ്ടാവില്ല.
സാഹിത്യമെന്നത് നാളെയുടെ ഉല്പന്നമായി പരിണമിച്ചിരി ക്കുന്നു. നാം ഭാഷയിൽ, സാഹിത്യത്തിൽ നിർമിക്കുന്ന മാറ്റങ്ങൾക്ക് നിമിഷങ്ങളുടെ നിലനിൽപേയുള്ളുവെന്നർഥം. നാമെഴുതുന്നത് വായനക്കാ രനിൽ എത്തുമ്പോൾ അത് പഴയതായി മാറിയിരിക്കും. മറ്റാരോ അപ്പോഴേയ്ക്കും സാഹിത്യത്തിൽ പുതുമയുടെ നറുമലർ വിരിയിച്ചിരിക്കും.


താങ്കൾ കഥയെന്ന മാധ്യമത്തെ പരിഷ്കരിക്കാൻ ശ്രമിച്ചിട്ടുണ്ടോ?

ഏതൊരു എഴുത്തുകാരനും മറ്റേതൊരു ജൈവ ജീവിയെ യുംപോലെ മാറ്റങ്ങൾക്ക് വിധേയനാണ്. ജീവിതംതന്നെ മാറ്റത്തിനുവേണ്ടിയാണ്‌. ഒരു പുഴ രണ്ടുപ്രാവശ്യം ഒഴുകുന്നി
ല്ലെന്ന് പറയുന്നുണ്ടല്ലോ. പതിറ്റാണ്ടുകൾക്കുമുമ്പ് കാൾ മാർക്സ് അതുകൊണ്ടാണ് മാറ്റില്ലാത്തത് മാറ്റത്തിന് മാത്രമെന്ന് പറഞ്ഞത്. ഒരെഴുത്തുകാരനും തന്നിൽ തന്നെ സംഭവിക്കുന്ന ജൈവിക പരിണാമത്തെ നിഷേധിക്കാനാവാത്തതുപോലെ തന്റെ സാഹിത്യ രീതിക ളെയും നവീകരിക്കാതിരി ക്കാനാവില്ല. ഒരു വ്യക്തി യെന്ന നിലയിലും സമൂഹത്തി ന്റെ പ്രതിനിധിയെന്ന നിലയിലും അവൻ മാറ്റങ്ങളുടെ ത്വരിതബിന്ദുവാ കേണ്ടവനാണ്. മാറ്റങ്ങളുടെ ഊർജം സമൂഹത്തിലേക്ക് വികിരണം ചെയ്യേണ്ടവനാണ്.
ഞാൻ ശിശുവായിരുന്നപ്പോൾ ശിശുവിനെപ്പോലെ ചിന്തിച്ചു, ശിശുവിനെപ്പോലെ പ്രവർത്തി
ച്ചു. യുവാവായപ്പോൾ ശിശു സഹജമായതെല്ലാം ഉപേക്ഷി ചു. ‘ വെന്ന് ബൈബിൾ വാക്യം.
മാറ്റം മനുഷ്യനിയമല്ല, പ്രകൃതി നിയമമാണ്.

എഴുതി തുടങ്ങിയ കാലത്തി ന്റെ ഭാഷയോ ശൈലിയോ പ്രമേയങ്ങളോ ഒന്നുംതന്നെ നാല്പത് വർഷങ്ങൾക്കുശേഷം എന്റെ എഴുത്തുവഴികളിൽ ദൃശ്യമല്ലതന്നെ. എൺപതു കളിലേയോ തൊണ്ണൂറുകളി ലേയോ ഭാഷയും പ്രമേയവും ഇന്ന് ഒരു വിശുദ്ധ വസ്തു വായി അവശേഷിക്കുന്നില്ല.
ഇന്നിന്റെ ഭാഷയും ശൈലിയും പ്രമേയവും നാളെ
വീണ്ടും മാറും. കാലാതിവർ ത്തികളായ എഴുത്തുകൾ മുകളിൽ സൂചിപ്പിച്ചതുപോലെ
നമ്മുടെ ഭാഷയിൽ ശുഷ്കമാണ്. ലോകം മാറുമ്പോൾ ലോകത്തിനു മുമ്പിലുള്ള പ്രശ്നങ്ങളും നേരിടേണ്ട വെല്ലുവിളികളും മാറും. ആ മാറ്റത്തെ ഉൾക്കൊള്ളാനാവത്തവർ സാഹിത്യത്തിന്റെയെന്നല്ല, ചരിത്രത്തിന്റെതന്നെ ചവറ്റു
കൊട്ടയിൽ തള്ളപ്പെടും. അതുകൊണ്ട് ഓരോ സൃഷ്ടി
യിലും കാലത്തിന്റെ ചുവരെ
ഴുത്ത് പ്രതിഫലിപ്പിക്കാൻ ഞാൻ ശ്രദ്ധിക്കുന്നു. ഇന്നലകളെ തള്ളിപ്പറയാതെ ഇന്നിന്റെ സമസ്യകളിലൂടെ നാളെയിലേക്ക് നോക്കാനാണ് എന്റെ എഴുത്തു ശ്രമം.

? താങ്കളുടെ നോവലുക ളിൽ അനീതിക്കെതിരെ പോരാട്ടം കാണാം. എഴുത്തു കാരൻ എന്തിനാണ് അനീതിയെ എതിർക്കുന്നത്

എന്റെ നോവലുകളിലും കഥകളിലും അനീതിയോട് സന്ധിയില്ലാതെ പൊരുതുന്ന കഥാപാത്രങ്ങളെ കാണാം. അനീതിയെ എതിർക്കുന്ന തിന് ബോധപൂർവം സൃഷ്ടി ച്ചെടുക്കുന്നതല്ല ഇത്തരം കഥാപാത്രങ്ങൾ. അതങ്ങനെ ആയിത്തീരുകയാണ്. സാമൂഹ്യ നോവൽ എഴുതുമ്പോഴും ബിബ്ലിക്കൽ നോവലെഴുതുമ്പോഴും ഇത്
സംഭവിക്കുന്നു. കഥകളിലും ഇത്തരം അവസ്ഥയുണ്ട്. സ്വാഭാവികമായ ഒരു പരിണതിയെന്നേ പറയേണ്ടു.

അനീതിയെ അഥവാ അരുതുകളെ എതിർക്കാൻ ഓരോ മനുഷ്യനും കടമയുണ്ട
ല്ലോ. അതിന്എഴുത്തുകാരനാ വണമെന്നില്ല. എഴുത്തുകാ രൻ പ്രതികരിക്കുന്നത് അവന്റെ സർഗാത്മക പ്രവർത്തനത്തിലൂടെയാണെ
ന്ന് മാത്രം. ഓരോ മനുഷ്യനും ഓരോ നിയോഗങ്ങൾ ഉണ്ടല്ലോ. മാക്സിം ഗോർക്കി ‘അമ്മ’ എഴുതുമ്പോൾ പിലഗേയ നീലോവ്ന എന്ന കഥാപാത്രം പാവെൽ എന്ന തന്റെ മകനിലൂടെ തൊഴിലാളി വർഗത്തിനും പ്രത്യുത മനുഷ്യ വർഗത്തിനും മേലുള്ള എല്ലാ അധീശശക്തികളുടെ അനീതിയേയും അക്രമ ത്തേയും ശക്തമായി എതിർ ക്കുന്നു. എഴുത്തുകാരൻ ആരുടെ പക്ഷത്ത് നിൽക്കണ മെന്ന് നോവലിസ്റ്റിന് തെല്ലും സംശയമില്ല. അതുകൊണ്ടാ ണല്ലോ ഗോർക്കി ചോദിക്കു ന്നത് ‘എഴുത്തുകാരാ, നിങ്ങൾ ആരുടെ പക്ഷത്താ ണ്?’ എന്ന്. കരുണയുടെ സ്വർണ്ണനൂൽകൊണ്ട് നൂൽക്ക പ്പെട്ടുവെന്ന് വിശേഷിപ്പിക്ക പ്പെടുന്ന മനുഷേതിഹാസമായ പാവങ്ങളിലൂടെ വിക്ടർ യൂഗോയും ആദ്യന്തം അധർമത്തിനെതിരായ പടപ്പുറപ്പാടിലാണ്. ‘ഡി’യിലെ ബിഷപ്പും ഴാങ് വാൽ ഴാങ്ങും അശരണർക്കുമേൽ പെയ്തിറങ്ങുന്ന തീമഴയ്ക്ക് മീതെ മനുഷ്യസ്നേഹത്തിന്റെ കവചം നിർമിക്കുകയാണ്‌. ഞാനും അതുതന്നെ ചെയ്യുന്നു, എന്റെ കഥാപാത്ര ങ്ങളിലൂടെ. എന്റെ ബിബ്ലിക്കൽ നോവലായ കുലപതികളിലും ആ ദൗത്യം തുടരുന്നുണ്ട്. ബൈബിളിന് പാരലലായി സഞ്ചരിക്കു മ്പോഴും പഴയ നിയമത്തിലെ കാർക്കശക്കാരനായ ദൈവമെന്ന് അറിയപ്പെടുന്ന യഹോവയുടെ തീരുമാനങ്ങളും കല്പനകളും ചോദ്യം ചെയ്യാനും അതിന് സർഗാത്മക കാരണങ്ങൾ കണ്ടെത്താനും നോവലിസ്റ്റ് ശ്രമിക്കുന്നുണ്ട്. ഇന്നിൽ ജീവിക്കുന്ന മനുഷ്യന്റെ സന്ദേഹങ്ങളെ കാണാതിരി
ക്കാൻ നോവലിസ്റ്റിന് കഴിയില്ല എന്നതാണ് കാരണം.

എല്ലാ മതങ്ങളും എക്കാലവും അടിച്ചമർത്തുകയും പുരുഷമേധാവിത്വത്തിനും അവന്റെ ചൂഷണ ങ്ങൾക്കും ഇരയാകുകയും ചെയ്യുന്ന സ്ത്രീവംശത്തെ കാണാം. അവിടെ സ്ത്രീകളുടെ ഉയർത്തെഴുന്നേൽപ്പ് ലക്ഷ്യമാക്കി എഴുത്തുകാരൻ പ്രതികരിച്ചില്ലെങ്കിൽ, അത്തരം വിഷയങ്ങളെ നമ്മുടെ കാലത്തോട് എങ്ങനെ ചേർത്തു വെക്കാനാവും? അനീതിക്കെതിരെ, അടിച്ചമർ
ത്തലുകൾക്കെതിരെ ശക്തമായി ഇടപെടേണ്ടത് എഴുത്തുകാരനാണ് കുലപതി കളിൽ അതിനാണ് ഞാൻ ശ്രമിച്ചത്.

Impressio

home
👍

You can share this post!