കൊറോണക്കാലത്തെ പ്രണയ(പനി)ച്ചൂട്

അകലെയിരിക്കുമ്പോളാണ് നിൻ്റെ ഹൃദയമിടിപ്പുകളെൻ്റെ ജീവതാളമായ് മാറുന്നത്
അകലെയിരിക്കുമ്പോളാണു നിൻ്റെ പുഞ്ചിരി പൂനിലാവ് വാനത്ത് പാറി പറക്കുന്ന വെൺമേഘം പോലെന്നെ മോഹിപ്പിക്കുന്നത്.
അകലെയിരിക്കുമ്പോളാണ് നിൻ്റെ ഊഷ്മള സ്നേഹം ഉർവ്വരത നിറഞ്ഞ
സോളോമൻ്റെ മുന്തിരിപ്പാടങ്ങളിലേക്കെന്നെ ആനയിക്കുന്നത്.
അകലെയിരിക്കുമ്പോളാണ് നിൻ്റെ ചുടുനിശ്വാസങ്ങളെൻ്റെ പിൻകഴുത്തിൽ ദീർഘ ചുംബന മുദ്രകൾ പതിപ്പിക്കുന്നത്.
അകലെയിരിക്കുമ്പോളാണ് നമ്മുടെ ഹൃദയങ്ങൾ ചേർന്നിരിക്കുന്നതിനിടയിൽ ഒരു നേർത്ത മഴത്തുള്ളിക്കു പോലും ചിതറിയൊഴുകാൻ ഇടമില്ലെന്ന് ഞാനറിയുന്നത്.
അകലെയിരിക്കുമ്പോളാണ് നീയും ഞാനും എത്രയേറെ അടുത്താണെന്നും ഞാനറിയുന്നത്.
അസ്തമന സൂര്യൻ്റെ കുങ്കുമചെപ്പും
അടങ്ങാത്ത തിരമാലകളിലെ പുളുങ്കുമണികളെ നാണിപ്പിക്കുന്ന വെണ്മയേറിയ മുത്തുമാലയുമായി നീയെത്തും…
അന്ന് ഈ അകലങ്ങളൊക്കെ വെറും കടംകഥകളായിരുന്നെന്ന് നീയെൻ്റെ കാതിൽ ചൊല്ലും.

You can share this post!