ഒ വി വിജയന്റെ ആത്മീയദർശനം – ഗുരുസാഗരം/കാവ്യ എൻ


ഉത്തരാധുനികത കൊടികുത്തുന്ന കാലത്താണ് ഒ വി വിജയൻ മലയാളസാഹിത്യത്തിൽ പടർന്നു പന്തലിച്ചത്. ഭാഷയിൽ ഒ വി വിജയൻ കാണിച്ച ഇന്ദ്രജാലം മറ്റാർക്കും അനുകരിക്കാൻ പറ്റാത്തതായിരുന്നു. വാങ്മയങ്ങളെ കടഞ്ഞെടുക്കാൻ ഇത്രയേറെ വിദഗദനായ ഒരു തച്ചനെ മലയാള സാഹിത്യം കണ്ടിട്ടില്ലെന്നാണ് നമ്മുടെ ഭാഷാ പണ്ഡിതന്മാർ അഭിപ്രായപെടുന്നത് . ഭാഷയുടെ സാധ്യതകൾ എത്രതോളമുണ്ടെന്നു കണ്ടെത്തിയ എഴുത്തുകാരനാണ് അദ്ദേഹം. ഓരോ വാക്കും ഓരോ അനുഭവമാണ് പകരുന്നത്.
മതം, ആത്മീയത, രാഷ്ട്രീയം , പരിസ്ഥിതി, സമത്വം, ചരിത്രം എന്നീ തലങ്ങളിലൂടെ പടർന്നു കയറുന്നതാണ് വിജയന്റെ ഉൾക്കാഴ്ചകൾ. ഇതിൽ ആത്മീയദർശനത്തോടെ സംവദിക്കുകയാണ് കഥാകാരൻ. ഗുരുസാഗരത്തിന്റെ സൃഷ്ടിക്കു പിന്നിലുള്ള ചേതോവികാരം അഗാധമായ ഗുരുത്വമായിരുന്നു. ജനന-മരണങ്ങൾക്കിടയിലുള്ള ജീവിതത്തിന്റെ അർത്ഥം തേടിയുള്ള പ്രയാണത്തിൽ ഒന്നായിരുന്നു ഗുരുപ്രസാദം തേടിയുള്ള ശാന്തിഗിരി യാത്ര. അവിടെയുള്ള കരുണാകര ഗുരു ഒരു സുഹൃത്തിന്റെ ഭാവത്തിലാണ് വിജയനുമായി ഇണങ്ങിചേർന്നത്. അവിടെ നിന്ന് ഗുരുസങ്കൽപ്പത്തിലേക്കെത്തി ചേരാൻ നിരവധി കടമ്പകൾ ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി തടസ്സപ്പെട്ടു നിന്നു. കേരളത്തിലും ദില്ലിയിലും ബംഗാളിലും ഇഴപിരിഞ്ഞു കിടക്കുന്ന കഥയാണ് ഗുരുസാഗരം. ബംഗ്ലാദേശിലെ യുദ്ധം റിപ്പോർട്ട്‌ ചെയ്യാൻ എത്തിയ കുഞ്ഞുണ്ണിയുടെ വിചാരധാരകളിലൂടെയാണ് കഥ വിരിയുന്നത്. ശിഥല മായ കുടുംബജീവിതത്തിന്റെ വേദനകളിലൂടെയും പ്രണയനൈരാശ്യത്തിലൂടെയും അനവധി ദുഃഖങ്ങളിലൂടെയും കടന്നു പോകുന്ന കുഞ്ഞുണ്ണി ഒരു ഗുരുവിനെ തേടുന്നു. ആ യാത്രയിൽ അച്ഛനും സ്വന്തമല്ലാത്ത മകൾ കല്യാണിയും അയാൾക്ക് ഗുരുവാകുന്നു. മനുഷ്യനും മനുഷ്യനുമായുള്ള സമസ്ത സമ്പർക്കങ്ങളിലും അന്തർലീനമായി കിടക്കുന്ന ഗുരു ദർശനം കുഞ്ഞുണ്ണിക്ക് സാധ്യമാവുന്നു. യുദ്ധം ഒന്നിനും സമാധാനമാകുന്നില്ലെന്ന തിരിച്ചറിവോടെ തറവാട്ടിലെത്തുന്ന കുഞ്ഞുണ്ണിയുടെ മുൻപിൽ ജീവിതത്തിന്റെ അർഥങ്ങൾ ഗുരുകൃപയാൽ തെളിയുന്നു. ഗുരുസാഗരത്തിന്റെ പൊരുളും ഇത് തന്നെ.

ഒ വി വിജയൻ
  മേലേക്കാട്ട് തറവാട്ടിലെ പുരാണ കഥകൾ കൊത്തിവെച്ച വലിയ തേക്കിൻ തൂണിൽ ഒറ്റയ്ക്ക് ചാരിയിരുന്ന്കൊണ്ട് കുഞ്ഞുണ്ണി ഗതകാല സ്മരണകളിലേക്ക് പോവുന്നത്തോടെയാണ് നോവൽ തുടങ്ങുന്നത്.  തൂതപുഴയും അച്ഛൻ പറഞ്ഞു കൊടുത്ത മഹിഷപിതാമഹനും വണ്ടിപോത്തുമൊക്കെ അവിടെ എത്തുന്നു.  അങ്ങനെ ഗുരുവിനെ അന്വേഷിച്ചു കൊണ്ടുള്ള യാത്രക്ക് ഒരുക്കമാവുന്നു.  കുഞ്ഞുണ്ണിയുടെ ഭാര്യ ശിവാനിയും,  സ്വന്തമല്ലാത്ത മകൾ കല്യാണിയും,  നിർമ്മലാനന്ദനും,  ലളിതയും,  ഓൾഗയും,  ശ്യാംനന്ദൻ സിങ്ങും,  പിനാകി അമ്മാവനും ഒക്കെ കഥയുടെ വിവിധഘട്ടങ്ങളിൽ ദാർശനികതയ്ക്ക് തൂക്കം കൂട്ടുവാൻ പല തലങ്ങളിലൂടെ സഞ്ചരിക്കുന്നു.  എല്ലാവരും സ്വന്തം ജന്മത്തിന്റെ മൂല്യം നുകർന്നുകൊണ്ട്  അവരവരുടെ വീക്ഷണകോണുകളിൽ നിന്നും ഉൾക്കൊണ്ട അറിവ് പരസ്പരം പങ്കുവെക്കുന്നു.  പരസ്പരം ഗുരുവാകുന്നു. അറിവിന്റെ വെളിച്ചം ഒരു കുഞ്ഞു മെഴുകുതിരിയിൽ നിന്നു പോലുമുണ്ടാവുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ് കുഞ്ഞുണ്ണിക്ക് മകൾ കല്യാണി അറിവിന്റെ ആദ്ധ്യാത്മതലത്തിലേക്ക് ശ്രദ്ധ തിരിച്ചു വിടുന്ന ഭാഗം. കലാപകാരികൾ വർഷിച്ച ബോംബപകടത്തിൽ യുദ്ധം റിപ്പോർട്ട്‌ ചെയ്യാനെത്തിയ കുഞ്ഞുണ്ണിക്ക് പരിക്കേൽക്കുന്നു.  അതോടൊപ്പം താൻ ജീവന് തുല്യം സ്നേഹിക്കുന്ന മകൾ കല്യാണിക്ക് രക്താർബുദമാണെന്ന സത്യം അദ്ദേഹത്തെ വളരെ അധികം വേദനിപിച്ചു. എന്നാൽ അദ്ദേഹത്തെ ഞെട്ടിപിക്കുന്നതും നിരാശനുമാക്കുന്ന മറ്റൊരു സംഗതി ഉണ്ടായിരുന്നു. കല്യാണി പിനാകിക്കും ശിവാനിക്കുമുണ്ടായ പുത്രിയാണെന്നായിരുന്നു ആ രഹസ്യം.  ഒ വി വിജയൻ വളരെ സാഹസികമായാണ് ആ രംഗങ്ങൾ വിശദീകരിച്ചിരിക്കുന്നത്.  മകളുടെ മരണ ശേഷം ദുഖിതനായിരിക്കുന്ന കുഞ്ഞുണ്ണിയോട്:

“ഈ ജന്മത്തിലല്ലേ ഞാൻ അച്ഛന്റെ മകളല്ലാതായി ഇരുന്നിട്ടുള്ളൂ പുറകോട്ടു തിരിഞ്ഞു നോക്കു അച്ഛനു ഓർമയില്ലേ ഞാൻ ശുകനും അച്ഛൻ വ്യാസനുമായിരുന്നത്”, എന്ന് കർമ്മബന്ധത്തിന്റെ ആഴം കൊണ്ട് അറിവിൽ ജ്വലിച്ചു നിൽക്കുന്ന മകൾ പറയുന്നതായി അയാൾ ദർശിക്കുന്നു. അങ്ങനെ മകൾ അയാൾക്ക്‌ ഗുരുവാകുന്നു.
കർമ്മബന്ധത്തിന്റെ ഫലമായാണ് ആകസ്മികമായ യുദ്ധത്തിൽ വെടിയേറ്റു മരിച്ച സിപായി ബേലിറാമിന്റെ മകൻ നിഹാലുവിന് മേജർ ബാലകൃഷ്ണൻ ആശ്രയമാകുന്നത്. ദോഗ്രാ റെജിമെന്റിലെ പരദേവതയായ ജ്വാലാമുഖിയുടെ അനുഗ്രഹം കൊണ്ട് ബേലിറാമിന് അന്ത്യപരിചരണം നൽകിയ കേണൽ ബാലകൃഷ്ണൻ നിർമ്മലാനന്ദനായി. ബേലിറാം അയാൾക്ക്‌ ഗുരുവാകുന്നു. വളരെ സാത്വിക ശുദ്ധിയുള്ള നിഹാരികദീദിയുടെ ക്രൂരനും വിപ്ലവകാരിയുമായ മകൻ താപസചന്ദ്രൻ, തന്നെ വധശിക്ഷക്കു വിധിച്ചപ്പോൾ സ്വന്തം കണ്ണുകൾ ദാനം ചെയ്ത് കരുണയുടെ പ്രതീകമാവുന്നു. അയാൾക്ക് താൻ ക്രൂരമായി വധിച്ച നിമായി സന്യാലിന്റെ വിധവ ഗുരുവാകുന്നു. സഹോദരൻ നഷ്ടപെട്ട ലളിതക്ക് കുഞ്ഞുണ്ണി ഗുരുവാകുന്നു. ഇതെല്ലാം തന്റെ ജീവിതയാത്രയിൽ തിരിച്ചറിയുന്ന കുഞ്ഞുണ്ണി ദില്ലിയിലെ ജോലി ഉപേക്ഷിച്ചു ശ്യാനന്ദനെ ആശ്രമത്തിലാക്കി, നിർമ്മലാനന്ദനിൽ ഗുരുകാരുണ്യം ദർശിക്കുന്നു. അവിടെ വെച്ചാണ് മകൾ കല്യാണി അയാൾക്ക്‌ ഗുരുദർശനമാകുന്നത്.
സനാതമായ ഊർജ്ജം ജൈവ രൂപങ്ങളിലൂടെ സഫലീകരിക്കുന്ന പ്രയാണവും പരിണാമവുമാണ് ഗുരു. ജീവിച്ചിരിക്കുമ്പോൾ തന്നെ ഒരു മിത്തായി മാറിയതായിരുന്നു ഒ വി വിജയൻ. നമ്മുക്ക് നഷ്ടപെട്ടു കൊണ്ടിരിക്കുന്ന പാരമ്പര്യത്തെയും ഇന്ത്യയുടെ അന്തർധാരയായ ആത്മീയതയെയും കുറിച്ച് അദ്ദേഹം വ്യാകുലപെട്ടിരുന്നു. ചേതനയുടെ സൂക്ഷംങ്ങളുമായി നടത്തിയ രഹസ്യ സമാഗങ്ങലായിരുന്നു വിജയന്റെ സാഹിത്യം. മലയാള നോവൽ കഥാസാഹിത്യത്തിൽ തനതായൊരു ശൈലി സൃഷ്ടിച്ചവയാണ് ഒ വി വിജയന്റെ കൃതികൾ. സമകാലിക പ്രശ്നങ്ങളോട് സംവദിച്ചു കൊണ്ട് യാഥാർഥ്യത്തിന്റെ മുഖം അനാവരണം ചെയ്യാൻ അദ്ദേഹം എന്നും ശ്രദ്ധിച്ചിരുന്നു. അത്തരത്തിലുള്ള ഒരു കൃതിയാണ് വിജയന്റെ ആത്മീയദർശനം തുറന്നു കാണിക്കുന്ന ഗുരുസാഗരം.

You can share this post!