ഋതുസംക്രമം 24

 

      മെസ്സിൽ നിന്ന് ഞങ്ങൾ നേരെചെന്നതു സിസ്റ്റർ വെറോനിക്കയുടെ മുറിയിലേക്കാണ് . അവർ ഞങ്ങളെക്കണ്ടയുടനെ ക്ഷമാപണത്തോടെ പറഞ്ഞു .

സോറി മിസ്റ്റർ മനീഷ് . സാധാരണയായി ഇവിടെ ആണുങ്ങൾക്ക് പ്രവേശനമില്ല പക്ഷെ നിങ്ങൾ മാന്യനാണെന്നറിയാം. .അതുകൊണ്ടാണ് പ്രവേശനം നൽകിയത് . എങ്കിലും നിബന്ധനകൾ ചിലരെങ്കിലും ലംഘിക്കുമ്പോൾ പലരും ചോദ്യവുമായി വരും. അതൊഴിവാക്കാൻ താങ്കൾ ഞങ്ങളെ സഹായിക്കണം” .

സോറി സിസ്റ്റർ . ഇനി മുതൽ ഞാനതു ശ്രദ്ധിച്ചോളാം മനുവേട്ടൻ സിസ്റ്ററുടെ വാക്കുകൾക്കു മറുപടിയായി പറഞ്ഞു .

പിന്നെ തനിക്കു മുമ്പിലും അവർ ചില നിബന്ധനകൾ വച്ചു .”രാത്രി ഏഴര കഴിഞ്ഞാൽ സെക്യൂരിറ്റി ഗേറ്റ് അടക്കും . പിന്നെ ആർക്കും ഹോസ്റ്റലിലേക്ക് പ്രവേശനം ഉണ്ടാവുകയില്ല .”

ശരി സിസ്റ്റർ . ഞാനതു പാലിച്ചോളാം താൻ അല്പം ഭയപ്പാടോടെ മറുപടി പറഞ്ഞു . അവിടെനിന്നുമിറങ്ങുമ്പോൾ താൻ മനുവേട്ടനോട് പറഞ്ഞു

 ”മനുവേട്ടന് ഇവിടെയുള്ളവരെ പരിചയമുള്ളതു നന്നായി  അല്ലെങ്കിൽ ഒരു പുരുഷനെ അകത്തു കയറ്റിയതിന്റെ പേരിൽ ഞാനീ ഹോസ്റ്റലിൽ നിന്നും ഇപ്പോൾ തന്നെ ഡബിൾ കിക്കിൽ പുറത്തായേനെ .”.തന്റെ തമാശ കേട്ട് മനുവേട്ടൻ പറഞ്ഞു

 ” താൻ മേട്രൺ വിമല സിസ്റ്ററിനെ മണിയടിച്ചു നിന്നാൽ എന്റെ പെണ്ണാണെന്നതിന്റെ പേരിൽ ചില ഇളവൊക്കെ ചിലപ്പോൾ തനിക്കു കിട്ടിയേക്കും .”അതുകേട്ട് താൻ നാണത്തോടെ മറുപടി പറഞ്ഞു

ഒന്ന് പോ മനുവേട്ടാ . ഇപ്പോൾ തന്നെ ഞാൻ നാണം കെട്ടിരിക്കുകയാണ് . ഇനിയും കൂടുതൽ ഇവിടെ നിന്നാൽ മനുവേട്ടനും വല്ലതും കേൾക്കേണ്ടിവരും . അതുകൊണ്ടു ഇവിടെനിന്നും എത്രയും വേഗം രക്ഷപ്പെടാൻ നോക്കിക്കോളൂ .

എന്നാൽ ശരി താനും വരൂ. നമുക്കൊരുമിച്ചു കോച്ചിങ് ക്ലാസ്സിലേക്ക് പോകാം .

കോച്ചിങ് ക്ലാസ്സിലേക്കുള്ള യാത്രക്കിടയിൽ മനുവേട്ടൻ ചോദിച്ചു

താനൊരു ഫുട്ബോൾ ആരാധികയാണെന്നു തോന്നുന്നു

അതെ മനുവേട്ടാ ..ഫുട്ബോൾ എനിക്ക് ജീവനാണ് . ”

ആരെയാണ് തനിക്കിഷ്ടം . മെസ്സിയെയോ അതോ റൊണാൾഡോയോ

മെസ്സിയെ . മെസ്സിയുടെ കളി കണ്ടുകൊണ്ടിരുന്നാൽ ഞാനെല്ലാം മറക്കും ”.

മനുവേട്ടൻ തന്നെ കൗതുകത്തോടെ നോക്കി ചോദിച്ചു .”ഫുട്ബോൾ കഴിഞ്ഞാൽ തനിക്കെന്താണ് ഇഷ്ടം

പുസ്തകങ്ങൾ… ..ഹാരിപോട്ടറും,ചേതൻ  ഭഗത്തിന്റെ   നോവലുകളും   മറ്റും ഞാനെത്രപ്രാവശ്യം വായിച്ചിട്ടുണ്ടെന്നോ . പിന്നെ ഇംഗ്ലീഷ്, മലയാളം സിനിമകൾ ” .

മനുവേട്ടൻ തൻറെ കരങ്ങളെടുത്തു മടിയിൽ വച്ച് കൊണ്ട് പറഞ്ഞു .”തന്റെയും എന്റെയും ഇഷ്ടങ്ങൾക്കു തമ്മിൽ ഇത്രയും പൊരുത്തമുണ്ടെന്നു ഞാൻ വിചാരിച്ചില്ല . എനിക്കും ഫുട്ബോളും പുസ്തകങ്ങളും സിനിമയുമൊക്കെയാണ് ഇഷ്ടം .”. ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ഓട്ടോറിക്ഷ കോച്ചിങ് സെന്ററിലെത്തി

ഞങ്ങൾ അവിടെയെത്തുമ്പോൾ നെടുങ്ങാടി മാഷ് ക്‌ളാസ്സെടുക്കാൻ തുടങ്ങിയിരുന്നു . അതുകണ്ടു മനുവേട്ടൻ ഓഫീസിലേക്ക് പോയി . നെടുങ്ങാടി മാഷ് വൈകിയതിന് കാരണം ചോദിച്ചപ്പോൾ താൻ ഹോസ്റ്റലിൽ ചേരാൻ പോയ കാര്യം പറഞ്ഞു . ക്ലാസിലിരിക്കുമ്പോൾ, ഒരുതരം ആസക്തിയോടെ അയാളുടെ കണ്ണുകൾ പെണ്ണുങ്ങളുടെ നേർക്ക് പലപ്പോഴും നീണ്ടു വരുന്നത് കണ്ടു . ഇടക്കെപ്പോഴോ അയാൾ ആരതിയെ സംബോധന ചെയ്തു ചോദ്യം ചോദിക്കുന്നത് കേട്ടു . അപ്പോഴാണ് താൻ നീണ്ടു മെലിഞ്ഞു സുന്ദരിയായ ആരതിയെ തിരിച്ചറിഞ്ഞത് .

ക്ലാസ്സു കഴിഞ്ഞപ്പോൾ അവളുടെ സമീപമെത്തി താൻ സ്വയം പരിചയപ്പെട്ടു . അവൾ കൗതുകത്തോടെ തന്നെ നോക്കിപറഞ്ഞു

ചേച്ചി ഇത്ര സുന്ദരിയാണെന്ന് ഞാനറിഞ്ഞില്ല ”. ഒരു കൗമാരക്കാരിയുടെ ആത്മഗതമായിട്ടാണ് തനിക്കതിനെ തോന്നിയത് . ”ആരതിയും സുന്ദരിയാണല്ലോ ”. താൻ മറുത്തു പ്രതിവചിച്ചു . പെട്ടെന്ന് ഞങ്ങൾ രണ്ടുപേരും പൊട്ടിച്ചിരിച്ചു . അതോടെ ഞങ്ങൾക്കിടയിലുണ്ടായിരുന്ന അപരിചിതത്വം മാഞ്ഞു പോയി , ആരതി വാചാലയായി. ഇടക്കവൾ കണ്ഠമിടറിക്കൊണ്ട് പറഞ്ഞു .

എന്റെ അച്ഛന് ചേച്ചി എന്നുപറഞ്ഞാൽ നൂറു നാവാണ് . ചേച്ചി ഫീസടക്കാമെന്നു പറഞ്ഞതും മറ്റും പറഞ്ഞു അച്ഛൻ കരയാറുണ്ട് . ചേച്ചി ഒരു മാലാഖയാണെന്നാണ് അച്ഛൻ പറയാറ് . ഞങ്ങൾ പട്ടികജാതി പട്ടിക വർഗക്കാർക്കായുള്ള പ്രതേക വിദ്യാഭ്യാസ വായ്പക്ക് അപേക്ഷിച്ചിട്ടു ബാങ്കുകാർ മറ്റെന്തൊക്കെയോ പറഞ്ഞു അത് നിഷേധിച്ചു . അതുകാരണം ആകെ നിരാശയിലായിരുന്നു . അപ്പോഴാണ് ചേച്ചിയൊരു ദേവദൂതികയെപ്പോലെ ഞങ്ങളുടെ മുന്നിൽ സഹായ ഹസ്തവുമായി എത്തിയത് . ഇനിയെപ്പോഴെങ്കിലും ബാങ്ക് ലോൺ ശരിയാവുകയാണെങ്കിൽ ഞങ്ങൾക്ക് ചേച്ചിയെ ബുദ്ധിമുട്ടിക്കേണ്ടല്ലോ ” . അതുപറയുമ്പോൾ ആരതിയുടെ കണ്ണുകൾ നിറഞ്ഞ ജലാശയമായി മാറി .

തനിക്ക് ബുദ്ധിമുട്ടൊന്നും ഇല്ലെന്നും, സ്വന്തമായുണ്ടാക്കിയ സമ്പാദ്യം കൊണ്ട് താനും അച്ഛനും ഇതുപോലെ ഏതാനും പേരെ സ്പോൺസർ ചെയ്തു പഠിപ്പിക്കുന്നുണ്ടെന്നും പറഞ്ഞു അവളെ സമാധാനിപ്പിച്ചു

പിന്നീട് മനുവേട്ടൻ ആണ് ക്ലാസെടുക്കാൻ എത്തിയത്. . ഏറെ ഗൗരവത്തോടെ താൻ ക്‌ളാസിൽ ശ്രദ്ധിക്കുകയും ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്തു . ക്ലാസ്സു കഴിഞ്ഞു താനും ആരതിയും ഒരുമിച്ചാണ് ഹോസ്റ്റലിലേക്ക് പുറപ്പെട്ടത് . ആരതിയുടെ റൂം മനുവേട്ടൻ മേട്രനോട് പറഞ്ഞു ശരിയാക്കിയിരുന്നു .

തന്റെ മുറിയിലെ അന്തേവാസികൾ തന്നെ പരിചയപ്പെടാനായി കാത്തു നിന്നിരുന്നു ,. എം എസ്സ് ഡബ്ലിയുവിനു പഠിക്കുന്ന ആമിനയും , കോളജ് അധ്യാപികയായ റിൻസിയും , എഞ്ചിനീറിങ് വിദ്യാർത്ഥിനിയായ ശ്രീകലയും എല്ലാം വളരെ വേഗത്തിൽ താനുമായി അടുത്തു . എല്ലാവരുടെയും കുടുംബ പശ്ചാത്തലവും താൻ ചോദിച്ചറിഞ്ഞു . വിവാഹിതയും സെന്റ് മൈക്കിൾസിൽ അധ്യാപികയുമായ റിൻസിയുടെ ഭർത്താവും കോളേജ് അദ്ധ്യാപകനാണ് . ഏഴു വയസ്സുള്ള ഒരു കുട്ടിയുള്ളത് അയാളോടും മാതാപിതാക്കളോടുമൊപ്പം വടക്കാഞ്ചേരിക്കടുത്തു അവരുടെ തറവാട്ടു വീട്ടിൽ താമസിക്കുന്നു .

ആമിന ഒരുവിധം സാമ്പത്തിക ശേഷിയുള്ള നിലമ്പൂരിലെ ഒരു മുസ്ലിം തറവാട്ടിലെയാണ് . ഗൾഫിലായിരുന്ന അവളുടെ ബാപ്പ ഇപ്പോൾ നാട്ടിലെത്തി ഫർണിച്ചർ കട നടത്തുന്നു . നിലമ്പൂരിലെ തറവാട്ടിൽ അവളുടെ ബാപ്പയും ഉമ്മയും വലിയുമ്മച്ചിയുമുണ്ട് . അവൾ ഒപ്പം പഠിക്കുന്ന ഒരു ക്രിസ്ത്യൻ യുവാവിനെ സ്‌നേഹിക്കുന്നുണ്ട് . അത് ബാപ്പയറിഞ്ഞാൽ കൊല്ലുമെന്ന ഭയം അവൾക്കുണ്ടായിരുന്നു . അതുകൊണ്ടു തന്നെ പഠനം കഴിഞ്ഞു ഒരു ജോലിയൊക്കെയായശേഷം വീട്ടുകാരറിയാതെ വിവാഹം കഴിക്കാനാണ് അവരുടെ പ്ലാൻ . പിന്നെ ശ്രീകല ഒരു പാവപ്പെട്ട കുടുംബത്തിലെയാണ് . അവളെക്കൂടാതെ ഒരനുജത്തിയും എൻഡോസൾഫാൻ രോഗബാധിതനായ ഒരനുജനും വീട്ടിലുണ്ട് . തയ്യൽ ജോലിയും വീട്ടുജോലിയുമുൾപ്പെടെ പലതരം ജോലിയെടുത്തു ജീവിക്കുന്ന രോഗിയായ അമ്മയെ ഉപേക്ഷിച്ചു അച്ഛൻ വേറെ വിവാഹം കഴിച്ചു . പഠിക്കാൻ മിടുക്കിയായിരുന്നഅവൾ ഇതുവരെ സ്കോളര്ഷിപ്പോടെയാണ് പഠിച്ചു എഞ്ചിനീയറിംഗ് വരെ എത്തിയത് . എന്നാൽ അത് പരിമിതമായ ഒരു സംഖ്യയായിരുന്നതിനാൽ പുസ്തകം വാങ്ങാനും മറ്റും അവൾ ബുദ്ധിമുട്ടിയിരുന്നു .അടച്ചുറപ്പില്ലാത്ത ചെറിയ വീട്ടിൽ അവളുടെ അമ്മയും സഹോദരങ്ങളും കഴിയുന്നു . അവളുടെ ജീവിത കഥ തന്നെ വല്ലാതെ അലട്ടി. തന്നെക്കൊണ്ടാവും വിധം അവളെ സഹായിക്കണമെന്നുറച്ചു . എല്ലാപേരേയും പരിചയപ്പെട്ടു കഴിഞ്ഞപ്പോൾ ആ മുറിയാകെ ശ്രദ്ധിച്ചു . സാമാന്യം വലിയ ഒരു ഹാൾ പോലുള്ളമുറി . ആമുറിയുടെ ഓരോ സൈഡിലായി ഓരോ സിംഗിൾ കോട്ടും ഓരോ ചെറിയ ഷെൽഫും . പിന്നെ ഓരോ ചെറിയ മേശയും , കസേരയും .

രാത്രിയിൽ റിൻസിയോടൊപ്പം ആഹാരം കഴിക്കാനായി മെസ്സിലേക്കു നടന്നു . പലതും പറഞ്ഞ കൂട്ടത്തിൽ റിൻസി അന്വേഷിച്ചു ..”എന്തുകൊണ്ടാണ് താൻ ഗൾഫിലെ ഒന്ന് രണ്ടു ലക്ഷം രൂപ ശമ്പളം കിട്ടുന്ന ജോലി ഉപേക്ഷിച്ചു നാട്ടിൽത്തന്നെ തങ്ങിയത് ” .

മുത്തശ്ശിയും ,മുത്തശ്ശനും നൽകുന്ന ഉപാധികളില്ലാത്ത സ്നേഹം മടക്കി നൽകുവാനുള്ള പ്രേരണയാണ് അതിനു പിന്നിൽ .അവർ ജീവിക്കുന്ന അല്പകാലത്തേക്കെങ്കിലും എനിക്കതിനു കഴിയുമെന്ന് കരുതിയാണ് ഇവിടെ തങ്ങുന്നത് . അങ്ങിനെയാണ്ഇവിടെ താമസിച്ച് ഐ എ എസ് എടുക്കുന്നതിനെപ്പറ്റി ആലോചിച്ചത് . ” താൻ പറഞ്ഞു . അതുകേട്ട് റിൻസി തന്നെ അഭിനന്ദിച്ചു

.”സാധാരണയായി വിദേശത്തു ജനിച്ചു വളർന്നവർ വിദേശത്തു തന്നെ ജീവിക്കാനാണ് ഇഷ്ടപ്പെടുന്നത് . ഇവിടത്തെ ആൾക്കാരും സംസ്കാരവുമൊന്നും അവർക്കു പിടിക്കുകയില്ല. . അതിൽ നിന്നും വ്യത്യസ്തയായി ഒരാളെ ഞാൻ ആദ്യമായി കാണുകയാണ് . ”

ശരിയാണ് റിൻസി പറഞ്ഞത് . ഇന്നത്തെ കാലത്തെ ഇവിടത്തെ സംസ്കാരം അംഗീകരിക്കാൻ എനിക്കും പ്രയാസം തോന്നാറുണ്ട് . ചിലപ്പോൾ എനിക്ക് തോന്നും കുറേക്കൂടി മാനുഷിക മൂല്യങ്ങൾക്ക് വില കൽപ്പിക്കുന്നത് പാശ്ചാത്യരാണെന്നു . എന്തിനും സ്വാതന്ത്ര്യം ഉള്ളത് കൊണ്ട് തന്നെ അസ്വാതന്ത്ര്യത്തിന്റെ വേലിക്കെട്ടുകൾ പൊളിച്ചു് കൊണ്ടുള്ള കടന്നുകയറ്റങ്ങൾ അവിടെയില്ല . ഇന്ന് കേരളത്തിലെ ചെറുപ്പക്കാർക്കിടയിൽ കാണുന്ന , പ്രണയ ഭംഗമോ , കാമിനിയെക്കൊല്ലുന്നതുപോലെയുള്ള ആപൽക്കരമായ ചിന്തകളൊ അവിടെയില്ല . മനുഷ്യർക്കിടയിലുള്ള പരസ്പര ബഹുമാനവും ഏതു ജോലിക്കുമുള്ള മാന്യതയും എല്ലാം അവിടത്തെ പ്രത്യേകതയാണ് .നമുക്ക് അത്തരം മാനുഷിക മൂല്യങ്ങളെല്ലാം നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ് ആല്ലേ റിൻസി”. താൻ ചോദിച്ചു

പക്ഷെ ഒന്നുണ്ട്. മതത്തിന്റെ പേരിലും ജാതിയുടെ പേരിലും വർണ്ണത്തിന്റെ പേരിലുമുള്ള കലഹങ്ങൾ . മനുഷ്യൻ എത്ര പുരോഗമിച്ചാലും ഇത്തരം മനോഭാവങ്ങൾ ഏതു രാജ്യത്തായാലും മനുഷ്യനെ വിട്ടകലുകയില്ലെന്നു തോന്നുന്നു . പാശ്ചാത്യ രാജ്യങ്ങളിൽ വർണവെറി പൂണ്ടവർ മനുഷ്യനെ കൊന്നൊടുക്കുന്ന കഥകൾ ഇന്ന് നിത്യവുമെന്നോണം കേൾക്കുന്നുണ്ടല്ലോ റിൻസി പറഞ്ഞു .

ശരിയാണ് റിൻസി പറഞ്ഞത് . ലോക സമൂഹത്തെയാകെ ബാധിച്ച ഒരു കാൻസർ പോലെയാണത്. . എത്ര ചികിൽസിച്ചാലും ഭേദമാകാത്ത ഒരസുഖം . നമ്മുടെ മഹാന്മാരെല്ലാം അതിനെതിരായി പ്രതികരിച്ചിട്ടും മനുഷ്യ മനസ്സിനെ കാർന്നു തിന്നുന്ന ആ രോഗത്തിൽ നിന്നും മനുഷ്യന് മോചനമില്ലെന്നു തോന്നുന്നു ”.

നമ്മുടെ അടുത്ത തലമുറയെങ്കിലും അതിനെക്കുറിച്ചൊക്കെ ബോധവാന്മാരായാൽ മതിയായിരുന്നു . അവർ മതമോ ജാതിയോ നോക്കാതെ വിവാഹം കഴിക്കട്ടെ. അങ്ങിനെ എല്ലാ ജാതിമതങ്ങളെയും അംഗീകരിക്കുന്ന ഒരു സമൂഹം ഭാവിയിൽ വാർത്തെടുക്കുന്നതിനു ഞാനുൾപ്പെടെയുള്ള അധ്യാപകർ ശ്രമിക്കേണ്ടതാണെന്നു തോന്നുന്നു. ”

റിൻസി പറയുന്നത് ശരിയാണ് .ഞാനും ഐ എ എസ് എടുത്തു കഴിഞ്ഞാൽ സ്ത്രീക്ക് സമൂഹത്തിൽ മാന്യത നേടിയെടുക്കാൻ ശ്രമിക്കും . അതിക്രമങ്ങൾക്കെതിരെ പ്രതിരോധിക്കാൻ സ്ത്രീകളെ അഭ്യസിപ്പിക്കേണ്ടതുണ്ട് ”. വർത്തമാനം പറഞ്ഞു നടന്നു മെസ്സിലെത്തിയത് അറിഞ്ഞില്ല. അവിടെ ഒഴിഞ്ഞു കിടന്ന സീറ്റുകളിൽഞങ്ങൾ ഇരിപ്പുറപ്പിച്ചു. അപ്പോഴാണ് റിൻസിയുടെ രണ്ടു സുഹൃത്തുക്കളെ കണ്ടത്

.”ഇത് താര .മൈക്രോ ബയോളജിസ്റ്റാണ് . ഇത് അഞ്ജലി . സൈക്കോളജിയിൽ റിസേർച് ചെയ്യുന്നു” . റിൻസി അവരെ തനിക്കു പരിചയപ്പെടുത്തി .”അപ്പോൾ താൻ വെറുതേ അഞ്ജലിയെ കളിയാക്കി .”ഒറ്റ നോട്ടത്തിൽ എല്ലാപേരുടെയും സൈക്കോളജി പിടികിട്ടുമായിരിക്കുമല്ലോ അല്ലെ ?

വേണമെങ്കിൽ തന്റെ സൈക്കോളജിയും പറയാം അഞ്ജലിയും വിട്ടില്ല. ”

എന്നാൽ പറയൂ കേൾക്കട്ടെതാൻ കാതോർത്തു നിന്നു .

താനൊരു ജെന്റിൽ വുമനാണ്. മറ്റുള്ളവർക്ക് വേണ്ടി എന്തും സാക്രിഫൈസ് ചെയ്യാൻ തയ്യാറുള്ളവൾ .എന്താ ശരിയല്ലേ ?”. അതുകേട്ട് പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു

താനെന്നെ ഒറ്റ നോട്ടത്തിൽ കയ്യിലെടുത്തു കളഞ്ഞല്ലോ‘ ‘

അവർക്കിടയിൽ താൻ മറ്റൊരാളാവുകയാണെന്നു തോന്നി . ഏതാനും നാളുകളായി വീടിനു പുറത്തിറങ്ങുമ്പോൾ , തനിക്കു നഷ്ടപ്പെട്ടിരുന്ന മാനസികോന്മേഷം ഹോസ്റ്റലിലെ ഈ നല്ല സുഹൃദ് വലയം തനിക്കു വീണ്ടെടുത്തു നൽകുമെന്ന് മനസ്സിലായി. . കിടക്കുന്നതിനു മുമ്പ് അച്ഛനെ വിളിച്ച് ഹോസ്റ്റലിലെ പുതിയ സുഹൃത്തുക്കളെപ്പറ്റി പറഞ്ഞു .അതിൽ ആരതിയും ശ്രീകലയും സാമ്പത്തികമായി പിന്നോക്കാവസ്ഥയിലാണെന്നും അവരെ താൻ സഹായിക്കുന്നുണ്ടെന്നും അച്ഛനെ അറിയിച്ചു .

ഗോഡ് ബ്ലസ്സ് യു മൈ ചൈൽഡ് . നിന്റെ ലക്ഷ്യങ്ങളും നിന്റെ മനസ്സും വളരെ നല്ലതാണ് മോളെ .”’.അച്ഛൻ അനുഗ്രഹ വർഷം ചൊരിഞ്ഞു കൊണ്ട് പറഞ്ഞു . തന്റെ ജന്മ ദിനത്തിൽ അവർ നാട്ടിൽ എത്തുമെന്നും അറിയിച്ചു

രാത്രിയിൽമറ്റുള്ളവരെല്ലാംഉറങ്ങിയിട്ടുംതനിക്കുറക്കം വന്നില്ല . പുതിയ സ്ഥലവും ,സുഹൃദ് വലയവും അച്ഛന്റെ വാക്കുകളും തന്നിൽ ഉന്മേഷം നിറച്ചിരുന്നു . .

ഇരുട്ടിന്റെ മുഖപടം വലിച്ചുനീക്കി നിലാവിന്റെ ഒരു ചെറുകീറു ജനലിലൂടെ കടന്നു വന്നു . പുറത്തു പൂർണചന്ദ്രൻ ഒരു കള്ളനെപ്പോലെ ഒളിഞ്ഞു നിന്ന് നോക്കി തനിക്കപ്പോൾ മനീഷിനെ വിളിക്കണമെന്ന് തോന്നി. പിന്നീട് വേണ്ടെന്നു വച്ചു. ഫോണെടുത്തു ഇംഗ്ലീഷിൽ ഒരു മെസ്സേജ് അയച്ചു . ”ലോകത്തിൽ ഏറ്റവും സന്തോഷവതിയായ യുവതി ഇന്ന് ഞാനാണ് ………….. ”

പിന്നീട് ടേബിൾ ലാമ്പ് ഓൺ ചയ്തു വച്ച് ഗഹനമായ പാഠ ഭാഗങ്ങൾ ഹൃദിസ്ഥമാക്കുമ്പോൾ താൻ മറ്റെല്ലാംമറന്നു കഴിഞ്ഞിരുന്നു ..രണ്ടു മണിയോടടുപ്പിച്ചു പഠനം അവസാനിപ്പിച്ച് കിടന്നു . . . പിറ്റേന്ന് തനിക്കു മുന്നേ എഴുന്നേറ്റു ശ്രീകല പഠനമാരംഭിച്ചിരുന്നു .ആമിയും റിൻസിയും അപ്പോഴും മൂടിപ്പുതച്ചു കിടന്നു

.കുളികഴിഞ്ഞ് അണിഞ്ഞൊരുങ്ങിയെത്തിയ തന്നെ നോക്കി ശ്രീകല അസ്സൂയകലർന്ന സ്വരത്തിൽ പറഞ്ഞു .. ”..ചേച്ചിയെ കാണാൻ നല്ല ഭംഗിയുണ്ട് . ചേച്ചിയുടെ നീണ്ടമുടി കാണാൻ എന്തഴകാ .”

തീരെ മെലിഞ്ഞു എല്ലുന്തിയ അവളുടെ ശരീരം യൗവ്വനാരംഭത്തിൽ ഒരു പെൺകുട്ടിക്കുണ്ടാകേണ്ട അഴകളവുകളോടെല്ലാം പിണങ്ങി നിന്നിരുന്നു . മിഴികളിൽ സ്ഥിരവാസമാക്കിയിട്ടെന്നോണം വിഷാദം തളം കെട്ടി നിന്നു . .

You can share this post!