ഇമ്പ്രെസ്സിയോ ഓണപ്പതിപ്പ് 2021 /ഓട്ട് വിളക്ക്/റെജില ഷെറിൻ

റെജില ഷെറിൻ


മച്ചിലെ കന്നിമൂലയിൽ
ഇരുട്ടിൽ പൊടിമൂടി
മാറാലചുറ്റി കിടക്കുന്നുണ്ട്
ഒരു ഓട്ട് വിളക്ക്;പണ്ട്
ആലയിൽ വെന്തുരുകിയ
ആത്മാക്കളേയും ഓർത്ത്

മെഴുകുതിരി,
പെട്രോമാക്സ്,
എമർജൻസി ലാംമ്പ്
ഇർവർട്ടർ,ജനറേറ്റർ
എല്ലാർക്കുമുണ്ട്
ആ വീട്ടിൽ കണ്ണെത്തും
ദൂരത്തൊരു സ്ഥാനം;
ഉപേക്ഷിക്കപ്പെട്ടവയുടെ
കൂട്ടത്തിലോ ഇവൾക്ക്
പ്രഥമസ്ഥാനം

ഏതോകാലം
ഒരുവീടിന്നാകെയും
പ്രകാശമായവളേ
അസംഖ്യം കണ്ണുകളുടെ
കാഴ്ചയുമായവളേ

കരിന്തിരിപോലെ
എരിയുന്നുവോ ഇപ്പോൾ
ദിനതോറും രാവ്
യാത്രചൊല്ലുംമുമ്പും
സന്ധ്യയെത്തും മുമ്പും
ചാമ്പലിട്ട് പുളിയിട്ട്
തേച്ച് കുളിച്ച് മിനുങ്ങിയ
ഉടലഴക്;
കനകകാന്തി,
അചഞ്ചല ദീപ്തി

അതെ,
ആഗ്രഹിക്കുന്നുണ്ട്
നിശ്ചയം അവളും
ഒരു നോട്ടം,സ്പർശം
നിറംമങ്ങിയ വെറും
ലോഹമായാണിപ്പോൾ
നിൽപ്പതെങ്കിലും കഷ്ടം!

പറയുന്നുണ്ട്
മൗനമന്ത്രണംപോൽ
വിളക്കല്ല,വിളക്കല്ല
വെളിച്ചമാണെന്നും

ആക്രിയുടെ
പ്ലാസ്റ്റിക്ക് ചാക്കിലേക്ക് എടുത്തെറിയുന്നവന്റെ
കയ്യിലിരുന്നും
താഴ്ന്നതിരിയിലിരുന്നും
വെട്ടമിനിയുമിനിയും
പകരണമെന്നും

അനന്തരം
തിളച്ച്മറഞ്ഞ പിണ്ഡത്തിൽനിന്നും
ഒഴിഞ്ഞമൂശയിലേക്കുള്ള
ദൂരമളന്ന് അവൾ,
ആ ഓട്ട് വിളക്ക്
അടഞ്ഞ്കിടന്ന
കിളിവാതിലിനപ്പുറത്തെ
വെളിച്ചമോ സ്വപ്നംകാണുന്നു?

home page \

m k onappathipp

You can share this post!