അഭാഷാ സംസ്ഥാനം/രാമകൃഷ്ണൻ ചുഴലി



മെഡിക്കൽ കോളേജ്,
ജനറൽ വാർഡ്
ചുമയുടെ കൊത്തും കിളയും
കുഞ്ഞുങ്ങളുടെ ദീർഘ വിലാപം.
ഉച്ചത്തിളക്കം.

ചിരിച്ചു കൊണ്ടേയിരിക്കുന്ന
സുന്ദരിയായ പെൺകുട്ടീ..
നിൻ്റെ കണ്ണുകളിൽ ആശ്ചര്യത്തിൻ്റെ
കുട്ടീം കോലും വിടരുന്നല്ലോ. 1
നിൻ്റെ ചിരിയാണ് നിൻ്റെ ഭാഷ.
എൻ്റെ ചിരി എൻ്റേയും.
നിൻ്റെ കണ്ണുകൾ കാറ്റും കോളും നിലച്ച
ശാന്തമായ ഭൂപ്രദേശം
നിൻ്റെ ചിരിയുടെ ചങ്ങാടത്തിൽ
നീ എന്നെ ഒഴുക്കിവിടുന്നു.
ഞാനെന്തെല്ലാം കാണുന്നു?
കൊറ്റികൾ പറക്കുന്ന പാടം,
കൊച്ചു കൊച്ചു വീടുകൾ
സ്വപ്നം മേയുന്ന കുന്നുകൾ,
കേരളമല്ലാത്തതിനാൽ ഹാവ് സ് ആൻറ് ഹാവ് നോട്ട്സ്..
കൂലിയില്ലായ്യ..
ദാരിദ്ര്യത്തിൻ്റെ ലിപികളാൽ
രേഖപ്പെടുത്തിയ നിൻ്റെ ഗ്രാമ പുസ്തകം.
എന്നിൽ നിന്നും നിൻ്റെ നിഷ്കളങ്കമായ കണ്ണുകൾ
എന്തെല്ലാം വായിക്കുന്നു..
മമ്മൂട്ടി, മോഹൻലാൽ, യേശുദാസ്..
ഭൂപരിഷ്ക്കരണം, നവോത്ഥാനം, പിണറായി,
ശബരിമല , ആർത്തവം..
ഉയർന്ന പഠിപ്പ്, മുടിഞ്ഞ കൂലി, കവിതാ ചർച്ച….
തോളിൽ സഞ്ചിയും തൂക്കി
ഡിസ്ചാർജ്ജ് സായാഹ്നത്തിൽ
ഞാൻ പോട്ടെ എന്ന് ചിരിക്കുന്നു.
ശരി എന്ന നിൻ്റെ ചിരിയുടെ ഇളം കാറ്റിൽ
എല്ലാ അതിർത്തി രേഖകളും
മെല്ലെ മാഞ്ഞു പോകുന്നു.
നീ എന്നിലേക്കും ഞാൻ നിന്നിലേക്കും
നുഴഞ്ഞു കയറുന്നു.
അങ്ങനെ
ഒരഭാഷാ സംസ്ഥാനം
രൂപം കൊള്ളുന്നു

You can share this post!