
പള്ളിക്കൂടവും മഴക്കാലവും
രണ്ടർദ്ധഗോളങ്ങളായി
എന്നിൽ നിറയുന്നു.
പെരുത്ത മഴയിൽ
ചിതറി വീഴുന്ന
മാമ്പഴങ്ങൾ.
അക്ഷരക്കൂനകളുടെയാ
ക്ലാസ്സുമുറികൾക്കടിയിൽ
ജീവിതം കരിഞ്ഞുണങ്ങിയ
ചരിത്രത്തിൻെറ
അസ്ഥികൂടങ്ങൾ
ഞങ്ങൾ കണ്ടെത്തുന്നു.
ആ രഹസ്യസ്ഥലികളിൽ
പേടിച്ചുവിറച്ച്
വെളിച്ചത്തിനായി
അലഞ്ഞു തിരിയുന്നു.
വെളിച്ചമില്ലാത്ത ഒരു ലോകം
അകപ്പാടുകളുടെ മുറിവുകളെ
അന്ധമാക്കുന്നു.
ഒരുമയില്ലാത്ത ലോകത്തിലെ
ലിപികളിലെ കള്ള വായ്പ്പുകൾ
ഒളിപ്പിച്ച ഇടങ്ങളിലേക്ക്
തേരോട്ടങ്ങളുടെ
ഇളമനസ്സുകൾ
രക്തം തുപ്പുന്നു.
ഒരു ലക്ഷ്യവുമില്ലാത്ത
മരത്തവളകളെപ്പോലെ
ഞങ്ങൾ കുട്ടികൾ
ചാടിക്കൊണ്ടിരിക്കുന്നു.
കൂട്ടക്ഷരങ്ങളെ
ചില്ലുകളിൽ നിന്നകറ്റി
ഗണിതത്തിൻെറ
ഇടവഴികളിലേക്ക്
തേരോട്ടം നടത്തിക്കുന്നു.
ഞങ്ങൾ ലക്ഷ്യമില്ലാതെ
യുദ്ധം ചെയ്യാൻ വിധിക്കപ്പെട്ട
ജീവിതമില്ലാത്ത
മുഖം മൂടിയണിഞ്ഞ
വെറും പട്ടാളക്കാർ.
പിന്നെ
പുഴകളും
പാടങ്ങളും
കാടുകളും
ഓണത്തിൻെറ
കഥ പറഞ്ഞ്
ജീവിതത്തിന്
വസന്തത്തിൻെറ
പൂർണ്ണത നല്കുന്നു.
ഒഴുകിയിറങ്ങുന്ന
മലയിടുക്കുകളിലേക്ക്
ഇറങ്ങിയെത്തുന്ന
സൂര്യൻ
നമ്മോട് വേനലിൻെറ
നിറവിനെപ്പറ്റി
കാടിൻെറ നന്മയെപ്പറ്റി
നദിയുടെ ജീവനുവേണ്ടി
കൊയ്ത്തരിവാളിൻെറ
പുണ്യത്തെപ്പറ്റി
മലയുടെ കാരുണ്യത്തെപ്പറ്റി
നിനവിൻെറ നിർവൃതിയിലൂടെ
അനുനിമിഷം അറിവിൻെറ നാളമായ്
എരിയുന്നു.
പ്രപഞ്ചത്തിൽ നിന്ന് എന്തോ ചിലത്
ഒഴുകിയിറങ്ങുന്നുണ്ട് …
അത് നമ്മുടെ
ജീവിതമാകാം .
ഒരുപക്ഷെ
ഭൂമി നിങ്ങളുടെ കുപ്പായങ്ങൾക്കുള്ളിൽ
ഭൂമിയുടെ ജീവൻെറ തണ്ട് ഇട്ടതാകാം.
അതെ,
നിങ്ങളുടെ മാംസവുമായി
അതിപ്പോൾ
കൂടിക്കുഴയുന്നു,
ജീവിതം എന്ന
നിറ പുസ്തകം
നിങ്ങളെ വിഴുങ്ങാൻ തുടങ്ങുന്നു.
ഭൂമിയുടെ പൂർണ്ണതയിലേക്ക്
വെളിപാടുകളുടെ
നിത്യതയിലേക്ക്
…. ……. . ………..