സീന ശ്രീവത്സൻ

നന്ദ്യാർവട്ടത്തിന്റെ ഇതളുകളിൽ
തഗണത്തിൽ അരങ്ങുണർന്നപ്പോൾ
തൂവൽ മുളക്കുന്നതെ ഉണ്ടായിരുന്നുള്ളൂ
ജഗണത്തിന്റെ മിനുപ്പിലേക്ക്
എടുത്തെറിയപ്പെട്ടപ്പോഴാണ്
ആകാശത്തിലേക്ക് ആദ്യമായി
പീലിക്കണ്ണുകൾ തുറന്നത്.
ധഗണത്തോടെ ഋതുഭേദങ്ങളിലേക്ക്
സംക്രമിക്കുകയായിരുന്നു.
ഇടിതുടി മേളപ്പദങ്ങളിൽ
കൊടുവെയിൽ കായ്ച ഓർമകളെ നുള്ളിയിട്ട്
സമ്മിശ്രത്തിലേക്ക് പതിയെ ചുവടുകളൊരുങ്ങി.
ഭൂമികാണാൻ കൊതിച്ചോടിവന്ന
ലഘുത്വമല്ല
ഋതുരാഗങ്ങളുടെ മൂർച്ചയിൽ
ഉറയുന്ന ശൈത്യപഥങ്ങളിൽ
വേവുകളുടെ പാഠങ്ങളിലൂടെ
അഹമുടച്ച്
മണ്ണിലൂന്നിയ സ്നിഗ്ധഭാവങ്ങളിൽ
ലയലാസ്യചാരുതയിൽ
മിഴികൾ ചടുലമന്ദാരങ്ങളായ്.
അകമെ കാട്ടുകുറിഞ്ഞികളിളകി മറിയുന്ന കസവിൻ തൊങ്ങലായ്
നൃത്യനാട്യരസാനുഭൂതികളിൽ
ഭൂമിവിട്ടുയർന്ന്
ഉൾത്തലപ്പുകളുടെ വിശ്വസഞ്ചാരങ്ങളിൽ
വേവുകളുടെ പാഠങ്ങളിൽ
ശിംശപാവൃക്ഷങ്ങളെ
കടപുഴക്കിയെറിഞ്ഞ്
ബോധിയുടെ തായ്ത്തടിയിലൂടൊരു
പൂവിന്റെ നെറുകയിലേക്ക്
നിത്യതേ നിന്നിലേക്ക്.

You can share this post!