സിദ്ധാർത്ഥ

സിദ്ധാർത്ഥ
       ബുദ്ധിസ്സത്തിന്റെ ആദ്യകാല ദിനങ്ങളെയും, അനുഭവത്തിനും ബോധോദയത്തിനുമായി ഒരു മനുഷ്യൻ നടത്തുന്ന അന്വേഷണങ്ങളെയുമാണ് സ്വപ്ന സദൃശ്യമായ വർണ്ണനയോടെ ഹെർമൻ ഹെസ്സെ ഈ നോവലിൽ ആവിഷ്കരിക്കുന്നത്.
      പരിചിതമായ സാമൂഹികാദർശങ്ങളിൽ നിന്ന് ആക്രാമകമായി അകന്നു നടക്കുകയും ആ പ്രക്രിയക്കിടയിൽ അപ്രതീക്ഷിതമായി ബോധം നേടുകയും ചെയ്യുന്നവരാണ് ഹെസ്സെയുടെ മുഖ്യകഥാപാത്രങ്ങൾ ഏറെയും.
വിവർത്തക:
*കെ. ഉഷ.*
 1955ൽ ഇരിട്ടിയിൽ ജനനം. ബിരുദാനന്തര ബിരുദം.
ബാലസാഹിത്യം, നോവൽ,  ചെറുകഥകൾ, കുട്ടികൾക്കായി ശാസ്ത്രലേഖനങ്ങൾ എന്നിവ എഴുതുന്നു.
ശിവപുരം സ്കൂളിൽ നിന്ന് പ്രധാനാധ്യാപികയായി വിരമിച്ചു.
*നോവലിലേക്ക് :*
രണ്ടു ഭാഗങ്ങളായാണ് ചെറുതും  എന്നാൽ ആശയങ്ങളാൽ  അതി ബൃഹത്തുമായ  ഈ നോവലിന്റെ രചന.
ജീവിതം  അനന്തമായ അന്വേഷണമാണ്.  ആ പ്രയാണത്തിൽ സംതൃപ്തി ലഭിക്കുന്നത് എവിടെ നിന്നാണ്…. എങ്ങനെയാണ്….. മനസ്സ് സദാ വ്യാകുലമായിക്കൊണ്ടിരിക്കും. സാധാരണ മനുഷ്യന്റെ  അവസ്ഥ എന്നും ഇതു തന്നെയാണ്.
അറിവിന്റെ നനുത്ത ഉറവ മുളകൊള്ളുമ്പോൾ അവന് ആത്മബോധവും ആത്മജ്ഞാനവും ആർജ്ജിക്കാനാവുന്നു.
വായനയുടെ വസന്തവും ആത്മബോധത്തിന്റെ വെള്ളിവെളിച്ചവും  പകരുന്ന നോവലാണ് സിദ്ധാർത്ഥ.
_മുഖ്യകഥാപാത്രങ്ങൾ:_
ബ്രാഹ്മണകുമാരനായ സിദ്ധാർത്ഥൻ, കൂട്ടുകാരൻ ഗോവിന്ദൻ,  ഗൗതമ ബുദ്ധൻ, കടത്തുകാരനായ വാസുദേവൻ,  ഗണികയും പിന്നീട് സിദ്ധാർത്ഥന്റെ കാമുകിയുമാകുന്ന കമല, കമലയിൽ സിദ്ധാർത്ഥനു പിറക്കുന്ന മകൻ, വ്യാപാരിയായ കാമസ്വാമി….
       പഠിക്കാൻ മിടുക്കനായിരുന്നു, ബ്രാഹ്മണബാലനായ സിദ്ധാർത്ഥൻ. പാഠഭാഗങ്ങൾ അതിവേഗം പഠിക്കുമ്പോഴും, സംശയങ്ങളിൽനിന്ന് ചോദ്യങ്ങളിലേക്കും അവയുടെ ഉത്തരം തേടിയുള്ള അശാന്തിയിലേക്കും അലയുന്ന മനസ്സായിരുന്നു അയാളുടേത്.
എല്ലാത്തിന്റെയും കൂടെ ആയിരിക്കെത്തന്നെ ഒന്നിന്റെയും സ്വന്തമല്ലാത്ത അവസ്ഥ.
നിർവ്വികാരതയും നിർവ്വാണവുമല്ലാത്ത അവസ്ഥ.
അവൻ നീട്ടിയ പാത്രം നിറഞ്ഞില്ല.
അവന്റെ പ്രജ്ഞ തൃപ്തമായില്ല.
അവന്റെ ആത്മാവ് ശാന്തമായില്ല.
അവന്റെ ഹൃദയം വിശ്രാന്തിയറിഞ്ഞില്ല.
     എല്ലാ ആരാധനയും പരമവും ഏകവുമായ ആത്മാവിനുള്ളതായിരിക്കണ്ടെ. പക്ഷേ,  ഈ ആത്മാവിനെ എവിടെ കണ്ടെത്തും. അച്ഛനോ ഗുരുക്കന്മാരോ ആ വഴി ചൂണ്ടിക്കാണിച്ചിട്ടില്ല. അവർക്കറിയില്ല. മന്ത്രങ്ങളിലൊനും അത് പറയുന്നുമില്ല.
    അശാന്തമായ മനസ്സിനെ തണുപ്പിക്കാൻ സന്യാസം സ്വീകരിക്കാൻ സിദ്ധാർത്ഥൻ തീരുമാനിക്കുന്നു.
ഒരു രാവു മുഴുവൻ പിതാവിന്റെ മുമ്പിൽ അനുമതിക്കായി വിറകൊള്ളുന്ന കാലുകളുമായി നില്ക്കുവാൻ സിദ്ധാർത്ഥന് വിഷമമില്ലായിരുന്നു. അത്രമാത്രം ലക്ഷ്യത്തിലേക്കുള്ള പ്രയാണം അയാളെ ആകർഷിച്ചിരുന്നു.
 ഒടുവിൽ പിതാവിന്റെ അനുമതി വാങ്ങി സന്യസിക്കാൻ പുറപ്പെടുന്നു.
തന്റെ വീടുവിട്ട് പ്രധാന നിരത്തിലേക്കിറങ്ങുന്ന വഴിയിലെ കുടിലിൽനിന്ന് ഒരു നിഴൽ തന്നെ പിൻതുടരുന്നത് സിദ്ധാർത്ഥനറിഞ്ഞു.
നീ ..വന്നു…. സിദ്ധാർത്ഥൻ പുഞ്ചിരിയോടെ പറഞ്ഞു….
ഞാൻ വന്നു….. മറുപടിയെത്തി.
അത് ഗോവിന്ദനായിരുന്നു…
    നീണ്ട യാത്രക്കുശേഷം ശ്രാവസ്തി എന്ന പട്ടണത്തിൽ ജേതവനത്തിൽ സിദ്ധാർത്ഥനും ഗോവിന്ദനുമെത്തി. ബുദ്ധഭിക്ഷുക്കളുടെ ആധിക്യം അവരെ അമ്പരപ്പടുത്തി. പിറ്റേ ദിവസം സാധാരണ ഭിക്ഷുവിനെപ്പോലെ ഭിക്ഷാപാത്രവുമായി പോകുന്ന ബുദ്ധനെ അവർ പിന്തുടർന്നു.   “ആരോഗ്യവാനായ ഒരു ശിശുവിന്റേതിനോട് താരതമ്യപ്പെടുത്താവുന്ന നിഗൂഢമായ മന്ദഹാസവുമായി, ശാന്തനായി,  നിശബ്ദനായി തെരുവിലുടെ ബുദ്ധൻ നടന്നു.
വേഷഭൂഷകളിൽ മറ്റു ഭിക്ഷുക്കളോട് യാതൊരു വ്യത്യാസവും ഉണ്ടായിരുന്നില്ലെങ്കിലും ആ മുഖം, പാദം, ശാന്തമായി കീഴോട്ടു നോക്കുന്ന ദൃഷ്ടികൾ, എന്തിന് ആ കൈവിരലുകൾ പോലും ശാന്തിയുടെ സ്വരങ്ങൾ പുറപ്പെടുവിച്ചു. അദ്ദേഹം പൂർണ്ണതയെ തിരയുകയും,  സദാസമയവും അഭംഗുരമായ ശാന്തിയുടെ ഒളിമങ്ങാത്ത പ്രഭ പ്രസരിപ്പിക്കുകയും ചെയ്തു.
(പേജ് 27)
      ഗോവിന്ദന് ഇതെല്ലാം അത്ഭുതമായിരുന്നു. സിദ്ധാർത്ഥനാകട്ടെ ഇതിനോടൊന്നും യാതൊരു പ്രതിപത്തിയും പ്രകടിപ്പിച്ചില്ല. സ്വതേയുള്ള നിർവികാരതയും, അന്യമനസ്കതയും ഇവിടെയും പുലർത്തി.
എന്നാൽ ബുദ്ധൻ, വിരൽത്തുമ്പോളം വിശുദ്ധനാണെന്നും, ആ വിരലുകളിലെ ഓരോ അസ്ഥിസന്ധിയും ജ്ഞാനത്താൽ ബന്ധിതമാണെന്നും, അവയിൽ നിന്നും സത്യത്തിന്റെ പ്രകാശം വരുന്നുണ്ടെന്നും സിദ്ധാർത്ഥൻ തിരിച്ചറിഞ്ഞു.
ആദ്യമായാണ് അയാൾക്ക് മറ്റൊരാളോട് ഇത്രയും ആദരവും പ്രേമവും തോന്നുന്നത്.
     വൈകുന്നേരം തന്റെ പ്രഭാഷണത്തിൽ, ജീവിതത്തിലെ നാലു മൂല്യങ്ങളെക്കുറിച്ചും, അഷ്ടാംഗമാർഗ്ഗത്തെക്കുറിച്ചും ബുദ്ധൻ സംസാരിച്ചു.  നക്ഷത്ര ദീപ്തിപോലെ അദ്ദേഹത്തിന്റെ വ്യക്തവും ശാന്തവുമായ സ്വരം ശ്രോതാക്കളുടെ ഹൃദയത്തിൽ വാർന്നു വീണുകൊണ്ടിരുന്നു.
ഗോവിന്ദനും മറ്റുള്ളവരും തങ്ങളെ സംഘാഗങ്ങളായി സ്വീകരിക്കാൻ ബുദ്ധനോടപേക്ഷിച്ചു. അപേക്ഷ സ്വീകരിക്കപ്പെട്ടു. ഗോവിന്ദൻ സിദ്ധാർത്ഥനെ നിർബന്ധിച്ചെങ്കിലും അയാൾ അതിൽപെടാതെ മാറിനിന്നു.
പിറ്റേന്ന് ഗൗതമ ബുദ്ധനുമായി സിദ്ധാർത്ഥൻ നേരിട്ട് സംസാരിക്കുന്നു.  ശാന്തിയിൽ മേവുന്ന ബുദ്ധനും അടങ്ങാത്ത ജ്ഞാനതൃഷ്ണയാൽ എത്തിയിരിക്കുന്ന സിദ്ധാർത്ഥനും തമ്മിൽ ചെറുതെങ്കിലും മനോഹരമായ സംവാദം നടന്നു.
അനന്യമായ തേജസ്സോടെ, സൗഹൃദം നിറഞ്ഞ ചിരിയോടെ, കൈകളുടെ അവ്യക്തമായ ചെറുചലനത്തിലൂടെ അയാൾ ക്ക് ബുദ്ധൻ യാത്രാനുമതി നല്കി.
        ” ഹേ, സന്യാസി, താങ്കൾ മിടുക്കനാണ്. സമർത്ഥമായ രീതിയിൽ സംസാരിക്കാനും താങ്കൾക്കറിയാം.  എന്നാൽ എന്റെ സ്നേഹിതാ, ഈ അതിസാമർത്ഥ്യം നിന്നെ അപകടങ്ങളിൽ എത്തിക്കും.”
ബുദ്ധൻ പറഞ്ഞു.
തിരിഞ്ഞു നടക്കുന്ന സിദ്ധാർത്ഥൻ, തന്നിൽ നിന്നെന്തൊക്കെയോ ബുദ്ധൻ കവർന്നെടുത്തതായി അറിയുന്നു. കൂടാതെ എന്തൊക്കെയോ തനിക്ക് സമ്മാനിക്കുകയും ചെയ്തിരിക്കുന്നു.
തന്റെ ഉറ്റ ചങ്ങാതിയായ ഗോവിന്ദനെ തന്നിൽനിന്ന് അടർത്തിമാറ്റാൻ കൂടി ഈ ഭിക്ഷുവിനു സാധിച്ചു. തന്റെ നിഴലായിരുന്നവൻ ഇപ്പോൾ അദ്ദേഹത്തിന്റെ നിഴലായിരിക്കുന്നു.
ഈ മഹാന്റെ ദർശനങ്ങളൊന്നും തന്നെ  വശീകരിക്കാത്ത നിലയ്ക്ക്  വേറൊരാളുടെ ചിന്തകളും ഉപദേശങ്ങളും തന്നെ വശീകരിക്കുകയില്ല.
ഒരു ഞെട്ടലോടെ പരമമായ സത്യം  സിദ്ധാർത്ഥൻ തിരിച്ചറിയുന്നു.  “സിദ്ധാർത്ഥനായ തന്നെ  അദ്ദേഹം തനിക്കുതന്നെ വിട്ടുതന്നിരിക്കുന്നു.”
    അവിടെനിന്നും നടന്നു നീങ്ങുമ്പോൾ താൻ പിന്നിലുപേക്ഷിച്ചത് പ്രിയ തോഴനായ ഗോവിന്ദനെ മാത്രമല്ലെന്നും തന്റെ ഇതുവരെയുള്ള ജീവിതം കൂടിയാണെന്നും സിദ്ധാർത്ഥൻ അറിയുന്നു.
അയാൾ തന്റെ യാത്ര തുടരുകയായിരുന്നു….
അത് ജ്ഞാനത്തിലേക്കോ….
ഭൗതീകതയിലേക്കോ……
ആത്മീയതയിലേക്കോ….
ലൗകീകതയിലേക്കോ….
നീണ്ട യാത്രയുടെ അവസാനം സിദ്ധാർത്ഥൻ ഒരു പുഴയോരത്ത്  എത്തുന്നു. അവിടുത്തെ  കടത്തുകാരനെ തിരിച്ചറിയുന്നു. അത്  ബാല്യകാല സുഹൃത്ത്  വാസുദേവനായിരുന്നു.
വാസുദേവൻ സിദ്ധാർത്ഥനെ കൂടെ താമസിപ്പിക്കുന്നു.
ആ കടത്ത് കടന്നുപോകുന്നവർ മുനിവര്യരെപ്പോലെ ചിന്തിക്കുകയും പെരുമാറുകയും ചെയ്യുന്ന ജ്ഞാനവൃദ്ധരെക്കുറിച്ച് സംസാരിക്കുന്നു.
പലരും അവരുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇവരോട് ചർച്ച ചെയ്യുന്നു.
വാസുദേവൻ തന്റെ സഹചാരിയായ പുഴയുടെ ഭാഷ സാദ്ധാർത്ഥനെ പഠിപ്പിക്കുന്നു. പുഴയുടെ ചിരി, മൗനം, പരിഹാസം, നൊമ്പരം എന്നിവ അറിയാൻ സിദ്ധാർത്ഥൻ പഠിക്കുന്നു.
കാലചക്രമുരുളുമ്പോൾ, തന്റെ സമ്പത്തെല്ലാം വെടിഞ്ഞ് ബുദ്ധമാർഗ്ഗം തേടി കമലയും കുഞ്ഞും കടവിലെത്തുന്നു. ബുദ്ധാശ്രമത്തിലേക്കുള്ള യാത്രയിൽ കടവിലെത്തിയ കമല സാദ്ധാർത്ഥനെ കാണുന്നു. പഴയ തന്റെ ശിഷ്യനും കാമുകനുമായിരുന്ന സിദ്ധാർത്ഥനോട് ഈ കുഞ്ഞ് സിദ്ധാർത്ഥന്റേതാണ് എന്ന് കമല അറിയീക്കുന്നു. രോഗിയും അവശയുമായ കമല സിദ്ധാർത്ഥന്റെയും വാസുദേവന്റെയും പരിചരണത്തിൽ സമാധാനമായി മരിക്കുന്നു.
മകനെ സിദ്ധാർത്ഥൻ സംരക്ഷിക്കുന്നു. അനുസരണക്കേടും വളർത്തുദോഷവുമുള്ള മകൻ അയാൾക്കൊരു ബാധ്യതയായി മാറുന്നു.  അവനൊരിക്കലും പിതാവായി അയാളെ കാണുവാനോ അംഗീകരിക്കാനോ ആവുന്നില്ല.
വിട്ടുവീഴ്ചകളുടെയും സഹനത്തിന്റെയും ദിനരാത്രങ്ങൾക്കൊടുവിൽ അവൻ അയാളെ വിട്ട് ഓടിപ്പോകുന്നു. അയാൾ എത്രമാത്രം അവനെ സ്നേഹിച്ചുവോ അതിന്റെ പതിന്മടങ്ങ് അവനയാളെ വെറുത്തു. ഓടിപ്പോയ മകനെത്തേടി പട്ടണത്തിലേക്ക് പുറപ്പെടാൻ തയ്യാറായ സിദ്ധാർത്ഥനെ വാസുദേവൻ കേവലം ഒരു നോട്ടത്തിലൂടെ വിലക്കുന്നു.
പിന്നീട് വാസുദേവനും സിദ്ധാർത്ഥനും മാത്രമാകുന്നു.
പുഴയുമായി അഭേദ്യമായൊരു ബന്ധം സിദ്ധാർത്ഥൻ സ്ഥാപിക്കുന്നു.
നാളുകൾക്കു ശേഷം വാസുദേവൻ വാനപ്രസ്ഥത്തിനായി പുറപ്പെടുന്നു.
കടത്തുകാരനായി മാറിയ സിദ്ധാർത്ഥൻ തന്റെ ജീവിതം, പ്രകൃതിയും, പുഴയും, കടത്തുകടന്ന് പട്ടണത്തിലേക്കും, തിരിച്ചും യാത്ര ചെയ്യുന്നവരുമായുള്ള സഹവാസത്തിലും മാത്രമായി ഒതുങ്ങുന്നു.
വളരെ നാളുകൾക്കു ശേഷം ബുദ്ധസന്യാസിയായ ഗോവിന്ദൻ കടവിലെത്തുന്നു.
ജ്ഞാനം തേടിപ്പോയ തന്റെ കൂട്ടുകാരനെ തിരിച്ചറിയാൻ ഗോവിന്ദനു സാധിക്കുന്നില്ല.
ഒരന്വേഷകനാണ് താനെന്ന പ്രസ്താവനയ്ക്ക്, നിങ്ങൾ ഇപ്പോഴും അന്വേഷകനാണോ എന്ന മറുചോദ്യവുമായി സിദ്ധാർത്ഥൻ നേരിടുന്നു.
ഒരാൾക്ക് അറിവ് പകർന്നു കൊടുക്കാൻ സാധിക്കും.  എന്നാൽ ജ്ഞാനം പകരാനാവില്ല. അത് സ്വയം ആർജിക്കേണ്ടതാണ്. എല്ലാവരിലും ഒരു ബുദ്ധനുണ്ട് അത് തിരിച്ചറിയലാണ് യഥാർത്ഥ ജ്ഞാനം.
ഗോവിന്ദൻ തന്റെ ചങ്ങാതിയെ തിരിച്ചറിയുന്നു.
ജനിമൃതികളുടെ രഹസ്യവും, സുഖ, ദുഃഖങ്ങളുടെ പൊരുളും , ആത്മീയ, ലൗകീകതയുടെ മാനങ്ങളും അവർ തമ്മിൽ സംസാരിക്കുന്നു.
അലൗകീകമായ ആനന്ദത്തിൽ നിറഞ്ഞ ഗോവിന്ദൻ സിദ്ധാർത്ഥന്റെ ആവശ്യപ്രകാരം അയാളുടെ നിറുകയിൽ ചുംബിക്കുന്നു.
ഗോവിന്ദന്റെ കൺമുന്നിൽ സിദ്ധാർത്ഥനല്ലായിരുന്നു. ഒഴുകിമാറുന്ന അനേക സഹസ്രം രൂപങ്ങളുടെ മേൽ ഒരാവരണം പോലെ പടരുന്ന പുഞ്ചിരി. ആയിരമായിരം ജനിമൃതികൾക്കുമേൽ ഒരേപോലെ വ്യാപിക്കുന്ന സിദ്ധാർത്ഥന്റെ ഈ ചിരി തന്നെയാണ് ഗൗതമ ബുദ്ധന്റെ മുഖത്തുണ്ടായിരുന്നതെന്ന് ഗോവിന്ദൻ തിരിച്ചറിയുന്നു.
തന്റെ മുന്നിൽ നില്ക്കുന്നത് സിദ്ധാർത്ഥനാണോ, ഗൗതമനാണോ, അതോ, താനും മറ്റുള്ളവരുമാണോ എന്നു തിരിച്ചറിയാനാവാതെ പരമമായ ആനന്ദത്തിൽ ലയിച്ച് ഗോവിന്ദൻ നിന്നു.
പരമമായ ജ്ഞാനത്തിന്റെ, ബോധോദയത്തിന്റെ അവസാനം, താൻതന്നെയായ, ഗൗതമനായ, മറ്റുള്ളവരായ, പ്രകൃതിയും, ഈശ്വരനും എല്ലാമായ, ഓംകാരമായ സിദ്ധാർത്ഥനെ ഗോവിന്ദൻ സാഷ്ടാംഗം പ്രണമിക്കുന്നു.
നോവൽ  അവസാനിക്കുന്നു.
അവസാനമില്ലാത്ത സമസ്യകൾക്കുത്തരം കാണാൻ സിദ്ധാർത്ഥ വായിക്കാം. എന്റെ  ഈ കുറിപ്പ്  അതിന് പ്രേരകമാകട്ടെ എന്ന ചിന്തയോടെയും മലയാള ഭാഷാ പരിഷ്കരണത്തിനു വിത്തുപാകിയ ഹെർമൻ ഗുണ്ടർട്ടിന്റെ മകൾ മേരിയുടെ മകനായ ഹെർമൻ ഹെസ്സെയെ സ്മരിച്ചുകൊണ്ടും സമർപ്പിക്കുന്നു.
******
*സിദ്ധാർത്ഥ*
നോവൽ
*ഹെർമൻ ഹെസ്സെ*
ഹെർമൻ ഹെസ്സെ:  ജർമ്മൻ നോവലിസ്റ്റ്, കവി, ചിത്രകാരൻ,  ബുദ്ധിജീവി.
മുഖ്യകൃതികൾ: സിദ്ധാർത്ഥ, സ്റ്റെപ്പൻ വുൾഫ്, ദ ഗ്ലാസ്സ് ബീഡ് ഗെയിം
ജനനം: 1877 ജൂലൈ രണ്ട്. ജർമ്മനിയിലെ കാൾവിനിൽ
മരണം : 1962 ആഗസ്റ്റ് 9 ന് സ്വിറ്റ്സർലൻഡിലെ മൊണ്ടാനോലയിൽ
ബഹുമതി: 1946 ൽ സാഹിത്യത്തിനുള്ള നൊബേൽ പ്രൈസ്.
വിവർത്തക: *കെ. ഉഷ*
പ്രസാധകർ:  കൈരളി ബുക്സ്,  കണ്ണൂർ
തയ്യാറാക്കിയത് :
കുരുവിള ജോൺ.
9495161182

You can share this post!