വേരുകൾക്കിടയിൽ

കവിതയുടെ കൊടുംകാടിനു മുകളിലൂടെ

പറന്നുപോയ വേഴാമ്പലിന്റെ

കൊക്കിൽനിന്നൂർന്നുവീണ

ഞാവൽപ്പഴത്തിന്റെയുള്ളിൽ

അടക്കിവെച്ച അവളുടെ കവിത

മണ്ണിൽ താളം പിടിച്ചു.

കൊഴിഞ്ഞുവീണ ഇലകളുടെ

മാർദവ ലഹരിയിൽ ഉറങ്ങില്ലെന്ന്

അവളുറപ്പിച്ചു.

താരാട്ടുകളും വടക്കൻ ശീലുകളും

ഗാഥകളും മഹാകാവ്യങ്ങളും

മാറി മാറി തെന്നലായെത്തി.

ഉറക്കത്തിന്റെ അവസാന ക്ഷണവും

നിരസിച്ച് അവൾ കണ്ണുതുറന്നു.

 പർന്നുപൂത്ത പലകാല കവിതകൾ

വമ്പുറ്റ ശിഖരങ്ങൾ , 

ഉയരങ്ങളിൽ വൃത്തമഞ്ജരികൾ,

അലങ്കാരചിത്രിതമായ ഇലകൾ

അവിടെയിവിടെയായ്

നെഞ്ചുവിരിച്ച് ഒറ്റക്കൊമ്പന്മാർ

താളഘോഷമായ് ഒഴുകുന്ന വൈഖരികൾ

നിറബിംബങ്ങളുമായ് പൊയ്കകൾ

കാട്ടുഗന്ധമായ് പേരില്ലാവല്ലികൾ

വെട്ടിത്തിളങ്ങുന്ന ചുടുനീരുറവകൾ

ധ്യാനത്തിലമർന്ന കാവ്യമുനികൾ.

മേലെ നീലപ്പാടങ്ങളിൽ

കളിമൺ ചെരാതുകൾ തെളിഞ്ഞു.

അവളുടെ തുമ്പിക്കൈയുകൾ നീണ്ടു.

പുതിയ പുലരിയിൽ

കവിതയുടെ ആദിദേവനെഴുന്നള്ളുമ്പോൾ

വിസ്മയത്തിന്റെ പുതിയ ഇലകളെ

അന്തരാത്മാവിലുണർത്തണം.

കാടിന്റെ നെറുകയിൽ

പൂത്തും കായ്ച്ചും നിറയുവാൻ

തണൽ പറ്റാതെ വളരണം.

You can share this post!