വെളിച്ചത്തിനു വേണ്ടി ദാഹിക്കുന്ന വായനക്കാർ ഇപ്പോഴുമുണ്ട്: എം.കെ.ഹരികുമാർ 

ലൈവ് ബുക്സ് വേദിയിൽ എം .കെ ഹരികുമാർ സംസാരിക്കുന്നു

കൊച്ചി, തുരുത്തിക്കര :എഴുതാൻ ശ്രമിക്കുന്നവർ സ്വന്തം ബോധത്തെയും ചിന്തകളെയും ഏതെല്ലാം ചങ്ങലകളാണ് ബന്ധിച്ചിരിക്കുന്നതെന്ന്  തിരിച്ചറിയണമെന്ന് പ്രമുഖ വിമർശകനും എഴുത്തുകാരനും കോളമിസ്റ്റുമായ എം. കെ .ഹരികുമാർ അഭിപ്രായപ്പെട്ടു. ലൈവ് ബുക്സിൻ്റെ നേതൃത്വത്തിൽ തുരുത്തിക്കരയിൽ സംഘടിപ്പിച്ച എഴുത്തുകാരുടെ സമ്മേളനത്തിൽ അവാർഡ് വിതരണവും പുസ്തകങ്ങളുടെ പ്രകാശനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 


എഴുതാൻ തുടങ്ങുന്നതിനു മുന്നേ ചങ്ങലകളെ അറിയുക. അതിൽ നിന്ന് മോചനം നേടാൻ ശ്രമിക്കുക. അല്ലെങ്കിൽ ചങ്ങലകളെ പ്രേമിക്കേണ്ടിവരും.പതിറ്റാണ്ടുകൾക്കുമുമ്പായിരുന്നെങ്കിൽ മാധ്യമമുതലാളിമാരെയും പത്രാധിപന്മാരെയും ആശ്രയിച്ചലേ എന്തെങ്കിലും എഴുതാൻ കഴിയുമായിരുന്നുള്ളു .എന്നാൽ  എഴുത്തുകാരൻ സ്വയമൊരു മാധ്യമമാണിന്ന്. അവനു സ്വതന്ത്രമായി മാധ്യമങ്ങൾ ആരംഭിക്കാം. അവൻ്റെ സന്ദേശങ്ങൾ പുറത്തുകൊണ്ടുവരാൻ ആരെയും ആശ്രയിക്കണമെന്നില്ല.  സമൂഹമാധ്യമങ്ങളുണ്ട്. എന്നാൽ എപ്പോഴും എന്തെങ്കിലും എഴുതുക എന്ന ലഹരിക്കടിപ്പെട്ടതുകൊണ്ട് പ്രയോജനമില്ല .എഴുതാനുള്ള പ്രമേയവും ഭാഷയും ചിന്തയും കണ്ടെത്താൻ തീവ്രമായ പഠനത്തിലും അന്വേഷണത്തിലും ഏർപ്പെടണം – ഹരികുമാർ പറഞ്ഞു.


ഞാൻ 1981 ൽ എഴുതി തുടങ്ങുമ്പോൾ ‘സംക്രമണം’ എന്ന ഒരു ലിറ്റിൽ മാഗസിൻ മാത്രമാണ് വാതിൽ തുറന്നത്. അത് ആയിരത്തിലധികം കോപ്പികൾ മാത്രമേ അച്ചടിച്ചിരുന്നുള്ളു.ആ പ്രസിദ്ധീകരണത്തിലൂടെ എനിക്ക് ലഭിച്ച അമ്പതോ നൂറോ വായനക്കാരാണ് എന്നെ നിലനിർത്തിയത്‌. അവർ ദൈവങ്ങളാണ് .ഇന്നും ഞാൻ കോളമെഴുതുമ്പോൾ ആ പഴയകാലത്തിൻ്റെ തീക്ഷണമായ ആലോചനകൾ അവസാനിക്കുന്നില്ല . ഓരോ ആഴ്ചയിലെയും എൻ്റെ കോളം വായിക്കപ്പെടുന്നു. അപരിചിതരായ ആരെങ്കിലും വിളിക്കാതെ ഒരാഴ്ചയും  കടന്നുപോയിട്ടില്ല.ഇത്രയും കച്ചവടവത്ക്കരിക്കപ്പെട്ട ഈ കാലത്ത് വെളിച്ചത്തിനു വേണ്ടി ദാഹിക്കുന്ന നല്ല വായനക്കാരുണ്ടെന്നോർക്കണം. അവർക്ക് വേണ്ടി എഴുതണം. എല്ലാ രംഗത്തും മൂല്യങ്ങൾക്കു മാറ്റം സംഭവിച്ചു. മാധ്യമം എന്ന സങ്കൽപ്പം തന്നെ തകർന്നു. ശരിയായ വാർത്തകൾക്ക് പകരം വളച്ചൊടിച്ച വ്യാജവാർത്തകൾ (ഫേക്ക് ന്യൂസ് ) മാത്രം വിൽക്കുന്ന യൂ ട്യൂബ് ചാനലുകൾ ധാരാളമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നു. എന്താണിത്  സൂചിപ്പിക്കുന്നത്? ആളുകൾക്ക് വ്യാജവാർത്ത മതി എന്നായിരിക്കുന്നു. ചില ലഹരി വസ്തുക്കൾ മനുഷ്യരെ അടിമപ്പെടുത്തുന്നതു പോലെയാണിത്. വ്യാജവാർത്തകൾ ഇല്ലാതെ ജീവിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് നല്ലൊരു പങ്ക് വായനക്കാർ എത്തിച്ചേർന്നിരിക്കുന്നു. വ്യാജവാർത്തകൾ അതിൻ്റെ  ഉൽപാദകർക്ക് നല്ല വരുമാനം ഉണ്ടാക്കിക്കൊടുക്കുന്നു – ഹരികുമാർ ചൂണ്ടിക്കാട്ടി. 


എൻ്റെ ഭാഷ 1981 ൽ നിന്ന് വളരെ വളർന്നു. ഞാൻ വായിച്ചതും ചിന്തിച്ചതുമെല്ലാം എൻ്റെ ബോധത്തെ കനമുള്ളതാക്കിയിരിക്കാം. എൻ്റെ ഒരു വാചകം അല്ലെങ്കിൽ ഗദ്യം ഉണ്ടാവുന്നതിനു പിന്നിൽ ദീർഘനാളത്തെ പരിചയവും ചിന്തയും ഉണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു. നല്ലൊരു വാചകം നിർമ്മിക്കാൻ എൻ്റെ ശാരീരിക,മാനസിക വ്യവസ്ഥകളാകെ ഒന്നായി പരിശ്രമിക്കുന്നുണ്ട് .ഇത് സ്വാഭാവികമായി സംഭവിക്കുകയാണ്.സ്റ്റാറ്റസ്കോ നിലനിർത്താൻ മാത്രം എഴുതുന്നവൻ എഴുത്തുകാരനല്ല. അവനു അമ്പതോ നൂറോ അവാർഡുകൾ കിട്ടുമായിരിക്കും. അവൻ മാനേജർമാരെയും  മുതലാളിമാരെയും തൃപ്തിപ്പെടുത്താൻ എഴുതുന്നവനാണ്. അവൻ്റെ  അവാർഡുകൾ ദൗർബല്യത്തിൻ്റെ ഒരു അടയാളമാണ് .അത്രയും അവാർഡുകൾ കിട്ടിയ പുസ്തകങ്ങൾ ഞാൻ വായിക്കാറില്ല .കാലം കഴിയുന്നതോടെ ഈ അവാർഡുകളും അത്തരം കൃതികളും ക്ലാവ് പിടിച്ച് നിലംപതിക്കും. സ്റ്റാറ്റസ്കോയെ എതിർക്കുകയാണ് വേണ്ടത്. കാമ,ശൃംഗാര വേലകളുമായി നീങ്ങിയ ഒരു യാഥാസ്ഥിതിക കാലത്ത് കുമാരനാശാൻ കവിതയെ ആകാശത്തേര് പോലെ ഉയർത്തിയത് ‘വീണപൂവ്’എന്ന കവിതയിലൂടെയാണ്. ദാർശനികവും തത്ത്വചിന്താപരമായ ഒരാധി അദ്ദേഹം കവിതയിൽ വിളിക്കിച്ചേർത്തു. സൗന്ദര്യത്തിൻ്റെ മാനം ഉയർത്തി.അത് സ്റ്റാറ്റസ്കോയെ എതിർക്കുന്നതിൻ്റെ ഭാഗമാണ്. ഇത്തരം കൃതികൾ എന്നും ഉണ്ടാവുകയില്ല .എനിക്കും എന്നെപ്പോലുള്ളവരുടെ  തലമുറകൾക്കും എന്നെന്നും പ്രചോദനം നല്കാൻ ഇത്തരം കൃതികൾക്ക് കഴിയും – ഹരികുമാർ പറഞ്ഞു.

എഴുതാനിരിക്കുമ്പോൾ താൻ മിക്കപ്പോഴും കേശവദേവിനെ  ഓർക്കാറുണ്ടെന്ന് അദ്ദേഹം അനുസ്മരിച്ചു. ഒരു കാലത്ത് ദേവിനു എഴുതാൻ പത്രങ്ങളോ പ്രസംഗിക്കാൻ വേദികളോ ഉണ്ടായിരുന്നില്ല. ഉല്പതിഷ്ണുവായ, നവലോകപ്രണേതാവായ ദേവിനെ സാഹിത്യ,സാംസ്കാരിക സമൂഹം എതിർക്കുകയായിരുന്നു. സാമൂഹ്യസർപ്പങ്ങൾ, സാംസ്കാരികമർദ്ദനം എന്നീ  വാക്കുകൾ ഉപയോഗിച്ചാണ് ദേവ് ആ കാലത്ത് നേരിട്ട ദുരനുഭവങ്ങളെ വിവരിച്ചിട്ടുള്ളത്. ദേവ് സത്യത്തെ തേടുകയാണ് ചെയ്തത്. തന്നെ ചുറ്റിവരിഞ്ഞ ചങ്ങലകൾ ധീരമായി എടുത്തുമാറ്റിയ ദേവിനെ എപ്പോഴും പ്രണമിക്കുന്നു. അദ്ദേഹം നല്ലൊരുപ്രചോദനമാണ് .എഴുത്തുകാരൻ സ്വന്തം പ്രതിഭയിലാണ് വിശ്വസിക്കേണ്ടത് ;പ്രസാധകനിലോ ,അവാർഡുമുതലാളിമാരിലോ അല്ല – ഹരികുമാർ പറഞ്ഞു

home

You can share this post!