“പ്രസിഡന്റ് ആയ ഞാൻ കുട്ടൻപിള്ളയെ കാഷ്യർ ആയി നാമനിർദ്ദേശം ചെയ്യുന്നു.”
അംഗങ്ങളിൽ നിന്ന് മുറുമുറുപ്പുയർന്നപ്പോൾ മാടമ്പിസ്വഭാവമുള്ള പ്രസിഡണ്ട് ആശ്വസിപ്പിക്കാനും മടിച്ചില്ല.
“ആർക്കും ആശങ്ക വേണ്ട. പിള്ള കാശ് കൈകാര്യം ചെയ്യില്ല.”
യോഗം കൈയടിച്ചു പാസ്സാക്കിയെന്ന കഥയിൽ .
സ്പീക്കറും, സ്പീക്കറുടെ അസാന്നിധ്യത്തിൽ ഡെപ്യൂട്ടി സ്പീക്കറും നിയന്ത്രിക്കുന്ന സഭ. ആണ്ടിൽ കുറച്ചുനാളുകളിൽ ഒതുങ്ങുന്ന സഭാസമ്മേളനങ്ങൾ. അവിടെയാണ് ഇപ്പോൾ സ്ത്രീപക്ഷമുഖം വരച്ചുകാട്ടാൻ യത്നം. കിട്ടിയതെന്തോ അതിൽ സംതൃപ്തിയോടെ..!!
സ്പീക്കർപദവിയൊഴിഞ്ഞു മന്ത്രിക്കുപ്പായമിട്ട വേളയിൽ ഒഴിവുനികത്താൻ ആരും ഉയർത്തിയില്ല ഒരു സ്ത്രീ നാമം.
നവോത്ഥാന നാളുകളിലും നോക്കുകുത്തികൾ പിറക്കപ്പെടുന്നു. അത് കണ്ട് തിരിച്ചറിയാതെ കുരവയിടുന്നു ചിലർ. പുരുഷാധിപത്യ മാധ്യമങ്ങൾ ഊറിച്ചിരിച്ച് കൊട്ടിപ്പാടുന്നു വന്നെത്തീ സമത്വസുന്ദര നാളുകളെന്ന്.
” ന : സ്വാതന്ത്ര്യ മർഹതി ” എന്നതിന്റെ തുടർച്ച തന്നെയല്ലേ നോക്കുകുത്തിക്കാഴ്ച്ചകളും.
തന്റെ ധീരനിലപാട് കൊണ്ട് അധികാരവർഗ്ഗത്തിന്റെ തടങ്കൽ പാളയത്തിൽ രക്തസാക്ഷിത്വം വരിച്ച കുർദിഷ് വനിത മഹ്സ അമീനി , മതമേലധ്യക്ഷൻമാരുടെ ഉറക്കം കെടുത്തുന്ന പ്രക്ഷോഭങ്ങൾക്കാണ് തിരികൊളുത്തിയത്. പദവിയും അധികാരവും പേരിനുപോലും ഇല്ലാത്തവൾ.
വിപ്ലവങ്ങൾക്ക് തുടക്കമിടാൻ ഒരു പദവിയും വേണ്ട. അമ്പത്തൊന്നു വെട്ടേറ്റു പിടഞ്ഞ രക്തസാക്ഷിമനസ്സേ പൊറുക്കുക ഈ കാഴ്ചകൾ.