മൂവാറ്റുപുഴ: മലയാളസാഹിത്യത്തിൽ വനിതകളുടെ ശബ്ദം പതിറ്റാണ്ടുകളായി മറയ്ക്കപ്പെട്ടിരിക്കുകയാണെന്നും ഇത് എന്നെന്നേക്കുമായുള്ള നഷ്ടവും ശൂന്യതയുമാണെന്നും പ്രമുഖ വിമർശകനും നോവലിസ്റ്റുമായ എം.കെ.ഹരികുമാർ അഭിപ്രായപ്പെട്ടു.
ഇ.വി.ശാർങ്ഗധരൻ രചിച്ച ‘പോക്കുവെയിൽ’ എന്ന കവിതാ സമാഹാരം ഡോ. തോമസ് സ്കറിയയ്ക്ക് നൽകി ഡോ. കുര്യാസ് കുമ്പളക്കുഴി പ്രകാശനം ചെയ്ത ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം .മുന്നൂറ് വർഷത്തെ മലയാള സാഹിത്യത്തിൽ നാലോ അഞ്ചോ വനിതകളെപ്പോലും ചൂണ്ടിക്കാട്ടാനില്ല. കഥയെഴുതിയതിന്റെ പേരിൽ ആത്മഹത്യ ചെയ്ത രാജലക്ഷ്മി ഇപ്പോഴും മലയാളഭാവനയിൽ ഒരു നീറ്റലായി തുടരുകയാണ്.ലളിതാംബിക അന്തർജനം എഴുതിയത് സ്വന്തം അവസ്ഥയേട് പടപൊരുതിക്കൊണ്ടാണ്. എഴുത്തുകാരിയാകാൻ വേണ്ടി അവർ വലിയ വെല്ലുവിളികളെ നേരിട്ടു.എന്നിട്ടും ഇവരാരും സ്വന്തം കണ്ണിലൂടെ ലോകത്തെ നോക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ചിന്തിച്ചില്ല.അവർ സ്വാതന്ത്ര്യത്തെ ഉപാസിച്ചപ്പോഴുംഅവരുടെ ഭൗതിക, ആത്മീയ ലോകങ്ങൾ പുരുഷന്റേത് തന്നെയായിരുന്നു. ഒരു പുരുഷൻ തന്റെ ലോകത്ത് എങ്ങനെയാണോ അംഗീകരിക്കപ്പെടുന്നത് അതിനു സമാനമായ അംഗീകാരമാണ് അവരും തേടിയത്.
വനിതാ എഴുത്തുകാർ അവരുടെ സ്വന്തം കാഴ്ചപ്പാടുകളെയും മനസിലാക്കലിനെയും തിരസ്കരിച്ച ശേഷം പുരുഷലോകത്തിന്റെ സങ്കല്പങ്ങളെയും സാഹിത്യബോധ്യങ്ങളെയും അതേപടി ആവർത്തിക്കുകയാണ്. ഇതാണ് പുതിയ ശൂന്യത – ഹരികുമാർ പറഞ്ഞു.
അദ്ധ്യാപകർ ഇന്നത്തെ വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുന്നില്ല. അവർ സിലബസിനകത്ത് ഒതുങ്ങിപ്പോകുകയാണ്. സിലബസിലുള്ളത് മാത്രം പഠിപ്പിക്കുന്നത് കുട്ടികളുടെ വിപുലമായ ജ്ഞാനതൃഷ്ണയെ ശമിപ്പിക്കാൻ പര്യാപ്തമല്ല. അവരുടെ ലോകത്തെ കുടുതൽ സമകാലിക മാക്കാനും അതിനു വിപുലീകരണം നൽകാനും അദ്ധ്യാപകർക്ക് ബാധ്യതയുണ്ട്. സിലബസിനു പുറത്തുള്ള പുസ്തകങ്ങളും മറ്റ് ആനുകൂല്യങ്ങളും നിരന്തരമായി വായിക്കുന്ന അദ്ധ്യാപകർക്ക് മാത്രമേ സ്വയം അപ്ഡേറ്റായി നിന്ന് വിദ്യാർത്ഥികളെ പ്രചോദിപ്പിക്കാനാകൂ – ഹരികുമാർ ചൂണ്ടിക്കാട്ടി.
വായനയിലൂടെയാണ് നാം നമുക്ക് നഷ്ടപ്പെട്ടത് മനസിലാക്കുന്നത്. വായന ഒരു നിർമ്മാണമാണ്. കുമാരനാശാൻ ശരിയായി വിലയിരുത്തപ്പെടുന്നത് ജോസഫ് മുണ്ടശ്ശേരി, മാരാർ, കുറ്റിപ്പുഴ കൃഷ്ണപിള്ള എന്നിവർ വ്യത്യസ്തമായി ആ കവിതകൾ വായിച്ചതിലൂടെയാണ്.ശ്രീരാമ നാണോ രാവണനാണോ ശരിയെന്ന ചിന്ത ഇപ്പോഴും നമുക്കിടയിൽ തർക്കമായി തുടരുകയാണ്. രാമന്റെ നിലപാടിൽ പ്രതിഷേധിച്ചു കൊണ്ടാണ് ആശാൻ ‘ചിന്താവിഷ്ടയായ സീത’ എഴുതിയത്. ആശാന്റെ വ്യത്യസ്തമായ വായനയുടെ ഫലമാണിത്.
ഇന്ത്യ എന്നാൽ ലഹളയോ കൊലപാതകമോ അല്ല; സൗന്ദര്യാത്മകതയാണ്.രാവണന്റെ സംഗീതത്തിനും കലയ്ക്കും ബദലായി രാമന്റെ നിസ്വാർത്ഥമായ ധർമ്മത്തെയാണ് വാത്മീകി നമുക്ക് മുമ്പിൽ അവതരിപ്പിക്കുന്നത്. മഹാഭാരതത്തിലാകട്ടെ, ശ്രീകൃഷ്ണ ദർശനമാണ് എല്ലാറ്റിലും മുകളിലായി നിലനിർത്തുന്നത്. ഇത് ഭാരതത്തിന്റെ സൗന്ദര്യശാസ്ത്രമാണ് – ഹരികുമാർ പറഞ്ഞു.
തന്റെ ആദ്യത്തെ പുസ്തകമായ ‘ആത്മായനങ്ങളുടെ ഖസാക്ക് ‘ വായന, അനുഭവം, സൗന്ദര്യം എന്നീ വിഷയങ്ങളിലുള്ള ഏകാന്തമായ സഞ്ചാരമാണ് സാധ്യമാക്കിയതെന്ന് ഹരികുമാർ അറിയിച്ചു. 1984 ൽ ആ പുസ്തകം എഴുതുമ്പോൾ താൻ ഒരു കോളജ് വിദ്യാർത്ഥിയായിരുന്നു. അത് സ്വന്തം ആവശ്യത്തിനു വേണ്ടി എഴുതിയതാണ്. യൂണിവേഴ്സിറ്റികളുടെയോ അക്കാദമികളുടെയോ നിയന്ത്രിതമായ ശൈലിയോ ഭാഷയോ അവബോധമോ അതിലില്ല. ഈ കൃതി തനിക്ക് വേണ്ടി എഴുതിയതാണെന്ന് ഹരികുമാർ പറഞ്ഞു. ഇന്ത്യയുടെ ഭരണഘടന പ്രകാരം സ്വന്തം ആവശ്യത്തിനു വേണ്ടി പുസ്തകം എഴുതാൻ നിയമപരമായ തടസ്സമില്ല.എന്നാൽ ഒരു കൃതിയുടെ അർത്ഥമെന്താണെന്ന് അതിന്റെ രചയിതാവിനോട് തന്നെ ചോദിക്കുന്നത് അപരിഷ്കൃതമാണ്. ഒരാൾ സൃഷ്ടിക്കുന്നത് അയാൾ പ്രകൃതിയിലേക്ക് കൂട്ടിച്ചേർക്കുന്ന സൗന്ദര്യമാണ്. അത് അറിയാനുള്ള വിവേകമാണ് അവനവന്റെ വിദ്യാഭ്യാസം- ഹരികുമാർ ചൂണ്ടിക്കാട്ടി.
ഡോ. കുര്യാസ് കുമ്പളക്കുഴി, ഡോ.തോമസ് സ്കറിയ,
സി.ആർ.ജനാർദ്ദനൻ, ഡോ.ശ്രീജിത്ത് ജി, അജിമോൻ കളമ്പൂർ, സജികുമാർ ചാത്തൻകുഴി ,ഇ.വി.ശാർങ്ഗധരൻ എന്നിവർ പ്രസംഗിച്ചു.