വനഭൃംഗം/എൻ.കെ. ഷീല

( പാബ്ലോ നെരൂദയെ ഓര്‍ത്ത് )

വെയിലിറങ്ങാൻ മടിക്കുന്ന കാനന
ചില്ലയിൽ ചിലീ, നീയുറങ്ങീടവേ
ചിറകിൽ മഴവില്ലൊളിപ്പിച്ച ഭ്രമരമായ്
നീ നുകർന്നുവോ ബാല്യം വനങ്ങളിൽ

പൂവുകളേത് പൂമ്പാറ്റയേതെന്ന്
കണ്ടറിയുവാൻ ആവാത്ത കാഴ്ചകൾ
പൈതൃകമായി കൂടെ കരുതുവാൻ
പെട്ടി തന്നിലെ പ്രണയാക്ഷരങ്ങളും

കോട്ടിലാണ് കവിതയെന്നോർത്തതും
തലപ്പാവിലാണത് എന്നു തിരുത്തിയും
കണ്ണൊരിക്കിയും കാഴ്ച ചൂണ്ടീടുവാൻ
നാസിക ചൂഴ്ന്ന ഗന്ധവൈവിധ്യവും

പിടഞ്ഞു പോയീ പ്രണയാർദ്ര ചിന്തയാൽ
ഉള്ളകം ചുട്ടു മനുജസ്നേഹത്തിനാൽ
മിന്നി മിണ്ടുന്ന നക്ഷത്ര ഭംഗിയാൽ
ശോഭനമായി നിൻ കാവ്യജീവിതം

അറ്റമേശാത്തിരുട്ടിൻ അകങ്ങളിൽ
ആഴമേറിയ മൗന കൂപങ്ങളിൽ
ചുറ്റി തേനുണ്ടു വന്നുവോ വണ്ടേ – നീ
വിശ്വമെമ്പാടും പാടിപറക്കുവാൻ

അശ്വവേഗതാ വൈഭവം കൊണ്ടു നീ
ധാന്യമാക്കീ മെതിച്ചിട്ട കറ്റ പോൽ
കാവ്യകൗമാര അശ്വ വേഗത്തിനാൽ
ധന്യമാക്കീ ലോക കാവ്യക്കലവറ

പാതി മോന്തി കൈവിട്ട ചഷകങ്ങൾ
നിന്നെ തേടി നടന്നതിൻവാർത്തകൾ
കദനം പൂത്തൊര പ്രണയ കാവ്യങ്ങളിൽ
നർമം ചേർത്തു പരഭാഗഭംഗിയായ്

തേൻ വസന്തം വന്നു പൂക്കൾ ചൂടിച്ചതാം
ചെറി മര ചില്ലതൻ മോഹനക്കാഴ്ചയിൽ
കണ്ടതി തീക്ഷ്ണമാം പ്രണയ സങ്കല്പങ്ങൾ
അദമ്യം, അതിശയം, നിസ്സർഗ്ഗ സുന്ദരം

കനത്ത മാനവ സ്നേഹം കനച്ചുപോയ്
നിൻ യാത്ര ജീവിതമാക്കിയ വേളയിൽ
ഗർവ്വം കൊയ്ത മനുഷ്യ രക്തത്തിനാൽ
ചുവന്നു പോയി നിൻ അക്ഷര പൂക്കളും

ദീപ്തമാകുന്നു നിൻ കാവ്യജീവിതം
പൊൻകിരീടം അണിയുവാൻ പ്രാപ്തമായ്
ഇന്നും തീരാത്ത നക്ഷത്ര ശോഭയിൽ
നിന്നെ ഓർത്തിടാം നിത്യം ജ്വലിക്കുക

വഴക്ക്

വഴക്കിലെല്ലാമൊരു കലക്കമുണ്ട്
കലങ്ങിത്തീർന്നിട്ടൊരുതെളിയലുണ്ട്
തെളിഞ്ഞമാനം തരും പ്രതീക്ഷയുണ്ട്
പ്രതീക്ഷ പൂക്കുന്നിടം വഴക്കിലുണ്ട്.

കുതറിപ്പാറുന്നുണ്ടമർത്തിവെച്ചവ
തിളച്ചുപൊങ്ങുന്നൊതുങ്ങിനിന്നവ
ചുഴലി ബാധിച്ച തരുകണക്കിനേ
യടിമുടിതട്ടിയുലച്ചലാകുന്നു.

അലക്കുകല്ലിൽ പതകൂട്ടിക്കുത്തണം
വഴക്കുവാക്കിൽ കളിവാക്കു ചേരണം
വഴക്കൊഴുക്കി വിഴുപ്പു നീങ്ങവേ
സ്വച്ഛമാകുന്നു മാനസത്തുകിൽ.

വാക്കുകൾ തട്ടി മുട്ടലാകുന്നു
പൊട്ടിച്ചീറിക്കടിക്കലാകുന്നു
ഇല്ലാവചന കേൾവിയാകുന്നു
ആർത്തലച്ചൊരു ചേരലാകുന്നു.

കണ്ണുനീരിനാൽ മോറലാകുന്നു
മഴതീർന്നാകാശ തെളിമയാകുന്നു
വെട്ടംവീണൊരു മാരിവിൽ മോടി
കൂടുമെന്നൊളിയാശയാകുന്നു

നീറ്റുകക്കയിൽ ചൂടു നീരുപോൽ
പൊള്ളും വാക്കു പുകച്ചു നീറ്റുന്നു
പുകഞ്ഞുപൊങ്ങി പൊടിഞ്ഞുകൂടി
വെണ്മ പൂശുന്നു ഭാവി ജീവനം

You can share this post!