ലക്ഷ്മിവിലാസം/രാമചന്ദ്രൻ കരവാരം

റിട്ടയർ ചെയ്ത് നേരെ തട്ടിൻപുറത്ത് കയറിയതിൽ പിന്നെ അധികം ദൂരെയൊന്നും യാത്ര ചെയ്യാറില്ല. ഒരു താലൂക്കിനകത്തുള്ള സാഹിത്യവും സഞ്ചാരവും മാത്രം. ഒഴിച്ചുകൂടാനാകാതെ വരുമ്പോൾ ചില സന്ദർഭങ്ങളിൽ തൊട്ടടുത്ത് തന്നെയുള്ള തലസ്ഥാനനഗരിയോളം ഒന്ന് പോയെന്നുവരും.

ശൈവപ്രസാദ് എന്ന മനുഷ്യൻ എന്നെ ഒരു ദിവസം എടുത്ത് ദുരന്തപാതയായ സിൽവർ ലൈനിന് കുറുകെ എറിഞ്ഞതു മുതൽ ക്ലേശകരമായ യാത്രയും തുടങ്ങി.

ആദ്യം എറണാകുളം വരെ ഒരു സഞ്ചാരം .രണ്ടാമത് കോഴിക്കോടുള്ള കാട്ടിലപീടികയിലേക്ക് ഒരു സമര പോരാളിയായി കെട്ടുംകെട്ടിയുള്ള യാത്ര. ഇപ്പോഴിതാ ,വീണ്ടും തൃശ്ശിവ പേരൂരുള്ള തെക്കേമഠത്തിലേക്ക്‌ , സംസ്ഥാന സമിതിയിൽ പങ്കെടുക്കാൻ. പാത തുടങ്ങുന്ന കാസർകോട് നിന്നു തിരുവനന്തപുരത്തോളം പായുന്ന ഒരു മഹാപ്രചരണ ജാഥ വരാനിരിക്കുന്നു. അതിൻ്റെ വിജയത്തിനായി പ്രവർത്തിക്കണം.

തെക്കേമഠം (ലക്ഷ്മിവിലാസം)എന്ന സ്ഥാപനം എനിക്ക് നന്നേ ഇഷ്ടപ്പെട്ടു. വിശാലമായ ഒരു മന്ദിരസമുച്ചയം. തനത് പാരമ്പര്യ രീതിയിൽ നിർമ്മിച്ചു ക്രമാനുഗതമായി ആധുനികതയുടെ മുഖം നൽകിയ ഒരു എടുപ്പ്. അതിൻ്റെ ട്രസ്റ്റുകൾ ആണെന്ന് തോന്നി- ഏതാനും ഒറ്റ മുണ്ടും ഭസ്മക്കുറിയും പൂണൂലും ധരിച്ച് ,ചുണ്ടുകൾ മനപ്പൂർവം പൂട്ടിയടച്ച് ഓടി നടക്കുന്ന ബ്രാഹ്മണർ.

തെക്കേ മഠത്തിനകത്ത് ചില സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഒരു കല്യാണമുണ്ഡപവും സദ്യാലയവും എൻ്റെ ശ്രദ്ധ പിടിച്ചുപറ്റി. കോൺഫറൻസ് ഹാളിൽ നിന്നുള്ള പാർശ്വവീക്ഷണത്തിൽ താഴെ ഒരു കതിർ മണ്ഡപം ഉയർന്നുനിൽക്കുന്നത് കാണാം .

ഒരു ഇടവേളയിൽ ഞാൻ എഴുന്നേറ്റ് തെക്കേമടത്തിന്റെ അനുവദനീയമായ ഉള്ളകങ്ങളിലേക്കിറങ്ങി .എന്നെ വിസ്മയിപ്പിച്ചുകൊണ്ട് പടിഞ്ഞാറുഭാഗത്ത് അതിവിശാലമായ ഒരു കുളവും കുളിപ്പുരയും കണ്ടു. കറുപ്പും നീലയും ഇടകലർന്ന നിറമായിരുന്നു ജലത്തിന് .ചുറ്റാകെ പ്രാചീനമായ കൽകെട്ട് ഭിത്തിയുണ്ട്. കുളിക്കാൻ ഒരു നീണ്ട പുര മാത്രം. പുരയോളം വന്നു വെള്ളം കുമിഞ്ഞിട്ടുണ്ട് .ഇടതുവശത്തെ കൈ കഴുകാനുള്ള ഒരു ടാപ്പും ഒരു വരി മൂത്രപ്പുരയും എൻ്റെ മനസ്സിൽ ഒരു സന്ദേഹം ജനിപ്പിച്ചു. മലിനജലം എങ്ങോട്ടാകും ഒഴുക്കി വിടുന്നത്?
മുകളിലുള്ള റോഡിൽനിന്ന് പതിനഞ്ചോളം അടി താഴ്ചയിലാണ് കക്കൂസും ടാപ്പും സ്ഥിതി ചെയ്യുന്നത്.

കുളക്കര വിജനവും നിശ്ശബ്ദവുമാണ്. കാറ്റു നിശ്ചലം. ജലതരംഗങ്ങൾ ഇല്ലെന്ന് തന്നെ പറയാം .കാട്ടു താറാവുകളുടെ ഒരു സംഘം ഒരു കോണിൽ നിശ്ചലരായി ഇഴയുന്നു. ഇടയ്ക്കിടെ ഒരു മുങ്ങാംകോഴി ഓടിവള്ളം തുഴഞ്ഞു പോകുന്നുണ്ട്.

പെട്ടെന്ന് കുളം അതിൻ്റെ ഗുരുത്വ ബലം എന്റെ മേൽ പ്രയോഗിക്കുന്നത് ഞാനറിഞ്ഞു. ചെറിയ ഭയം തോന്നി. സാമാന്യം ശക്തമാണ് അതെന്നിൽ ചെലുത്തിയ സ്വാധീനം. ഞാൻ കുറച്ചു പുറകോട്ട് മാറി നിന്നു. കുളം എന്നെ മൗനമായി ക്ഷണിച്ചു. വരൂ !എൻ്റെ ശീതളമായ വിരിമാറിൽ ഒന്നു നീന്തി ത്തുടിച്ചിട്ടു പോകൂ !.

ക്ഷമിക്കണം, എനിക്ക് നീന്തൽ വശമില്ല.
ഞാൻ പറഞ്ഞു.

ഇത്തരം സന്ദർഭങ്ങളിൽ ഒരു ജല പിശാച് ഉയർന്നു വന്ന് അതിൻ്റെ ഈറൻ മേനിയും രൗദ്രഭാവവും കാട്ടി എന്നെ ഞെട്ടിക്കേണ്ടതായിരുന്നു. എന്നാൽ ഉയർന്നുവന്ന് എന്റെ മനസ്സിൽ പ്രതിരോധത്തിന്റെ ചെറിയൊരനുരണനം സൃഷ്ടിച്ചത് ഉള്ളകങ്ങളിലെ പൊരുളുകൾ അന്വേഷിച്ചു പോയി വെറും കൈയ്യോടെ തിരിച്ചുവന്ന ഒരു മുങ്ങാം കോഴിയാണ് .ജലോപരി അതൊരു ചെറിയ യാനം പോലെ കിടന്നു.

രാവിലെ പോയി രാത്രി തിരിച്ചുവന്നു. വന്നപാടെ ഉറങ്ങാൻ കിടന്നു. കൈമടക്കി കവിളിനടിയിൽ വച്ചു ചരിഞ്ഞാണ് കിടക്കാറ്. കൈത്തണ്ടയിൽ തെളിഞ്ഞു വന്ന ചെറിയൊരു സ്ക്രീനിൽ ഇടുങ്ങിയ ഇടനാഴിയിലൂടെ ഒഴുകിവരുന്ന ഒരു പുരുഷാരത്തെ കണ്ടു .വീണ്ടും കുളം തെളിഞ്ഞുവന്നു. ഞാൻ നിദ്രയുടെ കയത്തിലേക്ക് വഴുതി വീണു .

എൻ്റെ ഒരു സുഹൃത്ത് .പരാജയപ്പെട്ട ഒരു എഴുത്തുകാരൻ. അച്ചടിയും എഴുത്തും തകർച്ച നേരിട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത് അയാൾ പരാജിതനാണെന്ന് സ്വയം തിരിച്ചറിയുകയായിരുന്നു.
പക്ഷേ ,വ്യവഹാര ജീവിതത്തിൽ അയാൾ വിജയിയാണ്. അതയാളെ സന്തോഷിപ്പിക്കുന്നില്ല.
അങ്ങനെയുള്ള അയാൾ തൻ്റെ ഒരു പെൺസുഹൃത്തിനൊപ്പം സിറ്റിയിൽ വരുന്നു. ഞാനും അവരെ അനുഗമിക്കുന്നുണ്ട്. എനിക്ക് നന്നായി വിശക്കുന്നുണ്ട്. കോൺഫറൻസ് ഹാളിൽ നിന്നു തിന്നാൻ എന്തെങ്കിലും തരപ്പെടും എന്ന തോന്നൽ ബലപ്പെട്ടു .

സുഹൃത്ത് ഇൻ ചെയ്ത ഷർട്ടും പാൻ്റ്സുമാണ് ധരിച്ചിരിക്കുന്നത്. ദൃഢമായ ശരീരം. ദ്രുതമായ ചലനം. പെൺസുഹൃത്ത് എന്നെ വല്ലാതെ വശീകരിച്ചു. നിശ്ചയദാർഢ്യത്തിന്റെയും പോരാട്ടവീര്യത്തിന്റെയും കരുത്ത് വിളിച്ചോതുന്ന ഒരു യുവതി. അവൾക്ക് എഴുത്തുകാരനോട് വിധേയത്വമുണ്ട്. പക്ഷേ ,ഒരു താൻ പോരിമ എഴുന്നു നിന്നു. അതെൻ്റെ അവളോടുള്ള ആദരവിന്റെ മാനം ഉയർത്തി .

ഞങ്ങൾ ഒരു മുന്തിയ റസ്റ്റോറൻ്റിൽ കയറി .അയാൾ ഓർഡർ ചെയ്തതാകട്ടെ ഒരു ചായ മാത്രം! . എനിക്ക് നിരാശ തോന്നി. വയറാകട്ടെ കത്തിക്കാളുന്നു. എവിടെയാണ് കോൺഫറൻസ് ഹാൾ ?ഒരു രൂപവുമില്ല.

നിദ്രയെ ഒരു വലിയ കുളത്തോട് ഉപമിക്കാമെങ്കിൽ തികച്ചും ഞാനതിൻ്റെ കയത്തിൽ അകപ്പെട്ടു പോയി .കുളം എന്നെ അതിൻ്റെ വിരിമാറിൽ ഒതുക്കി. അത് മന്ദ്രസ്ഥായിയിൽ ഒരു താരാട്ടുപാടുവാൻ തുടങ്ങി. അമ്മയുടെ മടിത്തട്ടിൽ കിടക്കുന്ന ചെറു പൈതൽ പോലെ ഞാൻ ഉറങ്ങി.

You can share this post!