രാമൻ ഇളയത് കേരളത്തിൻ്റെ പ്രബുദ്ധമനസിൻ്റെ പ്രതീകം :എം.കെ.ഹരികുമാർ

വൈക്കം സത്യാഗ്രഹത്തിൻ്റെ ശതാബ്ദിയോടനുബന്ധിച്ച് അന്താരാഷ്ട്ര പുസ്തകോത്സവ സമിതി തൃപ്പൂണിത്തുറയിൽ സംഘടിപ്പിച്ച ദ്വിദിന സെമിനാറിൽ എം.കെ.ഹരികുമാർ പ്രഭാഷണം നടത്തുന്നു. അഡ്വ.കെ.എ. ബാലൻ ,പി.സുജാതൻ എന്നിവർ സമീപം .


റിപ്പോർട്ട് :എൻ.രവി

തൃപ്പൂണിത്തുറ: തിരുവിതാംകൂർ രാജാക്കന്മാർ കാലത്തിൻ്റെ ചുവരെഴുത്തുകൾ മനസിലാക്കാതെ ജാതിവിവേചനത്തിൻ്റെ അന്ധതയിലമരുകയായിരുന്നുവെന്നു വിമർശകനും സാഹിത്യകാരനുമായ എം.കെ.ഹരികുമാർ അഭിപ്രായപ്പെട്ടു .

അന്താരാഷ്ട്ര പുസ്തകോത്സവസമിതിയുടെ നേതൃത്വത്തിൽ തൃപ്പൂണിത്തുറയിൽ സംഘടിപ്പിച്ച ദ്വിദിന സെമിനാറിൽ ‘അരികിൽ നിന്നു മുഖ്യധാരയിലേക്ക്’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

തിരുവിതാംകൂർ ഭരണാധികാരികൾ പതിറ്റാണ്ടുകളായി അന്ധതയിലായിരുന്നു. ഫ്രഞ്ച് വിപ്ലവത്തിന്റെ (1787-1799) മുദ്രാവാക്യങ്ങളായ സമത്വം, സാഹോദര്യം ,സ്വാതന്ത്ര്യം പോലുള്ള ആശയങ്ങൾ തിരുവിതാംകൂറിലെ അധികാരികൾക്ക് അറിയില്ലായിരുന്നു. അവർ ലോകത്തെക്കുറിച്ച് അറിവ് നേടാത്തവരായിരുന്നു. അവർ വെറുപ്പാണ് പ്രചരിപ്പിച്ചത്. ഈഴവരോട് ഈ രാജവംശം കടുത്ത വിദ്വേഷം പുലർത്തിയതായി കാണാം. ഈഴവർക്കും മറ്റു പിന്നോക്ക വിഭാഗക്കാർക്കും വൈക്കം ക്ഷേത്രത്തിനടുത്തുള്ള റോഡുകളിലൂടെ നടക്കാൻ നൂറ്റാണ്ടുകളായി അനുമതി ലഭിച്ചിരുന്നില്ല .ഇതിൽ പ്രതിഷേധിച്ച്, സ്വാതന്ത്രരാകാൻ മോഹിച്ച ഇരുനൂറ് ഈഴവ യുവാക്കൾ 1806 ൽ വൈക്കത്തെ നിരോധിത റോഡിലൂടെ സഞ്ചരിക്കുമെന്ന് അധികാരികളെ അറിയിച്ച ശേഷം അവിടേക്ക് മാർച്ച് ചെയ്തു. എന്നാൽ ആ മാർച്ച് കാണാൻ വേലുത്തമ്പി ദളവ നേരിട്ടെത്തി .അദ്ദേഹം ആ ഇരുനൂറ് പേരെയും രാജാവിൻ്റെ കുതിരപ്പട്ടാളത്തെ ഉപയോഗിച്ച് നേരിട്ടു. ആ യുവാക്കളെ വെട്ടിക്കൊന്നു കുളത്തിൽ താഴ്ത്തുകയാണ് ചെയ്തത്.അതാണ് പിന്നീട് ദളവാക്കുളം എന്നറിയപ്പെടുന്നത് .ഇങ്ങനെയൊക്കെ ചെയ്യാൻ ഒരു ഭരണാധികാരി തയ്യാറാവുന്നത് ലോകാവബോധമില്ലാത്തതു കൊണ്ടാണ്. അവർ ലോകം എങ്ങനെ ജ്ഞാനോദയത്തിലേക്ക് വളരുന്നുവെന്നു അറിയാത്തവരാണ്. ഫ്രഞ്ച് നവോത്ഥാനത്തെക്കുറിച്ചും ബോധോദയത്തെക്കുറിച്ചും തിരുവിതാംകൂർ ഭരണാധികാരികൾക്ക് ഒന്നുമറിയില്ലായിരുന്നു. മനുഷ്യൻ എന്ന പദത്തിൻ്റെ അർത്ഥം അവർക്കറിയില്ലായിരുന്നു .ശ്രീനാരായണഗുരു മനുഷ്യൻ എന്നു പ്രയോഗിക്കുന്നത് പ്രത്യേക അർത്ഥത്തിലാണ്. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നു പറയുമ്പോൾ അവിടെ ഒരു ‘മനുഷ്യനു’ണ്ട്. ആ ‘മനുഷ്യൻ’ അനുകമ്പയുള്ളവനാണ്. അനുകമ്പയില്ലാത്തവനെ ഗുരു നാറുന്ന ഉടൽ എന്നാണു വിളിച്ചത് -ഹരികുമാർ പറഞ്ഞു.

തിരുവിതാംകൂർ രാജാക്കന്മാർ ഈഴവരെ നിരന്തരമായി വേട്ടയാടിയെന്ന് ഹരികുമാർ പറഞ്ഞു. ഡോ. പല്പു എം.ബി.ബി.എസ് പാസായിട്ടും തിരുവിതാംകൂർ സർക്കാർ ജോലി കൊടുത്തില്ല. പല്പുവിൻ്റെ
അച്ഛനും ജോലി നിഷേധിക്കപ്പെട്ടിരുന്നു.പല്പുവിൻ്റെ മകൻ നടരാജഗുരുവിനും ജോലി നല്കിയില്ല . ഒരു വീട്ടിലെ മൂന്നു തലമുറയിൽപ്പെവർക്ക് ജാതിയുടെ പേരിൽ ജോലി നല്കാത്ത തിരുവിതാംകൂർ രാജകുടുംബത്തെ അന്ധതയുടെ പ്രതീകമായേ കാണാനൊക്കൂ .വൈക്കം സത്യാഗ്രഹത്തിലേക്ക് നയിച്ചത് ഈഴവരുടെയും മറ്റ് പിന്നോക്ക വിഭാഗങ്ങളുടെയും അസ്പൃശ്യതയായിരുന്നു. വഴിനടക്കാൻ രാജാവ് സമ്മതിക്കുകയില്ല. വഴി നടന്നാൽ അവരുടെ പട്ടാളം വെട്ടിക്കൊല്ലും. 1917 ൽ കുമാരനാശാൻ നിയമസഭയിൽ ഈ വിഷയം ഉന്നയിച്ചു. ഫലമുണ്ടായില്ല. ടി.കെ.മാധവൻ ഈ പ്രശ്നം പരിഹരിക്കാനായി രാജാവിനെ കാണാൻ അനുവാദം ചോദിച്ചെങ്കിലും ലഭിച്ചില്ല. പിന്നീട് ദിവാനെ കണ്ട് ഈ കാര്യം പറഞ്ഞു. ഇവിടെ ഇങ്ങനെ പോയാൽ ജീവിക്കാൻ പ്രയാസമാകുമെന്ന് പറഞ്ഞപ്പോൾ, എങ്കിൽ നാടുവിട്ടു പോകാനാണ് ആ ദിവാൻ ദിവാൻ ഉപദേശിച്ചത്. ഏത് യുഗത്തിലാണ് ആ ദിവാൻ ജീവിച്ചത്? ഫ്രഞ്ച് വിപ്ലവത്തിലൂടെ സ്വാതന്ത്ര്യത്തിന്റെ ഒരു പുതിയ യുഗം ആവിഷ്കരിച്ചത് അവർ അറിഞ്ഞിരുന്നില്ല -ഹരികുമാർ പറഞ്ഞു.

ഈഴവരെ രാജകുടുംബം അകറ്റി നിർത്താൻ കാരണം ജാതിമാത്രമാണെന്ന് കരുതാനാവില്ല. ഈഴവർ ആവശരായിരുന്നുവെന്ന് പറയാനാവില്ല.അക്കാലത്ത് ഈഴവർക്കിടയിൽ ധാരാളം സംസ്കൃത പണ്ഡിതന്മാരും ആയുർവേദ വൈദ്യന്മാരും ഉണ്ടായിരുന്നു. ചാന്നാന്മാർക്കിടയിൽ എത്രയോ ഭൂവുടമകളും സമ്പന്നരും ഉണ്ടായിരുന്നു! ആറാട്ടുപുഴ വേലായുധപ്പണിക്കർക്ക് സമ്പത്ത് മാത്രമല്ല ആൾബലവുമുണ്ടായിരുന്നു. ശ്രീനാരായണഗുരു പഠിക്കാനായി വന്ന വാരണപള്ളി തറവാടിനു നല്ല ധനശേഷിയുണ്ടായിരുന്നു. ഈഴവരുടെ ഉല്പതിഷ്ണുത്വവും അനീതിക്കെതിരായ പോരാട്ടവും അവരെ അധികാരികൾക്ക് അപ്രിയരാക്കിയിട്ടുണ്ടാവും.വൈക്കം സത്യാഗ്രഹം ഒരു വലിയ ജനവിഭാഗത്തെ അരികിൽ നിന്ന് മുഖ്യധാരയിലെത്തിച്ചു. വൈക്കത്ത് സമരം ചെയ്തവർ ജാതി നോക്കിയിട്ടില്ല.വിവിധ ജാതികളിൽപ്പെട്ടവർ ആ സമരത്തിൽ പങ്കെടുത്തു. ഈഴവർക്ക് വേണ്ടി മറ്റു വിഭാഗങ്ങൾ സമരത്തിലേക്ക് ആകൃഷ്ടരായി. കൂത്താട്ടുകുളത്ത് നിന്നു വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുക്കാൻ പോയ രാമൻ ഇളയതിനെ മറക്കാനാവില്ല. അദ്ദേഹത്തിൻ്റെ കണ്ണിൽ അധികാരികൾ ചുണ്ണാമ്പെഴുതി. രാമൻ ഇളയത് അന്ധനായി .എന്തിനാണ് രാമൻ ഇളയത് അന്ധനായതെന്ന ചോദ്യത്തിനു ഉത്തരം തേടിയാൽ വൈക്കം സത്യാഗ്രഹത്തിൻ്റെ മാത്രമല്ല കേരളത്തിന്റെ തന്നെ ഉന്നതമായ മനസ് കാണാം. അനീതിക്കെതിരെ പ്രബുദ്ധരായവർ ഒന്നിക്കുന്ന ചിത്രമാണവിടെ തെളിയുന്നത്. ഫ്രഞ്ച് വിപ്ലവത്തിലും അത് കാണാം. ചക്രവർത്തിക്കെതിരെ ഫ്രാൻസിൽ പോരാടാനിറങ്ങിയത് മുതലാളിമാരും ബുദ്ധിജീവികളുമാണ്. അതിൻ്റെ ഗുണഭോക്താക്കൾ പ്രധാനമായും അടിമകളും കർഷകരുമായിരുന്നു. ഇങ്ങനെയാണ് സമരങ്ങൾ ഉണ്ടാകേണ്ടത്. വൈക്കം സത്യാഗ്രഹം ഹിന്ദുവിഭാഗത്തിലെ ഉത്പതിഷ്ണുക്കളെ അനീതിക്കെതിരെ ഒന്നിപ്പിച്ചു എന്നത് വലിയ കാര്യമാണ്. കോൺഗ്രസിന്റെ അയിത്തോച്ചാടന സമരത്തിൻ്റെ ഭാഗമായി വൈക്കത്ത് ജാഥ നടത്താൻ തീരുമാനിച്ചപ്പോൾ അതിനെതിരെ പരാതിയുമായി യാഥാസ്ഥിതിക ഹിന്ദുക്കൾ വന്നതിന്റെ അർത്ഥമെന്താണ്?ഒരു വിഭാഗം ഹിന്ദുക്കൾ എല്ലാ മാറ്റങ്ങൾക്കും എതിരായിരുന്നു. അവിടെയാണ് നീതിക്കുവേണ്ടി ജാതി വ്യത്യാസം മറന്ന് ഒരു വലിയ വിഭാഗം ജനങ്ങൾ ഒന്നിച്ച് പ്രക്ഷോഭത്തിലേക്ക് വരുന്നത്. ഇത് പിന്നീട് കേരളത്തിൻ്റെ വീക്ഷണത്തിൽ വലിയ മാറ്റം സൃഷ്ടിച്ചു – ഹരികുമാർ ചൂണ്ടിക്കാട്ടി.

അരികിൽ നിന്നു മുഖ്യധാരയിലേക്ക് ഒരു വലിയ വിഭാഗം എത്തിച്ചേർന്നു എന്നത് സത്യമാണ്. എന്നാൽ ആ വലിയ ആൾക്കൂട്ടം ഇപ്പോൾ ഇവിടെ തങ്ങളുടെ ഭൂതകാലത്തിലെ ആദർശങ്ങൾക്കൊപ്പം സഞ്ചരിക്കാനാവാത്ത സാഹചര്യത്തിലാണ്. അവർക്ക് ഒരു പത്രമോ വാരികയോ പ്രസാധനശാലയോ സാംസ്കാരിക സംഘടനയോ ഇല്ല .കേരളത്തിലെ നവീന മാധ്യമപ്രവർത്തനം ചിന്തകളിൽ നിന്നും ആശയങ്ങളിൽ നിന്നും അകന്നു പോവുകയാണ് .അറിവിൻ്റെയും ജ്ഞാനത്തിന്റെയും ശോഭയുള്ള ഒരു വാക്യം പോലും ഇന്ന് ജേർണലുകളിൽ വരില്ല. വിപ്ളവത്തെക്കുറിച്ച് ഫ്രഞ്ച് എഴുത്തുകാരൻ ആൽബേർ കമ്യു പറഞ്ഞത് ശ്രദ്ധേയമാണ്: സൗന്ദര്യത്തിനു വിപ്ലവം സൃഷ്ടിക്കാനാവില്ല; എന്നാൽ വിപ്ലവത്തിനു സൗന്ദര്യം ആവശ്യമായ ഒരു സമയം വരും. എന്താണ് ഇതിനർത്ഥം? കവിത എഴുതിയാൽ വിപ്ലവം വരികയില്ല. അതേസമയം വിപ്ലവത്തിനു സൗന്ദര്യം വേണം – മനുഷ്യമുഖം വേണം. മാനവികതയില്ലാതായാൽ വിപ്ളവം പരാജയപ്പെടും. കമ്യുവിൻ്റെ വാചകം പോലെ ഒന്ന് മലയാളം ജേർണലുകളിൽ വരാൻ പ്രയാസമാണ്. ഇവിടെ ഗൗരവമായി എഴുതിയാൽ, അഗാധമായി ചിന്തിച്ചാൽ ചില മാധ്യമങ്ങൾ നമ്മെ നോട്ടപ്പുള്ളിയാക്കുകയോ പിന്നാലെ നടന്ന് തമസ്കരിക്കുകയോ ചെയ്യും.എന്നാൽ അനാവശ്യ കാര്യങ്ങളെക്കുറിച്ച് അനാവശ്യമായി ചർച്ച ചെയ്യുകയാണെങ്കിൽ നിങ്ങൾ ഏവർക്കും സ്വീകാര്യനാവും. ഇതാണ് ഇന്നത്തെ അവസ്ഥ -ഹരികുമാർ പറഞ്ഞു.

പി.സുജാതൻ മോഡറേറ്ററായിരുന്നു.

You can share this post!