തകർന്നിട്ടൊന്നുമില്ല
ചിതറിപ്പോയിട്ടുമില്ല
ശിഥിലമായത് കിനാക്കളല്ല
മറ്റെന്തൊക്കെയോ ആണ്.
പകലുറക്കത്തിൽ പോലും
പതുങ്ങിയെത്താറുണ്ട് നിത്യവും
സർറിയൽ സ്വപ്‌നങ്ങൾ.
അമ്പരപ്പിക്കുന്ന രൂപമാതൃകകൾ,
മരക്കൊമ്പിൽ ആറിയിട്ട
ഡാലിയുടെ ഉരുകിയൊലിക്കുന്ന
പഴഞ്ചൻ ഘടികാരമൊന്നുമല്ല.
ചിത്രദർശിനിക്കുഴൽ കണ്ണുകളുള്ള
ജോൺ ലെനൻ പെണ്ണുമല്ല.
ഒരിക്കൽ കണ്ടാൽ മതി,
മരിച്ചാലും മറക്കില്ല.
വരികളാൽ വിവരിക്കുവാൻ വയ്യ,
തീവ്ര ഫ്ലൂറസെന്റ് നിറവിസ്മയങ്ങൾ.
അരാജകരാജൻ അയ്യപ്പൻ കുറിച്ചിട്ട
മുഴുഭ്രാന്തൻ കവിതകളുടെ
സൈക്കഡെലിക് ഘോഷയാത്ര.
മേതിൽ മരുന്നടിച്ചെഴുതിയ
ദുരൂഹ പുകച്ചുരുൾ രൂപകങ്ങൾ
കാൽവിരലിൽ നട്ടംതിരിയുന്ന
ദുർബല ഫലസ്തീനി ദർവേഷുകൾ.
വൗ, ഇത് ദിവാസ്വപ്ന മേഖല
ഇവിടില്ല ഒളിഞ്ഞുനോട്ടം
ഇവിടില്ല സെൻസർഷിപ്പ്.
ഒരു ജാതി, അത് ഉന്മാദം
ഒരു മതം, അതും ഉന്മാദം
പിന്നൊരു ന്യൂറോട്ടിക് ദൈവമുണ്ട്.
ഒരു ഡോൺ ക്വിഹോട്ടിക് ഗോഡ്.
എന്തൊരു കൂൾ ക്യൂട്ട് പ്രദേശ്.
യുക്തിരാഹിത്യം അനശ്വരമാണ്.