“അമ്പലപ്പറമ്പിലെ ആരാമത്തിലെ
ചെമ്പരത്തിപ്പൂവേ …. അങ്കച്ചമയത്തിനണിയാനിത്തിരി
സിന്ദൂരമുണ്ടോ… സിന്ദൂരം….”
തോമസുകുട്ടിയുടെ റേഡിയോ പാടുകയാണ്.
പുറത്തേക്കിറങ്ങാൻ നേരം കൈയിൽ കെട്ടിയിരുന്ന വാച്ചിലെ സൂചി നിശ്ചലം. സമയമറിയാൻ വഴിയില്ലാതെ നിൽക്കുമ്പോ ളതാ പടിഞ്ഞാറേ ദിക്കിൽ വാങ്ക് വിളി ശബ്ദം. പകൽ 12.25
ഇന്നലത്തെ സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി കുറച്ച് ഓവറായി. ഭാര്യയും പിള്ളേരും വീട്ടിലില്ലെങ്കിൽ പിന്നെ സ്വാതന്ത്യത്തോട് സ്വാതന്ത്യം.
മുന്നിലേക്കിറങ്ങി. മുറ്റത്തെ ചെമ്പരത്തിയിൽ ഇന്ന് പൂക്കളില്ല. പതിവിലും വിപരീതമായി നിലത്ത് ഒരെണ്ണം. റോഡെത്തി. വെയിലൊന്നു മങ്ങി.കൂടെ ചാറ്റൽ മഴയും. ഓടിക്കയറിയത് അബ്ദുവിൻ്റെ കടയിലേയ്ക്കാണ്.
വരാന്തയിലെ ബഞ്ചിൽ അഞ്ചിഞ്ച് വ്യാസത്തിൽ പുകച്ച് തള്ളുന്ന വരണ്ട ചുണ്ടുകൾ. മുറിബീഡീകൾ പീഢിപ്പിക്കപ്പെടുകയാണ്. ഊണ് സമയമാണ്. എന്നാലും ക്ഷീണം മാറ്റാൻ ….” ഒരു ചായ ” തോമസുകുട്ടി വിളിച്ചു പറഞ്ഞു.
“പിരിയോ തോമാ” ചിരിയോടു കൂടി തട്ടുകടയിലെ പരിപ്പുവടയുടെ പരിപ്പിളക്കുന്ന ഷാജിയുടെ ചോദ്യം.
“ചിലപ്പോ പിരിയുമായിരിക്കും ” ശശിയുടെ കമൻ്റ്.
തോമസുകുട്ടി ഒന്നും മിണ്ടിയില്ല. ചിരിവരുത്തി ഒരു ചിരിയങ്ങ് ചിരിച്ചു. അവരുടെ ചോദ്യത്തിൽ അയാൾ മറ്റൊരു അർത്ഥം മെനഞ്ഞെടുക്കുവായിരുന്നു.
പിരിയലിൻ്റെ വക്കിലെത്തി നിൽക്കുന്ന ദാമ്പത്യം .ഭൂതകാലത്തെ, ഭയപ്പെടുത്തുന്ന ഓർമകൾ ഒരു നിമിഷം മിന്നി മറഞ്ഞു. ചായ ഗ്ലാസിലെ ഓരോ പതയിലും അയാൾ ജീവിതത്തിൻ്റെ ചൂട് തിരിച്ചറിഞ്ഞു. മഴയ്ക്ക് ശക്തി കൂടി. നെറ്റിയിലും നെഞ്ചിലും വിയർപ്പ് കണങ്ങൾ പൊടിയുന്നു. തോമസുകുട്ടി വിയർക്കുകയാണ്, ഈ തണുപ്പിലും.
സർക്കാർ ശമ്പളത്തിൻ്റെ മുക്കാലും കുടിച്ചു തീർക്കുന്ന അയാൾക്ക് കുടുംബം എന്നും ഒരു ഭാരമായിരുന്നു. പക്ഷേ ഇന്നിപ്പോൾ അനുഭവിക്കുന്ന വിരസത അയാളെ കൂടുതൽ അടിമയാക്കിയിരിക്കുന്നു. ഇനിയൊരു കുടുംബ ജീവിതം നയിക്കാനാകുമോ…? അറിയില്ല.
മഴ തോരാനായി കാത്തു നിന്നില്ല. കാശും കൊടുത്ത് ചെറിയ ചാറ്റലും നനഞ്ഞ് തിരികെ വീട്ടിലേക്ക് തന്നെ നടന്നു. വിശപ്പില്ല.എന്നും കയറിവരാറുള്ള മെലിഞ്ഞുണങ്ങിയ കറുമ്പൻ പട്ടി ഇന്നു വന്നില്ല. ഇനി അതിനും വിശപ്പില്ലേ …? അയാൾ ചിന്തിച്ചു.
എല്ലാം അകലുകയാണ്. വിഷാദ രോഗം തന്നെ പിടികൂടുമോ എന്നു പോലും ഭയന്നു. ഒരാശ്വാസത്തിന് റേഡിയോ ഓണാക്കി.
“ദാമ്പത്യ ജീവിതത്തിന് അത്യുത്തമമായ മാന്ത്രിക ഏലസ്സുകൾക്ക് സമീപിക്കുക ” …… റേഡിയോ മിണ്ടി തുടങ്ങി. ഏതോ “ആശാൻ്റെ “പരസ്യമാണ്.
ഓഫാക്കി. പിന്നീടുള്ള ഒരാഴ്ച അയാൾ നല്ല “സ്പിരിറ്റിൽ ” ആയിരുന്നു. അരയിൽ കെട്ടിയ ഏലസ്സുമായി ചാഞ്ഞുകിടന്നിരുന്ന അയാളുടെ കസേരക്കരികിലിരുന്ന് ഫോൺ ശബ്ദിച്ചു. അങ്ങേത്തലയ്ക്കൽ നിന്നുള്ള ആ സ്ത്രീ ശബ്ദം അയാൾക്ക് പരിചിതമായിരുന്നു.
” എനിക്ക് ഡിവോഴ്സ് വേണം”
അയാൾ എന്തെങ്കിലും പറയും മുൻപേ ന്യായങ്ങൾ നിരത്തിയ ഫോൺകോൾ കട്ടായി.
ഒരു നിമിഷത്തെ നിശ്ചലത. പെട്ടെന്നുണ്ടായ ഷോക്കിൽ നിന്നും മോചിതനായ അയാളുടെ ഫോണിൽ നിന്നും ഒരു ഔട്ട് ഗോയിംഗ് കോൾ…. സെക്കൻ്റുകളുടെ വ്യത്യാസത്തിൽ നുകർന്ന അയാളുടെ ലഹരിപിടിച്ച നനവാർന്ന ചുണ്ടുകൾ അങ്ങേത്തലക്കലേയ്ക്ക് ആവശ്യപ്പെട്ടു…..
” ഒരു വശീകരണ യന്ത്രം “