സാഹിത്യത്തിന്റെ ലാവണ്യത്തിനു മേൽ സിദ്ധാന്തപരമായ അടിച്ചേൽപ്പിക്കലുകൾ നടത്തുന്ന ഭരണകൂട ഭീകരതയുടെ ധാർഷ്ട്യം മറ നീക്കി പുറത്തു വരുമ്പോൾ എന്തിനെയും നിയന്ത്രിക്കുകയും തങ്ങളുടെ കൈപ്പിടിയിൽ ഒതുക്കാൻ ശ്രമിക്കുകയും ചെയ്യുന്ന കോർപ്പറേറ്റ് ഭീമൻമാരുടെ കരാളതയുടെ ബലി യാടുകളല്ല എഴുത്തുകാരനെന്ന് ഉറക്കെ പ്രഖ്യാപിച്ചിട്ടുണ്ട് മക്കണ്ടോവിയൻ എഴുത്തുകാരനായ ഉദിനോ മരച്ചീനിയോവിസ്റ്റ്.സാമ്രാജ്യത്വ ഭീകരതയുടെ ആഗോളതാണ്ഡവത്തിൽ അരാഷ്ട്രീയമായ എഴുത്തുകൾ അരികുവല്ക്കരിക്കപ്പെടുകയും
എഴുത്തുകാരൻ തെരുവിലേക്ക് വലിച്ചെറിയപ്പെടുകയും ചെയ്യുന്നുണ്ട്…
ഹലോ ഹലോ ശശിധരാ ഞാൻ മറന്നു പോയി ഇതെന്തായിരുന്നു പരിപാടി.
: മുയൽ ചെവി കടിക്കുന്ന കുരങ്ങുകൾ
:അതേ … ആ അർത്ഥത്തിൽ മുയലുകൾ മൂന്നാം ലോകരാജ്യങ്ങളാവുകയും അവയുടെ ചെവികളിൽ കടിച്ചു പറിക്കുന്ന മുതലാളിത്തത്തിന്റെ… അല്ല ശശിധരാ ഇത് ഇത് എന്താണ് പരിപാടി. ഒന്നു കൂടെ പറയൂ…?
: സാർ ,കെ.വി.കൃഷ്ണപുരത്തിന്റെ മുയൽ ചെവി കടിക്കുന്ന കുരങ്ങുകൾ എന്ന കഥയെക്കുറിച്ചുള്ള ഓൺലൈൻ കഥാ ചർച്ച.ലൈവാണ്… സാർ വിഷയം അവതരിപ്പിക്കുകയാണ്
:മറവിയാണ് പുതിയ കാലത്തിന്റെ സവിശേഷ മുദ്ര. മറവിയുടെ മഹാപ്രളയം വന്ന് നമ്മുടെ ആവാസവ്യവസ്ഥയേയും സർവ്വ ചരാചരങ്ങളേയും നമ്മുടെ അഹന്തകളെയും നാമിരിക്കുന്ന സിംഹാസനങ്ങളേയും കടപുഴക്കി കൊണ്ടു പോകും എന്ന കാര്യം കെ വി കൃഷ്ണപുരം യാതൊരു സംശയത്തിനും ഇട നൽകാതെ ഇവിടെ പറഞ്ഞു വെക്കുന്നു. ഓരോരുത്തർക്കും മുയൽച്ചെവി മുളച്ചുതുടങ്ങുന്ന കാലത്ത് മുയൽച്ചെവി കടിച്ചു പറിക്കാൻ തയ്യാറായെത്തുന്ന മുതലാളിത്തത്തിന്റെ ആൺധിക്കാരങ്ങളെ ചെറുത്തു തോൽപ്പിക്കേണ്ടിയിരിക്കുന്നു എന്ന ആശയം മുന്നോട്ടു വെക്കുന്നു ഈ കഥ.
:ഇത്രയും പോരെ ശശിധരാ
:മതി മതി ഗംഭീരം സാർ.മുതലാളിത്തത്തിന് കൊടുക്കാവുന്ന ഏറ്റവും വലിയ കൊട്ട്.അടുത്ത ആഴ്ച പച്ചില സാഹിത്യ വേദിയുടെ കവിതാ ചർച്ചയാണ്.അതും സാറ് തന്നെ ഉദ്ഘാടനം ചെയ്യണം. ഓൺലൈനിൽ.
: പിന്നേ ശരിധരോ…വരുമാനമൊന്നും ഇല്ലാത്ത കാലമാണേ.ചില്ലറയെന്തെങ്കിലും തരണം. ഓൺലൈനായി മതി.