മഴക്കാലത്തിന്‍റെ ഇളംകാറ്റ് വീശി.
നിന്നെക്കുറിച്ചോര്‍ത്തു, ഞാന്‍.
ഇലക്കൂട്ടങ്ങള്‍ ആലോല നര്‍ത്തനമാടി.
നിന്നെക്കുറിച്ചോര്‍ത്തു, ഞാന്‍.
തരംഗിതമാകുന്ന തൃണങ്ങളുടെ പച്ചക്കടലില്‍
താറാവുകള്‍ കലപില ശബ്ദമുണ്ടാക്കി.
മഞ്ഞപ്പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്ന ഋതു ആഗതമായി.
നിന്നെക്കുറിച്ചോര്‍ത്തു, ഞാന്‍.
എന്‍റെ വീടിന്‍റെ ഏകാന്തമായ അങ്കണത്തില്‍
ഒരു കാക്ക കരഞ്ഞു.
ആശ്വാസം പകരുന്ന മഴത്തുള്ളികള്‍ താഴെ പതിച്ചു.
നിന്നെക്കുറിച്ചോര്‍ത്തു, ഞാന്‍.
ആദ്യം ഞാന്‍ ഉച്ചത്തില്‍ കരഞ്ഞു.
പിന്നെ ഞാന്‍ ചിരിച്ചു.
മേഘങ്ങള്‍ ഗര്‍ജ്ജിച്ചു.
വെളിച്ചങ്ങള്‍ മിന്നി മറഞ്ഞു.
നിന്നക്കുറിച്ചോര്‍ത്തു, ഞാന്‍.