മഞ്ഞുകാലവും കഴിഞ്ഞ് മഴയിലേക്ക്/സുനിജ എസ് 

 2027സെപ്റ്റംബർ 21

 ഇന്നാണ് ആ ദിവസം. ലോകത്തിലുള്ള സകല മീഡിയകളും കേരളത്തെ ഭയപ്പെടുത്തി കൊണ്ടിരുന്ന ആ ദിവസം. പക്ഷേ ഇന്ന് അതിന് ഒരു ട്വിസ്റ്റ് ഉണ്ടായി. തിരുവനന്തപുരം,കൊല്ലം ജില്ലകളിലെ തകർത്ത് തരിപ്പണമാക്കി മുന്നേറുമെന്ന് പ്രവചിക്കപ്പെട്ട ഹിമസാഗർ ടോർണാഡോ  അറബിക്കടലിന്റെ ആഴങ്ങളെ തൊട്ട് ശാന്തനായി കടന്നുപോകുന്നു. ശാന്തനായി എന്നത് ആലങ്കാരികമായി പറഞ്ഞതാണ്.അവൻ ഒരു സുനാമി കണക്കെ ആയിരിക്കും കടന്നുപോവുക. എന്നാലും തിരുവനന്തപുരവും കൊല്ലവും രക്ഷപ്പെട്ടതിന്റെ ആശ്വാസമാണെങ്ങും. കണ്ണിൽ കൊള്ളേണ്ടത് പുരികത്തിൽ  കൊണ്ടുപോയി. ലക്ഷക്കണക്കിന് ആളുകളെയാണ് ഒറ്റദിവസംകൊണ്ട് ഗവൺമെന്റ് ഒഴിപ്പിച്ചത്. ആലപ്പുഴയിലും അതിന്റെ അനുരണനങ്ങൾ ഉണ്ടാവുമെന്നാണ് അറിയിച്ചിരുന്നത്.രാവിലെ മുതൽ ടിവിയിൽ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ  നൂറുകൂട്ടം നിർദ്ദേശങ്ങളാണ് വന്നുകൊണ്ടിരുന്നത്. ഉപ്പുതൊട്ട് മെഴുകുതിരി വരെ കരുതി വെച്ചു. ഭക്ഷണം വെള്ളം എന്നിവ രണ്ട് ദിവസത്തേക്ക് കരുതാനാണ് ഗവൺമെന്റ് പറഞ്ഞതെങ്കിലും ഒരാഴ്ചയ്ക്ക് ഉള്ളത് മിക്കവരും കരുതി. ബുദ്ധി കൂടിയ ചിലർ ഒരുമാസത്തേക്ക് ഉള്ളതും കരുതി വച്ചു.അപ്പോഴാണ് ഉച്ചയ്ക്ക് 12 മണിയോടുകൂടി ആ ന്യൂസ് പ്രത്യക്ഷപ്പെട്ടത്. ടൊർണാഡോ വീശുന്നില്ല അത് അറബിക്കടലിൽ കൂടി ശൂന്നങ്ങട് പോകും. പക്ഷേ അതിശക്തമായ ഹിമക്കാറ്റ് വീശും. ചാനലുകളിൽ ഫ്ലാഷ് ന്യൂസ് തുരുതുരെ വന്നു. ഹിമക്കാറ്റ് വന്നാൽ ചെയ്യേണ്ടതെന്ത്? ചാനൽ ചർച്ചകളിൽ പക്ഷേ മ്ലാനത പരന്നു. ഏറെ കൊട്ടിഘോഷിച്ച ടൊർണാഡോയ്ക്ക് പകരം ഹിമ കാറ്റോ? ഇതെന്താ വല്ലഅന്റാർട്ടിക്കയുമാണോ ഹിമക്കാറ്റ് വീശാൻ?

 അമേരിക്ക, ഉൾപ്പെട്ട കാലാവസ്ഥ ഏജൻസികളുടെപോലും പ്രവചനങ്ങൾ തെറ്റിപ്പോകുന്നു.എന്താണ് ഈ മാറ്റങ്ങൾക്കു പിന്നിൽ? സോഷ്യൽമീഡിയ പിന്നെ ഹിമ കാറ്റിനെ ഏറ്റെടുത്തു. ഹെയിൽ സ്റ്റോം ,ആലിപ്പഴം, കല്ലുമഴ,തുടങ്ങി സുനാമി വരെ സോഷ്യൽ മീഡിയകളിൽ പ്രവചിക്കപ്പെട്ടു.

എന്നാൽ മണിക്കൂറുകൾക്കകം വീശാൻ ഇരിക്കുന്ന ഹിമ കാറ്റിനെ പ്രതിരോധിക്കുന്നത് എങ്ങനെ എന്നറിയാതെ ഗവൺമെന്റ് കുഴങ്ങി. കാലാവസ്ഥാ നിരീക്ഷകർക്കും വ്യക്തമായി ഒന്നും പറയാൻ സാധിച്ചില്ല.

    ടിവിയിൽ കണ്ട വെളുത്ത പാലുമിട്ടായി പോലെ ആകാശത്തു നിന്നും ഇറങ്ങി വന്ന ടോർണാഡോയുടെ ചിത്രം എന്നെ അതിശയിപ്പിച്ചു. ആലപ്പുഴ ബീച്ചിൽ നിന്നും ആരോ മൊബൈലിൽ പകർത്തി ചാനലുകാർക്ക് അയച്ചു കൊടുത്തതാണ്. ഞാൻ വേഗം ടെറസിലേക്ക് ഓടി.ദൂരെ വെള്ള വര ആകാശത്തുനിന്നും താഴോട്ട് ഇറങ്ങുന്നു.പക്ഷേ ചോർപ്പ് പോലെയുള്ള തല കാണാനില്ല.  ഞാൻ അമ്മയെ വിളിച്ചു കാണിച്ചുകൊടുത്തു. അമ്മയ്ക്ക് പേടിയായി. താഴേക്ക് പോകുവാൻ അമ്മ നിർബന്ധിച്ചുകൊണ്ടിരുന്നു വല്ലാത്ത ഒരു അന്തരീക്ഷമായിരുന്നു സമയം രണ്ട് ആയതേയുള്ളായിരുന്നവെങ്കിലും ആറു മണിയായ പോലെ തോന്നിച്ചു. ഇരുളടഞ്ഞ തണുത്ത അന്തരീക്ഷം. ഒരിലപോലും പക്ഷേ അനങ്ങുന്നില്ല. കാറ്റിന്റെ യാതൊരു ലക്ഷണവുമില്ല. പണ്ട് സുനാമിയടിച്ചദിവസവും ഇതേ അന്തരീക്ഷമായിരുന്നുവെന്ന് അമ്മ പറഞ്ഞു.

        ഞാൻ വീണ്ടും ടിവിയുടെ മുന്നിൽ എത്തി.  എ ബി സി ന്യൂസ് ചാനലിൽ എസ് കെ സാർ ഹിമ കാറ്റിന്റെ റൂട്ട് മാപ്പ്… സോറി രേഖാ ചിത്രം വരച്ചു ചേർക്കുന്നു.

 “പ്രിയപ്പെട്ട പ്രേക്ഷകരെ നിങ്ങൾക്കും ഈ യജ്ഞത്തിൽ പങ്കാളികളാകാം.നിങ്ങൾ കാണുന്ന കാറ്റ്,മഴ, എന്തുമാകട്ടെ,അതിനൊരു പ്രത്യേകത ഉണ്ടെന്നു തോന്നിയാൽ മൊബൈലിൽ പകർത്തി ഞങ്ങൾക്ക് വാട്സ്ആപ്പ് ചെയ്യുക.വേണ്ടിവന്നാൽ ഞങ്ങളത് പ്രക്ഷേപണം ചെയ്യും.തന്റെ സ്വതസിദ്ധമായ ചിരിയോടെ  സർ കൂട്ടിച്ചേർത്തു. വേണ്ടിവന്നാൽ…..” “അതുമാത്രമല്ല കേട്ടോ ഈ മഞ്ഞുകാലം നിങ്ങൾ എങ്ങനെ അഭിമുഖീകരിച്ചു എന്ന ഡയറി കുറിപ്പുകളും തയ്യാറാക്കാം.”

 ഇപ്പോൾ മനസ്സിലായോ ഇത്രയും നീണ്ട ആമുഖം എന്തിനായിരുന്നു എന്ന്?  ഇന്നു മുതൽ ഞാൻ എഴുതി തുടങ്ങുകയാണ്. മഞ്ഞുകാലം നോറ്റ കുതിര യുടെ….. സോറി.. മഞ്ഞുകാലം നേരിടാൻ പോകുന്ന പെണ്ണിന്റെ കഥ.

   ടിവി കാണുന്നതിനിടയിൽ മൂന്ന് തവണ കറണ്ട് പോയി.ആ സമയത്ത് ഞാനും അമ്മയും ഞങ്ങൾ നടത്തിയ മുന്നൊരുക്കങ്ങൾ പരിശോധിച്ചു.

1. ഒരു ഡ്രം നിറയെ വെള്ളം പിടിച്ചു വെച്ചു.രണ്ട് ടാങ്കുകളിലും പിന്നെ കിട്ടിയ ബക്കറ്റുകളിലും പാത്രങ്ങളിലും ഒക്കെ വെള്ളം നിറച്ചു.വളരെ കുറച്ച് വെള്ളം മാത്രമേ ഉപയോഗിക്കാവൂ എന്ന് തീർച്ചപ്പെടുത്തി.

2. ഇൻവെർട്ടർ ബൾബുകൾ,പവർ ബാങ്ക്, റേഡിയോ എന്നിവ ചാർജ് ചെയ്തു വച്ചു. വീട്ടിൽ സോളാറോ ഇൻവെർട്ടറോ ഇല്ലാത്തതിനാൽ തുടർച്ചയായി കറണ്ട് പോയാൽ പ്രശ്നമാകും എന്ന് ഉറപ്പ്. മെഴുകുതിരികൾ, തീപ്പെട്ടി,ലൈറ്റർ, ബിസ്ക്കറ്റുകൾ തുടങ്ങിയവ വാങ്ങിവെച്ചു.പരസ്യം കണ്ടപ്പോഴാണ് ഓർത്തത് സാനിറ്ററി നാപ്കിൻ ഇല്ല എന്നത് . ഓടിപ്പോയി അതും വാങ്ങിച്ചു. ഓണം കഴിഞ്ഞതിനാൽ അരിയും പല ചരക്കും ആവശ്യത്തിന്  സ്റ്റോക്കുണ്ട്. വേണമെങ്കിൽ രണ്ടുമാസം വരെ ഞങ്ങൾക്ക് കഞ്ഞികുടിച്ചു കഴിയാം.

3. വിക്സ്, പാരസെറ്റമോൾ ബെറ്റാഡിൻ ഡെറ്റോൾ പ്ലാസ്റ്റർ മുതലായ മെഡിക്കൽ ഐറ്റംസും കരുതി.സത്യം പറഞ്ഞാൽ എനിക്ക് എന്നെക്കുറിച്ച് അഭിമാനം തോന്നി. എന്തെല്ലാം കാര്യങ്ങളാണ് ഞാൻ ഉത്തരവാദിത്വത്തോടെ ചെയ്തു തീർക്കുന്നത്.

 5 മണിക്ക് വീണ്ടും കറണ്ട് പോയി. പുറത്ത് ചെറുതായി കാറ്റ് അടിക്കുന്നുണ്ട്.ഞങ്ങൾ ജനാലകളും വാതിലുകളും ഭദ്രമായി അടച്ചു കുറ്റിയിട്ടു.  ഞാൻടെറസിലേക്ക് ചെന്നു. ചെറുതായി വീശുന്ന കാറ്റിന് നല്ല കുളിര്.സൂര്യന്റെ ഏതാനും ചില മഞ്ഞകിരണങ്ങൾ പുറത്തുവന്നു. അന്തരീക്ഷമാകെ പൊന്നു പൂശിയത് പോലെ. പടിഞ്ഞാറൻ മാനത്ത് മഴവില്ല് വിരിയാൻ സാധ്യതയുണ്ട് ഒരു നേർത്ത നീല നിറം ആകാശച്ചെരുവിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങി കിളികൾ പറക്കുന്നു. സാധാരണ വൈകുന്നേരം കിഴക്കോട്ട് പറക്കുകയാണ് പതിവ്. ഇപ്പോൾ കാക്കയും പരുന്തും വാനമ്പാടിയും എല്ലാം കൂട്ടമായി വടക്കോട്ട് പറക്കുന്നു. നോക്കിനിൽക്കേ പക്ഷികൾ കൂടി കൂടി വന്നു. ഒരായിരം പക്ഷികൾ. ആ കൂട്ട പാലായനം ഞാൻ മൊബൈലിൽ പകർത്തി. പ്രകൃതിയുടെ ചലനങ്ങൾ ആദ്യം മനസ്സിലാക്കുന്നത് പക്ഷികളും മൃഗങ്ങളും ആണ്.ഞാൻ ചെവിയോർത്തു. എവിടെയെങ്കിലും പട്ടി കുരയ്ക്കുന്നുണ്ടോ?പശു കരയുന്നു ഉണ്ടോ? ഇല്ല… എലികൾ മാളം വിട്ട് പുറത്തേക്ക് ഓടുന്നുണ്ടോ? ഇല്ല….

       കുളിരുള്ള കാറ്റിൽ ടെറസിൽ നിൽക്കുമ്പോൾ മൂന്നാറിലെ ഏതോ മലമുകളിൽ നിൽക്കുന്ന പോലെ തോന്നി.മഴവില്ല് ഇപ്പോൾ വ്യക്തമായി കാണാം.അതിനുതാഴെ തിളങ്ങുന്ന നിറങ്ങളുടെ ഒരു സാഗരം.നീല,പച്ച, മഞ്ഞ,ചുവപ്പ്… എന്തെല്ലാം നിറങ്ങൾ! ആരോ കോരിയൊഴിച്ച പോലെ.

 ഞാനാ നിറക്കൂട്ടുകൾ മൊബൈലിൽ പകർത്താൻ ശ്രമിച്ചു. പക്ഷേ ആ വർണ്ണ ചാതുരി യുടെ ഏഴയലത്തുപോലും എന്റെ മൊബൈൽ ക്യാമറ എത്തിയില്ല. കോപ്പർ സൾഫേറ്റ് കോരി ഒഴിച്ച പോലെ പോലെ ആകാശം. അതിൽ വർണ്ണങ്ങളുടെ മായാജാലം.എനിക്ക് ആർത്തു വിളിക്കുവാൻ  തോന്നി. ഇത്രയും മനോഹരദൃശ്യം ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. പകർത്തിയതെല്ലാം ഞാൻ എസ് കെ സാറിന് വാട്സ്ആപ്പ് ചെയ്തു. ന്യൂസ് നോക്കിയപ്പോഴാണ് ആകാശച്ചെരുവിലെ ദൃശ്യവിസ്മയം ടിവി ചാനലുകൾ മത്സരിച്ച് പ്രക്ഷേപണം ചെയ്യുന്നു.

 എനിക്ക് ചെറുതായി ചമ്മൽ തോന്നി.ഞാൻ മാത്രമല്ല മിക്കവാറും ആൾക്കാരൊക്കെ ഈ ആകാശവിസ്മയം കണ്ടുകഴിഞ്ഞു.

” ഇനി നമുക്ക് ആലപ്പുഴയിൽ നിന്നും അവന്തിക പകർത്തിയ ഒരു ദൃശ്യം കാണാം “കൃത്യം ആ സമയത്ത് തന്നെ കറണ്ട് വീണ്ടും പോയി. ഞാൻ മൊബൈലിൽ  ന്യൂസ് എടുത്തപ്പോഴേക്കും “നന്ദി അവന്തിക പ്രകൃതിയുടെ മാറ്റങ്ങൾ, പക്ഷികൾ തിരിച്ചറിഞ്ഞത് കാണിച്ചു തന്നതിന്” എസ് കെ സർ അടുത്ത ന്യൂസിലേക്ക് കടന്നു.പക്ഷേ എന്റെ മനസ്സ് അപ്പോഴും അത്ഭുതത്തിന്റെ എവറസ്റ്റിൽ ആയിരുന്നു. ഫോണിൽ ചാറ്റുകൾ തുരുതുരെ വന്നു. ചിലർ ആ വീഡിയോ ക്ലിപ്പ് ഇടുകയും ചെയ്തു.’സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യ ‘എന്ന അവസ്ഥയിലായിരുന്നു ഞാൻ. പുറത്ത് ചരൽ വീശി എറിയുന്ന പോലെ ശബ്ദം കേട്ടുതുടങ്ങി ഞാൻ വീണ്ടും ടെറസിലേക്കോടി. ഐ സിന്റെ ചെറുതരികൾ കാറ്റടിച്ചു പറക്കുന്നു. കൊള്ളുമ്പോൾ കല്ലെറിയുന്ന പോലെ വേദന.എന്നാലും കാണാൻ നല്ല ഭംഗിയുണ്ട്. ചിലതൊക്കെ പളുങ്ക് ഗോട്ടി പോലെ വലുതായിരുന്നു. വാഴയിലും പപ്പായ ഇലകളിലും ഒക്കെ വെളുത്ത മഞ്ഞു പറ്റിപ്പിടിച്ചു. വളരെ പതുക്കെയാണ് മഞ്ഞ് പെയ്തു കൊണ്ടിരുന്നത് എന്നാൽ കാറ്റുവീശി അടിക്കുമ്പോൾ വാഴയിലകളൊക്കെ കീറി പോകുന്നു. ഏതോ വികൃതി പിള്ളേർ കീറിയിട്ട പോലെ ഒടിഞ്ഞു തൂങ്ങുന്ന വാഴത്തണ്ടുകളും പപ്പായ തണ്ടുകളും. എനിക്ക് സങ്കടം വന്നു. അങ്ങനെ സെപ്റ്റംബർ 21ന്റെ ഹിമക്കാറ്റ് അവസാനിച്ചു. ബാക്കിയൊക്കെ നാളെ എഴുതാം എസ് കെ സർ ഗുഡ് നൈറ്റ്!

2027സെപ്റ്റംബർ 22 വ്യാഴം

 പ്രിയപ്പെട്ട എസ് കെ സാർ… ഇതെഴുതുവാൻ ഞാൻ ജീവനോടെയു ണ്ടെന്ന് എനിക്കിപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല.ഇന്നലെ ഹിമക്കാറ്റ് അവസാനിച്ചുവെന്ന് ഞാനെഴുതിയത് തെറ്റായിരുന്നു. അത് ആരംഭിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇന്നലെ തന്റെ വശ്യ  മനോഹാരിത കൊണ്ട് നമ്മളെ അതിശയിപ്പിച്ച പ്രകൃതി, പാതിരായോടടുത്തപ്പോൾ ഘോര രൂപിണിയായി ഉറഞ്ഞുതുള്ളി. ആരോ വലിയ പാറക്കല്ലുകൾ വീടിനു പുറത്തേക്ക്  ഉരുട്ടി ഇടുന്നതു  പോലെയാണ് തോന്നിയത്. അലറിവിളിച്ച് അമ്മയുടെ മുറിയിലേക്കോടിയതു  മാത്രമേ എനിക്ക് ഓർമയുള്ളൂ. ഇപ്പോൾ ഈ നിമിഷം വരെയും ഞങ്ങൾ ഭക്ഷണം കഴിച്ചിട്ടില്ല, വെള്ളം കുടിച്ചിട്ടില്ല എന്തിനധികം പറയുന്നു, അമ്മയുടെ മുറിവിട്ട്  പുറത്തേക്ക് ഇറങ്ങിയിട്ടില്ല.

 ഭയം സിരകളിൽ ആകെ ഒഴുകി നിറഞ്ഞിരിക്കുകയാണ് മഞ്ഞുപോലെ.!വിരലുകൾ വിറച്ചിട്ടു എഴുതാൻ കഴിയുന്നില്ല.നാളെ ജീവനോടേയുണ്ടെങ്കിൽ എഴുതാം.

2027 സെപ്റ്റംബർ 23 വെള്ളി

 എന്റെ അമ്മയ്ക്കുള്ളതിന്റെ ആയിരത്തിലൊരംശം ധൈര്യം പോലും എനിക്കില്ല സാർ. ഇന്നലെ വൈകുന്നേരത്തോടെ മഞ്ഞുവീഴ്ച കുറഞ്ഞെന്നു തോന്നുന്നു. ഞാനും അമ്മയും ജഗ്ഗിൽ ഉണ്ടായിരുന്ന വെള്ളം മാത്രമാണ് കഴിച്ചത്.ചായയുണ്ടാക്കാൻ പോലും മുറിയുടെ പുറത്തിറങ്ങുവാൻ ഭയമായിരുന്നു. പല്ലുതേക്കാൻ പോലും സമ്മതിക്കാതെ ഞാൻ അമ്മയെ കെട്ടിപ്പിടിച്ചിരുന്നു. കൈവിട്ടാൽ അമ്മ നഷ്ടപ്പെടുമോ എന്ന് ഞാൻ ഭയുന്നു.പക്ഷേ  അമ്മ എന്നെയും കൊണ്ട് അടുക്കളയിൽ പോയി ചൂടുവെള്ളം ഉണ്ടാക്കി.  പല്ലുതേച്ച ശേഷം വൈകുന്നേരം ആറുമണിക്ക് ഞങ്ങൾ കട്ടൻ ചായയും ബിസ്കറ്റും കഴിച്ചു. ഞങ്ങളുടെ അന്നത്തെ ഭക്ഷണം അത് മാത്രമായിരുന്നു. അമ്മ എന്റെ കൂടെത്തന്നെയിരുന്നു. വീടിന് വല്ല കേടുപാടും പറ്റിയിട്ടുണ്ടോ എന്ന് നോക്കണം എന്ന് അമ്മ പറഞ്ഞു. പക്ഷേ ആ മുറി ഒഴികെ മറ്റ് എവിടേക്കും പോകാൻ ഞാൻ സമ്മതിച്ചില്ല.മുറിയിൽ എമർജൻസി ലാമ്പ് തെളിച്ച് വെച്ചിരുന്നു. ഇനിയും കറന്റ് വന്നില്ലെങ്കിൽ അതും അണഞ്ഞു പോകും.പക്ഷേ അമ്മ അത് ഓഫ് ചെയ്തില്ല. അമ്മയെ കെട്ടിപ്പിടിച്ചു കിടന്നു ഞാൻ ഉറങ്ങിപ്പോയി. നേരം വെളുത്തെന്ന് തോന്നി. മുറിയിൽ അമ്മയില്ല.ഞാൻ ഉറക്കെ നിലവിളിച്ചു.  കഞ്ഞിയുണ്ടാക്കാൻ പോയതായിരുന്നു അമ്മ. അമ്മ പകർന്നു തന്ന കഞ്ഞിയും ധൈര്യവും എന്നെ ഉഷാറാക്കി. എന്നാലും ഒറ്റക്കിരിക്കുവാൻ എനിക്ക് കഴിഞ്ഞില്ല.ഒരു രണ്ടു വയസ്സുകാരിയെ പോലെ ഞാൻ അമ്മയുടെ സാരിത്തുമ്പിൽ പിടിച്ചു നടന്നു. ഉച്ചയ്ക്കും ഞങ്ങൾ കഞ്ഞി മാത്രമാണ് കുടിച്ചത്. വൈകുന്നേരം ചായയും ബിസ്ക്കറ്റും കഴിച്ചു. തണുപ്പകറ്റാൻ 3 ഉടുപ്പുകൾ ഒരുമിച്ച് ധരിച്ചു. കയ്യും കാലും പുതപ്പിനുള്ളിൽ ആക്കി മുഖം മാത്രം പുറത്തു കാണിച്ചു. ടിവിയും ഫോണും ഇല്ലാതെ ഗൂഗിൾ ഇല്ലാതെ അമ്മയെ മാത്രം ആശ്രയിച്ചു കൊണ്ട് ജീവിക്കാൻ കഴിയും എന്ന് എനിക്ക് മനസ്സിലായി. അമ്മയാണ് ദൈവം അമ്മ മാത്രമാണ് ദൈവം.

 2027 സെപ്റ്റംബർ 24 ശനി

 ഇന്ന് പ്രത്യേകിച്ച് വിശേഷങ്ങൾ ഒന്നുമില്ലാതെ കടന്നു പോയി. പുറത്ത് മഞ്ഞു കാറ്റ് വീശുന്ന ഇരമ്പൽ അല്ലാതെ മറ്റൊരു ശബ്ദവും കേൾക്കാനില്ല. ഞാനും അമ്മയും അവശേഷിച്ച പച്ചക്കറികളെല്ലാം ഉപയോഗിച്ച് തീർക്കുവാൻ ശ്രമിച്ചു.അതുകൊണ്ട് ഇന്ന് അവിയലും സാമ്പാറും പപ്പടവും എല്ലാം കൂട്ടി സദ്യ തന്നെ കഴിച്ചു. 

ഒരാഴ്ചയ്ക്കുള്ളിൽ എല്ലാം പഴയത് പോലെ ആകും എന്ന് പ്രതീക്ഷിക്കുന്നു.

 ബൈ എസ് കെ… ഗുഡ് നൈറ്റ്!!

2027  സെപ്റ്റംബർ 27 ചൊവ്വ

 ‘മാൻ പ്രൊപ്പോസ് ഗോഡ് ഡിസ് പോസസ്’ എന്ന ചൊല്ല് അന്വർഥമാക്കുന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ സംഭവങ്ങൾ. കാറ്റുപോയി എന്ന് വിചാരിച്ചിരുന്ന ഞങ്ങളുടെ കാറ്റ് പോകുന്ന രീതിയിലായിരുന്നു കാര്യങ്ങളുടെ പോക്ക്. ഹിമക്കാറ്റ് തുടങ്ങിയതിൽ പിന്നെ പേടിയും തണുപ്പും കൊണ്ട് ഞങ്ങൾ കുളിച്ചിരുന്നില്ല.ഞായറാഴ് ച  രാവിലെ അമ്മ വെള്ളം ചൂടാക്കി കുളിച്ചു.പിന്നെ ചെറുതായി തുടങ്ങിയ ചുമ വൈകുന്നേരമായപ്പോൾ ശ്വാസംമുട്ടലിന്റെ വക്കിലെത്തി. അപ്പോഴേക്കും കാറ്റ്  അതിശക്തമായി വീശുവാൻ  തുടങ്ങി. വീടിന് മുകളിലും ജനലുകളിലും ഒക്കെ എന്തൊക്കെയോ വന്നുവീഴുന്നുണ്ടായിരുന്നു. നിർഭാഗ്യവശാൽ ചുമയുടെ മരുന്ന് ഞങ്ങളുടെ കൈവശം ഉണ്ടായിരുന്നില്ല. കുറച്ച് കുരുമുളകും ചുക്കും പഞ്ചസാരയും കൂടി പൊടിച്ചു കൊടുത്തു നോക്കി. അത് ചെന്നപ്പോൾ ചുമയും ശ്വാസം മുട്ടലും ഒന്നുകൂടി വർദ്ധിച്ചു. ഞാൻ ഒരു പാരസെറ്റമോൾ  അമ്മയെ കൊണ്ട് കഴിപ്പിച്ചു. ബികോം ബിരുദധാരിയായ എനിക്കത് എന്തിനാണെന്ന് അറിയില്ലെങ്കിലും പനിയും ചുമയുമായി എപ്പോൾ ആശുപത്രിയിൽ ചെന്നാലും കിട്ടുന്നതാണെന്ന്  അറിയാമായിരുന്നു. ആരെയെങ്കിലും വിളിക്കാം എന്ന് വിചാരിച്ചാൽ ഫോണിന് റേഞ്ച് ഇല്ല. ഹിമക്കാറ്റ് വീശി തുടങ്ങിയ അന്ന് ഫോണിലെ റെയിഞ്ച് പോയതാണ്. അയൽവക്കത്തുള്ള വരെ വിളിക്കാൻ വാതിൽ തുറന്ന് വീടിനു പുറത്തു പോകാൻ കഴിയുന്നില്ല. ജനാലക്ക് സമീപം നിന്ന് ഞാൻ ചേച്ചി, ചേട്ടാ,ഓടി വരണേ എന്നൊക്കെ വിളിച്ചു നോക്കി.നോ രക്ഷ. മുകളിൽ പോകാമെന്ന് വെച്ചാൽ തുറക്കാൻ പറ്റുന്നില്ല. ഞാൻ അമ്മയുടെ നെഞ്ചിൽ തടവുകയും ചൂടുവെള്ളം കൊടുക്കുകയും ചെയ്തു. മറ്റൊന്നും എനിക്ക് അറിയില്ലായിരുന്നു. ശ്വാസം മുട്ടുമ്പോൾ എന്ത് ചെയ്യണമെന്ന് ഗൂഗിളിനോട് ചോദിക്കാൻ പോലും നിവർത്തിയില്ല. എനിക്കോ അമ്മയ്ക്കോ ഇതിനു മുൻപ് ഇങ്ങനെ വന്നിട്ടുണ്ടായിരുന്നില്ല. അമ്മയുടെ അവസ്ഥ നിസ്സഹായയായി കണ്ടു നിൽക്കുവാൻ മാത്രമേ കഴിഞ്ഞുള്ളൂ. കരയുവാൻ പോലും ഞാൻ മറന്നു പോയി.എണീറ്റിരുന്ന   അമ്മ പൊടുന്നനെ കിടക്കയിലേക്ക് മറിയുകയും   കൃഷ്ണമണികൾ മേൽപ്പോട്ട് പോവുകയും ചെയ്തപ്പോൾ അമ്മ മരിച്ചു പോകുമെന്ന് ഞാൻ ഭയന്നു.അമ്മയെ മരണത്തിനു വിട്ടു കൊടുക്കാൻ എനിക്ക് പറ്റില്ലായിരുന്നു. എവിടുന്നോ വന്ന ധൈര്യത്തിൽ  പണ്ട് സ്കൂളിൽ പഠിച്ച പോലെ കൃത്രിമശ്വാസം കൊടുക്കുവാൻ തുടങ്ങി. എത്ര നേരമത് ചെയ്തുവെന്ന് എനിക്കറിയില്ല. അതുകൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോയെന്നും എനിക്ക് അറിയില്ലായിരുന്നു. എനിക്ക് എന്റെ അമ്മയെ വേണമായിരുന്നു. അതുകൊണ്ട് ഞാൻ എന്തൊക്കെയോ ചെയ്തു.  പരിസര ബോധം വന്നപ്പോൾ അമ്മ ശാന്തയായി ഉറങ്ങുന്നു. അമ്മയുടെ നെഞ്ചു് പതുക്കെ ഉയർന്നു താഴുന്നത് കണ്ടു. അമ്മയുടെ കൈകളിൽ ഉമ്മ വച്ചു കൊണ്ട് ഞാൻ കണ്ണുകളടച്ചു. അടഞ്ഞ കണ്ണുകളിൽ കൂടി കണ്ണുനീർ ധാരയായി ഒഴുകി. അമ്മയ്ക്ക് പിന്നെ ശ്വാസം മുട്ടൽ വന്നില്ലെങ്കിലും ചുമ ഇപ്പോഴുമുണ്ട്.ചുമ വരുമ്പോൾ ചൂടു വെള്ളം കുടിക്കും.ഞങ്ങളുടെ മുറ്റത്ത് ആടലോടകവും തുളസിയുംപനിക്കൂർക്കയുമൊക്കെയുണ്ട്. പക്ഷേ മഞ്ഞുമൂടിയ വാതിലുകൾ തുറന്ന് പുറത്തു പോകാൻ കഴിഞ്ഞില്ല. ജനാലകൾ തുറന്നാൽ പിന്നെ തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ലെങ്കിലോ എന്ന് വിചാരിച്ചതിനാൽ പുറത്തെ കാഴ്ചകളും ഞങ്ങൾക്ക് അന്യമായിരുന്നു. തന്നെയുമല്ല കാറ്റും മഞ്ഞുവീഴ്ചയും തുടർന്നാൽ വീട് തകർന്നു പോകുമോ എന്ന ഭയവും ഞങ്ങൾക്കുണ്ട്. ആരെങ്കിലും ഞങ്ങളെ രക്ഷിക്കാൻ വരുമോ, അയൽവക്കത്തുള്ളവർ സുരക്ഷിതരാണോ? ഞങ്ങളെപ്പോലെ അവരും വീടിനുള്ളിൽ സുരക്ഷിതരായിരിക്കും അല്ലേ എസ് കെ ?

 അങ്ങ് ഇപ്പോഴും ടി വി യിൽ വാർത്ത അവതരിപ്പിക്കുന്നുണ്ടാവും അല്ലേ? അങ്ങേക്ക് ഒന്നു സംഭവിക്കാതിരിക്കട്ടെ. ആർക്കും ഒന്നും പറ്റാതെ ഇരിക്കട്ടെ.

2027സെപ്റ്റംബർ 28 ബുധൻ

 ഇന്നും ശക്തിയായി തന്നെ കാറ്റ് വീശുന്നുണ്ട്.അമ്മയെ കൊണ്ട് ഞാൻ അധികം സംസാരിപ്പിക്കില്ല. നല്ലപോലെ പുതപ്പിച്ചു ബെഡ്ഡിൽ തന്നെ ചാരി കിടത്തും.ചൂടുള്ള ഭക്ഷണവും വെള്ളവും കൊടുത്തു.കഴിഞ്ഞ ദിവസത്തെ കുറിച്ച് ഓർക്കാനോ സംസാരിക്കാനോ ഞാൻ ഇഷ്ടപ്പെട്ടില്ല.മൊബൈലിൽ അമ്മയ്ക്കു ഇഷ്ടപ്പെട്ട പാട്ടുകൾ വച്ചുകൊടുത്തു. സിഗ്നൽ ഇല്ലാത്ത ഫോണിന് ചാർജ് എന്തിന്. അപ്പോഴാണ് അമ്മ റേഡിയോയുടെ കാര്യം ഓർമിപ്പിച്ചത്.ഞാൻ ആവേശത്തോടെ റേഡിയോ ഓണാക്കി നോക്കി.ഒന്നും കേൾക്കുന്നില്ല. വീടിന്റെ പല സ്ഥലത്ത് കൊണ്ടു വച്ചു നോക്കിയിട്ടും പൊട്ടലും ചീറ്റലും അല്ലാതെ യാതൊന്നും കേൾക്കുന്നില്ല.  അങ്ങനെ പുറംലോകത്തെ അറിയാനുള്ള ആ അവസരവും നഷ്ടപ്പെട്ടു. ഇവിടെ എനിക്ക് അമ്മയും അമ്മയ്ക്ക് ഞാനും മാത്രം. ചിലപ്പോൾ ഞങ്ങൾ ഇവിടെ കിടന്നു മരിച്ചു പോയേക്കാം. മരിക്കുമ്പോൾ ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് ആവണമെന്ന പ്രാർത്ഥന മാത്രം.

 2027സെപ്റ്റംബർ 29 വ്യാഴം

 തണുപ്പ് കൂടി വരുന്നു. വീടിനകത്തും ഏതാണ്ട് ഫ്രിഡ്ജിന്റെ അവസ്ഥ. പൈപ്പിലെ വെള്ളം ഞങ്ങൾ ഫ്ലഷ് ചെയ്യാൻ മാത്രമാണ് ഉപയോഗിക്കുന്നത്. പാത്രങ്ങളിലെ വെള്ളത്തിന് ഐസിന്റെ തണുപ്പ്.വീടിനുള്ളിൽ ഞങ്ങൾ ചെരിപ്പിട്ട് ആണ് നടക്കുന്നത്.കഴിവതും തണുപ്പടിക്കാതെ, അസുഖമൊന്നും വരാതെ സൂക്ഷിക്കുന്നു.പുസ്തകങ്ങൾ വായിച്ച് സമയം നീക്കുന്നു. രാത്രി നേരത്തെ കിടന്നുറങ്ങും. മഞ്ഞുകാലം എപ്പോൾ തീരുമെന്നോ അഭയമെന്ന് ഞങ്ങൾ കരുതുന്ന ഈ വീട്ടിൽ നിന്ന് എപ്പോൾ പുറത്തിറങ്ങാൻ പറ്റുമെന്നോ എനിക്കറിയില്ല.

 2027ഒക്ടോബർ 1, ശനി

 ഒന്നും എഴുതാനില്ലാത്തതുകൊണ്ടാണ് ഇന്നലെ എഴുതാതിരുന്നത്.ഇന്നും ഒന്നുമില്ല.സെപ്റ്റംബർ മാസം കഴിഞ്ഞു പോയി. ഡയറി എഴുതുന്നത് കൊണ്ട് മാത്രമാണ് അത് മനസ്സിലാക്കാൻ കഴിയുന്നത്.സൂര്യനെ കണ്ടിട്ട് 10 ദിവസമായി. പകൽ പോലും വീടിനുള്ളിൽ ഇരുട്ടാണ്. ഇപ്പോൾ ആ ഇരുട്ട് കുറേശ്ശെ ആയി ഞങ്ങളുടെ മനസ്സിലും കയറി തുടങ്ങിയിരിക്കുന്നു. ഇവിടെ നിന്നും രക്ഷപ്പെടുവാൻ കഴിയുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടു. എങ്കിലും ഞങ്ങളത് പരസ്പരം പറയാതെ മനസ്സിലൊളിപ്പിക്കുന്നു. ചിരിക്കുവാൻ ഞങ്ങൾ മറന്നുപോയിരിക്കുന്നു.

 2027ഒക്ടോബർ 2 ഞായർ

 ഇന്ന് ഗാന്ധിജയന്തി ദിനമാണ്. സ്കൂളിൽ പഠിക്കുമ്പോൾ 10ദിവസം സേവനവാരം ആയിരുന്നു. ഞങ്ങളും ഇന്ന് കുറച്ച് ജോലികളൊക്കെ ചെയ്തു. പുസ്തകങ്ങളും പ്രമാണങ്ങളുമൊക്കെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് വെള്ളം കയറിയാൽ പോലും നനയാത്ത രീതിയിൽ ഭദ്രമായി സീൽ ചെയ്തു. ഡ്രസ്സുകളും പൊതിഞ്ഞു ഭദ്രമാക്കി. എനിക്കുംഅമ്മയ്ക്കും വേണ്ട  സാധനങ്ങളൊക്കെ ഒരു വലിയ ബാഗിൽ പാക്ക് ചെയ്തു വച്ചു.ഒത്തിരി സ്നേഹിച്ച ഈ വീട്ടിൽനിന്ന് പോകേണ്ടിവരുമെന്ന് ഉറപ്പായിരുന്നു. അത് എപ്പോഴെന്നോ എങ്ങനെയെന്നോ ഞങ്ങൾക്കറിയുമായിരുന്നില്ലെന്ന് മാത്രം!

 2027ഒക്ടോബർ 3  തിങ്കൾ

 കൂനിന്മേൽ കുരു എന്ന പോലെ  വീട്ടിൽ ഫ്ലഷുകൾ പ്രവർത്തിക്കാതെ ആയി. പുറത്തെ ടാങ്കിലെ വെള്ളം ഐസായിക്കാണും. പാത്രത്തിലെ വെള്ളം ഫ്ലാഷ് ടാങ്കിലൊഴിച്ചാണ്  ഞങ്ങൾ ഫ്ലാഷ് ചെയ്യുന്നത്. കരുതിവെച്ച വെള്ളം തീരാറായിയെന്നതും ഞങ്ങളെ വിഷമിപ്പിക്കുന്നു. നാളെ ദുർഗ്ഗാഷ്ടമിയാണ്. പുസ്തകം പൂജ വയ്ക്കണം.ഞാൻ ഈ ഡയറിയും പേനയും പൂജ വയ്ക്കും.നാളെ ഡയറി പൂജവയ്ക്കുന്നതിനാൽ ഇനി അഞ്ചാം തീയതിയെ ഞാൻ എഴുതു. അതു വരേയ്ക്കും വണക്കം. എസ് കെ 🙏

2027ഒക്ടോബർ 5 ബുധൻ

 ഇന്ന് വിജയദശമി. പൂജ വച്ച ഡയറിയും പേനയും കൊണ്ട് നിറയെ വിശേഷങ്ങൾ പങ്കുവയ്ക്കുവാൻ ഉണ്ട്. അതിജീവനത്തിന്റെ വിശേഷങ്ങൾ.ശേഖരിച്ചുവച്ചവെള്ളം തീർന്നു. പൈപ്പിൽ വെള്ളമില്ല. മഞ്ഞു കോരി കൊണ്ടുവന്ന് ചൂടാക്കി വെള്ളം ആക്കാമെന്ന് കരുതി.താഴത്തെ വാതിലുകൾ തുറക്കാൻ പറ്റുന്നില്ല.അഥവാ തുറന്നാൽ തന്നെ തിരിച്ചടക്കാൻ പറ്റില്ല. അതുകൊണ്ട് ഞങ്ങൾ സുരക്ഷിതമായ മറ്റു വഴിതേടി. ടെറസിലെ വാതിൽ  എങ്ങനെയെങ്കിലും തുറക്കാമെന്ന് തീരുമാനിച്ചു. വളരെ പ്രയാസപ്പെട്ട് അത് തുറന്നു. ഞെട്ടിപ്പിക്കുന്ന കാഴ്ചകളാണവിടെ കാത്തിരുന്നത്. മേൽക്കൂരയുടെ ഷീറ്റുകൾ പകുതിയിലേറെയും പറന്നു പോയിരിക്കുന്നു. താഴോട്ട് പതിച്ച മേൽക്കൂരയുടെ  ഒരുവശം മഞ്ഞു വീഴാതെ ടെറസിലെ വാതിലിനെ സംരക്ഷിച്ചു. മഞ്ഞ് കൂന പോലെ പലയിടങ്ങളിലും കട്ട പിടിച്ചിരിക്കുന്നു.  മുറ്റത്തെങ്ങും ഒരു മരമോ ചെടിയോ അവശേഷിച്ചിട്ടില്ല.എല്ലാം തകർന്നടിഞ്ഞിരിക്കുന്നു. ഒരു പച്ചപ്പ് എങ്ങും കാണാനില്ല. തെങ്ങ് പോലും നിലം പറ്റിയിരിക്കുന്നു. അടുത്തുള്ള വീടുകളെല്ലാം മഞ്ഞിൽ മൂടപ്പെട്ടിരുന്നു.  രസകരമായ ഒരു കാര്യം എല്ലാ വീടുകളുടെയും മതിലുകൾ തകർന്നടിഞ്ഞിരുന്നു. മനുഷ്യൻ ഇങ്ങനെ മതിലുകളാൽ വേർപിരിയുന്നത് പ്രകൃതിക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ല. ഇത്രയൊക്കെ തകർന്നിട്ടും ദൈവം നമ്മളെ  ബാക്കിവെച്ചല്ലോ. ദൈവത്തിനു നന്ദി. അമ്മ ദൈവത്തെ സ്തുതിച്ചു. “ഇതെല്ലാം ഇങ്ങനെ തകർത്ത് കളഞ്ഞതിനും

ദൈവത്തിന് നന്ദി പറയേണ്ട അമ്മേ?

 “അങ്ങനെ അല്ല മോളേ കഴിഞ്ഞ ജന്മത്തിൽ ചെയ്ത പാപങ്ങളുടെ ഫലം ആയിരിക്കും  നമ്മൾ ഇപ്പോൾ അനുഭവിക്കുന്നത്.” “അമ്മേ പത്താം ക്ലാസ് പരീക്ഷയുടെ റിസൾട്ട് പിജിക്ക്‌ കിട്ടുന്ന പോലത്തെ ഏർപ്പാടല്ലേ അത്?

വെള്ളം ഇല്ലാത്തപ്പോൾ പിരീഡ്സ് ആയതിന്റെ കാലുഷ്യവും എന്റെ വാക്കുകളിൽ നിറഞ്ഞു.ഇതൊന്നും ദൈവം വരുത്തി വയ്ക്കുന്നതല്ല.മനുഷ്യന്റെ തന്നെ ചെയ്തികളുടെ ഫലം.ചൈനയും അമേരിക്കയും ഉൾപ്പെടുന്ന വികസിതരാജ്യങ്ങൾ അന്തരീക്ഷത്തിലേക്ക് തള്ളി വിടുന്ന കാർബൺ സൃഷ്ടിക്കുന്ന ആഗോളതാപനം കാലാവസ്ഥയെ തകിടം മറിക്കുന്നു.അതനുഭവിക്കാൻ ഈ കൊച്ചുകേരളത്തിലെ നമ്മളെപ്പോലുള്ള പാവങ്ങളും. അമ്മ അയൽക്കാരുടെ പേരുചൊല്ലി വിളിച്ചു. എങ്ങുനിന്നും ഒരു പ്രതികരണവും ഉണ്ടായില്ല. ജീവന്റെ ഒരു കണിക പോലും എങ്ങും കാണാനുണ്ടായിരുന്നില്ല. ഒരു കാക്കയുടെയോ തവളയുടെയോ കരച്ചിൽ കേൾക്കാൻ ഞാൻ കൊതിച്ചു. കാറ്റിന്റെ ഇരമ്പൽ മാത്രം  ചെവികളിൽ. മഞ്ഞുവീഴ്ച കൂടും മുമ്പേ ബക്കറ്റുകളിൽ മഞ്ഞു നിറച്ച് ഞങ്ങൾ മടങ്ങി.

 2027ഒക്ടോബർ 6 വ്യാഴം

 ഞങ്ങൾ കൂടുതൽ കൂടുതൽ ദുരിതങ്ങളിലേക്കാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. മഞ്ഞു ചൂടാക്കിയാണ് എല്ലാത്തിനും വെള്ളം ഉണ്ടാക്കുന്നത്. ഇങ്ങനെ പോയാൽ ഞങ്ങളുടെ ഗ്യാസും എളുപ്പം തീർന്നു പോകും. എനിക്കാണെങ്കിൽ നല്ല ബ്ലീഡിങ്ങും. ഫ്ലഷ് ചെയ്യാൻ തന്നെ ഒത്തിരി വെള്ളം വേണം. ഞങ്ങൾ ഒരു സൂത്രം കണ്ടുപിടിച്ചു. വല്യമ്മയ്ക്ക് സർജറി കഴിഞ്ഞപ്പോൾ ഉപയോഗിച്ചിരുന്ന ബെഡ് പാൻ എടുത്ത് അതിൽ മൂത്രമൊഴിച്ചു. മുകളിൽ കൊണ്ടുചെന്ന് താഴോട്ട് ഒഴിച്ചു. പുറത്ത് പറയാൻ പറ്റാത്ത കാര്യങ്ങളാണെങ്കിലും ഞങ്ങൾക്ക് ഇതൊക്കെ ചെയ്യാതെ നിവർത്തിയില്ല. ഓരോ പ്രാവശ്യവും മുകളിൽ പോകുമ്പോൾ ഉച്ചത്തിൽ വിളിച്ചു കൂവും ആരും ഇതുവരെ വിളി കേട്ടില്ല. ചുരുക്കിപ്പറഞ്ഞാൽ ഒരു പട്ടി പോലും ആ പരിസരത്ത് ഉണ്ടായിരുന്നില്ല. ഒരുപക്ഷേ വെള്ളം തീരുമ്പോൾ അയൽക്കാർ പുറത്തേക്ക് വന്നേക്കാം. അതോ അവരൊക്കെ മുന്നേ തന്നെ അവിടുന്ന് രക്ഷപെട്ടു കാണുമോ.

2027 ഒക്ടോബർ10 തിങ്കൾ

 കഴിഞ്ഞ നാല് ദിവസങ്ങൾ എങ്ങനെയാണ് കഴിച്ചുകൂട്ടിയതെന്നോർക്കുമ്പോൾ അമ്മയുടെ ഭാഷയിൽ പറഞ്ഞാൽ ‘ദൈവം താഴെ വരും’ ദുരിതം പിടിച്ച നാളുകൾ .ജീവിതം തന്നെ വെറുത്തുപോയി. വെള്ളമില്ല . ഫ്ലഷ് ചെയ്യാൻ നിവൃത്തിയില്ല. സാനിറ്ററി പാഡുകൾ തീർന്നു.തുണി കഴുകി ഉണക്കാൻ മാർഗ്ഗമില്ല.തണുപ്പ് കൊണ്ടോ ടെൻഷൻ കൊണ്ടോ ആവാം എനിക്ക് ഇത്രയധികം ബ്ലീഡിങ് ഉണ്ടായത്.ഇനി ഒരു ജന്മം ഉണ്ടെങ്കിൽ അന്ന് ആണായി ജനിക്കണം. മാസംതോറുമുള്ള ഈ കഷ്ടപ്പാട് വേണ്ടല്ലോ? ഇത്രയും ദിവസം അമ്മ തന്നെയാണ് മഞ്ഞു എടുക്കുവാൻ മുകളിൽ പോയത്. അമ്മയ്ക്ക് വീണ്ടും ശ്വാസംമുട്ട് വരുമോയെന്ന് ഞാൻ ഭയന്നു. എന്നാൽ അമ്മ എന്നെ അനങ്ങാൻ സമ്മതിച്ചില്ല. കോവിഡ്-19 കാലത്ത്കൊറന്റൈനിലിരുന്ന് ആൾക്കാരനുഭവിച്ച വേദനയുടെ ആഴം എനിക്കിപ്പോൾ മനസ്സിലാവുന്നു. ജീവനുള്ള ഒന്നിനെയും കാണാൻ കിട്ടാത്ത അവസ്ഥ.  ഡൈനിങ് ടേബിളിൽ ഒരു പല്ലിയെ കണ്ടപ്പോൾ

 ‘ഹായ് പല്ലി സുഖമാണോ’ എന്ന്  ചോദിച്ചു പോയി. എനിക്ക് ഏറ്റവും അറപ്പുള്ള ജീവിയായിരുന്നു പല്ലി. ഞാൻ അതിന് കുറച്ച് പഞ്ചസാര തരികൾ വിതറിയിട്ട് കൊടുത്തു. ചെറിയ നാക്ക് നീട്ടി അത് പഞ്ചസാര തിന്നുന്നത് കാണാൻ രസമുണ്ട്. വേറെ എന്തൊക്കെയാണ് അത് ഭക്ഷിക്കുക എന്ന് ഞാൻ ആലോചിച്ചു.ടേബിളിൽ വീഴുന്ന ഭക്ഷണത്തരികൾ അത് കഴിക്കുന്നത് കണ്ടിട്ടുണ്ട്.ഇനി എല്ലാദിവസവും അതിനു ഭക്ഷണം കൊടുക്കണം. പല്ലിയുടെ സ്ഥാനത്ത് ഒരു എലിയോ പാറ്റയോ  വന്നാലും ഞാൻ ഇതൊക്കെ തന്നെ ചെയ്യുമായിരുന്നു. അത്രയ്ക്കുണ്ട് ഏകാന്തതയുടെ അസഹ്യത.

2027 ഒക്ടോബർ 11 ചൊവ്വ

 ഇന്ന് രാവിലെ തന്നെ മുറിയിലാകെ മഞ്ഞവെളിച്ചം പരന്നിട്ടുണ്ട് കാറ്റിന്റെ ശബ്ദമില്ല. മഞ്ഞുകാറ്റ് അവസാനിച്ചുവെന്ന് വിശ്വസിക്കുന്നില്ല. അങ്ങനെ വിചാരിച്ചപ്പോഴൊക്കെ പൂർവ്വാധികം ശക്തിയിൽ കാറ്റു വീശിയിട്ടുണ്ട്. ജനാലകളിൽ നിന്ന് മഞ്ഞ് തുള്ളികളായി താഴോട്ട് ഒഴുകി,ചിത്രം വരയ്ക്കുന്ന പോലെ. ഞാൻ മുകളിലേക്ക് പോയി. ഇന്ന് ആദ്യമായി ഞാൻ സൂര്യനെ കണ്ടു.സൂര്യ പ്രഭയിൽ മഞ്ഞുകണങ്ങൾ വെട്ടിത്തിളങ്ങുന്നു. മഞ്ഞു കൂനകൾക്കിടയിലെവിടെയോ നിന്ന് ഒരു കുഞ്ഞു പക്ഷിയുടെ പാട്ട് കേൾക്കുന്നു.പച്ചപ്പിന്റെ ഒരു കണികപോലും ഇല്ലാത്ത ഈ മഞ്ഞു കൂടാരത്തിൽ ഏത് പക്ഷി? തകർന്നടിഞ്ഞ മരങ്ങൾക്ക് മീതെ വീണ മഞ്ഞിൽനിന്നുയർന്നു നിന്ന ഒരു കുഞ്ഞു ചില്ലയിൽ ഒരു നീലക്കിളി. അത് പാടുകയായിരുന്നില്ല. ദീന ദീനം വിലപിക്കുകയാണ്. ഒരുപക്ഷേ അത് അതിന്റെ കൂട്ടുകാരനെയോ കൂട്ടുകാരിയേയോ തേടുകയാവാം. കിളി എന്റെ അടുത്തേക്ക് വന്നെങ്കിലെന്ന് ഞാൻ ആഗ്രഹിച്ചു. പക്ഷേ ഒരു അനക്കം കൊണ്ട് പോലും ഞാൻ അതിനെ ശല്യപ്പെ

ടുത്തിയില്ല. ഭംഗിയുള്ള കരിനീല കൊക്കും ചിറകും പിന്നെ അതിന്റെ കുഞ്ഞ് ശരീരവും മനോഹരമായ പാട്ടും, ഇന്നത്തെ ദിവസം പ്രകൃതി എനിക്ക് സമ്മാനിച്ചതാണ്. കിളി അവിടെ തന്നെ ഇരുന്നു  ഞാനും.

 2027ഒക്ടോബർ 12ബുധൻ

 ഇന്നും സൂര്യൻ ഉദിച്ചിട്ടുണ്ട്.എങ്കിലും മഞ്ഞുകണങ്ങൾ മഴപോലെ പെയ്യുന്നുണ്ട്. എല്ലാ ദിവസവും ഇതുപോലെ സൂര്യൻ വന്നാൽ മഞ്ഞെല്ലാം  ഉരുകി പോകും.ഞങ്ങൾക്ക് വാതിൽ തുറന്ന് പുറത്തിറങ്ങാം. മഞ്ഞു തുടങ്ങിയതിൽപ്പിന്നെ ആദ്യമായി ഞങ്ങൾ തുണികൾ കഴുകി വിരിച്ചു. വൈകുന്നേരം ഞാനും അമ്മയും ടെറസിൽ പോയിരുന്നു കട്ടൻ കാപ്പിയും കപ്പലണ്ടിയും കഴിച്ചു. അസ്തമയം കണ്ടു. കഥകൾ പറഞ്ഞു ചിരിച്ചു.ചിരിക്കാൻ കഴിയുന്നത് ഒരു മഹാഭാഗ്യം ആണെന്ന് എനിക്ക് തോന്നി. ചിരിച്ചപ്പോൾ കട്ടൻചായ നെറുകയിൽ കയറി. എന്റെ തലയിൽ തട്ടിക്കൊണ്ട് അമ്മ അപ്പോൾ അമ്മയുടെ സ്കൂൾ ജീവിതത്തെക്കുറിച്ച് പറയാൻ തുടങ്ങി.

 ഇപ്പോഴത്തെ നിങ്ങളുടെ തലമുറ ഭാഗ്യം ചെയ്തവരാണ് മോളെ! ആണിനും പെണ്ണിനും സ്വാതന്ത്ര്യത്തോടെ ജീവിക്കാമല്ലോ?

പക്ഷേ അമ്മേ അമ്മയുടെ തലമുറയ്ക്ക് കിട്ടിയിരുന്ന പലതും ഞങ്ങൾക്ക് നഷ്ടമായില്ലേ?

 കുട്ടിക്കാലത്ത് വെള്ളം വിലയ്ക്കുവാങ്ങുന്ന കാര്യം സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ല എന്ന് അമ്മ പറഞ്ഞിട്ടില്ലേ?

 ശരിയാണ് അന്ന്  ഇടവപ്പാതിയും തുലാവർഷവും ഒക്കെ കൃത്യമായി വരുമായിരുന്നു.

 അമ്മ ഓർമ്മകളിലേക്ക് ഊളിയിട്ടു

അന്നൊക്കെ ഞങ്ങൾ നടന്നാണ് സ്കൂളിൽ പോയിരുന്നത്.സ്കൂൾ തുറക്കുന്ന ദിവസം തന്നെ മഴയും തുടങ്ങും. വീട്ടിൽ നിന്ന് ഇറങ്ങിയാൽ പാടങ്ങളും ചിറകളും ഒക്കെ കടന്നു വേണം ഹൈവേയിൽ എത്താൻ. ഇടയ്ക്ക് വേറെ റോഡുകളില്ല. തോട് നീന്തു മ്പോൾ റബ്ബർ ചെരിപ്പുകൾ ഊരി പോകും. തോട് നീന്തിക്കയറി താമരപ്പൂവും പറിച്ചു, നെല്ലു പൂക്കുന്ന മണമുള്ള വഴികളിലൂടെ നടക്കുന്നത് എന്ത് രസമായിരുന്നു. ഈ തോടുകളിൽ കോലാച്ചിമീനും പരലും പള്ളത്തിയും ഒക്കെ കൂട്ടമായി കടന്നു പോകും. മുഖം കോല് പോലെ നീണ്ടിരിക്കുന്നതാണ് കോലാച്ചി മീൻ. പള്ളയ്ക്കു കറുത്ത പൊട്ടുള്ള മീനാണ് പള്ളത്തി. വെള്ളി പോലെ തിളങ്ങുന്ന മീനാണ് പരൽ. തോട്ടിലുള്ള പലതരം ചെടികൾക്കിടയിൽ ഇവ അങ്ങനെ കറങ്ങി നടക്കും. നീളമുള്ള ഇലകളുള്ള  ഭൂത ചെടി,ചുവന്ന ചെറിയ വട്ട ഇലകളുള്ള മാല ചെടി, അതൊന്നും ഇപ്പോൾ കാണാനില്ല. പാടവും തോടുമൊന്നും ഇപ്പോൾ ഇല്ലല്ലോ,പിന്നെങ്ങനെ കാണാനാണ്.  വേനൽ  കാലമാകുമ്പോൾ ഞങ്ങൾ പാടത്തുകൂടിയാവും സ്കൂളിൽ പോകുന്നത്. കൊയ്ത്തു കഴിഞ്ഞ പാടത്ത് കച്ചികട്ടകളെല്ലാം ചവിട്ടിമെതിച്ച് നീളത്തിൽ ഒരു വഴിയുണ്ടാക്കും. ആദ്യമൊക്കെ കാലിൽ ചെളി പറ്റും.പിന്നെ അത് കറുത്ത നീണ്ട ഒരു വഴിച്ചാൽ ആകും.  ഞങ്ങൾ കുറേപ്പേർ ഒരുമിച്ചാണ് പോകുന്നത്. കണ്ണിമാങ്ങ പെറുക്കിയും താമര ചാലിൽ ചെന്ന് താമര പറിച്ചും വെട്ടി കേറ്റി വച്ചിരിക്കുന്ന മട്ടലുകളിലെ തൂവെള്ള മണ്ണ് ഇടിച്ചു കളഞ്ഞുമൊക്കെയാണ്  യാത്ര.ഇതിന് ഞങ്ങൾ വഴക്കും കേൾക്കും. പാടവും  രണ്ട് മൂന്ന് വീടുകളും കഴിഞ്ഞാൽ നാലാം നമ്പർ കള്ളുഷാപ്പ്. ഷാപ്പിന്റെ മതിലിനു പുറത്ത് ഞണ്ടുകളുടെ വലിയ തോടുകൾ കൂട്ടിയിട്ടിരിക്കുന്നത് കാണാം. ഷാപ്പിന് അടുത്തെത്തുമ്പോൾ  ഒറ്റ ഓട്ടം വച്ചു കൊടുക്കും.  കുടിയൻ മാരെയും ചെത്തുകാരൻ മാരെയും എനിക്ക് പേടിയായിരുന്നു. നാഷണൽ ഹൈവേയിലൂടെ ഒരു കിലോമീറ്റർ നടന്നാൽ ചന്തയായി. ചന്തയ്ക്കപ്പുറം മതിലുകളില്ലാത്ത സ്കൂൾ.ട്യൂഷൻ സെന്ററിലെ കുട്ടികൾ ചന്ത പിള്ളേർ എന്ന് വിളിച്ച് ഞങ്ങളെ കളിയാക്കുമായിരുന്നു.

 അമ്മ ഓർമ്മകളുടെ തീരത്തായിരുന്നു. നേരം നല്ലപോലെ ഇരുട്ടിയിരുന്നു നല്ല തണുപ്പും എന്നാലും അമ്മയെ ഉണർത്തുവാൻ ഞാൻ ആഗ്രഹിച്ചില്ല

 ഒരു ദിവസം ഞാനും എന്റെ കൂട്ടുകാരിയും കൂടി ഒരു തടി പാലത്തിലൂടെ അപ്പുറം കടക്കാൻ ശ്രമിക്കുകയായിരുന്നു. കാറ്റിൽ  ചാഞ്ഞ ഒരു പറങ്കിമാവിന്റെ നിറയെ പൂത്തുലഞ്ഞ ഒരു കമ്പ് പാലത്തിനു കുറുകെ വീണു കിടപ്പുണ്ടായിരുന്നു. അതുകൊണ്ട് ഞാൻ അതിൽ നിന്ന് ഇറങ്ങി നടക്കാൻ തുടങ്ങി.

“നീ വേണേൽ പൊക്കോ ഞാൻ ഈ പാലത്തിൽ കൂടി തന്നെ പോകും” അവൾ വിളിച്ചു പറഞ്ഞു. ഞാൻ മുന്നോട്ടു കാൽ വച്ചതും അവൾ നേരെ എന്റെ മുന്നിൽ വന്നു പതിച്ചു. ഞാൻ അമ്പരന്നു നിൽക്കെ അവൾ പൊട്ടിച്ചിരിച്ചു. വീഴ്ച്ച എത്രകേമം ആണെങ്കിലും അത് ചിരിക്ക് ഹേതു ആയതുകൊണ്ട് ആ തോട്ടിലെ പഞ്ചാര മണ്ണിലിരുന്ന്  ഞങ്ങൾ മതിയാവോളം ചിരിച്ചു. അതുവഴി ആരും വരാതിരുന്നത് കൊണ്ട് ഞങ്ങൾക്ക് മനസ്സറിഞ്ഞു ചിരിക്കാൻ പറ്റി. പക്ഷേ വീട്ടിൽ ചെന്നപ്പോൾ അവൾക്ക് അമ്മയുടെ കയ്യിൽ നിന്ന് വേണ്ടുവോളം കിട്ടി. അവളുടെ ഒരു സ്വർണ്ണകാപ്പ് മൂന്നായി ഒടിഞ്ഞു പോയിരുന്നു. ശരീരവേദന കൊണ്ട് പിറ്റേന്ന് അവൾക്ക് സ്കൂളിൽ വരാനും സാധിച്ചില്ല.

 എനിക്ക് അവളെ കാണണം അമ്മ ഒരു നെടുവീർപ്പോടെ എണീറ്റു. ഫോൺ ഉണ്ടായിരുന്നുവെങ്കിൽ അമ്മ അപ്പോൾ തന്നെ കൂട്ടുകാരിയെ വിളിച്ചേനെ! അല്ലെങ്കിൽ  ആന്റി ഇങ്ങോട്ട് വിളിച്ചേനെ! അങ്ങനെയൊരു ആത്മബന്ധം അവർ തമ്മിലുണ്ട്.ആഗ്രഹിക്കുന്ന സമയം അവർക്ക് കാണാൻ ആകുമായിരുന്നു.

ഇരുട്ടിൽ തപ്പിത്തടഞ്ഞ് നിശബ്ദം ഞങ്ങൾ താഴോട്ടുള്ള പടികളിറങ്ങി.

2027 ഒക്ടോബർ 13  വ്യാഴം

 ഇന്നത്തെ ദിവസം മൂടി കെട്ടിയിരുന്നു.  മഞ്ഞുകാലം തുടങ്ങിയിട്ട് ഇന്നലെ മാത്രമാണ് സൂര്യനെ കണ്ടിട്ടുള്ളത്. പക്ഷേ ഇന്ന് മഞ്ഞുപെയ്യുന്നുണ്ടായിരുന്നില്ല. പക്ഷേ  വല്ലാത്ത തണുപ്പും കാറ്റും. അതുകൊണ്ട് പകൽ മുഴുവൻ പുതച്ചു മൂടി കിടന്നു പുസ്തകം വായിക്കുകയായിരുന്നു. പുറത്തേക്ക് പോകാൻ തോന്നിയില്ല. രാത്രി കിടക്കാൻ നേരത്ത് അമ്മ പറഞ്ഞു ആരോ വിളിച്ച പോലെ തോന്നിയതിനാൽ അമ്മ മുകളിൽ പോയി നോക്കിയെന്നും പക്ഷേ ആരെയും കാണാൻ കഴിഞ്ഞില്ലെന്നും

‘ എന്നിട്ട് എന്താ അമ്മ എന്നോട് പറയാഞ്ഞത് ‘ ചാടിയെണീറ്റ് കൊണ്ട് ഞാൻ ചോദിച്ചു.

‘നീ നല്ല ഉറക്കമായിരുന്നു ചിലപ്പോൾ എനിക്ക്

തോന്നിയതായിരിക്കും.’

‘ എന്നാലും അമ്മ എന്നെ വിളിക്കേണ്ടതായിരുന്നു.’

 പ്രത്യാശയുടെ ഒരു നേർത്ത കിരണം എന്നിലുണർന്നു.

2027 ഒൿടോബർ 14  വെള്ളി

ഇന്നും സൂര്യന്റെ മഞ്ഞവെളിച്ചമാണ് എന്നെ ഉണർത്തിയത്.ചായ കുടിക്കുമ്പോൾ ഇത് എന്തൊരു പ്രകൃതിയാണെന്ന് അമ്മ പരാതിപ്പെട്ടു. ഇന്നലെ നല്ല മഴക്കാറ്.ഇന്ന്  വെയിൽ. “മഴക്കാറോ”

 ഞാനത്ഭുതപ്പെട്ടു.

ഇന്നലെ നീ മുകളിൽ പോയില്ലല്ലോ. നല്ല ഗംഭീര മഴയുണ്ടാകും എന്നാണ് ഞാൻ കരുതിയത്.

‘ മഴ പെയ്യട്ടെ അമ്മേ നമ്മൾക്ക് വെള്ളം കിട്ടുമല്ലോ.’

  അങ്ങനെ പറഞ്ഞെങ്കിലും കാലാവസ്ഥയുടെ  ചാഞ്ചാട്ടത്തിൽ ഭയം തോന്നി.ഞാൻ പതിയെ മുകളിലേക്ക് പോയി. മഞ്ഞ സൂര്യനും വെട്ടിത്തിളങ്ങുന്ന മഞ്ഞും. നരച്ച ആകാശം. ദൂരെ ആരോ വിളിക്കുന്ന പോലെ.. ഞാൻ ചെവിയോർത്തു.വിളിക്കുന്നുണ്ട്. പക്ഷേ ഒത്തിരി ദൂരത്ത് മൈക്കിൽ കൂടിയാണത്. ഇങ്ങോട്ട് ആരെങ്കിലും വരുമോ? എന്റെ മനസ്സ് തുടികൊട്ടി. ഞാൻ അമ്മയെ വിളിച്ചു. ശബ്ദങ്ങൾ അടുത്ത് വന്നു. ഹലോ ആരെങ്കിലും കേൾക്കുന്നുണ്ടോ… കേൾക്കുന്നുണ്ടെങ്കിൽ മറുപടി തരണം.

” ഹേയ് ഞങ്ങൾ ഇവിടെയുണ്ട്… ഹലോ….ഹലോ….”

 ഞങ്ങൾ ആർത്തുവിളിച്ചു . ശബ്ദം കേട്ടുവെങ്കിലും ഞങ്ങൾക്ക് ആരെയും കാണാൻ സാധിച്ചില്ല. റോഡിന് എതിർവശത്തുള്ള ഭാഗത്തായിരുന്നു ഞങ്ങൾ നിന്നത്. എങ്കിലുമവർ ഞങ്ങളുടെ ശബ്ദം കേട്ടുവെന്ന് ഉറപ്പായി. ഒരു വണ്ടിയുടെ ശബ്ദം. തകർന്ന ഗേറ്റിനു മീതെ ഒരു ജെസിബിയുടെ തുമ്പിക്കൈ പ്രത്യക്ഷപ്പെട്ടു. ഒരു  പ്രത്യേക തരം ജെസിബി ആയിരുന്നു അത്. അതിന്റെ പേര് എനിക്കറിഞ്ഞുകൂടാ. അരുണും അച്ചുവും അതിലുണ്ടായിരുന്നു സന്തോഷത്തോടെ കൈവീശി അവർ മുറ്റത്തെത്തി.

“നാല് ദിവസമായി ഞങ്ങൾ വിളിച്ചുകൂവി നടക്കുന്നു. ഇന്നാണ് രണ്ടുപേരെ കിട്ടുന്നത്. അത്യാവശ്യ സാധനങ്ങൾ എടുത്ത് വേഗം റെഡി ആകണം. ഞങ്ങൾ റോഡിന്റെ അറ്റംവരെ ചെന്നിട്ട് തിരിച്ചു വരും”

 എങ്ങോട്ട് പോകും?

അമ്മ ചോദിച്ചു.

വലിയ മഴയാണ് വരുവാൻ പോകുന്നത്! അതിശക്തമായ കാറ്റും. ആലപ്പുഴ ജില്ല അതിജീവിക്കുമോയെന്നറിയില്ല! അതുകൊണ്ട് ജില്ല വിട്ടുപോകണം.

ഞാനും അമ്മയും പരസ്പരം ദൈന്യതയോടെ നോക്കി.

  “ഒന്നും ഓർത്ത് വിഷമിക്കേണ്ട നിങ്ങളെ ജീവനോടെ കിട്ടിയല്ലോ അത് തന്നെ വലിയ കാര്യം”

അയൽക്കാർ എവിടെ എന്ന ചോദ്യത്തിന് മിക്ക ആൾക്കാരും സെപ്റ്റംബർ 21 ന് തന്നെ സ്ഥലംവിട്ടു എന്നായിരുന്നു മറുപടി. താഴെ ഇറങ്ങാൻ എന്ത് വഴി എന്ന് ആലോചിച്ചപ്പോൾ അവർ പറഞ്ഞു.

“അതിനല്ലേ ഇവൻ. ഇതിന്റെ തുമ്പികൈയിൽ കയറി നിന്നാൽ മതി അവൻ എത്തേണ്ടിടത്ത് എത്തിച്ചോളും.”

മഞ്ഞിലൂടെ ടാങ്ക് പോലെ ചക്രങ്ങൾ ഉരുട്ടി യന്തിരൻ യാത്രയായി. ഞാനും അമ്മയും തയ്യാറാക്കി വച്ച ബാഗിലേക്ക് വീടിന്റെ പ്രമാണവും മറ്റും എടുത്തുവച്ചു. ഞങ്ങൾക്ക് സന്തോഷമുണ്ടായിരുന്നു സങ്കടവും.

 ഇനിയും ഞങ്ങളെ കാത്തിരിക്കുന്ന മഴയും കാറ്റും എങ്ങനെ അതിജീവിക്കുമെന്നത് ഞങ്ങൾക്ക് വിഷയമായിരുന്നില്ല. ഇവിടെനിന്ന് മനുഷ്യരുടെ ഇടയിലേക്ക് പോകണം അത് മാത്രം മതി. പ്രിയപ്പെട്ട എസ് കെ, ഞാൻ ഈ ഡയറിക്കുറിപ്പുകൾ ഇവിടെ അവസാനിപ്പിക്കുന്നു.

ഇത് ഭംഗിയായി സീൽ ചെയ്ത് ഞാനിവിടെ സൂക്ഷിച്ചുവെക്കും. എന്നെങ്കിലും ഇത് അങ്ങയുടെ കയ്യിൽ എത്തുമെന്ന പ്രതീക്ഷയോടെ.

അവന്തികയും അമ്മയും പോവുകയാണ്. മഞ്ഞുകാലവും കഴിഞ്ഞ് മഴയിലേക്ക്….

You can share this post!