ബുദ്ധന്റെ വെള്ളത്താമരകൾ-1

ഞാനറിയുന്ന സ്ത്രീകളെ എന്റേതായ രീതിയില്‍ കാണാന്‍ ശ്രമിക്കുകയാണ്.
  യശോധര ,  മണ്ഡോദരി , അഹല്യ , രാധ ,മീര ,
 മാഗ്ദലിന്‍ ,പാര്‍വതി . ആത്മീയവും  മനശാസ്ത്രപരവും 
ശാസ്ത്രീയവുമായ വീക്ഷണത്തിലൂടെ .

  

1 

യശോധര
______

തിരക്കൊഴിഞ്ഞ തടാകത്തിന്‍റെ
അടിത്തട്ടു കാണാകുന്ന നീലിമയില്‍ നിന്നും വിടരുന്നു ബുദ്ധന്‍റെ വെള്ളത്താമരകൾ 
മഹാകാശ്യപന്റെ ദീക്ഷാപൂര്‍ത്തിയെ അലങ്കരിച്ചവ
ആ വെള്ളത്താമരകള്‍ 
കാറ്റിന്‍റെ ഗതിക്കനുസരിച്ച് 
കാണുന്നവന്റെ കണ്ണിലേക്കു നടന്നു
കണ്ണില്‍ നിന്നും ഉള്ളിലേക്കുള്ള ആഴമളന്നു 
അവിടന്നത് ഹൃദയത്തിലേക്കും
ആ വെള്ളത്താമരകളില്‍ നിന്നും 
ധ്യാനത്തിന്‍റെ മഞ്ഞുത്തുള്ളികള്‍ 
ഇറ്റുവീണു കൊണ്ടേയിരുന്നു
ആ ഓരോ തുള്ളിയില്‍ നിന്നും 
വീണ്ടും
അതെ വെണ്മയാര്‍ന്ന താമരമൊട്ടുകള്‍

നിച്ച് നാഥന്റെ  
പഴയപാതയിലെ വേണ്മേഘങ്ങള്‍
എത്ര രാവുകളില്‍ അവരെന്നെ നിശബ്ദരാക്കി 
കണ്ണീരില്‍ മുക്കിയുറക്കി
യുഗങ്ങള്‍ക്കപ്പുറത്തു നിന്നു
വെണ്മേഘങ്ങളിലൂടെ 
യശോധരയുടെ ഹൃദയം എന്നെയും തേടിയെത്തി
എന്‍റെ ബാല്യ കൌമാരങ്ങളിലെ തീരാത്ത 
നോവായിരുന്നല്ലോ അവള്‍
ആനന്ദം കൊണ്ട് ത്രസിച്ചിരുന്ന ഹൃദയം
എന്റെ വിതുമ്പുന്ന ഹൃദയത്തെ ഏറ്റെടുത്തു
യുഗപ്പകര്‍ച്ചയുടെ വിടവുകള്‍ 
ഇല്ലാതെയായി
അറിയാത്ത ഒരശ്വമേധത്തിന് 
നിലക്കാത്തൊരു മഹായാഗത്തിന് 
അശ്വരഥമൊരുക്കി 
ഉറക്കം നടിച്ചവള്‍
ഒറ്റ മന്ത്രം ഉരുക്കഴിച്ച രാവുകള്‍ പകലുകള്‍ 
സുര്യന്‍ പലകുറി നക്ഷത്രങ്ങള്‍ മാറ്റിച്ചവിട്ടി
രാജകീയാങ്കണത്തിലേക്കാനയിക്കപ്പെട്ട
ഗൌതമനില്‍ നിന്നുയര്‍ന്ന പ്രകമ്പനം 
യശോധരക്കുത്തരമായി
നീയില്ലാതെ നേടിയത് നിന്നോടൊത്തുമാകാമായിരുന്നു
ബുദ്ധഭിക്ഷക്കായി നീട്ടിയ ഇലക്കുമ്പിള്‍
അനേകവര്‍ഷത്തെ അഗ്നിഹോത്രം കൊണ്ട് വിമലീകരിക്കപ്പെട്ടിരുന്നു
കാലം അവളെ ഏല്‍പ്പിച്ചത് ഗാര്‍ഹസ്ഥ്യത്തിന്റെ 
ഉത്സവപൂര്‍ണിമയല്ലായിരുന്നു
ബുദ്ധ ചൈതന്യം
ആ ഇലക്കുമ്പിളില്‍ ഭദ്രമായിരുന്നു 
ആ ഇലക്കുമ്പിളിനു പിന്നില്‍ അവളുണ്ടായിരുന്നില്ലല്ലോ

2 

 മണ്ഡോദരി
--------
അവള്‍ അസുരപുത്രി ശില്പികന്യ 
മയപുത്രിയായ് പിതാവിന്‍ വശം ചേര്‍ന്നു 
ആകാശചാരിയായി ലോകം കണ്ടവള്‍.
മണ്ഡോദരി
അറിവും ചിത്തവും യാത്രയില്‍ വളര്‍ന്നവള്‍
കാലം കണവനായ് കൊണ്ട 
രാജധാനിയിലവള്‍ ലക്ഷ്മിയായ് വിദുഷിയും.

നാഥനേറുന്ന പുഷ്പകം കാത്തവളിരുന്നില്ല 
ആകാശചാരിയായ് പോകുന്ന ദിക്കിലേക്കവള്‍
അന്തപുരം വിട്ടു കടന്നില്ല .

മട്ടുപാവില്‍ ആകാശം അനന്തമായ്,
കാഴ്ചയില്‍ കുടിയേറി
അകത്തവള്‍ പതിവചനങ്ങള്‍ക്കു കാതോര്‍ത്തു 
ദിക്കും ദേശവും അറിവും പറഞ്ഞറിയിക്കും 
പതിക്കു നമസ്കാരം ചൊല്ലി.

വീണ വായിച്ചവന്‍ ,കൂടെ പാടിയവളും
ശിവസന്ധ്യാനമസ്കാരത്തിലവളും കൂടെ ചേര്‍ന്നു.

പിന്നെ ഇടവേളകളില്‍ പാതി പ്രാണനായ് 
കേള്‍ക്കുന്ന വൃത്താന്തത്തില്‍ വിതുമ്പി 
വരപ്രസാദത്തിനാല്‍ മദോന്മത്തനാകും 
നിശാചരവീരന്റെ കൂത്തുകള്‍ 
അടക്കംപറയുന്ന ദാസികള്‍ ശ്രവിക്കുമ്പോള്‍

പ്രാര്‍ത്ഥനയായി വഴിയില്‍ രക്ഷ കെട്ടി .
വീരനും , വീരകൃതത്തില്‍ ഭീതിദര്‍ക്കും .

വഴി തെറ്റുന്നെന്നു തോന്നുന്നിടത്തെല്ലാം 
അതു തന്നെയാകാം അവന്‍റെ വഴിയെന്നു 
സമാധാന ചിത്തയായ്.

ത്രിസന്ധ്യക്ക്‌ കാമം കുടിച്ച 
കൈകസീ ജാതനാം , പുത്രന്നു 
വിധി വശാലിതു ജന്മവും കര്‍മ്മവും .

ശ്ലേഷ്മോദകത്തിലെ വനവാസനാളിലും 
പുത്രനില്‍ നേടുക നേടുകയെന്നുരുവിട്ടു 
നിറച്ചു ഭോഗചിന്ത .

രാജ്യ നഷ്ടത്തില്‍ വെന്ത മാല്യപുത്രിക്കു 
തീര്‍ക്കാന്‍ വംശനാശത്തിന്റെ കണക്കുണ്ടേറെ 
പുത്രനാലസാധ്യമാകില്ലതെന്നും തോന്നിപോയി.

സാമഗാനപ്രിയനായ് പ്രിയയിലതി പ്രിയനായ് 
പ്രണയേശ്വരനായ് പതി മോഹം ചൊരിഞ്ഞപ്പോള്‍ 
പാതി പ്രാണനായ്‌ കേട്ട കഥകള്‍ കുഴിച്ചിട്ടു മണ്ണില്‍ .
വീരപുത്രന്മാര്‍ക്കു മാതാവായ്
രാജപത്നിയായ് , ലങ്കക്കതീശയായ്.

പ്രിയത്തോടു ചേര്‍ന്നു നില്‍ക്കുന്നതെല്ലാം ദുഃഖം 
ലോകസത്യത്തെ മറയ്ക്കാനാകില്ലാര്‍ക്കും .

വനപുത്രിയെപോല്‍ പരിപാലിക്കാന്‍ 
പതിയേല്‍പ്പിച്ച മണ്ണിന്റെ പുത്രിയില്‍ 
രാക്ഷസവംശത്തിന്‍ നാശം തെളിഞ്ഞപ്പോള്‍
ആകുലയായതിസ്തബ്ദ ചിത്തയായ് 
ആവര്‍ത്തിച്ചുരുവിട്ടു കൈവിട്ടു കളയുകീ 
നാശം വിതക്കും ശ്രീരാമപത്നിയെ.

സാദരവചനത്താലാശ്വസിപ്പിച്ചൂ രാക്ഷസരാജന്‍ 
വാസനാക്ഷയം വന്നില്ലതില്ലാതെ 
കര്‍മ്മവും തീരുന്നില്ല .
പിന്മാറാനാകില്ല കാലം കരുതുന്നിടത്തേക്കു 
കാല്‍ കുതിച്ചു പോയേ പറ്റൂ.

ഒടുവില്‍, വിരല്‍ തൊടാതെ ജനമധ്യത്തില്‍ 
കാത്തുവെച്ച ശ്രീരാമപത്നിയെ തേടിയ 
കപികുലത്തിന്റെ, പീഡനമേറ്റു 
വസ്ത്രമുരിഞ്ഞു ചുണ്ടു മുറിഞ്ഞു, 
മഹാരാജപത്നി മുമ്പില്‍ ദീനതയോടിരന്നും 
ശപിച്ചും പിടഞ്ഞപ്പോള്‍

അതിദുസ്സഹമാകുമക്കാഴ്ചയില്‍ വാളൂരി .
യാഗശാലക്കു തീയിട്ടു പുറപ്പെട്ടു .
അതന്ത്യയുദ്ധത്തിന്നു, പണ്ടു വസന്തോല്‍സവത്തിന്നു 
തിരിയിട്ടിന്നു ,കണ്ണീര്‍ വാര്‍ക്കുന്ന കണ്ണില്‍ വിരലാല്‍തുടച്ചു

മുറിഞ്ഞു നിണം വീഴും അധരത്തില്‍ മൃദുവായ് തഴുകി 
മൂര്‍ദ്ധാവില്‍ ചുംബിച്ചപ്പോള്‍
സീമന്തരേഖയില്‍ നിന്നുമാ കുങ്കുമമടര്‍ന്നു മുഴുവനായ് 
പതിഞ്ഞു രാജന്‍റെ അധരത്തില്‍ .
അക്കുങ്കുമം ചേര്‍ന്ന അധരത്താല്‍ പകര്‍ന്നാശ്വസിപ്പിച്ചു 
നിര്‍മ്മമത്വം , അറിവും ജ്ഞാനവും
ദീനത വെടിഞ്ഞവള്‍ ധ്യാനമായ് 
വീരപുത്രനും പതിക്കും ചേര്‍ന്ന മട്ടില്‍ 
മരണദൂതു കാത്തു .

ഉത്തമയായ് ശാന്ത ചിത്തയും.
കാത്തിരിപ്പില്‍ , സ്മരണയുടെ സ്വര്‍ണ്ണരഥത്തില്‍ 
പിന്‍നട നടന്നവള്‍ 
ശില്പിയാകും പിതാവിന്നരികെ .

കഥ കേട്ടും പുരംപണിയുടെ യോഗ രഹസ്യങ്ങളറിഞ്ഞും 
ധ്യാനിച്ചും , ആകാശചാരിയായ് ലോകം കണ്ടാഹ്ലാദിച്ചും 
തീര്‍ന്നുപോയ് ബാല്യം കൌമാരവും

ചാരുരൂപയാം മകള്‍ക്കനുരൂപനാം വരനെ തേടിയിറങ്ങും 
പിതാവിന്നു കൂടെ ചേര്‍ന്നു നടന്നു യഥാകാലം
ഒരു നോക്കില്‍ തന്നെ ലോകജേതാവിന്‍ മുഖം പതിഞ്ഞു ഹൃദയത്തില്‍

അഞ്ജന ശൈലം പോലുള്ള ശരീരത്തില്‍ ,
വീരഭാവം പുരണ്ട മുഖത്തിലും ,ബുദ്ധി കൂര്‍മ്മതയിലും 
കണ്ടവള്‍ അന്നും അമൂര്‍ത്തമാമൊരു തേജസ്സിനെ
ദശമുഖനും മറന്നുപോയ്‌ അപ്സര സൗന്ദര്യത്തില്‍.

ലോകകണ്ടകനെന്നു ലോകം വഴ്ത്തിയകാലത്തു 
സമ്പല്‍ സമൃദ്ധമാം ലങ്കയില്‍ അളവറ്റ ഭോഗത്തിലും 
നീണ്ടതു യൗവനം , പ്രിയം കൊണ്ടാകാം 
പതിക്കൊപ്പമേ നടന്നുള്ളൂ തിരുത്താന്‍ തുനിഞ്ഞില്ല.

അന്ത്യകാലത്തും വിധിവശഗനായ് അക്രമിയാകുമ്പോഴും 
കണ്ണുനീരടക്കി ചേര്‍ക്കുമ്പോഴും വിട്ടുപോകാതെ നിന്നു.
ഓര്‍മ്മകള്‍ യഥാവിധി സംസ്കരിക്കുന്നു .

തീര്‍ന്നു പോകുന്നു കല്‍മഷം മോഹവും 
മമതയും മരണവും
വീരപത്നിക്കന്ത്യം സുഖാനുഭൂതി മാത്രം.


3 

രാധ 
---

കടമ്പുമരച്ചില്ലയിലേക്ക് ഒന്ന് പാളി നോക്കി 
പഴയൊരു ചേലത്തുമ്പുണ്ടോ 
യമുനാ ശാന്തയാണ്
ഈ വള്ളിക്കുടിലിനരികെ അവളെന്നും ശാന്തയായിരുന്നല്ലോ 
നിലാവുള്ള രാത്രിയില്‍ ഈ മണല്‍ത്തിട്ടയില്‍
നിന്നും പൊഴിയുന്ന 
വേണുനാദത്തിനു ഇന്നുമവള്‍ കാതോര്‍ക്കുന്നുണ്ടോ 
ആ വള്ളിക്കുടിലിനകതേക്ക് പ്രവഹിച്ചെങ്കിലോ 
എന്നോര്‍ത്ത നിമിഷങ്ങളുണ്ട് 
അകത്ത്
വിവശയായ രാധയുടെ വിയര്‍പ്പിലലിഞ്ഞ സിന്ദൂരം
പടര്‍ന്ന കണ്മഷി
അമര്‍ന്നുപോയ അധരശോണിമ 
ഇടക്കെങ്കിലും 
രാധയുടെ ഉന്നതമായ മാറിടത്തിന്റെ അലങ്കാരങ്ങള്‍ 
യമുനയും ഏറ്റു വാങ്ങിയിട്ടുണ്ടല്ലോ
അവളുടെ അഗാധനിശ്വാസം 
യമുനയുടെ ഓളങ്ങളുടെ ഗതിവേഗം കൂട്ടിയിട്ടുണ്ട് 
ഘനശ്യാമന്റെ കൈക്കുമ്പിളില്‍ 
അഭിഷേക ജലമായി രാധ 
ആ സാക്ഷാല്‍ക്കാരത്തിന്റെ അഭയമുദ്രകള്‍
ഒപ്പിയെടുത്ത്‌ ഗോവിന്ദന്റെ ഗീത 
ബാവുള്‍സ് എക്താരയിലൂടെ 
ശ്രുതി പകരുന്നത് 
സമര്‍പ്പണ പുണ്യത്തിന്റെ ഗീതാഗോവിന്ദം

4 

അഹല്യ
*****

നനഞ്ഞ നീലപൂക്കളുമായി
വെയിൽ കാത്തുനിന്ന കാട്ടുമരം
ആകാശച്ചെരുവിലെ കാട്ടറിവുകളുടെ
കുതൂഹലത്തിൽ 
മിഴി വിട൪ന്നു പറന്നവൾ
ചലിക്കുന്ന നീണ്ടൊരു പൂവിനെക്കണ്ട്
കാട്ടുപൂക്കൾ മനം നിറഞ്ഞ് ഇതളനക്കി
കളിക്കിടാവെന്നു തോന്നി 
മാ൯കുട്ടികൾ കൂട്ടു വിളിച്ചു
ഉള്‍ക്കടലിന്റെ ശാന്തതയി ൽ
അവളുടെ ഉടൽ ചലിച്ചു 
കണ്ണി ൽ പൂത്ത കടമ്പു മരം
കാണാനെത്തിയവ൪ക്കു മുമ്പിൽ
മരവുരിയുടെ തിരശീല വീണു 
അവളുടെ അപ്രീതിയറിയിച്ച്
മധ്യാഹ്ന സൂര്യ൯ കാടു ചുട്ടു
മോഹചൂടിൽ കാട് വിട്ടവ൪ 
കഥ മാറ്റി ചൊല്ലി
മുനിപ്രീതിയില്ലാത്ത സൗന്ദര്യം
അവള്‍ക്കു പിടയാനുള്ള മുൾ ക്കൊമ്പായി

മുനി പത്നിയാകും മുമ്പെ
പഠിച്ച പാഠങ്ങളിൽ
അഹിംസ പരമ ധ൪മ്മമായി
വികാരത്തിനൊഴിവുണ്ടെന്നു
കൂട്ടി വായിച്ചില്ല
താളുകൾ ചേ൪ത്തു മറിച്ചിരിക്കാം
കഠിന പാതയിൽ ചരിച്ച 
സംയമികളുടെ കഥകളിലും
ഹത്യയുടെ വാൾ മുനയിലല്ല
സമന്വയത്തിന്റെ ശ്രേഷ്ഠതയിലാണ്
വികാരം പങ്കു ചേ൪ന്നത്
ഉറവിട ശുദ്ധിയല്ലേ ധ൪മ്മം
ആ ശാലയും അവൾക്കറിവേകിയില്ല

തലേന്നത്തെ നിലാവിൽ
ഉന്മാദിയായ പൂക്കൾ 
പുല൪ച്ചെ അവളുടെ 
വിരൽത്തുമ്പ്‌ കാത്തു
അവള്‍ക്കു പോറലേൽക്കാതെ
ആശ്രമവാടിയിലെ ദ൪ഭപ്പുല്ലുകൾ 
സ്വയം സൂക്ഷ്മമായി
ആകാശം മുട്ടെ പറന്ന പറവകൾ 
അവളെ ക്കണ്ട് നിലം തൊട്ടു താണു
ഉത്സാഹഭരിതമായ ജൈവ മണ്ഡലത്തിലെവിടെയുമില്ല
മറിക്കാതെ പോയ താൾ 
അവിടം പാഠമില്ലാത്തിടം

പാ൪വതിയായിരുന്നു ഗുരു
ഹിമവൽ പാ൪ശ്വത്തിലും ഹിമാമായുറയാത്തവൾ 
രതി -ധ്യാനത്തിന്‍റെ
അഭേദാവസ്ഥയിൽ അമൂ൪ത്തയായവൾ 
പതിയിൽ ലയനത്തിന്‍റെ
സമ്മോഹനത വിരിയിച്ച് 
ഉലകം നിറഞ്ഞാടിയൾ 
ശ്രീ പാ൪വതി
ഗുരുസ്മരണയിൽ
തരളിതയായവ ൾക്ക്
തപിക്കുന്ന വിന്ധ്യനിലും
അനുഭവത്തിന്‍റെ ഹിമവിധി
ചക്രം തിരിഞ്ഞു നീങ്ങുന്നു

ഉഗ്രമായ തപശ്ചര്യയിലും 
കടൽ നീലിമയുള്ള കണ്ണുകളിൽ
ആനന്ദം അഗാധതയിലൂറി
ഭസ്മരേണുക്കൾ പുരണ്ടിട്ടും
കവിൾ ത്തടം ചുവന്നു തന്നെ 
സംഗതയുടെ ഊ൪ജ്ജസ്ഫുരണങ്ങൾ ചൊരിഞ്ഞ
അവളുടെ അതിയോഗ്യതയിൽ മുനി പതറി
ഗൗതമ൯ 
മഹാമുനി 
അകം തീവ്രമാക്കി ഇരിപ്പുറപ്പിച്ചവ൯
നൈസര്‍ഗികതയുടെ വെളിം പറമ്പുകളില്‍
സഞ്ചരിക്കാത്തവ൯
വ്രത നിഷ്ഠകളില്‍ ആനന്ദമറിയുന്നവ൯
മഹാഗുരു
ആശ്രമത്തിന്റെ ഘനജലം വിട്ട്‌
ആ ഊ൪ജ്ജ രശ്മികള്‍ പുറത്തു പരക്കുമെന്നു
കരുതിയോ
ആശ്രമ നിസ്സംഗതയുടെ പദാര്‍ത്ഥരൂപം
മുനിക്ക്‌ പത്ഥ്യം
പഠിക്കാത്ത പാഠത്തിന്റെ
ശിക്ഷ കടുത്തു
വിദൂരതയില്‍ പോലും
തലോടലിന്റെ കൈയനക്കമില്ല
ഉൾപ്പച്ചയുടെ ഗന്ധമില്ല
ഉള്ളില്‍ ഭയം ഇടതൂ൪ന്നു വള൪ന്നു
സുര്യ൯ തൊടാത്ത ഇരു ൾ ക്കാട്
നിറയെ പൂത്ത പിച്ചകവള്ളി 
നിറം മാറിയ പാമ്പായി
വിക൪ഷണത്തിന്റെ വേലിയേറ്റത്തിൽ
അടി പതറി
സമ൪പ്പിതയുടെ പ്രവാഹശേഷി
ഉള്ളിലേക്കു നേ൪ത്തു
ഉൾ ത്തുടിപ്പു മാത്രമായി
വരണ്ടു പോയൊരു മൗനം
അഭയമായി
മനസ്സുറഞ്ഞു ശിലയായി 
സൗന്ദര്യത്തിന്റെ അഭൌമതയിൽ
വിണ്ണ്‍ കണ്‍മിഴിച്ചു
കാരുണ്യമില്ലാത്ത മണ്ണ് കണ്ണടച്ചു

അഹല്യ
വെയില്‍ മഞ്ഞയും നിലാമഞ്ഞയും
ഒന്നിച്ചു ചേ൪ന്നവള്‍
സൂര്യഗാംഭീര്യത്തിന്റെ അയനം കാത്ത ശില
ശിലാരൂപി 
ആശ്രമത്തിലെ നനഞ്ഞു കത്തുന്ന പച്ചവിറകില്‍
അദ്രിവാസികള്‍ പുകഞ്ഞു
തീയില്ലാത്ത ഹോമകുണ്ഡത്തിന്
ശിലയുരുക്കാനായില്ല
ശിലയായി പോയവളെ ചലിപ്പിക്കാ൯
വിക൪ഷിച്ചവനും കഴിഞ്ഞില്ല
മഴയും വെയിലും മഞ്ഞും
മാറി മാറി ക്കൊണ്ടു ശില കടുത്തു
കാടു കയറി
അട൪ന്ന തളിരും മൊട്ടും കൊണ്ട്
വനവള്ളികള്‍ അവളെ പുതച്ചു

വനരൌദ്രം ഉഷ്ണക്കാറ്റായി
പുറത്തലഞ്ഞു
അത് അവള്‍ക്കുവേണ്ടിയുള്ള 
അവരുടെ രോഷം
തെളിഞ്ഞ തടാകം
പായല്‍ മൂടി കറുത്ത്
അവളുടെ ദുഃഖം പകുത്തു
എന്നിട്ടും
ദ൪ശനമില്ലാത്ത ആദ൪ശം 
രേഖപ്പെടുത്തിയ ചുടലതാളുകളുമായി
മരം പോലെയുള്ള മനുഷ്യ൪
കാട്ടിലിരുന്നു ജപംതുട൪ന്നു
നെയ്‌ പകരാത്ത കുണ്ഡത്തില്‍ തീയണഞ്ഞു

ഗാംഭീര്യമാ൪ ന്ന ഒരു ചെറു ഞാണൊലിയില്‍
ആകാശത്തില്‍ അഗ്നി ചിതറി
വിക൪ഷണത്തിന്റെ വിപരീത വിധിയില്‍
മനസ്സുരുകാ൯ തുടങ്ങി
നേ൪ത്തൊരു ഉള്തുടിപ്പ്
പ്രവാഹത്തിന്റെ അനന്ത ഭാവം പൂണ്ടു
വെയില്‍ കാത്ത മരത്തിലെ
നീലമൊട്ടുകള്‍ വിട൪ന്നു.

5 

മീര

തമ്പുരുവില്‍ വിരല്‍ വെച്ചു 
നിശബ്ദയായ് 
വായുവില്‍ കാവ്യം രചിക്കുന്നു മീര

ഹൃദയം മിടിക്കുന്ന വിരല്‍ തുമ്പു 
നീങ്ങുന്നു , നനവുള്ള പച്ചയില്‍ 
കുളിരുന്ന ഹൃദയത്തിലേക്ക്
കാലം തടയാതെയെന്നും.

മണല്‍ത്തിട്ടയില്‍ , വനാന്തരങ്ങളില്‍ 
മരുഭൂവില്‍ , നദീതീരങ്ങളില്‍ 
എവിടെയായാലും 
വായുകൊണ്ടെത്തിക്കും ഗീതം കലര്‍ത്തി 
തുളുമ്പും ലഹരി ചേര്‍ക്കുന്നു.

പതയുന്ന പൊങ്ങുന്ന ലഹരി , 
ഉന്മാദിയാകുന്നു ലോകം
മീര, രാസസ്ഥലിയിലെ മുഗ്ദ്ധഗീതത്തിന്റെ 
ബാക്കി പത്രം രചിക്കുന്നു.

യുഗങ്ങളെ പിന്നിട്ടു വൃന്ദാവനത്തിന്റെ 
അതിരുകള്‍ പൊട്ടി പരക്കുന്നു 
വീണ്ടുമനന്ത ലാവണ്യം
മേവാറിന്റെ ശോണ രാജാങ്കണത്തില്‍
അഗ്നിയായ് ,അഗ്നിയുടെ 
ഗംഗയായ് ഒഴുകി നിറഞ്ഞവള്‍

ആഘോഷങ്ങളിരമ്പുന്ന ഇടനാഴികള്‍ 
സംഗീത നൃത്തവേദിയായ് ഗേഹം 
ഭോജരാജനും പ്രിയയും 
കൃഷ്ണരാധയായ് തീര്‍ന്ന കല്‍പ്പടവുകള്‍

സന്ധ്യകള്‍ തമ്പുരുവായവള്‍ 
മീട്ടുന്നു , പ്രേമ നൈപുണ്യം 
രാവുകള്‍ രാസമണ്ഡപത്തിന്‍റെ
ചാരുതയൊഴുക്കുന്നു.

അഗ്നിയാളി കെട്ടുപോയ് , തമ്പുരുവയഞ്ഞു 
അകത്തു നൃത്ത സംഗീതം നിലച്ചു.
യുദ്ധം തെരുവില്‍ വാള്‍
ത്തലപ്പുകളുടെ നാദമുയര്‍ത്തി .
അശ്വ വേഗത്തില്‍ പൊടിപടലമുയര്‍ന്നു 
കൊട്ടാരം മൂടി, കടും ചോര മണത്തു .

യുദ്ധ വീഥിയില്‍ കൃഷ്ണന്‍ 
നിലാവ് തെളിയും മുമ്പുറങ്ങി പോയ്
നിണം മൂടിയ കണ്‍ തുറക്കാതെ.

കല്‍പ്പടവില്‍ മീര തനിച്ചിരുന്നുറങ്ങാതെ 
കൃഷ്ണനെ കാത്തു 
സന്ധ്യക്കു രാക്കിളികള്‍ വട്ടമിട്ടു പറന്നു 
പാട്ടുപാടിക്കൊടു, ത്തവള്‍ കേട്ടില്ല .

പകലില്‍ പൊള്ളുന്ന ചൂടില്‍ , പഴുക്കുന്ന മണലില്‍ 
അലയുന്നു തിരയുന്നൊരു തപസ്വിയായ്.
ഒടുവില്‍ മണല്‍ കാറ്റു ചുഴി 
കുത്തിപ്പൊന്തുന്നിടത്തുനിന്നുമവന്‍ വന്നു.

കൃഷ്ണനിറമായ് യുഗങ്ങള്‍ക്കു 
മുമ്പുള്ളതേ രൂപമാര്‍ന്നു .
നിലാഗംഗയായ് വീണ്ടുമവള്‍

രാവിലാ വിരലുകള്‍ ചലിച്ചു 
തമ്പുരു പാടാന്‍ തുടങ്ങി .
ചിത്രവര്‍ണ്ണ ചുമരുകളില്‍ തട്ടി ധ്വനി മുഴങ്ങി.

തടുക്കുന്ന ചുമര്‍ വിട്ടു തെരുവിലേക്കൊഴുകി
അവള്‍ പാടുമ്പോള്‍ വൈരത്തിന്റെ 
പാമ്പുകള്‍ പൂക്കളായിഴഞ്ഞു 
വിഷമേറ്റില്ല . വിഷത്തെക്കാള്‍ 
കടുപ്പത്തില്‍ നീലച്ച കൃഷ്ണന്‍ പടര്‍ന്നു

മേവാറിന്റെ നദീജലം ഏറ്റില്ലവളെ
നിമിഷം കൊണ്ടാ ജലം 
ഓളം തള്ളുന്ന യമുനയായ് മാറി .

മീര വീണ്ടുമൊഴുകി 
ഉറവ വിട്ട നീര്‍ച്ചാലു പോലെ തെളിമയില്‍ 
കാലം ഉയിര്‍കൊണ്ട പ്രേമ സംഗീതം
തെരുവുകള്‍ കടന്നു തമ്പുരുവില്‍ 
നിന്നുയരുന്ന ഗാനവുമായി .

വൃന്ദാവനത്തില്‍ ശില്പ ചേതനയായിയാ 
ഗാനമുറയും വരെ പാടി തമ്പുരു മീട്ടി .
ഇന്നുമതു കേള്‍ക്കാം

മുള്‍ക്കാടു വെട്ടി തളിര്‍ക്കുന്ന പച്ചയില്‍ 
തെളിയുന്ന നെഞ്ചില്‍ വിരല്‍ ചേര്‍ത്തു മൌനമായ് 
വായുവില്‍ മീര കാവ്യം രചിക്കുന്നു.

6 

 മാഗ്ദലിന്‍
-------

മാഗ്ദലിന്റെ സ്വര്‍ണ്ണ വര്‍ണ്ണമാര്‍ന്ന
കാലുകളായിരിക്കാം 
ജീസസിന്റെ യാത്രയെ തരളിതമാക്കിയത്.

ഊഷരഭൂമിയുടെ ഉത്തമസംഗീതം 
മരുഭൂവിലെ മണല്‍ക്കാറ്റില്‍ 
അവളുടെ ശിരോവസ്ത്രമാണ് 
അവന്‍റെ കണ്ണുകളെ രക്ഷിച്ചെടുത്തത്

കാരുണ്യത്താല്‍ ദീപ്തമായ 
ജീസസിന്റെ മുഖത്തുടുപ്പാണ്
മിറിയം മാഗ്ദലിനില്‍ വിരിഞ്ഞത്.

അത് തന്നെയാണീ ചക്രവാളത്തെ അപ്പാടെ 
ഉയര്‍ത്തെഴുന്നേല്പിക്കുന്ന പ്രഭാതസൂര്യന്‍റെ മുഖത്തുടിപ്പും.
കുരിശില്‍നിന്നും ഇറ്റു വീണ ഓരോ രക്തതുള്ളിയിലും
മാഗ്ദലിന്റെ മുഖമുണ്ടായിരുന്നു.
അതിലവളുടെ ഹൃദയം സ്പന്ദീക്കുന്നുണ്ടായിരുന്നു.

ആ രക്ത തുള്ളികള്‍ ഏറ്റുവാങ്ങാന്‍ മടിച്ച്. 
ഭൂമി പിളര്‍ന്നു മാറിപോയിട്ടുണ്ടാകാം.
വെളിച്ചത്തെ മറച്ചു സുര്യനും കേണിരിക്കാം.
പിന്നീട് എത്രയോ മിറിയംമാര്‍ അതോര്‍ത്തു 
വാവിട്ടു നിലവിളിച്ചിരിക്കാം .

7 


 പാര്‍വതി
-------

പ്രിയത്തിന്‍ തടത്തില്‍ കണ്ണൊന്നു പൊത്തി 
കളിച്ചന്നു കാലം വിറച്ചു ലോകം മറഞ്ഞു
ഭയപ്പെട്ട ലോകം ഹിതം തൊട്ട താപം 
തപം കൊണ്ട പ്രാണന്‍ 
പ്രിയന്‍ പാതിയായി 
മരതകവര്‍ണ്ണം കലര്‍ന്നന്നു നിന്നു .

ഇരുട്ടായ് മറയ്ക്കുന്നവിദ്യയില്‍ നിന്നും
പൂര്‍ണ്ണ പ്രകാശമായ് മാറി
പകര്ത്തെടുത്തന്നു പരമേശ്വരന്നെ 
പ്രപഞ്ചമാതാവായ ശൈലപുത്രി .
ധിഷണയ്ക്കു ഹൃദയമായ് 
ധ്യാനം ചമയ്ക്കും പ്രഭാപൂര്‍ണ്ണരൂപം .
മഹാഭൈരവി പ്രേമക്രിയാപൌര്‍ണ്ണമി

കാമനകളാവാഹനത്തിലമര്‍ത്തി തണുപ്പിച്ചു 
മണ്ണാക്കി മാറ്റുന്ന ലയഭൂമിക 
താഴ്വരയെ ചുറ്റി തണുപ്പിക്കും നീരിന്‍റെ 
പര്‍വതാഗ്രം തേടും മഹാപ്രവാഹം

സത്യത്തെ ഈശന്നുരുക്കഴിച്ചപ്പോള്‍ 
പ്രേമസല്ലാപമായ് കേട്ട ഹൃദയേശ്വരി
മൂലത്തെ ആധാരമാക്കിയുറങ്ങുന്ന 
പെണ്ണിനെ പ്രണയം തളിച്ചൊന്നുണര്‍ത്തി 
സര്‍പ്പാതികാമന്‍ വിരാജിക്കും 
സഹസ്രപദ്മത്തിലേറ്റും വിജ്ഞാനഭൈരവം 
ഉണര്‍ന്നുള്ള മേളന ചാരുതയില്‍ 
അമൃത് പൊഴിയുന്ന തന്ത്രം

മഹേശ്വരനുമയ്ക്കായ് മൊഴിഞ്ഞതു 
ജീവിതഗാഥയാം രാമായണം .

പാര്‍വതി കൃപാഭൈരവി 
താണ്ഡവനടനമാടും പുരുഷന്‍റെ 
ലാസ്യപ്പകര്‍ച്ചയാം ദേവി 
സത്യപ്രപഞ്ചത്തിന്നാധാര മൂര്‍ത്തി . 
പൂര്‍ണമദ പൂര്‍ണമിദം

തുടരും

You can share this post!