ബുദ്ധന്റെ വെള്ളത്താമരകൾ-2

8

 വരദ
 —–
ആരിവള്‍ മുമ്പില്‍
അഗ്നിപോല്‍ തുടുത്തവള്‍
വരദ
കുങ്കുമനിറമുള്ള വിഭൂതിയണിഞ്ഞവള്‍
നീഹാരാര്‍ദ്രയാം രാവിന്‍റെ കന്യ.
ശംഖുപോല്‍ തെളിയുന്ന
പകലിന്‍റെ പിറവി.
വെണ്‍തിങ്കള്‍ കല ചൂടും പതിക്കൊപ്പം
അവളുണ്ടായിരുന്നത്രേ.
അവനില്‍ പാതിയായി.
കാലില്‍ ചിലമ്പുണ്ട് അതാണടയാളം
വെണ്‍മുത്തുകള്‍ കിലുങ്ങുന്നു
അന്തിമാനത്തിന്റെ കീറാണരയില്‍
ചുവന്നു തിരതള്ളും ഞൊറിവുകളില്‍
സ്വര്‍ഗം ഭൂമിയോടിടയുന്നു
ഊര്‍ജ്ജസ്വലമായ് ഉലയുന്നു………
മഞ്ഞ കൌശേയം
————-
അവള്‍ നീരഗ തുളുമ്പിയൊഴുകുന്നവള്‍
മുമ്പില്‍ ശ്രീ പകരുന്നു.
സ്നേഹം വാര്‍ന്നൊഴുകുന്ന
അതിസ്നിഗ്ദ്ധമാം മാറില്‍
മരത്തോലടുക്കില്ല
മഞ്ഞകൌശേയം തിളങ്ങുന്നു
ഒഴുകുന്നവള്‍ വിലീനയായ്
അനന്തമാം വിണ്ണില്‍ ചരിക്കുന്നു
കാല്‍ മണ്ണില്‍ തൊടുന്നില്ല.
അദ്രീശനിലിരിപ്പിടം തീര്‍ത്തവള്‍
നിര്‍ന്നിമേഷയായ്‌ നിശ്ചലയായ്
അവനെ പൊതിയുന്നു.
ലോകകാന്തിയാല്‍ ജ്വലിക്കുന്ന
ഉടല്‍വടിവുകള്‍
ഉര്‍വരതയുടെ അദമ്യഘോഷങ്ങള്‍.
പ്രസീദ
—–
അവള്‍ അനുപമ
അര്‍ത്ഥനക്കു പ്രാപ്യയായവള്‍
അനന്യശ്രീ പകര്‍ന്നവള്‍
പ്രസീദ,
പ്രാണചലനം വിരലില്‍ തുടിപ്പവള്‍
നീണ്ട അംഗവസ്ത്രത്തിന്‍ ചുരുളില്‍
കാലത്തെ ബന്ധിച്ചവള്‍
കാലമായ് ചലിപ്പവള്‍
ദേശം വെടിഞ്ഞവള്‍,
സര്‍വദേശിയാകുന്നവള്‍
അവനില്‍ നൈര്‍മ്മല്യത്തിന്‍
രേഖയായ് തെളിഞ്ഞവള്‍
അവള്‍ നിര്‍മ്മല
വെണ്‍മേഘം പോലണയുന്നവള്‍
മഴമുകിലായ്‌ മറയുന്നവള്‍
പൂങ്കുല പോലവള്‍ ചലിക്കുമ്പോള്‍
വെണ്‍ചെത്തിയുടെ പൂക്കള്‍ കൊഴിയുന്നു
അഭൗമഗന്ധിയായ് തൊടുന്നവള്‍
അനുരൂപയാകുന്നവള്‍.
9
ഊ൪മിള
ഊ൪മ്മിള
ശരൽക്കാലപൂ൪ണിമ പോലവൾ
സുന്ദരി
ജനകസന്നിധിയിൽ വള൪ന്നവൾ
നിലത്തെഴുത്തും അലങ്കാരപ്പണിയും
പഠിച്ചവൾ
ഹേമന്തം മഞ്ഞിൻ തണുപ്പേകുന്ന
ധനുമാസരാവിലും
വസന്തം ഉൽക൪ഷയാകുന്ന
മാസത്തിലും
ഗ്രീഷ്മം ചൂടെറിഞ്ഞാക്രമിക്കുന്നിടത്തും
വ൪ഷം നിലയ്ക്കാതെ പെയ്യുന്ന കാലത്തും
ഏകയാകുന്നവൾ
മൌനവാഹിയായ് നിൽക്കുന്നവൾ
വധുവായെത്തി അയോധ്യയിൽ
രാജധാനിക്കു പ്രിയംകരി.
രാജപദവിയിൽ പ്രിയമില്ല.
അതു ഭാരം മാത്രം.
ഊ൪മിള
അവളുടെ ശ്വാസം പൊള്ളുന്നൊരഗ്നിയിൽ
തട്ടി തിരിച്ചുവരുന്നവ .
നിശ്വാസവായു ചൂടിൽ തിളക്കുന്നു.
കാത്തിരിപ്പിന്റെ കാളകൂടം
കുടിപ്പിച്ച് പ്രിയപ്പെട്ടവൻ
നടന്നുനീങ്ങിയ വഴി മാത്രം മുമ്പിൽ .
ജ്യേഷ്ഠൻ രാമനോ
ഹൃത്തിലും കരത്തിലും
സീതയെ കൂട്ടിയവൻ.
എന്നിട്ടും അവൻ നീങ്ങിയവര്‍ക്കൊപ്പം.
ആ വഴി മാത്രം മുമ്പിൽ .
നിന്റെ അഴകൊത്ത ഉടലും
അതിലും തിളങ്ങുന്ന മനസ്സും
കളഞ്ഞിട്ടു കാനനം പൂണ്ടവൻ.
നിനക്കായൊരു തുള്ളി കണ്ണുനീ൪
തുളുമ്പാത്ത ദിനമൊന്നെങ്കിലും
അവനുണ്ടായിട്ടുണ്ടോ?
ചരിത്രം പറഞ്ഞില്ല.
സൂതന്മാ൪ പാടിയില്ല.
മാതൃശുശ്രൂഷക്കും നീ വിദഗ്ദ്ധ.
മാണ്ഡവിയും ശ്രുതകീ൪ത്തിയും
നിശബ്ദരായി നിനക്കൊപ്പം.
ദുഃഖം സ്ത്രീയായ് വാഴുന്നുണ്ടീ
രാജധാനിയിലെവിടെയും
കാട്ടിലെ പാരിജാതങ്ങൾ
പൂക്കുമ്പോൾ, നാട്ടുവഴികളില്‍
പുഷ്പഫലസമൃദ്ധമായ്
മരങ്ങളുലയുമ്പോൾ.
അപ്പോളും
നിന്‍റെ നനയുന്ന കവിൾത്തടമുണങ്ങുന്നില്ല.
ആരുമത് കാണുന്നില്ല.
പുരുഷവീരസ്യം മാത്രം.
അടയാളപ്പെടുത്താതെ
ഞെരിഞ്ഞുപോകുന്നു സ്ത്രീയുടെ ധ൪മ്മം.
ഊ൪മ്മിളെ,
നീ സംയമി ഭോഗം വെടിഞ്ഞവൾ.
രാജര്‍ഷി ജനകനാൽ ശിക്ഷിത.
ജന്മസംസ്കാരത്തിന്നുടമ .
പിതാവിൻ പ്രിയപുത്രി.
നിനക്കില്ല ശബ്ദം.
നിന്റെ ശബ്ദനാളിയടക്കുവാൻ
പണ്ടേ പഠിച്ചിട്ടുണ്ട് .
ഇന്നതിൽ വിദഗ്ദ്ധയും .
ശ്രേഷ്ഠപാതയെന്നു ചൊല്ലി
ജ്യേഷ്ഠപാതയിൽ ചേ൪ന്നവൻ
സഹധ൪മ്മി., അവനും
കാനനത്തിന്റെ സ്വച്ഛന്ദലതകളിൽ
ശൈത്യരൂപിയാകുന്നിടക്കൊക്കെ.
നീയോ, ഈ രാജഗേഹത്തിന്റെ
മട്ടുപ്പാവിൽ നിമിഷങ്ങളെണ്ണി
കുറക്കുന്നു, രാവിലെ വെണ്ണിലാവും
പകലിന്‍റെ കതിരോനും മാത്രം കൂട്ട്.
10
പ്രണയിനി
ഒഴുകി വന്നതാണവള്‍
നദിയായി ജലമായി
കടല്‍ കണ്ടു വന്നതല്ല .
കടല്‍ കാത്തു നിന്നതല്ല.
ഒഴുക്കിനറിയുന്ന കടലുണ്ട്
ഒഴുക്കു നിറയുന്ന കടല്‍ .
അവള്‍ക്കവന്‍  കടല്‍  മാത്രമാണ് .
ഒഴുകി നിറയാനുള്ള കടല്‍  .
അവള്‍ക്കില്ലാതാകാനുള്ള കടല്‍ .
സങ്കല്പത്തിലും യാഥാര്‍ഥ്യത്തിലും
അവനവളുടെ മുമ്പിലില്ല .
കടലിലെത്തുമ്പോഴോ അവളുമില്ല
ഒഴുക്കില്‍ ചുഴികളുണ്ടാകുമ്പോള്‍
അവളൊന്നു പതറും
ചുഴലിക്കാറ്റടിക്കുമ്പോള്‍
അവളൊന്നു പൊന്തിപ്പോകും
ഒരു മാത്ര മാത്രം
വീണ്ടും ഒഴുകും
കടലിലലിഞ്ഞില്ലാതാകും വരെ
ഒഴുക്കാണവള്‍
കടലവളെ മോഹിപ്പിക്കുന്നില്ല
ഒഴുക്കാണവളുടെ ധാര
11
മദ്യപന്‍റെ  ഭാര്യ
അവള്‍ക്കു ചുറ്റുമാളുന്ന അഗ്നിയായ്
മദ്യം നിരക്കുന്നു
സാന്ത്വനമായ് തണലായ്‌
നിശയിലാ൪ദ്രമായ് തഴുകേണ്ട
കൈകളിലറ്റമില്ലാത്ത ശൂന്യത
ബധിരമാം കാതുകളിലേക്കേറെ
കൂ൪പ്പിച്ച വാക്കുകളൊരുക്കി
വീണ്ടുമതു മറന്നും
നിശ്ചലമൊരു ദീപനാളം പോലവള്‍
പ്രിയതമനില്ലരികിലവന്‍ വഴിയമ്പലം
കാണാത്ത യാത്രികനെപ്പോലെ
ദിക്കറിയാതെ ശരണമില്ലാതെ
ലക്‌ഷ്യം തെറ്റിയലയുന്നു.
ആവാസഭൂമിക്കന്യനാകുന്നു
കെട്ടുപോയ കൈത്തിരിയുമായി
രാവും പകലും കഠോരമായ്
തീര്‍ന്നിട്ടും കാത്തിരിക്കുന്നവള്‍
ശിരസ്സറുത്തെത്തുന്ന ചുടലമൂര്‍ത്തി
താണ്ഡവമാടി തെളിയുന്നു
അസത്യങ്ങള്‍ മാത്രം നിരക്കുന്ന പാത
നിലാവസ്തമിക്കുന്ന രാത്രികള്‍
പിടയുന്ന പ്രാണനെ കാണുവാനില്ലാരും
അവനേറെക്കുടിച്ച ചവര്‍പ്പുരസത്തില്‍
മന്ദനായ് മന്ദബോധനായ്
വികലകീര്‍ത്തനം പാടിതളരുന്നു.
കാകദൃഷ്ടികള്‍ ക്ഷണമുച്ചരിക്കുന്നു.
കൂടെ നടന്നവ൪ ഉയരങ്ങള്‍ താണ്ടുന്നു
കൈ വിട്ടുപോകുന്നു. കൂടെ നില്‍ക്കുവാ൯
നുരക്കും പുഴുക്കളെ വാറ്റി മോന്തുവോ൪
കുടിലമാ൪ഗങ്ങള്‍ തേടിപ്പിടിച്ചവ൪
അശാന്തിത൯ കാ൪മേഘം കുടയായി ചൂടുവോ൪
കാലുകളാഞ്ഞുവലിച്ചും തപ്പിപ്പിടിച്ചും
ചുമ൪ ചാരിനിരങ്ങിയുമൊരു ചോരനെപ്പോല്‍
അന്ത്യയാമത്തിലെപ്പോഴൊയെത്തുന്നു
കതി൪മണ്ഡപത്തിലെ ഭിക്ഷ
യാത്മസഖി അരികത്തു കേഴുന്നു
സുഖമൊരു തേ൪വാഴ്ചയായി മായുന്നു.
സമയമിതാ നീളുന്നു
അനന്തതയില്‍ ചെന്നലിയുന്നു
ഇനിയുമെന്തിന്നു പതറുന്ന കാലടികള്‍
മുന്നോട്ടു വെക്കുന്നു
ചെളിപിടിച്ചവ കറുത്തിരിക്കുന്നു
കറുത്തകാലില്‍ വിഷം ചേ൪ന്നുവിങ്ങുന്നു.
ഭീതിയും കല്‍പ്പിതമല്ലാത്തഭാവവു-
മിണചേ൪ന്ന മിഴികളിലൊരശ്രുകണിക
ഹിമബിന്ദുവായ്‌ തിളങ്ങുമ്പോള്‍
മൃതമായ ചിന്തകളുള്ളില്‍ പെരുകുമ്പോള്‍
ദുസ്വപ്നം രാത്രിയില്‍ ഞെട്ടിയുണരുമ്പോള്‍
ഹിമബിന്ദു നീരുറവയാകുന്നു.
വയലറ്റുപുഷ്പങ്ങള്‍ മുമ്പില്‍ പെരുകുന്നു
എഴുന്നേല്‍ക്കാം
കളങ്കിതമീയാറിന്റെ തീരത്തുനിന്നും
എവിടെയോ കളഞ്ഞിട്ടു പോയൊരു
സാത്വിക വേഷത്തിലിന്നും കല൪പ്പില്ല
പൊടിതട്ടി മിനുക്കിയാലിന്നും ചേതോഹരം
പിഴച്ച ഭാവങ്ങള്‍ മാത്രം നിറഞ്ഞൊരീ
പാതക്കിയ്ത്തിരി ദൂരെ തെളിഞ്ഞ നിലാവില്‍
നിശാഗന്ധി പൂക്കും വഴിയുണ്ട്
ചാരെ സൌമ്യയായ് അമ്മയായ്
നിറദീപം പോല്‍ സഖി കാത്തിരിക്കുന്നു
നീലച്ച ചുണ്ടിലേക്കമൃതുമായ്
ഗരുഡന്‍റെ ചിറകടിയൊച്ച
യുണ്ടിതാ കേള്‍ക്കുന്നു
പ്രേമം അമൃതുപോല്‍ നിറയുന്നു.
12
ശകുന്തളയുടെ പിന്‍ഗാമികള്‍
ശകുന്തളേ, നിന്നെ ഞാനോര്‍ക്കുന്നു
നിന്‍റെ സ്ത്രീത്വത്തെ
നീ പ്രേമത്തിന്‍റെ പിണിയാളായി
പുഷ്പിച്ച പ്രേമത്തിന്‍റെ നിഷ്കളങ്കതയില്‍
മുല്ലവള്ളിയെയും മാന്‍കിടാവിനെയും മറന്ന്
മുല്ലവള്ളിയായി ദുഷ്യന്തനില്‍ ചാഞ്ഞുപോയ്
ഒരു സാഗരം മുഴുവന്‍ കൈക്കുടന്നയില്‍ കോരി
യാഥാര്‍ത്ഥ്യത്തിന്‍റെ തടവറയില്‍
നിര്‍വൃതി പൂണ്ടവള്‍, കുരുതിയുടെ നിര്‍വൃതി
വീണ്ടും ദുഷ്യന്തന്‍
കാളിയനായി വിഷം ചീറ്റിയപ്പോള്‍
പിടഞ്ഞുവീണ നിന്‍റെ സ്ത്രീത്വം
എന്നിട്ടും ശകുന്തളേ ,
നിന്‍റെ ദുഃഖം പരിമിതമായിരുന്നു
കാട്ടുപൂക്കളും മാന്‍കിടാവും
പിന്നെയും നിനക്കു കൂട്ടുചേര്‍ന്നു.
ഗ്രീഷ്മമറിയാത്ത കാടും കാട്ടരുവിയും
നിന്നെ കൈവിട്ടില്ല.
ഇവിടെ ഞങ്ങള്‍ നിന്‍റെ പിന്‍ഗാമികള്‍
ഒളിക്കാന്‍ കാടില്ലാത്തവര്‍
പ്രേമം പോലും നിഷേധിക്കപ്പെട്ടവര്‍
ഒരിക്കലും പൂര്‍ണ്ണയാകാത്ത പ്രണയിനികള്‍
ഓരോ നിമിഷവും ദുഷ്യന്തന്‍ വിഷം ചീറ്റുന്നു
കാളിയനായി
ഞങ്ങളില്‍ നിന്നും ഞങ്ങളൊളിക്കപ്പെടുന്നു.
ദുഷ്യന്തന്‍ മാത്രമല്ല കാളിയന്‍
കൊട്ടാരവാസികള്‍ മുഴുവനും
ഒരു മുനിയെങ്കിലും രക്ഷയ്ക്ക്?
13
ശകുന്തള
തരുഛായയില്‍ സഖികള്‍ക്കൊപ്പം വളര്‍ന്ന
പെണ്‍കൊടിയറിയാതെ പോയി
മാതൃസ്നേഹവും കരുതലും
വഴിയില്‍ ശ്രദ്ധിക്കേണ്ട
മുള്‍പ്പടര്‍പ്പിന്‍ കാഠിന്യവും
താപസധര്‍മ്മത്തില്‍ താപമില്ലശ്രുവില്ല
വികാരവിചാരമില്ല ധര്‍മ്മനീതികള്‍ മാത്രം
സ്വച്ഛന്ദവഴികളും
വളര്‍ന്ന താരുണ്യത്തില്‍ കൊളുത്തി
മുല്ലവള്ളി തേന്മാവില്‍ പടരുമ്പോള്‍
അറിയാത്തൊരു ഭാവം താപസമല്ലാതുള്ളില്‍
ഭയം വിതയ്ക്കുന്നതു മറയ്ക്കാന്‍
ജപത്തിന്നെണ്ണം കൂട്ടി സഖിമാരറിയാതെ
പക്ഷികള്‍ വളര്‍ത്തിയ തരുണിക്കു
പക്ഷിയെപോല്‍ പറക്കാന്‍ കാടകം സ്വന്തം
മൃഗവേട്ടക്കിറങ്ങിയ രാജപൌരുഷം
കണ്ടു കോള്‍മയിര്‍ക്കൊണ്ടു കണ്ണുവെച്ചു
തടുക്കാനായില്ലവള്‍ക്കും
അമ്മ വളര്‍ത്താത്ത കുട്ടി
സ്നേഹത്തില്‍ ഭ്രമിച്ചുപോം
മദിച്ചും മയങ്ങിയും
കളങ്കമില്ലാകണ്ണില്‍ സര്‍വതും പരിശുദ്ധം.
പാതിനീങ്ങിയ തുകില്‍ മറവില്‍ തെളിയുന്ന
സ്വര്‍ണ്ണശൈലങ്ങള്‍ക്കുപരി
നിര്‍ലജ്ജം അവന്‍ വിരല്‍ ചലിക്കുമ്പോള്‍
അതിമാര്‍ദ്ദവത്തില്‍ അധരം ചമയ്ക്കുന്ന
ചിത്രലീലകള്‍ ദന്തമേല്‍പ്പിക്കും
പരുക്കന്‍ഹരത്തില്‍  പിടഞ്ഞുപൊന്തുമ്പോഴും
ഒളികണ്ണിട്ടാരെങ്കിലും
പുറത്തുനില്‍പ്പുണ്ടോയെന്നോര്‍ത്തു
പതിയെ ഒരു മാത്ര ചെവിയോര്‍ത്തുകിടപ്പതും
പകലിന്‍ മറവില്‍ പൂത്ത പൊന്‍മെയ്യില്‍ നിന്നും
പൂവാക ചൊരിഞ്ഞതും
അരുണാഭമാം സൂര്യന്‍
അകലെ തെളിഞ്ഞപ്പോള്‍
പിടഞ്ഞുപൊന്തുന്നേരം
ശരശാപം പോലൊരു ശബ്ദമരികത്തുലച്ചതും
അടുപ്പിച്ചവളെ നിര്‍ത്തി മടുക്കാതൊരു ദിനം
തികച്ചുതീരും മുമ്പേ വിടചൊല്ലി മറഞ്ഞതും
കാനനത്തില്‍ മാതൃരൂപമായ്, പ്രിയപുത്രനും
സഖിമാരുമൊത്തു കഴിച്ചുതീര്‍ത്തതുഗ്ര
വേനലിന്‍റെ അസഹ്യപര്‍വങ്ങള്‍
കണ്ടിട്ടില്ലിതേവരെ അതില്‍ പിന്നെയീ
കാനനപച്ചയില്‍ രാജചിഹ്നങ്ങള്‍ പ്രേമലീലയും
രാജപുത്രനെയരികില്‍
ചേര്‍ത്തുവെക്കുമ്പോള്‍ മനംപിടയുന്നു.
സന്ധ്യക്ക്‌ ഹോമപ്പുക ശ്വസിച്ചു മടുക്കുമ്പോള്‍
ആരോരുമറിയാതെ കണ്ണീരാല്‍ കലമ്പുന്നു.
കേള്‍ക്കാനില്ലാരും കൂടെ
ഇനിയെത്ര നാളുണ്ടീ
തീരാത്ത വിരഹം അപമാനം
വൈകില്ലയെന്നു താതകണ്വന്‍
സമാശ്വസിപ്പിക്കുമ്പോള്‍
സഹാനത്തിന്നാഴം ക്ഷമതന്നുയര്‍ച്ചയാ
സ്ത്രീചിത്തത്തിന്റെ വലിപ്പമാര്‍ക്കറിയാവൂ .
വഴിയ്ക്കറ്റത്താ കാടിന്നു പുറത്താരോ പാടുന്ന
പ്രേമഗാനം കേട്ടു മറവില്‍ പ്രകാശിക്കുന്നു
നിഴല്‍ വീണു ചാരനിറം പൂണ്ട കണ്ണുകള്‍.
വീണ്ടും മൃഗയാവിനോദത്തിന്‍ വഴിതെറ്റി
വന്നതാശ്രമത്തിന്‍റെയരികെ, കണ്ടത് കുമാരനെ
തന്‍പകര്‍പ്പാണല്ലോയെന്നോര്‍ത്തു
ഞെട്ടി നോക്കുമ്പോള്‍
ഒരു വൃക്ഷഛായയില്‍ പഴയതിനേക്കാള്‍
മെലിഞ്ഞൊരു കുമാരി
ചിന്താധീനയായ് ഇരിക്കുന്നു.
ഓര്‍മ്മകള്‍ പിറകിലേക്കൊരു
ദിനത്തിന്റെ പ്രണയസൌരഭത്തില്‍
ചെന്നുതട്ടി തിരിച്ചെത്തി.
പരിചിതമല്ലതെങ്കിലും പശ്ചാത്താപം
നീരണിയിച്ച കണ്‍കള്‍ മാപ്പുചോദിച്ചു,
കവര്‍ന്നു കരങ്ങളെ,
ചോദ്യഭാവത്തിലല്ല ഭൂമി ഉത്തരത്തിലുമല്ല
യുക്തിയുമില്ലയതില്‍ ഉള്ളതുള്ളതു മാത്രം
വിധിനിശ്ചിതത്തെ  തടുക്കാനാകില്ലാര്‍ക്കും

അറിവാകുന്ന കണ്വനാശീര്‍വാദവും ചൊല്ലി

You can share this post!