ബാക്കിയായവർ /സിബിൻ ഹരിദാസ്

നമുക്ക് നിറങ്ങളെക്കുറിച്ച് സംസാരിക്കാം – അപ്രതീക്ഷിതമായാണ് അയാൾ പറഞ്ഞത് .
അവർ സംസാരിക്കില്ലെങ്കിലും ,അവരെക്കുറിച്ച് പറയാം – ഞാനും തയ്യാറായി .
ഏത് നിറത്തെക്കുറിച്ചാണ് തുടങ്ങുക .അയാൾ ചുറ്റുപാടും നോക്കി .
കണ്ണുകൾ വിടർത്തി ഞാനും .
ഒരു നിറവും ഞങ്ങൾ കാണുന്നേയില്ല . 
ഏറെ കഴിഞ്ഞപ്പോഴാണ് കാക്ക പാറി വന്ന് തൊട്ടടുത്ത മരക്കൊമ്പിലിരുന്നത് .
പറഞ്ഞു തുടങ്ങിക്കോളൂ എന്നർത്ഥത്തിൽ ഞങ്ങളെ തന്നെ നോക്കി .
ഈ നിറത്തിൽ തന്നെ തുടങ്ങാം – ഞാൻ .
അയാൾ മിണ്ടുന്നില്ല .
തുടങ്ങാം – വീണ്ടും ഞാൻ .
അയാൾക്ക് മൗനം . 
കാക്ക ,ശകുനം ശരിയല്ല -ഒടുവിൽ അയാൾ മൗനത്തെ വകഞ്ഞു മാറ്റി മറുപടി പറഞ്ഞു .
ഞങ്ങൾ മൂവരും പരസ്പരം നോക്കി .
പിന്നെ
അയാൾ ഇടത്തോട്ടും
ഞാൻ വലത്തോട്ടും പറന്നു .
കാക്ക ബാക്കിയായി .

You can share this post!