പ്രിയദയുടെ പുരുഷാര്‍ത്ഥം/ നോവൽ -1

പ്രിയദയുടെ പുരുഷാര്‍ത്ഥം
——————————————–

നോവലിലേക്ക് കടക്കാന് ചെറിയൊരു കുറിപ്പ് ആവശ്യമാണെന്ന് തോന്നുന്നു.
ഇതില്‍ കലാപങ്ങളും യുദ്ധങ്ങളുമില്ല
ഇതിഹാസപുരാണങ്ങളെ മാനുഷികതലത്തിലേക്ക് പുനരാവിഷ്കരിക്കുന്നതുമല്ല
സാധാരണ ചുറ്റുപാടില്‍ നടക്കുന്ന നിര്‍മ്മലമായ പ്രണയം മാത്രം .
അതിനെ ചുറ്റുന്നത്‌ സാധാരണക്കാരന്റെ മോഹന സങ്കല്‍പ്പങ്ങളും അറിവുകളുമാണ്.

പ്രണയ ത്തോളം വലിയ ആത്മീയതയില്ല.
പ്രണയമെന്നത് ധ്യാനമാണ്.
പ്രണയപൂർണ്ണത തന്നെയാണ് ധ്യാന പൗർണ്ണമിയും .
ആദ്യം നിശ്ശൂന്യമാകുന്ന ഒരവസ്ഥയറിയുന്നു. പിന്നെയാണറിയുന്നത് പ്രിയമാർന്ന ഒന്നിൽ ചേർന്നിരിക്കുന്നുവെന്ന്.
തേടിയിരുന്ന ഈശ്വരനും ഈശ്വരീയതയുമെല്ലാം പ്രിയപ്പെട്ടവനാണെന്നറിയുന്ന അദ്ഭുതകരമായ ഒരു സമയമുണ്ട്.
അവിടെ എല്ലാ അന്വേഷണങ്ങളും അവസാനിക്കുന്നു.
പിന്നെയുള്ള ഓരോ നിമിഷവും ഓരോ കർമ്മവും ആ ഒന്നിൽ വിലയിച്ചു ചേർന്നാണ്.

ഇതിലെ കഥാപാത്രങ്ങള്‍ അത്രയേറെ പ്രിയം നിറഞ്ഞവരാണ്. അവർക്കുള്ളിൽ നിറഞ്ഞ പ്രിയത്തെ അവൾ ഹൃദയം കൊണ്ടാണു പറയുന്നത് . ഹൃദയം കൊണ്ടെഴുതുമ്പോൾ അതു കവിതയാകുന്നു.
അതെ,
അവർ കവിതയിലൂടെയാണ് സംസാരിക്കുന്നത്.
അവരുടെ പ്രിയം ഭൂമിയെയും ആകാശത്തെയും കടന്നു മറ്റു ലോകങ്ങളിലും പരക്കുന്നു.
അതു കണ്ടു നിൽക്കുന്ന ആകാശ ലോകങ്ങളിലുള്ളവരിലൂടെ യാണ് നോവലിന്റെ -ശിലമ്പൊരു- എന്ന ആദ്യഭാഗം നീങ്ങുന്നത്. -നൂപുര ഗംഗ – എന്ന രണ്ടാം ഭാഗം അതിസുന്ദരമായ ഗ്രാമങ്ങളിലൂടെയും രാജ്യത്തിലൂടെയും.
കഥാപാത്രങ്ങളേക്കാള്‍ ഭാവങ്ങൾക്കാണ് നോവലിലുടനീളം പ്രാധാന്യം വരുന്നത്.

പ്രണയികള്‍
പ്രണയത്തിലൂടെ അതീത ലോകത്തിലേക്കെത്തുന്നത് അനുഭവിച്ചുമറിയാം.
——————
ഭാഗം 1 —
ശിലമ്പൊരു 
——————–
1
ജാഹ്നവി

നീല പ്രഭയില്‍ മുങ്ങിക്കുളിച്ച വേദി. ഒരാറ്റത്തിന്‍റെ ഓര്‍ബിറ്റുകളില്‍ ഇലക്ട്രോണുകള്‍ പോലെയുള്ള ദൃശ്യങ്ങള്‍, വാലന്‍സ് ഷെല്ലും ന്യൂക്ലിയസും മാത്രം വ്യക്തമല്ല. ഏതോ ഒരോര്‍ബിറ്റില്‍ ഇലക്ട്രോണുകള്‍ ചലിക്കുന്നു. ഓര്‍ബിറ്റിലെ ദൃശ്യങ്ങളില്‍ ദേവദാരുക്കളുടെ ചില്ലകളുണ്ട്. ഒലിവുമരത്തിന്‍റെ അടര്‍ന്ന കൊമ്പുകളുണ്ട്. പ്രാവുകള്‍ ചിറകടിക്കുന്നു. ഹംസങ്ങള്‍ നീന്തുന്നു. ഒരിടത്തും ഒന്നും സ്ഥിരമല്ല എല്ലാം ചലനാത്മകം. തൂണുകളില്ലാതെ തങ്ങിനില്‍ക്കുന്ന മേലാപ്പുകള്‍. മലകളിലേക്കൊഴുകിയെത്തുന്ന നദികള്‍. ഒരു മിന്നല്‍ വെളിച്ചത്തില്‍ കുറെയകലെ സ്വര്‍ണ്ണമൊട്ടുകളുള്ള നീല ഇലകളുള്ള ചെടികളുടെ തോട്ടം ഒരു മാത്ര തെളിഞ്ഞു.

അകലെ നിന്നും പ്രകാശരേണുക്കള്‍ കൂട്ടംകൂടി അനങ്ങുന്നപോലെ, അടുത്തുനിന്ന് നോക്കുമ്പോള്‍ മനുഷ്യരെപോലെതന്നെയാണവര്‍. പ്രകാശത്തിന്റെ നനുത്ത കണങ്ങള്‍ കൊണ്ട് നിര്‍മ്മിച്ചപോലുള്ള ശരീരം. ആ ചലനങ്ങള്‍ ദ്രുതഗതിയിലാണ്. അവര്‍ എന്തോ പണി ശ്രദ്ധയോടെ ചെയ്തു തീര്‍ത്തതിന്റെ അവസാനവേളയില്‍. നേര്‍ത്തൊരു സംഗീതം അത്രയും സൂക്ഷ്മമായ സ്വരത്തില്‍ ഒഴുകുന്നുണ്ട്.

ഇതൊരു ലോകമാണ്. ഭൂമിയെപോലെ സ്ഥൂലമല്ല ഇവിടത്തെ കാര്യങ്ങള്‍, കുറേക്കൂടി സൂക്ഷ്മമായി നീങ്ങുന്നു. ഇവിടെ വസിക്കുന്നത് മനുഷ്യരല്ല എങ്കിലും ഒരു ജീവലോകം തന്നെയാണ്. അനുഭവം കൊണ്ടറിയുന്നവര്‍ വസിക്കുന്ന ലോകം. ഭൂമിയില്‍ നന്മ മാത്രം ചെയ്തു ജീവിച്ചു കാലം കഴിച്ചവര്‍ എത്തിച്ചേരുന്ന ദിവ്യമായ ഒരു ലോകം. അവിടെയുള്ളവര്‍ക്ക് സൂക്ഷ്മമായ തന്മാത്രകളായി വിഭജിച്ചൊഴുകാനും ആവശ്യം വരുമ്പോള്‍ ചേര്‍ന്നൊരു രൂപമാകാനും കഴിയും.

രേണുരൂപങ്ങള്‍ എന്തിലോ മുഴുകിയിരിക്കുന്നു. അവരുടെ ശ്രദ്ധ മുഴുവന്‍ മുമ്പിലുള്ള ഇലകളിലോ ദലങ്ങളിലോ ആണ്. ക്വിന്ടലിന്റെ സ്വര്‍ഗസംവിധാനം. ആവശ്യമുള്ളപ്പോള്‍ മാത്രം ആ ഇലകളില്‍ വെള്ളി നിറത്തിലുള്ള എഴുത്തുകള്‍ തെളിയുന്നു, മായുന്നു. നടക്കുന്നതെന്താണെന്നറിയാതെ ഒരു രൂപം മാത്രം പകച്ചുനില്‍ക്കുന്നുണ്ട്. അവനീ ലോകത്ത് പുതിയ ആളാണെന്നു തോന്നുന്നു. ചുറ്റും നടക്കുന്നത് എന്താണെന്നറിയാന്‍ ശ്രമിച്ചപ്പോള്‍ അവരിലൊരാള്‍ ഏതോ സങ്കേതത്തിലൂടെ മറുപടി പറയാന്‍ തുടങ്ങി. ഭാഷയോ സന്ദേശമോ തരംഗങ്ങളോ ആര്‍ക്കറിയാം.

“ജാതകങ്ങളെ പരിശോധിക്കുകയാണ്. ”

ഒന്നുകൂടി പകച്ച രൂപത്തിന് ഒന്നും മനസിലായില്ല. ‘താനേത് ലോകത്തിലാ വന്നുപെട്ടിരിക്കുന്നെ? ഇത് ജാതകലോകമാണോ, അഗസ്ത്യന്റെ ഓലയെടുപ്പ് പോലെയുള്ള എന്തെങ്കിലും ഒന്നാണോ നടക്കുന്നത്.’

മറുപടി വന്നു. “അല്ല ദിവ്യലോകം. ”
“ഇവിടെ ജാതകങ്ങളുണ്ടോ?”,’ ഇല്ല’. “പിന്നെ?”
‘ ഇത് ഭൂമിയിലേക്ക്‌.’
“അവിടെ നടക്കുന്നതെല്ലാം ഇവിടെയാണോ പരിശോധിക്കുക?”
‘ഇല്ല, ചിലത് മാത്രം.’
“അതെന്താ?” , ‘അതൊക്കെ പിന്നെ സമയണ്ടല്ലോ… അറിയാം.’

“ഇതാരുടെതാണ്?”
‘രണ്ടുപേരുടെ.’
“അതെന്തിനാണ്?”
‘അതറിയാം. ഇനിയും സമയമുണ്ട്.’
“അവരെവിടെ നിന്നുള്ളവരാണ് ?”
ഭൂമിയില്‍ നിന്ന്

അവര്‍ രണ്ടുപേരും രണ്ടര്‍ദ്ധഗോളങ്ങളില്‍ നിന്നും ഉള്ളവരാണോ
അല്ല
രണ്ടു ഭൂഖണ്ഡങ്ങളില്‍ ഉള്ളവരാണോ ?
ഊം ഉം
രണ്ടു രാജ്യങ്ങളില്‍
അല്ല
രണ്ടു സംസ്കാരങ്ങളില്‍
അല്ല
രണ്ടു ഭാഷകള്‍
അല്ല
രണ്ടു ദേശങ്ങള്‍
അല്ല
രണ്ടു ഗോത്രങ്ങള്‍ ?
അല്ല.
അല്ല അവര്‍ ഒരേ നാട്ടുകാരാണ്. ഇന്ന് ഒരു രാജ്യത്തിന്‍റെ രണ്ടു ഭാഗങ്ങളിലായി താമസിക്കുന്നു.

ഭൂമിയോടുള്ള ബന്ധം മുഴുവനും വിടാതെ നിന്ന പുതുരൂപത്തിനു ചോദ്യങ്ങള്‍ തീര്‍ന്നില്ല. എല്ലാം അല്ലയെന്നാകുന്നിടത്ത് ഒരു “ആണ്” എന്ന ഉത്തരം കിട്ടാതെ രൂപം പരുങ്ങി. ഒരു തലോടലേറ്റപ്പോള്‍ നോക്കി. തിളക്കം കൂടിയ ഒരു രൂപം. “കുറച്ചു ശാന്തനാകൂ , ഈ ലോകത്ത് ആരും ഒന്നും പറഞ്ഞുതരേണ്ടതില്ല, എല്ലാം അറിയാനാകും. ഇവിടെയും ഭൂമിയിലും നടക്കുന്നതും നടന്നതും നടക്കാന്‍ പോകുന്നതുമായ എല്ലാം. എന്നെ തൊട്ടൊന്നു നോക്കൂ, നടക്കാന്‍ പോകുന്ന ഒരു രംഗം കാണിക്കാം. ഭാവിയിലെ സുന്ദര ദൃശ്യം.”

മരച്ചുവട്ടില്‍ സന്ധ്യയിലേക്ക്‌ കണ്‍നട്ടൊരു ഗ്രാമീണമുഖം അടുത്തുള്ള ലാപ്പില്‍ കുറിക്കുന്നു. അവളുടെ ലാവണ്യമാര്‍ന്ന മുഖത്ത് ശോണ നിറം തുടിക്കുന്നു, കണ്ണുകള്‍ പ്രണയം കൊണ്ട് പാതി അടഞ്ഞിരിപ്പാണ്. തിത്തിരിപ്പക്ഷികള്‍ അവള്‍ക്ക് ചുറ്റും കൊത്തിപ്പെറുക്കുന്നു. കാറ്റു പോലും അവളെ ചുറ്റി മന്ദഗതിയിലാണ്. മരത്തില്‍ നിന്നും ഇടയ്ക്കിടെ പൂക്കള്‍ കൊഴിയുന്നു.

അവള്‍ കവിതയെഴുതുകയാണ്. ചമ്രം പടിഞ്ഞും, ഇടയ്ക്കു വലത്തേ കാല്‍ ഉയര്‍ത്തി അതില്‍ കൈ കോര്‍ത്തും പല തവണ ഇരിപ്പുമാറ്റി അതിനെക്കാള്‍ വേഗത്തില്‍ ഭാവം മാറ്റി അവള്‍ എഴുതുന്നു.രേണുരൂപം ആശ്ചര്യത്തോടെ പറഞ്ഞു. “എനിക്കിവരെ അറിയാം, ഭൂമിയിലായിരുന്നപ്പോള്‍ ഇവളെന്റെ സ്വപ്നങ്ങളില്‍ പല കുറിവന്നിട്ടുണ്ട്, ഒരുവനുമൊത്ത്. ആ ഇരിപ്പും ഭാവവും കണ്ടാലറിയാം അത് കവിതയൊന്നുമല്ല, അവള്‍ പ്രിയതമന് പ്രണയം കുറിക്കുകയാണ്. ആരാണവന്‍? എന്റെ സ്വപ്നത്തില്‍ വന്നവനാണോ?
ഇവര്‍ ഒരുമിച്ചല്ലേ താമസിക്കുന്നെ?”

അല്ല അവര്‍ കണ്ടുമുട്ടിയിട്ട് പോലുമില്ല. നമ്മളിപ്പോള്‍ കാണുന്നത് അവരുടെ ഭാവികാലമാണ്. കണ്ടുമുട്ടുമ്പോള്‍ അവള്‍ അവനില്‍ നിറഞ്ഞൊഴുകും. അവള്‍ ഹൃദയം കൊണ്ട് പറയുന്നവളാണ്. ഹൃദയത്തില്‍ നിന്നും വരുന്നതെല്ലാം കവിതയും. അവളങ്ങനെ പറയുമ്പോള്‍ ഞാനും അവരെ കവിതയിലൂടെ പറയണ്ടേ. ഇന്ദ്രനീലക്കണ്ണ്‍ ചിരിച്ചുകൊണ്ട് കവിതയിലൂടെ വിവരം പറഞ്ഞു.

അവരൊന്നു ചേർന്നു നിൽക്കുമ്പോൾ
കാലമൊരു നിശ്ചയം പൂർത്തിയാക്കുന്നു.
നിർമ്മലമായ വഴികളിലൂടെ കാലം അവരെ
ലംബ ചാരികളാക്കി.
ഉന്നതിയിലേക്ക്,
പരമമായൊരലിവിന്റെ വെളിച്ചത്തിൽ
അവരുടെ യാത്രയുടെ ഗതി മാറി.
തിരശ്ചീനമായി നീങ്ങിയ ഇരുണ്ട യാത്രകള്‍
മറന്നുപോയ കാലത്തിന്‍റെ കിടങ്ങിലേക്ക് വീണു.

പിന്നെ പ്രഭാതം ഹൃദയാകാശത്തിൽ നിന്നും അരുണിമയാർന്ന്,
ഉണര്‍ന്നു.
പതിയെ വീണ്ടും പതിയെ .
എന്നാലും
അവർ പ്രണയത്തെ പറയുന്നില്ല. ഒരിക്കലെങ്കിലും അതു പറഞ്ഞില്ല
പകരം പ്രണയം അവരെ പറഞ്ഞു.
അതു കൊണ്ടാണ് അവരൊന്നു നേർരേഖയിലെത്തിയപ്പോൾ
പ്രകൃതി ഒന്നു വിറകൊണ്ടത്.
കൂടെ ചേർന്നുനിന്ന് വിസ്മയമൊരുക്കുന്നത്.
ലംബലോകത്തെ കാണിക്കുന്നത്.
അവര്‍ ലയിച്ചു നിന്നൊരു വാക്കുച്ചരിച്ചപ്പോൾ ലോകം,
അവരെ പ്രിയദമായ ആവരണം കൊണ്ടു പൊതിഞ്ഞത്.
സുവര്‍ണ്ണ കാലം കാന്തിക പ്രവാഹം പോലെ അവരിലേക്ക്‌ പ്രവഹിച്ചത്.

അവര്‍ പ്രകൃതിയുടെ പരമകാരുണ്യത്തില്‍ വസിക്കുന്നവരെന്നു പിടി കിട്ടിയില്ലേ, ഇന്ദ്രനീലക്കണ്ണ്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ പുതുരേണുവിനു ഒരു ചെറിയ വെളിവൊക്കെ വന്നു. ഇനി ഇവളെഴുതുന്നത് നോക്ക്, ഇന്ദ്രനീലക്കണ്ണ്‍ തുടര്‍ന്നു. അതിനിശ്ശബ്ദമാണ് നമ്മുടെ ലോകം എങ്കിലും ഭൂമിയുടെ മനോഹരശബ്ദങ്ങള്‍ നമ്മളില്‍ സന്തോഷം വിതയ്ക്കും. അതു നമുക്കു നിശ്ശബ്ദതയുടെ പുനര്‍നിര്‍മ്മിതി പോലെ തോന്നും. അവരുടേത് അങ്ങനെയുള്ള ശബ്ദമാണ്.

ശബ്ദലോകത്തിലാണ്, അതിനിശ്ശബ്ദമായ എന്തൊക്കെയോ ഒരുങ്ങുന്നത്.
വിദൂരതയിൽ സംഭവിക്കുന്നതിന്റെ അടയാളങ്ങൾ അരികിൽ ലഭിക്കുന്നു.
വിദൂരതകൾ സജ്ജമാകുന്നത് തന്നിലൂടെ തന്നെ.

ഒന്നിൽ നിന്നും മോചനമില്ല.
ഉള്ളിൽ നിന്നും പുറത്തു നിന്നും .
മിഴിയടഞ്ഞു ചേർന്നുനില്‍ക്കുമ്പോൾ അടയാളങ്ങൾ വ്യക്തമാകുന്നു.
ഗുരുകൃപ.

ചെയ്ത യാത്രകൾ, പോയ ഇടങ്ങൾ എല്ലാം വേറെവിടേക്കോ ആണ് വഴി ചൂണ്ടുന്നത്.
ഏറ്റവും അനുരൂപമായ ഒരിടത്തേക്ക് ഒരു യാത്രയുണ്ടാകുമെന്ന് കാണിക്കുന്നു.
അതിനു മുമ്പുള്ള പ്രദക്ഷിണവഴികളാണ് ചെയ്തതും ചെയ്യേണ്ടതുമായ യാത്രകൾ
എന്തൊക്കെ? ഏതൊക്കെ? എവിടെയൊക്കെ? ആർക്കറിയാം.
സുഖദമായ യാത്രകൾ
പ്രിയദവും ഹിതവുമായത്.

ഇന്ദിയങ്ങൾ ആകർഷണത്താൽ
സാഹചര്യങ്ങൾ അതിപരിചയത്താൽ
ശരീരം അതിന്റെ ചോദനകൊണ്ട്,
ഉണ്ടാക്കുന്ന എല്ലാം തന്നെ
ഹൃദയത്തിന്റേതെന്ന് വ്യാഖ്യാനിക്കപ്പെടുന്നു.

ശരീരത്തിൽ നിന്നും
മനസ്സിൽ നിന്നും ശിരസ്സിൽ നിന്നും പ്രാണനിലേക്കെത്തുമ്പോഴാണ് പ്രണയമാകുന്നത്.
ആഗ്രഹത്തിന്റെ പുറത്ത് ഒരിക്കലും നടക്കാത്തത്. നടപ്പിലാക്കാനാകാത്തത്.
സംഭവിക്കുക മാത്രം ചെയ്യുന്നത്.

അനന്തയുടെയും
അഗാധതയുടെയും
ലയ ചോദനയുടെയും
ലയനത്തിന്റെയും നിറമണിയുന്നത്.
ശൂന്യതയിൽ വെളിപ്പെടുന്നത്.

പറയാന്‍ തുടങ്ങിയാല്‍ അവള്‍ നിര്‍ത്തില്ല. കണ്ടോളൂ, യാത്രയും പ്രണയവും പറഞ്ഞ് അവള്‍ അടുത്തതിലെത്തി..

നീയെനിക്കെങ്ങനെയാണെന്ന് ഞാനെങ്ങനെയാണ് പറയുന്നത്?
ലംബമാനമായ ഒരു ജലപാളിപോലെ ചലിക്കുന്നതു കാണാം.
നിമിഷങ്ങളുടെ കടൽ തിരശ്ചീനമായി ദളങ്ങളുയർത്തി തിര തള്ളുന്നതും.
പിന്നെയുമെന്തൊക്കെയോ.

ആഴങ്ങൾ അനുഭവവേദ്യമാണ്. ദൃഷ്ടിഗോചരമല്ലെന്ന്
തിരമാലകൾ തീരത്ത് അലയടിച്ചു ചിതറുമ്പോഴും
ആഴക്കടൽ അതിശാന്തമാണെന്ന് അറിയിക്കുന്നു.

എല്ലാം കാണുന്നു. അറിയുന്നു. സംസാരിക്കുന്നു.
എന്നാലും മനസ്സ് ഒന്നിൽ മാത്രമാണ്, ലാസ്യഭാവത്തിൽ.

നിമിഷങ്ങളെക്കുറിച്ചുള്ള ചിന്തകളില്ല. വേവലാതിയില്ല. വേറൊന്നുമില്ല.
ഒരേ ഒന്നിൽ നിന്നു കിനിയുന്ന നീരൊഴുക്ക് മാത്രം.
ചിലപ്പോൾ മാത്രം അതൊന്നു പിടഞ്ഞുതുടങ്ങും.
ഒഴുക്ക്,
അറിയുന്നുപോലുമില്ല ഒഴുക്കാണെന്ന്.
രാത്രിയാണെന്ന്, പകലാണെന്ന്, ഞാനാണെന്ന്, നീയാണെന്ന്.
ഒറ്റ ഒരോളം പോലും ആ നിർഝരിയിൽ മാറി വരുന്നില്ല.
ഒരേ ജീവൻ തന്നെയാണ് നീങ്ങി നിൽക്കുന്നതെന്നു തോന്നും.

പുറത്തു വിപരീതകണങ്ങൾ ചേർക്കപ്പെടുന്നു.
കണങ്ങൾ കാലങ്ങളോളം യാത്ര ചെയ്തു സംഭരിച്ച സ്ഥിതികോർജം തമ്മിൽ ബന്ധിപ്പിക്കപ്പെടുന്നു.
സ്ഥിതി ഗതി പോലെ വിരോധിയായ സൃഷ്ടി സ്ഥിതി ലയമെങ്ങൊരു ദിക്കിലൊത്തു വാഴും.” എന്ന് ഗുരു അദ്ഭുതസ്ഥാനം വിപരീതങ്ങളിലെന്നു പറയുന്നു.
അകത്ത് ചിദാകാശത്തിന്റെ അനന്തതയിലേക്ക് കണങ്ങളുടെ വിസ്ഫോടനശക്തി പരക്കുന്നു .

ഫ്യൂഷൻ റിയാക്ഷൻ.
ലയാത്മകം. സമ്മാഹനം.
എന്തൊക്കെയോ വന്നുനിറയുന്നു.
നിറയും തോറും പ്രവർത്തനസജ്ജമാകുന്നു.
പ്രവർത്തനഫലമോ ഒഴിവും.

നിറവും ഒഴിവും
പൂർണ്ണമെന്നും ശൂന്യമെന്നും ഒന്നായ രണ്ടറ്റങ്ങൾ.

മുമ്പു നടന്നു മറഞ്ഞവരുടെ കാൽപ്പാടുകൾ മണ്ണിൽ നിന്നും തെളിഞ്ഞു വന്നു വഴി കാട്ടുന്നു.
മുകളിൽ നീലാകാശത്തിലെ വെള്ള മേഘച്ചാലുകൾ.
ഭസ്മഗന്ധമുള്ള വിരലുകൾ വഴി ചൂണ്ടുന്നു.
അക്ഷരങ്ങളിൽ അവർ തന്നെ കനിവു പുരട്ടുന്നു.
ഗ്രാമം കാൽ നീട്ടി വയ്ക്കുന്ന ശിലയിൽ ഉറവയുടെ നിർഝരി മുഴങ്ങുന്നു.
തലയ്ക്കു പിന്നിൽ ചേർത്തുവച്ച കൈപ്പത്തിയോളം ആ നിർഝരി മുഴങ്ങുന്നുണ്ട്.
ശിരസ്സിൽ ശീവേലി.

പറയുന്നത് ഉറപ്പിക്കാന്‍ ഗുരുക്കന്മാരേയും ഉദ്ധരിക്കുന്നു, സാധാരണമല്ലല്ലോ അവളുടെ വാക്കുകള്‍. നടക്കുന്നതെന്തൊക്കെയാണെന്ന് നല്ല നിശ്ചയമുള്ളതുപോലെ. പുതുരേണു വിസ്മയം കൂറി. അവള്‍ക്കറിയാം അവര്‍ ഒന്നാകേണ്ടവര്‍ തന്നെയാണെന്ന്, ഇന്ദ്രനീലക്കണ്ണ്‍ പറഞ്ഞു.

ഒരിക്കല്‍ എന്തിനെന്നില്ലാതെ പിളർന്നുപോയ മിന്നൽപ്പിണരുകൾ
പിന്നെയും ഒന്നാകാറുണ്ട്.
അപ്പോൾ വായു ചലനത്തിന്റെ വഴി മാറ്റും.
നേർരേഖയിൽ നിന്നും തരംഗരൂപത്തിലേക്ക്.
ഉയർന്നും താണും പോകുന്ന ആവേഗങ്ങളിലൂടെ ചലനത്തിനു നൃത്തതാളം നല്കും.
പിളര്‍ന്നു നീങ്ങിനിന്ന കാലമെല്ലാം വീണ്ടും ആവേശത്തോടെ കടന്നെത്തും.
വായുവിന്റെ തിരമാലകൾ
ആകാശത്തിൽ കടൽ നൃത്തം നടത്തും.
ഗഗനത്തിൽ, ധ്രുവങ്ങളിലെ മഞ്ഞുപക്ഷികൾ കൂട്ടത്തോടെ പറക്കും,
ചിറകിനടിയിൽ അവർ സൂക്ഷിച്ച പ്രണയചൈതന്യം വിതറും.
അന്തരീക്ഷത്തിൽ നിറയും.
ധ്രുവങ്ങളിലേക്ക് നീങ്ങിപോയ മിന്നൽപ്പിളർപ്പുകൾ
വായുവിലൂടെ സ്പന്ദവേഗതയിൽ സഞ്ചരിക്കും.
മുളങ്കാടുകൾ ഇടയഗാനം ആലപിക്കും.
മഴയ്ക്കു മുമ്പേ മിന്നൽ പൊടികൾ ആകാശത്തു വരികളെഴുതും.
മുദ്രകളിലൂടെ, പ്രണയത്തിന്റെ ലോലമുദ്രകൾ.
നൃത്തവും സംഗീതവുമായി ഒരേ സമയം
ചലിക്കുന്ന മുദ്രകൾ പദങ്ങൾ.
കാറ്റിനൊപ്പം മുളങ്കാടുകൾക്കൊപ്പം മഴയും സംഗീതമൊരുക്കും.
ചേർച്ചയുടെ ചാരുതയിൽ സ്വയം മറന്നു നിന്നു കാഴ്ചക്കാരായ വെണ്മേഘങ്ങൾ
മിന്നലിനെ പൊതിയും.

You can share this post!