പൊറോട്ടയടിയും മാർക്സിയൻ കമ്മ്യൂണിസവും/അഡ്വ.പാവുമ്പ സഹദേവൻ

രാഷ്ട്രീയ ആക്ഷേപഹാസ്യ കുറിപ്പ്

ആറേഴ് വർഷം മുമ്പ് വരെയും യാത്രാവേളയിൽ,  എനിക്ക്  പൊറോട്ട കഴിക്കുന്ന ഒരു  ദുർശീലമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ കുറെ വർഷങ്ങളായി ഞാൻ പൊറോട്ട കഴിക്കാറില്ല. പൊറോട്ട അത്ര നല്ല ഭക്ഷണമല്ലെന്ന് എന്നോട് പലരും പറയാറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ഒരു പ്രത്യേക സാഹചര്യത്തിൽ എനിക്ക് കരുനാഗപ്പള്ളി പുട്ടുകടയിൽ കേറി പൊറോട്ട കഴിക്കേണ്ടി വരികയുണ്ടായി . അവിടെ മൊട്ടക്കറി ഇല്ലാത്തതിനാൽ ഞാൻ സാമ്പാർ ഒഴിച്ചാണ് പൊറോട്ട കഴിച്ചത്.  സാമ്പാറും പൊറോട്ടയും തമ്മിൽ വല്യ കോമ്പിനേഷനും ടെയിസ്റ്റുമൊന്നും  ഇല്ലെങ്കിലും, അത്യാവശ്യം രുചിയോടെ കഴിക്കാവുന്നതാണ്.  എന്നാൽ പൊറോട്ടയുടെ best combination ബീഫ് കറിയും മീൻ കറിയും ചിക്കൻ കറിയുമൊക്കെയാണെന്ന് ഏവർക്കുമറിയാമല്ലോ . ചെറുപ്പമായിരുന്നപ്പോൾ, പൊറോട്ടയിൽ പാലും പഞ്ചാരയുമിട്ട് കഴിക്കുന്നതായിരുന്നു എനിക്കിഷ്ടം. (ഒരു പക്ഷെ ഇത്രയധികം രചികരമായ best combination വേറൊന്നിനും കാണില്ല. ബീഫ് കറിയൊന്നും ഈ രുചിയുടെ ഏഴയലത്ത് എത്തുകയില്ല.).  പിന്നെ പിന്നെ മീങ്കറി ഒഴിച്ച് കഴിക്കുന്നതായി എനിക്കിഷ്ടം. അങ്ങനെ ഇഷ്ടങ്ങൾ മാറി മാറി ഇപ്പോൾ പൊറോട്ടയിൽ  മൊട്ടക്കറിയൊഴിച്ച് കഴിക്കുന്നതിലെത്തി നിൽക്കുന്നു കാര്യങ്ങൾ .  

ഇതൊക്കെ പറയുമ്പോൾ കമ്മ്യൂണിസവും പൊറോട്ടയും തമ്മിൽ എന്താണ് ബന്ധമെന്ന് നിങ്ങൾ ചോദിച്ചേക്കാം !   എന്നാൽ പൊറോട്ടയും കമ്മ്യൂണിസവും തമ്മിൽ ഒട്ടേറെ സാദൃശ്യങ്ങളുണ്ടെന്ന്,  കഴിഞ്ഞ ദിവസം പുട്ടുകടയിലിരുന്ന്  പൊറോട്ട കഴിച്ചപ്പോഴാണ് എനിക്ക് ഒരു വെളിപാട് പോലെ തലയിൽ മിന്നലാട്ടം ഉണ്ടായത് !    പൊറോട്ട കഴിച്ചാൽ ദഹിക്കാൻ പാടുള്ളതുപോലെ,  കമ്മ്യൂണിസ്റ്റ് സൈദ്ധാന്തിക ഗ്രന്ഥങ്ങളുടെ പാരായണവും  ദഹിക്കാൻ വല്യ പാടാണ്. പൊറോട്ട കഴിച്ചാൽ ശരീരത്തിന് ദോഷമുണ്ടാക്കുന്നതു പോലെ, കമ്മ്യൂണിസം വിഴുങ്ങിയാലും കാഴ്ചയ്ക്കും അനുഭവങ്ങൾക്കും ഒട്ടേറെ പ്രശ്നങ്ങളുണ്ട്.   ഇത് രണ്ടും കഴിച്ചിട്ടുള്ള എനിക്ക്,  ഇതിന്റെയൊക്കെ ഗുണങ്ങളും  ദോഷങ്ങളും  അടുത്തകാലത്തായാണ് കൂടുതൽ തോന്നിത്തുടങ്ങിയിട്ടുള്ളത്.  പൊറോട്ടയും രണ്ട് പെഗ്ഗ് മാർക്സിസ്റ്റ് വോഡ്കയും  കഴിക്കുന്നവർക്ക് ഒരു തരം കപടമായ ബലം തോന്നുകയും തങ്ങൾ എന്തൊക്കെയോ ആണെന്ന് അറിയാതെ തോന്നിപ്പോകുകയും ചിലരൊക്കെ അക്രമാസക്തരാവുകയും  ചെയ്യാറുണ്ട്. അങ്ങനെയായിരിക്കാം ഒരു പക്ഷെ അക്രമ രാഷ്ട്രീയം ഉൽഭവിച്ചത്.

സൈദ്ധാന്തിക മാർക്സിസം അപ്പാടെ വിഴുങ്ങുന്നവർക്ക് കാണുന്നതെല്ലാം മഞ്ഞിച്ചിരിക്കും എന്ന ഒരു പ്രശ്നവുമുണ്ട്. ഒരു പക്ഷെ റഷ്യയിൽ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്യുന്ന മൈതയ്ക്കും  കമ്മ്യൂണിസ്റ്റ് സിദ്ധാന്തങ്ങൾക്കും ഈ പ്രശ്നം ഇല്ലെന്ന് വന്നേക്കാം !  

അതെന്തായാലും, പൊറോട്ട ഉണ്ടാക്കുന്നതുപോലെ വളരെയധികം ബുദ്ധിമുട്ടാണ് കമ്മ്യൂണിസം കെട്ടിപ്പടുക്കുന്നതും.

പൊറോട്ടയുണ്ടാക്കാനായി അതുമായി മല്പിടുത്തം നടത്തുന്നതൊഴിലാളി അവസാനം വിയർത്തു കുളിച്ച് ക്ഷീണിക്കുന്നതുപോലെ, കമ്മ്യൂണിസം ഉണ്ടാക്കാൻ നമ്മുടെ തൊഴിലാളിവർഗ്ഗം എന്തെല്ലാം പെടാപ്പാടാണ് നടത്തുന്നത്. പൊറോട്ട ഉണ്ടാക്കുന്ന തൊഴിലാളിയുടെ വിയർപ്പ് മുഴുവൻ മൈതായിൽ വീഴുന്നതുകൊണ്ടാണ്, അതിന് ഒരു പ്രത്യേക രുചിയുള്ളതെന്ന് പലർക്കും അറിയില്ല ! കമ്മ്യൂണിസവും അതുപോലെ ഒട്ടേറെ സാധാരണ തൊഴിലാളികളുടെ വിയർപ്പൊഴുക്കിയും രക്തസാക്ഷിത്വം വരിച്ചുമാണല്ലോ കെട്ടിപ്പടുക്കുന്നത്.  എന്നാൽ പൊറോട്ടപോലയല്ല കമ്മ്യൂണിസം; കമ്മ്യൂണിസത്തിന്റെ രുചിയും സ്വർഗ്ഗീയ സുഖവുമെല്ലാം അനുഭവിക്കുന്നത് തൊഴിലാളിയല്ല, നേതാക്കളും ഭരിക്കുന്നവരും അവരുടെ ബന്ധുമിത്രാദികളുമാണ്  എന്നതാണ് അവ തമ്മിലുള്ള ഒരു  പ്രാധന വ്യത്യാസം.  പിന്നെ,  പൊറോട്ട ചില വൻകിട  ഹോട്ടലുകളിലൊക്കെ കലുകൊണ്ട് ചവിട്ടി കൊഴച്ചാണ് ഉണ്ടാക്കുന്നതെന്ന് ഞാൻ പറഞ്ഞു കേട്ടിട്ടുണ്ട്. അതുപോലെ കമ്മ്യൂണിസവും, ഒരു ഘട്ടം കഴിയുമ്പോൾ, അതിന്റെ നേതാക്കളും ഭരിക്കുന്നവരും കൂടി , അണികളെയും പാർട്ടി വിശ്വാസികളെയും ജനങ്ങളെയും  എടുത്തിട്ടു ചവുട്ടിക്കൂട്ടാറുണ്ട്. പൊറാട്ടയുണ്ടാക്കുന്ന അതേ വിശ്വാസ വഞ്ചനതന്നെയാണ്,  കമ്മ്യൂണിസ്റ്റ് പാർട്ടിയും ലോകത്താകെത്തന്നെ ഉണ്ടാക്കിയിട്ടുള്ളത് !

അങ്ങനെയാണ് ലോകത്താകെത്തന്നെ  വിശ്വാസത്തകർച്ച ഉണ്ടായിട്ടുള്ളത്.   അങ്ങനെയാണ് കമ്മ്യൂണിസ്റ്റ് ലോകത്ത് ചെഷസ്ക്യൂമാരും പോൾപോട്ടുമാരും ഉണ്ടാകുന്നത്.  

അങ്ങനെയാണ്, സ്വാശ്രയ മാനേജ മെന്റിന് കീഴിൽ കൊല ചെയ്യപ്പെട്ട ജിഷ്ണുവിന്റെ കമ്മ്യൂണിസ്റ്റ് കുടംബത്തിന് , കമ്മ്യൂണിസ്റ്റ് ഭരണത്തിൽ നിന്ന് നീതി ലഭിക്കപ്പെടാതെ പോവുന്നത്.

അങ്ങനെയാണ്,  ഇവിടെ നടക്കുന്ന പല കൊലപാതകങ്ങൾക്കും തെളിവുകളുടെ തുമ്പ് കിട്ടാതെ പോകുന്നത്. പോലീസ് തുമ്പു കിട്ടാതെ വലയുന്നു എന്നത് പത്ര ദൃശ്യമാധ്യമങ്ങളുടെ ഒരു സ്ഥിരം വ്യാജവാർത്താ പ്രചരണ ശൈലിയാണ്. 

ഞാൻ നേരത്തെ പറഞ്ഞതുപോലെ,  പൊറോട്ടയും മാർക്സിസവും തമ്മിൽ മറ്റൊട്ടേറെ രസകരമായ  ചേർച്ചകളും കാണാവുന്നതാണ്. 

പൊറോട്ട ഉണ്ടാക്കുന്നതും തൊഴിലാളിയാണ്, കമ്മ്യൂണിസം കെട്ടിപ്പടുക്കുന്നതും തൊഴിലാളി വർഗ്ഗമാണ് എന്നതാണ് പൊറോട്ടയും കമ്മ്യൂണിസവും തമ്മിലുള്ള മർമ്മ പ്രധാനമായ ഐകമത്യ ഘടകം. 

 പൊറോട്ട ഉണ്ടാക്കുന്ന ഹോട്ടലിലെ തൊഴിലാളിയും മുതലാളിയുമെല്ലാം ഒരുമിച്ചിരുന്ന് പൊറോട്ടയും ബീഫ് കറിയും കഴിക്കുമെന്നതാണ് അതിന്റെയൊരു കമ്മ്യൂണിസ്റ്റ് സമത്വം.  മറ്റൊന്ന്, പൊറോട്ട കഴിക്കുന്നവർക്കും മാർക്സിസ്റ്റ് സ്റ്റഡി ക്ലാസ്സിൽ പങ്കെടക്കുന്ന ബഹുഭൂരിപക്ഷത്തിനുമറിയാം ഇത് രണ്ടും ദഹിക്കില്ലെന്നും ഇതൊക്കെ കഴിച്ചാൽ വലിയ ഗുണമില്ലെന്നു മൊക്കെ . എന്നിരുന്നാലും പൊറോട്ടയും കമ്മ്യൂണിസ്റ്റ് കറിയും  കഴിക്കാതെ മലയാളിക്ക് ഉറക്കം വരില്ല എന്നതാണ് അതിന്റെയൊരു വൈരുദ്ധ്യാത്മക രഹസ്യം . 

ഇത്രയൊക്കെ ആയിട്ടും , സൂര്യന് താഴെയുള്ള ഏത് ചോദ്യത്തിനും മറുപടി പറയുന്ന കമ്മ്യൂണിസ്റ്റുകാരോട് ,  പൊറോട്ട കണ്ടുപിടിച്ചത് ആരാണെന്ന് ചോദിച്ചാൽ അവർ വായും പൊളിച്ച് നിന്നു പോകും. അതിന് നമ്മൾ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല., ലോകത്താർക്കും അറിയില്ല, പൊറോട്ട കണ്ടുപിടിച്ചത് ആരാണെന്ന് !  

പൊറോട്ട ഉണ്ടാക്കുന്ന മൈത കലക്കിയാണ് സഖാക്കൾ പാർട്ടി കോൺഗ്രസ്സിന്റെ വാൾ പോസ്റ്റർ ഒട്ടിക്കുന്നതെന്ന കാര്യം ആരും  മറക്കരുത് . ഈ അമേരിക്കൻ മാവ് ഇല്ലായിരുന്നെങ്കിൽ ഇത്ര കുറഞ്ഞ ചെലവിൽ സഖാക്കൾക്ക് പോസ്റ്റർ ഒട്ടിക്കാൻ കഴിയുമായിരുന്നോ എന്ന് ഞാൻ പലപ്പോഴും കുത്തിയിരുന്ന് ചിന്തിച്ചിട്ടുണ്ട്. സഖാക്കൾ എത്രയൊക്കെ അമേരിക്കൻ വിരുദ്ധ മുദ്രാവാക്യം വിളിച്ചാലും, ഈ കാര്യത്തിൽ ആ സാമ്രാജ്യത്വരാജ്യത്തോട് നന്ദി പറയണമെന്നാണ് എന്റെ  സുചിന്തിതമായ അഭിപ്രായം.  

പണ്ടൊക്കെ ഇത് അമേരിക്കൻ മാവ് ( മൈത) എന്നാണ് അറിയപ്പെട്ടിരുന്നതെങ്കിലും, ഈ കാര്യത്തിൽ മലയാളി തന്റെ  സാമ്രാജ്യത്വവിരുദ്ധ മനോഭാവം പ്രകടിപ്പിക്കാൻ അല്പം പോലും തയ്യാറല്ല എന്നതാണ് ഏറെ കൗതുകതരം.   അങ്ങനെയാണെങ്കിൽ, യൂറോപ്പിൽ നിന്നും റഷ്യയിൽ നിന്നുമൊക്കെ ഇറക്കുമതി ചെയ്തിരുന്ന കമ്മ്യൂണിസത്തെ എന്നേ നമ്മൾ മലയാളികൾ എതിർക്കേണ്ടതായിരുന്നില്ലേ. എന്തുകൊണ്ടോ, അങ്ങനെ  സംഭവിച്ചില്ല. അതാണ് ഞാൻ പറഞ്ഞു വരുന്നത്, അമേരിക്കൻ പൊറോട്ടയ്ക്കും റഷ്യൻ കമ്മ്യൂണിസത്തിനും തമ്മിൽ എന്തൊക്കെയോ രഹസ്യമായ വൈരുദ്ധ്യാത്മക  ബന്ധങ്ങളുണ്ടെന്ന്.    പണ്ടൊക്കെ സോവിയറ്റ് യൂണിയനിൽ മഴ പെയ്താൽ ഇവിടെ കുട പിടിക്കുമായിരുന്നു നമ്മുടെ കമ്മ്യൂണിസ്റ്റുകൾ. ഇപ്പോൾ അമേരിക്കയുടെ ആമസോൺ കാടുകളിൽ തീ പടർന്നാൽ, ഇവിടെ വെള്ളമൊഴിക്കുന്നതിന് യാതൊരു മടിയുമില്ല നമ്മുടെ മാർക്സിസ്റ്റുകൾക്ക്.  കാലം പോയ ഒരു പോക്കേ. നാളെ ആർക്കറിയാം, ചിലപ്പോൾ, അമേരിക്കൻ പൊറോട്ട – റഷ്യൻ കമ്മ്യൂണിസ്റ്റ്  വോഡ്ക ഐക്യം സിന്ദാബാ എന്നൊക്കെ  നമ്മുടെ മാർക്സിസ്റ്റുകൾ വിളിക്കില്ല എന്ന്.

 പ്ലേറ്റോണിയൻ കമ്മ്യൂണിസം, ഉട്ടോപ്യൻ കമ്മ്യൂണിസം, പോസ്റ്റ്മോഡേൺ കമ്മ്യൂണിസം  എന്നൊക്കെ പറയുന്നതുപോലെ, നാളെ പൊറോട്ടാ കമ്മ്യൂണിസം എന്ന പുതിയൊരു ന്യൂജെൻ കമ്മ്യൂണിസം ആനയിക്കപ്പെടുമോ എന്നാണ് ഞാൻ ഇപ്പോൾ ഭയപ്പെടുന്നത് !! 

You can share this post!