പൂട്ട്/സണ്ണി തായങ്കരി

ഇനിയിപ്പം എന്താ ചെയ്കായെന്ന് നിരീച്ചിരിക്കുമ്പം വിയർത്ത തോളത്ത് ഒരു തണുത്ത കൈത്തലം വന്നുപതിച്ച പോലെ. തിരിഞ്ഞുനോക്കിയെങ്കിലും ആരെയും കണ്ടില്ല. അല്ലേലെങ്ങനെ കാണാനാ? കറുപ്പിനുമേൽ കട്ടിക്കറുപ്പ് തേച്ചുപിടിപ്പിച്ച ഭൂതരാത്രിയല്ലേ പേടി യെപ്പോലും പേടിപ്പിക്കാനായി രണ്ടും കൽപ്പിച്ച് ഭൂതത്താൻകെട്ടുമലപോലെ നിൽക്കുന്നെ. ഓ, അതൊക്കെ വിണ്ടു കീറിയ മനസ്സിന്റെ തോന്നലാകാനാ വഴിയെന്ന് നിരീച്ചിരിക്കുമ്പഴാ, അല്ലടാ കൂവേ എന്ന മട്ടിൽ രാക്കൂമനൊന്ന് വല്ലാത്ത രൗദ്രതയോടെ നീട്ടികൂവിയത്. അതിന്റെ മുഴക്കം സകല രുദ്രഭൂതങ്ങ ളെയും  മലയക്ഷിപ്പരിഷകളേയും ഞെട്ടിച്ചു. കൂവലിന് ഒട്ടും തുടരിടം കൊടുക്കാതെ ചാട്ടുളിപ്പരുവത്തിൽ ഒരു കൂട്ടം യമക്കിളികൾ കറപ്പിനുമേൽ കറുകറുപ്പ് കുട്ടക്കണക്കിന്  കോരിയിട്ട്  തലയ്ക്കു തൊട്ടുമുകളിലൂടെ പറന്നു പോയി. അവയുടെ തൂവൽത്തുഴച്ചി ലിൽ എന്തോ പന്തികേടുതോന്നി ആന്തപ്പൻ പിടഞ്ഞെഴുന്നേറ്റു. അരിക ത്തുവെച്ചിരുന്ന പാതികാലിയായ വാറ്റുകുപ്പി തപ്പിയെങ്കിലും കൈയിൽ തടഞ്ഞത് പറമ്പ് മാന്താനിറങ്ങിയ നീണ്ടവാലുള്ള എലിയാണെന്ന്

തെരിഞ്ഞത് അതിന്റെ വൃത്തികെട്ട കീകീയെന്ന കരച്ചിലിനൊപ്പം  മണ്ണു പറ്റിപ്പിടിച്ച കയ്യേക്കിട്ടിയ കടിയോടെ യാണ്. വല്ലാതെ നൊമ്പരപ്പെട്ടുപോ യെങ്കിലും അന്നേരം ആന്തപ്പന് കയ്യേലൊരു മുള്ളുകൊണ്ടപോലേ തോന്നിയുള്ളു. എലിയെ വലിച്ചെറിഞ്ഞ് കുപ്പി പരതൽ തുടർന്നെങ്കിലും എവിടെക്കാണാൻ…

യമത്തൂവൽ ആരോ കൂട്ടത്തോടെ ഊയലാട്ടിയതുപോലൊരു എബണ്ടൻ ശീതക്കാറ്റ് അന്തംവിട്ടുനിന്ന മരത്തല പ്പുകളെ തോണ്ടി വിളിച്ചപ്പോഴും അയാൾ നിരാശയോടെ ഇരുട്ടിൽ കറുത്ത പൂച്ചയെ തെരഞ്ഞുകൊണ്ടി രുന്നു. അപ്പോഴാണ് കുപ്പി ആരോ തറേൽ വലിച്ചെറിഞ്ഞപ്പോൾ കല്ലേലോ മറ്റോ വീണുപൊട്ടിയപോലത്തെ ചെലമ്പിച്ച ഒച്ച കേട്ടത്.

“ഇതെന്തൊരു ഇരിപ്പാടാ കൂവേ…”

ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ ആന്തപ്പൻ കറുപ്പുചായം വീണ കണ്ണുകളോടെ ചുറ്റും പെരണ്ട് നോക്കി. ചെവിപ്പാള ദിശകളിലേക്ക് പമ്പരംപോലെ കറക്കി.  അങ്ങനങ്ങ് തെര്യപ്പെടാൻ തയ്യാറാ കാതെ ആന്തപ്പൻ വീണ്ടും വീണ്ടും ആന്തലോടെ കണ്ണുതിരുമ്മി നോക്കി യെങ്കിലും കാഴ്ചയിൽ കറുപ്പും കറുപ്പി ന്റെ കനപ്പും മാത്രം. കറുപ്പിന്റെ നെഞ്ച കത്തേയ്ക്ക് ഒരു മിന്നാമിനുങ്ങ് ഇടിച്ചു കയറുന്നതുമാത്രം കണ്ടു. ശബ്ദോറ വിടം  തെരയുന്നതിനിടയിൽ കുഴിയിൽ നിന്നെടുത്ത നനഞ്ഞ പശിമയുള്ള മണ്ണിൽ വേച്ച് കാൽതെറ്റി  താഴെ ചന്തി കുത്തി വീണു. അതോടെ പെഡലെറ്റു കമ്പനീടെ ക്വിക് ഫിക്സ് പൊരട്ടിയ പോലെ പശമണ്ണിൽ ചന്തിയൊട്ടി ഇരുന്നുപോയി.

“അതേടാ ആന്താ. നിന്റെപ്പൻ ചാക്കു ണ്ണി തന്നെയാടാ. കാലുതെറ്റി തൂമ്പാ യേൽ തലയിടിച്ചുവീണു ചത്ത  ഒറിജി

നപ്പൻ ചാക്കു.”

“അപ്പൻ…” 

ആന്തപ്പന്റെ ചങ്കിൽനിന്ന് വിറയൽ മുകളിലേക്ക് ഒരു വെള്ളിടിപോലെ പാഞ്ഞുകയറി തൊണ്ടക്കുഴിയിലെത്തി സഞ്ചാരപഥം നിലച്ചപ്പോലെ പകച്ച് നാവിനെ ചുഴറ്റിപ്പിടിച്ചു കളഞ്ഞു. അയാൾ ഇരുട്ടിന്റെ നിഴലിൽ കറുപ്പിന്റെ വെട്ടം കണ്ട്‌ പിടഞ്ഞെഴുന്നേറ്റപ്പോൾ പശമണ്ണ് ചന്തിഭാഗത്തെ തുണി കീറി യെടുത്ത് നാണം മറച്ചു.

“അപ്പൻ… അപ്പനെന്താ… ഇ…ഇവെടെ…”

“അതുശരി. ചത്തവർക്ക് സെമിത്തേ രിലേ കെടക്കാവൂന്ന് ഏത് ബൈബിളി ലാടാ പോത്തേ പറഞ്ഞിട്ടൊള്ളേ?”

ആന്തപ്പന്റെ പെരയ്ക്കകത്തെ രൂപക്കൂട്ടിലിരിക്കുന്ന ചാക്കൂന്റെപ്പൻ വാങ്ങിയ പിഞ്ഞിപൊടിഞ്ഞ ബൈബി ളിൽ അങ്ങനൊന്നും പറഞ്ഞിട്ടില്ലെ ന്നത് നേരാ. 

ആന്തപ്പന്റ ഉത്തരത്തിൽ കഴുക്കോല് മുട്ടിനിന്നു.

“നീ പുതിയ കരുത്തക്കേടൊപ്പിച്ചല്ലേടാ എരണം കെട്ടവനേ…”

“അപ്പാ… അതുപിന്നെ… ഞാൻ…” 

ഇരുട്ടിൽ പൂച്ചക്കണ്ണുപോലെ തിളങ്ങുന്ന കണ്ണുകൾ എല്ലാം കാണു ന്നുവെന്ന് അയാൾ അറിഞ്ഞു. ജീവി ച്ചിരിക്കുന്ന മകനും മരിച്ച അപ്പനു മിടയിൽ അക്ഷരങ്ങൾ ഇരുട്ടിനെ പ്പോലെ തേഞ്ഞുമലച്ചു.

“നീയിത് എന്തുപാവിച്ചാ ആന്താ? ആ ചെക്കനെന്ത് പെഴച്ചു?”

“അവന് പെരേം പറമ്പിന്റെ പാതീം വേണോന്ന് പറഞ്ഞാൽ…? പിന്നെ എസ്ത്രാക്കുട്ടി മേടേല് വല്ലപ്പോഴും

പോകുന്നത് അവൻ എല്ലാരോടും പറയുമെന്ന്…” 

പിതാവിനും പുത്രനുമിടയിൽ അപ്പോൾ പരിശുദ്ധാത്മാവില്ലായിരുന്നു.

“അപ്പനെന്നെ സഹായിക്കണം. ഒരു കയ്യബത്തം പറ്റിപ്പോയി.”

“കയ്യബത്തോന്റെ തന്തേ…” 

ചാക്കുവിന്റെ അലറിച്ചിരികേട്ട് കാറ്റുപോലും മരത്തലപ്പേൽ പേടിച്ച് അള്ളിപ്പിടിച്ചുപോയി. ആ പിടുത്ത ത്തിൽ ഒരുപറ്റം കാലൻ കോഴികൾ

ഞെട്ടിപ്പറന്നു. 

തൊട്ടടുത്ത് തലയ്ക്ക് മുകളിൽ ഒരിടി വെട്ടി. ഇരുട്ടെന്നു പറയുന്ന ഭൂമിയിലെ  സർവ കറുകറുപ്പിനെയും ഞൊടി യിടയിൽ അത് വെളുപ്പിച്ചു. ആകാശം മുട്ടിനിന്ന ഒരു വയസ്സൻ തെങ്ങിന്റെ മണ്ടയിൽ തീ തിരുവാമ്പാടിക്കാരുടെ രഹസ്യഅമിട്ടുപോലെ പൊട്ടിപ്പടർന്നു വികസിച്ചു. പച്ചോല കത്തിയ മരണ ഗന്ധത്തിൽ വയസ്സൻ തെങ്ങിന്റെ ശ്വാസം നിലച്ചു. അവസാന ഊർധന്റെ കരുത്തിൽ താഴേയ്ക്കുവീണ തീപ്പന്തം ആന്തപ്പന്റെ കഷണ്ടിത്തലയിലെ തരിശിടത്തെ വെല്ലുവിളിച്ച് അന്ത്യ ശ്വാസം വലിച്ചുനിന്ന മുടിയിഴകളെ ഉരുക്കി തരിശിടത്തിൽ തേച്ചു. അതിന്റെ പിടച്ചിലിൽ ആന്തപ്പന്റെ ചുരുണ്ടുപോയ ചങ്കിൽനിന്ന് ചോര പമ്പു ചെയ്യുന്ന വാൽവ് ഒരു നിമിഷം ശങ്കിച്ച് അതിന്റെ അടച്ചു തുറക്കലിന് തെല്ലിട മാന്ദ്യം വരുത്തി. 

ആറ് ആറരയടി നീളമുള്ള ഒരു വലിയ കുഴി. കുഴിയോട് ചേർന്ന് തുണിയിൽ പൊതിഞ്ഞ ഒരു ദേഹവും. തല മൂടി യിട്ടില്ല. ആ മുഖത്തേയ്ക്കുതന്നെ ഒരു കൊള്ളിമീൻ എത്തിനോക്കി. കുഴിയിൽ നിന്നെടുത്ത നനഞ്ഞ ചൊമപ്പു കലർന്ന പശമണ്ണ് മലപോലെ. സമീപത്തെ കായ്ക്കാത്ത തൈത്തെങ്ങിൽ ചാരി ഇണകളെപ്പോലെ അപ്പനെ ഒറ്റയടിക്ക് തീർത്ത തുമ്പായും സഹായി കമ്പിപ്പാ രയും.

“നീ അതേ തൂമ്പായ്ക്ക് അവനേം തീർത്തു.”

“അപ്പാ… അത്…”

“ഒറ്റയടിക്ക് തന്നാണോടാ തീർത്തേ?

മേത്തമ്മാരടെ എടേല് ഹലാലെന്നൊ

രേർപ്പാടൊണ്ട്. അതായത് ചോരകെട്ടി നിക്കാമ്പാടില്ല. തലയറക്കാത്തോണ്ട് ഇത് ആ വകുപ്പിപ്പെടുകേല. കൊല്ലുന്നേ നുമുമ്പ് മാടിനായാലും കോഴിയ്ക്കാ യാലും വെള്ളോം കൊടുക്കണം. നീയതും കൊടുത്തു കാണത്തില്ലെന്നെ

നിക്കറിയാം. ഈ അപ്പനല്ലേ ഏറ്റവും വലിയ ദ്രെഷ്ടാന്തം.”

ആന്തപ്പന്റെ വാൽവ് വീണ്ടും ഞൊടി നേരത്തേയ്ക്ക് പണിമുടക്കി.

“ഇത്രേമൊക്കെ ഒപ്പിച്ചില്ലേ? ഇനിയെന്ത് ചെയ്യാനാ നെന്റ പരിപാടി?”

“അതപ്പാ… ചാക്കിക്കെട്ടി കല്ലുകെട്ടി മണിമലയാറ്റിലെറിയാന്നു ആദ്യം കരുതി.പിന്നെ തോന്നി ശവമെങ്ങാനും പൊങ്ങിയാലോന്ന്…”

അപ്പനാത്മാവ് ആന്തന്റെ ഉള്ളിൽ കയറി തൊരപ്പനെപ്പോലെ മാന്തി ക്കൊണ്ടിരുന്നു.

“എന്നട്ട്…”

“കത്തിക്കാനെക്കൊണ്ട് നോക്കി. പക്ഷേങ്കി മണ്ണെണ്ണയ്ക്കെന്താ ഇപ്പോ വെല? ആ റേഷൻ മുക്കി നൗഷീന്റെ ബാപ്പ പുത്തൻ രൊക്കം വേണോന്ന് ഒറ്റ വാശീം… പിന്നെ വിജാരിച്ചു കുഴിയെടു ക്കാമെന്ന്. അതാകുമ്പോ പൂമിക്ക് വളോമാകും.”

അപ്പൻ മിണ്ടാട്ടത്തിന്റെ പൂട്ടിലേക്ക് താക്കോൽപോലെ ഊർന്നു കയറി തിക്കി.

“എന്നെ കൊന്നിട്ട് നീ രക്ഷപ്പെട്ടു. കുമ്പസാര രഹസോന്നു പറഞ്ഞ് ആ കള്ളപ്പാതിരിം സത്യമൊളിപ്പിച്ചു. നീയതിന് തിരിച്ചുപകാരം ചെയ്യുന്നത്

സെമിത്തേരിയിൽ കെടന്ന് ഞാൻ കാണുന്നൊണ്ട്.”

ആന്തപ്പന്റെ വാൽവ് വീണ്ടും പണി നിർത്തി ആന്തപ്പനെതന്നെയൊന്നു തുറിച്ചു നോക്കി.

പുറത്തേക്കിറങ്ങിയപ്പോൾ കാലുതെറ്റി തൂമ്പായിൽ തലയടിച്ച് വീണെന്നാണ് പോലീസിനോട് പറഞ്ഞത്. ആന്തപ്പന്റെ സുന്ദരിയായ ഭാര്യ എസ്ത്രക്കുട്ടി എസ്.ഐ.യുടെ പറ്റെനിന്ന് അത് വിവരിക്കുമ്പോൾ പമ്പാ അണക്കെട്ട് മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടപോലെ കണ്ണീർ ബ്ലൗസിനെ നനച്ച് ബ്രായ്ക്കു ള്ളിലേയ്ക്കൊഴുകി മറ്റെവിടെക്കൂ ടെയൊക്കെയോ ഒഴുകി താഴേയ്ക്കി

റങ്ങിപ്പോയി കടലിച്ചേർന്നു.. അപ്പോൾ വികാരിയച്ചൻ കുരിപ്പൻചിറയും അടുത്തുണ്ടായിരുന്നു. അച്ചന്റെ ഒത്താശയിൽ പോലീസ്  അതങ്ങ് സ്വാഭാവിക മരണത്തിലൊതുക്കി.

ശവമടക്ക് കഴിഞ്ഞതിന്റെ പിറ്റേന്ന് കുരിപ്പൻചിറ ആന്തപ്പനെ പള്ളിയി ലേക്ക് വിളിപ്പിച്ചു. ചരിത്രം കുറെ വിളമ്പി. ചാക്കുണ്ണിയുടെ ചരിത്രം ഇടവകയിലെ ദിനംപറഞ്ഞ പഴമക്കാരിൽനിന്ന് അച്ചൻ പണ്ടേ സമ്പാദിച്ചിട്ടുണ്ടായിരുന്നു. പളളിയുടെ സ്ഥിരം തൂമ്പാ പണിക്കാരനായിരുന്നു. ഇടത്തു കാലിന് സൈഡിലേക്ക് ഒരു വളവുണ്ട്. പേശിവലിവ് ജന്മനാ ഒള്ളതാ. എടത്തോട്ട് വെക്കുന്ന കാല് അനുസരണയില്ലാതെ വലത്തോട്ട് പോകും. എന്നാലും ഒരൊന്നൊന്നര പണിക്കാരനായിരുന്നു. കണക്കൊട്ടു പറേത്തുമില്ല.

പൊത്തുകെട്ടുകേസല്ലാതെ മറ്റൊരു കേസുകെട്ടിലും ചാക്കുണ്ണി പെട്ടിട്ടില്ല.

മുള്ളിയപ്പോൾ തെറിച്ച ബന്ധമുള്ള നാട്ടിലെ മൊതലാളി കൊച്ചുകോശി

യായിരുന്നു കൈക്കാരൻ. കൊച്ചു കോശി മൊതലാളിയുടെ കുടി കെടപ്പുകാരനായിരുന്നല്ലോ ചാക്കുണ്ണി. അയാൾ പള്ളിയിൽ തൂമ്പാപ്പണി തുടങ്ങുമ്പോൾ കൊച്ചുകോശി ചാക്കുണ്ണീടെ വീട്ടിലെത്തി പള്ളീലെ കണക്ക്, ചട്ടേം മുണ്ടുമുടുത്ത ഉരുണ്ട ചേട്ടത്തിയെ പറഞ്ഞു കേൾപ്പിക്കും.

കണക്ക് കേൾക്കുന്ന കാര്യത്തിൽ ചേട്ടത്തിക്ക് ഇഷ്ടക്കേടൊന്നും ഒണ്ടായിട്ടുമില്ല. 

ഒരു ദിവസം ഉച്ചക്കഞ്ഞിക്ക് ചെല്ലുമ്പം

ദേണ്ട് ചേട്ടത്തി തുണിയുടെ കാര്യത്തി ൽ സെമിപരുവത്തിൽ നെലത്ത് ഒരു വല്ലാത്ത നെലയിൽ കിടക്കുന്നു. അനക്കമില്ല.

അന്നത്തെ വികാരിയുടെ കൈകടത്ത പ്പാടുകൊണ്ട് കേസിനും വഴക്കിനുമൊ

ചാക്കുണ്ണി പോയില്ല. എല്ലാത്തിനും ഒരു പൊത്തോരുത്തമൊക്കെ വേണമല്ലോ.

ഒരു പത്ത് സെന്റ് പുരയിടം കൊച്ചു കോശി മൊതലാളിക്ക് ആ എനത്തിൽ അന്യാതീനമായി.

എടത്തോട്ടു വെക്കുമ്പോൾ വലത്തോട്ടു

പോകുന്ന വളഞ്ഞ കാലും പേശിവലി വും വെച്ച് തൂമ്പായോടും പാരയോടും ജീവരഹസ്യം കൃത്യമായി വീതിച്ചു കൊടുത്ത് രണ്ടാൺ മക്കളേയും ചാക്കു

ണ്ണി വളർത്തി. ആന്തൻ നാലിൽ തോറ്റ പ്പം പള്ളിക്കൂടത്തോട് സുല്ലിട്ടിറങ്ങി. അന്നത്തെക്കാലത്ത് സ്റ്റാർട്ടെപ്പെന്ന് പറഞ്ഞാൽ അല്ലറ ചില്ലറ മോഷണോം പിടിച്ചുപറിം മറ്റുമായിരുന്നു. ഏതായാലും കൊണം പിടിച്ചില്ല. എളേൻ മാത്തുക്കുട്ടി പത്തൊപ്പിച്ചു. ബംഗാളീം ബീഹാറീം മലയാളം കേരളത്തിന്റെ  രണ്ടാം ഭാഷയാക്കുന്ന തിനൊക്കെ മുമ്പുള്ള കാര്യമാ. കിഴക്ക മ്പലത്തെ സിദ്ധവൈദ്യൻ എം.സി. ജേക്കബ് ചേട്ടൻ വൈദ്യം കൂടാതെ നാട്ടുകാരെ നന്നാക്കാൻ അന്ന അലൂമിനിയം കമ്പനി തൊടങ്ങിയിട്ട് അധിക കാലമായിട്ടില്ല. വികാരിയച്ചന്റെ ഏർപ്പെടുത്തലിൽ മാത്തുക്കുട്ടി അവിടെ വലതുകാലു വെച്ചുകേറി.

എത്ര ചോദ്യം ചെയ്തിട്ടും ആന്തപ്പൻ സത്യത്തിനുമേലിട്ട കരിമ്പടം മാറ്റിയില്ല.

“ആന്തപ്പാ. സ്വത്തിനുവേണ്ടിയാണ് നീ തൂമ്പായ്ക്ക് തലയ്ക്കടിച്ച് ചാക്കുണ്ണി ചേട്ടനെ കൊന്നതെന്ന് എനിക്കറിയാം.”

അച്ചൻ തുറന്നടിച്ചങ്ങ് കാച്ചി. ഒരു തോന്നിലല്, പരുവപ്പെടുത്തി അങ്ങ് പറഞ്ഞുനോക്കിയതാ. അതേൽ ആന്തൻ കൊത്തി.

“ദേ, അച്ചൻ വേണ്ടാതീനം പറേല്ലേ. അച്ചനും മസ്കിയാമ്മയുമാണെ ന്നൊന്നും ഞാൻ നോക്കത്തില്ല എന്റെ കൊണം അച്ചനറിയും.”

മർമ്മപ്പണി കൊറച്ചൊക്കെ വശമുള്ള അച്ചനുനേരെ ചൂണ്ടിയ ആന്തന്റ വിരലിൽ കടന്നുപിടിച്ചൊടിച്ച് ഞെരടി ഒന്നും സംഭവിക്കാത്തമാതിരി കുരിപ്പൻചിറ ശാന്തനായി പറഞ്ഞു.

“നീ വേണേ പത്ത് വ്യഭിചരിച്ചോ. പിടിച്ചു

നില്ക്കാം. മോട്ടിച്ചാലും ദൈവവച്ചങ്ങ് കണ്ണടയ്ക്കും. പക്ഷേ, കൊലപാതകം മഹാപാപമാണ് ആന്തപ്പാ… ദൈവ സന്നിധിയിൽ അതിന് യാതൊരുവിധ പൊത്തോരുത്തോം കിട്ടത്തില്ല കേട്ടോ.”

വേദനകൊണ്ട് പുളഞ്ഞ ആന്തപ്പനെ ആശ്വസിപ്പിച്ചുകൊണ്ട് കുരിപ്പൻചിറ 

പമ്പാ അണക്കെട്ട് തുറന്നുവിട്ടത് ഭാവനയിൽ കണ്ടു.

“ഇനിയിപ്പം… ഞാനെന്താപ്പാ ചെയ്യ?” 

അയാൾ നിവർത്തി കെട്ടവനെപ്പോലെ പാതിവെന്ത കഷണ്ടിയിൽ ഇരു കൈയും താങ്ങി ഇരുന്നു. അപ്പൻ അപ്പനായിതന്നെനിന്നു. മകനല്ലേ? പെട്ടുപോയില്ലേ?

“ഇപ്രാവശ്യം ഞാൻ പെടുമോ അപ്പാ?”

വാൽവ് തുറന്നപ്പോഴുള്ള ആ ചോദ്യം അപ്പനെയും ഒന്നു കുരുക്കിക്കശക്കി.

ആന്തപ്പന്റെ ചുരുണ്ട നാവ് തരിച്ചു വിറച്ചു. തൊണ്ടക്കുഴിയിൽ അക്ഷര ങ്ങൾ ചതഞ്ഞരഞ്ഞു പണ്ടാരമടങ്ങി.

“മക്കളൊരു എടങ്കേറിൽപ്പെടുമ്പോ അപ്പനല്ലാതെ ആരാടാ  സഹായിക്കു ന്നെ. ങേ…?”

അതൊള്ളതാ. അപ്പന്റേം അമ്മേടെം അത്ര വരത്തില്ല മറ്റൊരുത്തനും.

അതൊക്കെ ശരിയാ… പക്ഷേ… 

ഇരുമ്പുതൂമ്പായുടെ തുരുമ്പിച്ച ചുറ്റുള്ള ഭാഗംകൊണ്ട് ഒറ്റയടിക്ക് ഊർധൻ വലിച്ച അപ്പൻ ആപത്തുസമയത്ത് സഹായിക്കുമോ? 

വൃക്ഷത്തലപ്പുകൾ ചുറ്റിപ്പിടിക്കാൻ ശ്രമിച്ച പുതപ്പ് വലിച്ചെറിഞ്ഞ് കാറ്റ് മദ്യപനെപ്പോലെ നിന്നാടി, ആന്തപ്പന്റെ ചുറ്റിലും. 

കിടുകിടെ വിറയ്ക്കുന്ന തണുപ്പിലും കറുത്തിരുണ്ട ശരീരം ഉള്ളിൽ ഉൽപ്പാദിപ്പിച്ച് പുറത്തേയ്ക്കൊഴുക്കിയ ഭയനീരിനെ കാറ്റ് നക്കിത്തുടച്ചു.

“നീയൊരു ഒറ്റപ്രക്കാടിയെപ്പോലാ ആന്താ. നെക്കൊരു കൈ സഹായ ത്തിന് ആരുമില്ലെന്ന് എനിക്കറിഞ്ഞൂ ടെ? ഇപ്പോ എസ്ത്രാക്കുട്ടീം നെന്നെ കൈവിട്ടപോലാ. നെനക്കെവിടാ ഒരു എടം? ഞാനൊന്നാലോചിക്കട്ടെ.”

ചാക്കുണ്ണി ചത്ത മനസ്സിലൊന്ന് തപ്പി. എവിടാ മകന് ഒരു സുരക്ഷിത ഇടം?

ആന്തപ്പന് തന്റെ ഏകത ആകാശം മുട്ടെ വളർന്ന് നിൽക്കുന്നതിന്റെ സങ്കടം

അപ്പോഴാണ് ശരിക്കും മനസ്സിലായത്.

അപ്പന്റെ ഇപ്പോഴത്തെ ഈ വരവ് തനിക്കൊരു തുണതന്നെയെന്ന് ആന്തൻ ഉറപ്പിച്ചു. പക്ഷേ കാര്യം കഴീമ്പം പിന്നെ വെച്ചേക്കില്ല ആന്തൻ ഈ ഗതികിട്ടാത്മാവിനെ. ആന്തപ്പന്റെ കൊണം അപ്പോ അപ്പനറിം. അങ്ങ് കറുകച്ചാലില് ചെകുത്താനേം വേണമെങ്കിൽ പുണ്യവാനെതന്നെയും മുള്ളുകൂട്ടിൽ കേറ്റുന്ന ഒരച്ചനുണ്ട്. കണക്കുപറഞ്ഞ് കാശു വാങ്ങുമെ ങ്കിലും കാര്യം അച്ചട്ടാ. അതല്ലേത്തന്നെ ഇക്കാലത്ത് ആരാ കാശ് കണക്കു പറഞ്ഞ് വാങ്ങാത്തെ. കാശാ ഇന്ന് ദൈവോം ഈശരനും അള്ളായുമെല്ലാം.

പ്രശ്ന പരിഹാരം കണ്ട ആന്തന്റെ മനസ്സ് ശാന്തിയുടെ തീരത്തെത്തി.

“അപ്പാ…”

ചത്ത മനസ്സിലെ കണകൂട്ടലുകൾ ടാലിയായപ്പോൾ അപ്പന് ജീവൻവെച്ചു.

“എന്നാ ശവത്തെ കുഴീലോട്ടിടട്ടെ…”

”എടാ മൊട്ടമൈ…” പച്ചത്തെറിയെ മരവിച്ച നാക്കിലൊതുക്കിപ്പിടിച്ച് ചാക്കു പറഞ്ഞു.

“നീയൊരു മണ്ടക്കിണാപ്പൻതന്നെ. നിക്കറേ മുള്ളി നടന്ന കാലം തൊട്ട് നിന്റമ്മ അതെപ്പോഴും പറേവാരുന്നു.

 നെന്റെ ശരീരേ വളന്നിട്ടൊള്ളടാ. തലേടെ പൊറംപോലെ അകോം പൊള്ളയാ…”

തന്തക്കഴുവേറീടെ ഒരു ചത്ത സുവി ശേഷം. ആന്തന്റെ പഴയ സ്ഥിതിയി ലായ നാക്ക് ചൊറിഞ്ഞു.

“എന്നാ അപ്പൻ ചെയ്യേണ്ട പറയ്…”

“എടാ ഇവനെ ഈ കുഴീലിട്ട് മൂടിയാ നാളെ പോലീസ് കണ്ടുപിടിക്കത്തില്ലേ?

നീ അകത്താകത്തില്ലേ?”

“ഓ, അതു ശെരിയാണല്ലോ അപ്പാ…

ഞാനത്രയങ്ങ് നിരീച്ചില്ല.”

അപ്പന്റാത്മാവ് തൈതെങ്ങേൽ ചാരിവെച്ചിരിക്കുന്ന സഹായിയെപ്പറ്റി ധ്യാനിച്ചു. രണ്ടാത്മാക്കളുടെ ശാന്തി ക്കായി മൂന്നാമതൊരാത്മാവ്… 

പിന്നെ വേണ്ടെന്നുവെച്ചു. ജനിപ്പിച്ചു പോയില്ലേ?

“അപ്പന്റെ ചത്ത പുത്തിയൊന്ന് തൊറക്ക്.”

“എടാ, നീ തട്ടിയത് എന്റെ മകനെ തന്നെയാ. അവൻ എന്റെ കൂടെ സെമിത്തേരിയിൽ കെടന്നോട്ടെ. ഒരു പോലീസും ചാക്കൂന്റെ കുഴിതൊര

ണ്ടാൻ വരുത്തില്ല.”

“അത് ശരിയാണല്ലോ.”

ആന്തപ്പൻ അപ്പന്റെ കാഞ്ഞ ബുദ്ധിയിൽ അഭിമാനിച്ച് കൈകാ ലുകളിലെ രോമം പൊങ്ങിയവനായി വിന്നർ സ്റ്റാന്റിലെ ഒന്നാമത്തെ സ്റ്റെപ്പിൽനിന്ന് അലറി ചിരിച്ചു.

ആകാശത്ത് ഇരുട്ടിന് തുളവീണതു പോലെ ഒരു മങ്ങിയ വെട്ടം കാണായി.

അപ്പൻ മകന്റെ തല തോളിലേന്തു മ്പോൾ ജീവനറ്റ ആ മുഖത്ത് മരവിച്ച

ചുണ്ടുകൊണ്ട് ഒരു ചുംബനം നൽകി.

കാല് തോളത്ത് വെക്കുമ്പോൾ ആന്തന്റെ മനസ്സ് പിരാകി. കഴുവേറിക്ക് മുടിഞ്ഞ ഭാരം.

ശവയാത്രയ്ക്ക് ഇരുട്ടും അതിന്റെ തുളയിൽനിന്ന് എത്തി നോക്കിയ നിഴൽ വെട്ടവും മുന്നിലും പിന്നിലുമായി നടന്നു. 

പ്രാത്ഥനാമന്ത്രങ്ങളില്ലാതെ, കുരിശും മുത്തുക്കുടയും അലങ്കരിച്ച ശവമഞ്ച

രുമില്ലാതെ ആ ശവയാത്ര എവിടേയ്

ക്കെന്ന് ആന്തന് സംശയമില്ലായിരുന്നു.

പ്രകാശത്തുള ആകാശം മുഴുവൻ പരന്ന് വികസിക്കുമ്പോൾ പോലീസ് സ്റ്റേഷനിൽ കിടത്തിയ ശവത്തിനു പിന്നിൽനിന്ന ആന്തപ്പന്റെ കൈയിൽ ഇരുമ്പുപൂട്ട് വീണരുന്നു.

കഥയുടെ പേര്   “പൂട്ട് ”

കഥ എങ്ങനെ?

*ദൈവവച്ചങ്ങ് ‘ദൈമത് വേണേൽ’ എന്ന് തിരുത്തണം.

You can share this post!

One Reply to “പൂട്ട്/സണ്ണി തായങ്കരി”

  1. കാച്ചിക്കുറുക്കി എടുത്ത വാക്കുകൾക്ക് മനസിനെ മഥിക്കുന്ന ശക്തി…. മനോഹരമായ ശൈലി സണ്ണി…. 👌

Comments are closed.