പാളം തെറ്റിയ സ്വപ്നങ്ങൾ

“വസന്തമേ എന്ന്‌ ഞാൻ വിളിച്ചപ്പോഴെല്ലാം നീ എനിക്ക്‌ ഒരുപിടി മന്താരങ്ങൾ തന്നു. ആ പൂക്കൾ ഞാൻ മഞ്ഞിനുള്ളിൽ കാത്തുവച്ചു. നീ താഴ്‌വാരത്തിലേക്ക്‌ നോക്കൂ അവിടെ ഒരു വസന്തം പൂത്തുനിൽക്കുന്നു.”. ഖലീൽ ജിബ്രാന്റെ ആ വരികൾ അയാളയച്ചതു ഓഫീസിന്റെ തിരക്കുകൾക്കിടയിൽ നന്ദിനിക്ക്‌ ശരിക്ക്‌ വായിക്കാൻ കഴിഞ്ഞിരുന്നില്ല. ട്രയിനിന്റെ സമയത്തിനെത്താൻ ഓഫീസിൽനിന്ന്‌ ഓടിയിറങ്ങിയപ്പോഴും പറ്റിയില്ല. ട്രെയിൻ ലേറ്റാണെന്നറിഞ്ഞപ്പോൾ എപ്പോഴും തോന്നാറുള്ള നീരസം ഇത്തവണ അവൾക്ക്‌ തോന്നാഞ്ഞത്‌ അതുകൊണ്ടാണ്‌. ആ സന്ദേശങ്ങളേക്കാൾ അവളെ സന്തോഷിപ്പിച്ചതു ലേറ്റായ വണ്ടിക്കുള്ള കാത്തിരിപ്പിനിടയിൽ വന്ന അയാളുടെ ഫോൺവിളിയാണ്‌.
“തീർച്ചയായും നിന്നെ മാത്രമല്ല ഞാൻ സ്നേഹിക്കുന്നത്‌ നിന്റെ പൊന്നാനിയനേയും അമ്മയേയും ഞാൻ സ്നേഹിക്കുന്നു നന്ദിനീ. അവരിനി എന്റേതുകൂടിയാണ്‌.” കേൾക്കാൻ ആഗ്രഹിച്ച വാക്കുകൾ. ആ വാക്കുകളുടെ സുഗന്ധത്തിൽ അലിഞ്ഞിരിക്കുമ്പോൾ ട്രെയിൻ വൈകിയാലെന്ത്‌!
സൂക്ഷിച്ചുവച്ച 500 രൂപയടെ നോട്ട്‌ ഇന്ന്‌ മനുവിന്‌ വാട്ടർകളർ മേടിക്കാനായി നോട്ടുകളായി മാറിയപ്പോൾ സങ്കടം തോന്നിയില്ല. ഒറ്റയ്ക്ക്‌ തുഴയുന്ന തോണിയിൽ ഇനി പങ്കായം പിടിക്കാൻ മറ്റൊരാൾ കൂടിയുണ്ടാവും. മനുവിന്റെ ചിത്രങ്ങൾക്ക്‌ ഒരു ദുരന്തസ്മരണയുടെ കടുത്ത ചായമുണ്ട്‌. മനുവിന്‌ ക്രയോൺസും പേനയും മേടിക്കാൻ വീടിനടുത്തുള്ള കടയിലേക്ക്‌ റോഡരികിലൂടെ സാവധാനം നടന്നുപോകുന്ന സ്നേഹനിധിയായ അച്ഛന്റെ മേൽ ദിശതെറ്റിയെത്തിയ ലോറി അശനിപാതമായ്‌ പതിച്ചു. മദ്യപിച്ചാണ്‌ അയാൾ വണ്ടിയോടിച്ചിരുന്നതെന്ന്‌ കണ്ടെത്തി.
ആ നടുക്കുന്ന ഓർമ്മകൾ മനുവിന്റെ ചിത്രങ്ങളിൽ കറുപ്പ്‌ കലർത്തി. അവൻ വരയ്ക്കാതായി . സ്കൂൾ അധ്യാപകരുടേയും തന്റെയും പ്രേരണയാൽ വീണ്ടും വരയ്ക്കാൻ തുടങ്ങിയിരിക്കുന്നു. ജില്ലാ തലത്തിൽ ജലഛായത്തിന്‌ അവന്‌ ഫസ്റ്റുണ്ട്‌. അതിനുള്ള സമ്മാനമായാണ്‌ ക്രയോണും വാട്ടർകളറുമെല്ലാം മേടിച്ചിരിക്കുന്നത്‌. അമ്മയ്ക്ക്‌ തൈലവും കുഴമ്പുമൊക്കെ  മേടിച്ചിട്ടുണ്ട്‌. ആയുർവേദ മരുന്നുകൾക്കൊക്കെ എന്താ വില! അല്ലെങ്കിൽ എന്തിനാണിപ്പോൾ വിലയില്ലാത്തത്‌. ബന്ധങ്ങൾക്ക്‌, അച്ഛൻ മരിച്ചപ്പോൾ വിലയില്ലാത്തത്തായിപ്പോയ ബന്ധങ്ങൾക്കു മുമ്പിൽ അമ്മയുടെ നിസ്സഹായത ഓർമ്മ വന്നപ്പോൾ നന്ദിനി അയാളുടെ വാക്കുകളുടെ മാധുര്യത്തിൽ ചാഞ്ഞിരുന്നു.
“വല്ലതും തായോ അമ്മാ‍ാ”
ഒരാൾ കൈയ്യിൽ തട്ടിവിളിക്കുന്നതുകേട്ടാണ്‌ അവൾ ചിന്തയിൽ നിന്നുണർന്നത്‌. അയാൾ കമ്പാർട്ടുമന്റിലെ നിലം തുടച്ച്‌ വൃത്തിയാക്കുന്ന ഭാവത്തിലാണ്‌. ഒരു കൈയ്യിൽ തുടയ്ക്കുന്ന തുണിയുണ്ട്‌. കാലുകൾ ശോഷിച്ചിരിക്കുന്നു. അവൾ ബാഗിൽ തപ്പിയില്ല. ട്രെയിനിറങ്ങിയാൽ ഓട്ടോയ്ക്ക്‌ പോകാനുള്ള കാശേ കാണൂ. പക്ഷേ അയാൾ വിടുന്ന മട്ടില്ല. അവൾ മറ്റൊരു ദിശയിലേക്ക്‌ നോട്ടം മാറ്റി അയാൾ പിന്നെയും കൈയ്യിൽ തട്ടി “വല്ലതും തായോ അമ്മാ‍ാ “അടുത്ത ഊഴം തങ്ങളുടേതാവാതിരിക്കാൻ മറ്റുള്ളവരാരും ആ ഭാഗത്തേയ്ക്ക്‌ നോക്കുന്നേയില്ല. നിവൃത്തികേടുകൊണ്ട്‌ അവൾ ബാഗ്‌ തപ്പി അഞ്ചു രൂപ അയാൾക്ക്‌ കൊടുത്തു. അയാൾ അത്‌ കുറഞ്ഞുപോയെന്ന മട്ടിൽ അവളെ ക്രൂരമായി നോക്കി അടുത്ത  ആളെ തട്ടി വിളിച്ചു. “വല്ലതും തായോ”
ട്രെയിൽ വൃത്തിയാക്കാൻ ആരും അയാളെ ഏൽപിച്ചിട്ടുണ്ടാവില്ല ഭിക്ഷാടനത്തിന്റെ ഒരു മുഖം മാത്രമാണിത്‌. ഇനിയും വരും ഓരോരുത്തരായങ്ങനെ ഉറക്കം നടിച്ച്‌ കിടന്നാലും തട്ടിയുണർത്തി കാശു ചോദിക്കുന്ന വിരുതന്മാരുണ്ട്‌. മിക്ക സ്ത്രീകളും ഭയന്ന്‌ വല്ലതും കൊടുത്ത്‌ ഒഴിവാക്കും. പാവപ്പെട്ടവരോട്‌ കാരുണ്യം കാണിക്കണം . കാരുണ്യം പിടിച്ചുവാങ്ങലാകരുത്‌. ഉള്ളവർ ഇല്ലാത്തവർക്ക്‌ കൊടുക്കണമെന്നതൊക്കെ നല്ലതാണ്‌ പക്ഷേ ഉള്ളവരോ ഇല്ലാത്തവരോ എന്ന്‌ നോട്ടമില്ലാത്ത ഈ പിടിച്ചുപറി കടുപ്പം തന്നെ. മറ്റെല്ലാ പ്രതിഷേധങ്ങളെയും പോലെ ഇതും അവളുടെ ഉള്ളിൽ എരിഞ്ഞടങ്ങി.
നന്ദിനിയ്ക്ക്‌ വല്ലാതെ വിശക്കുന്നുണ്ടായിരുന്നു. മുമ്പിൽത്തന്നെ ഒരു വീട്ടമ്മയും കുട്ടികളും ഇരുന്ന്‌ ട്രെയിനിൽനിന്ന്‌ വാങ്ങിയ കട്ലേറ്റും കാപ്പിയും കഴിക്കുന്നു. അവൾ രാവിലെ സ്വൽപം കഞ്ഞികുടിച്ചതേയുള്ളൂ. ഓഫീസിൽ ഒരാളുടെ ബർത്ത്ഡേ ട്രീറ്റുണ്ടാവും ഉച്ചയ്ക്ക്‌ എന്ന്‌ ഒരു നുണ പറഞ്ഞാണിറങ്ങിയത്‌. വച്ച ചോറ്‌ ഉച്ചയ്ക്ക്‌ അമ്മയ്ക്കും അനിയനും കഴിക്കാനേ ഉണ്ടാവൂ എന്ന്‌ അവൾക്ക്‌ തോന്നിയിരുന്നു. താൻ ഉച്ചയ്ക്ക്‌ സദ്യയുണ്ണുന്നുണ്ടാവും എന്ന ആശ്വാസത്തോടെ അവർ കഴിക്കട്ടെ. എന്താ അവളുടെ മനസ്സറിഞ്ഞപോലെ അന്നേരം അവളുടെ അമ്മയുടെ ഫോൺ വന്നു. “മോളേ നിങ്ങളുരണ്ടാളും കൂടി നട്ട കപ്പ പാകമായി മനു ഇന്ന്‌ കിളച്ചെടുത്തുട്ടോ. അമ്മ കപ്പപ്പുഴുക്ക്‌ ഉണ്ടാക്കി വച്ചിട്ടുണ്ട്‌. വീടു കഴിഞ്ഞാലുള്ള ഒരിത്തിരി സ്ഥലത്ത്‌ നിറയെ കപ്പ കുത്തിയിട്ടുണ്ട്‌. എല്ലാം എടുക്കാറായിട്ടുണ്ട്‌. കപ്പ പാവപ്പെട്ടവർക്ക്‌ ഒരാശ്വാസമാണ്‌. കപ്പ പുഴുങ്ങി കാന്താരിമുളകും വെളിച്ചെണ്ണയും ഉടച്ചുചേർത്തതിൽ തൊട്ടു കഴിക്കാൻ നല്ല സ്വാദാണ്‌. വിശേഷിച്ചെന്തെങ്കിലും ഉണ്ടാക്കിയാൽ ഒരിക്കലും അമ്മ പറയാറില്ല. ഒന്നതിശയപ്പെടുത്താൻ കാത്തുവയ്ക്കും. ഇന്നെന്തുപറ്റിയാവോ. മോൾക്ക്‌ വിശക്കുന്നുണ്ടെന്ന്‌ അമ്മയ്ക്ക്‌ തോന്നിപ്പോയിട്ടുണ്ടാവണം.അതാണമ്മമാരുടെ മനസ്സ്‌. ഹൃദയബന്ധമുള്ളവർക്കാവും അന്യോന്യം മനസ്സറിയാൻ.
ജോലിസ്ഥലത്തെ കാഷ്യർ കം മാനേജരെയാണ്‌ അവളോർത്തത്‌. ജീവിതം മരുഭൂമിയാകുമ്പോഴും ചില പച്ചപ്പുകളെങ്കിലും ഇല്ലാതിരിക്കില്ല എന്ന്‌ ഓർമ്മിപ്പിക്കാൻ ചിലരുടെ സ്നേഹസാന്നിദ്ധ്യം ഭൂമിയിലുണ്ടാകും. ഈ മാനേജരങ്ങനെയാണ്‌. ലാഭത്തിന്റെയും നഷ്ടത്തിന്റെയും ഇടയിൽക്കൂടി അങ്ങനെ ഒഴുകുന്ന സ്ഥാപനം എന്നിട്ടും കാശിന്‌ അത്യാവശ്യമുള്ള ദിവസങ്ങളിൽ ബാഗുമെടുത്ത്‌ പോകാനൊരുങ്ങുമ്പോൾ, അയാളുടെ മുഖത്തേക്ക്‌ നോക്കി പരുങ്ങി നിൽക്കുമ്പോൾ, അവളെ നോക്കി അയാൾ ചോദിക്കും  ‘അഡ്വാൻസല്ലേ എത്രയാ വേണ്ടത്‌?’ അത്യാവശ്യത്തിനുള്ള ചുരുങ്ങിയ തുകയേ അവൾ ചോദിക്കൂ എന്ന്‌ അയാൾക്കറിയാം. പലപ്പോഴും ശമ്പളം കിട്ടുന്നതിനുമുമ്പേ അതിന്റെ പകുതിയോളം അവൾ അഡ്വാൻസായി വാങ്ങിച്ചിട്ടുണ്ടാവും. അതിലാർക്കുമില്ല പരിഭവം. ‘യഥാരാജാ തഥാപ്രജ’ എന്നു പറഞ്ഞപോലെ അയാളുടെ സ്നേഹപൂർണ്ണമായ പെരുമാറ്റം ചുറ്റിലും സ്നേഹം വിതറുന്നു. ‘റെയിൻബോ പ്രിന്റിംഗ്‌’ എന്നു പേരുള്ള ആ സ്ഥാപനത്തെ എല്ലാവരും സ്നേഹിച്ചു. എല്ലാവരെയും ഉൾപ്പെടുത്തി അദ്ദേഹം അവിടെ ഒരു കുറിയും നടത്തുന്നുണ്ട്‌. അത്‌ വട്ടെമെത്താറായി കിണറു കുഴിക്കാനുള്ള തുക ആയിട്ടുണ്ടാവും.
ആകാശപ്പാടത്ത്‌ തീപടരുന്നപോലെ ചുവപ്പ്‌ രാശി പടരുന്നു. അവൾക്ക്‌ പതിവില്ലാത്തൊരു ഭയം തോന്നി.
“എന്റെ സൂര്യൻ എരിഞ്ഞടങ്ങി
സന്ധ്യതൻ സ്വർണ്ണ മേടയിൽ
എന്റെ കുങ്കുമപ്പാടമാകവേ
ഇന്ന്‌ കത്തിയെരിഞ്ഞുപോയ്‌”
അവൾ പാട്ടിലെ വരികൾ മൂളി. ഒച്ചയനക്കങ്ങൾ കേട്ട്‌ മുമ്പിൽ വനിത വായിച്ചുകൊണ്ടിരുന്ന സ്ത്രീ മുഖമുയർത്തി. അവൾ പെട്ടെന്ന്‌ മൂളിപ്പാട്ടൊക്കെ നിർത്തി. അതുവരെ അവർ പുസ്തകത്തിൽനിന്ന്‌ കണ്ണെടുക്കുന്നേ ഉണ്ടായിരുന്നില്ലല്ലോ. അവരുടെ കുട്ടികൾ ഉറക്കമായിരുന്നു. അവർ മുഖമുയർത്തിയ നിമിഷം മുതലെടുത്ത്‌ അവൾ ചോദിച്ചു. “ചേച്ചീ ഏത്‌ സ്റ്റേഷനിലാ ഇറങ്ങുന്നേ ? സ്റ്റേഷന്റെ പേരു കേട്ടപ്പോൾ അവൾക്ക്‌ വിഷമമായി. താനിറങ്ങേണ്ട സ്റ്റേഷനും മുമ്പിലാണ്‌. അവർ ഇറങ്ങിക്കഴിഞ്ഞാൽ ഒറ്റയ്ക്കാവും. ജനറൽ കമ്പാർട്ട്‌മന്റിലേക്ക്‌ മാറിക്കേറിയാലോ. വേണ്ട വാതിൽക്കൽതന്നെ കള്ളുകുടിച്ച്‌ പൂസായി നിൽക്കുന്നവരുണ്ടാകാം. കണ്ണുകൊണ്ടും ചിലപ്പോൾ കൈയ്യുകൊണ്ടുമുള്ള ഉഴിച്ചിലിലും ഭേദം  ഇവിടെ ഒറ്റയ്ക്കിരിക്കുന്നതാവും എന്ന തീരുമാനത്തിലവളെത്തി.
ഒരിക്കൽ മാത്രമേ ജനറൽ കമ്പാർട്ടുമന്റിൽ കയറിയിട്ടുള്ളൂ. അന്നൊരാൾ അടുത്തുവന്നിരുന്നു തോണ്ടാനും മറ്റും തുടങ്ങിയപ്പോൾ അയാളുടെ കൈ തട്ടിമാറ്റി. കമ്പാർട്ടുമന്റിൽ പാട്ടുകേൾക്കുന്നവരും, ഉറക്കം തൂങ്ങുന്നവരും , വാരികകൾ വായിക്കുന്നവരുമായി കുറേ സഹയാത്രികരുണ്ടായിരുന്നു. ആരും അതൊന്നും ഗൗനിക്കുന്നേ ഉണ്ടായിരുന്നില്ല. സങ്കടം തോന്നി. എന്നാൽ അതിൽ ഒരാൾ മാത്രം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അയാൾ രക്ഷയ്ക്കെത്തി. തോണ്ടിയ ആളെ പരിഹസിച്ചു. അയാളുടെ സീറ്റിനരികിലായി സ്ഥലമുണ്ടാക്കി ‘ഇവിടെ ഇരുന്നോളൂ ഒരു ശല്യത്തിനും ആരും വരില്ല’ എന്നവളെ ആശ്വസിപ്പിച്ചു. അയാളുടെ ഉറച്ച ശബ്ദത്തിൽ അവൾക്ക്‌ വിശ്വാസം തോന്നിയിരുന്നു. അയാൾ വിട്ടിരുന്നു വിശേഷങ്ങൾ ചോദിച്ച്‌ പരിചയപ്പെട്ടു. “ഒരു കുടുംബത്തെ ഒറ്റയ്ക്ക്‌ പോറ്റുന്ന ഈ ധീരയായ പെൺകുട്ടിയ എനിക്ക്‌ വേണം. വിവാഹാലോചനകൾ ഒന്നും ശരിയാവാതിരുന്നത്‌ ഇതിനുവേണ്ടിയാകാം.” അയാളുടെ തീരുമാനം പെട്ടന്നായിരുന്നു. നിന്റെ തീരുമാനമാണിനി വേണ്ടത്‌. വീട്ടുകാരുമായ്‌ ആലോചിച്ചറിയിക്കൂ ഇതാണെന്റെ അഡ്രസ്സ്‌. ഫോൺ നമ്പറും ജോലിസ്ഥലത്തെ മേൽവിലാസവുമടങ്ങിയ കാർഡ്‌ തന്നു. അപ്പോഴേക്കും അവൾക്കിറങ്ങാനുള്ള ഇടമെത്തിയിരുന്നു. അവൾ മലയാളം ബി.എ. ആണെങ്കിൽ അയാൾ മലയാളം എം.എ. ആയിരുന്നു. എല്ലാംകൊണ്ടും അവൾക്കയാളെ ഇഷ്ടമായിരുന്നു. വായിക്കാനും എഴുതാനും താത്പര്യമുള്ള ഒരാൾ. അല്ല അങ്ങനോരാൾക്കേ പ്രതീക്ഷിക്കാനൊന്നുമില്ലാത്ത തന്നെപ്പോലൊരു പെൺകുട്ടിയെ ജീവിതത്തിലേക്ക്‌ ക്ഷണിക്കാനാവൂ.  അവൾക്ക്‌ ദേവദൂതനപ്പോലെ തോന്നിച്ച അയാളെ വിട്ടിറങ്ങാൻ സങ്കടം തോന്നി. വീട്ടിലെത്തിയ ഉടനെ അമ്മയോട്‌ വിവരങ്ങൾ വിശദമായി പറഞ്ഞു. അയാൾതന്ന കാർഡിലെ വീട്ടഡ്രസ്സിലും സ്ഥാപനത്തിന്റെ നമ്പറിലും വിളിച്ച്‌ വിവരങ്ങൾ അന്വേഷിച്ചു. അമ്മ അയാൾക്ക്‌ വാക്കുകൊടുത്തു. അടുത്ത ആഴ്ച വീട്ടുകാരോടൊപ്പം അയാൾ വരുന്നുണ്ട്‌. ഔപചാരികമായ പെണ്ണുകാണലിനും ഉറപ്പിക്കലിനുമായി.
വിവാഹം ഒരിക്കലും പ്രാപിക്കാനാവാത്ത ഒരാഡംബരമായി കരുതിയിരുന്നതുകൊണ്ട്‌ അവൾ വിവാഹത്തെക്കുറിച്ച്‌ സ്വപ്നങ്ങളൊന്നും കണ്ടിരുന്നില്ല. പഞ്ചായത്തിന്റെ കാരുണ്യത്താൽ ലഭിച്ച വീടിന്റെ പണി മുഴുവനാക്കുക, ചുമരുകൾ തേച്ച നിലം കാവിയിട്ട വീടിന്റെ ഉമ്മറത്തെ ഇത്തിരിസ്ഥലത്ത്‌  അമ്മയോടും അനിയനോടുമൊപ്പം ഇരുന്നു സൊള്ളുക. മോഹനസ്വപ്നങ്ങൾ അതൊക്കെയായിരുന്നു. അച്ഛന്റെ മരണശേഷം അമ്മയെ അച്ഛന്റെ വീട്ടുകാർ വീട്ടിലും പറമ്പിലും പണിയെടുപ്പിച്ചു അമ്മയുടെ കഷ്ടതകൾ പരിധിവിട്ടപ്പോൾ അച്ഛനെ സ്നേഹിക്കുന്ന നാട്ടുകാരിടപെട്ടു. അങ്ങനെ പത്ത്‌ സെന്റ്‌ സ്ഥലം അവർക്ക്‌ വിട്ടുതരേണ്ടിവന്നു. ഏക്കറുകണക്കിന്‌ ഭൂമിയുണ്ടവർക്ക്‌. ആ സ്ഥലത്താണിപ്പോൾ ഒരു ചെറിയ വീട്‌ പണിതിരിക്കുന്നത്‌. ഇനി കിണറു കുഴിക്കണം. ജോലിയിൽ നിന്ന്‌ മിച്ചം വച്ച കാശ്‌ ശരിയായി വരുന്നുണ്ടതിന്‌. പഞ്ചായത്ത്‌ പൈപ്പിലെ വെള്ളം ചില നേരങ്ങളിലേ വരാറുള്ളൂ. വയ്യാത്ത അമ്മ വേണം പിടിച്ചു വയ്ക്കാൻ അനിയനുള്ള നേരത്താണെങ്കിൽ  അവൻ പിടിച്ചു വയ്ക്കാറുണ്ട്‌. വെള്ളത്തിന്‌ ക്ലോറിൻ ചുവയുണ്ടാകും. കുടിക്കാൻ നല്ലത്‌ കിണർവെള്ളം തന്നെ. ‘മുറ്റത്തെ ചെപ്പിനടപ്പില്ല’ കിണറിനെക്കുറിച്ചോർത്തപ്പോൾ കടംകഥകൾ ചോദിച്ച്‌ രസിച്ച്‌ ബാല്യകാലം ഓർമ്മവന്നു. കടംകഥകൾ അവൾക്കോർമ്മചെപ്പാണ്‌. അച്ഛനുണ്ടായിരുന്ന കാലത്ത്‌ തറവാട്ടിലെ ആഹ്ലാദച്ചിരികൾ, കളിപ്പാട്ടങ്ങൾ – അച്ഛന്റെ കൃഷി, കാശ്‌, വിശ്രമമില്ലാത്ത പണികൾ – ഇതിനെല്ലാം തറവാട്ടിൽ വിലയുണ്ടായിരുന്നു. അച്ഛൻ മരിച്ചതോടെയാണല്ലോ തങ്ങൾ എടുക്കാത്ത നാണയങ്ങളായത്‌.
കമ്പാർട്ടുമന്റിലെ വാരിക വായിച്ചുകൊണ്ടിരുന്ന വനിതാമണി ഇറങ്ങുകയായി. അവർ കുട്ടികളെ തട്ടിയുണർത്തി. അവൾ കുട്ടികളെ ചെരിപ്പിടാനും മറ്റും കൈപിടിച്ചൊന്നു സഹായിച്ചു. ആ സ്ത്രീയാകട്ടെ മറ്റൊന്നിലും ശ്രദ്ധിക്കുന്നില്ല. അവരുടെ ബാഗുകളും മറ്റും എടുത്തു ശരിയാക്കിവയ്ക്കുന്നു. ഇറങ്ങുമ്പോൾ എല്ലാം എടുത്തില്ലേ എന്നൊന്നുകൂടി നോക്കി ഉറപ്പുവരുത്തി ധൃതിയിൽ നടന്നു. കുട്ടികൾ യാത്രപറയുംപോലെ അവളെ നോക്കി. അവർ ഇറങ്ങിപ്പോയപ്പോൾ ഒറ്റപ്പെടലിന്റെ നൊമ്പരം അവളിലേക്കരിച്ചിറങ്ങി. അവർ ഇറങ്ങിയ ഉടനെത്തന്നെ തടിച്ച ഒരാൾ കമ്പാർട്ടുമന്റിലേക്ക്‌ ചാടിക്കയറിയതുപോലെ അവൾക്ക്‌ തോന്നിയിരുന്നു. പിന്നെ ഒന്നും കാണാഞ്ഞപ്പോൾ അത്‌ തന്റെ തോന്നലായിരിക്കുമെന്നാണ്‌ അവൾ ധരിച്ചതു. പേടികൊണ്ട്‌ അങ്ങനെ തോന്നാനിടയുണ്ട്‌. താനേറ്റവും ഭയപ്പെടുന്ന ഒരു കാര്യമാണല്ലോ അത്‌. സ്ത്രീകളുടെ കമ്പാർട്ടുമന്റാണെങ്കിലും ഭിക്ഷക്കാരായ പുരുഷന്മാർക്കിവിടെ വിലക്കില്ല. ജനറൽ കമ്പാർട്ടുമന്റാണെങ്കിൽ നന്മയുള്ള ഒരു മനസ്സിനെ രക്ഷയ്ക്കായ്‌ പ്രതീക്ഷിക്കയെങ്കിലും ചെയ്യാമല്ലോ.
അവൾക്കന്നേരം അമ്മയെ വിളിക്കണമെന്ന്‌ തോന്നി. അവൾ ബജ്ടുത്തു അപ്പോഴാ മനുഷ്യൻ ബാത്‌ർറൂമിനരികെ നിൽക്കുന്നു. അപ്പോൾ കമ്പാർട്ടുമന്റിലേക്ക്‌ അങ്ങനെയൊരാൾ കയറിയെന്ന്‌ തനിക്കു തോന്നിയത്‌ വെറുമൊരു കിനാവായിരുന്നില്ല സത്യം. കഴുകൻ ചിറകുകളുമായി പറന്നടുത്തിരിക്കുന്ന സത്യം .  അയാളുടെ  കണ്ണുകൾ ക്രൂരമായി തിളങ്ങുന്നുണ്ടായിരുന്നു. അഭിനയിക്കാത്ത കണ്ണുകൾ ഒറ്റിക്കൊടുക്കും. അയാൾക്കുള്ളിലുള്ള സകലതും കേറിയ ഉടനെ അയാൾ ബാത്‌ർറൂമിൽ പോയിരിക്കണം അതാണ്‌ പിന്നെ കാണാതായത്‌. അയാളെ കാണുമ്പോൾ നന്മനിറഞ്ഞ ഒരു പ്രവൃത്തി അയാളിൽനിന്ന്‌ പ്രതീക്ഷിക്കേണ്ട എന്നു തോന്നും. ഉപദ്രവമാകാതിരുന്നാൽ മതി. അവൾ അമ്മയെ ഫോണിൽ വിളിച്ചു. എന്തൊക്കെയോ സംസാരിച്ചു. “വിശക്കുന്നമ്മേ. ഒരു കട്ടൻകാപ്പിവച്ചോളൂ. മധുരമിട്ട കട്ടൻകാപ്പിയും കപ്പപ്പുഴുക്കും നല്ല ചേർച്ചയാണ്‌. അരി കഴിഞ്ഞിരിക്കയായിരുന്നൂലോ. ഞാൻ മേടിച്ചിട്ടുണ്ട്‌ പൊന്നി അരിയാണ്‌ അധികം വേവുണ്ടാവില്ല അതിന്‌. വെറക്‌ കുറച്ച്‌ ഉപയോഗിച്ചാൽ മതിയല്ലോ” അവൾ അടുത്താരോടോ എന്നപോലെ ആശ്വാസത്തിനായ്‌ ഉറക്കെ സംസാരിച്ചു. സംഭാഷണം അധികനേരം നീട്ടിക്കൊണ്ടുപോയിട്ട്‌ കാര്യമൊന്നുമില്ല ഫോണിലെ കാശുതീരുമെന്നല്ലാതെ എന്നു തോന്നിയതുകൊണ്ട്‌ അവൾ സംഭാഷണമവസാനിപ്പിച്ചു. ഫോൺ ബാഗിൽ തിരികെ വച്ച്‌ അവൾ ബാഗിനോട്‌ ചേർന്നിരുന്നു.
അവൾ ഫോൺ വിളിക്കുന്ന നേരത്തെല്ലാം ഒരു മുനിയെപ്പോലെ ബാത്‌ർറൂമിന്റെ വാതിൽക്കൽ അനങ്ങാതെ നിൽക്കയായിരുന്ന അയാൾ പൊടുന്നനെ അവളുടെ എതിർസീറ്റിലേക്ക്‌ ചാടിയിരുന്നു. അവളുടെ ബാഗ്‌ കവർന്നെടുക്കാനായിശ്രമം. അനിയന്റെ ചായക്കൂട്ടുകൾ, അമ്മയുടെ മരുന്ന്‌, അരി എല്ലാമടങ്ങിയ ബാഗ്‌ അവൾ വിട്ടുകൊടുത്തില്ല. ഒരു കൊടുങ്കാറ്റിനു മുമ്പിൽ ഒരു കാട്ടുപൂവിന്‌ എത്രനേരം  പിടിച്ചുനിൽക്കാനാവും രക്ഷപ്പെടാനുള്ള അവസാന ശ്രമം എന്നനിലയ്ക്ക്‌ വാതിൽക്കലേക്കോടിയ അവളെ അയാൾ പാളത്തിലേക്ക്‌ തള്ളിയിട്ടു. അകന്നുപോവുന്ന ട്രെയിനിന്റെ ശബ്ദത്തിൽ അവളുടെ നിലവിളിബധിരകർണങ്ങളിൽ ചെന്നുപതിച്ചു. ആ കൊടുങ്കാറ്റ്‌ പിന്നെയും അനേകം സുന്ദരപുഷ്പങ്ങളെ വിടർന്ന്‌ വിലസും മുമ്പേ അടർത്തി വീഴ്ത്തി അതിന്റെ പ്രചണ്ഡതാളം തുടരുന്നു കാലാതിവർത്തിയായി.

You can share this post!