പാമ്പ്//ജി. മനു പുലിയൂർ

രാവിലെ, ഉണർന്നപ്പോൾ
ജന്നൽ പാളിയിൽ
തല ചതഞ്ഞ
ഒരു കരിമുർഖൻ
തൂങ്ങി മരിച്ചു കിടക്കുന്നു.
ഒരു നിലവിളി
പുക്കിൾ വള്ളിയിൽ നിന്ന്
ശിരസ്സിലേക്ക്
ഇരച്ചു കയറി.
അകലെയുള്ളോരും
അരികിലുള്ളോരും
ഓടിവന്നു.
ഉടൻ, കൊല്ലണം
അവർക്ക് മൂർഖനെ.
ചത്തതാണെന്നു പറഞ്ഞിട്ടും
പരീക്ഷിക്കുവാൻ
നിൽക്കുകയാണവർ
പാമ്പുകൾ, സാഹസികമായി
കൊല്ലപ്പെട്ട കഥകൾ
കൂടു തുറന്ന്
അവർക്കിടയിലൂടെ
ഇഴഞ്ഞു നടന്നു.
“ഇണ, ഇവിടെത്തന്നെയുണ്ട് “
“സർപ്പദോഷമുള്ള മണ്ണാ “
അഭിപ്രായങ്ങൾ
പാമ്പിൽ പടം പോലെ
ചുരുണ്ടു കിടന്നു.
ഒരുവൻ
വടിയുടെ സൂചിമുനയിൽ
ചോദ്യചിഹ്നമാക്കി നിർത്തി, മൂർഖനെ.
നീണ്ടു കറുത്ത്
ഭൂതകാലങ്ങളുടെ
വിഷം പുരണ്ട
മുറിപ്പാടുകൾക്ക് നേരെ
വായ് പിളർത്തി
അത്, കിടക്കുന്നു.
നടന്നുപോയവരുടെ
കാൽപ്പാടുകൾ
സർപ്പക്കളമായ്
മണ്ണുനിറയെ
പാണ്ഡുകളായി
പതിഞ്ഞു
കിടക്കുന്നു.

You can share this post!