ഇപ്പോഴും നമ്മൾ ഒരു വിഷയത്തെക്കുറിച്ച് നോവൽ എഴുതുക എന്ന കാഴ്ചപ്പാടിൽതന്നെ കഴിയുകയാണ്. പുനത്തിൽ കുഞ്ഞബ്ദുള്ള മുൻപൊരിക്കൽ പ്രഖ്യാപിച്ചതോർക്കുന്നു, എംടിയെ ആസ്പദമാക്കി നോവൽ എഴുതുമെന്ന്. നോവൽ മറ്റെന്തിനെങ്കിലും വേണ്ടിയുള്ളതാണെന്ന ഒരു ധാരണ പ്രചരിച്ചിട്ടുണ്ട്. മുൻകാലങ്ങളിലെ ചില നോവലുകളുടെ പുറന്തോടിൽ നിന്ന് പുറത്തുവരാൻ കഴിയാത്തതിന്റെ ഫലമാണിത്. വിക്ടർ യൂഗോയുടെ ‘പാവങ്ങൾ’ ഒരു പ്രദേശത്തിന്റെ ചരിത്രമോ, ഒരു വ്യക്തിയുടെ ചരിത്രമോ അല്ലല്ലോ. അതിനുമൊക്കെ അപ്പുറത്ത് അത് വൈയക്തികമാണ്.
ഒരു വിഷയം മുൻകൂട്ടി കണ്ട് അതിനെക്കുറിച്ച് വിശദമായി പഠിച്ച് നോവലെഴുതുന്നവരുണ്ട്. അത് പക്ഷേ, പ്രമേയത്തിന്റെ പ്രാധാന്യംകൊണ്ടാണ് നിൽക്കുന്നത്. ആ പ്രമേയത്തെക്കുറിച്ച് വസ്തുതാപരമായ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവരും നോവൽ തേടിവരും. എന്നാൽ ഇതൊക്കെ നോവൽ എന്ന കലയ്ക്ക് ഒരു സംഭാവനയും ചെയ്യുന്നില്ല. ഒരു കലാകാരന്റെ കണ്ണുകളോടെ നോക്കേണ്ടതുണ്ട്. ഈ കാലഘട്ടത്തിലെ ഭൂരിപക്ഷം നോവലുകൾക്കും കലാകാരന്റെ/കലാകാരിയുടെ നോട്ടം ലഭിച്ചിട്ടില്ല. ആഖ്യാനം സ്ഥൂലമായ വസ്തുതകളെക്കുറിച്ചാണ്. സ്വാതന്ത്ര്യസമരം, ഗ്രാമചരിത്രം, സ്ത്രീവിമോചനം, രാഷ്ട്രീയ നാടകങ്ങൾ ഇങ്ങനെ നീളുന്നു പ്രമേയങ്ങൾ. ഇതിനിടയിൽ നോവലിസ്റ്റിൻ കാണാനുണ്ടാവില്ല.
എഴുതുന്നയാളിന്റെ ഒരന്തർലോകം നോവലിലുണ്ടാകണം. അയാൾ നിശ്ചയിക്കുന്ന നിയമങ്ങൾ, ലോകത്തെ അയാൾ സൗന്ദര്യവൽക്കരിക്കുന്നതിന്റെ വിചിത്രമായ അനുഭവങ്ങൾ, പ്രാപഞ്ചികമായ ജൈവ അനുഭവങ്ങൾ ഇതെല്ലാം ഒരാളിൽനിന്ന് വളരെ ശ്രദ്ധാപൂർവ്വം വരേണ്ടതാണ്. എഴുതുന്നതിനുമുമ്പേ നിശ്ചയിച്ച കാര്യങ്ങളല്ല ഇതൊന്നും. കെട്ടിടത്തിനു പ്ലാൻ വരയ്ക്കുന്നതുപോലെ എല്ലാം മുൻകൂട്ടി ഉറപ്പിച്ചശേഷം നോവലെഴുതുന്നവരെ കയ്യോടെ പിടികൂടി പിഴ ചുമത്തുകയാണ് വേണ്ടത്. വല്ലാത്ത ഒരു അരസികഭാവം അതിലുണ്ട്. കലാകാരനാകാൻ മനസ്സില്ല, അല്ലെങ്കിൽ കഴിവില്ല എന്ന ഒരു നിലപാട് അതിൽനിന്ന് വായിച്ചെടുക്കാവുന്നതാണ്.
ഏത് വസ്തുവിനെക്കുറിച്ചും, ആന്തരാർത്ഥങ്ങൾ ഒന്നുംതന്നെ തരാതെ, ചരിത്രം എന്ന പോലെ വിവരിച്ചുപോകുന്നവരെയാണ് നോവലിസ്റ്റുകളായി ഇന്നും കണ്ടുവരുന്നത്. നിർജീവമായ ഒരു ഗദ്യം, വളരെ ക്രൂരമായി വായനക്കാരനെ തുറിച്ചുനോക്കിക്കൊണ്ടിരിക്കും. മനസിനു ദാഹജലം നൽകാത്ത മറുപ്പരപ്പായി ആ ഗദ്യം അങ്ങനെ കിടക്കും.
നോവലിൽ കലാകാരന്റെ അനുഭവങ്ങൾ ഉണ്ടാകണം. പ്രത്യേകതരം ഭാവനയിലൂടെ ഭാവിയെ പിടിച്ചുകൊണ്ടുവരാനാകണം. സൗന്ദര്യം നിർമ്മിക്കാനാകണം. അതിനു നിലവിലുള്ള യാഥാസ്ഥിതിക വിദ്യാഭ്യാസരീതിയെ മറികടക്കുകതന്നെ വേണം. ഒരു എഴുത്തുകാരന്റെ ആന്തരികയാത്രയുടെ അങ്ങേയറ്റത്തെ ഇടമാണത്. എന്റെ നവനോവൽ സങ്കൽപം മൂന്നു കൃതികളിലായി ഞാൻ ആവിഷ്കരിച്ചിട്ടുണ്ട് – ജലഛായ, ശ്രീനാരായണായ, വാൻഗോഗിന്. ഒരു നവനോവൽ പ്രസ്ഥാനമാണ് ഈ കൃതികൾ അവതരിപ്പിക്കുന്നത്.
എനിക്ക് കലയെക്കുറിച്ചുള്ള ചിന്തയും വ്യക്തി എന്ന നിലയിലുളള സൗന്ദര്യ നിർമ്മാണവും എത്രമാത്രം സാധിക്കുമോ അത്രയും ഈ മൂന്നു കൃതികളിലുമായി ഉൾക്കൊള്ളിച്ചിട്ടുണ്ട്. ‘ശ്രീനാരായണായ’ എന്ന നോവലിൽ ഗുരുവിന്റെ ജീവിതവും ദർശനവുമാണ് വിവരിച്ചിരിക്കുന്നതെന്ന് ആരെങ്കിലും വിചാരിക്കുന്നുവേങ്കിൽ തെറ്റി. അത് ഗുരുവിനെക്കുറിച്ചുപോലുമല്ല പറയുന്നത്; എന്റെ സൗന്ദര്യാന്വേഷണമാണത്. അതിനുള്ള സാങ്കൽപിക ലോകമാണ് നിർമ്മിച്ചിരിക്കുന്നത്. ഗുരു ഒരു സാക്ഷിയായി അതിൽ നിൽക്കുന്നതേയുള്ളൂ. ഗുരു മാത്രമാണ് അതിൽ യഥാർത്ഥമായിട്ടുള്ളത്. മറ്റൊരു ദർശനത്തിലേക്ക് എന്നെ നടത്തിച്ച വരികളാണ് അതിലുള്ളത്.
പ്രമുഖ നോവലിസ്റ്റ് വ്ലാഡിമിർ നബോക്കാവ് (ലോലിത പെയിൽ ഫയർ തുടങ്ങിയ കൃതികളുടെ രചയിതാവ്) തന്റെ വിമർശകരോട് പറഞ്ഞതോർക്കുകയാണ്. നബോക്കോവിന്റെ നോവലിലെ പ്രമേയം എന്താണെന്ന് മനസിലായില്ലെന്ന ചിലരുടെ വിമർശനത്തിനാണ് മറുപടി. “നമ്മൾ ഒരു വസ്തുവിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചാൽ, ആ പ്രവൃത്തിതന്നെ ആ വസ്തുവിന്റെ ചരിത്രത്തിലേക്ക് നമ്മെ അറിയാതെ കൂട്ടിക്കൊണ്ടുപോകും”- അദ്ദേഹം പറഞ്ഞു.
മുഷിഞ്ഞുനാറിയ ഒരു മുറിയിലേക്ക് കയറിയാൽ ഉടനെ, ഒരു നൂറ്റാണ്ടിനുമുൻപുള്ള മറ്റൊരു നഗരത്തിലേക്ക് ഒരു നിരീക്ഷകനെ നയിച്ചെന്നിരിക്കും. ആ നഗരത്തിൽ ദസ്തയെവ്സ്കിയെപ്പോലൊരാൾ ചുതുകളിക്കാൻ വന്നാൽ….? അപ്പോൾ പ്രമേയം മറ്റൊരു വഴിക്ക് പോകില്ലേ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.
നോവൽ വെറും പ്രമേയമല്ല; അത് ഒരു എഴുത്തുകാരന്റെ കലയുടെ ആഘോഷമാണ്. സൗന്ദര്യത്തിന്റെ പുതിയ തലങ്ങൾ ഭാഷയിലും വസ്തുക്കളിലുമായി നിറയുമ്പോഴാണ് അത് സംഭവിക്കുന്നത്. പ്രമേയം പിന്നിലേക്ക് മാറിനിൽക്കാനുള്ളതാണ്. വായനക്കാരൻ ഇത് കണ്ടെത്തുന്നതിലാണ് ശിക്ഷണം നേടേണ്ടത്. അങ്ങനെയുള്ള വായനക്കാരാണ് സാഹിത്യത്തെ അറിയുന്നത്. അല്ലാത്തവർ, അവാർഡ് കിട്ടുന്ന കൃതികൾ മാത്രം വായിക്കുന്നവരാണ്.