നവവത്സരപതിപ്പ് 2022/ മണ്ണ്/അജിതൻ ചിറ്റാട്ടുകര

എന്നാൽ ,ഇവിടെ ഒരാൾക്ക് പെണ്ണിനോട് അത്ര ഭ്രമമൊന്നുമില്ല.
മണ്ണാണ് അയാളുടെ പ്രാണൻ.
മണ്ണെന്നു പറഞ്ഞാൽ ഭൂമിയെന്നും അർത്ഥവ്യാപ്തിയുണ്ടല്ലോ.
പറഞ്ഞു വരുന്നത് കുരിയച്ചിറയിലെ തൊമ്മിച്ചനെക്കുറിച്ചാണ്.
ചരിത്രം പരിശോധിച്ചാൽ തെക്കുവടക്ക് നടന്നിരുന്ന തൊമ്മിച്ചൻ ഒരു ജന്മിയായി വളർന്നത് ഗൾഫിൽ പോയതിനു ശേഷമാണ്.
അവിടെ ആദ്യം അറബിയുടെ കടയിലെ എടുത്തുകൊടുപ്പുകാരൻ മാത്രമായിരുന്ന തൊമ്മിച്ചൻ പടിപടിയായാണ് പരുന്തിന് പറന്നു പോകാൻ പറ്റാത്ത വിധത്തിൽ പണക്കാരനായി മാറിയത്.കടയിലെ ശമ്പളക്കാരനിൽ നിന്നും കടയുടമയിലേക്കു നീണ്ട അയാളുടെ തലവര എത്തി നിന്നത് ആസ്തികളുടെ അലമാരകളിലായിരുന്നു.
ഒടുവിൽ ഗൾഫ് മതിയാക്കി നാട്ടിലേക്കു മടങ്ങുമ്പോൾ അയാളുടെ വയസ് 55.
ഇതിനിടയിൽ കോട്ടയത്തെ റബ്ബർതോട്ടങ്ങൾ പെറ്റുവളർത്തിയ ശോശാമ്മ അയാളുടെ സഹധർമ്മിണിയായി.
ഗൾഫിൽ നിന്നും അവധിക്കു നാട്ടിലെത്തുന്ന ഓരോ തവണയും ഓരോ കുഞ്ഞ് എന്ന ക്രമത്തിൽ അയാൾ മൂന്ന് കുട്ടികളേയുമുണ്ടാക്കി.
രണ്ട് പെണ്ണും ഒരാണും
ഇരുപത്തഞ്ചാം വയസിൽ എണ്ണപ്പാടങ്ങളുടെ നാട്ടിലേക്ക് വണ്ടി കയറുമ്പോൾ മെലിഞ്ഞ് കൊലുന്നനെയുണ്ടായിരുന്ന തൊമ്മിച്ചനെ കൂട്ടുകാർ വിളിച്ചിരുന്നത് ‘വാൽറ്റ്യൂബ്’ എന്നായിരുന്നു.എന്നാൽ ഇന്നയാൾ മഹാമേരു പോലെ തടിച്ചിരിക്കുന്നു. അന്ന് അരയിൽ ഒട്ടിക്കിടന്നിരുന്ന അയാളുടെ ഉദരമിന്ന് ഗജസമാനമായിരിക്കുന്നു. മുറ്റിത്തഴച്ചുനിന്നിരുന്ന മുടി പാതിയിലേറെ നരയ്ക്കുകയും നെറ്റി കയറുകയും ചെയ്തിരിക്കുന്നു…
പോരാത്തതിന് ഒരു കീഴ്വഴക്കം പോലെ ഷുഗറും കൊളസ്ട്രോളും ബോണസ്സായി കിട്ടിയിട്ടുമുണ്ട്.
ഗൾഫിൽ നിന്നും വന്നതിനു ശേഷവും തൊമ്മിച്ചൻ വെറുതെയിരുന്നില്ല.
കൈയ്യിൽ കുറച്ച് കാശ് വന്നു ചേർന്നാൽ അത് പെരുപ്പിക്കാനുള്ള ത്വര ആർക്കുമുണ്ടാകും.എത്ര കൂട്ടിവച്ചാലും മതിയാകാത്തതായി ഒന്നേ ഉള്ളൂ.അത് പണമാണ് – സമ്പത്താണ്. അതിന് അയാൾ തിരഞ്ഞെടുത്ത മാർഗ്ഗം മാതൃകാപരമായിരുന്നു. കൃഷി കൊണ്ടാണ് അയാൾ പിന്നെ സാമ്രാജ്യങ്ങൾ വെട്ടിപ്പിടിക്കാൻ തുടങ്ങിയത്.
അതിനു വേണ്ടി അയാൾ കുറേ തെങ്ങിൻപറമ്പുകളും പാടങ്ങളും വാങ്ങിക്കൂട്ടി.
ലക്ഷ്യം പോലെ മാർഗ്ഗവും നന്നാവണമെന്ന ഗാന്ധിയൻ കാഴ്ചപ്പാടിനേക്കാൾ ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കുമെന്ന ലെനിനിസ്റ്റ് സിദ്ധാന്തമാണ് അയാളെ മുന്നോട്ട് നയിച്ചത്.
എന്തായാലും അതോടെ പട്ടിണിപ്പാവങ്ങളുടെ കഷ്ടകാലവും തുടങ്ങി എന്നേ പറയേണ്ടൂ. രണ്ട് സെൻ്റിലും മൂന്ന് സെൻ്റിലുമൊക്കെ താമസിച്ചിരുന്നവരുടെ നടവഴികൾ അടച്ചുകെട്ടിക്കൊണ്ടാണ് അയാൾ ചില പുതിയ പദപ്രശ്നങ്ങളുണ്ടാക്കിയത്.തൻ്റെ കൃഷിയിടത്തിലൂടെ മൂന്നടി വഴിയുടെ മറ്റൊരു അവകാശി കൂടി ഉണ്ടാകുന്നത് സമ്മതിച്ചു കൊടുക്കാനുള്ള വിശാലമനസ്ഥിതിയൊന്നും അയാൾക്കുണ്ടായിരുന്നില്ല.
എതിർക്കുന്നവരെ മണത്തറിഞ്ഞ് ഒതുക്കുന്നതിനായി അയാൾ തന്ത്രപൂർവ്വം സിവിൽ നീതിന്യായങ്ങളെ സമർത്ഥമായി ഉപയോഗിച്ചു. കോടതികളിൽ നിന്നും ഇൻജംങ്ഷൻ ഓർഡർ നേടി അവരുടെ കൈയ്യും കാലും വായും കെട്ടി താൽക്കാലികമായി അയാൾ യുദ്ധം ജയിച്ചു.
അതിന് ഭരണകക്ഷിക്കാരായ ചില ഊച്ചാളി രാഷ്ട്രീയക്കാർ കാശുവാങ്ങി അയാളെ സഹായിക്കുകയുണ്ടായെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.
കോടതികൾക്ക് പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഭേദമില്ലല്ലോ.
പണവും സ്വാധീനവുമില്ലാത്തവൻ പോയി ചത്തു തുലയട്ടെ എന്ന മട്ടിലാണ് എല്ലാം ,എവിടെയും. പണം സംസാരിക്കുമ്പോൾ സത്യം മൂകമാകുന്നു എന്ന ജാപ്പാനീസ് പഴമൊഴി ഇത്തരുണത്തിൽ സ്മരണീയം.
കമ്മ്യൂണിസ്റ്റ് ഭാഷയിൽ കുരിയച്ചിറയിലെ തൊമ്മിച്ചൻ ഒരു മുതലാളിത്തമൂരാച്ചിയായി പരിവർത്തനപ്പെട്ട ആളാണ്. അതായത് കാലഹരണപ്പെട്ട പുണ്യവാളൻമാരുടെ കാഴ്ചപ്പാടിൽ അമേരിക്കൻ സാമ്രാജ്യത്വത്തിൻ്റെ ബീജം .
പുതിയ വ്യവസ്ഥിതിയിലാണെങ്കിൽ കോർപ്പറേറ്റുകളുടെ താവഴിക്കാരൻ.
അതുകൊണ്ട് അയാളുടെ രക്തത്തിൽ വേട്ടയാടാനും പിടിച്ചടക്കാനുമുള്ള ഒടുങ്ങാത്ത അഭിവാഞ്ചയുണ്ടാകും. അയാൾവേട്ടക്കാരുടെ സന്തതിപരമ്പരയാണ്.
എന്നാൽ ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയുടെ ടയർ പഞ്ചറായതുപോലെ പെട്ടെന്നാണ് കാര്യങ്ങളെല്ലാം തകിടം മറിഞ്ഞത്.അതിന് നിമിത്തമായത് ഒരു സ്വപ്നവും. സ്വപ്നമെന്ന് പറഞ്ഞ് നിസ്സാരവൽക്കരിക്കുന്നതിനേക്കാൾ ദുസ്വപ്നമെന്നു പറയുന്നതാവും തൊമ്മിച്ചനെ സംബന്ധിച്ചിടത്തോളം കൂടുതൽ ശരി.
ആരൊക്കെയോ രാത്രിയിൽ ഒളിച്ചു വന്ന് തൊമ്മിച്ചൻ്റെ കൃഷിയിടത്തിൽ പ്രവേശിക്കുന്നതും തെങ്ങിൽ നിന്നും തേങ്ങയിട്ടു കൊണ്ടു പോകുന്നതുമായിരുന്നു ആ പേക്കിനാവ്.
തൊമ്മിച്ചന് സർവ്വശക്തിയുമെടുത്ത് അവരെ തടയണമെന്നുണ്ടായിരുന്നു. അവരോട് ചില പോലീസ് ഏമാൻമാരെപ്പോലെ പുളിച്ച പച്ചത്തെറി പറഞ്ഞ് കയർക്കണമെന്നുമുണ്ടായിരുന്നു. ഗുസ്തിക്കാരെപ്പോലെ മൽപ്പിടുത്തം നടത്തിയോ, അതല്ലെങ്കിൽ കടത്തനാടൻ കളരിമുറയിൽ വീഴ്ത്തിയോ അവരെ കീഴ്പ്പെടുത്തണമെന്നും അയാൾ ആഗ്രഹിച്ചു..
എന്നാൽ, അയാൾക്ക് ഒന്നിനും കഴിഞ്ഞില്ല.
ഒന്ന് അനങ്ങാനോ മിണ്ടാനോ പോലും സാധിക്കാതെ അയാൾ ദയനീയമായി പരാജയപ്പെട്ടു.
അനങ്ങാൻ കിണഞ്ഞു ശ്രമിച്ചപ്പോൾ കോമയിലെന്നതു പോലെയായി.
ഒച്ചയുയർത്താൻ തുനിഞ്ഞപ്പോൾ ഊമയായെന്നതുപോലെയും .
തൊമ്മിച്ചൻ ഇങ്ങനെ വല്ലാതെ വിഷമിക്കവേയാണ് കറണ്ട് പോയി ടിവി ഓഫായതുപോലെ പെട്ടെന്ന് സ്വപ്നവും ഉറക്കവും അയാളെ വിട്ടുപോയത്.
” ശോശാമ്മെ ” അയാൾ ഉടനെ ബെഡ്ഡിൽ എണീറ്റിരുന്ന് ഭാര്യയെ തോണ്ടിവിളിച്ചു.
ഒന്നു രണ്ടു തവണ തോണ്ടിയപ്പോൾ ശോശാമ്മയുടെ ഉറക്കം പാതിയിൽ മുറിഞ്ഞു.
” മഉം എന്താ?” ശോശാമ്മയുടെ സ്വരത്തിൽ ഉറക്കത്തിൽ നിന്നും വിളിച്ചുണർത്തിയതിലുള്ള നീരസം.
തുടർന്ന് അയാളിൽ നിന്നും കാര്യമറിഞ്ഞപ്പോൾ അത് അരിശമായി മാറി.
“ഈ നട്ടപ്പാതിരായ്ക്ക് ആര് തേങ്ങയിടാനാ?!”കടന്നല് മുഖത്ത് കുത്തിയതുപോലുള്ള മുഖഭാവത്തോടെയായിരുന്നു ശോശാമ്മയുടെ ചോദ്യം.
എന്നാൽ അതിനെ മറ്റൊരു മറുചോദ്യം കൊണ്ടാണ് തൊമ്മിച്ചൻ നേരിട്ടത്.
“വല്ലവൻ്റേം പറമ്പില് പിന്നെ പകല് വന്ന് ആരെങ്കിലും തേങ്ങയിടുമോടീ?”
ശോശാമ്മ അപ്പോഴാണ് സ്ഥലകാലബോധത്തിലേക്കിറങ്ങി വന്നത്.
” നിങ്ങള് വല്ല സ്വപ്നവും കണ്ടതായിരിക്കും” അവൾ പറഞ്ഞു.
“ചില സ്വപ്നങ്ങള് കർത്താവിൻ്റെ മുന്നറിയിപ്പുകളാണ് ശോശാമ്മെ “തൊമ്മിച്ചൻ ഒരു നിമിഷം പള്ളിവികാരിയെപ്പോലെ ധ്യാനനിമഗ്നനായി.
“ഓ പിന്നെ! കർത്താവിനിപ്പോൾ നിങ്ങടെ തേങ്ങയ്ക്ക് കാവലിരിക്കലല്ലേ പണി….ഒക്കെ നിങ്ങടെ വെറും തോന്നലാണ് മനുഷ്യാ”
“തോന്നലൊന്നുമല്ല. എല്ലാം ഞാനീ കണ്ണുകൾ കൊണ്ട് കണ്ടതാ ”
“ഉവ്വുവ്വ്. ഉറങ്ങിക്കിടക്കുന്ന നിങ്ങളെങ്ങിന്യാ തെങ്ങേൽ കേറി തേങ്ങാ പറിക്കുന്നവരെ കാണുന്നത്?”
മാർഗ്ഗതടസ്സമുണ്ടാക്കുന്ന ആ ചോദ്യത്തിനു മുൻപിൽ തൊമ്മിച്ചൻ പതറിപ്പോയി. ശോശാമ്മ രാജാവിനെ വെട്ടി കളി ജയിച്ചതുപോലെ അയാൾക്കു മേൽ മേധാവിത്തം പുലർത്തിക്കഴിഞ്ഞു.
അതോടെ താൻ കണ്ടത് തോന്നലോ സ്വപ്നമോ യാഥാർത്ഥ്യമോ എന്ന മാജിക് വലയത്തിനകത്ത് അയാൾ തെല്ലുനേരം കുരുങ്ങിക്കിടന്നു.
ശോശാമ്മ പേക്കാച്ചിത്തവളയുടെ ഈണത്തിൽ കൂർക്കംവലി പുനരാരംഭിച്ചപ്പോഴാണ് പിന്നെ അയാൾ വീണ്ടും ലൈവായത്.
ഉറക്കത്തിൻ്റെ കാര്യത്തിൽ ശോശാമ്മ ഒരു ദുർമ്മേദസ്സാണെന്നാണ് കൂടെക്കിടന്നു തുടങ്ങിയ കാലം മുതലേ അയാൾക്കറിയാം.
കിടക്കപ്പായ കണ്ടാൽ മതിയത്രെ, ശോശാമ്മ ജഡാവസ്ഥയിലാവാൻ!
ഇതൊന്നും പോരാതെയാണ് ശോശാമ്മയുടെ സുദീർഘമായ പകലുറക്കം. അതു കണ്ട് ചിലപ്പോഴൊക്കെ അയാൾ പറയാറുണ്ട്: “മനുഷ്യായുസ്സ് ഏറെക്കുറെ 60 നും 80 നും ഇടയിലാണ്.ഇതിൽ 80 വർഷം ജീവിക്കുന്നയാൾ 40 വർഷം മരിച്ചു കിടക്കുകയാണ്.അതായത് ഉറങ്ങിക്കിടക്കുകയാണെന്നു സാരം. പകൽ ഉണർന്നിരിക്കുന്നയാൾക്ക് രാത്രി ഉറങ്ങാതിരിക്കാനാവില്ല. ഫലത്തിൽ അപ്പോൾ 40 വർഷമാണ് 80 വയസുള്ളയാൾ ജീവിക്കുന്നത്. എന്നാൽ ഇതൊന്നും പോരാതെ പകൽ കൂടി ഉറങ്ങുമ്പോൾ അയാളുടെ ആയുസ്സ് എത്രയായിരിക്കും?”
”എത്രയെങ്കിലുമായിക്കോട്ടെ. ഉറക്കം വന്നാൽ ഞാനുറങ്ങും. എനിക്ക് അത്ര ജീവിച്ചാൽ മതി.”ശോശാമ്മ അപ്പോൾ കട്ടായമായി പറയും.
അന്നേരം ശോശാമ്മ ഒരു പോത്താണെന്നു കരുതി അയാൾ പത്തി മടക്കി മാളത്തിലേക്കു പിൻവാങ്ങും.
തൊമ്മിച്ചൻ ഒരു വേള അതിനെക്കുറിച്ച് ഓർത്തെങ്കിലും അടുത്ത നിമിഷം അയാൾ വീണ്ടും തെങ്ങിൻപറമ്പിലെത്തി. അവിടെ കള്ളൻമാർ തെങ്ങേൽ വലിഞ്ഞുകേറുന്നത് വെളളിത്തിരയിലെന്നതു പോലെ അയാൾ മനോമുകുരത്തിൽ കാണുകയായിരുന്നു.
അതോടെ അയാളുടെ ഉറക്കം വീണ്ടും പാളം തെറ്റി.
കൊയഞ്ചിലിൽ നിന്നും അല്ലിയടർന്നു വീഴുന്ന തേങ്ങകൾ പൊട്ടിച്ചിതറി നഷ്ടപ്പെടുന്ന കാശു കുടുക്കകളായി ഒഴുകിപ്പോകുന്നത് അയാൾ കണ്ടു.
അയാൾക്ക് പിന്നെ അവിടെ അങ്ങനെ കിടക്കാൻ കഴിഞ്ഞില്ല.
അയാൾ ശോശാമ്മയെ ഉണർത്താതെ തലയ്ക്കാം പുറത്തു വച്ചിരുന്ന റ്റോർച്ചെടുത്ത് വാതിൽ തുറന്ന് പുറത്തേക്കിറങ്ങി.
വീടിൻ്റെ കോമ്പൗണ്ടിൽ അപ്പോൾ രണ്ടാംനിലയിൽ നിന്നുള്ള സീറോ വാട്ട് ബൾബിൻ്റെ അരണ്ട വെളിച്ചം ശബ്ദമടക്കിപ്പിടിച്ച് പരന്നു കിടക്കുന്നുണ്ടായിരുന്നു.
അവിടെ പതുങ്ങിയിരിപ്പുണ്ടായിരുന്ന ഒരു വെളുത്ത പൂച്ച പെട്ടെന്ന് അയാളെ മുന്നിൽ കണ്ടപ്പോൾ പേടിച്ചുവിളറി മതിൽ ചാടി ഓടി രക്ഷപ്പെട്ടു.
നിലവും കരഭൂമിയുമൊക്കെ പലയിടത്തുമുണ്ടെങ്കിലും കള്ളൻമാർ കയറിയിരിക്കുന്നത് കച്ചറ കുമാരൻ്റെ വീടിന് എതിർവശത്തുള്ള ഇരുപത് സെൻ്റ് തെങ്ങിൻതോപ്പിലാണെന്ന് തൊമ്മിച്ചന് ഉറപ്പുണ്ടായിരുന്നു.
അതിന് അടയാളമായി മോട്ടോർപുരയും അയ്കോലിൻ്റെ കിണറും അയാൾ ശരിക്കും കാണുകയുണ്ടായല്ലോ.
താമസിക്കുന്ന വീട്ടിൽ നിന്നും കുറച്ച് ദൂരെയാണ് തൊമ്മിച്ചൻ്റെ ആ പറമ്പ്.
അയാൾ അങ്ങോട്ടു പോകാനായി ഗയിറ്റുതുറന്നപ്പോൾ മുന്നിൽ ആനക്കൂട്ടം പോലെ കണ്ണിൽ കുത്തിയാലറിയാത്ത ഇരുട്ട്.
ജർമ്മൻ റ്റോർച്ച് ഒരു നിമിഷം കൊണ്ട് ആനക്കൂട്ടത്തെയാകെ ഓടിച്ചു വിട്ടു.
ടാറിട്ട ഗ്രാമപാതയിൽ വൈദ്യുത വിളക്കുകളുണ്ടായിരുന്നതെല്ലാം കെട്ടു പോയിട്ട് 6 മാസത്തിലധികമായി..
ഇനി വിളക്കുകൾക്കെല്ലാം കാഴ്ച കിട്ടണമെങ്കിൽ ഒന്നുകിൽ ഏതെങ്കിലും തിരഞ്ഞെടുപ്പ് വരണം. അല്ലെങ്കിൽ
ഏതെങ്കിലും മന്ത്രിപുംഗവൻമാരുടെ എഴുന്നള്ളത്തുണ്ടാകണം.
തൊമ്മിച്ചതിന് അതിൽ അമർഷമൊക്കെയുണ്ട്. ചൂണ്ടുവിരലിൽ ചാപ്പ കുത്തിയ മഷി ചില നേരങ്ങളിൽ കറയായി മാറുന്നത് അനുഭവിക്കുകയല്ലാതെ പ്രതിവിധിയൊന്നുമില്ലല്ലോ.
ടാറിട്ട റോഡിൽ നിന്നും വഴിതിരിഞ്ഞ് ഏഴടി വീതിയിലുള്ള ചെമ്മൺ പാതയിലേക്കു കയറിയാൽ ഇടതുവശം ചേർന്നാണ് അയാളുടെ പറമ്പ്.
റ്റോർച്ച് വെട്ടത്തിൽ നടത്തത്തിനും ഓട്ടത്തിനുമിടയിലുള്ള വേഗതയോടെയായിരുന്നു അയാളുടെ പ്രയാണം….
കച്ചറ കുമാരൻ്റെ ഇരുട്ട് പുതച്ചുറങ്ങുന്ന വീട് കണ്ടപ്പോൾ അയാൾ നടത്തം പതുക്കെയാക്കുകയും റ്റോർച്ച്‌ ആവശ്യത്തിനു മാത്രം ഉപയോഗിക്കുകയും ചെയ്തു..തൻ്റെ വരവ് കള്ളൻമാർ എളുപ്പം കാണാനിടവരരുതെന്ന് അയാൾക്ക് നിർബന്ധമുണ്ടായിരുന്നു .
എന്നാൽ അയാൾ പറമ്പിലേക്കു കയറിയതും ആളൊഴിഞ്ഞ പറമ്പു നോക്കി തമ്പടിച്ചിരിക്കുകയായിരുന്ന നായ്ക്കൾ ഉണർന്നു.അയാളുടെ വരവ് നായ്ക്കൾക്ക് അത്ര സുഖിച്ചില്ല.
അവ കൂട്ടത്തോടെ അയാൾക്കു നേരെ കുരച്ചു വന്നു.
നായ്ക്കളുടെ കുര കേട്ട് ആദ്യം ഒന്നു ഞെട്ടിയെങ്കിലും , പെട്ടെന്നു തന്നെ ധൈര്യം വീണ്ടെടുത്ത് അയാൾ അവയെ നേരിടാനൊരുങ്ങി.
പണ്ടേ അയാൾക്ക് നായ്ക്കളെ അത്ര ഭയമൊന്നുമുണ്ടായിരുന്നില്ലല്ലോ.
രണ്ട് വടികളുണ്ടെങ്കിൽ നായ്ക്കളെ എളുപ്പം തുരത്താമെന്ന് അയാൾ പലവട്ടം അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്.
ഒരു വടി നായ്ക്കളെ ദൂരെ നിന്ന് എറിയാനുള്ളതാണെങ്കിൽ മറ്റേ വടി നായ്ക്കളെ പ്രഹരിക്കാനുള്ളതാണ്.
ചില നായ്ക്കൾ കല്ല് കൊണ്ടോ കമ്പ് കൊണ്ടോ എറിഞ്ഞാൽ മുരണ്ടു കൊണ്ട് പാഞ്ഞടുക്കുമെന്ന് തൊമ്മിച്ചനറിയാം.അന്നേരം അതിൻ്റെ മോന്തക്കോ കാലുകളിലോ വടി കൊണ്ട് നല്ല പെട പെടക്കണം. അങ്ങനെ ചെയ്താൽ വന്ന വഴിയേ തന്നെ നായ്ക്കൾ പിൻതിരിഞ്ഞോടും.
അയാൾ നായ്ക്കളെ തുരത്താനായി തെങ്ങിൻ തടത്തിൽ തൂപ്പിനായി വെട്ടിയിട്ട ശീമക്കൊന്നയുടെ കമ്പെടുത്തു.
അതിൽ ഉണ്ടായിരുന്ന ഇലകളെല്ലാം ജൈവവളമായി മണ്ണിൽ ലയിച്ചു കഴിഞ്ഞിരുന്നതുകൊണ്ട് വടിയായിട്ടു തന്നെയാണ് കൈയ്യിൽ കിട്ടിയത്..
വടി കണ്ടപ്പോൾ അയാൾക്കു നേരെ ഇരച്ചുവന്ന നായ്ക്കളെല്ലാം കുരച്ചു കൊണ്ട് അകന്നു മാറി.
അതോടെ അയാൾ കൈയ്യിലിരുന്ന ശീമക്കമ്പ് നായ്ക്കളുടെ നേരെ ഊക്കോടെ വലിച്ചെറിഞ്ഞു.
പെട്ടെന്ന് കൈയ്യൊന്ന് ഉളുക്കിയതുപോലെ തോന്നിയെങ്കിലും അയാളത് കാര്യമാക്കാതെ
റ്റോർച്ച് വെട്ടത്തിൽ കുനിഞ്ഞ് മറ്റൊരു ശീമക്കമ്പ് കൂടി കൈയ്യിലെടുത്തു.
അതോടെ ഭയന്നുപോയ നായ്ക്കൾ ചെറിയൊരു മുരൾച്ചയോടെ ഇരുൾക്കാടുകളിലേക്ക് ഓടിമറഞ്ഞു.
നായ്ക്കൾ ചമച്ച പത്മവ്യൂഹം ഭേദിച്ചു കൊണ്ട് പറമ്പിലേക്ക് കയറിയ അയാൾ അവിടം മുഴുവൻ അരിച്ചു പരിശോധിച്ചു.
തേങ്ങ മണ്ണിൽ വീഴുന്നതിൻ്റെ ശബ്ദത്തിനു കാതോർത്ത അയാൾക്ക് ചീവിടുകളുടേയും തവളകളുടേയുമൊക്കെ സാത്താൻ സംഗീതമൊഴിച്ച് മറ്റൊരു ശബ്ദവും അവിടെ നിന്നും കേൾക്കാൻ കഴിഞ്ഞില്ല.
എങ്കിലും ഓരോ തെങ്ങിൻ ചുവട്ടിലും അയാൾ റ്റോർച്ചുമായി ചെന്ന് അതിൻ്റെ കടയ്ക്കൽ തേങ്ങകൾ വീണതിൻ്റെ ചലനങ്ങളും അടയാളങ്ങളുമുണ്ടോയെന്ന് സൂക്ഷ്മമായി നിരീക്ഷണം നടത്തി. തെങ്ങുകളുടെ മണ്ടയിലേക്ക് റ്റോർച്ചടിച്ച് ആരെങ്കിലും തെങ്ങിൽ കയറി പതുങ്ങിയിരിപ്പുണ്ടോ എന്നും കണ്ണോടിച്ചു.
എന്നാൽ അവിടെ അയാൾ കണ്ടതുപോലെയോ കരുതിയതു പോലെയോ യാതൊന്നും ഉണ്ടായിരുന്നില്ല.
കള്ളൻമാരെ പ്രതീക്ഷിച്ച അയാൾക്ക് തവളകളെയും നായ്ക്കളേയും മാത്രമാണ് കാണാനായത്.
റ്റോർച്ച് വെട്ടത്തിൽ ഹിപ്പ്നോട്ടിക് നിദ്രയിലായ തവളകൾ അയാളെ കണ്ടിട്ടും കുലുക്കമില്ലാതെ അവിടെത്തന്നെ തറഞ്ഞിരുന്നു..
ചില തെങ്ങിൻ്റെ കടയ്ക്കൽ ഉണക്കത്തേങ്ങകൾ വീണു കിടക്കുന്നത് കണ്ടപ്പോൾ ഇത് കള്ളൻമാർ തന്നെ പറ്റിക്കാനായി ഒപ്പിച്ച ചെപ്പടിവിദ്യകളാണെന്നു വിശ്വസിക്കാനാണ് അയാൾക്ക് തോന്നിയത്. കള്ളൻമാർ വന്നിട്ടുണ്ടെങ്കിൽ ഉണക്കത്തേങ്ങകളും കൊണ്ടു പോകേണ്ടതല്ലേ എന്ന് തന്നെക്കൊണ്ട് ചിന്തിപ്പിച്ച് കബളിപ്പിക്കാനാണ് ശ്രമം.
എന്നാൽ അത് നടപ്പില്ല തസ്ക്കരവീരൻമാരെ .
ഉണക്കത്തേങ്ങകൾ കാട്ടി വിളഞ്ഞ പച്ചത്തേങ്ങകൾ അടിച്ചുമാറ്റാനുള്ള നിങ്ങളുടെ പൂതി തൊമ്മിച്ചനോട് നടപ്പില്ല. അയാൾ മനസിൽ കുറിച്ചിട്ടു.
ഏതാണ്ട് അതേ സമയത്താണ് തൊമ്മിച്ചൻ്റെ മകൻ ജോയിക്കുട്ടി മറ്റൊരു റ്റോർച്ചുമായി അപ്പനെ തിരഞ്ഞ് അവിടെയെത്തിയത്.
” ഈ പാതിരാത്രിക്ക് അപ്പനിവിടെ എന്തെടുക്കാ?” ജോയിക്കുട്ടി തെല്ലരിശത്തോടെ ചോദിച്ചു.
” ഞാൻ തേങ്ങാകള്ളൻമാരെ നോക്കിയിറങ്ങിയതാ.കള്ളൻമാരൊക്കെ എന്നെ കണ്ടതോടു കൂടി രക്ഷപ്പെട്ടൂന്നാ തോന്നണത്” പോരാടാതെ തന്നെ യുദ്ധം ജയിച്ച പടയാളിയുടെ വീര്യത്തിൽ തൊമ്മിച്ചൻ പറഞ്ഞു.
ജോയിക്കുട്ടിക്ക് അതു കേട്ട് കലിയാണു വന്നത്. സ്മാർട്ട് ഫോണിൽ തോണ്ടിത്തോണ്ടി വൈകിയാണ് അവൻ ഉറങ്ങാൻ കിടന്നത്. എന്നാൽ ഒന്ന് കണ്ണടച്ചതേയുള്ളൂ. അപ്പോഴാണ് അമ്മച്ചിയുടെ പരിഭ്രാന്തമായ വിളി….
കാര്യമറിഞ്ഞപ്പോൾ നായ്ക്കളുടെ കുര കേട്ട ദിക്ക് നോക്കി വച്ചുപിടിച്ചു.റ്റോർച്ചുവെട്ടം സർക്കസ്സ് വെളിച്ചം പോലെ ആകാശത്തെ വെള്ളപൂശുന്നതു കണ്ടപ്പോൾ ആളെ കണ്ടെത്താനും അധികം കഷ്ടപ്പെടേണ്ടി വന്നില്ല.
” അപ്പന് തലയ്ക്ക് വട്ടാ…. ” ജോയിക്കുട്ടി പറഞ്ഞു.
” അതേടാ എനിക്ക് വട്ട് തന്നെയാണ്. നീയ്യൊക്കെ ഇന്ന് വലിയ പത്രാസോടെ നടക്കുന്നില്ലെ. ഞാൻ എല്ലുമുറിയെ പണിത് കാശുണ്ടാക്കിയതുകൊണ്ടാ നീയ്യൊക്കെയിപ്പോൾ ഇങ്ങനെ ഞെളിഞ്ഞു നടക്കുന്നത്. അത് വല്ല കള്ളൻമാർക്കും കൊടുക്കാനല്ല ഞാനദ്ധ്വാനിക്കുന്നത്.”
” അതിന് ഏത് കള്ളനാ ഇവിടെ വന്നത്?”
”ഏത് കള്ളനാന്ന് കണ്ടെങ്കിലല്ലേ എനിക്ക് പറയാൻ പറ്റൂ. ഞാനിവിടെ എത്തുമ്പോഴേക്കും അവരൊക്കെ പോയിരിക്കുന്നു ”
അത് കേട്ടപ്പോൾ കൂടുതൽ എന്തെങ്കിലും പറഞ്ഞ് അപ്പനോട് തർക്കിക്കുന്നത് ബുദ്ധിയല്ലെന്നു ജോയിക്കുട്ടിക്കു തോന്നി .
അവൻ പിന്നെ നയത്തിൽ കാര്യങ്ങൾ പറഞ്ഞാണ് അപ്പനെ സമാധാനിപ്പിച്ച് പറമ്പിൽ നിന്നും വീട്ടിലെത്തിച്ചത്….
എന്നാൽ നേരം വെളുക്കാനിടയില്ലാതെ തന്നെ വീണ്ടും ആ പറമ്പിലേക്ക് ഇറങ്ങിത്തിരിക്കുകയായിരുന്നു തൊമ്മിച്ചൻ.
ശോശാമ്മയുടേയും ജോയിക്കുട്ടിയുടേയുമൊക്കെ വിലക്കുകളെ മറികടന്ന് അയാൾ പോയത് തേങ്ങ കളവ് പോയോ ഇല്ലയോ എന്ന് തീർച്ചപ്പെടുത്താനും കളവ് പോയിട്ടുണ്ടെങ്കിൽ അതിൻ്റെ കണക്കെടുക്കാനുമായിരുന്നു. പറമ്പിലെത്തി ഓരോ തെങ്ങിനേയും അടിമുടി നോക്കിക്കണ്ട അയാൾക്ക് തേങ്ങാക്കുലകൾ എങ്ങനെയൊക്കെ കൂട്ടിക്കിഴിച്ചാലും മൈനസിലാണ് എത്തുന്നതെന്നു തോന്നി.
അക്കാര്യം ശോശാമ്മയേയും ജോയിക്കുട്ടിയേയും ബോധ്യപ്പെടുത്താൻ അയാൾ പരമാവധി ശ്രമിച്ചെങ്കിലും അതൊക്കെ പരാജയപ്പെട്ടു.
തൊമ്മിച്ചൻ ഇപ്പോഴും സ്വപ്നലോകത്താണെന്നാണ് എല്ലാം കേട്ടപ്പോൾ ശോശാമ്മ പറഞ്ഞത്.
അപ്പന് തലയ്ക്ക് സാരമായ എന്തോ തകരാറു പറ്റിയിട്ടുണ്ടെന്നായിരുന്നു ജോയിക്കുട്ടിയുടെ ഭാഷ്യം!
എന്തു പറഞ്ഞിട്ടും, എത്രയൊക്കെ പറഞ്ഞിട്ടും ഭാര്യയും മകനും തന്നെ വിശ്വസിക്കുന്നില്ലെന്നു മനസിലാക്കിയ തൊമ്മിച്ചന് അവരോടൊക്കെ കലിയായി.അവർ പിന്നെ എന്തു ചോദിച്ചാലും മുട്ടൻതെറിയായിരുന്നു അയാളുടെ മറുപടി.
തൊമ്മിച്ചൻ്റെ സ്വഭാവം മുരിക്കിൻ മുള്ളുപോലെയാണെന്ന് അറിയാവുന്നതുകൊണ്ട് ശോശാമ്മയും ജോയിക്കുട്ടിയും അയാളോട് കൂടുതൽ സംസാരിച്ച് തീട്ടത്തിൽ വീണ മാങ്ങ പോലെയാകാൻ തയ്യാറായതുമില്ല.
എന്നാൽ ,തൊമ്മിച്ചൻ അവരെ അവഗണിച്ചു കൊണ്ട് സ്വന്തം നിലയ്ക്ക് മുന്നോട്ട് പോകാനുള്ള തീരുമാനത്തിലാണ് എത്തിയത്.
അതിൻ്റെ ഭാഗമായി അയാൾ പകൽ മുഴുവൻ തൻ്റെ പറമ്പുകളിൽ ചെന്ന് മാനം നോക്കി തേങ്ങാക്കുലകൾ എണ്ണി കണക്ക് വെയ്ക്കാൻ തുടങ്ങി. പിറ്റേന്ന് വീണ്ടും അതൊക്കെ എണ്ണിത്തിട്ടപ്പെടുത്തി കണക്ക് ശരിയല്ലേയെന്ന് ഉറപ്പു വരുത്തി.
പിന്നെപ്പിന്നെ തേങ്ങാക്കുലകൾ മാത്രം എണ്ണിയതുകൊണ്ട് കാര്യമില്ലെന്നും ഓരോ കുലയിലും എത്ര തേങ്ങയുണ്ടെന്ന് എണ്ണി കണക്കു വക്കുകയാണു വേണ്ടതെന്നും അയാൾ നിശ്ചയിച്ചു.
അതിനായി അയാൾ സി.ഡിയുടെ സ്റ്റേഷനറികടയിൽ നിന്നും 100 പേജിൻ്റെ വരയുള്ള നോട്ട്ബുക്കും ഒരു ബോൾപെന്നും വാങ്ങി.
തുടർന്ന് ഓരോ തെങ്ങിനും ചോക്കുകൊണ്ടോ കരി കൊണ്ടോ ഒന്ന് രണ്ട് മൂന്ന് എന്ന് നമ്പറിട്ടതിന്നു ശേഷം തെങ്ങിലുമുള്ള തേങ്ങകളുടെ എണ്ണമെടുത്ത് അത് പുസ്തകത്തിലേക്കു പകർത്തി..
തെങ്ങ് നമ്പർ 1
……………………….
വടക്ക് കുല -2
ആകെ തേങ്ങ – 66
തെങ്ങ് നമ്പർ 2
…………………….
തെക്ക് പടിഞ്ഞാറ് കുല – 1
ആകെ തേങ്ങ – 43
തെങ്ങ് നമ്പർ- 3
കിഴക്ക് കുല – 2
ആകെ തേങ്ങ – 39
………………………………………………………………………………..
…………………………….
ഏതാണ്ട് രണ്ട് മാസത്തോളം തൊമ്മിച്ചന് പിന്നെ പ്രത്യേകിച്ച് അസ്വസ്ഥതകളൊന്നുമുണ്ടായില്ല.
ഇക്കാലയളവിൽ അയാൾ ശാന്തമായ സമുദ്രം പോലെയായിരുന്നു. അയാൾ സമയനിഷ്ഠയോടെ ഭക്ഷണം കഴിക്കുകയും രാത്രി നന്നായി ഉറങ്ങുകയും ചെയ്തു.
എന്നാൽ പിന്നീട് കാര്യങ്ങൾ വീണ്ടും തല കീഴായി മറിയുകയായിരുന്നു.
പുതിയതായി വന്ന കുലകളിൽ തേങ്ങകൾക്ക് എണ്ണം കൂടിയപ്പോൾ താഴത്തു നിന്നും അത് എണ്ണി തിട്ടപ്പെടുത്താൻ തൊമ്മിച്ചന് സാധിക്കാതെയായി.ആകാശത്തെ നക്ഷത്രങ്ങളെ എണ്ണുന്നതുപോലെയുള്ള ഒരു ഏർപ്പാടായിട്ടാണ് അയാൾ അതിനെ തുലനം ചെയ്തത്.
അതോടെ അയാളുടെ ഉറക്കം വീണ്ടും നഷ്ടപ്പെട്ടു.
തേങ്ങകൾ പിന്നെയും കളവ് പോകാൻ തുടങ്ങിയിരിക്കുന്നു എന്ന് അയാൾ ആധിയെടുത്തു കൊണ്ട് നാട്ടിലും വീട്ടിലും പറഞ്ഞു നടക്കാൻ തുടങ്ങി.
അതിവിദഗ്ധൻമാരായ കള്ളൻമാരാണ് ഇതിനു പിന്നിലെന്ന് അയാൾ വിധിയെഴുതി.
എന്നാൽ ശോശാമ്മയോ ജോയിക്കുട്ടിയോ നാട്ടുകാരോ തൊമ്മിച്ചൻ പറയുന്നത് വിശ്വസിക്കാൻ തയ്യാറായില്ല.
തേങ്ങ കളവ് പോകുന്നത് തൊമ്മിച്ചൻ്റെ ദുസ്വപ്നങ്ങളിലാണെന്നാണ് അവരൊക്കെ പറഞ്ഞതും പറയുന്നതും.
അയൽക്കാരും സുഹൃത്തുക്കളുമൊക്കെ അയാൾ ഇതിനെക്കുറിച്ച് പറയുമ്പോൾ ഒരു കോമാളിച്ചിരിയോടെ എല്ലാം കേൾക്കുന്നത് തന്നെ.
ഒരു പക്ഷെ .അവർ സപ്പോർട്ട് ചെയ്താൽ ശോശാമ്മയും ജോയിക്കുട്ടിയുമൊക്കെ അയാളെ വിശ്വസിച്ചേനെ.
ശോശാമ്മയ്ക്കാണെങ്കിൽ ഈയ്യിടെയായി അയാളുടെ വർത്തമാനം തന്നെ തീരെ രസിക്കാത്ത മട്ടാണ്.
ജോയിക്കുട്ടി പറയുന്നത് അപ്പച്ചനെ ഒരു സൈക്യാട്രിസ്റ്റിനെ കാണിക്കണമെന്നും ചികിത്സിക്കണമെന്നുമാണ്.
തൊമ്മിച്ചൻ്റെ കടുത്ത എതിർപ്പ് കാരണമാണ് അവൻ അതിനു വേണ്ടി അയാളെ പിടിച്ചു വലിച്ചുകൊണ്ടു പോകാത്തത്.
ഇങ്ങനെയൊക്കെയാണെങ്കിലും അത്ര പെട്ടെന്ന് തോറ്റു കൊടുക്കാൻ തൊമ്മിച്ചൻ തയ്യാറല്ലായിരുന്നു. ആരൊക്കെ വിശ്വസിച്ചാലും ഇല്ലെങ്കിലും തേങ്ങാമോഷണം നടക്കുന്നുണ്ടെന്ന് അയാൾക്ക് ഉറപ്പുണ്ട്. തേങ്ങാകള്ളൻമാരെ അയാൾ തന്നെ കൈയ്യോടെ പിടികൂടിയാൽ എല്ലാറ്റിനും പരിഹാരമാകുകയും ചെയ്യും.
പിന്നെ അതിനായി അയാളുടെ ശ്രമം.
അങ്ങനെയാണ് തൊമ്മിച്ചൻ തേങ്ങാ മോഷണം നടക്കുന്ന പറമ്പിൽ രാത്രി വെട്ടുകത്തിയും വടിയുമായി കാവലിരിക്കാൻ തുടങ്ങിയത്.പണ്ട് ഷെർലക് ഹോംസ് കഥകൾ വായിച്ച സ്മരണകളും അയാൾക്ക് കൂട്ടിനുണ്ടായിരുന്നു.
പകൽ ഉറക്കവും രാത്രി പാറാവും എന്ന പുതിയ ജീവിതചര്യയിലേക്ക് തൊമ്മിച്ചൻ പടിപടിയായി മാറുകയായിരുന്നു.
ശോശാമ്മയും ജോയിക്കുട്ടിയും അയാളെ അതിൽ നിന്നു പിൻവലിക്കാൻ പലവുരു ശ്രമിച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ല. വെട്ടൊന്ന് മുറി രണ്ട് എന്ന സ്വഭാവക്കാരനായതു കൊണ്ട് തൊമ്മിച്ചനെ കയറി ഭരിക്കാനും അവരെക്കൊണ്ട് സാധിച്ചില്ല.
എന്നാൽ , ദിവസങ്ങളോളം പറമ്പുകളിൽ മാറിമാറി കാവലിരുന്നിട്ടും , ഒരു കള്ളൻ പോലും തൊമ്മിച്ചൻ്റെ വലയിൽ വീണില്ലെന്നുള്ളത് അയാളെ നിരാശനാക്കി. ശോശാമ്മയും ജോയിക്കുട്ടിയും അത് പറഞ്ഞ് അയാളെ കളിയാക്കുക കൂടി ചെയ്തപ്പോൾ അയാൾ ആകെ തളർന്നു പോയി.
എങ്കിലും തൊമ്മിച്ചൻ അതിനേയൊക്കെ നേരിട്ടത് തേച്ചാലും കുളിച്ചാലും പോകാത്ത തെറി പറഞ്ഞു കൊണ്ടാണെന്നുള്ളത് വേറെ കാര്യം.
മാത്രമല്ല ,അയാൾ പ്രതിക്ഷ കൈവിട്ടതുമില്ല. കള്ളൻമാർ ഇന്നല്ലെങ്കിൽ നാളെ തൻ്റെ കെണിയിൽ വീഴുമെന്നു തന്നെയായിരുന്നു അയാളുടെ വിശ്വാസം.
പക്ഷെ, ഊണും ഉറക്കവുമില്ലാത്ത അയാളുടെ ഈ പോക്ക് അപകടത്തിലേക്കാണെന്നു മനസിലാക്കിയ ശോശാമ്മയും ജോയിക്കുട്ടിയും അതിനെക്കുറിച്ച് കാര്യമായി ചിന്തിക്കാൻ തുടങ്ങി.
തൊമ്മിച്ചൻ പാമ്പും കോണിയും കളിക്കുകയാണെന്നാണ് അവർക്കു തോന്നിയത്. എന്തായാലും നെല്ലും പതിരും തിരിച്ചറിയാതെ തൊമ്മിച്ചനെ ഇനിയും ഇങ്ങനെ കയറൂരി വിടുന്നത് നാണക്കേടാണെന്നും , ആളുകൾക്ക് ചിരിക്കാനുള്ള വകയുണ്ടാക്കുകയാണ് തൊമ്മിച്ചൻ ചെയ്യുന്നതെന്നും അവർ ഒട്ടൊരു വല്ലായ്മയോടെ വിലയിരുത്തി.
മാത്രമല്ല തങ്ങളുടെ സംശയം ദൂരീകരിക്കാനായി അവർ കൗശലപൂർവ്വം പ്രശസ്തനായ ഒരു മനോരോഗ വിദഗ്ധനെ വീട്ടിലേക്കു വിളിച്ചു വരുത്തുകയും ചെയ്തു.കോളേജിൽ പഠിക്കുന്ന ജോയിക്കുട്ടിയുടെ അദ്ധ്യാപകനാണെനാണ് അയാളെ തൊമ്മിച്ചനു പരിചയപ്പെടുത്തിയത്.
അയാളോടുള്ള തൊമ്മിച്ചൻ്റെ പെരുമാറ്റം പക്ഷെ, തികച്ചും നോർമലായിരുന്നു. തൊമ്മിച്ചന് എന്തെങ്കിലും കുഴപ്പമുണ്ടെന്ന് മനോരോഗവിദഗ്ദനും തോന്നിയില്ല.
‘ അതിഥി ദേവോ ഭവ’ എന്ന മട്ടിലാണ് തൊമ്മിച്ചൻ അയാളെ സ്വീകരിച്ചതും ഇടപഴകിയതും.
എന്നാൽ വന്ന അതിഥിയുമൊത്ത് ചായ കഴിച്ചു കൊണ്ടിരിക്കുമ്പോൾ പെട്ടെന്നാണ് തൊമ്മിച്ചന് ഒരു ഭാവമാറ്റമുണ്ടായത്.
അയാൾ ഇരുന്നിടത്തു നിന്നും ചാടിയെഴുന്നേറ്റ് മനോരോഗ വിദഗ്ധനെ നോക്കി ക്ഷമാപണഭാവത്തിൽ താഴ്മയായി പറഞ്ഞു.
“സോറി, സാറിരിക്കൂ,ഞാനിപ്പോൾ മടങ്ങിയെത്താം.”
“എന്താ പെട്ടെന്ന്?”മനോരോഗ വിദഗ്ധൻ അമ്പരന്നു.
“ഈയ്യിടെയായി കള്ളൻമാരുടെ ശല്യം വല്ലാതെ കൂടിയിട്ടുണ്ട്. ഇത്രനാളും തെങ്ങിൽ നിന്നും രാത്രിയാണ് തേങ്ങ മോഷ്ടിച്ചിരുന്നത്. പക്ഷെ ഇപ്പോൾ പകലും തുടങ്ങിയിരിക്കുന്നു. തക്കം കിട്ടിയാൽ ഇക്കണക്കിന് കള്ളൻമാർ എൻ്റെ പറമ്പ് തന്നെ ചുമലിലേറ്റി കൊണ്ടു പോകും.. ഞാനവരെ പിടിച്ച് പോലീസിലേൽപ്പിച്ചിട്ട് ഉടനെയെത്താം ”
തൊമ്മിച്ചൻ പിന്നെ പുറത്തിറങ്ങി തനിക്കധീനമായ ഭൂപടങ്ങളിലേക്ക് ഓടിപ്പോകുന്നതാണു കണ്ടത്.

You can share this post!