നവവത്സരപതിപ്പ് 2022 /ഒരു മാട്രിമോണിയൽ കഥ/നീതു സഞ്ചു

മകന്റെ കല്യാണത്തിന്റെ ആൽബം എടുത്തു കൊണ്ടുവന്നു ഉമ്മറത്തു ഇരുന്നു ഗൗരി, മകൻ ജോലിക്ക് പോയ തക്കത്തിന് എടുത്തതാണ്. മകൻ അതു കണ്ടാൽ അവൻ അതു വലിച്ചെറിയും, അതുകൊണ്ടു തന്നെ ആൽബം ഗൗരി തന്റെ അലമാരയിൽ സൂക്ഷിച്ചു വച്ചിരിക്കുകയാണ്. ആൽബത്തിന്റെ ഏടുകൾ ഓരോന്നായി മറിച്ചുകൊണ്ടിരുന്നു ഗൗരി. തന്റെ പൊന്നു മോന്റെ ചിരിക്കുന്ന മുഖം കാണുവാൻ വേണ്ടി മാത്രമാണ് ഈ ആൽബം എടുത്തു നോക്കുന്നത്. ഗൗരിയുടെ കണ്ണുകളിൽ ഉരുണ്ടു കൂടിയ തുള്ളികൾ മുന്നിലെ കാഴ്ചകൾ മറച്ചു.
ഇമകൾ ഇറുക്കിയടച്ചു.

അന്ന് താനും പ്രകാശേട്ടനും തന്റെ ഒരേയൊരു മകൻ ശ്രീഹരിയും മകൾ ശ്രീബാലയും മരുമകൻ വിനോദും അവരുടെ മകൻ കുഞ്ഞുട്ടൻ എന്നുവിളിക്കുന്ന ഇഷാനും കൂടി രണ്ടു കാറുകളിൽ ആയാണ് ശ്രീഹരിക്ക് പെണ്ണുകാണാൻ പോയത്. മാട്രിമോണി വഴിയാണ് ആ ആലോചന ഒത്തു വന്നത് ഒത്തിരി പെണ്ണുകാണലുകൾക്കു ശേഷം അച്ഛനും മകനും കൂടി പോയി കണ്ടു ഇഷ്ടപ്പെട്ടു. ഇത് വീട്ടിൽ ഉള്ളവർക്ക് കാണുവാൻ ഉള്ള യാത്രയാണ്. മാട്രിമോണിയൽ ഓഫീസിലെ പെൺകുട്ടി കാലത്തു തന്നെ വിളിച്ചിരുന്നു ഇന്ന് നിങ്ങൾ പോണില്ലേ, ഇന്നെത്തുമെന്ന് ഞാൻ പെൺകുട്ടിയുടെ അച്ഛനെ വിളിച്ചു പറഞ്ഞിരുന്നു.
പോകുമെന്ന ഉറപ്പ് കിട്ടിയപ്പോൾ ആ കുട്ടിക്ക് സമാധാനം ആയി. ചെറുക്കന്റെ മാതാപിതാക്കൾ അനുഭവിക്കുന്ന ടെൻഷനേക്കാൾ കൂടുതൽ അനുഭവിക്കുന്നത് മാട്രിമോണിയൽ ഓഫീസിൽ ഇരിക്കുന്ന പെൺകുട്ടികൾ ആണ്.

അങ്ങനെ ഞങ്ങൾ പെൺകുട്ടിയുടെ വീടിന്റെ മുന്നിൽ ചെന്ന് കാറിൽ നിന്നിറങ്ങി. എന്തു വലിയ വീട് ആണ് നല്ല ചന്തമുള്ള വീട്, ഗേറ്റിൽ നെയിം പ്ലേറ്റ് ഉണ്ട് ഡോക്ടർ അശോക് കുമാർ, എംബിബിഎസ്‌ എംഡി . ഉമ്മറത്തു തന്നെ കുട്ടിയുടെ അച്ഛനും അമ്മയും ഏട്ടനും ഞങ്ങളെ പ്രതീക്ഷിച്ചു നിന്നിരുന്നു. വളരെ സ്നേഹത്തോടെ അവർ സൽക്കരിച്ചു ഇരുത്തി
ചായ കൊണ്ടു വന്നത് അമ്മയാണ്, നല്ല സുന്ദരിയും ചെറുപ്പവും നല്ല പ്രസരിപ്പുമുള്ള അമ്മ, അച്ഛനും അതെ ചെറുപ്പം നല്ല ചുറുചുറുക്കും ഉണ്ട്, നല്ല പോലെ സംസാരിക്കുന്ന വ്യക്തി. മകളെ വിളിച്ചു, മകളും നല്ല സുന്ദരി തന്നെ കുറച്ചു ഫാഷൻ ഒക്കെ ഉള്ള കൂട്ടത്തിൽ ആണ്, തന്റെ ശ്രീകുട്ടിയെ പോലെ അല്ല, ശ്രീകുട്ടി തനി നാടൻ പെൺകുട്ടിയാണ് അവൾ പഠിപ്പിക്കുന്ന സ്കൂളിലെ ടീച്ചർമാരു അവളെ കളിയാക്കി പറയാറുണ്ട് ശ്രീബാല ടീച്ചർ പതിനെട്ടാം നൂറ്റാണ്ടിൽ നിന്നും ഇപ്പോഴും ബസ് കയറിയിട്ടില്ല എന്ന്. സാരമില്ല പെൺകുട്ടികൾ ഇത്തിരി ഫാഷനബ്ൾ ഒക്കെ ആകുന്നത് ഒരു ചന്തം തന്നെ ആണ്. പെൺകുട്ടിയോട് വർത്താനം ഒക്കെ പറഞ്ഞു അടുത്ത് പിടിച്ചിരുത്തി നല്ല പോലെ കണ്ടു, കീർത്തി എന്നാണ് പേര്, ഗവണ്മെന്റ് കോളേജിൽ സൈക്കോളജി ഡിപ്പാർട്മെന്റിൽ അസിസ്റ്റന്റ് പ്രൊഫസർ ആണ് . അങ്ങനെ എല്ലാവർക്കും അങ്ങോട്ടും ഇങ്ങോട്ടും ബോധിച്ചു.യാത്ര പറഞ്ഞിറങ്ങി.

വീട്ടിൽ തിരിച്ചെത്തി പിന്നെ ചർച്ച ആയിരുന്നു ശ്രീകുട്ടി പറഞ്ഞു എനിക്ക് ഇഷ്ടമായി, വിനോദ് പറഞ്ഞു കുഴപ്പമില്ല നല്ല കാര്യം എന്നുതന്നെ ആണ് തോന്നുന്നത് , പെൺകുട്ടിയുടെ ഏട്ടൻ ബിസിനസ് ആണ് നാട്ടിൽ, വിദേശത്തു പോകാൻ ഒരുങ്ങി ഇരിക്കുന്നു. നല്ല വീട്ടുകാർ, നല്ല ബന്ധം തന്നെ ആയിരിക്കും. അങ്ങനെ പിന്നെ എല്ലാം വളരെ പെട്ടെന്ന് ആയിരുന്നു വിരുന്നു പോക്കും വരവും നിശ്ചയവും കല്യാണവും.ശ്രീഹരിയുടെ കോളേജിൽ ഒപ്പം ജോലി ചെയ്യുന്ന പ്രൊഫസർമാരും പ്രകാശേട്ടന്റെ സഹപ്രവർത്തകർ ആയിരുന്ന പോലീസുകാരും പിന്നെ ഗൗരിയുടെ സുഹൃത്തുക്കളും വിനോദിന്റെ വീട്ടുകാരും എല്ലാ ബന്ധുക്കളും നാട്ടുകാരും എത്തിയ വലിയ കല്യാണവിരുന്ന് തന്നെ ആയിരുന്നു. വന്നവർ എല്ലാം അത്ഭുതത്തോടെ നോക്കിക്കണ്ട കല്യാണം പാട്ടും ഡാൻസും കളികളും എല്ലാമായി ഒരു ഗംഭീര കല്യാണം. മാട്രിമോണിക്കാരെയും സന്തോഷിപ്പിച്ചു.

കല്യാണം കഴിഞ്ഞു ഇവിടെ വന്നപ്പോൾ മുതൽ ഗൗരിക്കും പ്രകാശനും ശ്രീകുട്ടിയെ പോലെ തന്നെ ആയിരുന്നു കീർത്തിയും . വീട്ടിൽ വന്നപ്പോൾ ആദ്യത്തെ ദിവസം തന്നെ ചെറിയ ഒരു പ്രശ്നം ഉണ്ടായി. ആ കുട്ടി ഒരു ചെറിയ ഹാഫ് ട്രൗസറും ബനിയനും ഇട്ടു ഞങ്ങളുടെ അടുത്ത് വന്നിരുന്നു, ഗൗരിയും പ്രകാശേട്ടനും ഞെട്ടിത്തരിച്ചു ഇരുന്നു ഈ കുട്ടി എന്താ ഇങ്ങനെ ഒരു ഡ്രസ്സ്‌ ഇട്ടു വന്നിരിക്കുന്നത്, അപ്പോഴേക്കും ശ്രീഹരി ചാടി എണീറ്റു പറഞ്ഞു കീർത്തീ വേഗം പോയി ഈ ഡ്രെസ്സ് മാറിയിടൂ, ഈ വീട്ടിൽ നിനക്കു എല്ലാ സ്വാതന്ത്ര്യവും ഉണ്ട് ഏത് വസ്ത്രം വേണമെങ്കിലും ഇടാം, മാന്യമായത് മാത്രം. പുത്തരിയിൽ കല്ലു കടിച്ചോ, പ്രകാശേട്ടന്റെ പെങ്ങളുടെ വക ഒരു ചോദ്യവും. എല്ലാം കൂടി ആയപ്പോൾ കീർത്തിയുടെ മുഖത്ത് കനം കൂടി, ഞാൻ എന്റെ വീട്ടിൽ ഇതൊക്കെ ആണ് ധരിക്കാറുള്ളത്, എന്നും പറഞ്ഞു മുറിയിലേക്ക് കയറി പോയി. ഗൗരി മകനെ ശാസിച്ചു ഇതൊക്കെ നിനക്കു മുറിയിൽ വെച്ച് പറഞ്ഞാൽ പോരെ, മറ്റുള്ളവരുടെ മുന്നിൽ വെച്ച് ഒരിക്കലും പങ്കാളിയെ കുറ്റപ്പെടുത്തി സംസാരിക്കരുത്, ഇനി ഇത് ആവർത്തിക്കരുത് ആ കുട്ടി ഇവിടുത്തെ രീതികളുമായി പൊരുത്തപ്പെട്ടുവരാൻ സമയം വേണ്ടി വരും നീ അവൾക്ക് സപ്പോർട്ട് ആയി നിൽക്കണം കാര്യങ്ങൾ സ്നേഹത്തോടെ പറഞ്ഞു മനസ്സിലാക്കണം. ശരി അമ്മേ എന്ന് പറഞ്ഞു ശ്രീഹരി വേഗം തന്നെ മുറിയിലേക്കു പോയി.
ദിവസങ്ങളും മാസങ്ങളും കടന്നു പോയി. കീർത്തി തീരെ പൊരുത്തപ്പെടാൻ ശ്രമിക്കുന്നില്ല
നേരത്തെ എണീക്കില്ല എന്നും ഏഴു മണി ആകും എണീക്കുമ്പോൾ, ക്ലാസ്സ്‌ ഇല്ലാത്ത ദിവസങ്ങളിൽ അതിലും വൈകും. ഗൗരിയും പ്രകാശനും എല്ലാം ശരിയാകും എന്നുള്ള വിശ്വാസത്തിൽ ഇരുന്നു. ഇടയ്ക്കു കീർത്തി വീട്ടിൽ പോയി നിൽക്കാറുണ്ട് എന്നാൽ ശ്രീഹരി ഒന്നോ രണ്ടോ തവണ അവിടെ പോയി അവിടെ താമസിച്ചിട്ടുണ്ട്, പിന്നീട് കീർത്തിയെ കൊണ്ടുചെന്നാക്കി തിരിച്ചുപോരും, തിരിച്ചു കീർത്തിയെ കൊണ്ടുവരാനും പോകും. ഇതുകണ്ടപ്പോൾ ഒരു ദിവസം ഗൗരിയും പ്രകാശനും കൂടി പറഞ്ഞു, അവിടെ ഇടക്കൊക്കെ പോയി താമസിക്കണം മോനെ ബന്ധങ്ങൾ നിലനിർത്തണം ആ മോളെ ഇങ്ങോട്ട് കഴിച്ചു തന്നപ്പോൾ നീ അവരുടെ വീട്ടിലെ ഒരംഗം തന്നെ ആയി അവിടെ ഇടക്കൊക്കെ പോയി വരണം. ‘ആഹ് നോക്കട്ടെ’
എന്ന് പറഞ്ഞുകൊണ്ട് ശ്രീഹരി അവിടെ നിന്നും പോയി. എന്നാൽ ഇത് പല തവണ ആയപ്പോൾ ഗൗരിയുടെ ഉള്ളിൽ സംശയം ഉടലെടുത്തു, തന്റെ മോന്റെ ഉഷാറെല്ലാം പോയി, കളിചിരികളോ തമാശകളോ ഒന്നും ഇല്ല, എന്തോ പന്തികേട് ഉണ്ട്. പക്ഷെ അവൻ ഒന്നും പറയുന്നില്ല. കീർത്തി ആണെങ്കിൽ വീട്ടിൽ ഒരു വാടകക്കാരി പെരുമാറുന്നത് പോലെ ആണ് പെരുമാറുന്നത്, ക്ലാസ്സ്‌ ഉള്ള ദിവസങ്ങളിൽ കീർത്തിക്കുള്ള ലഞ്ച് ബോക്സ്‌ ഒരുക്കുന്നതും ബ്രേക്ക്‌ ഫാസ്റ്റ് എടുത്തു കൊടുക്കുന്നതും ഗൗരിയാണ് , അതിന്റെ പേരിൽ ശ്രീഹരി ഒന്നു രണ്ടു തവണ അമ്മയെ വഴക്ക് പറഞ്ഞിരുന്നു അമ്മ ഇതൊന്നും ചെയ്യേണ്ട അതൊക്കെ അവൾ ചെയ്യും. അന്നേരം ഗൗരി പറഞ്ഞു മോനെ എനിക്ക് ശ്രീകുട്ടിയെ പോലെ തന്നെ ആണ് കീർത്തിയും ഞാൻ തന്നെ ആണ് ശ്രീകുട്ടിക്കും ഇതെല്ലാം ചെയ്തു കൊടുക്കാറുള്ളത്, അതുപോലെ കീർത്തി അവളുടെ വീട്ടിൽ നിന്നു ജോലിക്ക് പോകുമ്പോൾ അവളുടെ അമ്മ ഇതൊക്കെ ചെയ്തു കൊടുക്കാറുണ്ടാകും അവൾക്കു ഇതൊരു അന്യ വീട് ആയി തോന്നരുത്. ശ്രീഹരിക്ക് ഇതൊന്നും ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല, മുഖഭാവം വ്യക്തം.
ഇടക്കിടക്കു കീർത്തി അവളുടെ വീട്ടിൽ പോയി നിൽക്കും, ശ്രീഹരി അവിടെ പോയി കൊണ്ടു വരും. ഏതാണ്ട് ഒന്നര വർഷത്തോളം ആയി.

അങ്ങനെ ശ്രീഹരി ഒരു ശനിയാഴ്ച കാലത്തു, അമ്മേ ഞാൻ കണ്ണൂര് പോകുന്നു അന്നു പറഞ്ഞില്ലേ, ശ്യാമിന്റെ കല്യാണം ആണ് നാളെ ഞാൻ ഇന്ന് പോകുന്നു. കീർത്തിയെ കൊണ്ടുപോകുന്നില്ലേ മോനെ പ്രകാശൻ ചോദിച്ചു, ഇല്ല അച്ഛാ അവൾ കുറച്ചു ദിവസം വീട്ടിൽ പോയി നിൽക്കാൻ പോകുകയാണ്, ഞാൻ നാളെ വൈകുന്നേരം എത്തും. അങ്ങനെ ശ്രീഹരി കാറിൽ കയറി പോയി.
ഗൗരി പറഞ്ഞു എന്തായാലും കീർത്തിയെ കൊണ്ടുപോകേണ്ടതായിരുന്നു കുറച്ചു നാളായി ശ്രീഹരിയുടെ മുഖം ആകെ മൂടിക്കെട്ടിയ ആകാശം പോലെ ആയിരുന്നു ഇന്നൊരു തെളിച്ചം ഉണ്ട്. അവർ തമ്മിൽ എന്തെങ്കിലും സൗന്ദര്യപിണക്കം ഉണ്ടായിരുന്നിരിക്കും ഇപ്പോൾ മാറിക്കാണും. കുറച്ചു കഴിഞ്ഞു കീർത്തി ബാഗുമായി താഴെ വന്നു, എന്നാണ് മോളെ വരിക, വേഗം വന്നോളൂട്ടോ ഗൗരി ചിരിച്ചുകൊണ്ട് പറഞ്ഞു. ഉം എന്ന് മൂളികൊണ്ട് പ്രകാശേട്ടനോടും യാത്ര പറഞ്ഞു വണ്ടിയെടുത്തു വേഗം പോയി. അന്ന് പോയതാണ് കീർത്തി പിന്നീട് വന്നിട്ടില്ല.

ശ്രീഹരി വന്നു, കല്യാണവിശേഷങ്ങൾ എല്ലാം പറഞ്ഞു പക്ഷെ ഒരാഴ്ച കഴിഞ്ഞു കീർത്തിയെ കാണാതെ ഗൗരി മകനോട് ചോദിച്ചു, എന്താ മോനെ മോൾ വരാത്തത്. അവൻ പറഞ്ഞു ആ അവൾ അവിടെ നിൽക്കട്ടെ എന്ന്. പക്ഷെ ഇത്തവണ ഗൗരിയും പ്രകാശനും വിട്ടില്ല, എന്താ അവൾ പോയത് നീ എന്താണ് ഞങ്ങളിൽ നിന്നും മറക്കുന്നത് ഇനി ഒന്നും ഒളിക്കേണ്ട നീ കാര്യം പറയൂ നീ അവളെ വിളിച്ചോ, പോയതിനു ശേഷം. ഇല്ല എന്ന് ശ്രീഹരി തലയാട്ടി. ഇതു കേട്ടപ്പോഴേക്കും ഗൗരി ചോദിച്ചു എന്താ മോനെ നീ പറയൂ. ഇത്രക്കുമായപ്പോഴേക്കും ശ്രീഹരി അവർക്കിടയിൽ വന്നിരുന്നു ആ രണ്ടാളുടെയും കൈകൾ ചേർത്തുപിടിച്ചു ഏങ്ങിയേങ്ങി കരഞ്ഞു. അമ്മേ അച്ഛാ ഇനിയെനിക്ക് വയ്യ, ഞങ്ങൾ പിരിയാൻ തീരുമാനിച്ചു. ‘മോനെ!!!’ അലറി വിളിച്ചു രണ്ടാളും. അതെ ഇനിയും സഹിക്കാൻ വയ്യ ഈ ഒന്നര വർഷം ഞാൻ സഹിച്ചതിനു കൈയും കണക്കുമില്ല. അവൾക്കു സംശയരോഗം ആണ് അവൾ കൗൺസിലർ ആയിരുന്നല്ലോ ഗവണ്മെന്റ് ജോലി കിട്ടുന്നത് വരെ, മറ്റുള്ളവരുടെ പ്രശ്നങ്ങൾ കേട്ടു കേട്ടു അവൾ അതൊക്കെ തന്റെ ജീവിതത്തിലും ഉണ്ടെന്നു സംശയിക്കുന്നതാണെന്ന് എനിക്ക് തോന്നുന്നു, എത്ര പറഞ്ഞിട്ടും മനസ്സിലാകുന്നില്ല, എനിക്ക് പുറത്തിറങ്ങിയാൽ ആരുടെ മുഖത്തും നോക്കാൻ പാടില്ല അപ്പോൾ സംശയം, കല്യാണം കഴിഞ്ഞപ്പോൾ മുതൽ തുടങ്ങി എന്റെ ഒപ്പം വർക്ക്‌ ചെയ്യുന്ന ടീച്ചർമാരോട് ഫോണിൽ സംസാരിക്കാൻ പാടില്ല. എന്തിനേറെ പറയുന്നു പറയുവാൻ എനിക്ക് നല്ല വിഷമം ഉണ്ട് എന്നെ നൊന്തു പ്രസവിച്ച അമ്മയെയും എന്റെ പെങ്ങളെയും എന്നെയും ചേർത്തുവെച്ചു വരെ സംശയങ്ങൾ എയ്തുവിട്ടു, അമ്മയുടെ സാരി കൊണ്ടുണ്ടാക്കിയ പുതപ്പു കൊണ്ട് പുതക്കുന്നതിന് വരെ അവൾ വേറെ അർത്ഥം ഉണ്ടാക്കി, ശ്രീക്കുട്ടി എന്നെ ഫോണിൽ വിളിക്കുന്നതിനും മെസ്സേജ് അയക്കുന്നതിനുമെല്ലാം അവൾ കണ്ടെത്തിയിരിക്കുന്ന അർത്ഥതലങ്ങൾ അതിരുകൾ ലംഘിച്ചു അമ്മേ, ഇതിനെല്ലാം പുറമെ അവളുടെ വീട്ടുകാർ എന്നെ അവരുടെ വീട്ടിലേക്ക് അടർത്തിഎടുക്കാൻ ശ്രമം നടത്തി.
അതിനിടക്ക് അവളുടെ ഏട്ടന്റെ ബിസിനസ് തകർന്നു. ഏട്ടൻ ഒരു പെണ്ണിനെ സ്നേഹിച്ചിരുന്നു അവരുടെ വിവാഹം രഹസ്യമായി കഴിഞ്ഞു ട്രിവാൻഡ്രത്തുള്ള പെൺകുട്ടി ആണ്. ഏട്ടൻ ഭാര്യവീട്ടിൽ താമസം ആയി അമ്മായിയച്ഛന്റെ ബിസിനസ് നോക്കിനടത്തുന്നു. ഇപ്പോൾ കീർത്തിക്കും വീട്ടുകാർക്കും ഞാൻ നിങ്ങളെ ഉപേക്ഷിച്ചു അവിടെ ചെന്നു താമസിക്കണം. ഇവിടെ അവൾക്ക് സ്വാതന്ത്ര്യം ഇല്ലെന്ന്, എല്ലാം അമ്മയുടെ നിയന്ത്രണത്തിൽ ആണെന്ന് അവൾക്ക് ഫുഡ്‌ എടുത്തു കഴിക്കാൻ വരെ സ്വാതന്ത്ര്യം ഇല്ലെന്ന് അമ്മ അളന്നു കൊടുക്കുന്നത് കഴിക്കണം എന്നൊക്കെ ആണ് അവൾ എല്ലാവരോടും പറഞ്ഞു വെച്ചിരിക്കുന്നത്. എത്രയും പെട്ടെന്ന് ഇവിടെ നിന്നും മാറി താമസിക്കണം. അമ്മയുടെ മകനോടുള്ള സ്നേഹപ്രകടനങ്ങൾ കാണുമ്പോൾ അവൾക്ക് അറപ്പ് തോന്നുന്നെന്ന്, ഞാൻ ഇടയ്ക്കു അമ്മയുടെ മടിയിൽ കിടക്കാറില്ലേ,അപ്പോൾ അമ്മ എന്റെ മുടിയിൽ തഴുകാറില്ലേ,അതൊക്കെ കാണുമ്പോൾ അവൾക്കു കലികയറും. അതും പിന്നെ അമ്മയുടെ കാര്യം ഞാൻ ബെഡ്‌റൂമിൽ സംസാരിക്കാൻ പാടില്ല എന്നും അവൾക്ക് അവിടെ എങ്കിലും എന്നെ തനിച്ചു… മതി മോനെ മതി ഗൗരി ഏങ്ങലടിച്ചു കരഞ്ഞു ഇനി എനിക്ക് കേൾക്കാൻ പറ്റില്ല എന്റെ ഹൃദയം പൊട്ടി ഞാൻ മരിക്കും. പ്രകാശനും ഇരുന്നു കരയുകയായിരുന്നു.

ഞാൻ എന്താ പറയുക അച്ഛാ അവളുടെ അച്ഛനും അമ്മയും അവളുടെ സംശയം വളർത്താനാണ് ശ്രമിക്കുന്നത്. ഇതിനു മുൻപും പല തവണ ഇതേ ചൊല്ലി വഴക്കിട്ടു അവൾ വീട്ടിൽ പോയി, ഞാൻ നിങ്ങളെ വിഷമിപ്പിക്കാതിരിക്കാൻ എല്ലാം ഉള്ളിലൊതുക്കി എല്ലാം ശരിയാകും എന്നുകരുതി.ഇനി പറ്റില്ല അമ്മേ. അവൾ പഠിച്ചതും പഠിപ്പിച്ചതും മറ്റുള്ളവരുടെ ജീവിതത്തിലെ പ്രശ്നങ്ങളും എല്ലാം അവളുടെ ജീവിതത്തിൽ പ്രയോഗിച്ചു നോക്കുകയാണ്. എനിക്ക് ഇനിയും ഇതൊന്നും താങ്ങാൻ വയ്യ, കുറെ തവണ പറഞ്ഞു മനസ്സിലാക്കാൻ നോക്കി, താക്കീതു കൊടുത്തു നോക്കി ശാസിച്ചു, പല തവണ കൈ തരിച്ചു വന്നിട്ടുണ്ട്, പക്ഷേ ഇതു വരേക്കും ഞാൻ തല്ലിയിട്ടില്ല. ഞാൻ നിങ്ങളെ മാതൃക ആക്കി ജീവിക്കാൻ ആണ് പഠിച്ചിട്ടുള്ളതും ആഗ്രഹിക്കുന്നതും. എന്തായാലും പിരിയാം.

പിന്നെ എല്ലാവരും കൂടി തീരുമാനം എടുത്തു. കൗൺസിലിംഗ് സമയത്തു അവൾ പറഞ്ഞത് വേറെ താമസിക്കണം അവിടെ അമ്മ ഉണ്ടാകാൻ പാടില്ല, അതുകൊണ്ട് അച്ഛനും അമ്മയും ഒരുമിച്ചു താമസിച്ചോട്ടെ വീട്ടിൽ തന്നെ. ശ്രീഹരി വേറെ വീടെടുക്കണം അതല്ലെങ്കിൽ അവളുടെ വീട്ടിൽ താമസിക്കാം.അങ്ങനെയെങ്കിൽ അവൾ വരാമെന്ന്. ശ്രീഹരി പറഞ്ഞു എന്റെ അച്ഛനും അമ്മയും എന്നും എന്റെ കൂടെ ഉണ്ടായിരിക്കും അവർക്കു ഞാൻ മാത്രമേ ഉള്ളു, അവരെ നോക്കേണ്ടത് ഞാൻ ആണ്, അവരെ ഉപേക്ഷിച്ചു ഒരു ജീവിതം എനിക്കു വേണ്ട. തെറ്റുതിരുത്തി വരാൻ അവൾക്ക് പല അവസരങ്ങൾ കൊടുത്തു ഇത് ഇനി മുന്നോട്ടു പോകേണ്ട ഇവിടെ അവസാനിപ്പിക്കാം. ആറുമാസം വേണ്ടി വന്നു മ്യുച്വൽ ഡിവോഴ്സ് കിട്ടുവാൻ.

തന്റെ കൈയിൽ ഒരു കൈത്തലം വന്നു മുറുകെ പിടിച്ചു പെട്ടെന്ന് ഞെട്ടിയുണർന്ന ഗൗരി നോക്കിയപ്പോൾ പ്രകാശേട്ടൻ. ആൽബത്തിൽ നിറയെ കണ്ണീർതുള്ളികൾ തുടച്ചു മാറ്റി ഗൗരി. എന്താ ഗൗരി ഇത്, ഡോക്ടർ പറഞ്ഞത് മറന്നോ ടെൻഷൻ ഉള്ള കാര്യങ്ങൾ ആലോചിക്കരുത് എന്ന്. പിന്നെ ഈ ആൽബം ഇനി നീ സൂക്ഷിക്കേണ്ട അത് ഞാൻ ബർത്തിന്റെ മുകളിൽ കൊണ്ടിട്ടോളാം ഇങ്ങു തന്നേക്ക്. വേണ്ട പ്രകാശേട്ടാ എന്റെ മോന്റെ ചിരിക്കുന്ന മുഖം കാണുവാൻ വേണ്ടി ആണ് ഞാൻ ഇത് ഇടയ്ക്കു എടുത്തു നോക്കുന്നത്. പക്ഷേ ഗൗരി അതു നോക്കുമ്പോൾ സങ്കടപ്പെടും നമുക്ക് എന്തെങ്കിലും സംഭവിച്ചാൽ നമ്മുടെ മകന് താങ്ങായി പിന്നെ ആരുണ്ട്.അവന്റെ വിവാഹം കഴിഞ്ഞു നല്ലൊരു ജീവിതം ലഭിക്കുന്നത് വരെ നമുക്ക് ആയുസ്സ് തരാൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കാം അവൻ മറ്റൊരു വിവാഹം കഴിക്കുന്നതിനു മാനസികമായി തയ്യാറെടുക്കട്ടെ.

ശ്രീഹരിയുടെ ഇപ്പോഴത്തെ അവസ്ഥ ചൂടുവെള്ളത്തിൽ വീണ പൂച്ചയുടേതാണ്, ഇനിയും ഒരു വിവാഹം കഴിച്ചാൽ ഇതുപോലെ ആകുമോ എന്ന ഭയം അവന്റെ ഉള്ളിൽ പടർന്നു പന്തലിച്ചിട്ടുണ്ട്, സുഹൃത്തുക്കളുടെയും വിനോദിന്റെയും നിർബന്ധപ്രകാരം ഒരു കൗൺസിലിംഗ് ഒക്കെ കഴിഞ്ഞു, എന്നിട്ടും അവൻ പൂർണ്ണമായും വിഷമത്തിൽ നിന്നും മുക്തി നേടിയിട്ടില്ല. ശ്രീഹരിക്കായി ഒരു പെൺകുട്ടി എവിടെയെങ്കിലും കാത്തിരിക്കുന്നുണ്ടാകും സമയം ആകുമ്പോൾ ആ കുട്ടി അവനു മുന്നിൽ എത്തും എന്ന് പ്രകാശൻ ഗൗരിയോട് പറഞ്ഞു കൊണ്ട് ആ ആൽബം വാങ്ങി അകത്തേക്ക് പോയി.

അന്നേരം ശ്രീഹരിയുടെ കോളേജിൽ ഒരു വെൽക്കം പാർട്ടി നടക്കുകയായിരുന്നു. പുതിയ സംസ്‌കൃതം ടീച്ചർ ജോയിൻ ചെയ്തു. അവർക്കു വേണ്ടി മറ്റു അധ്യാപകർ ഒരുക്കിയ ഒരു കൊച്ചു സ്വാഗതവിരുന്ന്. ശ്രീഹരി സ്റ്റാഫ്‌റൂമിൽ നിന്ന് പരിപാടി നടക്കുന്ന ഹാളിലേക്ക് വരികയായിരുന്നു പെട്ടെന്ന് ഹാളിൽ നിന്ന് പുറത്തേക്ക് വരുന്ന സംസ്കൃതം ടീച്ചർ ശ്രീഹരിയുമായി ഒരു ചെറിയ കൂട്ടിമുട്ടൽ നടന്നു. ശ്രീഹരി വേഗം ഒരു ചമ്മലോടെ സോറി പറഞ്ഞു. ടീച്ചറും സോറി പറഞ്ഞു അവിടെ നിന്നും വേഗം തടിതപ്പി. ചടങ്ങ് ആരംഭിച്ചു, ടീച്ചർ സ്വയം പരിചയപ്പെടുത്തി എന്റെ പേര് മീര, സംസ്കൃതം ആണ് വിഷയം വീട്ടിൽ ഞാനും അമ്മയും മാത്രം. ഒരു ജോലി ലഭിക്കുക എന്നതായിരുന്നു എന്റെ ഏറ്റവും വലിയ സ്വപ്നവും ലക്ഷ്യവും അതുകൊണ്ട് വിവാഹം കഴിഞ്ഞിട്ടില്ല. അപ്പോൾ അവിടെ ഇരുന്നു ഒരു ടീച്ചർ പറഞ്ഞു ഇനി കഴിക്കാലോ. അപ്പോൾ ടീച്ചർ ഒന്നു ചിരിച്ചു. ശ്രീഹരിയും ചിരിച്ചു. ശ്രീഹരിയുടെ മനസ്സിൽ ആ കൂട്ടിമുട്ടൽ രംഗം മിന്നിമറഞ്ഞുകൊണ്ടിരുന്നു.

                               home 
                                                   

You can share this post!