ഒരു പേനാക്കത്തിയാൽ
ഇളനീർക്കണ്ണിലും ചെറുതായ്
അവിയൻകറ കഴിച്ചു ഞാൻ;
ശ്വാസം മുട്ടലകറ്റാൻ
രൂക്ഷത പോക്കാൻ
കോപവുമനിഷ്ടവുമകറ്റാൻ
കണ്ണിന്റെ ഹിതത്തിന്
കവി കൽപ്പിച്ചൊരൗഷധം!
കഴിഞ്ഞയാഴ്ചയിൽ കണ്ണാശുപത്രിയുടെ
തിണ്ണയിൽ കിടന്ന്
മണ്ണിന്റെ വിരിമാറിലുയർന്നേൻ
എന്താണു പറ്റിയതെന്നറിയാത്ത
ജന്തുക്കൾ രചിച്ച ചിത്രങ്ങൾ ബഹുവർണ്ണം!
മകളും മകനും അപ്പുറവും ഇപ്പുറവും
ശീതീകരിച്ച മുറിയിൽ, ഡോക്ടർ
കണ്ണിനു മുന്നിൽ പിടിച്ച ഉപകരണത്തിൽ
താടിയും നെറ്റിയും ചേർത്തു പരിശോധിച്ചു.
വർണ്ണങ്ങൾ നാനാതരം!
ലെൻസിന്റെ മാറ്റം
ഇരുട്ട്. ഇപ്പോൾ? ഇരുണ്ട വെളിച്ചം
വെളുപ്പ് കറുപ്പാകുന്നു!
പ്രഷർ, ഷുഗർ, തുള്ളിമരുന്നുകൾ, ഗുളികകൾ,
അന്ധത കൊണ്ടുവന്ന ശസ്ത്രക്രിയ!
ദിവസങ്ങൾ കഴിഞ്ഞ് വീണ്ടും ലെൻസിൽ:
അഞ്ച്, മൂന്ന്, ഒന്ന്, യ,ര,ല,വ. വെളുപ്പ്,
കറുപ്പ്, സൂര്യപ്രകാശം പോലെ
കണ്ണടയ്ക്കുള്ള കുറിപ്പ്
കണ്ണേ മടങ്ങുക…..
കാണാതെ പോകുക നിറഞ്ഞു കവിഞ്ഞ സത്യം