ധൂമാതിത്തെയ്യം/ഡോ.എസ്. സുഷമ, ചിറക്കര

ധൂമത്തെയ്യം ശിരസ്സിലേന്തി –
ക്കത്തും പന്തങ്ങൾ.
അരയോടയിലോ കുത്തിയിറക്കിയ,
അനവധി പന്തങ്ങൾ.

ഉടലിനു ചുറ്റും ആളിക്കത്തും,
തെയ്യ മുറഞ്ഞാടും.
ദേഹത്താകെ ചെമന്ന പട്ടിൻ –
ചേലയുടുത്തീടും.

‘കത്തി’ വേഷക്കഥകളിയെപ്പോൽ,
മുഖത്തു ചെഞ്ചായം.
ഉടുത്തു കെട്ടാം തോരണത്താ-
ലലങ്കരിച്ചീടും.

കണ്ണിൽക്കത്തും രോഷത്തീയാൽ –
ക്കാറ്റു കുടിക്കുന്നു.
കാലിൽ ചുറ്റിയ ചിലമ്പുമായിട്ട-
ഗ്നിയിലാടുന്നു.

മേളത്താളമകമ്പടിയാലേ,
ഉടലോ താളത്തിൽ.
അലയടിക്കും പ്രകമ്പനങ്ങൾ,
അലർച്ചയാകുന്നു.

ധൂമാഭഗവതി തെയ്യം തന്നുടെ,
വരവു കണ്ടോളൂ !
അടിച്ചർത്തിയ നാരികൾക്കായ്,
ഉറഞ്ഞു തുള്ളുന്നു.

നെഞ്ചിലേറ്റും മറ്റൊരു പന്തം,
പീഡിത നാരിയ്ക്കായ്,
പ്രതികാരാഗ്നി ജ്വലിക്കുമവളുടെ,
മുറിഞ്ഞ ഹൃദയത്തിൽ.

എരിച്ചു തീർക്കണമെല്ലാ മഗ്നിയിൽ,
ചാരമാക്കേണം.
ഭാരതനാരി യിവിടെത്തിളങ്ങും,
സ്വതന്ത്ര നക്ഷത്രം.

പടുത്തുയർത്തൂ പുതിയൊരു ലോകം,
നാരീ രക്ഷയ്ക്കായ്.
അനുഗ്രഹിക്കാം സോദരിമാരേ,
ഉയിർത്തെഴുന്നേൽക്കൂ !

You can share this post!