”സത്യം എവിടെയാണുള്ളതെന്ന് തോറോ ചോദിക്കുന്നുണ്ട്. നക്ഷത്രങ്ങൾക്കും അപ്പുറം സത്യം ഇരിക്കുന്നതായി കരുതുന്നവരുണ്ട്. മനുഷ്യൻ ജനിക്കുന്നതിനുമുമ്പ് സത്യമുണ്ടായിരുന്നുവേന്നും എല്ലാ മനുഷ്യരും മരിച്ചു കഴിഞ്ഞാലും അത് നിലനിൽക്കുമെന്നും അവർ ചിന്തിക്കുന്നു. ഇങ്ങനെയുള്ള സത്യവുമായി നാമെന്തിനു ബന്ധപ്പെടണം? നമ്മുടെ കാലത്ത് അതിന് ഒരു തീർപ്പോ പ്രശ്നമോ വരാനിടയില്ല. അനശ്വരത ഒരു പ്രലോഭനമാണ്. എല്ലാ കാലങ്ങളിലും ജീവിച്ചവർ അനശ്വരതയെ സ്വപ്നം കണ്ടിട്ടുണ്ട്.”
ഏറ്റവും വലിയ കല ഏതാണെന്ന് ചോദിച്ചാൽ അമേരിക്കൻ ചിന്തകനായ ഹെന്റി ഡേവിഡ് തോറോ(1817-1862) പറയും, അത് ഒരു ദിവസത്തിന്റെ പരമപ്രധാനമായ മൂല്യം തിരിച്ചറിയുന്നതാണെന്ന്. മനുഷ്യന്റെ മാറ്റുരച്ച് നോക്കുന്നത്, തനിക്ക് കിട്ടിയ സിദ്ധികൾ കൊണ്ട് എന്ത് ചെയ്തു എന്നതിനെ ആശ്രയിച്ചാണ്. സാമ്പ്രദായിക കലയോ സംഗീതമോ അല്ല, അതിനപ്പുറമാണ് ഈ സിദ്ധികളുടെ സ്ഥലികൾ വ്യാപിച്ചിരിക്കുന്നത്. എന്താണ് ഈ സിദ്ധികൊണ്ട് നേടാനുള്ളത്? നമ്മുടെ മൂല്യവിചാരത്തിൽ ഏറ്റവും കൂടുതൽ മുന്നേറുക ഒരു പ്രധാനകൃത്യമാണ്. ഏതു ഉന്നതവും ദുഃഖഭരിതവുമായ അനുഭവമായാലും അതിനെക്കുറിച്ച് ഗാഢമായ ആലോചനകൾ ഉണ്ടാവുമ്പോഴാണ് മനുഷ്യൻ കലയുടെ സാദ്ധ്യത പ്രയോജനപ്പെടുത്തുന്നത്. നാം നിത്യേന അഭ്യസിക്കുന്ന കല നിയന്ത്രിതവും പരിമിതവുമാണ്. അതിനപ്പുറമാണ് മാനുഷിക ജീവിത സാദ്ധ്യതകളുടെ യഥാർത്ഥ കല.
ഒരു ദിവസം കൊണ്ട് നാം എന്ത് നേടിയെന്ന് ആലോചിക്കുന്ന നിമിഷം, നമ്മുടെ ഗാർഹികവും ഭൗതികവുമായ കല പരാജയപ്പെട്ടു എന്ന് കാണാം. അനുഷ്ഠാനം എന്ന പോലെയുള്ള കലയെല്ലാം ജീവിതത്തെക്കുറിച്ച് അറിയാതെ തന്നെ കാലം കഴിക്കുന്നു.
ഒരു ദിവസം മൂന്നോ നാലോ മണിക്കൂർ കുന്നുകളിലും വെളിയിടങ്ങളിലും ചുറ്റിത്തിരിയുന്നതാണ് തോറോയ്ക്ക് ഇഷ്ടം. ആരെയും കൂട്ടാതെയാണ് പോകുക. മറ്റൊരാളുള്ളപ്പോൾ തന്റെ ഏകാന്തത്ത അവിശുദ്ധമാകുമെന്ന് അദ്ദേഹം കരുതുന്നു. ജീവിക്കുക എന്നാൽ ഒരു പടി കടന്ന് ജീവിതത്തിലേക്ക് ആഴ്ന്നിറങ്ങലാണ്. ചുറ്റുപാടും നമ്മെ കബളിപ്പിക്കുകയാണെന്ന് അറിഞ്ഞ് എല്ലാം വ്യക്തമായി കാണാനും കേൾക്കാനും തയ്യാറാവേണ്ടതുണ്ട്. ഏതോ ലഹരികൾ മനുഷ്യന്റെ ആവാസവ്യവസ്ഥയിൽ പരിപാവനമായി കൂടുകൂട്ടി പാർക്കുന്നുണ്ട്. അവയുമായി ഒരു സംവാദം ചിലപ്പോൾ തുടങ്ങിവയ്ക്കാനാകും.
ജീവിതയാഥാർത്ഥ്യങ്ങളെ നാമെല്ലാം അംഗീകരിക്കുന്നു. യാഥാർത്ഥ്യങ്ങൾ വ്യക്തിഗതമായി വിലയിരുത്തപ്പെടുമ്പോഴും അവയുടെ അർത്ഥങ്ങൾ അവശേഷിക്കുകയാണ്. മനുഷ്യർ അവർക്ക് ആവശ്യമുള്ളതു മാത്രമാണ് എടുക്കുന്നത്. യാഥാർത്ഥ്യങ്ങളിൽ നിന്ന് പഠിക്കാൻ പലതുമുണ്ട്. എന്നാൽ അത് എല്ലാവർക്കും ലഭിക്കണമെന്നില്ല. വ്യക്തികളുടെ ജീവിതത്തിനനുസരിച്ചാണ് ആ പാഠങ്ങൾ ലഭിക്കുക. തോറോ ഒരു നിർബന്ധം പിടിക്കുന്നു; തന്റെ അനുഭവങ്ങൾ തനിക്ക് പറഞ്ഞു തരുന്നതെന്താണോ, അത് സ്വന്തമായി കണ്ടെത്തണം. ഇതാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാടിലുള്ള ജീവിതം. അതിൽ മനുഷ്യനാണ് അർത്ഥങ്ങളുടെ ഉൽപാദകൻ.
ജീവിതമല്ലാത്തതെല്ലാം തള്ളിക്കളഞ്ഞ ശേഷമുള്ള ആണ്ടുമുങ്ങലാണ് ജീവിതാനന്ദം. അല്ലെങ്കിൽ, മനുഷ്യനെ ജീവിതാവസാനം കാത്തിരിക്കുന്നത് വ്യർത്ഥതയായിരിക്കും,. ജീവിച്ചില്ലല്ലോ എന്ന വ്യഥ ഒരാൾ ഉൾക്കൊള്ളുകയാണെങ്കിൽ അതയാളെ നിരാശയിലാഴ്ത്തും. അതുകൊണ്ട് സമയം നഷ്ടപ്പെടുത്താതെ ജീവിതത്തിന്റെ മജ്ജ മുഴുവൻ അകത്താക്കാനാണ് ശ്രമം. ഒരു പക്ഷേ, ഈ തീവ്രമായ യാത്ര ഉദ്ദേശിച്ച ഫലം ഉണ്ടാക്കിയില്ലെന്ന് വരാം. അപ്പോൾ അതാണ് ലോകത്തോട് വിളിച്ചുപറയേണ്ടത്.
ജീവിതത്തെ ചെറിയ കാര്യങ്ങളിലേക്ക് ചുരുക്കിക്കളഞ്ഞവരാണ് മനുഷ്യർ. ചെറിയ കാര്യങ്ങളിൽ ചിതറിപ്പോയതുകൊണ്ട് ഒന്നിലും പരമാവധി ശ്രദ്ധയോ പരിചരണമോ നൽകാനാവുന്നില്ല. പല വിഷയങ്ങളിലുള്ള ചിതറലിന്റെ ഫലമായി തുണ്ടുകളാക്കപ്പെടുന്ന ദിനങ്ങളെ സ്വാംശീകരിക്കാൻ ആവുന്നില്ല. ചിതറലിൽ നിന്ന് സാർത്ഥകമായ ഒരു തിരച്ചിൽ അസാധ്യമായിത്തീരുന്നു. ഗഹനവും പ്രവചനാത്മകവുമായ ഏകാഗ്രത ഒരു കാര്യത്തിൽപ്പോലുമില്ല. എല്ലാം പുറന്തോടുകളിൽ തൊട്ട് എവിടെയോ തെറിച്ചു പോകുന്നു. സൗന്ദര്യത്തിന്റെ ലഹരിയുമായി അടുത്തേക്ക് വരുന്ന അനുഭവങ്ങളെ കാണാതെ മുഖം തിരിച്ച് മനുഷ്യൻ എങ്ങോട്ടോ തിരക്കിട്ട് പോകുന്നു. നഷ്ടവസന്തങ്ങളുടെ കാവൽക്കാരാകാതിരിക്കാൻ ഓരോരുത്തരും സ്വന്തം വന്യതകളെ പൈന്തുടരേണ്ടതുണ്ട്.
ആധുനിക നാഗരിക സംസ്കൃതിയുടെ നേട്ടങ്ങളെ അന്ധമായി പൈന്തുടരുന്നതിനു പകരം സംശയിക്കുകയും ഒഴിഞ്ഞുമാറുകയുമാണ് തോറോ ചെയ്തത്. അത്യാവശ്യങ്ങളെ മറക്കുകയും അനാവശ്യങ്ങളെ അനിവാര്യതയായി അവതരിപ്പിക്കുകയും ചെയ്യുന്ന നവനാഗരികതയിൽ കാതലായ എന്തോ നഷ്ടപ്പെടുന്നതായി തോറോ എപ്പോഴും വേവലാതിപ്പെട്ടു. A week on the concord and merrimack Rivers എന്ന ഗ്രന്ഥത്തിൽ ചന്ദ്രനെ നോക്കി പട്ടികൾ കുരയ്ക്കുന്നത് ആധുനിക കാലഘട്ടത്തിലെ ഏത് യുദ്ധവിളംബര നാദങ്ങളെക്കാൾ നമ്മുടെ ഹൃദയങ്ങളെ ആവേശം കൊള്ളിക്കാൻ പര്യാപ്തമാണെന്ന് എഴുതുന്നുണ്ട്. ലോകത്തിലെ ഏറ്റവും പൂർണ്ണമായ കല പ്രകൃതിയിലെ ശബ്ദങ്ങളിൽ പട്ടിയുടെ കുര, ഉച്ചനേരത്ത് പ്രാണികളുടെ ചിലക്കൽ, കാണാം. “ഇത് ഒരിക്കലും പരാജയപ്പെടാത്ത ഭാഷയുടെ കൃത്യതയാണ്”.
തോറോ കൂടുതൽ കാലം ജീവിച്ചു എന്ന് പറയാനാവില്ല-എന്നാൽ ഈ കാലത്തിനിടയിൽ അദ്ദേഹം ലോകം ഉൽപാദിപ്പിച്ച മഹത്തായ ഒരു മനസ്സിന്റെ സാക്ഷ്യമായി. അദ്ദേഹത്തിന്റെ രചനകൾ ഇരുപത് വാല്യങ്ങളായി സമാഹരിച്ചിരിക്കുന്നു. പ്രകൃതിവാദി, ചിന്തകൻ, കവി, ഗദ്യകാരൻ, ചരിത്രകാരൻ, ആശയവാദി എന്നിങ്ങനെ എത്ര മുഖങ്ങൾ വേണമെങ്കിലും തോറോയ്ക്ക് ഇണങ്ങും. ജീവിതത്തെ ഏകാന്തത്തയ്ക്ക് രമിക്കാനുള്ള പുൽത്തകിടിയാക്കിക്കൊണ്ട് അദ്ദേഹം തന്റെ അനുഭൂതികളെ അന്വേഷിച്ചു പൊയ്ക്കൊണ്ടിരുന്നു. വിവാഹം കഴിക്കാതിരുന്നത്, തോറോയെ വേറൊരു രീതിയിൽ ഏകാന്തത്തയുമായി കൂട്ടിയിണക്കി. ഒരു സുഹൃത്തിന്റെ സാന്നിദ്ധ്യം തന്റെ കാനന യാത്രകളെ അലങ്കോലപ്പെടുത്തുമെന്ന് മനസ്സിലാക്കി കലർപ്പില്ലാത്ത ഒരു ജൈവ അനുഭവത്തെ നിർമ്മിച്ചെടുക്കുകയായിരുന്നു. പുറംലോകത്തിലെ കാഴ്ചകളോടൊപ്പം അവനവനെക്കൂടി ആരായണം. കൊളമ്പസ് വൻകര കണ്ടുപിടിച്ചതു ഓർക്കുന്നു. അങ്ങനെയുള്ള ഒരു കൊളമ്പസ് ആകാൻ അദ്ദേഹം നമ്മളോട് ആഹ്വാനം ചെയ്യുന്നു; നമ്മുടെയുള്ളിലെ വൻകരകളെ കണ്ടെത്താൻ.
മനുഷ്യരുടെ ജീവിതത്തെ ചെറിയ പ്രദേശങ്ങൾ ചേർന്നുണ്ടാക്കിയ ജർമ്മനിയോട് ഉപമിക്കുന്നത് ‘വാൽഡൻ’ എന്നു പുസ്തകത്തിലാണ്. ജർമ്മനിയുടെ അതിർത്തി എപ്പോഴും മാറിക്കൊണ്ടിരിക്കുന്നു. അതുകൊണ്ട് ജർമ്മൻകാർക്ക് തങ്ങളുടെ രാജ്യത്തിന്റെ യഥാർത്ഥ അതിർത്തി എന്താണെന്നോ, ആകൃതി എന്താണെന്നോ സങ്കൽപിക്കാൻ കഴിയുമായിരുന്നില്ല. നാം എന്തൊക്കെ ചെയ്താലും ഒടുവിൽ നേടാനൊന്നുമില്ലാത്തവരായി മാറുന്നു. ശരിക്കും മുല്യമുള്ളതായ, വിലമതിക്കത്തക്കതായ ഒരു പ്രവൃത്തിയില്ലാതെ വരുകയും എന്നാൽ എല്ലാ സാധാരണ ദൈനംദിന വേലകളും പരമപ്രധാനമെന്ന പോലെ വെറുതെ അലങ്കരിച്ചു വയ്ക്കുകയും ചെയ്യുന്നു.
തിരക്കുപിടിക്കുന്നതിനുവേണ്ടി ജീവിക്കുന്നവരുണ്ട്. അവർ തിരക്കുണ്ടെങ്കിലേ ജീവിതമുള്ളൂ എന്ന് വിശ്വസിക്കുന്നു. അവർ ഭാവിയെയാണ് പ്രതിസ്ഥാനത്ത് നിർത്തുന്നത്. ഭാവി പിണങ്ങുമെന്ന് ഭയന്ന്, അവർ വർത്തമാനകാലത്തെ വല്ലാതെ മർദ്ദിച്ച് നേരെയാക്കാൻ നോക്കുകയാണ്. അനാവശ്യമായ ധൃതിയും കഴുത്ത് വെട്ടിച്ചുള്ള പരിഭ്രാന്തമായ നോട്ടവും തീർത്തും മനുഷ്യവിരുദ്ധമാണ്. ഒന്നിനോടും സഹിഷ്ണുതയോടെ പെരുമാറാൻ കഴിയാത്ത നരകമാണ് ആധുനിക മനുഷ്യൻ പരിഷ്കൃതിയുടെ പേരിൽ സൃഷ്ടിച്ചിരിക്കുന്നത്.
യഥാർത്ഥത്തിൽ നിലനിൽപ്പുള്ളത് എന്തിനാണെന്ന് ചോദിച്ചാൽ, അത് അറിയാൻ നാം ധൃതിപ്പെടാതിരിക്കുകയേ നിവൃത്തിയുള്ളൂ. ആവശ്യമുള്ളതിനെ വളരെയേറെ അംഗീകരിച്ചുകൊണ്ടു മാത്രമേ അതിന് ഉത്തരം കാണാനോക്കൂ.
യഥാർത്ഥ മഹത്വമെന്തെന്ന ചിന്തനീയമായ ചോദ്യത്തിലേക്ക് അത് നമ്മെക്കൊണ്ടു ചെന്നെത്തിക്കും. നമ്മുടെ ജീവിതം തീർത്തും അയാഥാർത്ഥമായ ചില വസ്തുതകളെ അടിസ്ഥാനമാക്കിയാണ് നിലനിൽക്കുന്നതെന്ന് പ്രഖ്യാപിക്കാൻ തോറോയ്ക്ക് ഒരു മടിയുമില്ല. അത് അദ്ദേഹത്തിന്റെ സ്വാനുഭവമാണ്. സത്യമെന്താണെന്ന ചെറിയ ധാരണയുണ്ടെങ്കിലും അതുപേക്ഷിച്ച് മനുഷ്യൻ കെട്ടുകഥകളിലും ഭ്രമങ്ങളിലുമാണ് മുഴുകുന്നത്. അതാണ് അവനെ ആനന്ദിപ്പിക്കുന്നത്. ജീവിതം ഒരു നിയതത്വം നേടുന്നുണ്ടെങ്കിൽ അത് അഭ്യാസപൂർണവുമാണ്. അതിന് യാദൃശ്ചികതയുടെ ആനുകൂല്യമാണുള്ളത്.
ഉല്ലാസത്തിൽ ആഴ്ന്നു മുങ്ങുന്ന കുട്ടികൾ ജീവിതത്തിന്റെ സുതാര്യവും ക്ലേശരഹിതവുമായ തലങ്ങളാണ് ഉൾക്കൊള്ളുന്നത്. അനുഭവമുണ്ടെന്ന് പറയുന്നവർ, അതിൽ ഭൂരിഭാഗവും പരാജയത്തെയാണ് തൊട്ടറിയുന്നത്. പരാജയത്തിൽ നിന്നുകൊണ്ട് അത് വിജയത്തെക്കുറിച്ചുള്ള പഠനമാണെന്ന് വ്യാഖ്യാനിക്കുന്നു. പരാജയം എന്ന അനുഭവം ഗുണപരമായ ഒരു പാഠമാകുന്നതെങ്ങനെയാണ്?
സത്യം എവിടെയാണുള്ളതെന്ന് തോറോ ചോദിക്കുന്നുണ്ട്. നക്ഷത്രങ്ങൾക്കും അപ്പുറം സത്യം ഇരിക്കുന്നതായി കരുതുന്നവരുണ്ട്. മനുഷ്യൻ ജനിക്കുന്നതിനുമുമ്പ് സത്യമുണ്ടായിരുന്നുവേന്നും എല്ലാ മനുഷ്യരും മരിച്ചു കഴിഞ്ഞാലും അത് നിലനിൽക്കുമെന്നും അവർ ചിന്തിക്കുന്നു. ഇങ്ങനെയുള്ള സത്യവുമായി നാമെന്തിനു ബന്ധപ്പെടണം? നമ്മുടെ കാലത്ത് അതിന് ഒരു തീർപ്പോ പ്രശ്നമോ വരാനിടയില്ല. അനശ്വരത ഒരു പ്രലോഭനമാണ്. എല്ലാ കാലങ്ങളിലും ജീവിച്ചവർ അനശ്വരതയെ സ്വപ്നം കണ്ടിട്ടുണ്ട്. അനശ്വരത, മറ്റെല്ലാ പരാജയങ്ങൾക്കു നടുവിലും ഒരു പിടിവള്ളിയാണ്. അനശ്വരത എന്ന സങ്കൽപത്തിൽ മഹത്തായ ചിലതുണ്ടെന്ന് തോറോ സമ്മതിക്കുന്നു. എന്നാൽ നമ്മുടെ മുമ്പിലുള്ള ഈ കാലവും സ്ഥലവും സന്ദർഭവുമെല്ലാം നമ്മെ നിർണ്ണയിക്കുകയാണ്. അതൊഴിവാക്കി അനശ്വരതയിലേക്ക് ഓടിപ്പോകാൻ ആർക്കുമാവില്ല. ഒരാൾ ജീവിക്കുന്ന വേളയിൽ അയാളുടെ കാലത്തിലും സ്ഥലത്തിലും സന്ദർഭത്തിലും അയാളുടെ ദൈവം സാന്നിദ്ധ്യമാവുന്നു. അതിനും അപ്പുറത്തുള്ള ദൈവത്തെ അവൻ എങ്ങനെ അറിയും? തോറോയുടെ വാദം ഇതാണ്: എത്ര കാലം കഴിഞ്ഞാലും അയാൾക്ക് മറ്റൊരു ദൈവത്തെ കിട്ടുകയില്ല. മാത്രമല്ല അയാൾ കൂടുതൽ പരിപൂർണ്ണനുമാകുകയില്ല. നമ്മെ ഏതോ അദൃശ്യവും ദുരൂഹവുമായ യാഥാർത്ഥ്യങ്ങൾ ചൂഴ്ന്ന് നിൽക്കുന്നുണ്ട്. അവയിൽ മിക്കതും വ്യാജമാണ്. ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന വസ്തുക്കളിന്മേൽ സാങ്കൽപിക ശത്രുത ഉണ്ടാക്കിയിട്ട് പ്രയോജനമില്ല. കൺമുന്നിലുള്ള യാഥാർത്ഥ്യത്തെ, അനുഭവമായി പക്വമാകുന്ന വസ്തുവിനെ നാം തിരിച്ചും മറിച്ചും പരിശോധിച്ച് അതിന്റെ വ്യാജത്വം കണ്ടെടുക്കേണ്ടിയിരിക്കുന്നു. അത് മിക്കപ്പോഴും സങ്കൽപാധിഷ്ഠിതമായിരിക്കും. ഭാവന ചെയ്തുകൊണ്ടല്ലാതെ മനുഷ്യന് ജീവിക്കാനാകില്ല.
കവിത മനുഷ്യവംശത്തിന്റെ യോഗാത്മകതയാണ്. കൂടുതൽ കാവ്യസംരംഭങ്ങളും, പക്ഷേ പരാജയപ്പെടുകയാണത്രെ. കാരണം അത് ശരിയായ പ്രതിസന്ധി ഉൾക്കൊണ്ടല്ല പിറവിയെടുക്കുന്നത്. കവിത വീണ്ടെടുക്കാവുന്ന ചിന്തയല്ല. മറ്റൊന്നായി പരിവർത്തിപ്പിക്കാൻ കഴിയാത്ത ചിന്തയാണ് കവിതയാകേണ്ടത്.
ഒരിക്കലും കേൾക്കാൻ കഴിയാത്തത് നിങ്ങൾക്ക് പറയാനാവുമെങ്കിൽ, ഒരിക്കലും വായിക്കാനിടയില്ലാത്തത് എഴുതാനാവുമെങ്കിൽ നിങ്ങൾ സർഗാത്മകമായി എന്തെങ്കിലും ചെയ്തു എന്ന് മനസ്സിലാക്കാം. പ്രകൃതി വളരെ സമർത്ഥയാണ്. അവളുടെ കലയിൽ കലാകാരൻ ഒരിക്കലും പ്രത്യക്ഷപ്പെടുന്നില്ല. Art is not tame, and nature is not wild, in the ordinary sense. A prefect work of man’s art would also be wild or natural in a good sense. കല പൂർണ്ണമായും മെരുങ്ങിയിട്ടില്ല. പ്രകൃതി വന്യവുമല്ല. മനുഷ്യരുടെ കലയിൽ പ്രകൃതിയുടെ വന്യതയ്ക്കും ഇടമുണ്ട്.
പ്രകൃതിയിലെ ഏതൊരു വസ്തുവിലും മനുഷ്യനു സൗഹൃദം കണ്ടെത്താനാവും. ഒരുവൻ ദുഃഖിതനോ നരവിദ്വേഷിയോ ആയാൽപ്പോലും അത് തടസ്സമാവില്ല. വിഷാദാത്മകത മനുഷ്യന്റെ നാഗരികതയുടെ സൃഷ്ടിയാണെന്ന് തോറോ കരുതുന്നു. എന്നാൽ പ്രകൃതിയിൽ ആ വിഷാദത്തിനു ഇടമില്ല. പ്രകൃതി ഒരുവനെ മാസികമായി ഉത്തേജിപ്പിക്കുകയാണ് ചെയ്യുന്നത്. അതേസമയം മനുഷ്യൻ പ്രകൃതിയിൽ ഉൾപ്പെടുന്നില്ലെന്നാണ് തോറോയുടെ പക്ഷം. മനുഷ്യൻ വെറുതെ ഒഴുകിപ്പോകുകയാണ്, കാലത്തിലൂടെ. ഒന്നും അവനെ സ്പർശിക്കുന്നില്ല. ഈ ഭൂമിയിൽ നിന്ന് അകന്ന് നിന്ന് ഭൂമിയെ നോക്കുന്നവനെപ്പോലെ ജീവിക്കുന്നവരുമുണ്ട്. ഒരു നാടകം കണ്ട് ക്ഷോഭിക്കുന്നവൻ അതേ സംഭവം തന്റെ ജീവിതത്തിലുണ്ടായാൽ ക്ഷോഭം ഉണ്ടാകണമെന്നില്ല.
മനുഷ്യൻ തന്റെ ദ്വന്ദഭാവത്തെ അറിയുന്നത് നന്നായിരിക്കും. സ്വന്തം ആത്മാന്വേഷണമൊക്കെ പോകട്ടെ. സ്വന്തം ചിന്തകൾ എന്താണെന്ന് പൈന്തുടർന്ന് ചെല്ലാൻ എത്ര പേർക്ക് കഴിയും? അവൻ അവനു തന്നെ അജ്ഞാതനാണ്. സ്വയം മനസ്സിലാക്കി എന്ന് പറയുന്നത് ഭോഷ്ക്കാണ്. അവനവനെ അറിഞ്ഞവൻ ഒരിക്കലും തെറ്റു ചെയ്യുകയില്ലല്ലോ. സ്വന്തം ചിന്തകളിൽ അഭിരമിക്കാം. പക്ഷേ അതിന്റെ ശക്തിയിൽ ഒഴുകിപ്പോകുമ്പോൾ സംയമനം പാലിക്കാൻ കഴിയാറില്ല. സ്വയം ആരാണെന്ന് ബോധ്യപ്പെടുകയുമില്ല. ഓരോ ചിന്തയുടെ പ്രതിനിധാനം മാറിക്കൊണ്ടിരിക്കുന്നു. മറ്റെല്ലാവരിൽ നിന്നും ഒരുവൻ അകന്നിരിക്കുന്നു. എന്നാൽ അവൻ സ്വയം അവനിൽ നിന്നും അകലം പാലിക്കുന്നു.
തോറോ പറയുന്നത്, ഗാഢമായ ഒരനുഭവത്തിലേക്ക് ഒരാൾ വീഴുമ്പോഴും അയാൾ സ്വയം വിമർശിക്കുകയോ തന്നിൽ നിന്ന് അകന്നു നിൽക്കുകയോ ചെയ്യാമെന്നാണ്. സാന്ദ്രമായ അനുഭവങ്ങളെ ഒഴിച്ചു നിർത്തി മറ്റൊരു ഭാഗം കൊണ്ട് അയാൾ വ്യക്തിത്വത്തെ പൂർത്തീകരിക്കാൻ ശ്രമിക്കും. സ്വാനുഭവത്തിന്റെ തീവ്രത എത്രയൊക്കെയാണെങ്കിലും അതിൽ പങ്കുചേരാതിരിക്കുക എന്ന അസ്പൃശ്യത മനുഷ്യന്റെ പ്രത്യേകതയാണ്. എന്നാൽ അത് തന്റേതല്ലെന്ന് ഒരിക്കലും പറയുകയില്ല. ഒരാൾ അവനവന്റെ ജീവിതത്തെ നിരീക്ഷിച്ചു കൊണ്ട് സഞ്ചരിക്കുന്നതായി സങ്കൽപിക്കാം.
ജീവിതം, ഏതൊരാൾക്കും ഒരു കൽപിതകഥയാണെന്ന് അദ്ദേഹം പറയുന്നുണ്ട്. ഒരിടത്ത് പുറന്തോട് ഉപേക്ഷിച്ച് കടന്നുപോകുന്ന ഉരഗത്തെപ്പോലെ അനുഭവങ്ങളെ എവിടെയെങ്കിലും കളയാനുള്ള ഒരു വാസന മനുഷ്യനിലുണ്ട്.
ജീവിതം ജീവിക്കുന്നതിലുപരി ഒരു ഭാവനാസൃഷ്ടി പോലെ അന്യമാക്കുന്നതുകൊണ്ടുകൂടിയാണ് ഇത് നമുക്ക് വഹിക്കാൻ കഴിയുന്നത്. ജീവിതത്തെ നാം ഒളിപ്പിച്ചു കടത്തുകയാണ്. തൊട്ടടുത്തിരിക്കുന്നവർക്ക് പോലും അറിയാത്ത നമ്മെ നാം സുരക്ഷിതമായി കടത്തിക്കൊണ്ടു പോകുന്നു. ഇതൊരു മാനസിക ഭാരമായതിനാലാണ് തോറോ ഇങ്ങനെ പറഞ്ഞത്: തനിച്ചിരിക്കുന്നതാണ് എനിക്ക് ഏറ്റവും ആരോഗ്യകരമായിട്ടുള്ളത്. അടുപ്പമുള്ളവരായാൽപ്പോലും സൗഹൃദം ലൈംഗിക വാസനയിലും മടുപ്പിലും കൊണ്ടെത്തിക്കും. ഏകാന്തത്തയാണ് നല്ല മിത്രം. ജോലി ചെയ്യുന്നവൻ ഏകാന്തനാണ്. ആളുകളുടെ ഇടയിലാണെങ്കിൽപ്പോലും.” കേംബ്രിഡ്ജ് കോളേജിലെ തിരക്കും ബഹളവും നിറഞ്ഞ കാമ്പസിലിരിക്കുന്ന ഒരു വിദ്യാർത്ഥി, മരുഭൂമിയിൽ തനിച്ചിരിക്കുന്ന അവധൂതനെപ്പോലെ ഒറ്റയ്ക്കാണെന്ന് അദ്ദേഹം എഴുതുന്നുണ്ട്. രണ്ട് തരത്തിലുള്ള ഏകാന്തത്തയാണിത്. രണ്ടും ഒന്നു തന്നെ.
അന്ധമായി താത്പര്യങ്ങൾ കൊണ്ട് ഉറച്ചുപോയ ചിന്തകളെ ഇളക്കി പ്രതിഷ്ഠിക്കുകയാണ് തോറോ ചെയ്തത്. ജീവിതത്തെക്കുറിച്ചുള്ള പരിഷ്കൃത സങ്കൽപങ്ങളെ തുറന്നു കാണിക്കുന്നുണ്ട് വാൽഡൻ എന്ന കൃതിയിൽ. ഒരു പട്ടണത്തിൽ എല്ലാവർക്കും വേണ്ടത് പണക്കാരനെയാണെങ്കിൽ, അവിടത്തെ ദരിദ്രന്റെ സ്വതന്ത്രജീവിതമാണ് തോറോയെ ആകർഷിക്കുന്നത്. ജീവിതത്തെ അതിന്റെ യഥാർത്ഥ വിഹ്വലതകളോടെ സ്വീകരിക്കാൻ അവന് സാധ്യമാണ്. പല പട്ടണവാസികളും സ്വയം ഉണ്ടാക്കിയ മിഥ്യയുടെ ഉയരത്തിലാണ് ജീവിക്കുന്നത്. അവർ പട്ടണത്തിനൊപ്പമോ അതിനും മുകളിലോ ആണെന്ന് വിചാരിച്ച് സംതൃപ്തി നേടുന്നു. പട്ടണത്തെ നിലനിർത്തുന്നത് തങ്ങളാണെന്ന ചിന്ത അവർക്ക് അയഥാർത്ഥമായ ഉണർവ്വ് നൽകുന്നു. എന്നാൽ താഴേക്കിടയിലുള്ളവരെ ശ്രദ്ധിക്കാതെയും തങ്ങളിലേക്ക് തന്നെ ഉൾവലിഞ്ഞും ജീവിക്കുന്ന അവർ പ്രകൃതിയിൽ നിന്നും വേർപെട്ടതും അന്യവുമായ ഒരു സഹവർത്തിത്വത്തിലാണ് സ്വയം പരിചയപ്പെടുത്തുന്നത്. സ്വന്തം നിലനിൽപ്പിനുവേണ്ടി എത്ര വേണമെങ്കിലും യശസ്സ് നഷ്ടപ്പെടുത്താനും സത്യവുമായി യാതൊരു ബന്ധവുമില്ലാത്ത പ്രവൃത്തികളിലേർപ്പെടാനും മിക്കവർക്കും ഉത്സാഹമാണ്. തോറോ എഴുതുന്നു : ഒരു സന്യാസിയെപ്പോലെ ഒരാവശ്യവുമില്ലാതെ ജീവിക്കാൻ കഴിയുമോ എന്ന് നോക്കുക. ഔഷധതോട്ടത്തിൽ നിൽക്കുന്ന ചെടിയെപ്പോലെ. വസ്ത്രമോ, പുതിയ സുഹൃത്തോ ഒരു അനിവാര്യതയായി കാണേണ്ടതില്ല പഴയതൊക്കെ ഒന്ന് പുതുക്കിയെടുക്കുക. പഴയതുകൊണ്ട് ജീവിക്കാൻ ശിലിക്കുക. മാറേണ്ടത് നമ്മളാണ്.
ഈ ലോകം എങ്ങനെയാണ് പരസ്പരാശ്രിതമായ ഒരു വ്യവസ്ഥ സൃഷ്ടിച്ചിരിക്കുന്നതെന്ന് ആരാഞ്ഞ മഹാപ്രതിഭകളിൽ പ്രധാനിയാണ് തോറോ. അദ്ദേഹത്തിന്റെ മനസ് അസാധാരണവും ഇതുവരെ ഉണ്ടാകാത്തതുമായ ഒരു രസതന്ത്രമാണ്. അനേകം വിഷയങ്ങൾ ഒരു വ്യക്തിയിൽ വരുന്നതിന്റെ സൃഷ്ടിപരമായ മികവ് തോറോയിൽ കാണാം. കവിയും പരിസ്ഥിതിവാദിയും ഭൂമിശാസ്ത്രജ്ഞനും ആത്മീയവാദിയും ചിന്തകനും പ്രഭാഷകനും എല്ലാം ഒരാളിൽ സംഗമിക്കുകയാണ്. കുറച്ചുകാലം അദ്ധ്യാപകനായിരുന്ന തോറോ അതുപേക്ഷിച്ച് മറ്റ് ജോലികളിലേക്ക് തിരിഞ്ഞു. പുസ്തകങ്ങളിൽ നിന്നുള്ള വരുമാനം പോരാതെ വന്നപ്പോൾ അദ്ദേഹം പൂന്തോട്ടം നിർമ്മിച്ചുകൊടുക്കാനും വേലി ഉണ്ടാക്കാനും ചുവർ വെള്ളപൂശാനും മരപ്പണി ചെയ്യാനും മറ്റും പോയി ചെറിയ വരുമാനമുണ്ടാക്കി. ഏത് തൊഴിലും ചെയ്യുന്നതിന്റെ തൃപ്തിയും പൂർണ്ണതയുമാണ് തോറോയെ പിടിച്ചു നിർത്തിയത്. ഏത് ചെറിയ സൗകര്യങ്ങളിലും നിറവോടെ ജീവിക്കാനുള്ള സിദ്ധി അദ്ദേഹത്തിനുണ്ടായിരുന്നു. ചെടികളോടും ചെറുപ്രാണികളോടും പക്ഷിമൃഗാദികളോടുമെല്ലാം മനുഷ്യരോടെന്ന പോലെ തീവ്രമായ ഒരു ബന്ധം തോറോയ്ക്കുണ്ടായിരുന്നു. വൈകാരികവും അതീന്ദ്രിയവുമായ ഒരു പാശം അദ്ദേഹത്തെ പ്രകൃതിയുടെ അടിത്തട്ടിലുള്ള അനിർവചനീയമായ സംഗീതാത്മകതയിലേക്ക് വലിച്ചടുപ്പിച്ചു. എന്തിന്റെയും പവിത്രതയെന്ന് പറയുന്നത് മനുഷ്യൻ സ്പർശിക്കുന്നതിനു മുമ്പുള്ളതാണെന്ന വിചാരധാരയാണ് അതിൽനിന്നുണ്ടായത്. ഇത് തോറോയെ കൂടുതൽ ഏകാഗ്രനാകാൻ പ്രേരിപ്പിച്ചു. കൂടുതൽ കേൾക്കുകയും കൂടുതൽ കാണുകയും ചെയ്യുക എന്ന പുതിയൊരാഗ്രഹമാണതിനു പിന്നിലുള്ളത്. ആരും കേൾക്കാനിടയില്ലാത്ത അനാദ്യന്തമായ സംഗീതം ഈ ദൃശ്യപ്രകൃതിയുടെ അടിത്തട്ടിൽ നിന്ന് മുഴങ്ങുന്നുവേന്ന ഒരറിവ് തോറെയെ സദാ അസ്വസ്ഥനാക്കിയിട്ടുണ്ടാകണം. എല്ലാ ഭൗതിക നേട്ടങ്ങളെയും തള്ളിക്കളഞ്ഞുകൊണ്ട്, സമ്പത്തിലോ, വസ്ത്രത്തിലോ വിശ്വസിക്കാത്ത ഒരു മനസ്സ് അദ്ദേഹത്തിനു സ്വാഭാവികമായി വന്നു ചേർന്നു. ഭൗതിക പുരോഗതി എന്ന് പറയുന്നത് വികസനമല്ല, പലപ്പോഴും പ്രതിബന്ധമാണ് ഉണ്ടാക്കുന്നതെന്ന് തോറോ എഴുതിയതിനു കാരണമിതാണ്.
അദ്ദേഹം ദാരിദ്ര്യത്തെക്കുറിച്ച് ഒരു ദർശനം തന്നെ അവതരിപ്പിക്കുന്നുണ്ട്: ജീവിതം ചിലപ്പോൾ നിലവാരമില്ലാത്തത്താകാം. എങ്കിലും അതിനെ സ്നേഹിക്കുക. അതിനെ കളിയാക്കുകയോ ദുഷ്പേരിട്ട് വിളിക്കുകയോ ചെയ്യരുത്. നിങ്ങൾ ധനവാനായിരിക്കുമ്പോൾ ജീവിതം ദരിദ്രമായിരിക്കും. ജീവിതത്തെക്കുറിച്ച് പരാതി പറഞ്ഞുകൊണ്ടിരിക്കുന്നവൻ സ്വർഗ്ഗത്തിലെത്തിയാലും അത് തുടരും. ദരിദ്രജീവിതമാണ് നയിക്കുന്നതെന്നറിഞ്ഞുകൊണ്ടു തന്നെ അതിനെ സ്നേഹിക്കണം. യാചകർ ഒത്തുചേരാറുള്ള ഇടങ്ങളിലാണെങ്കിലും നിങ്ങൾക്ക് സ്വന്തം എന്ന നിലയിൽ നല്ല മുഹൂർത്തങ്ങൾ കിട്ടും. ധനികരുടെ വീടുകളിലെ ജാലകത്തിൽ എത്രത്തോളം തിളക്കത്തോടെ സൂര്യൻ പ്രതിഫലിക്കുന്നുവോ അതേ തിളക്കത്തോടെ ദരിദ്രരുടെ ജാലകങ്ങളിലും സൂര്യനെ കാണാം. മഞ്ഞ്, വസന്തത്തിന്റെ തുടക്കത്തിൽ ദരിദ്രന്റെ വിടിനു മുന്നിലും ഉരുകുന്നു. മനസ്സിൽ ശാന്തിയുണ്ടെങ്കിൽ, അവിടെ സമൃദ്ധമായ ജീവിതം കണ്ടെത്താവുന്നതേയുള്ളൂ.
തോറോ തന്റെ സ്വയംസിദ്ധമായ ജീവിത തത്ത്വം ഇങ്ങനെ സംഗ്രഹിക്കുന്നു:
“ഉല്ലാസതിമിർപ്പിൽ, മോടിയായി കാണപ്പെടുന്ന ഘോഷയാത്രയിൽ പങ്കുചേരാൻ എനിക്കു താൽപര്യമേയില്ല. എന്നാൽ ഈ ലോകം നിർമ്മിച്ച മഹാശയനോടൊപ്പം നടക്കാനിഷ്ടമാണ്. ഈ ബഹളമയമായ, അശാന്തമായ, ദുഃഖിപ്പിക്കുന്ന, വിലയില്ലാത്ത പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിക്കുന്നതിനേക്കാൾ, അത് മുന്നിലൂടെ കടന്നുപോകുമ്പോൾ അതിൽ ചേരാതെ ആലോചനകളിൽ മുഴുകി നിൽക്കാനോ ഇരിക്കാനോ ഞാൻ ആഗ്രഹിക്കുന്നു.