ഞാൻ ഭാര്യ എഴുതുന്നു/മൃദുല റോഷൻ

നീ അടുത്തുണ്ടായിരിക്കണം യുഗ്മങ്ങൾ
ഈ സ്വർഗ്ഗ പാരിൽ നിലാവു നൽകാൻ..

നീയെന്ന പേരിൽ പതിക്കണം ജീവിതം
സീമന്ത ചായം തൊട്ടു വയ്ക്കാൻ..

നീയും കിനാക്കളും ഞാനും എൻ നിയതിയും
മെനഞ്ഞു കെട്ടി തീർത്ത സ്വപ്ന ശൃംഖലകളിൽ
ഏതോ വൃശ്ചിക മാസ തണുപ്പിന്റെ
ശേതയാനങ്ങളിൽ ചേർന്നുറങ്ങും മുൻപ്
കണ്ടു നിൻ കൺകളിൽ
സൂര്യോദയം കൊണ്ട കാശ്മീർ ഹിമത്തിന്റെ അലിഞ്ഞ തുള്ളി…

പൂർണ്ണം നിശബ്ദമായ്…
പ്രണയം വിശാലമായ്…
ശ്വാസം നനച്ചു നിൻ
കാട്ടു പുന്നാകങ്ങൾ..

നിൻ ചിരി അധരങ്ങൾ തേടിപ്പിടിച്ചു
വിസ്മയം തീരാത്ത രതിധാരകൾ..
നിൻ കര വലയങ്ങൾ നട്ടുനനച്ചു..
പുഷ്പിച്ചു തീരാത്ത മുഖ ശാഖികൾ…

കാലം മുറിച്ചാലും ചുമരുകൾ തകർത്താലും
ഏത് ജന്മങ്ങൾ കടം കൊണ്ടെടുത്താലും
നീയെനിക്കെന്നും പകരമാവാത്ത
ജീവ ഹേതുവാണതെനിക്കു സത്യം…

കണ്ടതാണീ ജന്മ സൗധങ്ങളിൽ
നിന്റെ ശുക്ര വെട്ടം കൊണ്ട പുഞ്ചിരികൾ..
കാണാതിരുന്നില്ല തഥ്യ സ്വർഗ്ഗങ്ങളിൽ
നിന്റെ വജ്രായുധം തൊട്ട സ്നിഗ്ധ വാക്യം..

നമ്മളൊന്നായിരുന്നോരിടങ്ങളിൽ
നമുക്കായി യുഗ്മങ്ങൾ തേടി നിൽക്കും…
തമ്മിൽ പ്രതീകമായ് നടന്നോരു വഴികളിൽ
നമ്മെ ആനയിക്കുവാൻ കാത്തുനിൽക്കും…
അന്നേവരേയ്ക്കും ഞാൻ നിന്നിൽ ഉദിക്കും.
നിൻ പാതി ഹൃദയത്തിൽ ഞാൻ അസ്തമിക്കും..

നീയാണെനിക്കെന്റെ സർവ്വ ലോകം…
നീ തന്ന മക്കളെൻ സർവ്വ ദീപ്തം…

നീ അടുത്തുണ്ടായിരിക്കണം യുഗ്മങ്ങൾ.
ഈ സ്വർഗ്ഗ പാരിൽ നിലാവ് നൽകാൻ..
നീയെന്ന പേരിൽ പതിക്കണം ജീവിതം
സീമന്ത ചായം തൊട്ടു വയ്ക്കാൻ..
.

You can share this post!